മൂപ്പന്മാരേ ചുമടു വഹിക്കാൻ മറ്റുള്ളവരെ പരിശീലിപ്പിക്കുക
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സഭകളിൽ, മേൽവിചാരക സ്ഥാനം വഹിക്കാൻ കഴിവുള്ള പുരുഷന്മാരുടെ അടിയന്തിര ആവശ്യമുണ്ട്. കൂടുതലായ ഈ ആവശ്യത്തിന് മുഖ്യമായും മൂന്നു കാരണങ്ങളാണുള്ളത്.
ഒന്നാമത്, ‘ചെറിയവനെ മഹാജാതി’ ആക്കുമെന്ന തന്റെ വാഗ്ദാനം യഹോവ നിവർത്തിച്ചുകൊണ്ടിരിക്കുകയാണ്. (യെശയ്യാവു 60:22) അവന്റെ അനർഹദയ നിമിത്തം കഴിഞ്ഞ മൂന്നു വർഷംകൊണ്ട് പത്തു ലക്ഷത്തോളം പുതിയ ശിഷ്യന്മാരാണ് യഹോവയുടെ സാക്ഷികളായി സ്നാപനമേറ്റത്. പുതുതായി സ്നാപനമേറ്റ ഇവരെ ക്രിസ്തീയ പക്വതയിലേക്കു പുരോഗമിക്കാൻ സഹായിക്കുന്നതിന് ഉത്തരവാദിത്വപ്പെട്ട പുരുഷന്മാരുടെ ആവശ്യമുണ്ട്.—എബ്രായർ 6:1, 2, NW.
രണ്ടാമത്, പതിറ്റാണ്ടുകളായി മൂപ്പന്മാർ എന്ന നിലയിൽ സേവിച്ചിരുന്ന ചിലർ പ്രായാധിക്യമോ ആരോഗ്യപ്രശ്നങ്ങളോ നിമിത്തം സഭയിലെ തങ്ങളുടെ ജോലിഭാരം കുറയ്ക്കാൻ നിർബന്ധിതരായിട്ടുണ്ട്.
മൂന്നാമത്, തീക്ഷ്ണതയുള്ള നിരവധി ക്രിസ്തീയ മൂപ്പന്മാർ ആശുപത്രി ഏകോപന സമിതികളിലും മേഖല നിർമാണക്കമ്മിറ്റികളിലും സമ്മേളനഹാൾ കമ്മിറ്റികളിലും സേവിക്കുന്നു. തങ്ങളുടെ ചുമതലാനിർവഹണത്തിൽ സമനില പാലിക്കാൻ അവരിൽ ചിലർക്ക് പ്രദേശിക സഭകളിലെ ഉത്തരവാദിത്വങ്ങളിൽ ചിലതെങ്കിലും വേണ്ടെന്നു വെക്കേണ്ടതായി വന്നിട്ടുണ്ട്.
യോഗ്യതയുള്ള കൂടുതൽ പുരുഷന്മാരുടെ വർധിച്ച ആവശ്യം നിവർത്തിക്കുന്നതിന് എന്തു ചെയ്യാനാകും? പരിശീലനം ആണ് പ്രധാനം. “മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്തമനുഷ്യരെ” പരിശീലിപ്പിക്കാൻ ക്രിസ്തീയ മേൽവിചാരകന്മാരെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (2 തിമൊഥെയൊസ് 2:2) പരിശീലിപ്പിക്കുക എന്നതിന്റെ അർഥം അനുയോജ്യരോ യോഗ്യരോ സമർഥരോ ആയിത്തീരുമാറു പഠിപ്പിക്കുക എന്നാണ്. മൂപ്പന്മാർക്കു യോഗ്യതയുള്ള മറ്റു പുരുഷന്മാരെ എങ്ങനെ പരിശീലിപ്പിക്കാൻ കഴിയുമെന്നു നോക്കാം.
