ദൈവസമാധാന സന്ദേശവാഹകരെന്നനിലയിൽ സേവിക്കൽ
‘സമാധാനത്തെ ഘോഷിക്കുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!’—യെശയ്യാവു 52:7.
1, 2. (എ) യെശയ്യാവു 52:7-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, പ്രഘോഷിക്കേണ്ട സുവാർത്ത ഏതാണ്? (ബി) പുരാതന ഇസ്രായേലിന്റെ കാര്യത്തിൽ യെശയ്യാവിന്റെ പ്രാവചനിക വാക്കുകൾ എന്ത് അർഥമാക്കി?
പ്രഘോഷിക്കേണ്ടതായ സുവാർത്തയുണ്ട്! സമാധാനത്തെ, യഥാർഥ സമാധാനത്തെക്കുറിച്ചുള്ള വാർത്തയാണത്. ദൈവരാജ്യവുമായി ബന്ധപ്പെട്ട രക്ഷയുടെ സന്ദേശമാണത്. ദീർഘനാളുകൾക്കുമുമ്പ്, പ്രവാചകനായ യെശയ്യാവ് അതേക്കുറിച്ച് എഴുതിയിരുന്നു. അവന്റെ വാക്കുകൾ യെശയ്യാവു 52:7-ൽ നമുക്കായി സൂക്ഷിച്ചിരിക്കുന്നു. അവിടെ നാം വായിക്കുന്നത് ഇങ്ങനെയാണ്: “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!”
2 പുരാതന ഇസ്രായേലിന്റെ പ്രയോജനത്തിനും ഇന്നു നമ്മുടെ പ്രയോജനത്തിനും വേണ്ടി ആ സന്ദേശം എഴുതിവെക്കാൻ യഹോവ തന്റെ പ്രവാചകനായ യെശയ്യാവിനെ നിശ്വസ്തനാക്കി. അതിന്റെ അർഥമെന്താണ്? യെശയ്യാവ് ആ വാക്കുകൾ എഴുതിയ സമയത്ത് ഇസ്രായേലിന്റെ വടക്കേ രാജ്യത്തെ അതിനോടകംതന്നെ അസീറിയക്കാർ പ്രവാസത്തിലേക്കു കൊണ്ടുപോയിരുന്നിരിക്കാം. പിന്നീട്, തെക്കേ രാജ്യമായ യഹൂദയിലെ നിവാസികളെ പ്രവാസികളാക്കി ബാബിലോനിലേക്കു കൊണ്ടുപോകുമായിരുന്നു. ജനങ്ങൾ യഹോവയെ അനുസരിക്കാതിരുന്നതിനാലും ദൈവവുമായി സമാധാനത്തിലല്ലാതിരുന്നതിനാലും ആ രാജ്യത്തു ഹൃദയവേദനയുടെയും കുഴപ്പത്തിന്റെയും നാളുകളായിരുന്നു അവ. യഹോവ അവരോടു പറഞ്ഞിരുന്നതുപോലെ, അവരുടെ പാപപൂർണമായ നടത്ത അവർക്കും ദൈവത്തിനും ഇടയിൽ ഭിന്നത സൃഷ്ടിക്കുകയായിരുന്നു. (യെശയ്യാവു 42:24; 59:2-4) എന്നാൽ, തക്കസമയത്തു ബാബിലോന്റെ വാതിലുകൾ തുറക്കപ്പെടുമെന്ന് യഹോവ യെശയ്യാവിലൂടെ മൂൻകൂട്ടിപ്പറഞ്ഞു. തങ്ങളുടെ സ്വദേശത്തേക്കു മടങ്ങിപ്പോകാനും അവിടെ യഹോവയുടെ ആലയം പുനർനിർമിക്കാനും യഹോവയുടെ ജനത്തിനു സ്വാതന്ത്ര്യം ലഭിക്കും. സീയോൻ പുനഃസ്ഥാപിതമാകും, സത്യദൈവത്തിന്റെ ആരാധന യെരൂശലേമിൽ നിർവഹിക്കപ്പെടും.—യെശയ്യാവു 44:28; 52:1, 2.
3. ഇസ്രായേലിനു വേണ്ടിയുള്ള ഉദ്ധാരണവാഗ്ദത്തം സമാധാനത്തെക്കുറിച്ചുള്ള ഒരു പ്രവചനവും കൂടെയായിരുന്നത് എങ്ങനെ?
3 വിമോചനത്തെക്കുറിച്ചുള്ള ഈ വാഗ്ദത്തം സമാധാനത്തെക്കുറിച്ചുള്ള ഒരു പ്രവചനവുമായിരുന്നു. യഹോവ ഇസ്രായേല്യർക്കു നൽകിയിരുന്ന ദേശത്തേക്കു പുനഃസ്ഥിതീകരിക്കപ്പെടുന്നത് ദൈവത്തിന്റെ കരുണയുടെയും അവരുടെ അനുതാപത്തിന്റെയും തെളിവാകുമായിരുന്നു. അവർ ദൈവവുമായി സമാധാനത്തിലാണെന്ന് അതു സൂചിപ്പിക്കുമായിരുന്നു.—യെശയ്യാവു 14:1; 48:17, 18.
“നിന്റെ ദൈവം വാഴുന്നു!”
