സന്തോഷംകൊണ്ടു നിറയുക
“ശിഷ്യൻമാർ സന്തോഷവും പരിശുദ്ധാത്മാവും നിറയുന്നതിൽ തുടർന്നു.”—പ്രവൃത്തികൾ 13:52.
1. (എ) സന്തോഷം ഏതുതരം ഫലമാണ്? (ബി) ഏതു സന്തോഷകരമായ കരുതലിന് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതാണ്?
സന്തോഷം! ഈ ക്രിസ്തീയഗുണം ആത്മാവിന്റെ ഫലങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ വർണ്ണനയിൽ രണ്ടാമത്തേതായി മാത്രമാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. (ഗലാത്യർ 5:22-25) എന്താണ് ആ സന്തോഷം ആവശ്യമാക്കിത്തീർക്കുന്നത്? അത് 1,900-ൽപരം വർഷം മുമ്പ് എളിയവരായ ഇടയൻമാരോട് ദൈവദൂതൻ പ്രഖ്യാപിച്ച സുവാർത്തയാണ്: “നോക്കൂ! സകല ജനത്തിനും ഉണ്ടാകാനിരിക്കുന്ന ഒരു മഹാസന്തോഷത്തെക്കുറിച്ചുള്ള സുവാർത്ത ഞാൻ നിങ്ങളോടു ഘോഷിക്കുകയാകുന്നു, എന്തുകൊണ്ടെന്നാൽ ഇന്ന് ദാവീദിന്റെ നഗരത്തിൽ കർത്താവായ ക്രിസ്തു ആയ ഒരു രക്ഷകൻ നിങ്ങൾക്ക് ജനിച്ചിരിക്കുന്നു.” പിന്നീട് ദൂതസൈന്യങ്ങൾ പ്രത്യക്ഷപ്പെട്ട് ആ ദൂതനോട് ചേർന്ന് സന്തോഷപൂർവം ദൈവത്തെ സ്തുതിച്ചുകൊണ്ട് “ഉന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സൻമനസ്സുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.—ലൂക്കോസ് 2:10-14.
2, 3. (എ) മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പുകാരനാകാൻ ദൈവം തന്റെ ഏകജാതപുത്രനെ അയച്ചത് ഉചിതമായിരുന്നതെന്തുകൊണ്ട്? (ബി) യേശു ഭൂമിയിലായിരുന്നപ്പോൾ അവൻ വേറെ ഏതു വിധങ്ങളിൽ ദൈവോദ്ദേശ്യങ്ങൾക്ക് സേവചെയ്തു?
2 കർത്താവായ ക്രിസ്തു മൂലമുള്ള രക്ഷക്കു കരുതൽ ചെയ്തതിൽ മനുഷ്യരോടുള്ള ദൈവത്തിന്റെ സൻമനസ്സു പ്രകടമാക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ഈ ആദ്യജാതപുത്രൻ യഥാർത്ഥ ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവമാണ്. അവൻ സൃഷ്ടിയുടെ സമയത്ത് തന്റെ പിതാവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞതായി വർണ്ണിക്കപ്പെട്ടിരിക്കുന്നു: “അപ്പോൾ ഞാൻ അവന്റെ അടുക്കൽ ഉറപ്പും നിശ്ചയവുമുള്ള ഒരു ജോലിക്കാരനായിത്തീർന്നു, അപ്പോൾ ഞാൻ ഓരോ സന്ദർഭത്തിലും അവന്റെ മുമ്പാകെ ആനന്ദിച്ചുകൊണ്ട് അനുദിനം ഉല്ലാസം കൊണ്ടു നിറഞ്ഞു, ഞാൻ അവന്റെ ഭൂമിയിലെ ഫലവത്തായ ദേശത്തിൽ ആഹ്ലാദിച്ചു, എന്റെ ഉല്ലാസപൂർണ്ണത മനുഷ്യപുത്രൻമാരോടുകൂടെയായിരുന്നു.”—സദൃശവാക്യങ്ങൾ 8:30, 31, റോതർഹാം.
3 അതുകൊണ്ട്, മമനുഷ്യന്റെ വീണ്ടെടുപ്പുകാരനായിരിക്കാൻ, മനുഷ്യപുത്രൻമാരിൽ ഇത്ര ഉല്ലാസം കണ്ടെത്തിയ ഈ പുത്രനെ യഹോവ അയച്ചത് ഉചിതമായിരുന്നു. ഇത് ദൈവത്തിന് എങ്ങനെ മഹത്വം വരുത്തും? അത് നീതിയും സമാധാനപ്രിയവുമുള്ള മനുഷ്യരെക്കൊണ്ട് ഭൂമിയെ നിറക്കുകയെന്ന തന്റെ മഹത്തായ ഉദ്ദേശ്യം നിറവേററുന്നതിനുള്ള വഴി അവനു തുറന്നുകൊടുക്കും. (ഉല്പത്തി 1:28) തന്നെയുമല്ല, ഒരു പൂർണ്ണമനുഷ്യന് പരമാധികാരിയാം കർത്താവാം യഹോവയെ അതികഠിനപരിശോധനയിലും വിശ്വസ്തമായി അനുസരിക്കാൻ കഴിയുമെന്നും അങ്ങനെ സൃഷ്ടിയുടെമേലുള്ള തന്റെ പിതാവിന്റെ ഉചിതമായ ഭരണാധിപത്യത്തെ പൂർണ്ണമായി സംസ്ഥാപിക്കാൻ കഴിയുമെന്നും യേശു എന്ന ഈ പുത്രൻ ഭൂമിയിലായിരിക്കുമ്പോൾ പ്രകടമാക്കുമായിരുന്നു. (എബ്രായർ 4:15; 5:8, 9) യേശുവിന്റെ നിർമ്മലതാപാലനഗതി അവന്റെ കാൽചുവടുകളെ അടുത്തു പിന്തുടരാൻ സത്യക്രിസ്ത്യാനികൾക്കെല്ലാം ഒരു മാതൃകയും നൽകി.—1 പത്രോസ് 2:21.
4. യേശുവിന്റെ സഹനം ഏതു വലിയ സന്തോഷത്തിൽ കലാശിക്കുന്നു, ഇത് നമ്മെ എങ്ങനെ പ്രോൽസാഹിപ്പിക്കണം?
