അധ്യായം 122
മുകളിലെ മുറിയിലെ യേശുവിന്റെ ഉപസംഹാരപ്രാർഥന
ദൈവത്തെയും പുത്രനെയും അറിയുമ്പോൾ ലഭിക്കുന്ന പ്രതിഫലം
യഹോവയും യേശുവും ശിഷ്യന്മാരും ഒന്നാണ്
അപ്പോസ്തലന്മാരോടുള്ള ആഴമായ സ്നേഹംകൊണ്ട്, അവരെ വിട്ടുപിരിയുന്നതിനു മുമ്പ് യേശു അവരെ ഒരുക്കുകയായിരുന്നു. ഇപ്പോൾ യേശു ആകാശത്തേക്കു നോക്കി തന്റെ പിതാവിനോടു പ്രാർഥിക്കുന്നു: “പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്താൻ അങ്ങ് പുത്രനെ മഹത്ത്വപ്പെടുത്തേണമേ. അങ്ങ് അവനു നൽകിയിട്ടുള്ളവർക്കെല്ലാം അവൻ നിത്യജീവൻ കൊടുക്കേണ്ടതിന് എല്ലാ മനുഷ്യരുടെ മേലും അങ്ങ് പുത്രന് അധികാരം കൊടുത്തിരിക്കുന്നല്ലോ.”—യോഹന്നാൻ 17:1, 2.
ദൈവത്തിനു മഹത്ത്വം കൊടുക്കുന്നതാണു പരമപ്രധാനമായ സംഗതിയെന്നു യേശു വ്യക്തമാക്കി. എന്നാൽ അതോടൊപ്പം മനുഷ്യർക്കു നിത്യജീവൻ നേടാനാകും എന്ന കാര്യത്തെക്കുറിച്ചും യേശു പറയുന്നു. ‘എല്ലാ മനുഷ്യരുടെ മേലും പുത്രന് അധികാരം’ ലഭിച്ചിരിക്കുന്നതുകൊണ്ട് എല്ലാവർക്കും മോചനവിലയുടെ പ്രയോജനം യേശു വെച്ചുനീട്ടുന്നു. എന്നാൽ ചിലർക്കു മാത്രമേ ആ വലിയ അനുഗ്രഹം ലഭിക്കുകയുള്ളൂ. എന്തുകൊണ്ട്? കാരണം, യേശു പ്രാർഥനയിൽ ഇങ്ങനെയാണ് പറഞ്ഞത്: “ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.” (യോഹന്നാൻ 17:3) ഇതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവർക്കു മാത്രമാണ് മോചനവിലയുടെ പ്രയോജനങ്ങൾ യേശു കൊടുക്കുക.
ഒരു വ്യക്തി പിതാവിനെയും പുത്രനെയും അടുത്ത് അറിയണം, അവരുമായി ഒരു ഉറ്റ ബന്ധം സ്ഥാപിക്കണം. ഓരോ കാര്യത്തിലും അവരുടെ അതേ മനോഭാവം ആ വ്യക്തിക്കും ഉണ്ടാകണം. മറ്റുള്ളവരോടുള്ള ഇടപെടലിൽ ദൈവത്തിന്റെയും പുത്രന്റെയും ഗുണങ്ങൾ പകർത്താൻ ആ വ്യക്തി കഠിനശ്രമം ചെയ്യണം. ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതാണ് പരമപ്രധാനം, മനുഷ്യർക്ക് ലഭിക്കുന്ന നിത്യജീവൻ അത് കഴിഞ്ഞിട്ടേ ഉള്ളൂ എന്ന കാര്യവും അദ്ദേഹം മനസ്സിൽപ്പിടിക്കണം. യേശു വീണ്ടും വിഷയത്തിലേക്കു വരുന്നു:
“അങ്ങ് ഏൽപ്പിച്ച ജോലി ചെയ്തുതീർത്ത ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് പിതാവേ, ഇപ്പോൾ അങ്ങയുടെ അടുത്ത് എന്നെ മഹത്ത്വപ്പെടുത്തേണമേ. ലോകം ഉണ്ടാകുന്നതിനു മുമ്പ്, ഞാൻ അങ്ങയുടെ അടുത്തായിരുന്നപ്പോഴുണ്ടായിരുന്ന മഹത്ത്വം വീണ്ടും തരേണമേ.” (യോഹന്നാൻ 17:4, 5) അതെ, പുനരുത്ഥാനത്തിലൂടെ വീണ്ടും തനിക്കു സ്വർഗീയമഹത്ത്വം നൽകാൻ യേശു പിതാവിനോട് അപേക്ഷിക്കുന്നു.
