ദൈവത്തോട് അടുത്തുചെല്ലുക
യഹോവ യഥാർഥത്തിൽ നിങ്ങൾക്കുവേണ്ടി കരുതുന്നുവോ?
“വിലകെട്ടവളാണെന്ന തോന്നലാണു ഞാൻ മറികടക്കാൻ ശ്രമിക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം.” തനിക്കുവേണ്ടി കരുതാൻ ഒരു കാരണവും യഹോവയ്ക്ക് കണ്ടെത്താനില്ല എന്നു ചിന്തിച്ച ഒരു സ്ത്രീയുടെ വാക്കുകളാണിവ. സമാനമായ വികാരങ്ങൾ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘തന്റെ ഓരോ ആരാധകനുവേണ്ടിയും യഹോവ കരുതുന്നുണ്ടോ?’ ഉത്തരം ഉവ്വ് എന്നാണ്. യഹോവ നമുക്ക് ഓരോരുത്തർക്കുംവേണ്ടി കരുതുന്നു എന്നതിന്റെ തെളിവുകൾ യേശുവിന്റെ വാക്കുകളിൽ കാണാൻ കഴിയും.—യോഹന്നാൻ 6:44 വായിക്കുക.
മറ്റാരെക്കാളും നന്നായി യഹോവയുടെ വ്യക്തിത്വത്തെയും ഹിതത്തെയും കുറിച്ച് അറിയാവുന്ന യേശു എന്താണു പറഞ്ഞത്? (ലൂക്കോസ് 10:22) “എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ഒരു മനുഷ്യനും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല” എന്ന്. അതുകൊണ്ട്, യഹോവ വ്യക്തിപരമായി ആകർഷിക്കാതെ നമുക്കു യഹോവയുടെ ഒരു ആരാധകനോ യേശുവിന്റെ ഒരു അനുഗാമിയോ ആയിത്തീരുക സാധ്യമല്ല. (2 തെസ്സലോനിക്യർ 2:13) ദൈവം നമുക്ക് ഓരോരുത്തർക്കുംവേണ്ടി കരുതുന്നു എന്നതിന്റെ ശക്തമായ തെളിവുകൾ യേശുവിന്റെ ഈ വാക്കുകളിൽ കാണാം.
യഹോവ നമ്മെ ആകർഷിക്കുന്നു എന്നു പറഞ്ഞാൽ എന്താണ് അർഥം? ആകർഷിക്കുക എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു വാക്ക് മീൻ നിറഞ്ഞ വല ‘വലിച്ചുകയറ്റുക’ എന്ന അർഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. (യോഹന്നാൻ 21:6, 11) നമുക്ക് ഇഷ്ടമില്ലെങ്കിലും, തന്നെ സേവിക്കാൻ നിർബന്ധിച്ചുകൊണ്ട് യഹോവ നമ്മെ അവനിലേക്കു വലിച്ചടുപ്പിക്കുന്നു എന്നാണോ ഇതിന് അർഥം? അല്ല. യഹോവ നമുക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകിയിരിക്കുന്നു. അതായത് അവൻ ബലമായി നമ്മുടെ ഹൃദയം തുറക്കുന്നില്ല. (ആവർത്തനപുസ്തകം 30:19, 20) ഒരു പണ്ഡിതൻ ഇപ്രകാരം പറഞ്ഞു: “മനുഷ്യഹൃദയത്തിന്റെ വാതിലിന് പുറത്തുനിന്നു തുറക്കാവുന്ന ഒരു കൈപ്പിടിയില്ല. അകത്തു നിന്നു മാത്രമേ അതു തുറക്കാനാകൂ.” യഹോവ ഈ ലോകത്തിലെ ശതകോടിക്കണക്കിനു ഹൃദയങ്ങൾ പരിശോധിച്ച്, ശരിയായ ഹൃദയനിലയുള്ള വ്യക്തികൾക്കുവേണ്ടി തിരയുന്നു. (1 ദിനവൃത്താന്തം 28:9) അങ്ങനെയൊരാളെ കണ്ടെത്തുമ്പോൾ ഹൃദയസ്പർശിയായ ഒരു വിധത്തിൽ അവൻ പ്രതികരിക്കുന്നു. എങ്ങനെ?
ശരിയായ “ഹൃദയനില”യുള്ള വ്യക്തികളെ യഹോവ തന്നിലേക്ക് ആകർഷിക്കുന്നു അഥവാ പതിയെ വലിച്ചടുപ്പിക്കുന്നു. (പ്രവൃത്തികൾ 13:48) രണ്ടു വിധങ്ങളിലാണ് അവൻ ഇതു ചെയ്യുന്നത്—ബൈബിളിലെ സുവാർത്ത ഓരോ വ്യക്തിയിലേക്കും എത്തിച്ചുകൊണ്ടും തന്റെ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ടും. ബൈബിൾസത്യത്തോടു പ്രതികരിക്കുന്ന ഒരു ഹൃദയം കാണുമ്പോൾ സത്യം ഗ്രഹിച്ച് ജീവിതത്തിൽ ബാധകമാക്കാൻ തന്റെ ആത്മാവിനെ നൽകിക്കൊണ്ടു യഹോവ സഹായിക്കുന്നു. (1 കൊരിന്ത്യർ 2:11, 12) ദിവ്യസഹായമില്ലാതെ യേശുവിന്റെ യഥാർഥത്തിലുള്ള അനുഗാമിയോ യഹോവയുടെ സമർപ്പിതനായ ആരാധകനോ ആയിത്തീരാൻ നമുക്ക് ഒരിക്കലും സാധിക്കില്ല.
“മനുഷ്യഹൃദയത്തിന്റെ വാതിലിന് പുറത്തുനിന്നു തുറക്കാവുന്ന ഒരു കൈപ്പിടിയില്ല. അകത്തുനിന്നു മാത്രമേ അതു തുറക്കാനാകൂ”
അങ്ങനെയെങ്കിൽ, യോഹന്നാൻ 6:44-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ യഹോവയാം ദൈവത്തെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നത്? യഹോവ ആളുകളുടെ ഹൃദയത്തിലെ അല്പം നന്മപോലും കണ്ടുകൊണ്ട് അവരെ തന്നിലേക്ക് ആകർഷിക്കുകയും വ്യക്തികളെന്ന നിലയിൽ അവർക്കുവേണ്ടി കരുതുകയും ചെയ്യുന്നു എന്ന്. ആശ്വാസദായകമായ ഈ സത്യം ഗ്രഹിച്ചത് തുടക്കത്തിൽ പറഞ്ഞ സ്ത്രീക്കു സാന്ത്വനമേകി. അവൾ പറയുന്നു: “യഹോവയുടെ ഒരു ദാസിയോ ദാസനോ ആയിരിക്കുന്നതാണു ലഭിക്കാവുന്നതിലേക്കുംവെച്ച് ഏറ്റവും ഉന്നതമായ പദവി. എന്നെ അവന്റെ ദാസിയായി തിരഞ്ഞെടുത്തിരിക്കുന്നതിനാൽ ഞാൻ അവനു വിലയേറിയവളായിരിക്കണം.” നിങ്ങളെ സംബന്ധിച്ചെന്ത്? തന്റെ ഓരോ ആരാധകനുംവേണ്ടി യഹോവ കരുതുന്നുവെന്നത് ഹൃദയത്തിന്റെ വാതിൽ തുറക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നില്ലേ? ▪ (w13-E 05/01)
നിർദിഷ്ട ബൈബിൾ വായനാഭാഗം