-
‘അവൻ ആദ്യം നമ്മെ സ്നേഹിച്ചു’യഹോവയോട് അടുത്തുചെല്ലുവിൻ
-
-
ഏറ്റവും വലിയ സ്നേഹപ്രവൃത്തി
4. യേശു സാധാരണ മനുഷ്യനല്ലായിരുന്നു എന്ന് ഒരു റോമൻ പടയാളി അറിയാൻ ഇടയായതെങ്ങനെ, ആ പടയാളി എന്തു നിഗമനത്തിലെത്തി?
4 യേശുവിന്റെ മരണത്തിനു മുമ്പ് ദേശത്തു വ്യാപിച്ച ഇരുട്ടും തുടർന്നുണ്ടായ ഉഗ്രമായ ഭൂകമ്പവും അവന്റെ വധത്തിനു മേൽനോട്ടം വഹിച്ച റോമൻ ശതാധിപനെ സ്തബ്ധനാക്കി. “സത്യമായും ഇവൻ ദൈവപുത്രനായിരുന്നു,” അദ്ദേഹം പറഞ്ഞു. (മത്തായി 27:54, പി.ഒ.സി. ബൈ.) വ്യക്തമായും, യേശു സാധാരണ മനുഷ്യനല്ലായിരുന്നു. അത്യുന്നത ദൈവത്തിന്റെ ഏകജാതപുത്രനെ വധിക്കാനായിരുന്നു ആ പടയാളി സഹായിച്ചത്! ഈ പുത്രൻ അവന്റെ പിതാവിന് എത്ര പ്രിയപ്പെട്ടവനായിരുന്നു?
5. യഹോവയും അവന്റെ പുത്രനും സ്വർഗത്തിൽ ഒരുമിച്ചു ചെലവഴിച്ച സുദീർഘകാലത്തെ എങ്ങനെ ദൃഷ്ടാന്തീകരിക്കാം?
5 ബൈബിൾ യേശുവിനെ ‘സർവസൃഷ്ടിക്കും ആദ്യജാതൻ’ എന്നു വിളിക്കുന്നു. (കൊലൊസ്സ്യർ 1:15) ചിന്തിക്കുക—ഭൗതികപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പേ യഹോവയുടെ പുത്രൻ അസ്തിത്വത്തിലുണ്ടായിരുന്നു. അങ്ങനെയെങ്കിൽ, പിതാവും പുത്രനും എത്രനാൾ ഒരുമിച്ചുണ്ടായിരുന്നു? പ്രപഞ്ചത്തിനു 1,300 കോടി വർഷം പഴക്കമുണ്ടെന്നു ചില ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അത്രയും ദീർഘമായ ഒരു കാലഘട്ടം സങ്കൽപ്പിച്ചു നോക്കാനെങ്കിലും നിങ്ങൾക്കു സാധിക്കുമോ? ശാസ്ത്രജ്ഞന്മാർ കണക്കുകൂട്ടുന്ന പ്രകാരം പ്രപഞ്ചത്തിന്റെ പ്രായം ഗ്രഹിക്കാൻ ആളുകളെ സഹായിക്കുന്നതിന് ഒരു ഗ്രഹനിരീക്ഷണ നിലയം 110 മീറ്റർ ദൈർഘ്യമുള്ള ഒരു സമയരേഖ ഉപയോഗിക്കുന്നു. സന്ദർശകർ ആ സമയരേഖയിലൂടെ നടക്കുമ്പോൾ, അവർ വെക്കുന്ന ഓരോ ചുവടും പ്രപഞ്ചത്തിന്റെ ആയുസ്സിലെ 7 കോടി 50 ലക്ഷം വർഷത്തെ പ്രതിനിധാനം ചെയ്യുന്നു. സമയരേഖയുടെ അറ്റത്ത് ഒരു തലമുടിയുടെ വണ്ണത്തിലുള്ള ഒരു അടയാളം ഉണ്ട്. അത്, സകല മനുഷ്യചരിത്രത്തെയും പ്രതിനിധാനം ചെയ്യുന്നു! ഈ കണക്കുകൂട്ടൽ രീതി ശരിയാണെങ്കിൽത്തന്നെ, ആ മുഴു സമയരേഖയ്ക്കും യഹോവയുടെ പുത്രന്റെ ആയുർദൈർഘ്യത്തെ പ്രതിനിധാനം ചെയ്യാനുള്ള നീളമുണ്ടാകുകയില്ല! ആ യുഗങ്ങളിലെല്ലാം അവൻ എന്തു ചെയ്യുകയായിരുന്നു?