4. (എ) പൊ.യു.മു. 537-ൽ ‘യഹോവ വാണു’ എന്ന് എന്തർഥത്തിൽ പറയാൻ സാധിക്കും? (ബി) തന്റെ ജനത്തിനു പിൽക്കാലത്തു പ്രയോജനം ചെയ്യത്തക്കവിധം യഹോവ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു?
4 പൊ.യു.മു. 537-ൽ യഹോവ ഈ വിമോചനം നടപ്പാക്കിയപ്പോൾ, സീയോനോടു “നിന്റെ ദൈവം വാഴുന്നു” എന്ന പ്രഖ്യാപനം ഉചിതമായും നടത്താനാകുമായിരുന്നു. തീർച്ചയായും, യഹോവ “നിത്യതയുടെ രാജാവാണ്.” (വെളിപ്പാടു 15:3, NW) എന്നാൽ തന്റെ ജനത്തിന്റെ ഈ മോചനം അവന്റെ പരമാധികാരത്തിന്റെ ഒരു പുത്തൻ പ്രകടനമായിരുന്നു. ആ കാലംവരെ ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും ശക്തിയുള്ള മനുഷ്യ സാമ്രാജ്യത്തിന്മേൽ അവന്റെ ശക്തിയുടെ ശ്രേഷ്ഠത അതു ശ്രദ്ധേയമായി പ്രകടമാക്കി. (യിരെമ്യാവു 51:56, 57) യഹോവയുടെ ആത്മാവിന്റെ പ്രവർത്തനഫലമായി, അവന്റെ ജനത്തിനെതിരായ മറ്റു ഗൂഢാലോചനകൾ തകർക്കപ്പെട്ടു. (എസ്ഥേർ 9:24, 25) തന്റെ പരമാധികാര ഹിതം നിറവേറ്റുന്നതിനു മേദോ-പേർഷ്യൻ രാജാക്കന്മാർ സഹകരിക്കാൻ ഇടയാക്കിക്കൊണ്ട് നാനാവിധങ്ങളിൽ യഹോവ ആവർത്തിച്ചാവർത്തിച്ച് ഇടപെടുകയുണ്ടായി. (സെഖര്യാവു 4:6) ആ നാളുകളിൽ സംഭവിച്ച വിസ്മയാവഹമായ സംഭവങ്ങൾ എസ്രാ, നെഹെമ്യാവു, എസ്ഥേർ, ഹഗ്ഗായി, സെഖര്യാവു എന്നീ ബൈബിൾ പുസ്തകങ്ങളിൽ നമുക്കായി രേഖപ്പെടുത്തിയിരിക്കുന്നു. അവ പുനരവലോകനം ചെയ്യുന്നതു വിശ്വാസത്തെ എത്രമാത്രം കരുത്തുറ്റതാക്കുന്നു!
5. യെശയ്യാവു 52:13-53:12-ൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രാധാന്യമുള്ള സംഭവങ്ങൾ എന്തെല്ലാം?
5 എന്നിരുന്നാലും, പൊ.യു.മു. 537-ലും അതിനുശേഷവും സംഭവിച്ചത് ഒരു തുടക്കം മാത്രമായിരുന്നു. 52-ാം അധ്യായത്തിലെ ഉദ്ധാരണപ്രവചനത്തെത്തുടർന്ന് ഉടനെതന്നെ, യെശയ്യാവ് മിശിഹായുടെ വരവിനെക്കുറിച്ച് എഴുതി. (യെശയ്യാവു 52:13-53:12) പൊ.യു.മു. 537-ൽ സംഭവിച്ചതിനെക്കാൾ കൂടുതൽ പ്രാധാന്യമുള്ള ഒരു വിമോചന-സമാധാന സന്ദേശം മിശിഹാ മുഖാന്തരം യഹോവ പ്രദാനം ചെയ്യുമായിരുന്നു, ആ മിശിഹാ യേശുക്രിസ്തുവാണെന്നു തെളിഞ്ഞു.
യഹോവയുടെ ഏറ്റവും വലിയ സമാധാന സന്ദേശവാഹകൻ
6. യഹോവയുടെ ഏറ്റവും വലിയ സമാധാന സന്ദേശവാഹകൻ ആരാണ്, അവൻ തനിക്കുതന്നെ ഏത് നിയോഗമാണു ബാധകമാക്കിയത്?
6 യേശുക്രിസ്തുവാണ് യഹോവയുടെ ഏറ്റവും വലിയ സമാധാന സന്ദേശവാഹകൻ. അവൻ ദൈവത്തിന്റെ വചനമാണ്, യഹോവയുടെ വ്യക്തിപരമായ വക്താവാണ്. (യോഹന്നാൻ 1:14) ഇതിനോടുള്ള യോജിപ്പിൽ, യേശു യോർദാൻ നദിയിൽ സ്നാപനമേറ്റു കുറേ കഴിഞ്ഞ്, നസറെത്തിലെ സിനഗോഗിൽ ചെന്ന് എഴുന്നേറ്റുനിന്ന് യെശയ്യാവു 61-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന തന്റെ നിയോഗത്തെക്കുറിച്ച് ഉറക്കെ വായിച്ചു. അവൻ എന്തു പ്രസംഗിക്കുവാൻ അയയ്ക്കപ്പെട്ടുവോ അതിൽ ‘വിടുതലും’ ‘വീണ്ടെടുപ്പും’ അതുപോലെതന്നെ യഹോവയുടെ അംഗീകാരം നേടുന്നതിനുള്ള അവസരവും ഉൾപ്പെട്ടിരുന്നതായി ആ നിയോഗം വ്യക്തമാക്കി. എന്നാൽ, ഒരു സമാധാന സന്ദേശം പ്രഘോഷിക്കുന്നതിലധികം യേശു ചെയ്തു. നിലനിൽക്കുന്ന സമാധാനത്തിനുള്ള അടിസ്ഥാനം പ്രദാനം ചെയ്യാൻ കൂടെയായിരുന്നു ദൈവം അവനെ അയച്ചത്.—ലൂക്കൊസ് 4:16-21, NW.