എന്നാൽ ശുശ്രൂഷയിൽ യേശുവിനു ചെയ്യാനായ കാര്യങ്ങൾ യേശു മറന്നില്ല. യേശു ഇങ്ങനെ പ്രാർഥിച്ചു: “ലോകത്തിൽനിന്ന് അങ്ങ് എനിക്കു തന്നിട്ടുള്ളവർക്കു ഞാൻ അങ്ങയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നു. അവർ അങ്ങയുടേതായിരുന്നു. അങ്ങ് അവരെ എനിക്കു തന്നു. അവർ അങ്ങയുടെ വചനം അനുസരിച്ചിരിക്കുന്നു.” (യോഹന്നാൻ 17:6) ശുശ്രൂഷയിൽ, യഹോവ എന്ന പേര് ഉപയോഗിക്കുന്നതിലും അധികം കാര്യങ്ങൾ യേശു ചെയ്തു. ദൈവത്തിന്റെ ഗുണങ്ങൾ, മനുഷ്യരോടുള്ള ദൈവത്തിന്റെ ഇടപെടൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ യേശു തന്റെ ശിഷ്യന്മാരെ സഹായിച്ചു.
യഹോവയെക്കുറിച്ചും പുത്രൻ എന്ന നിലയിൽ യേശുവിനുള്ള പങ്കിനെക്കുറിച്ചും അപ്പോസ്തലന്മാർക്കു ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു. യേശു പഠിപ്പിച്ച കാര്യങ്ങളും അവർക്കു വ്യക്തമായി. യേശു താഴ്മയോടെ ഇങ്ങനെ പറഞ്ഞു: “അങ്ങ് എനിക്കു തന്ന വചനങ്ങളാണു ഞാൻ അവർക്കു കൊടുത്തത്. അതെല്ലാം സ്വീകരിച്ച അവർ, ഞാൻ അങ്ങയുടെ പ്രതിനിധിയായിട്ടാണു വന്നതെന്നു വ്യക്തമായി മനസ്സിലാക്കുകയും അങ്ങാണ് എന്നെ അയച്ചതെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.”—യോഹന്നാൻ 17:8.
തന്റെ അനുഗാമികളും ലോകത്തിലെ ആളുകളും തമ്മിലുള്ള വ്യത്യാസം യേശു തിരിച്ചറിയിക്കുന്നു: “അവർക്കുവേണ്ടി ഞാൻ അപേക്ഷിക്കുന്നു. ഞാൻ അപേക്ഷിക്കുന്നതു ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നിട്ടുള്ളവർക്കുവേണ്ടിയാണ്. കാരണം അവർ അങ്ങയുടേതാണ്. . . . പരിശുദ്ധപിതാവേ, നമ്മൾ ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന് അങ്ങ് എനിക്കു തന്നിരിക്കുന്ന അങ്ങയുടെ പേര് ഓർത്ത് അവരെ കാത്തുകൊള്ളേണമേ. . . . ഞാൻ അവരെ സംരക്ഷിച്ചു. ആ നാശപുത്രനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” ഈ നാശപുത്രൻ യേശുവിനെ വഞ്ചിച്ച യൂദാസ് ഈസ്കര്യോത്തയാണ്.—യോഹന്നാൻ 17:9-12.
യേശു പ്രാർഥന തുടരുന്നു, “ലോകം അവരെ വെറുക്കുന്നു. ‘അവരെ ഈ ലോകത്തുനിന്ന് കൊണ്ടുപോകണമെന്നല്ല, ദുഷ്ടനായവനിൽനിന്ന് അവരെ കാത്തുകൊള്ളണമെന്നാണു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നത്. ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.’” (യോഹന്നാൻ 17:14-16) സാത്താന്റെ നിയന്ത്രണത്തിലുള്ള ഒരു മനുഷ്യസമൂഹത്തിലാണ് അപ്പോസ്തലന്മാരും മറ്റു ശിഷ്യന്മാരും ജീവിക്കുന്നത്. പക്ഷേ, അവർ ആ ലോകത്തിന്റെ വഷളത്തങ്ങളിൽനിന്ന് മാറിനിൽക്കേണ്ടതുണ്ട്. അതിന് എങ്ങനെ കഴിയുമായിരുന്നു?