6. (എ) യഹോവയുടെ പുത്രൻ തന്റെ മനുഷ്യ-പൂർവ അസ്തിത്വകാലത്ത് എന്തിൽ വ്യാപൃതനായിരുന്നു? (ബി) യഹോവയും അവന്റെ പുത്രനും തമ്മിൽ ഏതുതരം ബന്ധം നിലനിൽക്കുന്നു?
6 പുത്രൻ സന്തോഷപൂർവം പിതാവിന്റെ അടുക്കൽ ‘ശിൽപ്പിയായി’ സേവിച്ചു. (സദൃശവാക്യങ്ങൾ 8:30) “ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന് ബൈബിൾ പറയുന്നു. (യോഹന്നാൻ 1:3) അങ്ങനെ, യഹോവയും അവന്റെ പുത്രനും മറ്റെല്ലാം സൃഷ്ടിക്കുന്നതിൽ ഒരുമിച്ചു പ്രവർത്തിച്ചു. എത്ര ആനന്ദകരമായ വേളകളായിരിക്കാം അവർ ആസ്വദിച്ചത്! ഒരു പിതാവും കുട്ടിയും തമ്മിലുള്ള സ്നേഹം അത്ഭുതകരമാംവിധം ശക്തമാണെന്ന് അനേകരും സമ്മതിക്കും. സ്നേഹം, “ഐക്യത്തിന്റെ ഒരു പൂർണബന്ധം ആണ്.” (കൊലൊസ്സ്യർ 3:14, NW) അപ്പോൾ യുഗങ്ങളായുള്ള ഇത്തരമൊരു സ്നേഹബന്ധത്തിന്റെ ആഴം അളക്കാൻ നമ്മിൽ ആർക്കാണു കഴിയുക? വ്യക്തമായും, യഹോവയാം ദൈവവും അവന്റെ പുത്രനും തമ്മിലുള്ള സ്നേഹബന്ധം മറ്റേതൊരു ബന്ധത്തെക്കാളും ശക്തമാണ്.
7. യേശു സ്നാപനമേറ്റപ്പോൾ, തന്റെ പുത്രനെ കുറിച്ചുള്ള വികാരങ്ങൾ യഹോവ പ്രകടമാക്കിയത് എങ്ങനെ?
7 എന്നിരുന്നാലും, തന്റെ പുത്രനെ ഭൂമിയിൽ ഒരു മനുഷ്യശിശുവായി ജനിക്കാൻ പിതാവ് ഇടയാക്കി. അങ്ങനെ ചെയ്തതിനാൽ സ്വർഗത്തിൽ തന്റെ പ്രിയപുത്രനുമായി ആസ്വദിച്ചിരുന്ന ഉറ്റ സഹവാസം ഏതാനും ദശാബ്ദങ്ങളിലേക്കാണെങ്കിൽ പോലും യഹോവയ്ക്കു നഷ്ടപ്പെടുത്തേണ്ടിവന്നു. യേശു ഒരു പൂർണ മനുഷ്യനായി വളർന്നുവരവേ പിതാവ് അതീവ താത്പര്യത്തോടെ സ്വർഗത്തിൽനിന്നു നിരീക്ഷിച്ചു. ഏകദേശം 30 വയസ്സായപ്പോൾ യേശു സ്നാപനമേറ്റു. യഹോവയ്ക്ക് അവനെക്കുറിച്ച് എന്തു തോന്നിയെന്നു നാം ഊഹിക്കേണ്ടതില്ല. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പിതാവുതന്നെ സ്വർഗത്തിൽനിന്നു പറയുകയുണ്ടായി. (മത്തായി 3:17) യേശുവിനെ കുറിച്ചു പ്രവചിക്കപ്പെട്ടിരുന്നതെല്ലാം, താൻ അവനോട് ആവശ്യപ്പെട്ടതെല്ലാം യേശു വിശ്വസ്തമായി നിറവേറ്റിയതു കണ്ടപ്പോൾ പിതാവ് എത്ര സന്തോഷിച്ചിരിക്കണം!—യോഹന്നാൻ 5:36; 17:4.