4 അങ്ങനെ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ യേശു മികച്ച സന്തോഷം കണ്ടെത്തി. എബ്രായർ 12:1, 2-ൽ അപ്പോസ്തലനായ പൗലോസ് സൂചിപ്പിക്കുന്നതുപോലെ, അതിലും കവിഞ്ഞ സന്തോഷത്തിന്റെ പ്രതീക്ഷയോടെതന്നെ: “നാം മുഖ്യകാര്യസ്ഥനും നമ്മുടെ വിശ്വാസത്തെ പൂർണ്ണമാക്കുന്നവനുമായ യേശുവിനെ ഏകാഗ്രമായി നോക്കവേ, നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്ന ഓട്ടം നമുക്ക് സഹിഷ്ണുതയോടെ ഓടാം. എന്തുകൊണ്ടെന്നാൽ തന്റെ മുമ്പാകെ വെക്കപ്പെട്ടിരുന്ന സന്തോഷത്തിനുവേണ്ടി അവൻ അപമാനം അലക്ഷ്യമാക്കിക്കൊണ്ട് ഒരു ദണ്ഡനസ്തംഭം സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയുംചെയ്തു.” ഇത് ഏതു സന്തോഷമാണ്? അത് തന്റെ പിതാവിന്റെ നാമത്തെ വിശുദ്ധീകരിക്കുന്നതിൽമാത്രമല്ല, മനുഷ്യവർഗ്ഗത്തെ മരണത്തിൽനിന്ന് വീണ്ടെടുക്കുകയും അനുസരണമുള്ള മനുഷ്യവർഗ്ഗത്തെ ഒരു പറുദീസാഭൂമിയിലെ അനന്തജീവനിലേക്കു പുനഃസ്ഥിതികരിക്കവേ രാജാവും മഹാപുരോഹിതനുമായി ഭരിക്കുകയും ചെയ്യുന്നതിൽ യേശുവിനു ലഭിക്കുന്ന സന്തോഷമാണ്.—മത്തായി 6:9; 20:28; എബ്രായർ 7:23-26.
5. യേശുവിന്റെ “സഹോദരൻമാർ” ആരാണ്, അവർ ഏത് അനുപമമായ സന്തോഷത്തിൽ പങ്കുപററുന്നു?
5 അതെ, ദൈവപുത്രൻ മനുഷ്യവർഗ്ഗത്തെ സേവിക്കുന്നതിൽ എല്ലായ്പ്പോഴും സന്തോഷം കണ്ടെത്തിയിട്ടുണ്ട്. താൻ തന്റെ “സഹോദരൻമാർ” എന്നു വിളിക്കുന്ന, നിർമ്മലതാപാലകരും മരണത്തിങ്കൽ സ്വർഗ്ഗത്തിലേക്ക് ഉയർപ്പിക്കപ്പെടുന്നവരുമായ മനുഷ്യരുടെ സംഘത്തെ തെരഞ്ഞെടുക്കുന്നതിൽ തന്റെ പിതാവിനോടുകൂടെ സേവിക്കുന്നത് അവന്റെ സന്തോഷമായിരുന്നിട്ടുണ്ട്. ഇവർ യേശുവിനോടുകൂടെ ഒരു അനുപമമായ സന്തോഷത്തിലേക്കു പ്രവേശിക്കുന്നു. അവർ “സന്തുഷ്ടരും വിശുദ്ധരു”മെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു, അവർ “ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാരായിരിക്കും, ആയിരം വർഷം അവനോടുകൂടെ രാജാക്കൻമാരായി ഭരിക്കുകയും ചെയ്യും.”—എബ്രായർ 2:11; വെളിപ്പാട് 14:1, 4; 20:6.
6. (എ) രാജാവ് തന്റെ “വേറെ ആടുകൾ”ക്ക് ഏതു സന്തോഷകരമായ ക്ഷണം നീട്ടിക്കൊടുക്കുന്നു? (ബി) ഈ ചെമ്മരിയാടുകളിൽ അനേകർ ഇന്ന് ഏതു പദവികൾ ആസ്വദിക്കുന്നു?
6 കൂടാതെ, വാഴുന്ന രാജാവ് അംഗീകാരത്തിന്റെ വലത്തുഭാഗത്തേക്ക് വേർതിരിക്കുന്ന “വേറെ ആടുകളുടെ” മഹാപുരുഷാരം ഈ ക്ഷണം സ്വീകരിക്കുന്നു: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നവരേ, വരുവിൻ, ലോകത്തിന്റെ സ്ഥാപിക്കൽ മുതൽ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശപ്പെടുത്തിക്കൊൾക.” (യോഹന്നാൻ 10:16; മത്തായി 25:34) എന്തോരു സന്തോഷകരമായ പദവി! രാജ്യത്തിന്റെ ഭൗമികമണ്ഡലത്തെ അവകാശപ്പെടുത്താനുള്ള ഇവരിൽ അനേകർ ഇപ്പോൾപോലും യഹോവ മുൻകൂട്ടിപ്പറഞ്ഞതുപോലെ അഭിഷിക്തൻമാരോടുകൂടെ ഉത്തരവാദിത്തമുള്ള നിയമനങ്ങൾ സ്വീകരിക്കുന്നുണ്ട്: “യഥാർത്ഥത്തിൽ അന്യർ എഴുന്നേററ് നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയിക്കും, വിദേശികൾ നിങ്ങളുടെ കൃഷിക്കാരും നിങ്ങളുടെ മുന്തിരിവളർത്തുകാരുമായിരിക്കും. നിങ്ങളെ സംബന്ധിച്ചാണെങ്കിൽ, നിങ്ങൾ യഹോവയുടെ പുരോഹിതൻമാർ എന്നു വിളിക്കപ്പെടും; നിങ്ങൾ നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകൻമാർ ആയിരിക്കുന്നതായി പറയപ്പെടും.” ഇവരെല്ലാം പിൻവരുന്നപ്രകാരം പറയുന്നതിൽ ദൈവത്തിന്റെ പ്രവാചകനോടു ചേരുന്നു: “ഞാൻ കണിശമായും യഹോവയിൽ ആനന്ദിക്കും. എന്റെ ദേഹി എന്റെ ദൈവത്തിൽ സന്തോഷിക്കും. എന്തെന്നാൽ അവൻ എന്നെ രക്ഷാവസ്ത്രങ്ങൾ ധരിപ്പിച്ചിരിക്കുന്നു.”—യെശയ്യാവ് 61:5, 6, 10.
7. ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലുമുതലുള്ള ഈ “ദിവസം” വിശേഷതരമായിരിക്കുന്നതെന്തുകൊണ്ട്?
7 വളരെ വിശേഷപ്പെട്ട ഒരു ദിവസത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. 1914 മുതൽ സ്വർഗ്ഗീയരാജാവായുള്ള ക്രിസ്തുവിന്റെ ഭരണത്തിന്റെ ദിവസമാണ്. അതിനെക്കുറിച്ച് സങ്കീർത്തനം 118:24, 25-ൽ ഇങ്ങനെ വർണ്ണിക്കപ്പെട്ടിരിക്കുന്നു: “ഇത് യഹോവ ഉണ്ടാക്കിയിരിക്കുന്ന ദിവസമാകുന്നു; നാം സന്തോഷമുള്ളവരായി അതിൽ ആനന്ദിക്കും. ഹാ, യഹോവേ, ഇപ്പോൾ ദയവായി രക്ഷിക്കുക! ഹാ, യഹോവേ, ദയവായി വിജയം നല്കുക!” അത് യഹോവ ബാബിലോന്യമതത്തെ സംഹരിക്കുകയും 1,44,000 സഹോദരൻമാർ ഉൾപ്പെടുന്ന ക്രിസ്തുവിന്റെ മണവാട്ടിയെ തങ്ങളുടെ സ്വർഗ്ഗീയ രാജാവിനോട് ചേർക്കുകയും ചെയ്യുമ്പോൾ ഒരു പാരമ്യത്തിലെത്തുന്ന ദിവസമായിരിക്കും. ദൈവജനമെല്ലാം ഇതിങ്കൽ “സന്തോഷിക്കുകയും അത്യാനന്ദംകൊള്ളുകയും ചെയ്യും.” തങ്ങളുടെ മശിഹൈകരാജാവ് തന്റെ വിശ്വസ്തജനതയെ തന്റെ നീതിയുള്ള പുതിയ ലോകത്തിലേക്ക് രക്ഷിക്കാൻ അർമ്മഗെദ്ദോനിൽ യുദ്ധം ചെയ്യുമ്പോഴും അവർ സന്തോഷിക്കും. (വെളിപ്പാട് 19:1-7, 11-16) തന്റെ ജനം ഈ സന്തോഷകരമായ പ്രത്യാശ പ്രഖ്യാപിക്കുമ്പോൾ യഹോവ വിജയം നൽകുന്നുണ്ടോ? ചുവടെ ചേർക്കുന്ന റിപ്പോർട്ടു വിശദീകരിക്കും.
ആഗോളവികസനം
8. (എ) പരിശുദ്ധാത്മാവോടുകൂടിയ സന്തോഷം യഹോവയുടെ സാക്ഷികളുടെ 1991ലെ വാർഷികപ്പുസ്തകത്തിലെ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നതെങ്ങനെ? (ബി) റിപ്പോർട്ടിലെ ചില സവിശേഷതകൾ എന്തൊക്കെയാണ്?
8 ആധുനികകാലത്തെ യഹോവയുടെ സാക്ഷികൾക്ക് “പരിശുദ്ധാത്മാവിന്റെ ശക്തിയോടെ സമൃദ്ധമായ പ്രത്യാശ”യുണ്ട്. (റോമർ 15:13) ഇത് യഹോവയുടെ സാക്ഷികളുടെ 1991-ലെ വാർഷികപ്പുസ്തകത്തലെ ചാർട്ടിൽ പ്രതിഫലിക്കുന്നു. അവിടെ 1990-ലെ രാജ്യസേവനത്തിന്റെ ആഗോളറിപ്പോർട്ട് വിശദമായി കൊടുത്തിട്ടുണ്ട്. വയലിൽ 40,17,213 സജീവ ശുശ്രൂഷകരുടെ ഒരു പുതിയ അത്യുച്ചം കണ്ടതിൽ നാം എത്ര സന്തോഷിക്കുന്നു! ചെമ്മരിയാടുകളുടെ കൂട്ടിച്ചേർപ്പ് ലോകത്തിനു ചുററുമുള്ള 212 രാജ്യങ്ങളിൽ സത്വരം പുരോഗമിക്കുമ്പോൾ കഴിഞ്ഞ 10 വർഷത്തെ അപേക്ഷിച്ച് 77 ശതമാനം വർദ്ധനവാണ്. 15 വർഷം കഴിഞ്ഞ് സ്നാപനങ്ങൾ വീണ്ടും ഒരു സർവകാല അത്യുച്ചത്തിലെത്തി—3,01,518! അനേകം കൺവെൻഷനുകളിൽ അസാധാരണമായി ഉയർന്ന സ്നാപനസംഖ്യകൾ ലഭിച്ചു, വിശേഷിച്ച് പൂർവയൂറോപ്പിൽനിന്നുള്ള സാക്ഷികൾ സംബന്ധിച്ച കൺവെൻഷനുകളിൽ. ഇവരിൽ അനേകം യുവജനങ്ങൾ ഉൾപ്പെട്ടിരുന്നു, മതം വയസ്സൻമാരോടുകൂടെ മരിക്കുമെന്നുള്ള സോഷ്യലിസ്ററ്വാദത്തെ അസത്യമെന്നു തെളിയിച്ചുകൊണ്ടുതന്നെ.
9. (എ) മാതാപിതാക്കളാലുള്ള നേരത്തെയുള്ള പരിശീലനം ഏതു സന്തോഷകരമായ ഫലം കൈവരുത്തുന്നു? (ബി) സ്ഥലപരമോ അല്ലാതെയോ ഉള്ള ഏത് അനുഭവങ്ങൾ ഇതു തെളിയിക്കുന്നു?
