ദൈവം പക്ഷപാതിത്വം ഉള്ളവനല്ല
“ദൈവം പക്ഷപാതിത്വമുള്ളവനല്ല, എന്നാൽ ഏത് ജനതയിലും അവനെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്ന മനുഷ്യൻ അവന് സ്വീകാര്യനാണ്.”—പ്രവൃത്തികൾ 10:34, 35.
1. പുരാതന ഏതൻസിൽ വർഗ്ഗത്തെ സംബന്ധിച്ച് പൗലോസ് ഏത് പ്രധാനപ്പെട്ട പ്രസ്താവന ചെയ്തു?
“ലോകവും അതിലുള്ള സകലവും ഉണ്ടാക്കിയ ദൈവം ആകാശത്തിന്റെയും ഭൂമിയുടെയും കർത്താവാകയാൽ മനുഷ്യനിർമ്മിതാലയങ്ങളിൽ വസിക്കുന്നില്ല . . . മുഴു ഭൂമുഖത്തും വസിക്കുന്നതിന് അവൻ ഒരു പൂർവ്വികനിൽ നിന്ന് സകല മനുഷ്യവർഗ്ഗത്തെയും സൃഷ്ടിച്ചു.” (പ്രവൃത്തികൾ 17:24-26, ഫിലിപ്സ്) ആരാണ് ഈ വാക്കുകൾ പറഞ്ഞത്? ഗ്രീസിലെ ഏതൻസിലുള്ള മാഴ്സ് കുന്നിലെ അഥവാ അരയോപഗസിലെ തന്റെ പ്രസിദ്ധമായ പ്രസംഗവേളയിൽ ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ആണ് ഇത് പറഞ്ഞത്.
2. ജീവിതത്തെ വർണ്ണശബളവും രസാവഹവുമാക്കിത്തീർക്കുന്നതെന്ത്, ദക്ഷിണാഫ്രിക്കയിലേക്കു ചെന്ന ഒരു ജാപ്പനീസ് സന്ദർശകന് എന്തിൽ മതിപ്പുളവായി?
2 പൗലോസിന്റെ പ്രസ്താവന സൃഷ്ടിയിൽ സ്ഥിതിചെയ്യുന്ന അത്ഭുതകരമായ വൈവിദ്ധ്യത്തെക്കുറിച്ച് നമ്മെ ശരിക്കും ചിന്തിപ്പിച്ചേക്കാം. യഹോവയാം ദൈവം ഒട്ടേറെ വ്യത്യസ്ത തരങ്ങളിലുള്ള മൃഗങ്ങളെയും പക്ഷികളെയും പ്രാണികളെയും സസ്യങ്ങളെയും മനുഷ്യരെയും സൃഷ്ടിച്ചു. അവയെല്ലാം ഒരു പോലെയായിരുന്നെങ്കിൽ ജീവിതം എത്ര വിരസമായിരിക്കുമായിരുന്നു! അവയുടെ വൈവിദ്ധ്യം ജീവിതത്തെ വർണ്ണശബളവും രസാവഹവുമാക്കാൻ സഹായിക്കുന്നു. ദൃഷ്ടാന്തമായി, ദക്ഷിണാഫ്രിക്കയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ ഹാജരായ ജപ്പാനിൽനിന്നുള്ള ഒരു സന്ദർശകന് താൻ അവിടെ നിരീക്ഷിച്ച വർഗ്ഗ-വർണ്ണ വൈവിദ്ധ്യത്തിൽ മതിപ്പുളവായി. ജപ്പാനിൽ എത്ര വ്യത്യസ്തമാണെന്ന് അയാൾ പ്രസ്താവിച്ചു, അവിടെ ബഹുഭൂരിപക്ഷത്തിനും വർഗ്ഗപരമായ ഒരേ ലക്ഷണങ്ങളാണുള്ളത്.
3. ചിലർ വ്യത്യസ്ത തൊലിനിറത്തെ എങ്ങനെ വീക്ഷിക്കുന്നു, അത് എന്ത് സംജാതമാക്കുന്നു?
3 എന്നാൽ വർഗ്ഗങ്ങളുടെയിടയിലെ നിറത്തിലുള്ള വൈവിദ്ധ്യം മിക്കപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾ വരുത്തിക്കൂട്ടുന്നു. അനേകർ വ്യത്യസ്ത തൊലിനിറമുള്ളവരെ താഴ്ന്നവരെന്ന് പരിഗണിക്കുന്നു. ഇത് ശത്രുതയും വർഗ്ഗീയ മുൻവിധിയുടെ കഠോരയാതനയും വിദ്വേഷവും പോലും സംജാതമാക്കുന്നു. നമ്മുടെ സ്രഷ്ടാവ് ഇത് ഉദ്ദേശിച്ചിരുന്നോ? ചില വർഗ്ഗങ്ങൾ അവന്റെ ദൃഷ്ടിയിൽ ശ്രേഷ്ഠമാണോ? യഹോവ പക്ഷപാതിത്വമുള്ളവനാണോ?
നമ്മുടെ സ്രഷ്ടാവ്—പക്ഷപാതിത്വമുള്ളവനോ?
4-6. (എ.) പക്ഷപാതിത്വത്തെക്കുറിച്ച് യഹോശാഫാത്ത് രാജാവ് എന്തു പറഞ്ഞു? (ബി) മോശയും പൗലോസും യഹോശാഫാത്തിന്റെ പ്രസ്താവനയെ സ്ഥിരീകരിച്ചതെങ്ങനെ? (സി) ചിലർ ഏതു ചോദ്യങ്ങൾ ഉന്നയിച്ചേക്കാം?