7. യേശുക്രിസ്തുവിലൂടെ സാധ്യമാക്കുന്ന ദൈവസമാധാനത്തിൽനിന്ന് എന്തെല്ലാം ഫലങ്ങൾ ഉളവാകുന്നു?
7 യേശുവിന്റെ ജനനസമയത്ത്, ദൂതന്മാർ ദൈവത്തെ സ്തുതിച്ചുകൊണ്ട് ബേത്ത്ളേഹെമിനടുത്ത് ഇടയന്മാർക്കു പ്രത്യക്ഷപ്പെട്ടു. അവർ പറഞ്ഞു: “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (ലൂക്കൊസ് 2:8, 13, 14) അതേ, ദൈവം പ്രസാദം കാട്ടിയവർക്കു സമാധാനമുണ്ടായിരിക്കുമായിരുന്നു. കാരണം, തന്റെ പുത്രനിലൂടെ അവൻ ചെയ്തുകൊണ്ടിരുന്ന കരുതലിൽ അവർ വിശ്വാസം പ്രകടമാക്കി. അതിന്റെ അർഥമെന്ത്? പാപത്തിൽ ജനിച്ചവരെങ്കിലും, മനുഷ്യർക്കു ദൈവമുമ്പാകെ ഒരു ശുദ്ധമായ നില, അവനുമായി ഒരു അംഗീകൃത ബന്ധം നേടാനാവുമായിരുന്നു എന്നതുതന്നെ. (റോമർ 5:1) മറ്റൊരു തരത്തിലും സാധ്യമല്ലാത്ത ആന്തരിക പ്രശാന്തതയും സ്വാസ്ഥ്യവും അവർക്ക് ആസ്വദിക്കാനാകുമായിരുന്നു. ദൈവത്തിന്റെ നിയമിത സമയത്ത് രോഗവും മരണവും ഉൾപ്പെടെ ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപത്തിന്റെ സകല ഭവിഷ്യത്തുകളിൽനിന്നുമുള്ള വിടുതലുണ്ടാകും. മേലാൽ ആളുകൾ അന്ധരോ ബധിരരോ മുടന്തരോ ആയിരിക്കുകയില്ല. നിരാശപ്പെടുത്തുന്ന ബലഹീനതകളും ഹൃദയഭേദകമായ മാനസിക ക്രമക്കേടുകളും എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടും. പൂർണതയുള്ള ജീവൻ എന്നേക്കും ആസ്വദിക്കുക സാധ്യമായിരിക്കും.—യെശയ്യാവു 33:24; മത്തായി 9:35; യോഹന്നാൻ 3:16.
8. ആർക്കാണു ദൈവസമാധാനം നൽകുന്നത്?
8 ദൈവസമാധാനം ആർക്കാണു നൽകപ്പെടുന്നത്? യേശുക്രിസ്തുവിൽ വിശ്വാസം പ്രകടമാക്കുന്ന എല്ലാവർക്കും. ‘ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം ദൈവം സമാധാനം ഉണ്ടാക്കി. അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും ദൈവത്തിനു പ്രസാദം തോന്നി’ എന്നു പൗലൊസ് അപ്പോസ്തലൻ എഴുതി. ഈ നിരപ്പിക്കലിൽ ‘സ്വർഗത്തിലുള്ള കാര്യങ്ങൾ,’ അതായത് സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികൾ ആകാനുള്ളവർ, ഉൾക്കൊള്ളുന്നുവെന്ന് അപ്പോസ്തലൻ കൂട്ടിച്ചേർത്തു. അതിൽ ‘ഭൂമിയിലുള്ള കാര്യങ്ങ’ളും അതായത് ഈ ഭൂമിയെ മുഴുവനായി പറുദീസാ അവസ്ഥയിൽ രൂപാന്തരപ്പെടുത്തുമ്പോൾ ഇവിടെ എന്നേക്കും ജീവിക്കാനുള്ള അവസരത്താൽ അനുഗൃഹീതരാകുന്നവരും ഉൾക്കൊള്ളുന്നതായിരിക്കും. (കൊലൊസ്സ്യർ 1:19, 20) അവർ യേശുവിന്റെ ബലിയുടെ മൂല്യം തങ്ങൾക്കുവേണ്ടി പ്രയോജനപ്പെടുത്തുന്നതുകൊണ്ടും ഹൃദയാ ദൈവത്തെ അനുസരിക്കുന്നതുകൊണ്ടും അവർക്കെല്ലാം ദൈവവുമായി ഊഷ്മളമായ സൗഹൃദം ആസ്വദിക്കാനാകും.—യാക്കോബ് 2:22, 23 താരതമ്യം ചെയ്യുക.
