-
നിങ്ങളുടെ പേര് ‘ജീവന്റെ പുസ്തകത്തിലുണ്ടോ?’വീക്ഷാഗോപുരം (പഠനപ്പതിപ്പ്) (2022) | സെപ്റ്റംബർ
-
-
പുനരുത്ഥാനം—ജീവനായുള്ളതും ന്യായവിധിക്കായുള്ളതും
13-14. (എ) യോഹന്നാൻ 5:29-ലെ യേശുവിന്റെ വാക്കുകളെ നമ്മൾ എങ്ങനെയാണു മുമ്പ് മനസ്സിലാക്കിയിരുന്നത്? (ബി) എന്നാൽ യേശു ഉപയോഗിച്ച വാക്കുകൾ നോക്കുകയാണെങ്കിൽ നമുക്ക് എന്തു മനസ്സിലാക്കാം?
13 ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിച്ച് വരുന്നവരെക്കുറിച്ച് യേശുവും പറഞ്ഞു. അവരെക്കുറിച്ച് യേശു പറഞ്ഞത് ഇതാണ്: “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന സമയം വരുന്നു. നല്ല കാര്യങ്ങൾ ചെയ്തവർക്ക് അതു ജീവനായുള്ള പുനരുത്ഥാനവും മോശമായ കാര്യങ്ങൾ ചെയ്തവർക്ക് അതു ന്യായവിധിക്കായുള്ള പുനരുത്ഥാനവും ആയിരിക്കും.” (യോഹ. 5:28, 29) യേശു ആ പറഞ്ഞതിന്റെ അർഥം എന്താണ്?
14 യേശുവിന്റെ ആ വാക്കുകളെക്കുറിച്ച് നമ്മൾ മുമ്പ് മനസ്സിലാക്കിയിരുന്നതു പുനരുത്ഥാനം പ്രാപിച്ചുവരുന്നവർ അതിനു ശേഷം ചെയ്യുന്ന പ്രവൃത്തികളെയാണു യേശു അർഥമാക്കിയത് എന്നാണ്. അതായത്, ചിലർ ജീവനിലേക്കു വന്നിട്ടു നല്ല കാര്യങ്ങൾ ചെയ്യും, മറ്റു ചിലർ ജീവനിലേക്കു വന്നിട്ടു മോശമായ കാര്യങ്ങൾ ചെയ്യും എന്ന്. എന്നാൽ സ്മാരകക്കല്ലറകളിൽനിന്ന് പുറത്തുവരുന്നവർ പിന്നീടു നല്ല കാര്യങ്ങൾ ചെയ്യും, മോശമായ കാര്യങ്ങൾ ചെയ്യും എന്നു യേശു പറഞ്ഞില്ല. യേശു ഇവിടെ ഭൂതകാല ക്രിയ ഉപയോഗിച്ചാണു സംസാരിച്ചത്. അതായത്, “നല്ല കാര്യങ്ങൾ ചെയ്തവർ” എന്നും “മോശമായ കാര്യങ്ങൾ ചെയ്തവർ” എന്നും ആണ് യേശു പറഞ്ഞത്. അതു സൂചിപ്പിക്കുന്നത് മരിക്കുന്നതിനു മുമ്പ് അവർ ചെയ്ത പ്രവൃത്തികളെയാണു യേശു അർഥമാക്കിയത് എന്നാണ്. അതു ശരിയാണെന്ന് തോന്നുന്നില്ലേ? കാരണം, പുതിയ ലോകത്തിൽ മോശമായ കാര്യങ്ങൾ ചെയ്യുന്നവരെ അവിടെ തുടരാൻ അനുവദിക്കുകയില്ലല്ലോ. അതുകൊണ്ട് നീതികെട്ടവർ മരിക്കുന്നതിനു മുമ്പ് ആയിരിക്കണം മോശമായ കാര്യങ്ങൾ ചെയ്തത്. അങ്ങനെയെങ്കിൽ ‘ജീവനായുള്ള പുനരുത്ഥാനം’ എന്നും ‘ന്യായവിധിക്കായുള്ള പുനരുത്ഥാനം’ എന്നും യേശു പറഞ്ഞതിന്റെ അർഥം എന്താണ്?
15. ജീവനായുള്ള പുനരുത്ഥാനം ആർക്കാണു കിട്ടുന്നത്, എന്തുകൊണ്ട്?