യഹോവയുടെ മാതൃക അനുകരിക്കുക
യേശുക്രിസ്തു തന്റെ വേലയിൽ തീർച്ചയായും അനുയോജ്യനും യോഗ്യനും സമർഥനും ആയിരുന്നു. അതിൽ തെല്ലും അതിശയിക്കാനില്ല. കാരണം, അവനെ പരിശീലിപ്പിച്ചത് യഹോവയാം ദൈവമാണ്. ഈ പരിശീലന പരിപാടിയെ വളരെ ഫലപ്രദമാക്കിയ ഘടകങ്ങൾ എന്തെല്ലാമാണ്? യോഹന്നാൻ 5:20-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം മൂന്നു ഘടകങ്ങളെ കുറിച്ച് യേശു പരാമർശിച്ചു: ‘പിതാവു പുത്രനെ [1] സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും [2] അവനു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടുമാറു [3] ഇവയെക്കാൾ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും.’ ഈ മൂന്നു ഘടകങ്ങൾ ഓരോന്നും പരിശോധിക്കുന്നത് പരിശീലനം എന്ന വിഷയം സംബന്ധിച്ച് ഉൾക്കാഴ്ച പകരും.
യേശു ആദ്യം ഇങ്ങനെ പറഞ്ഞതായി ശ്രദ്ധിക്കുക: ‘പിതാവു പുത്രനെ സ്നേഹിക്കുന്നു.’ സൃഷ്ടിയുടെ സമയം മുതൽ യഹോവയും അവന്റെ പുത്രനും തമ്മിൽ ഊഷ്മളമായ ഒരു ബന്ധം നിലനിന്നിട്ടുണ്ട്. സദൃശവാക്യങ്ങൾ 8:30 ആ ബന്ധത്തിന്മേൽ കൂടുതലായ വെളിച്ചം വീശുന്നു: “ഞാൻ [യേശു] അവന്റെ [യഹോവയാം ദൈവം] അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) യഹോവ തന്നിൽ ‘പ്രമോദിക്കുന്നു’ എന്ന കാര്യത്തിൽ യേശുവിനു യാതൊരു സംശയവും ഇല്ലായിരുന്നു. തന്റെ പിതാവിനോടു കൂടെ പ്രവർത്തിക്കുമ്പോൾ തനിക്ക് ഉണ്ടായ സന്തോഷം യേശു മറച്ചുവെച്ചില്ല. ക്രിസ്തീയ മൂപ്പന്മാരും തങ്ങൾ പരിശീലിപ്പിക്കുന്നവരും തമ്മിൽ ഊഷ്മളമായ, തുറന്ന ഒരു ബന്ധം ഉണ്ടായിരിക്കുന്നത് എത്ര നല്ലതാണ്!
യേശു പരാമർശിച്ച രണ്ടാമത്തെ ഘടകം, പിതാവ് ‘താൻ ചെയ്യുന്നത് ഒക്കെയും അവനു കാണിച്ചുകൊടുക്കുന്നു’ എന്നതാണ്. ഈ വാക്കുകൾ, സദൃശവാക്യങ്ങൾ 8:30-ൽ പ്രസ്താവിച്ചിരിക്കുന്നതിനെ, അതായത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട സമയത്ത് യേശു യഹോവയുടെ ‘അടുക്കൽ ആയിരുന്നു’ എന്ന സംഗതിയെ സ്ഥിരീകരിക്കുന്നു. (ഉല്പത്തി 1:26) ശുശ്രൂഷാദാസന്മാരോടു ചേർന്നു പ്രവർത്തിച്ചുകൊണ്ട്, തങ്ങളുടെ ചുമതലകൾ എങ്ങനെ നല്ല രീതിയിൽ നിർവഹിക്കാമെന്ന് അവർക്ക് കാണിച്ചുകൊടുത്തുകൊണ്ട്, മൂപ്പന്മാർക്ക് യഹോവയുടെ ആ നല്ല മാതൃക അനുകരിക്കാനാകും. എന്നിരുന്നാലും, പുതുതായി നിയമിക്കപ്പെട്ട ശുശ്രൂഷാദാസന്മാർക്കു മാത്രമല്ല തുടർച്ചയായ പരിശീലനം ആവശ്യമുള്ളത്. മേൽവിചാരക സ്ഥാനത്തിനായി വർഷങ്ങളായി എത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടും ഇതുവരെ നിയമിക്കപ്പെടാത്ത വിശ്വസ്ത സഹോദരന്മാരുടെ കാര്യമോ? (1 തിമൊഥെയൊസ് 3:1) അത്തരം സഹോദരന്മാർക്ക് ഏതു മണ്ഡലത്തിലാണ് തങ്ങൾ പുരോഗതി വരുത്തേണ്ടത് എന്നതു സംബന്ധിച്ചു മൂപ്പന്മാർ സ്പഷ്ടമായ മാർഗനിർദേശം നൽകേണ്ടതുണ്ട്.