9. (എ) ദൈവവുമായുള്ള സമാധാനം മറ്റ് ഏതെല്ലാം ബന്ധങ്ങളെ സ്വാധീനിക്കുന്നു? (ബി) എവിടെയും നിലനിൽക്കുന്ന സമാധാനം എന്ന ഉദ്ദേശ്യത്തിൽ യഹോവ തന്റെ പുത്രന് എന്ത് അധികാരമാണു നൽകിയത്?
9 ദൈവവുമായുള്ള അത്തരം സമാധാനം എത്ര ജീവത്പ്രധാനമാണ്! ദൈവവുമായി സമാധാനമില്ലെങ്കിൽ, മറ്റേതൊരു ബന്ധത്തിലും നിലനിൽക്കുന്ന അല്ലെങ്കിൽ അർഥവത്തായ സമാധാനം ഉണ്ടായിരിക്കാവുന്നതല്ല. യഹോവയുമായുള്ള സമാധാനമാണു ഭൂമിയിൽ യഥാർഥ സമാധാനത്തിനുള്ള അടിസ്ഥാനം. (യെശയ്യാവു 57:19-21) ഉചിതമായും, യേശുക്രിസ്തു സമാധാനപ്രഭുവാണ്. (യെശയ്യാവു 9:6) മനുഷ്യർക്ക് അവനിലൂടെ ദൈവവുമായി നിരപ്പിലാകാൻ കഴിയും, യഹോവ രാജ്യത്തിന്റെ ഭരണാധികാരവും അവനെ ഭരമേൽപ്പിച്ചിരിക്കുന്നു. (ദാനീയേൽ 7:13, 14) മനുഷ്യവർഗത്തിന്മേലുള്ള യേശുവിന്റെ രാജകീയ ഭരണത്തിന്റെ ഫലങ്ങൾ സംബന്ധിച്ച് യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: ‘സമാധാനത്തിന് അവസാനം ഉണ്ടാകയില്ല.’—യെശയ്യാവു 9:7; സങ്കീർത്തനം 72:7.
10. ദൈവസമാധാന സന്ദേശം അറിയിക്കുന്നതിൽ യേശു മാതൃക വെച്ചത് എങ്ങനെ?
10 ദൈവസമാധാന സന്ദേശം മുഴു മനുഷ്യവർഗത്തിനും ആവശ്യമാണ്. അതു പ്രസംഗിക്കുന്നതിൽ യേശു വ്യക്തിപരമായി തീക്ഷ്ണതയുള്ള ഒരു മാതൃക വെച്ചു. യെരൂശലേമിലെ ആലയപ്രദേശത്തും മലഞ്ചെരിവുകളിലും നിരത്തിലും കിണറ്റിൻകരെവെച്ച് ഒരു ശമര്യസ്ത്രീയോടും ആളുകളുടെ ഭവനങ്ങളിലും അവൻ അതു പ്രസംഗിച്ചു. ആളുകൾ ഉണ്ടായിരുന്നിടങ്ങളിലെല്ലാം സമാധാനത്തെയും ദൈവരാജ്യത്തെയും കുറിച്ചു പ്രസംഗിക്കാൻ യേശു അവസരമുണ്ടാക്കി.—മത്തായി 4:18, 19; 5:1, 2; 9:9; 26:55; മർക്കൊസ് 6:34; ലൂക്കൊസ് 19:1-10; യോഹന്നാൻ 4:5-26.
ക്രിസ്തുവിന്റെ കാൽച്ചുവടുകളിൽ നടക്കാൻ പരിശീലിപ്പിക്കപ്പെടുന്നു
11. ഏതു വേലയ്ക്കാണ് യേശു തന്റെ ശിഷ്യന്മാരെ പരിശീലിപ്പിച്ചത്?
11 ദൈവസമാധാന സന്ദേശം പ്രസംഗിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. യേശു യഹോവയുടെ “വിശ്വസ്തനും സത്യവാനുമായ സാക്ഷി”യായിരുന്നതുപോലെ, സാക്ഷീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം തങ്ങൾക്കുമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. (വെളിപ്പാടു 3:14; യെശയ്യാവു 43:10-12) തങ്ങളുടെ നായകൻ എന്നനിലയിൽ അവർ ക്രിസ്തുവിലേക്കു നോക്കി.
12. പ്രസംഗപ്രവർത്തനത്തിന്റെ പ്രാധാന്യം പൗലൊസ് പ്രകടമാക്കിയതെങ്ങനെ?