9 യുവജനങ്ങളുടെ പുരുഷാരങ്ങൾ സങ്കീർത്തനം 32:11-ലെ ആഹ്വാനത്തിന് ഉത്തരം കൊടുക്കുകയാണ്: “നീതിമാൻമാരേ, യഹോവയിൽ ആനന്ദിക്കുകയും സന്തോഷിക്കുകയും ചെയ്യുക; ഹൃദയത്തിൽ നേരുള്ള എല്ലാവരുമേ, സന്തോഷിച്ച് ആർക്കുക.” അനേകം മാതാപിതാക്കൾ “ശൈശവം മുതൽ” തങ്ങളുടെ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനുള്ള ബുദ്ധിയുപദേശം ബാധകമാക്കുന്നുണ്ടെന്നു തോന്നുന്നു. (2 തിമൊഥെയോസ് 3:15) ഇളംപ്രായത്തിലുള്ളവർക്കുവേണ്ടി പ്രദാനംചെയ്യപ്പെടുന്ന സാഹിത്യവും കാസററ് റേറപ്പുകളും നന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ കുട്ടികൾ സ്കൂളിൽ ചേരുമ്പോഴേക്ക് പെട്ടെന്നുതന്നെ നല്ല സാക്ഷ്യം കൊടുത്തുതുടങ്ങുന്നു. ദൃഷ്ടാന്തത്തിന് എട്ടു വയസ്സുള്ള ഒരു ജാപ്പനീസ് പെൺകുട്ടി ഇങ്ങനെ റിപ്പോർട്ടുചെയ്തു: “വേനൽഅവധിക്കു ശേഷം ഞാൻ എന്റെ അദ്ധ്യാപികയെ സന്ദർശിച്ചു ചോദിച്ചു: ‘ടീച്ചർ അവധിക്കാലത്ത് ടീച്ചറുടെ അപ്പന്റെ കല്ലറ സന്ദർശിച്ചോ?’ അവർ ഇങ്ങനെ മറുപടിപറഞ്ഞു: ‘ഉവ്വ്, എന്റെ പിതാവ് വളരെ സ്നേഹമുള്ളയാളായിരുന്നു. ഞാൻ എല്ലാ വർഷവും അദ്ദേഹത്തിന്റെ കല്ലറ സന്ദർശിക്കുന്നു.’ ഞാൻ ഇങ്ങനെ പറഞ്ഞു: ‘ടീച്ചർ ബൈബിൾ പഠിക്കുകയും ദൈവത്തിന്റെ ഉപദേശങ്ങൾ അനുസരിക്കുകയും ചെയ്താൽ ടീച്ചറിന് ടീച്ചറിന്റെ സ്നേഹനിധിയായ പിതാവിനെ ഒരു ഭൗമികപറുദീസയിൽ കാണാൻ കഴിയും.’ പിന്നീട് ഞാൻ അദ്ധ്യാപികക്ക് എന്റെ ബൈബിൾകഥാപുസ്തകം കൊടുത്തു. ഇപ്പോൾ ഞങ്ങളുടെ അദ്ധ്യാപിക ഓരോ വാരത്തിലും ഉച്ചഭക്ഷണസമയത്ത് ഈ പുസ്തകത്തിന്റെ ഓരോ അദ്ധ്യായം മുഴു ക്ലാസ്സിലും വായിച്ചുകേൾപ്പിക്കുന്നു.”
10. യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകംകൊണ്ട് ഏതു നല്ല ഉദ്ദേശ്യം സാധിച്ചിരിക്കുന്നു, ചില ദൃഷ്ടാന്തങ്ങൾ ഏവ?
10 കൗമാരപ്രായക്കാർ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം നന്നായി ഉപയോഗിച്ചിരിക്കുന്നു, സ്വകാര്യ പഠനത്തിലും മററു ചെറുപ്പക്കാരോടു സാക്ഷീകരിക്കുന്നതിലും. മാതാപിതാക്കളും ഈ പുസ്തകത്തെ വിലമതിച്ചിരിക്കുന്നു. ഒരു സഹായപയനിയറായി പേർചാർത്തിയ സ്വിററ്സർലണ്ടിലെ ഒരു സഹോദരി തന്റെ കുട്ടിയുടെ സഹപാഠികളുടെ മാതാപിതാക്കളെ സന്ദർശിക്കാൻ തീരുമാനിച്ചു. ഇത് അനേകം മാതാപിതാക്കളുമായി നല്ല ചർച്ചക്കുള്ള അവസരങ്ങൾ തുറന്നുകൊടുത്തു. അവർക്ക് 20 പുസ്തകവും (മിക്കതും യുവജനങ്ങൾ ചോദിക്കുന്നു) 27 മാസികയും സമർപ്പിക്കപ്പെട്ടു. ട്രിനിഡാഡിലെ ഒരു സ്കൂൾബാലിക സ്കൂളിൽ അദ്ധ്യാപികക്ക് ഈ പുസ്തകം സമർപ്പിച്ചപ്പോൾ അവളുടെ അമ്മ പിന്തുടരുകയും 36 പേർ അടങ്ങിയ അദ്ധ്യാപകസമൂഹത്തിന് 25 പുസ്തകം വിതരണംചെയ്യുകയും ചെയ്തു. അവർ തനിക്കു പരിചയമുണ്ടായിരുന്ന മാതാപിതാക്കളിൽ പ്രത്യേകശ്രദ്ധ ചെലുത്തിക്കൊണ്ട് അടുത്ത മാസത്തിലും പിന്തുടർച്ചാവേല തുടരുകയും വേറെ 92 പുസ്തകങ്ങൾകൂടെ സമർപ്പിക്കുകയും പുതിയ ഭവനബൈബിളദ്ധ്യയനങ്ങൾ തുടങ്ങുകയും ചെയ്തു. കൊറിയയിൽ ഒരു മിഡിൽസ്കൂൾ അദ്ധ്യാപിക “എനിക്ക് എന്റെ ഗ്രെയിഡുകൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?” “എനിക്ക് എന്റെ അദ്ധ്യാപകനോട് എങ്ങനെ പൊരുത്തപ്പെട്ടുപോകാൻ കഴിയും?” എന്നിങ്ങനെയുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ചെറു പ്രഭാഷണങ്ങൾ നടത്തുന്നതിന് യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകം ഉപയോഗിക്കുകയും പിന്നീട് പുസ്തകം സമർപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ 39 പുസ്തകം വാങ്ങിയശേഷം ചില മാതാപിതാക്കൻമാർ പരാതിപറയാൻ തുടങ്ങി. എന്നാൽ ഹെഡ്മാസ്ററർ ഒരു പ്രതി പരിശോധിക്കുകയും അത് “അത്ഭുതകരം” എന്നു പ്രഖ്യാപിക്കുകയും തന്റെ സ്വന്തം പുത്രിക്കുവേണ്ടി ഒന്ന് ഓർഡർചെയ്യുകയും ചെയ്തു.