ഉദാഹരണത്തിന്, ഒരു ശുശ്രൂഷാദാസൻ ആശ്രയയോഗ്യനും സമയനിഷ്ഠ ഉള്ളവനും മനസ്സാക്ഷിപൂർവം തന്റെ ചുമതലകൾ നിർവഹിക്കുന്നവനും ആയിരിക്കാം. അദ്ദേഹത്തിനു നല്ല പഠിപ്പിക്കൽ പ്രാപ്തിയും ഉണ്ടായിരിക്കാം. പല വശങ്ങളിലും അദ്ദേഹം സഭയിൽ മികച്ച വേല ചെയ്യുന്നുമുണ്ടാകാം. എന്നാൽ സഹക്രിസ്ത്യാനികളുമായുള്ള ഇടപെടലിൽ താൻ പരുക്കനാണെന്ന കാര്യം അദ്ദേഹം ഒരുപക്ഷേ തിരിച്ചറിയുന്നുണ്ടാവില്ല. മൂപ്പന്മാർക്ക് “ജ്ഞാനലക്ഷണമായ സൌമ്യത” ആവശ്യമാണ്. (യാക്കോബ് 3:13) പ്രശ്നം വ്യക്തമായി വിവരിക്കുകയും അതു സംഭവിച്ച അവസരങ്ങൾ ചൂണ്ടിക്കാണിക്കുകയും പുരോഗതി വരുത്താനാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ട് ഒരു മൂപ്പൻ അദ്ദേഹത്തോടു സംസാരിക്കുന്നത് ദയാപുരസ്സരമായ ഒരു പ്രവൃത്തി ആയിരിക്കില്ലേ? മൂപ്പൻ ‘ഉപ്പിനാൽ രുചിവരുത്തി’ തന്റെ ബുദ്ധിയുപദേശം നൽകുന്നെങ്കിൽ, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ശുശ്രൂഷാദാസൻ സ്വീകരിക്കാൻ ഏറെ സാധ്യതയുണ്ട്. (കൊലൊസ്സ്യർ 4:6) തുറന്ന മനോഭാവം പ്രകടമാക്കുകയും ലഭിക്കുന്ന ബുദ്ധിയുപദേശം സ്വീകരിക്കുകയും ചെയ്യുകവഴി ശുശ്രൂഷാദാസന് മൂപ്പന്റെ ജോലി തീർച്ചയായും എളുപ്പമാക്കിത്തീർക്കാൻ കഴിയും.—സങ്കീർത്തനം 141:5.
ചില സഭകളിൽ മൂപ്പന്മാർ ശുശ്രൂഷാദാസന്മാർക്കു പ്രായോഗിക സഹായം തുടർച്ചയായി നൽകുന്നു. ഉദാഹരണത്തിന്, രോഗികളെയും വൃദ്ധരെയും സന്ദർശിക്കുമ്പോൾ അവർ ശുശ്രൂഷാദാസന്മാരെയും കൂടെ കൊണ്ടുപോകുന്നു. അങ്ങനെ ഇടയവേലയിൽ ശുശ്രൂഷാദാസന്മാർക്ക് അനുഭവപരിചയം ലഭിക്കുന്നു. തീർച്ചയായും, തന്റെ ആത്മീയ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് ഒരു ശുശ്രൂഷാദാസനുതന്നെ ധാരാളം കാര്യങ്ങൾ ചെയ്യാനാകും.—“ശുശ്രൂഷാദാസന്മാർക്കു ചെയ്യാൻ കഴിയുന്നത്” എന്ന ശീർഷകത്തിൽ താഴെ കൊടുത്തിരിക്കുന്ന ചതുരം കാണുക.