12 ഈ പ്രസംഗപ്രവർത്തനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് അപ്പോസ്തലനായ പൗലൊസ് ഇങ്ങനെ ന്യായവാദം ചെയ്തു. അവൻ ഇങ്ങനെ പറഞ്ഞു: ‘“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നു.’ അതായത്, യഹോവയുടെ മുഖ്യ രക്ഷാകാര്യസ്ഥൻ എന്നനിലയിൽ യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കുന്ന ഒരുവനും നിരാശനാകുകയില്ല. ആരുടെയും വംശപശ്ചാത്തലം അയോഗ്യതയ്ക്കു കാരണവുമല്ല. കാരണം പൗലൊസ് ഇങ്ങനെ കൂട്ടിച്ചേർത്തു: ‘യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നല്കുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. “കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.”’ (റോമർ 10:11-13) എന്നാൽ ആ അവസരത്തെക്കുറിച്ച് ആളുകൾ പഠിക്കാൻ പോകുന്നത് എങ്ങനെയായിരുന്നു?
13. ആളുകൾ സുവാർത്ത കേൾക്കണമെങ്കിൽ എന്ത് ആവശ്യമായിരുന്നു, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ആ ആവശ്യത്തോട് എങ്ങനെ പ്രതികരിച്ചു?
13 യഹോവയുടെ ഓരോ ദാസനും ചിന്തിക്കേണ്ട ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആ ആവശ്യത്തെക്കുറിച്ച് പൗലൊസ് പ്രതിപാദിക്കുകയുണ്ടായി. അപ്പോസ്തലൻ ഇങ്ങനെ ചോദിച്ചു: “അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും?” (റോമർ 10:14, 15) ക്രിസ്തുവും അപ്പോസ്തലന്മാരും വെച്ച മാതൃകയോടു സ്ത്രീപുരുഷന്മാരും, ചെറുപ്പക്കാരും പ്രായമേറിയവരും പ്രതികരിച്ചുവെന്നതിനുള്ള വാചാലമായ സാക്ഷ്യം വഹിക്കുന്നതാണ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രം. അവർ സുവാർത്തയുടെ തീക്ഷ്ണതയുള്ള പ്രഘോഷകരായിത്തീർന്നു. യേശുവിനെ അനുകരിച്ചുകൊണ്ട്, ആളുകളെ കണ്ടുമുട്ടാൻ കഴിഞ്ഞിടത്തെല്ലാം അവർ അവരോടു സാക്ഷീകരിച്ചു. ആരെയും അവഗണിക്കാൻ ആഗ്രഹമില്ലാഞ്ഞതിനാൽ, തങ്ങളുടെ ശുശ്രൂഷ പരസ്യസ്ഥലങ്ങളിലും വീടുവീടാന്തരവും അവർ നിർവഹിച്ചു.—പ്രവൃത്തികൾ 17:17; 20:20.
14. സുവാർത്ത പ്രഘോഷിക്കുന്നവരുടെ “കാൽ” “മനോഹര”മാണ് എന്നത് സത്യമെന്നു തെളിഞ്ഞത് എങ്ങനെ?
14 എല്ലാവരും ക്രിസ്തീയ പ്രസംഗകരെ ദയാപുരസ്സരം കൈക്കൊണ്ടില്ലെന്നുള്ളതു തീർച്ചയാണ്. എന്നിരുന്നാലും, യെശയ്യാവു 52:7-ൽനിന്ന് പൗലൊസ് ഉദ്ധരിച്ചത് സത്യമാണെന്നു തെളിഞ്ഞു. “ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും?” എന്ന ചോദ്യം ചോദിച്ചിട്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘“നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.’ നമ്മുടെ കാലുകൾ മനോഹരമാണെന്നോ സുന്ദരമാണെന്നോ നമ്മിൽ മിക്കവരും ചിന്തിക്കാറില്ല. അപ്പോൾ, ഇതിന്റെ അർഥമെന്താണ്? മറ്റുള്ളവരോടു പ്രസംഗിക്കാൻ പോകുമ്പോൾ ഒരുവനെ സാധാരണമായി ചലിപ്പിക്കുന്നതു കാലുകളാണ്. അത്തരം കാലുകൾ വാസ്തവത്തിൽ വ്യക്തിയെ പ്രതിനിധാനം ചെയ്യുന്നു. മാത്രമല്ല, അപ്പോസ്തലന്മാരിൽനിന്നും ഒന്നാം നൂറ്റാണ്ടിലെ യേശുക്രിസ്തുവിന്റെ മറ്റു ശിഷ്യന്മാരിൽനിന്നും സുവാർത്ത കേട്ട അനേകർക്ക് ഈ ആദിമ ക്രിസ്ത്യാനികൾ തീർച്ചയായും മനോഹരമായ ഒരു കാഴ്ചയായിരുന്നുവെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. (പ്രവൃത്തികൾ 16:13-15) അതിലുപരി, അവർ ദൈവദൃഷ്ടിയിൽ വിലയുള്ളവരായിരുന്നു.
15, 16. (എ) തങ്ങൾ യഥാർഥത്തിൽ സമാധാന സന്ദേശവാഹകരാണെന്ന് ആദിമ ക്രിസ്ത്യാനികൾ പ്രകടമാക്കിയത് എങ്ങനെ? (ബി) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ചെയ്ത അതേ വിധത്തിൽ നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ നമ്മെ സഹായിക്കുന്നത് എന്താണ്?