15 നീതിമാന്മാർക്ക്, അതായത് മരിക്കുന്നതിനു മുമ്പ് നല്ല കാര്യങ്ങൾ ചെയ്തവർക്ക്, ‘ജീവനായുള്ള പുനരുത്ഥാനം’ കിട്ടും. കാരണം, അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അതായത്, യോഹന്നാൻ 5:29-ൽ പറഞ്ഞിരിക്കുന്ന ‘നല്ല കാര്യങ്ങൾ ചെയ്തവരും’ പ്രവൃത്തികൾ 24:15-ൽ പറഞ്ഞിരിക്കുന്ന നീതിമാന്മാരും ഒരേ കൂട്ടത്തെയാണു കുറിക്കുന്നത്. ഒരാൾ മരിക്കുമ്പോൾ അയാൾ പാപത്തിൽനിന്ന് മോചിതനാകുമെന്നു റോമർ 6:7-ൽ പറയുന്നുണ്ടെങ്കിലും അയാൾ ചെയ്ത നല്ല കാര്യങ്ങൾ യഹോവ മറന്നുകളയുന്നില്ല. അതുകൊണ്ട് അപ്പോഴും അവരുടെ പേര് ജീവന്റെ പുസ്തകത്തിലുണ്ടായിരിക്കും. (എബ്രാ. 6:10) പക്ഷേ, പുനരുത്ഥാനപ്പെട്ടുവരുന്ന ഈ നീതിമാന്മാരും വിശ്വസ്തതയോടെ തുടർന്നാൽ മാത്രമേ അവരുടെ പേരുകൾ എന്നും ജീവന്റെ പുസ്തകത്തിൽ ഉണ്ടായിരിക്കുകയുള്ളൂ.
16. എന്താണു ‘ന്യായവിധിക്കായുള്ള പുനരുത്ഥാനം?’
16 മരിക്കുന്നതിനു മുമ്പ് മോശമായ കാര്യങ്ങൾ ചെയ്തവരെക്കുറിച്ച് നമുക്ക് എന്തു പറയാം? മരണത്തോടെ ദൈവം അവരുടെ തെറ്റുകൾ ക്ഷമിച്ചെങ്കിലും അവർ ഇതുവരെ യഹോവയെ വിശ്വസ്തമായി സേവിച്ചിട്ടില്ല. അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ ഇല്ല. അതുകൊണ്ട് ‘മോശമായ കാര്യങ്ങൾ ചെയ്തവരും’ പ്രവൃത്തികൾ 24:15-ൽ പറയുന്ന ‘നീതികെട്ടവരും’ ഒരേ കൂട്ടർതന്നെയാണ്. അവർക്കു കിട്ടുന്നതു ‘ന്യായവിധിക്കായുള്ള പുനരുത്ഥാനമായിരിക്കും.’c ന്യായവിധിക്കായുള്ള പുനരുത്ഥാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവർ മാറ്റം വരുത്തുന്നുണ്ടോ എന്ന് അറിയാൻ യേശു അവരെ കുറച്ച് കാലത്തേക്കു നിരീക്ഷിക്കുകയും പരിശോധിക്കുകയും ഒക്കെ ചെയ്യും എന്നാണ്. (ലൂക്കോ. 22:30) ജീവന്റെ പുസ്തകത്തിൽ പേര് എഴുതപ്പെടാനുള്ള യോഗ്യത അവർക്കുണ്ടോ എന്നു വിലയിരുത്താൻ കുറച്ച് സമയമെടുക്കും. അവർ മുമ്പത്തെ മോശമായ ജീവിതരീതി ഉപേക്ഷിച്ച് യഹോവയ്ക്കുവേണ്ടി തങ്ങളുടെ ജീവിതം സമർപ്പിച്ചാൽ മാത്രമേ ജീവന്റെ പുസ്തകത്തിൽ അവരുടെ പേരുകൾ എഴുതുകയുള്ളൂ.
-
-
നിങ്ങളുടെ പേര് ‘ജീവന്റെ പുസ്തകത്തിലുണ്ടോ?’വീക്ഷാഗോപുരം (പഠനപ്പതിപ്പ്) (2022) | സെപ്റ്റംബർ
-
-
c ഇവിടെ ഉപയോഗിച്ചിരിക്കുന്ന “ന്യായവിധി” എന്ന പദം ശിക്ഷാവിധിയെ കുറിക്കുന്നതായിട്ടാണു മുമ്പ് നമ്മൾ വിശദീകരിച്ചിരുന്നത്. “ന്യായവിധി” എന്ന പദത്തിന് അങ്ങനെയൊരു അർഥം ഉണ്ടെന്നുള്ളതു ശരിയാണ്. പക്ഷേ യേശു ഇവിടെ ഈ പദം ഉപയോഗിച്ചത് കുറച്ചുകൂടെ പൊതുവായ ഒരു അർഥത്തിലാണെന്നു തോന്നുന്നു, അതായത് ഒരാളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ഒക്കെ ചെയ്യുന്നതിനെ കുറിക്കാൻ. അല്ലെങ്കിൽ ഒരു ഗ്രീക്ക് ബൈബിൾ നിഘണ്ടു പറയുന്നതുപോലെ ഒരാളുടെ “പെരുമാറ്റത്തെ പരിശോധിക്കുന്നതിനെ” സൂചിപ്പിക്കാൻ.
-