4 ചരിത്രത്തിൽ പിമ്പോട്ട് പോകുന്നതിനാൽ സകല മനുഷ്യവർഗ്ഗത്തെ സംബന്ധിച്ചുമുള്ള നമ്മുടെ സ്രഷ്ടാവിന്റെ വീക്ഷണം സംബന്ധിച്ച് നമുക്ക് കുറെ ആശയം ലഭിക്കും. ക്രി. മു. 936 മുതൽ 911 വരെ യഹൂദയെ ഭരിച്ച യഹോശാഫാത്ത് രാജാവ് പല പരിഷ്കാരങ്ങളും വരുത്തുകയും ദിവ്യനിയമത്തിലധിഷ്ഠിതമായ നീതിന്യായ വ്യവസ്ഥകളുടെ ഉചിതമായ പ്രവർത്തനത്തിന് ക്രമീകരണം ചെയ്യുകയും ചെയ്തു. അവൻ ന്യായാധിപതിമാർക്ക് ഈ നല്ല ബുദ്ധിയുപദേശം കൊടുത്തു: “നിങ്ങൾ ചെയ്യുന്നതെന്തെന്ന് ഉറപ്പു വരുത്തുക, എന്തുകൊണ്ടെന്നാൽ നിങ്ങൾ ന്യായവിധി നടത്തുന്നത് മനുഷ്യനു വേണ്ടിയല്ല, പിന്നെയോ അത് യഹോവക്കുവേണ്ടിയാണ് . . . ശ്രദ്ധിച്ച് പ്രവർത്തിക്കുക, എന്തെന്നാൽ നമ്മുടെ ദൈവമായ യഹോവയിങ്കൽ അനീതിയോ പക്ഷപാതിത്വമോ ഇല്ല.”—2 ദിനവൃത്താന്തം 19:6, 7.
5 ശതക്കണക്കിനു വർഷങ്ങൾക്കു മുമ്പ് പ്രവാചകനായിരുന്ന മോശ യിസ്രായേൽ ഗോത്രങ്ങളോട്: “നിന്റെ ദൈവമായ യഹോവ . . . പക്ഷപാതിത്വത്തോടെ ആരോടും പെരുമാറുന്നില്ല” എന്നു പറഞ്ഞിരുന്നു. (ആവർത്തനം 10:17) റോമർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ് ഇങ്ങനെ ഉപദേശിച്ചു: “ദുഷ്പ്രവൃത്തിക്കാരനായ ഏതു മനുഷ്യജീവിക്കും ഉപദ്രവവും ക്ലേശവും ഉണ്ടായിരിക്കും, ആദ്യം യഹൂദനും പിന്നെ യവനനും . . . എന്തെന്നാൽ ദൈവത്തിന് ഇഷ്ടരില്ല.”—റോമർ 2:9-11, ന്യൂ ഇംഗ്ലീഷ് ബൈബിൾ.
6 എന്നാൽ ‘യിസ്രായേല്യരെ സംബന്ധിച്ചെന്ത്? അവർ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നില്ലേ? അവൻ അവരോട് പക്ഷപാതിത്വമുള്ളവനായിരുന്നില്ലേ? മോശ എല്ലാ യിസ്രായേലിനോടും: “സകല ജനങ്ങളിലും വച്ച് ഒരു പ്രത്യേക സ്വത്തായ തന്റെ ജനമായിത്തീരുന്നതിന് നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നത് നിന്നെയാണ്” എന്ന് പറഞ്ഞില്ലയോ?’ എന്ന് ചിലർ ചോദിച്ചേക്കാം.—ആവർത്തനം 7:6.
7. (എ) യഹൂദൻമാർ മശിഹായെ ത്യജിച്ചപ്പോൾ എന്തു ഫലമുണ്ടായി? (ബി) ഇന്ന് ദൈവത്തിൽ നിന്ന് ആർക്ക് അത്ഭുതകരമായ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും, എങ്ങനെ?
7 ഇല്ല, യിസ്രായേല്യരെ ഒരു പ്രത്യേക ഉദ്ദേശ്യത്തിന് ഉപയോഗിച്ചതിൽ ദൈവം പക്ഷപാതിത്വമുള്ളവനായിരുന്നില്ല. മശിഹായെ ഉളവാക്കുന്നതിന് ഒരു ജനത്തെ തെരഞ്ഞെടുക്കുന്നതിന് വിശ്വസ്ത എബ്രായ ഗോത്രപിതാക്കൻമാരുടെ സന്തതികളെയാണ് യഹോവ തെരഞ്ഞെടുത്തത്. എന്നാൽ മശിഹായായ യേശുക്രിസ്തുവിനെ യഹൂദൻമാർ ത്യജിക്കുകയും അവനെ വധിപ്പിക്കുകയും ചെയ്തപ്പോൾ അവർക്ക് ദൈവപ്രീതി നഷ്ടപ്പെട്ടു. എന്നിരുന്നാലും ഇന്ന് യേശുവിൽ വിശ്വാസം പ്രകടമാക്കുന്ന ഏതു വർഗ്ഗത്തിലോ ജനതയിലോ പെട്ടവർക്കും അത്ഭുതകരമായ അനുഗ്രഹങ്ങൾ ആസ്വദിക്കാനും നിത്യജീവന്റെ പ്രത്യാശ ഉണ്ടായിരിക്കാനും കഴിയും. (യോഹന്നാൻ 3:16; 17:3) തീർച്ചയായും, ദൈവത്തിന്റെ ഭാഗത്ത് പക്ഷപാതിത്വമില്ലെന്ന് ഇത് തെളിയിക്കുന്നു. തന്നെയുമല്ല, വർഗ്ഗമോ ദേശീയതയോ ഗണ്യമാക്കാതെ “അന്യദേശവാസിയെ സ്നേഹിക്കാ”നും “അവനോട് തെററായി പെരുമാറാതിരിക്കാ”നും യഹോവ യിസ്രായേല്യരോട് കൽപ്പിച്ചു. (ആവർത്തനം 10:19; ലേവ്യപുസ്തകം 19:33, 34) അപ്പോൾ, സത്യമായി നമ്മുടെ സ്നേഹവാനായ സ്വർഗ്ഗസ്ഥപിതാവ് പക്ഷപാതിത്വമുള്ളവനല്ല.
8. (എ) യഹോവ യിസ്രായേലിനോട് പക്ഷപാതിത്വം കാട്ടിയില്ലെന്ന് എന്ത് തെളിയിക്കുന്നു? (ബി) യഹോവ യിസ്രായേലിനെ എങ്ങനെ ഉപയോഗിച്ചു?