യേശുവിന്റെ പരിശീലനത്തെ ഫലപ്രദമാക്കിത്തീർത്ത മൂന്നാമത്തെ ഘടകം, ഭാവി പുരോഗതിയെ മനസ്സിൽ പിടിച്ചുകൊണ്ട് യഹോവ അവനെ പരിശീലിപ്പിച്ചു എന്നതാണ്. ‘ഇവയെക്കാൾ വലിയ പ്രവൃത്തികൾ’ പുത്രനെ കാണിച്ചുകൊടുക്കുമെന്ന് പിതാവിനെ കുറിച്ച് യേശു പറഞ്ഞു. ഭൂമിയിൽ ആയിരുന്നപ്പോൾ യേശു നേടിയ അനുഭവജ്ഞാനം തന്റെ ഭാവി നിയമനങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ അവനെ പ്രാപ്തനാക്കി. (എബ്രായർ 4:15; 5:8, 9) ഉദാഹരണത്തിന്, എത്ര ഭാരിച്ച ഒരു നിയമനമായിരിക്കും യേശുവിന് ഉടൻ ലഭിക്കാൻ പോകുന്നത്—ശതകോടിക്കണക്കിന് ആളുകളെ പുനരുത്ഥാനപ്പെടുത്തുകയും ന്യായം വിധിക്കുകയും ചെയ്യുക എന്ന പദവി!—യോഹന്നാൻ 5:21, 22.
ഇന്ന് ശുശ്രൂഷാദാസന്മാരെ പരിശീലിപ്പിക്കുമ്പോൾ, മൂപ്പന്മാർ ഭാവി ആവശ്യങ്ങൾ മനസ്സിൽ പിടിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടത്ര മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഉണ്ടായിരിക്കാമെങ്കിലും, ഒരു പുതിയ സഭയ്ക്കു രൂപം കൊടുക്കുന്നപക്ഷം അവസ്ഥ അതായിരിക്കുമോ? ഇനി, പല പുതിയ സഭകൾ രൂപീകരിക്കുന്നെങ്കിലോ? കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ലോകവ്യാപകമായി 6,000-ത്തിലധികം പുതിയ സഭകളാണ് സ്ഥാപിതമായത്. ആ പുതിയ സഭകളിലെ കാര്യങ്ങൾ നോക്കിനടത്താൻ എത്രയധികം മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും ആവശ്യമാണ് ഉള്ളത്!
മൂപ്പന്മാരേ, നിങ്ങൾ പരിശീലിപ്പിക്കുന്ന പുരുഷന്മാരുമായി ഊഷ്മളമായ ഒരു വ്യക്തിഗത ബന്ധം നട്ടുവളർത്തിക്കൊണ്ട് നിങ്ങൾ യഹോവയുടെ മാതൃക അനുകരിക്കുന്നുണ്ടോ? തങ്ങളുടെ വേല എങ്ങനെ നിവർത്തിക്കാമെന്നു നിങ്ങൾ അവർക്കു കാണിച്ചുകൊടുക്കുന്നുണ്ടോ? ഭാവി ആവശ്യങ്ങൾ സംബന്ധിച്ച് നിങ്ങൾ ബോധവാന്മാരാണോ? യേശുവിനെ പരിശീലിപ്പിച്ചതിലെ യഹോവയുടെ മാതൃക അനുകരിക്കുന്നത് സമൃദ്ധമായ അനുഗ്രഹങ്ങളിൽ കലാശിക്കും.
ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കാൻ മടിക്കരുത്
ഒരേസമയം ഭാരിച്ച നിരവധി ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്ന പ്രാപ്തരായ മൂപ്പന്മാർ, അധികാരം മറ്റുള്ളവർക്ക് ഏൽപ്പിച്ചുകൊടുക്കാൻ അൽപ്പമൊന്നു മടിച്ചേക്കാം. കഴിഞ്ഞ കാലത്ത് അങ്ങനെ ചെയ്യാൻ ശ്രമിച്ചിട്ട് നല്ല ഫലങ്ങൾ ലഭിക്കാഞ്ഞതായിരിക്കാം അതിനു കാരണം. ‘കാര്യങ്ങൾ നന്നായി നടക്കണമെങ്കിൽ, അതു സ്വയം ചെയ്യണം’ എന്ന മനോഭാവം അവർ സ്വീകരിച്ചേക്കാം. എന്നാൽ, തിരുവെഴുത്തുകളിൽ വ്യക്തമാക്കിയിരിക്കുന്നതു പോലെ, അനുഭവജ്ഞാനം കുറഞ്ഞവർ കൂടുതൽ അനുഭവപരിചയം ഉള്ളവരിൽനിന്ന് പരിശീലനം നേടണമെന്ന യഹോവയുടെ ഹിതവുമായി നിരക്കുന്നതായിരിക്കുമോ അത്തരം മനോഭാവം?—2 തിമൊഥെയൊസ് 2:2.