15 യേശുവിന്റെ അനുഗാമികളുടേത് ഒരു സമാധാന സന്ദേശമായിരുന്നു. സമാധാനപൂർണമായ രീതിയിലാണ് അവർ അതു പ്രസംഗിച്ചത്. യേശു ശിഷ്യന്മാർക്ക് ഈ നിർദേശങ്ങൾ നൽകി: “ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ. അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.” (ലൂക്കൊസ് 10:5, 6) ഷാലോം അഥവാ “സമാധാനം” പരമ്പരാഗതമായ ഒരു യഹൂദ ആശംസാരീതിയാണ്. എന്നാൽ യേശുവിന്റെ നിർദേശങ്ങളിൽ ഇതിനെക്കാൾ കൂടുതൽ ഉൾപ്പെട്ടിരുന്നു. “ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി” അഭിഷിക്ത ശിഷ്യന്മാർ “ദൈവത്തോടു നിരന്നുകൊൾവിൻ” എന്നു ജനത്തെ ഉദ്ബോധിപ്പിച്ചു. (2 കൊരിന്ത്യർ 5:20) യേശുവിന്റെ നിർദേശങ്ങൾക്കു ചേർച്ചയിൽ, അവർ ദൈവരാജ്യത്തെക്കുറിച്ചു മാത്രമല്ല, വ്യക്തികളെന്ന നിലയിൽ അത് തങ്ങൾക്ക് എന്ത് അർഥമാക്കുന്നുവെന്നും ആളുകളോടു പറഞ്ഞു. ശ്രദ്ധിച്ചവർക്ക് അനുഗ്രഹം ലഭിച്ചു; ആ സന്ദേശം തിരസ്കരിച്ചവർക്കു പ്രതിഫലം നഷ്ടമായി.
16 ഇന്ന് യഹോവയുടെ സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്നത് അതേ വിധത്തിൽത്തന്നെയാണ്. അവർ ആളുകളുടെ പക്കൽ എത്തിക്കുന്ന സുവാർത്ത അവരുടേതല്ല; അത് അവരെ അയച്ചവന്റേതാണ്. അതു പ്രസംഗിക്കുക എന്നതാണ് അവർക്കുള്ള നിയോഗം. അതു സ്വീകരിക്കുന്നപക്ഷം ആളുകൾ തങ്ങളെത്തന്നെ വിസ്മയാവഹമായ അനുഗ്രഹങ്ങൾ പ്രാപിക്കാനുള്ളവരുടെ നിരയിലാക്കുന്നു. നിരസിച്ചാൽ, യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്തുവുമായുള്ള സമാധാനമാണ് അവർ നിരസിക്കുന്നത്.—ലൂക്കൊസ് 10:16.
ഒരു പ്രക്ഷുബ്ധ ലോകത്തിൽ സമാധാനമുള്ളവർ
17. ദുഷ്പെരുമാറ്റമുള്ള ആളുകളെ കണ്ടുമുട്ടുമ്പോൾപോലും നാം എങ്ങനെ പെരുമാറേണ്ടതാണ്, എന്തുകൊണ്ട്?
17 ആളുകളുടെ പ്രതികരണം എന്തുതന്നെയായാലും, തങ്ങൾ ദൈവസമാധാന സന്ദേശവാഹകരാണെന്ന് ഓർക്കുന്നത് യഹോവയുടെ ദാസന്മാരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ലോകത്തിലെ ആളുകൾ ചൂടുപിടിച്ച വാദപ്രതിവാദങ്ങളിലേർപ്പെടുകയും തങ്ങൾക്കു പ്രകോപനം സൃഷ്ടിക്കുന്നവർക്കുനേരേ വ്രണപ്പെടുത്തുംവിധം സംസാരിച്ചുകൊണ്ടോ ചീത്തപറഞ്ഞുകൊണ്ടോ തങ്ങളുടെ കോപത്തെ കയറൂരിവിടുകയും ചെയ്തേക്കാം. ഒരുപക്ഷേ, കഴിഞ്ഞകാലങ്ങളിൽ നമ്മിൽ ചിലർ അങ്ങനെ ചെയ്തിരിക്കാം. എന്നാൽ, നാമിപ്പോൾ പുതിയ വ്യക്തിത്വം ധരിക്കുകയും ലോകത്തിന്റെ ഭാഗമല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, നാം അവരുടെ വഴികൾ അനുകരിക്കുകയില്ല. (എഫെസ്യർ 4:23, 24, 31; യാക്കോബ് 1:19, 20) മറ്റുള്ളവർ എങ്ങനെ പ്രവർത്തിച്ചാലും, “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്ന ബുദ്ധ്യുപദേശം നാം ബാധകമാക്കും.—റോമർ 12:18.
18. ഒരു സർക്കാരുദ്യോഗസ്ഥൻ നമ്മോടു മുഷ്കരമായി പെരുമാറിയാൽ നാം എങ്ങനെ പ്രതികരിക്കണം, എന്തുകൊണ്ട്?