8 യിസ്രായേല്യർ പ്രത്യേക പദവികൾ ആസ്വദിച്ചിരുന്നുവെന്നത് സത്യം തന്നെ. എന്നാൽ അവർക്ക് ഭാരിച്ച ഉത്തരവാദിത്തവുമുണ്ടായിരുന്നു. അവർക്ക് യഹോവയുടെ നിയമങ്ങൾ അനുസരിക്കാനുള്ള കടപ്പാടുണ്ടായിരുന്നു. അവ അനുസരിക്കാത്തവർ ശാപത്തിൻകീഴിലായി. (ആവർത്തനം 27:26) യഥാർത്ഥത്തിൽ, ദൈവനിയമം അനുസരിക്കാഞ്ഞതിന് യിസ്രായേല്യരെ ആവർത്തിച്ച് ശിക്ഷിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് യഹോവ അവരോട് പക്ഷപാതിത്വത്തോടെ പെരുമാറിയില്ല. പകരം, പ്രവാചക മാതൃകകൾ ഉളവാക്കാനും മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ പ്രദാനം ചെയ്യാനും അവരെ അവൻ ഉപയോഗിക്കുകയാണുണ്ടായത്. സകല മനുഷ്യവർഗ്ഗത്തിന്റെയും അനുഗ്രഹത്തിനുവേണ്ടി വീണ്ടെടുപ്പുകാരനായ യേശുക്രിസ്തുവിനെ ദൈവം ഉളവാക്കിയത് യിസ്രായേലിൽക്കൂടെയായിരുന്നുവെന്നത് സന്തോഷകരം തന്നെ.—ഗലാത്യർ 3:14; ഉൽപ്പത്തി 22:15-18 താരതമ്യപ്പെടുത്തുക.
യേശു പക്ഷപാതിത്വമുള്ളവൻ ആയിരുന്നോ?
9. (എ) യഹോവയും യേശുക്രിസ്തുവും ഒരുപോലെയായിരിക്കുന്നതെങ്ങനെ? (ബി) യേശുവിനെക്കുറിച്ച് ഏത് ചോദ്യങ്ങൾ ഉദിക്കുന്നു?
9 യഹോവക്ക് പക്ഷപാതിത്വമില്ലാത്തതുകൊണ്ട് യേശുവിന് പക്ഷപാതിത്വമുണ്ടായിരിക്കാമോ? കൊള്ളാം, ഇത് പരിചിന്തിക്കുക: “ഞാൻ എന്റെ സ്വന്ത ഇഷ്ടമല്ല, പിന്നെയോ എന്നെ അയച്ചവന്റെ ഇഷ്ടമാണ് അന്വേഷിക്കുന്നത്” എന്ന് യേശു ഒരിക്കൽ പറഞ്ഞു. (യോഹന്നാൻ 5:30) യഹോവയും അവന്റെ പ്രിയപുത്രനും തമ്മിൽ പൂർണ്ണമായ ഐക്യം സ്ഥിതിചെയ്യുന്നു. യേശു ഏതു കാര്യത്തിലും അവന്റെ പിതാവിന്റെ ഇഷ്ടമാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ, വീക്ഷണത്തിലും ഉദ്ദേശ്യത്തിലും അവർ ഒരുപോലെ ആയിരിക്കുന്നതുകൊണ്ട് “എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്ന് യേശുവിന് പറയാൻ കഴിഞ്ഞു. (യോഹന്നാൻ 14:9) 33-ലധികം വർഷങ്ങളിൽ യേശുവിന് ഭൂമിയിൽ ഒരു മനുഷ്യനായി ജീവിച്ചതിന്റെ യഥാർത്ഥ അനുഭവം ഉണ്ടായിരുന്നിട്ടുണ്ട്. അവൻ സഹമനുഷ്യരോട് എങ്ങനെ പെരുമാറിയെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. മററ് വർഗ്ഗങ്ങളോടുള്ള അവന്റെ മനോഭാവം എന്തായിരുന്നു? അവൻ മുൻവിധിയോ പക്ഷപാതിത്വമോ ഉള്ളവനായിരുന്നോ? യേശു ഒരു വർഗ്ഗീയ വാദിയായിരുന്നോ?
10. (എ) യേശു ഒരു ഫൊയിനീക്യക്കാരി സ്ത്രീയുടെ സഹായാഭ്യർത്ഥനക്ക് എങ്ങനെ മറുപടി കൊടുത്തു? (ബി) വിജാതീയരെ “നായ്ക്കുട്ടികൾ” എന്ന് പരാമർശിച്ചതിനാൽ യേശു മുൻവിധി പ്രകടമാക്കുകയായിരുന്നോ? (സി) സ്ത്രീ ആ തടസ്സവാദത്തെ എങ്ങനെ തരണം ചെയ്തു, എന്തു ഫലമുണ്ടായി?
10 യേശു തന്റെ ഭൗമിക ജീവിതത്തിൽ അധികപങ്കും യഹൂദ ജനത്തോടുകൂടെയാണ് ചെലവഴിച്ചത്. എന്നാൽ ഒരു ദിവസം ഫൊയിനീക്യക്കാരിയായ ഒരു വിജാതീയ സ്ത്രീ അവനെ സമീപിച്ചു. തന്റെ മകളെ സൗഖ്യമാക്കണമേ എന്ന് അവൾ അവനോട് യാചിച്ചു. മറുപടിയായി “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ ആരുടെയടുക്കലേക്കും എന്നെ അയച്ചിട്ടില്ല” എന്ന് യേശു പറഞ്ഞു. എന്നിട്ടും, “കർത്താവേ, എന്നെ സഹായിക്കണമേ!” എന്ന് ആ സ്ത്രീ അഭ്യർത്ഥിച്ചു. അതിങ്കൽ “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്കെറിഞ്ഞുകൊടുക്കുന്നത് ശരിയല്ല” എന്ന് അവൻ കൂട്ടിച്ചേർത്തു. യഹൂദൻമാർക്ക് നായ്ക്കൾ അശുദ്ധ മൃഗങ്ങളായിരുന്നു. അതുകൊണ്ട് വിജാതീയരെ “നായ്ക്കുട്ടികൾ” എന്ന് പരാമർശിച്ചതിനാൽ യേശു മുൻവിധി പ്രകടമാക്കുകയായിരുന്നോ? അല്ലായിരുന്നു, എന്തെന്നാൽ, ‘യിസ്രായേലിലെ കാണാതെപോയ ആടുകളെ’ പരിപാലിക്കാനുള്ള ദൈവത്തിൽ നിന്നുള്ള തന്റെ പ്രത്യേക നിയോഗത്തെക്കുറിച്ച് അവൻ പറഞ്ഞു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. തന്നെയുമല്ല, യഹൂദേതരരെ വന്യനായ്ക്കളോടല്ല “നായ്ക്കുട്ടികളോട് ഉപമിച്ചതിനാൽ യേശു തുലനത്തെ മയപ്പെടുത്തുകയായിരുന്നു. തീർച്ചയായും അവൻ പറഞ്ഞത് ആ സ്ത്രീയെ പരീക്ഷിക്കുകയുണ്ടായി. ഈ തടസ്സവാദത്തെ തരണം ചെയ്യാൻ ദൃഢനിശ്ചയം ചെയ്തുകൊണ്ടായിരുന്നെങ്കിലും അവൾ വിനീതമായും നയപൂർവ്വവും മറുപടി പറഞ്ഞു: “ഉവ്വ്, കർത്താവേ; എന്നാൽ യഥാർത്ഥത്തിൽ നായ്ക്കുട്ടികൾ അവയുടെ യജമാനൻമാരുടെ മേശയിൽ നിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുകതന്നെ ചെയ്യുന്നു.” സ്ത്രീയുടെ വിശ്വാസത്തിൽ മതിപ്പുണ്ടാകയാൽ യേശു അവളുടെ പുത്രിയെ ഉടൻതന്നെ സൗഖ്യമാക്കി.—മത്തായി 15:22-28.