സഞ്ചാര കൂട്ടാളികളിൽ ഒരാളായ യോഹന്നാൻ മർക്കൊസ് പംഫുല്യയിൽവെച്ച് തന്റെ നിയമനം ഉപേക്ഷിച്ച് വീട്ടിലേക്കു മടങ്ങിയപ്പോൾ പൗലൊസ് അപ്പൊസ്തലനു നിരാശ തോന്നി. (പ്രവൃത്തികൾ 15:37, 38) എന്നാൽ, ആ സംഭവം മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിൽനിന്നു തന്നെ പിന്തിരിപ്പിക്കാൻ പൗലൊസ് അനുവദിച്ചില്ല. മറ്റൊരു യുവസഹോദരനായ തിമൊഥെയൊസിനെ തിരഞ്ഞെടുത്ത് മിഷനറി വേലയ്ക്ക് അവൻ പരിശീലിപ്പിച്ചു.a (പ്രവൃത്തികൾ 16:1-3) ബെരോവയിൽ മിഷനറിമാർക്ക് വളരെ ശക്തമായ എതിർപ്പ് ഉണ്ടായതിനെ തുടർന്ന് പൗലൊസിന് അവിടെ തുടരാൻ കഴിയാത്ത ഒരു അവസ്ഥ സംജാതമായി. തന്മൂലം, പ്രായവും പക്വതയുമുള്ള മറ്റൊരു സഹോദരനായ ശീലാസിന്റെയും അതുപോലെ തിമൊഥെയൊസിന്റെയും ചുമതലയിൽ പുതിയ സഭയെ ഏൽപ്പിച്ചശേഷം അവൻ അവിടം വിട്ടു. (പ്രവൃത്തികൾ 17:13-15) തിമൊഥെയൊസ് ശീലാസിൽനിന്നും വളരെ കാര്യങ്ങൾ പഠിച്ചു എന്നതിനു സംശയമില്ല. പിൽക്കാലത്ത്, തിമൊഥെയൊസ് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽക്കാൻ പ്രാപ്തനായപ്പോൾ തെസ്സലൊനീക്യയിലുള്ള സഭയ്ക്കു പ്രോത്സാഹനം നൽകാൻ പൗലൊസ് അവനെ അവിടേക്ക് അയച്ചു.—1 തെസ്സലൊനീക്യർ 3:1-3.
പൗലൊസും തിമൊഥെയൊസും തമ്മിലുള്ള ബന്ധം ഔപചാരികമോ ഊഷ്മളരഹിതമോ യാന്ത്രികമോ ആയിരുന്നില്ല. അവർക്കിടയിൽ ഊഷ്മളമായ ഒരു ബന്ധം ഉണ്ടായിരുന്നു. താൻ കൊരിന്തിലേക്ക് അയയ്ക്കാൻ ഉദ്ദേശിക്കുന്ന തിമൊഥെയൊസിനെ കുറിച്ച് അവിടത്തെ സഭയ്ക്ക് എഴുതിയപ്പോൾ, ‘കർത്താവിൽ വിശ്വസ്തനായ എന്റെ പ്രിയ മകൻ’ എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിച്ചത്. അവൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ [തിമൊഥെയൊസ്] നിങ്ങളെ ഓർപ്പിക്കും.” (1 കൊരിന്ത്യർ 4:17) (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) പൗലൊസിൽനിന്നു ലഭിച്ച പരിശീലനത്തോട് അനുകൂലമായി പ്രതികരിച്ചുകൊണ്ട് തിമൊഥെയൊസ് തന്റെ നിയമനങ്ങൾ നിർവഹിക്കാൻ യോഗ്യത നേടി. യുവപ്രായത്തിലുള്ള പ്രാപ്തരായ ശുശ്രൂഷാദാസന്മാർ പലരും മൂപ്പന്മാരും സഞ്ചാരമേൽവിചാരകന്മാരും ആയിത്തീർന്നിട്ടുണ്ട്. അതിന് അവരെ സഹായിച്ചത് അവരിൽ യഥാർഥ താത്പര്യം പ്രകടമാക്കിയ പ്രായമേറിയ പുരുഷന്മാരിൽനിന്നു ലഭിച്ച പരിശീലനമാണ്, തിമൊഥെയൊസിന് പൗലൊസിൽനിന്നു ലഭിച്ചതു പോലുള്ള പരിശീലനം.