18 നമ്മുടെ ശുശ്രൂഷ നിമിത്തം നമുക്കു ചിലപ്പോഴൊക്കെ സർക്കാരുദ്യോഗസ്ഥന്മാരുടെ മുമ്പിൽ ഹാജരാകേണ്ടിവന്നേക്കാം. അവരുടെ അധികാരം ഉപയോഗിച്ചുകൊണ്ട്, നാം ചില സംഗതികൾ ചെയ്യുന്നതും ചില സംഗതികളിലേർപ്പെടാതെ ഒഴിഞ്ഞുനിൽക്കുന്നതും എന്തുകൊണ്ടെന്നതു സംബന്ധിച്ചു നമ്മോടു വിശദീകരണം ‘ചോദിച്ചേക്കാം.’ വ്യാജമതത്തെ തുറന്നുകാട്ടുകയും ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അന്ത്യത്തെക്കുറിച്ചു പറയുകയും ചെയ്യുന്ന സന്ദേശം നാം പ്രസംഗിക്കുന്നതെന്തുകൊണ്ടെന്ന് അറിയാൻ അവർ ആഗ്രഹിച്ചേക്കാം. ക്രിസ്തു വെച്ച മാതൃകയോടുള്ള നമ്മുടെ ആദരവ് ശാന്തപ്രകൃതവും ആഴമായ ബഹുമാനവും കാണിക്കാൻ നമ്മെ പ്രേരിപ്പിക്കും. (1 പത്രൊസ് 2:23; 3:15) മിക്കപ്പോഴും, അത്തരം ഉദ്യോഗസ്ഥന്മാർ പുരോഹിതവർഗത്തിൽനിന്ന് അല്ലെങ്കിൽ സാധ്യതയനുസരിച്ച് അവരുടെതന്നെ മേലധികാരികളിൽനിന്നുള്ള സമ്മർദത്തിൻകീഴിലാണ്. നമ്മുടെ പ്രവർത്തനം അവർക്കോ സമുദായത്തിന്റെ സമാധാനത്തിനോ ഭീഷണിയല്ലെന്നു മനസ്സിലാക്കാൻ ശാന്തമായ ഉത്തരം അവരെ സഹായിച്ചേക്കാം. അത്തരമൊരു മറുപടി, അതു കേൾക്കുന്നവരിൽ ആദരവും സഹകരണവും സമാധാനവും ഉളവാക്കിയേക്കാം.—തീത്തൊസ് 3:1, 2.
19. യഹോവയുടെ സാക്ഷികൾ ഒരിക്കലും ഏതുതരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല?
19 ലോകകലഹങ്ങളിൽ പങ്കെടുക്കാത്ത ഒരു ജനമെന്ന നിലയിൽ ഭൂവ്യാപകമായി അറിയപ്പെടുന്നവരാണു യഹോവയുടെ സാക്ഷികൾ. വർഗം, മതം, രാഷ്ട്രീയം എന്നിവയെ പ്രതിയുള്ള ലോകപോരാട്ടങ്ങളിൽ അവർ ഉൾപ്പെടുന്നില്ല. (യോഹന്നാൻ 17:14) “ശ്രേഷ്ഠാധികാരങ്ങൾക്കു കീഴട”ങ്ങാൻ ദൈവവചനം നമ്മോട് ആവശ്യപ്പെടുന്നതുകൊണ്ട്, ഗവൺമെൻറ് നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ നിയമലംഘന പ്രവർത്തനങ്ങളിലേർപ്പെടുന്ന കാര്യം നാം ആലോചിക്കുക പോലുമില്ല. (റോമർ 13:1) ഏതെങ്കിലും ഗവൺമെൻറിനെ മറിച്ചിടാനുള്ള യാതൊരു പ്രസ്ഥാനത്തിലും യഹോവയുടെ സാക്ഷികൾ ഒരിക്കലും ചേർന്നിട്ടില്ല. തന്റെ ക്രിസ്തീയ ദാസർക്കായി യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങളുടെ വീക്ഷണത്തിൽ, രക്തച്ചൊരിച്ചിലിലോ ഏതെങ്കിലും തരത്തിലുള്ള അക്രമത്തിലോ അവർ പങ്കെടുക്കുന്ന കാര്യം അചിന്തനീയമാണ്! യഥാർഥ ക്രിസ്ത്യാനികൾ സമാധാനത്തെക്കുറിച്ചു പ്രസംഗിക്കുക മാത്രമല്ല, അവരുടെ പ്രസംഗത്തിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നു.
20. സമാധാനത്തിന്റെ കാര്യത്തിൽ ഏതുതരത്തിലുള്ള ചരിത്രമാണു മഹാബാബിലോനുള്ളത്?
20 സത്യക്രിസ്ത്യാനികളിൽനിന്നു വിരുദ്ധമായി, ക്രൈസ്തവലോകത്തിലെ മതസംഘടനകളെ പ്രതിനിധാനം ചെയ്യുന്നവർ സമാധാന സന്ദേശവാഹകരാണെന്നു തെളിയിച്ചിട്ടില്ല. മഹാബാബിലോനിലെ മതങ്ങളും—ക്രൈസ്തവലോകത്തിലെ സഭകളും അക്രൈസ്തവ മതങ്ങളും ഒരുപോലെ—രാഷ്ട്രങ്ങളുടെ യുദ്ധങ്ങളെ വെച്ചുപൊറുപ്പിക്കുകയും പിന്താങ്ങുകയും വാസ്തവത്തിൽ അവയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. അവർ യഹോവയുടെ വിശ്വസ്ത ദാസർക്കു നേരേ പീഡനം അഴിച്ചുവിടുന്നതിന്റെയും, എന്തിന്, അവരെ കൊല ചെയ്യുന്നതിന്റെയും പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട്, മഹാബാബിലോനെക്കുറിച്ച് വെളിപ്പാടു 18:24 പ്രഖ്യാപിക്കുന്നു: “പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടേയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു.”