ഏററവും നല്ല വിദ്യാഭ്യാസം
11, 12. വാച്ച്ററവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ ഏററവും നല്ല വിദ്യാഭ്യാസം പ്രദാനംചെയ്യുന്നുവെന്ന വസ്തുതക്കുള്ള ചില സാക്ഷ്യങ്ങൾ ഏവ?
11 നമ്മുടെ മാസികകളുടെ വിദ്യാഭ്യാസപരമായ മൂല്യത്തെയും അനേകർ വിലമതിക്കുന്നുണ്ട്. ദൃഷ്ടാന്തത്തിന്, ഐക്യനാടുകളിലെ ഒരു സ്കൂൾ, ക്ലാസുകളിൽ ഉപയോഗിക്കാൻ 1990 ജൂലൈ 22-ലെ എവേക്കി!ന്റെ (ക്രാക്ക് ആസക്തിയെ തുറന്നുകാട്ടിയത്) 1,200 പ്രതികൾ ഓർഡർ ചെയ്തു. മാത്രവമുമല്ല, യഹോവയുടെ സാക്ഷികളുടെ കുട്ടികളുടെ സ്കൂളിലെ മാതൃകായോഗ്യമായ നടത്ത നല്ല മതിപ്പുളവാക്കുന്നതിൽ തുടരുന്നു. തായ്ലണ്ടിൽ ബഹളമുള്ള ഒരു ക്ലാസ്മുറിയിൽ അദ്ധ്യാപിക 11വയസ്സുകാരനായ രാക്കയെ ക്ലാസ്സിന്റെ മുമ്പാകെ വരുത്തുകയും അവന്റെ പെരുമാററത്തിന് അവനെ അഭിനന്ദിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: “നിങ്ങൾക്കെല്ലാം ഇവനെ എന്തുകൊണ്ട് ഒരു മാതൃകയായി എടുത്തുകൂടാ? അവൻ പഠനത്തിന് ഉത്സാഹമുള്ളവനും നല്ല പെരുമാററമുള്ളവനുമാണ്.” പിന്നീട് അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ശരി, നിങ്ങളുടെ നടത്ത മെച്ചപ്പെടുത്താൻ നിങ്ങൾ രാക്കയെപ്പോലെ യഹോവയുടെ സാക്ഷികളായിത്തീരേണ്ടിയിരിക്കുന്നുവെന്ന് ഞാൻ ഊഹിക്കുന്നു.”—സദൃശവാക്യങ്ങൾ 1:8; 23:22, 23 താരതമ്യംചെയ്യുക.
12 ഡോമിനിക്കൻറിപ്പബ്ലിക്കിലെ ഒരു യുവസഹോദരി ഇങ്ങനെ എഴുതുന്നു: “വെറും നാലു വയസ്സുണ്ടായിരുന്നപ്പോൾ ഞാൻ സ്കൂൾപ്രായമാകാത്ത കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള മതപരമായ ഒരു സ്കൂളിൽനിന്ന് ബിരുദം നേടാൻപോകുകയായിരുന്നു. അവിടെ ഞാൻ എഴുതാനും വായിക്കാനും പഠിച്ചു. ഒരു സമ്മാനമെന്ന നിലയിൽ ഞാൻ എന്റെ അദ്ധ്യാപികയായിരുന്ന കന്യാസ്ത്രീക്ക് ഈ സന്ദേശത്തോടെ നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം കൊടുത്തു: ‘നിങ്ങൾ എന്നെ വായിക്കാനും എഴുതാനും പഠിപ്പിച്ചതിന് എനിക്ക് വളരെ നന്ദിയുണ്ട്. നിങ്ങളും എന്റെ വിശ്വാസം മനസ്സിലാക്കണമെന്നും ഈ ഭൂമി പറുദീസയാക്കപ്പെടുമ്പോൾ അവിടെ എന്നേക്കും ജീവിക്കാനുള്ള എന്റെ പ്രത്യാശ നിങ്ങൾക്കുമുണ്ടാകണമെന്നും ഞാൻ ഇച്ഛിക്കുന്നു.’ ഇതിന്റെ പേരിൽ എന്നെ സ്കൂളിൽനിന്ന് പുറത്താക്കി. എട്ടുവർഷം കഴിഞ്ഞ് ഞാൻ വീണ്ടും ഈ അദ്ധ്യാപികയെ കണ്ടു. പുരോഹിതനിൽനിന്ന് വളരെയധികം എതിർപ്പുണ്ടായിരുന്നിട്ടും തനിക്ക് പുസ്തകം വായിക്കാൻ സാധിച്ച വിവരം അവർ പറഞ്ഞു. അവർ തലസ്ഥാനത്തേക്കു മാറിപ്പാർത്തു. അവിടെവെച്ച് അവർക്ക് ഒരു സാക്ഷിയുമായി ബൈബിൾ പഠിക്കാൻ കഴിഞ്ഞു. അവർ എന്നോടുകൂടെ ‘നിർമ്മലഭാഷാ’ ഡിസ്ട്രിക്ററ് കൺവെൻഷനിൽ സ്നാപനമേൽക്കുകയാണ്.” പ്രവചിക്കപ്പെട്ടിരിക്കുന്നതുപോലെ, ജ്ഞാനം “ശിശുക്കളുടെ വായിൽ”നിന്നുപോലും വരാൻ കഴിയും!—മത്തായി 21:16; സങ്കീർത്തനം 8:1, 2.
13. അനേകം ചെറുപ്പക്കാർ ശലോമോന്റെ ബുദ്ധിയുപദേശത്തിന് ചെവികൊടുക്കുന്നതെങ്ങനെ, ലോകവ്യാപകമായ റിപ്പോർട്ടിൽ ഇതു പ്രതിഫലിക്കുന്നതെങ്ങനെ?
