ആഗോള വെള്ളങ്ങളിൽ മനുഷ്യരെ വീശിപ്പിടിക്കൽ
“ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്ക് പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം.”—1 കൊരിന്ത്യർ 9:16.
1, 2. (എ) ഒന്നു കൊരിന്ത്യർ 9:14-ൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന വെല്ലുവിളിയെ യഥാർത്ഥമായി നേരിട്ടിരിക്കുന്നതാർ, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നതെന്തുകൊണ്ട്? (ബി) യഹോവയുടെ സാക്ഷികൾ ഏത് ഉത്തരവാദിത്തം സ്വീകരിച്ചിരിക്കുന്നു?
പൗലോസിന്റെ മേൽപ്പറഞ്ഞ വാക്കുകളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വെല്ലുവിളിയെ ഈ 20-ാം നൂററാണ്ടിൽ യഥാർത്ഥമായി നേരിട്ടിരിക്കുന്നതാരാണ്? “തങ്ങളുടെ ആത്മീയാവശ്യത്തെക്കുറിച്ച് ബോധമുള്ള” സ്ത്രീപുരുഷൻമാരെ വീശിപ്പിടിക്കാൻ ദശലക്ഷക്കണക്കിനായി ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നതാരാണ്? (മത്തായി 5:3) തടവിന്റെയും മരണത്തിന്റെയും അപകടത്തിലായിട്ടുള്ളതാരാണ്, മത്തായി 24:14-ലെ ക്രിസ്തുവിന്റെ കല്പന നിറവേററിയിരിക്കുന്നതുനിമിത്തം അനേകം രാജ്യങ്ങളിൽ അങ്ങനെയുള്ള അനുഭവമുണ്ടായിട്ടുള്ളതാർക്കാണ്?
2 രേഖ ഉത്തരം നൽകുന്നു: യഹോവയുടെ സാക്ഷികൾക്ക്. കഴിഞ്ഞ വർഷത്തിൽ മാത്രം 211 രാജ്യങ്ങളിലും പ്രദേശങ്ങളിലും 200-ൽപരം ഭാഷകളിലായി നാല്പതുലക്ഷത്തിലധികം സാക്ഷികൾ ‘സുവാർത്ത ഘോഷിച്ചുകൊണ്ട്’ വീടുതോറും പോയിരിക്കുന്നു. ഇവർ പരിശീലിപ്പിക്കപ്പെട്ട മിഷനറിമാരുടെ തെരഞ്ഞെടുക്കപ്പെട്ട കൂട്ടം മാത്രമായിരുന്നില്ല. അല്ല, യഹോവയുടെ സാക്ഷികൾക്കെല്ലാം വീടുതോറും മാത്രമല്ല ഉചിതമായ ഓരോ അവസരത്തിലും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്തം തോന്നുന്നുണ്ട്. മററുള്ളവർക്കു തങ്ങളുടെ വിശ്വാസങ്ങൾ പങ്കുവെക്കേണ്ടതിന്റെ ആവശ്യം അവർക്കു തോന്നുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അറിവ് ഉത്തരവാദിത്തം കൈവരുത്തുന്നുവെന്ന് അവർ തിരിച്ചറിയുന്നു.—യെഹെസ്ക്കേൽ 33:8, 9; റോമർ 10:14, 15; 1 കൊരിന്ത്യർ 9:16, 17.
മനുഷ്യരെ വീശിപ്പിടിക്കൽ, ഒരു ആഗോളവെല്ലുവിളി
3. മത്സ്യബന്ധനവേല എത്ര വിപുലമായിരിക്കണം?
3 ഈ വലിയ മത്സ്യബന്ധനവേല ഏതെങ്കിലും നദിയിലോ തടാകത്തിലോ ഒരു സമുദ്രത്തിൽപോലുമോ പരിമിതപ്പെട്ടിരിക്കുന്നില്ല. ഇല്ല, യേശു കല്പിച്ചപ്രകാരം അത് “സകല ജനതകളിലും” നിർവഹിക്കപ്പെടേണ്ടതാണ്. (മർക്കോസ് 13:10, NW) തന്റെ പിതാവിന്റെ അടുക്കലേക്കു കയറിപ്പോകുന്നതിനുമുമ്പ് യേശു തന്റെ ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ടു.”—മത്തായി 28:19, 20.