8, 9. (എ) പൊ.യു. 33 നീസാൻ 14-ൽ യേശുവിന് എന്തെല്ലാം യാതനകൾ സഹിക്കേണ്ടിവന്നു, അത് അവന്റെ സ്വർഗീയ പിതാവിന് എങ്ങനെ അനുഭവപ്പെട്ടു? (ബി) തന്റെ പുത്രൻ കഷ്ടപ്പെടാനും മരിക്കാനും യഹോവ അനുവദിച്ചത് എന്തുകൊണ്ട്?
8 എന്നാൽ പൊ.യു. 33 നീസാൻ 14-ന് യഹോവയ്ക്ക് ഉണ്ടായ വികാരം എന്തായിരുന്നു? അന്നുരാത്രി യേശുവിനെ ഒറ്റിക്കൊടുക്കുന്നതും അറസ്റ്റുചെയ്യുന്നതും കണ്ടപ്പോൾ യഹോവയ്ക്ക് എന്തു തോന്നി? യേശു സ്നേഹിതന്മാരാൽ ഉപേക്ഷിക്കപ്പെട്ട് നിയമവിരുദ്ധമായ ഒരു വിചാരണയ്ക്കു വിധേയനാക്കപ്പെട്ടപ്പോഴോ? മറ്റുള്ളവർ അവനെ പരിഹസിക്കുകയും തുപ്പുകയും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തപ്പോഴോ? ചമ്മട്ടികൊണ്ടുള്ള അടിയേറ്റ് അവന്റെ മുതുകത്തെ മാംസം പറിഞ്ഞുതൂങ്ങിയപ്പോഴോ? അവന്റെ കൈകാലുകൾ ഒരു മരസ്തംഭത്തിൽ തറച്ചപ്പോഴോ? സ്തംഭത്തിൽ കിടക്കുന്ന അവനെ ആളുകൾ അധിക്ഷേപിച്ചപ്പോഴോ? വേദനകൊണ്ടു പുളയുന്ന പ്രിയപുത്രൻ തന്നോടു നിലവിളിച്ചപ്പോൾ ആ പിതാവിന്റെ വികാരം എന്തായിരുന്നിരിക്കണം? യേശു അന്ത്യശ്വാസം വലിക്കുകയും പ്രാരംഭ സൃഷ്ടിക്രിയ നടന്നതിനു ശേഷം അന്ന് ആദ്യമായി അസ്തിത്വത്തിൽ ഇല്ലാതാകുകയും ചെയ്തപ്പോൾ യഹോവയ്ക്ക് എന്തു തോന്നി?—മത്തായി 26:14-16, 46, 47, 56, 59, 67; 27:38-44, 46; യോഹന്നാൻ 19:1.