11. യേശു ഉൾപ്പെട്ട ഒരു സംഭവത്താൽ ദൃഷ്ടാന്തീകരിക്കപ്പെട്ടതുപോലെ യഹൂദൻമാർക്കും ശമര്യക്കാർക്കും പരസ്പരം എന്തു മനോഭാവം ഉണ്ടായിരുന്നു?
11 ചില ശമര്യക്കാരുമായുള്ള യേശുവിന്റെ അഭിമുഖീകരണത്തെക്കുറിച്ചും പരിചിന്തിക്കുക. യഹൂദൻമാരും ശമര്യക്കാരും തമ്മിൽ ആഴമായ ശത്രുത നിലവിലുണ്ടായിരുന്നു. ഒരു സന്ദർഭത്തിൽ ഒരു പ്രത്യേക ശമര്യ ഗ്രാമത്തിൽ തനിക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യാൻ യേശു ദൂതൻമാരെ അയച്ചു. എന്നാൽ ആ ശമര്യക്കാർ “യരൂശലേമിലേക്ക് പോകാൻ അവന്റെ മുഖം തിരിച്ചിരുന്നതുകൊണ്ട് അവനെ സ്വീകരിച്ചില്ല.” ഇത് യാക്കോബിനെയും യോഹന്നാനെയും അന്ധാളിപ്പിച്ചതുകൊണ്ട് ആകാശത്തുനിന്ന് തീ ഇറക്കി അവർക്ക് ഉൻമൂലനാശം വരുത്താൻ അവർ ആഗ്രഹിച്ചു. എന്നാൽ യേശു ആ രണ്ട് ശിഷ്യൻമാരെ ശകാരിച്ചു, അവരെല്ലാം ഒരു വ്യത്യസ്ത ഗ്രാമത്തിലേക്ക് പോയി.—ലൂക്കോസ് 9:51-56.
12. ഒരു പ്രത്യേക ശമര്യസ്ത്രീ യേശുവിന്റെ അപേക്ഷയിങ്കൽ അതിശയിച്ചുപോയതെന്തുകൊണ്ട്?
12 യേശു യഹൂദൻമാരും ശമര്യക്കാരും തമ്മിൽ നിലവിലിരുന്ന ശത്രുതയുടെ വികാരത്തിൽ പങ്കുപററിയോ? ശരി, മറെറാരു സന്ദർഭത്തിൽ സംഭവിച്ചത് കാണുക. യേശുവും അവന്റെ ശിഷ്യൻമാരും യഹൂദ്യയിൽനിന്ന് ഗലീലയിലേക്ക് പോകവേ ശമര്യയിൽക്കൂടെ കടക്കണമായിരുന്നു. യാത്രയാൽ ക്ഷീണിതനായി യേശു യാക്കോബിന്റെ ഉറവിനരികെയിരുന്ന് വിശ്രമിച്ചു. ആ സമയത്ത് അവന്റെ ശിഷ്യൻമാർ ആഹാരം വാങ്ങുന്നതിന് സുഖാർ നഗരത്തിലേക്ക് പോയി. ഇതിനിടയിൽ ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ വന്നു. മറെറാരു സന്ദർഭത്തിൽ യേശുതന്നെ, ശമര്യക്കാരെ “മറെറാരു വർഗ്ഗത്തിൽ”പ്പെട്ടവരെന്ന് തരം തിരിച്ചിരുന്നു. (ലൂക്കോസ് 17:16-18, ഗ്രീക്ക് തിരുവെഴുത്തുകളുടെ രാജ്യവരിമദ്ധ്യഭാഷാന്തരം) എന്നാൽ അവൻ “എനിക്ക് ഒന്നു കുടിക്കാൻ തരൂ” എന്ന് അവളോട് പറഞ്ഞു. യഹൂദൻമാർക്ക് ശമര്യക്കാരുമായി ഇടപാടുകൾ ഇല്ലാഞ്ഞതുകൊണ്ട് വിസ്മയസ്തബ്ധയായ സ്ത്രീ ഇങ്ങനെ മറുപടി പറഞ്ഞു: “ഞാനൊരു ശമര്യസ്ത്രീ ആയിരിക്കുമ്പോൾ നീ ഒരു യഹൂദനായിട്ടും എന്നോട് കുടിക്കാൻ ചോദിക്കുന്നതെങ്ങനെ?”—യോഹന്നാൻ 4:1-9.
13. (എ) യേശു ശമര്യസ്ത്രീയുടെ തടസ്സവാദത്തോട് എങ്ങനെ പ്രതിവചിച്ചു, അവളുടെ പ്രതികരണമെന്തായിരുന്നു? (ബി) അന്തിമഫലമെന്തായിരുന്നു?