13 ശലോമോൻ പ്രോൽസാഹജനകമായ ഈ ബുദ്ധിയുപദേശം നൽകി: “യുവാവേ, നിന്റെ യൗവനത്തിൽ സന്തോഷിക്കുകയും നിന്റെ ഹൃദയം നിന്റെ യൗവനനാളുകളിൽ നിനക്കു നൻമചെയ്യാൻ അനുവദിക്കുകയും നിന്റെ ഹൃദയത്തിന്റെ വഴികളിൽ നടക്കുകയും ചെയ്യുക.” (സഭാപ്രസംഗി 11:9) യഹോവയുടെ സാക്ഷികളുടെ വളരെയേറെ കുട്ടികൾ ഈ വാക്കുകൾ ബാധകമാക്കിക്കൊണ്ട് യഹോവക്കായുള്ള മുഴുസമയസേവനത്തിന്റെ ജീവിതത്തിനുവേണ്ടി ഒരുങ്ങാൻ തങ്ങളുടെ യൗവനവർഷങ്ങളെ ഉപയോഗിക്കുന്നതും സ്കൂൾപഠനം പൂർത്തിയാക്കുമ്പോൾ ജീവിതവൃത്തികളിൽവെച്ച് അതിമഹത്തായതിൽ പ്രവേശിക്കുന്നതും കാണുന്നത് ഇന്ന് ഒരു ഉല്ലാസമാണ്. പയനിയർ അണികൾ സത്വരം വർദ്ധിക്കുന്നതിൽ തുടരുകയാണ്. ഈ വർഷം 8,21,108 പേരാണ് റിപ്പോർട്ടുചെയ്തത്. ബഥേലിൽ സേവിച്ച 11,092 സഹോദരീസഹോദരൻമാരെക്കൂടെ കൂട്ടുമ്പോൾ അത് മൊത്തം പ്രസാധകരുടെ 21 ശതമാനത്തെ പ്രതിനിധാനംചെയ്യുന്നു!
14. നമ്മുടെ സഹോദരിമാർ എന്തു സംഭാവനചെയ്യുന്നു, അവർ ഏതു അനുമോദനം അർഹിക്കുന്നു?
14 ഐക്യനാടുകൾ പോലെയുള്ള അനേകം രാജ്യങ്ങളിൽ മൊത്തം പയനിയർഘോഷകരുടെ ഏതാണ്ട് 75 ശതമാനം സഹോദരിമാരാണെന്നുള്ളത് കൗതുകകരമാണ്, ഇത് സങ്കീർത്തനം 68:11ലെ വാക്കുകൾക്ക് ശക്തി പകരുന്നു: “യഹോവതന്നെ ആജ്ഞ കൊടുക്കുന്നു; സുവാർത്ത അറിയിക്കുന്ന സ്ത്രീകൾ വലിയ ഒരു സൈന്യമാകുന്നു.” വയൽപ്രവർത്തനത്തിന്റെ അധികപങ്കും നിർവഹിക്കുന്നത് നമ്മുടെ സഹോദരിമാരാകയാൽ അവർ അഭിനന്ദനമർഹിക്കുന്നു. ഭവനബൈബിളദ്ധ്യയനങ്ങളിലെ അവരുടെ വിദഗ്ദ്ധ പഠിപ്പിക്കൽ അനേകരെ സത്യത്തിലേക്കു നയിക്കുന്നു. അനേകം സഭാചുമതലകളുള്ള ഭർത്താക്കൻമാരെ വിശ്വസ്തമായി പിന്താങ്ങുന്ന വിവാഹിതരായ സഹോദരിമാരും ഊഷ്മളമായി ശ്ലാഘിക്കപ്പെടേണ്ടവരാണ്.—സദൃശവാക്യങ്ങൾ 31:10-12; എഫേസ്യർ 5:21-25, 33.
ബൈബിൾവിദ്യാഭ്യാസം തഴക്കുന്നു
15. (എ) ലോകവ്യാപക റിപ്പോർട്ടിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ചില രാജ്യങ്ങൾ ഭവനബൈബിളദ്ധ്യയനപ്രവർത്തനത്തിൽ മികച്ചുനിന്നിരിക്കുന്നതെങ്ങനെ? (ബി) നിങ്ങൾക്ക് ബൈബിൾ അദ്ധ്യയനങ്ങൾ എത്ര ഫലപ്രദമായിരിക്കാമെന്നു പ്രകടമാക്കുന്ന ഏതു അനുഭവങ്ങൾ പറയാൻ കഴിയും?
15 ബൈബിൾ വിദ്യഭ്യാസവേല തഴക്കുകയാണ്. ഓരോ മാസവും ലോകവ്യാപകമായി ശരാശരി 36,24,091 സ്ഥലങ്ങളിൽ അദ്ധ്യയനങ്ങൾ നടത്തപ്പെടുന്നു. ആസ്ത്രേലിയായിൽനിന്നുള്ള ഒരു റിപ്പോർട്ടു പ്രകടമാക്കുന്നതുപോല, ബൈബിൾസത്യത്തിന് വ്യക്തിത്വങ്ങൾക്കു മാററം വരുത്താൻ കഴിയും. 1987 ജനുവരിയുടെ പ്രാരംഭത്തിൽ കവർച്ചയെയും കള്ളപ്രമാണ നിർമ്മാണത്തെയും പ്രതി 25 മാസത്തെ ജയിൽവാസത്തിനുശേഷം ആസ്ത്രേലിയായിൽ നിന്ന് ഒരു മനുഷ്യൻ ന്യൂസിലാണ്ടിലേക്ക് നാടുകടത്തപ്പെട്ടു. അയാൾ മയക്കുമരുന്നാസക്തനായിരുന്നു. 17-ൽപരം വർഷം അവ കൊണ്ടുനടന്നു വ്യാപാരം നടത്തുകയുംചെയ്തിരുന്നു. അടുത്ത വർഷം അയാളുടെ ഭാര്യ യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി. അവളുടെ അറിവു വർദ്ധിച്ചപ്പോൾ അയാൾ അവളുടെ നടത്തയിൽ ശ്രദ്ധേയമായ ഒരു മാററം ദർശിച്ചു. അവൾ മെച്ചപ്പെട്ട ഒരു ഭാര്യയും മാതാവുമായിത്തീർന്നു. അയാളുടെ ഭാര്യയുടെ പ്രോൽസാഹനത്താൽ അയാൾ 1989 ജൂണിൽ ഒരു സർക്കിട്ട് സമ്മേളനത്തിന് ഹാജരായി. ഇപ്പോൾ അയാൾ ഒരു ഭവനബൈബിളദ്ധ്യയനം സ്വീകരിക്കാനും സമ്മതിച്ചു. അയാളുടെ പ്രകൃതിയിലും ജീവിതശൈലിയിലും വലിയ മാററങ്ങൾ കാണാൻ തുടങ്ങി. കുടുംബാംഗങ്ങളായ ഏഴു പേരും യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. എഫേസ്യർ 4:17-24-ലെ വിശിഷ്ടമായ ബുദ്ധിയുപദേശം അനുസരിച്ചിരുന്ന ഒരാളെന്ന നിലയിൽ അയാൾ 1990 ജനുവരിയിൽ സ്നാപനമേററു.