മൂപ്പന്മാരേ, മറ്റുള്ളവരെ പരിശീലിപ്പിക്കുവിൻ!
യെശയ്യാവു 60:22-ലെ പ്രവചനം ഇന്നു നിവൃത്തിയേറുന്നു എന്നതിനു യാതൊരു സംശയവുമില്ല. യഹോവ ‘ചെറിയവനെ ഒരു മഹാജാതി’ ആക്കുകയാണ്. അത് ഒരു “മഹാജാതി” ആയിത്തന്നെ തുടരണമെങ്കിൽ, അതു സുസംഘടിതമായിരിക്കണം. മൂപ്പന്മാരേ, കൂടുതലായ പരിശീലനം ലഭിക്കാൻ അർഹരായ സമർപ്പിത പുരുഷന്മാർക്ക് അതു നൽകാനുള്ള വഴികളെ കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ? ഓരോ ശുശ്രൂഷാദാസനും പുരോഗതി വരുത്തുന്നതിന്, മെച്ചപ്പെടേണ്ട വശങ്ങൾ അദ്ദേഹം കൃത്യമായി അറിയുന്നുവെന്ന് ഉറപ്പുവരുത്തുക. സ്നാപനമേറ്റ സഹോദരന്മാരേ, നിങ്ങൾക്കു ലഭിക്കുന്ന വ്യക്തിഗത ശ്രദ്ധ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ പ്രാപ്തിയും അറിവും അനുഭവപരിചയവും വർധിപ്പിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുക. അത്തരം സ്നേഹപുരസ്സരമായ സഹായത്തെ യഹോവ അനുഗ്രഹിക്കുകതന്നെ ചെയ്യും.—യെശയ്യാവു 61:5.
[അടിക്കുറിപ്പ്]
a പിന്നീട്, യോഹന്നാൻ മർക്കൊസിനോടൊപ്പം പൗലൊസ് പ്രവർത്തിക്കുകയുണ്ടായി.—കൊലൊസ്സ്യർ 4:10.
[30-ാം പേജിലെ ചതുരം]
ശുശ്രൂഷാദാസന്മാർക്കു ചെയ്യാൻ കഴിയുന്നത്
മൂപ്പന്മാർ ശുശ്രൂഷാദാസന്മാർക്കു പരിശീലനം നൽകേണ്ടതുള്ളപ്പോൾത്തന്നെ, തങ്ങളുടെ ആത്മീയത വർധിപ്പിക്കുന്നതിന് ശുശ്രൂഷാദാസന്മാർക്കു ചെയ്യാനാവുന്ന പലതുമുണ്ട്.
—നിയമനങ്ങൾ നിർവഹിക്കുന്ന കാര്യത്തിൽ ശുശ്രൂഷാദാസന്മാർ ഉത്സാഹികളും ആശ്രയയോഗ്യരും ആയിരിക്കണം. അവർ നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കണം. പുരോഗതി ഒരു പരിധിവരെ, പഠനത്തെയും പഠിച്ച കാര്യങ്ങൾ ബാധകമാക്കുന്നതിനെയുമാണ് ആശ്രയിച്ചിരിക്കുന്നത്.
—ശുശ്രൂഷാദാസൻ ക്രിസ്തീയ യോഗത്തിൽ ഒരു പ്രസംഗം നടത്താൻ തയ്യാറാകുമ്പോൾ, അത് അവതരിപ്പിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ പ്രാപ്തനായ ഒരു മൂപ്പനോടു ചോദിക്കാൻ മടിക്കരുത്.
—താൻ പ്രസംഗം നടത്തുന്ന വിധം നിരീക്ഷിച്ച് ഏതെല്ലാം വശങ്ങളിലാണു പുരോഗമിക്കേണ്ടതെന്നു പറയാൻ ശുശ്രൂഷാദാസന് ഒരു മൂപ്പനോട് ആവശ്യപ്പെടാവുന്നതാണ്.
ശുശ്രൂഷാദാസന്മാർ മൂപ്പന്മാരിൽനിന്ന് ഉപദേശം തേടുകയും അതു സ്വീകരിക്കുകയും ബാധകമാക്കുകയും വേണം. അപ്പോൾ അവരുടെ അഭിവൃദ്ധി ‘പ്രസിദ്ധമായിത്തീരും.’—1 തിമൊഥെയൊസ് 4:15.