13 എന്നാൽ യേശു ആ സ്ത്രീയുടെ തടസ്സവാദത്തെ അവഗണിച്ചു. പകരം, താൻ മശിഹാ ആണെന്ന് സമ്മതിച്ചുകൊണ്ടുപോലും യേശു അവൾക്ക് ഒരു സാക്ഷ്യം കൊടുക്കാൻ ആ അവസരത്തെ പ്രയോജനപ്പെടുത്തി! (യോഹന്നാൻ 4:10-26) അതിശയിച്ചുപോയ സ്ത്രീ തന്റെ വെള്ളപ്പാത്രം ഉറവിങ്കൽ വെച്ചിട്ട് നഗരത്തിലേക്ക് തിരിച്ച് ഓടുകയും സംഭവിച്ചതിനെക്കുറിച്ച് മററുള്ളവരോട് പറഞ്ഞു തുടങ്ങുകയും ചെയ്തു. അവൾ ഒരു ദുർമ്മാർഗ്ഗ ജീവിതം നയിച്ചിരുന്നെങ്കിലും “ഇത് പക്ഷേ ക്രിസ്തു അല്ല, ആണോ?” എന്ന് പറഞ്ഞുകൊണ്ട് അവൾ ആത്മീയ കാര്യങ്ങളിലുള്ള തന്റെ താൽപ്പര്യം വെളിപ്പെടുത്തി. അന്തിമ ഫലം എന്തായിരുന്നു? തദ്ദേശീയരായ അനേകർ സ്ത്രീ കൊടുത്ത നല്ല സാക്ഷ്യം നിമിത്തം യേശുവിൽ വിശ്വാസം പ്രകടിപ്പിച്ചു. (യോഹന്നാൻ 4:27-42) രസാവഹമായി, കോൺഗ്രിഗേഷണൽ ദൈവശാസ്ത്രജ്ഞനായ തോമസ് ഒ. ഫിഗാർട്ട് വർഗ്ഗപ്രശ്നം സംബന്ധിച്ച ഒരു ബൈബിൾ വീക്ഷണം എന്ന തന്റെ പുസ്തകത്തിൽ ഈ അഭിപ്രായം പ്രകടിപ്പിച്ചു: “ഒരു തെററായ വർഗ്ഗീയ പാരമ്പര്യത്തെ സൗഹാർദ്ദപൂർവ്വകമായ ഒരു പെരുമാററത്താൽ നീക്കം ചെയ്യുന്നത് പ്രധാനമെന്ന് നമ്മുടെ കർത്താവ് വിചാരിച്ചുവെങ്കിൽ ഇന്ന് നാം വർഗ്ഗീയതയുടെ പ്രവാഹത്തിലകപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.”
14. സുവിശേഷകനായ ഫിലിപ്പോസിന്റെ ശുശ്രൂഷക്കാലത്ത് യഹോവയുടെ നിഷ്പക്ഷതയുടെ എന്ത് തെളിവ് പ്രകടമായി?
14 യഹോവയാം ദൈവത്തിന്റെ നിഷ്പക്ഷത യഹൂദമതാനുസാരികളായിത്തീരാൻ വിവിധ വർഗ്ഗങ്ങളിൽപ്പെട്ട ആളുകളെ അനുവദിച്ചു. 19 നൂററാണ്ടുകൾക്കുമുമ്പ് യരൂശലേമിനും ഗസ്സക്കുമിടക്കുള്ള മരുപ്രദേശപാതയിൽ സംഭവിച്ചതിനെക്കുറിച്ചും പരിചിന്തിക്കുക. എത്യോപ്യയിലെ രാജ്ഞിയുടെ ഉദ്യോഗസ്ഥനായിരുന്ന ഒരു കറുത്ത മനുഷ്യൻ തന്റെ തേരിലിരുന്ന് യെശയ്യാപ്രവചനം വായിക്കയായിരുന്നു. ഈ ഉദ്യോഗസ്ഥൻ പരിച്ഛേദനയേററ ഒരു മതാനുസാരിയായിരുന്നു, എന്തുകൊണ്ടെന്നാൽ “അയാൾ ആരാധിക്കുന്നതിന് യരൂശലേമിലേക്ക് പോയിരുന്നു.” യഹോവയുടെ ദൂതൻ യഹൂദ സുവിശേഷകനായ ഫിലിപ്പോസിന് പ്രത്യക്ഷപ്പെട്ട് “അടുത്തുചെന്ന് ഈ തേരിനോട് ചേരുക” എന്ന് പറഞ്ഞു. “ഓ, പാടില്ല! അയാൾ മറെറാരു വർഗ്ഗത്തിൽപ്പെട്ട ഒരു മനുഷ്യനാണ്” എന്ന് ഫിലിപ്പോസ് പറഞ്ഞോ? അശേഷമില്ല! എന്തിനധികം, തേരിൽ കയറാനും അവനോടുകൂടെയിരുന്ന് യേശുക്രിസ്തുവിനെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം വിശദീകരിക്കാനുമുള്ള എത്യോപ്യന്റെ ക്ഷണം സ്വീകരിക്കുന്നതിന് ഫിലിപ്പോസിന് സന്തോഷമായിരുന്നു! അവർ ഒരു ജലാശയത്തെ സമീപിച്ചപ്പോൾ “സ്നാപനമേൽക്കുന്നതിൽ നിന്ന് എന്നെ തടയുന്നതെന്ത്?” എന്ന് എത്യോപ്യൻ ചോദിച്ചു. യാതൊന്നും അതിനെ തടയാഞ്ഞതുകൊണ്ട് ഫിലിപ്പോസ് സസന്തോഷം എത്യോപ്യനെ സ്നാപനപ്പെടുത്തി. യഹോവ തന്റെ പക്ഷപാതിത്വമില്ലാത്ത പുത്രനായ യേശുക്രിസ്തുവിന്റെ ഒരു അഭിഷിക്താനുഗാമിയെന്ന നിലയിൽ ആ സന്തുഷ്ടമനുഷ്യനെ സ്വീകരിച്ചു. (പ്രവൃത്തികൾ 8:26-39) എന്നാൽ ദിവ്യനിഷ്പക്ഷപാതിത്വത്തിന്റെ കൂടുതലായ തെളിവ് പെട്ടെന്നുതന്നെ പ്രകടമായി.
ഒരു വലിയ മാററ
15. യേശുവിന്റെ മരണശേഷം എന്ത് മാററം നടന്നു, പൗലോസ് ഇത് വിശദീകരിക്കുന്നതെങ്ങനെ?