‘ദൈവം തന്റെ ഏകജാതനായ പുത്രനെ നൽകി’
9 നമുക്കു വർണിക്കാൻ വാക്കുകളില്ല. യഹോവയ്ക്കു വികാരങ്ങൾ ഉള്ളതിനാൽ അവന്റെ പുത്രന്റെ മരണത്തിങ്കൽ അവൻ അനുഭവിച്ച വേദന വാക്കുകളാൽ വിവരിക്കാൻ നമുക്കാവില്ല. എന്നാൽ അത് അനുവദിക്കാൻ യഹോവയെ പ്രചോദിപ്പിച്ച ഘടകം എന്താണെന്നു പറയാൻ നമുക്കു കഴിയും. തനിക്ക് അത്രയധികം വേദന കൈവരുത്തുന്ന ഒരു സംഗതി സംഭവിക്കാൻ യഹോവ അനുവദിച്ചത് എന്തിനാണ്? യോഹന്നാൻ 3:16-ൽ, മഹത്തായ ഒരു സത്യം യഹോവ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഈ ബൈബിൾ വാക്യം അത്രയ്ക്കു പ്രാധാന്യമേറിയതാകയാൽ സുവിശേഷത്തിന്റെ ചെറിയ പതിപ്പ് എന്നുപോലും അതിനെ വിളിച്ചിരിക്കുന്നു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്ന് ആ വാക്യം നമ്മോടു പറയുന്നു. അതേ, തന്റെ പുത്രൻ മരിക്കാൻ അനുവദിക്കുന്നതിന് യഹോവയെ പ്രേരിപ്പിച്ച ഘടകം സ്നേഹം ആയിരുന്നു. യഹോവയുടെ ആ ദാനം—നമുക്കുവേണ്ടി കഷ്ടം അനുഭവിക്കാനും മരിക്കാനുമായി തന്റെ പുത്രനെ അയച്ചത്—ആയിരുന്നു എക്കാലത്തെയും ഏറ്റവും വലിയ സ്നേഹപ്രവൃത്തി.
-
-
‘അവൻ ആദ്യം നമ്മെ സ്നേഹിച്ചു’യഹോവയോട് അടുത്തുചെല്ലുവിൻ
-
-
12 ആഘാപി തത്ത്വത്താൽ നയിക്കപ്പെടുന്ന സ്നേഹത്തെ പരാമർശിക്കുന്നു. അതുകൊണ്ട് അത് മറ്റൊരാളോടുള്ള വെറും വൈകാരിക ബന്ധത്തെക്കാൾ കൂടിയതാണ്. അതു കൂടുതൽ വിശാലമാണ്. അടിസ്ഥാനപരമായി പറഞ്ഞാൽ അത്തരം സ്നേഹം ഒരു വ്യക്തി ബോധപൂർവം ശ്രമം ചെയ്ത് പ്രകടിപ്പിക്കുന്ന ഒന്നാണ്. എല്ലാറ്റിനുമുപരിയായി ആഘാപി തികച്ചും നിസ്സ്വാർഥമാണ്. ദൃഷ്ടാന്തത്തിന്, വീണ്ടും യോഹന്നാൻ 3:16 കാണുക. തന്റെ ഏകജാതനായ പുത്രനെ നൽകാൻ തക്കവണ്ണം ദൈവം സ്നേഹിച്ച ലോകം ഏതാണ്? അത് വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗമാണ്. അതിൽ പാപപൂർണമായ ജീവിതഗതി പിന്തുടരുന്ന അനേകർ ഉൾപ്പെടുന്നു. യഹോവ വിശ്വസ്തനായ അബ്രാഹാമിനെ സ്നേഹിച്ചതുപോലെ, ഓരോരുത്തരെയും തന്റെ വ്യക്തിപരമായ ഒരു സുഹൃത്തെന്ന നിലയിൽ സ്നേഹിക്കുന്നുണ്ടോ? (യാക്കോബ് 2:23) ഇല്ല, എങ്കിലും തനിക്കുതന്നെ വലിയ നഷ്ടം വരുമാറുപോലും യഹോവ സ്നേഹപൂർവം എല്ലാവർക്കും നന്മ വെച്ചുനീട്ടുന്നു. എല്ലാവരും അനുതപിക്കാനും തങ്ങളുടെ വഴികൾക്കു മാറ്റംവരുത്താനും അവൻ ആഗ്രഹിക്കുന്നു. (2 പത്രൊസ് 3:9) അനേകർ അങ്ങനെ ചെയ്യുന്നു, അവരെ അവൻ സന്തോഷപൂർവം തന്റെ സ്നേഹിതരായി സ്വീകരിക്കുന്നു.
-