ദൈവത്തെ സേവിക്കുന്നതിനായി അവരെത്തന്നെ വിശുദ്ധരായി നിലനിറുത്തണമായിരുന്നു. എബ്രായതിരുവെഴുത്തുകളിൽനിന്ന് അവർ കണ്ടെത്തിയ സത്യങ്ങളും യേശു പഠിപ്പിച്ച സത്യങ്ങളും അനുസരിച്ചുകൊണ്ട് അവർക്ക് അതു സാധിക്കുമായിരുന്നു. യേശു ഇങ്ങനെ പ്രാർഥിക്കുന്നു: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ. അങ്ങയുടെ വചനം സത്യമാണ്.” (യോഹന്നാൻ 17:17) പിന്നീട്, ചില അപ്പോസ്തലന്മാർ “സത്യത്തിന്റെ” ഭാഗമായിത്തീരുന്ന ദൈവപ്രചോദിത പുസ്തകങ്ങൾ എഴുതി. അത് ഒരു വ്യക്തിയെ ശുദ്ധീകരിക്കാൻ സഹായിക്കുമായിരുന്നു.
കാലം കടന്നുപോകുമ്പോൾ മറ്റുള്ളവരും ‘സത്യം’ സ്വീകരിക്കും. അതുകൊണ്ട് യേശു “അവർക്കുവേണ്ടി (അവിടെയുണ്ടായിരുന്നവർക്ക്) മാത്രമല്ല, അവരുടെ വചനം കേട്ട് (യേശുവിൽ) വിശ്വസിക്കുന്നവർക്കുവേണ്ടിയും” കൂടി പ്രാർഥിക്കുന്നു. അവർക്കെല്ലാം വേണ്ടി യേശു എന്താണ് ആവശ്യപ്പെടുന്നത്? “പിതാവേ, അങ്ങ് എന്നോടും ഞാൻ അങ്ങയോടും യോജിപ്പിലായിരിക്കുന്നതുപോലെ അവർ എല്ലാവരും ഒന്നായിരിക്കാനും അവരും നമ്മളോടു യോജിപ്പിലായിരിക്കാനും വേണ്ടി ഞാൻ അപേക്ഷിക്കുന്നു.” (യോഹന്നാൻ 17:20, 21) യേശുവും പിതാവും ഒരു വ്യക്തിയല്ല. എന്നാൽ എല്ലാ കാര്യത്തിലും യോജിപ്പിൽ ആയിരിക്കുന്നതുകൊണ്ടാണ് അവർ ഒന്നായിരിക്കുന്നത്. തന്റെ അനുഗാമികളും അതേ യോജിപ്പ് ആസ്വദിക്കണമെന്ന് യേശു പ്രാർഥിച്ചു.
ഇതിന് തൊട്ടുമുമ്പ് യേശു പത്രോസിനോടും മറ്റുള്ളവരോടും, അവർക്കുവേണ്ടി സ്വർഗത്തിൽ സ്ഥലം ഒരുക്കാൻ പോകുകയാണെന്നു പറഞ്ഞു. (യോഹന്നാൻ 14:2, 3) ഇക്കാര്യം യേശു തന്റെ പ്രാർഥനയിൽ ഉൾപ്പെടുത്തുന്നു. “പിതാവേ, ലോകാരംഭത്തിനു മുമ്പുതന്നെ അങ്ങ് എന്നെ സ്നേഹിച്ചതുകൊണ്ട് എന്നെ മഹത്ത്വം അണിയിച്ചല്ലോ. അങ്ങ് എനിക്കു തന്നവർ അതു കാണേണ്ടതിന് അവർ ഞാനുള്ളിടത്ത് എന്റെകൂടെയുണ്ടായിരിക്കണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത്.” (യോഹന്നാൻ 17:24) ഒരുപാട് കാലങ്ങൾക്കു മുമ്പുമുതൽ, അതായത് ആദാമിനും ഹവ്വയ്ക്കും കുട്ടികളുണ്ടാകുന്നതിനു മുമ്പുമുതൽ, ദൈവം തന്റെ ഏകജാതനായ പുത്രനെ സ്നേഹിക്കുന്നുണ്ട് എന്നു യേശു പറയുകയായിരുന്നു.
തന്റെ പ്രാർഥന ഉപസംഹരിക്കുമ്പോൾ, പിതാവിന്റെ പേരും, അപ്പോസ്തലന്മാരോടും ‘സത്യം’ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത മറ്റുള്ളവരോടും ഉള്ള ദൈവത്തിന്റെ സ്നേഹവും യേശു എടുത്തുപറയുന്നു. യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും. അങ്ങനെ, അങ്ങ് എന്നോടു കാണിച്ച സ്നേഹം ഇവരിലും നിറയും. ഞാൻ ഇവരോടു യോജിപ്പിലായിരിക്കുകയും ചെയ്യും.”—യോഹന്നാൻ 17:26.