15 ക്രിസ്തുവിന്റെ മരണം ലോകവർഗ്ഗീയ മുൻവിധിയെ നീക്കം ചെയ്തില്ല. എന്നാൽ ആ ബലിമരണം മുഖേന ദൈവം യേശുവിന്റെ യഹൂദശിഷ്യൻമാർക്ക് അവന്റെ വിജാതീയ അനുഗാമികളോടുണ്ടായിരുന്ന ബന്ധത്തിന് മാററം വരുത്തുകതന്നെ ചെയ്തു. അപ്പോസ്തലനായ പൗലോസ് എഫേസൂസിലെ വിജാതീയ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതിയപ്പോൾ ഇത് സൂചിപ്പിച്ചു: “മുമ്പ് നിങ്ങൾ ജഡം സംബന്ധിച്ച് ജനതകളിലെ ആളുകളായിരുന്നുവെന്ന് ഓർമ്മയിലിരിക്കട്ടെ; . . . ആ പ്രത്യേക കാലത്ത് നിങ്ങൾ ക്രിസ്തുവില്ലാത്തവരും യിസ്രായേലിന്റെ പദവിയിൽനിന്ന് അന്യപ്പെട്ടവരും വാഗ്ദത്തത്തിന്റെ ഉടമ്പടികൾക്ക് അപരിചിതരും ആയിരുന്നു, നിങ്ങൾക്ക് പ്രത്യാശയില്ലായിരുന്നു, ലോകത്തിൽ ദൈവമില്ലാത്തവരുമായിരുന്നു. എന്നാൽ ഇപ്പോൾ ക്രിസ്തുയേശുവിനോടുള്ള ഐക്യത്തിൽ, ഒരിക്കൽ ദൂരസ്ഥരായിരുന്ന നിങ്ങൾ ക്രിസ്തുവിന്റെ രക്തത്താൽ അടുത്തു വന്നിരിക്കുന്നു. എന്തെന്നാൽ അവൻ നമ്മുടെ സമാധാനമാകുന്നു. ഇരുകക്ഷികളെയും ഒന്നാക്കുകയും അവരെ വേലികെട്ടി വേർതിരിച്ചിരുന്ന നടുച്ചുവർ നശിപ്പിച്ചു കളയുകയും ചെയ്തവൻതന്നെ.” ആ “ചുവർ” അഥവാ വേർപാടിന്റെ പ്രതീകം യഹൂദൻമാരും വിജാതീയരും തമ്മിലുള്ള ഒരു മതിലായി വർത്തിച്ച ന്യായപ്രമാണ ഉടമ്പടി ക്രമീകരണമായിരുന്നു. അത് ക്രിസ്തുവിന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്യപ്പെട്ടു, തന്നിമിത്തം അവൻ മുഖാന്തരം യഹൂദൻമാർക്കും വിജാതീയർക്കും “ഏകാത്മാവിനാൽ പിതാവിങ്കലേക്കുള്ള സമീപനം ലഭിക്കാൻ” കഴിഞ്ഞു.—എഫേസ്യർ 2:11-18.
16. (എ) പത്രോസിന് രാജ്യത്തിന്റെ താക്കോലുകൾ കൊടുക്കപ്പെട്ടതെന്തുകൊണ്ട്? (ബി) എത്ര താക്കോലുകൾ ഉണ്ടായിരുന്നു, അവയുടെ ഉപയോഗത്തിൽ നിന്ന് എന്തു ഫലമുണ്ടായി?
16 കൂടാതെ, അപ്പോസ്തലനായ പത്രോസിന് “സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ” കൊടുക്കപ്പെട്ടതുകൊണ്ട് ഏതു വർഗ്ഗത്തിലുംപെട്ട ആളുകൾക്ക് ദൈവോദ്ദേശ്യങ്ങളെക്കുറിച്ച് പഠിക്കാനും പരിശുദ്ധാത്മാവിൽ നിന്ന് “വീണ്ടും ജനിക്കാനും” ക്രിസ്തുവിനോടുകൂടെ ആത്മീയാവകാശികളായിത്തീരാനും കഴിഞ്ഞു. (മത്തായി 16:19; യോഹന്നാൻ 3:1-8) പത്രോസ് മൂന്ന് പ്രതീകാത്മക താക്കോലുകൾ ഉപയോഗിച്ചു. ഒന്നാമത്തേത് യഹൂദൻമാർക്കുവേണ്ടിയും രണ്ടാമത്തേത് ശമര്യാക്കാർക്കുവേണ്ടിയും മൂന്നാമത്തെത് വിജാതീയർക്കുവേണ്ടിയുമായിരുന്നു. (പ്രവൃത്തികൾ 2:14-42; 8:14-17; 10:24-28, 42-48) അങ്ങനെ പക്ഷപാതിത്വമില്ലാത്ത ദൈവമായ യഹോവ സകല വർഗ്ഗങ്ങളിലുംപെട്ട തെരഞ്ഞെടുക്കപ്പെട്ടവർക്ക് യേശുവിന്റെ ആത്മീയസഹോദരൻമാരും രാജ്യകൂട്ടവകാശികളുമായിരിക്കാനുള്ള പദവി തുറന്നുകൊടുത്തു.—റോമർ 8:16, 17; 1 പത്രോസ് 2:9, 10.
17. (എ) പത്രോസിന് ഏത് അസാധാരണ ദർശനം കൊടുക്കപ്പെട്ടു, എന്തുകൊണ്ട്? (ബി) ആരുടെ വീട്ടിലേക്ക് ചിലർ പത്രോസിനെ നയിച്ചു, അവിടെ അവനുവേണ്ടി ആർ കാത്തിരിപ്പുണ്ടായിരുന്നു? (സി) പത്രോസ് ആ വിജാതീയരെ എന്തിനെക്കുറിച്ച് അനുസ്മരിപ്പിച്ചു, എന്നിരുന്നാലും ദൈവം അവരെ എന്ത് വ്യക്തമായി പഠിപ്പിച്ചിരുന്നു?