21. യഹോവയുടെ ജനത്തിന്റെയും വ്യാജമതം ആചരിക്കുന്നവരുടെയും നടത്തയിൽ വ്യത്യാസമുണ്ടെന്നു കാണുമ്പോൾ, ആത്മാർഥഹൃദയരായ പലരും എങ്ങനെ പ്രതികരിക്കുന്നു?
21 ക്രൈസ്തവലോകത്തിലെ മതങ്ങളിൽനിന്നും മഹാബാബിലോന്റെ ശേഷിക്കുന്ന ഭാഗത്തിൽനിന്നും വ്യത്യസ്തമായി, സത്യമതം ക്രിയാത്മകമായ ഒരു ഏകീകരണ ശക്തിയാണ്. തന്റെ യഥാർഥ അനുഗാമികളോട് യേശുക്രിസ്തു പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) മനുഷ്യവർഗത്തിൽ ശേഷിച്ചവരെ ഇന്നു ഭിന്നിപ്പിച്ചുനിർത്തുന്ന ദേശീയ, സാമൂഹിക, സാമ്പത്തിക, വർഗീയ അതിർവരമ്പുകളെയും കവിയുന്നതരം സ്നേഹമാണത്. ഇതു നിരീക്ഷിച്ചിരിക്കുന്ന, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ യഹോവയുടെ അഭിഷിക്ത ദാസന്മാരോട് ഇങ്ങനെ പറയുന്നു: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.”—സെഖര്യാവു 8:23.
22. ഇനിയും ചെയ്തുതീർക്കേണ്ട സാക്ഷീകരണവേലയെ നാം എങ്ങനെ വീക്ഷിക്കുന്നു?
22 യഹോവയുടെ ജനമെന്ന നിലയിൽ നേടിയെടുത്തിരിക്കുന്നതെന്തോ അതിൽ നാം അതിയായി ആഹ്ലാദിക്കുന്നു. എന്നാൽ നമ്മുടെ വേല ഇതുവരെയും തീർന്നിട്ടില്ല. വിത്തു പാകി, തന്റെ വയലിൽ കൃഷിചെയ്തശേഷം കർഷകൻ വേല നിർത്തിക്കളയുന്നില്ല. അയാൾ തുടർന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും കൊയ്ത്തിന്റെ പരമകാഷ്ഠയിൽ. കൊയ്ത്തുകാലത്ത് അനവരതമായ, തീവ്രമായ ശ്രമം ആവശ്യമാണ്. ഇപ്പോൾ യഹോവയുടെ ആരാധകരുടെ വർധിച്ച അളവിലുള്ള കൊയ്ത്ത് മുമ്പെന്നത്തെക്കാളുമധികമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ആഹ്ലാദത്തിന്റെ ഒരു സമയമാണ്. (യെശയ്യാവു 9:3) നാം എതിർപ്പും താത്പര്യക്കുറവും നേരിടുന്നുവെന്നതു ശരിയാണ്. വ്യക്തികളെന്ന നിലയിൽ, നാം ഗുരുതരമായ രോഗമോ ബുദ്ധിമുട്ടുപിടിച്ച കുടുംബസ്ഥിതിവിശേഷമോ സാമ്പത്തിക പ്രയാസമോ തരണം ചെയ്യാൻ പാടുപെടുന്നുണ്ടാവാം. എന്നാൽ യഹോവയോടുള്ള സ്നേഹം ഇടവിടാതെ തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ദൈവം നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന സന്ദേശം ആളുകൾ കേൾക്കേണ്ട ഒന്നാണ്. തീർച്ചയായും, അത് ഒരു സമാധാന സന്ദേശമാണ്. അത് യേശു പ്രസംഗിച്ച സന്ദേശമാണ്—ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത.
നിങ്ങളുടെ ഉത്തരമെന്താണ്?
◻ പുരാതന ഇസ്രായേലിന്മേൽ യെശയ്യാവു 52:7-ന് എന്തു നിവൃത്തിയുണ്ടായി?
◻ യേശു ഏറ്റവും വലിയ സമാധാന സന്ദേശവാഹകനാണെന്നു തെളിഞ്ഞതെങ്ങനെ?
◻ ക്രിസ്ത്യാനികൾ പങ്കെടുക്കുന്ന വേലയോട് യെശയ്യാവു 52:7-നെ പൗലൊസ് അപ്പോസ്തലൻ ബന്ധിപ്പിച്ചത് എങ്ങനെ?
◻ നമ്മുടെ നാളിൽ സമാധാന സന്ദേശവാഹകരായിരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
[13-ാം പേജിലെ ചിത്രം]
യേശുവിനെപ്പോലെ, യഹോവയുടെ സാക്ഷികൾ ദൈവസമാധാന സന്ദേശവാഹകരാണ്
[15-ാം പേജിലെ ചിത്രം]
രാജ്യസന്ദേശത്തോട് ആളുകൾ എങ്ങനെ പ്രതികരിച്ചാലും യഹോവയുടെ സാക്ഷികൾ സമാധാനമുള്ളവരായി നിലകൊള്ളുന്നു