16. (എ) എങ്ങനെയാണ് 1990-ലെ സ്മാരകറിപ്പോർട്ടുകൾ സന്തോഷത്തിന്റെ ഒരു ഉറവായിരിക്കുന്നത്? (ബി) ഏത് അടിയന്തിരത നിരീക്ഷിക്കാനുണ്ട്, സഹായിക്കാൻ നാം എന്തു ശ്രമം ചെയ്യണം?
16 ഈ വർഷത്തെ റിപ്പോർട്ടിന്റെ ഒരു മുന്തിയ സവിശേഷത 1990 ഏപ്രിൽ 10ന് നടത്തിയ സ്മാരകാഘോഷത്തിലെ 99,50,058 എന്ന റെക്കോഡ് ഹാജരാണ്. 212 രാജ്യങ്ങളിൽ 70 എണ്ണം അവയുടെ പ്രസാധക അത്യുച്ചത്തിന്റെ മൂന്നിരട്ടിയിലധികം വരുന്ന ഹാജർ റിപ്പോർട്ടുചെയ്തു! ദൃഷ്ടാന്തത്തിന്, നിയന്ത്രണങ്ങളുണ്ടായിരുന്നിട്ടും, മൊത്തം 62,712 പ്രസാധകരുടെ അത്യുച്ചമുണ്ടായിരുന്ന ഏഴ് ആഫ്രിക്കൻരാജ്യങ്ങൾ 2,04,356 പേരുടെ സ്മാരകഹാജർ റിപ്പോർട്ടുചെയ്തു. കലാപകലുഷിതമായ ലൈബീരിയായിലെ 1914 പ്രസാധകർ സസ്മാരകത്തിന് 7,811പേർ ഹാജരായതിൽ സന്തോഷിക്കുകയുണ്ടായി. 6,427 എന്ന പ്രസാധക അത്യുച്ചമുണ്ടായിരുന്ന ഹെയ്ററി 36,551 റിപ്പോർട്ടുചെയ്തു. ചിതറിക്കിടക്കുന്ന ദ്വീപുകളായ മൈക്രോനേഷ്യയിലെ 886 പ്രസാധകർക്ക് 3,958 പേരുടെ ഹാജർ ഉണ്ടായിരുന്നു. ശ്രീലങ്കയിലെ 1,298 പ്രസാധകർ 4,521 റിപ്പോർട്ടുചെയ്തു. 73,729 പ്രസാധകരുള്ള സാംബിയായിൽ 3,26,991 പേർ സസ്മാരകത്തിന് ഹാജരായി, സാംബിയായിലെ ജനസംഖ്യയിൽ 25 പേർക്ക് ഒരാൾ എന്ന അനുപാതം. ആഗോളറിപ്പോർട്ട് ആട്ടിൻതൊഴുത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടാൻ കാത്തിരിക്കുന്ന ആത്മാർത്ഥതയുള്ള ദശലക്ഷക്കണക്കിനാളുകൾ ഉണ്ടെന്ന് വീണ്ടും വെളിപ്പെടുത്തുന്നു. എന്നാൽ ആത്മാർത്ഥതമാത്രം പോരാ. നമുക്ക് ശക്തമായ വിശ്വാസം കെട്ടുപണിചെയ്യാൻ സസ്മാരകത്തിന് ഹാജരായ കൂടുതൽ പേരെ സഹായിച്ചുകൊണ്ട് നമ്മുടെ ഭവനബൈബിളദ്ധ്യയനവേലയുടെ ഗുണം വർദ്ധിപ്പിക്കാനും മെച്ചപ്പെടുത്താനും കഴിയുമോ? അവർ യഹോവയെ സ്തുതിക്കുന്ന നമ്മുടെ സജീവസഹപ്രവർത്തകരായിത്തീരാൻ നാം ആഗ്രഹിക്കുന്നു. അത് അവരുടെ ജീവനെത്തന്നെ അർത്ഥമാക്കുന്നു!—സങ്കീർത്തനം 148:12, 13; യോഹന്നാൻ 17:3; 1 യോഹന്നാൻ 2:15-17.
സന്തോഷത്തിന്റെ തികവ്
17. നമ്മുടെ സന്തോഷം മുറുകെപ്പിടിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ബലിഷ്ഠമാക്കാൻ ഒന്നാം നൂററാണ്ടിലെ ഏതു ദൃഷ്ടാന്തങ്ങൾ നമ്മെ സഹായിക്കേണ്ടതാണ്?