17 വിജാതീയർക്കുവേണ്ടി മൂന്നാമത്തെ താക്കോൽ ഉപയോഗിക്കുന്നതിന് പത്രോസിനെ ഒരുക്കാൻ അവന് അശുദ്ധമൃഗങ്ങളുടെ ഒരു അസാധാരണ ദർശനം കൊടുക്കപ്പെട്ടു: “പത്രോസേ, എഴുന്നേററ് അറുത്ത് ഭക്ഷിക്കുക!” എന്ന് അവനോട് പറയപ്പെട്ടു. “ദൈവം ശുദ്ധീകരിച്ചിരിക്കുന്നവയെ മലിനമെന്ന് വിളിക്കുന്നത് നിർത്തുക” എന്നതായിരുന്നു പാഠം. (പ്രവൃത്തികൾ 10:9-16) ഈ ദർശനത്തിന്റെ അർത്ഥം സംബന്ധിച്ച് പത്രോസ് വലിയ പരിഭ്രമത്തിലായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ കൈസര്യായിൽ നിർത്തപ്പെട്ടിരുന്ന ഒരു റോമൻ സൈനികോദ്യോഗസ്ഥനായിരുന്ന കോർന്നേല്യോസിന്റെ വീട്ടിലേക്ക് അവനെ കൊണ്ടുപോകാൻ മൂന്ന് പുരുഷൻമാർ വന്നെത്തി. ആ നഗരം യഹൂദ്യയിലെ റോമൻ സൈന്യങ്ങളുടെ മുഖ്യ ആസ്ഥാനമായിരുന്നതുകൊണ്ട് സ്വാഭാവികമായും കൊർന്നേല്യൊസിന്റെ വീടുണ്ടായിരിക്കേണ്ട സ്ഥലം അതായിരുന്നു. ആ വിജാതീയ രംഗവിധാനത്തിൽ തന്നെ കൊർന്നേല്യൊസ് തന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സഹിതം പത്രോസിനുവേണ്ടി കാത്തിരുന്നു. അപ്പോസ്തലൻ അവരെ ഇങ്ങനെ അനുസ്മരിപ്പിച്ചു: “ഒരു യഹൂദൻ മറെറാരു വർഗ്ഗത്തിൽപ്പെട്ട ഒരു മനുഷ്യനോട് ചേരുന്നതോ അടുത്ത് ചെല്ലുന്നതോ എത്ര നിയമവിരുദ്ധമാണെന്ന് നിങ്ങൾക്ക് നന്നായി അറിയാം; എന്നാലും ഞാൻ യാതൊരു മനുഷ്യനെയും മലിനനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ട് എനിക്കുവേണ്ടി ആളയക്കപ്പെട്ടപ്പോൾ യഥാർത്ഥത്തിൽ എതിർപ്പുകൂടാതെ ഞാൻ വന്നു.”—പ്രവൃത്തികൾ 10:17-29.
18. (എ) പത്രോസ് കൊർന്നേല്യോസിനോടും അവന്റെ അതിഥികളോടും എന്ത് പ്രഖ്യാപനം നടത്തി? (ബി) യേശുവിനെ സംബന്ധിച്ച പത്രോസിന്റെ സാക്ഷ്യത്തിനുശേഷം ഏത് നാടകീയ സംഭവം നടന്നു? (സി) അനന്തരം ആ വിജാതീയ വിശ്വാസികളോടുള്ള ബന്ധത്തിൽ എന്ത് നടപടി സ്വീകരിക്കപ്പെട്ടു?
18 കൊർന്നേല്യൊസ് കാര്യങ്ങളിലുള്ള ദൈവത്തിന്റെ നടത്തിപ്പ് വിശദീകരിച്ചശേഷം, പത്രോസ് പറഞ്ഞു: “ദൈവം പക്ഷപാതിത്വമുള്ളവനല്ലെന്നും എന്നാൽ ഏതു ജനതയിലും അവനെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്ന മനുഷ്യൻ അവന് സ്വീകാര്യനാണെന്നും ഞാൻ സുനിശ്ചിതമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:30-35) അനന്തരം യേശുക്രിസ്തുവിനെക്കുറിച്ച് അപ്പോസ്തലൻ ഒരു സാക്ഷ്യം കൊടുത്തുതുടങ്ങവെ, നാടകീയമായി ചിലത് സംഭവിച്ചു! “ഈ കാര്യങ്ങളെക്കുറിച്ച് പത്രോസ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വചനം കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേൽ പരിശുദ്ധാത്മാവ് ആവസിച്ചു.” പത്രോസിന്റെ യഹൂദകൂട്ടാളികൾ “വിസ്മയാധീനരായി, എന്തുകൊണ്ടെന്നാൽ ജനതകളിലെ ആളുകളുടെമേലും പരിശുദ്ധാത്മാവിന്റെ സൗജന്യദാനം പകരപ്പെടുകയായിരുന്നു. എന്തെന്നാൽ അവർ ഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹിമപ്പെടുത്തുന്നതും അവർ കേട്ടു.” പത്രോസ് പ്രതിവചിച്ചു: “നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവു ലഭിച്ചിട്ടുള്ള ഇവരെ സ്നാപനപ്പെടുത്താതിരിക്കേണ്ടതിന് ആർക്കെങ്കിലും വെള്ളം വിലക്കാൻ കഴിയുമോ?” ആ വിശ്വാസികളായ വിജാതീയരുടെമേൽ സ്വർഗ്ഗത്തിലെ നിഷ്പക്ഷമതിയായ ദൈവം പരിശുദ്ധാത്മാവിനെ പകർന്നതുകൊണ്ട് ആർക്ക് എതിർക്കാൻ കഴിയുമായിരുന്നു? അതുകൊണ്ട് അവരെ “യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനപ്പെടുത്താൻ” പത്രോസ് കൽപ്പിച്ചു.—പ്രവൃത്തികൾ 10:36-48.
“സകല ജനതകളിൽ നിന്നും”
19. വർഗ്ഗീയ ശത്രുത വർദ്ധിക്കുന്നതെന്തുകൊണ്ട്, എത്രത്തോളം?
19 നാം ഇപ്പോൾ “അന്ത്യനാളുകളി”ലാണ്. “ഇടപെടാൻ പ്രയാസമായ വിഷമകാലങ്ങൾ” ഒരു ജീവിത യാഥാർത്ഥ്യമാണ്. ആളുകൾ, മററുള്ളവയുടെ കൂട്ടത്തിൽ സ്വസ്നേഹികളും അഹംഭാവികളും ഗർവ്വിഷ്ഠരും സ്വാഭാവികപ്രിയമില്ലാത്തവരും യാതൊരു യോജിപ്പിനും മനസ്സില്ലാത്തവരും ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രൻമാരും തന്റേടികളും അഹങ്കാരത്താൽ ചീർത്തവരും ആകുന്നു. (2 തിമൊഥെയോസ് 3:1-5) അങ്ങനെയുള്ള ഒരു സാമൂഹ്യ അന്തരീക്ഷത്തിൽ വർഗ്ഗീയ ശത്രുതയും ശണ്ഠയും ലോകവ്യാപകമായി വർദ്ധിക്കുന്നത് അതിശയമല്ല. അനേകം രാജ്യങ്ങളിൽ വ്യത്യസ്ത വർഗ്ഗങ്ങളിലോ വർണ്ണങ്ങളിലോ ഉള്ള ആളുകൾ അന്യോന്യം നിന്ദിക്കുകയോ വെറുക്കുകയോ പോലും ചെയ്യുന്നു. ഇത് ചില രാജ്യങ്ങളിൽ യഥാർത്ഥ പോരാട്ടത്തിലേക്കും ഭയങ്കര ക്രൂരതകളിലേക്കും പോലും നയിച്ചിട്ടുണ്ട്. പ്രബുദ്ധ സമുദായങ്ങൾ എന്ന് വിളിക്കപ്പെടുന്നവയിൽപോലും വർഗ്ഗീയ മുൻവിധികളെ തരണം ചെയ്യുന്നതിൽ പ്രയാസമുണ്ട്. ഈ “രോഗം” ഒരിക്കൽ ഗ്രാമീണ പ്രശാന്തതയുണ്ടായിരുന്ന സമുദ്രദ്വീപുകൾ പോലെ ഒരുവൻ തീർത്തും പ്രതീക്ഷിക്കാത്ത പ്രദേശങ്ങളിലേക്കുപോലും വ്യാപിക്കുന്നതായി തോന്നുന്നു.
20. (എ) യോഹന്നാൻ ഏത് നിശ്വസ്ത ദർശനം കണ്ടു? (ബി) ഈ പ്രാവചനിക ദർശനം എത്രത്തോളം നിവർത്തിക്കപ്പെടുന്നുണ്ട്? (സി) ചിലർക്ക് ഏത് പ്രയാസത്തെ ഇപ്പോഴും പൂർണ്ണമായി തരണം ചെയ്യേണ്ടതുണ്ട്, അവർ ഒരു പരിഹാരത്തിന് എവിടെ അന്വേഷിക്കണം?
20 എന്നിരുന്നാലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗ്ഗീയ ഐക്യത്തിന്റെ അഭാവമുണ്ടെങ്കിലും സകല വർഗ്ഗങ്ങളിലെയും ജനതകളിലെയും പരമാർത്ഥഹൃദയികളെ ശ്രദ്ധേയമായ സാർവ്വദേശീയ ഐക്യത്തിലേക്ക് വരുത്തുന്നതിനെക്കുറിച്ച് നിഷ്പക്ഷദൈവമായ യഹോവ മുൻകൂട്ടിപ്പറയുകയുണ്ടായി. അപ്പോസ്തലനായ യോഹന്നാൻ ദിവ്യനിശ്വസ്തതയാൽ “സകല ജനതകളിലും വർഗ്ഗങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലുംപെട്ട ആളുകളുടെ, എണ്ണാൻ അസാദ്ധ്യമായ ഒരു വലിയ സംഖ്യയെ” കണ്ടു; “അവർ സിംഹാസനത്തിനു മുമ്പിലും കുഞ്ഞാടിനു മുമ്പിലും നിൽക്കുകയായിരുന്നു,” യഹോവയെ സ്തുതിച്ചുകൊണ്ടു തന്നെ. (വെളിപ്പാട് 7:9, യരൂശലേം ബൈബിൾ) ഈ പ്രവചനത്തിന് ഇപ്പോൾത്തന്നെ നിവൃത്തിയുണ്ടായിക്കൊണ്ടിരിക്കയാണ്. ഇപ്പോൾ 212 രാജ്യങ്ങളിൽ സകല ജനതകളിലും വർഗ്ഗങ്ങളിലുംപെട്ട 35,00,000-ത്തിലധികം യഹോവയുടെ സാക്ഷികൾ ഐക്യവും വർഗ്ഗീയ യോജിപ്പും അനുഭവിച്ചുകൊണ്ടിരിക്കയാണ്. എന്നാൽ അവർ ഇപ്പോഴും അപൂർണ്ണരാണ്. അവരിൽ ചിലർക്കുപോലും വർഗ്ഗീയ മുൻവിധിയെ പൂർണ്ണമായി തരണം ചെയ്യുന്നതിന് പ്രയാസമുണ്ട്, അവർക്കതിനെക്കുറിച്ച് അറിയില്ലായിരിക്കാമെങ്കിലും. ഈ പ്രശ്നത്തെ എങ്ങനെ തരണം ചെയ്യാൻ കഴിയും? നിഷ്പക്ഷദൈവമായ യഹോവയുടെ നിശ്വസ്ത വചനത്തിൽ നിന്നുള്ള സഹായകമായ ആലോചനയിലധിഷ്ഠിതമായ അടുത്ത ലക്കത്തിലെ ലേഖനത്തിൽ നമ്മൾ ഈ സംഗതി പരിചിന്തിക്കുന്നതാണ്. (w88 5/15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ യിസ്രായേല്യരെ ഉപയോഗിച്ചതിൽ യഹോവ പക്ഷപാതിത്വമുള്ളവനല്ലായിരുന്നുവെന്ന് നിങ്ങൾ പറയുന്നതെന്തുകൊണ്ട്?
□ യേശു ക്രിസ്തു വർഗ്ഗീയ മുൻവിധിയോ പക്ഷപാതിത്വമോ ഉള്ളവനല്ലായിരുന്നുവെന്ന് എന്ത് തെളിവുണ്ട്?
□ “ദൈവം പക്ഷപാതിത്വമുള്ളവനല്ല” എന്ന് കാണാൻ പത്രോസ് സഹായിക്കപ്പെട്ടതെങ്ങനെ?
□ ഈ ലോകത്തിൽ വർഗ്ഗീയ ഐക്യം ഇല്ലെങ്കിലും ഐക്യത്തെ സൂചിപ്പിക്കുന്ന ഏത് പ്രവചനം ഇപ്പോൾ നിവർത്തിച്ചുകൊണ്ടിരിക്കുന്നു?
[25-ാം പേജിലെ ചിത്രം]
“ദൈവം മുഴുഭൂമുഖത്തും വസിക്കുന്നതിന് സകല മനുഷ്യവർഗ്ഗത്തെയും സൃഷ്ടിച്ചു” എന്ന് അപ്പോസ്തലനായ പൗലോസ് ഏതൻസുകാരോട് പറഞ്ഞു.
[27-ാം പേജിലെ ചിത്രം]
യേശു പക്ഷപാതിത്വമുള്ളവനല്ലാഞ്ഞതുകൊണ്ട് സുഖാറിനു സമീപമുള്ള യാക്കോബിന്റെ ഉറവിങ്കലെ ശമര്യ സ്ത്രീയോട് അവൻ സാക്ഷീകരിച്ചു.