17 നമുക്ക് ഏതു പീഡാനുഭവങ്ങൾ നേരിട്ടാലും, നമ്മുടെ സന്തോഷം മുറുകെപ്പിടിക്കാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. മിക്കവാറും സ്തേഫാനോസിന്റേതുപോലെയുള്ള കഠിനാനുഭവത്തിന് നാം വിധേയരാകേണ്ടതില്ലായിരിക്കാം, എന്നാൽ അവന്റെ ദൃഷ്ടാന്തത്തിന് നമ്മെ ബലിഷ്ഠരാക്കാൻ കഴിയും. കുററമാരോപിക്കപ്പെട്ടപ്പോൾ അവന് സന്തോഷകരമായ തന്റെ നില പാലിക്കാൻ കഴിഞ്ഞു. അവന്റെ ശത്രുക്കൾ “അവന്റെ മുഖം ഒരു ദൂതന്റെ മുഖംപോലെയായിരുന്നതായി കണ്ടു.” അവന്റെ കഠിനയാതനയുടെ സമയത്ത് ദൈവം അവന്റെ പക്ഷത്തു നിന്നു. തന്റെ രക്തസാക്ഷിമരണം വരെ അവൻ “പരിശുദ്ധാത്മാവു നിറഞ്ഞവനായി” സധൈര്യം സാക്ഷീകരിച്ചു. പൗലോസും ബർന്നബാസും തങ്ങളുടെ പ്രസംഗത്തിൽ ജനതകളിലേക്കു തിരിഞ്ഞപ്പോൾ അവരും “സന്തോഷിക്കാനും യഹോവയുടെ വചനത്തെ മഹത്വപ്പെടുത്താനും തുടങ്ങി.” പീഡനം വീണ്ടും ഉയർന്നു. എന്നാൽ വിശ്വസിച്ചവരെ അതു ഭയചകിതരാക്കിയില്ല. “ശിഷ്യൻമാർ സന്തോഷവും പരിശുദ്ധാത്മാവും നിറയുന്നതിൽ തുടർന്നു.” (പ്രവൃത്തികൾ 6:15; 7:55; 13:48-52) നമ്മുടെ ശത്രുക്കൾ നമ്മോട് എന്തുതന്നെ ചെയ്താലും നമ്മുടെ അനുദിന ജീവിതപീഡാനുഭവങ്ങൾ എന്തുതന്നെയായിരുന്നാലും, നമ്മുടെ പരിശുദ്ധാത്മസന്തോഷം ഒരിക്കലും തണുത്തുപോകാൻ നാം അനുവദിക്കരുത്. പൗലോസ് ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “പ്രത്യാശയിൽ സന്തോഷിക്കുക. ഉപദ്രവത്തിൻകീഴിൽ സഹിച്ചുനിൽക്കുക. പ്രാർത്ഥനയിൽ ഉററിരിക്കുക.”—റോമർ 12:12.
18. (എ) പുതിയ യരൂശലേം എന്താണ്, ദൈവജനം അവളോടുകൂടെ സന്തോഷിക്കേണ്ടതെന്തുകൊണ്ട്? (ബി) “പുതിയ ആകാശങ്ങളും പുതിയ ഭൂമിയും” മനുഷ്യവർഗ്ഗത്തെ എങ്ങനെ അനുഗ്രഹിക്കും?
18 ആ പ്രത്യാശ എത്ര അത്ഭുതകരമാണ്! യഹോവ തന്റെ സകല ജനത്തോടും ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഇതാ ഞാൻ പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുൻകാര്യങ്ങൾ ഓർക്കുകയില്ല, അവ ഹൃദയത്തിലേക്കു വരുകയുമില്ല. എന്നാൽ ജനങ്ങളേ, ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എന്നേക്കും സന്തോഷിക്കുക.” കർത്താവായ ക്രിസ്തുവും “പുതിയ യരൂശലേമും” (ഇപ്പോൾ ദൈവത്തിന്റെ സ്വർഗ്ഗീയസ്ഥാപനമായ “മീതെയുള്ള യരൂശലേ”മിന്റെ തലസ്ഥാനനഗരി) ഭൂമിയിലെ പുതിയലോകസമുദായവും മനുഷ്യവർഗ്ഗത്തിന് സമൃദ്ധമായ സന്തോഷം കൈവരുത്തും. (ഗലാത്യർ 4:26) മാനുഷമൃതരുടെ പുനരുത്ഥാനം, മാനുഷപൂർണ്ണതയിലെ അനുസരണമുള്ള സകലരുടെയും നിത്യജീവനിലേക്കുള്ള ഉദ്ധാരണം, ഒരു പറുദീസാഭൂമിയിലെ പ്രയോജനകരവും ഉജ്ജ്വലവുമായ നിത്യജീവിതം—എത്ര മഹനീയമായ പ്രത്യാശയും ആഹ്ലാദകാരണവുമാണിത്! യഹോവതന്നെ ‘യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും തന്റെ ജനത്തിൽ ആഹ്ലാദിക്കുകയും’ ചെയ്യുന്നതുകൊണ്ട്, അവന്റെ പ്രവാചകനും ദൈവജനത്തോടായി കൂടുതലായ ഈ ആഹ്വാനം പുറപ്പെടുവിക്കുന്നു: “യരൂശലേമിനെ സ്നേഹിക്കുന്ന സകലരുമേ, അവളോടുകൂടെ സന്തോഷിക്കുകയും അവളോടുകൂടെ ആനന്ദിക്കുകയും ചെയ്യുക. അവളോടുകൂടെ അതിയായി ആഹ്ലാദിക്കുക.” (യെശയ്യാവ് 65:17-19; 66:10; വെളിപ്പാട് 14:1; 20:12, 13; 21:2-4) “കർത്താവിൽ എപ്പോഴും സന്തോഷിക്കുക. ഒരിക്കൽകൂടെ ഞാൻ പറയും, സന്തോഷിക്കുക!” എന്ന അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശം നാം അനുസരിക്കുമ്പോൾ നമുക്ക് എന്നും സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിരിക്കാം.—ഫിലിപ്പിയർ 4:4. (w91 1⁄1)
നമ്മുടെ സന്തോഷത്തെ സംഗ്രഹിക്കൽ:
◻ സന്തോഷപൂർണ്ണമായ സഹനത്തിന്റെ ഏതു മാതൃക യേശു നമുക്കുവേണ്ടി വെച്ചു?
◻ രണ്ടു സമർപ്പിതസമൂഹങ്ങൾക്ക് സന്തോഷിക്കാൻ ഏതു കാരണങ്ങളുണ്ട്?
◻ ചെറുപ്പക്കാരും പ്രായമുള്ളവരും ഇന്ന് സത്യത്തിൽ ആഹ്ലാദിക്കുന്നതെങ്ങനെ?
◻ 1990-ലെ റിപ്പോർട്ടു പുനഃപരിശോധിക്കുമ്പോൾ “യഹോവേ, ദയവായി ഇപ്പോൾ വിജയം നൽകേണമേ” എന്ന പ്രാർത്ഥനക്ക് എന്ത് ഉത്തരമാണ് നൽകപ്പെടുന്നത്?
◻ എപ്പോൾ, എങ്ങനെ സന്തോഷത്തിന്റെ തികവിൽ എത്തും?
[25-ാം പേജിലെ ചിത്രം]
യഹോവയുടെ ദൂതൻ കർത്താവായ ക്രിസ്തുവിന്റെ ജനനത്തെ ഒരു “മഹാസന്തോഷത്തിന്റെ സുവാർത്ത”യായി പ്രഖ്യാപിച്ചു