4. (എ) യേശുവിന്റെ ആദിമ യഹൂദാനുഗാമികളെ എന്ത് അതിശയിപ്പിച്ചിരിക്കണം? (ബി) യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസംഗവേലയുടെ വ്യാപ്തിയെ എങ്ങനെ വീക്ഷിക്കുന്നു?
4 യേശുവിന്റെ യഹൂദാനുഗാമികൾക്ക് അത് ഞെട്ടിക്കുന്ന ഒരു നിയോഗമായിരുന്നിരിക്കണം. തന്റെ യഹൂദശിഷ്യൻമാർ ഇപ്പോൾ സകല ജനതകളിലെയും “അശുദ്ധ” വിജാതീയരുടെ അടുക്കലേക്കുപോയി അവരെ പഠിപ്പിക്കേണ്ടതുണ്ടെന്ന് അവൻ അവരോടു പറയുകയായിരുന്നു. ആ നിയമനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളാനും അതനുസരിച്ചു പ്രവർത്തിക്കാനും അവർക്ക് കുറെ പുനഃക്രമീകരണം ആവശ്യമായിരുന്നു. (പ്രവൃത്തികൾ 10:9-35) എന്നാൽ മററു പോംവഴിയില്ലായിരുന്നു; യേശു ഒരു ഉപമയിൽ “വയൽ ലോകം ആകുന്നു” എന്ന് അവരോടു പറഞ്ഞിരുന്നു. അതുകൊണ്ട്, യഹോവയുടെ സാക്ഷികൾ ഇന്ന് തങ്ങളുടെ മത്സ്യബന്ധന അവകാശങ്ങളുടെ രംഗമായി മുഴുലോകത്തെയും വീക്ഷിക്കുന്നു. ദൈവത്തിൽനിന്നുള്ള തങ്ങളുടെ നിയോഗത്തെ പരിമിതപ്പെടുത്തുന്ന “20കിലോമീററർ പരിധി”യോ “പ്രാദേശികവെള്ളങ്ങളോ” ഉണ്ടായിരിക്കാവുന്നതല്ല. ചിലപ്പോൾ മതസ്വാതന്ത്ര്യമില്ലാത്തടത്ത് വിവേചന ആവശ്യമാണ്. എന്നിരുന്നാലും, അവർ ഒരു അടിയന്തിരതാബോധത്തോടെ മീൻപിടുത്തം നടത്തുന്നു. അതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ലോകസംഭവങ്ങളും ബൈബിൾപ്രവചനനിവൃത്തിയും നാം ആഗോള മത്സ്യബന്ധനവേലയുടെ അന്തിമഭാഗത്താണെന്ന് സൂചിപ്പിക്കുന്നു.—മത്തായി 13:38; ലൂക്കോസ് 21:28-33.
ആഗോള മത്സ്യബന്ധനവേലയിലെ പുരോഗതി
5. ആഗോള മത്സ്യബന്ധനവേലയോട് ഏതുതരം ആളുകളാണ് പ്രതികരിക്കുന്നത്?
5 അഭിഷിക്തരാജ്യാവകാശികളിലധികംപേരും 1935-നുമുമ്പ് ജനതകളിൽനിന്ന് “വീശിപ്പിടിക്ക”പ്പെട്ടു, തന്നിമിത്തം അവരുടെ പൂർണ്ണസംഖ്യ അടിസ്ഥാനപരമായി തികഞ്ഞിട്ടുണ്ട്. അതുകൊണ്ട്, വിശേഷാൽ 1935-മുതൽ യഹോവയുടെ സാക്ഷികൾ “ഭൂമിയെ അവകാശമാക്കു”ന്ന “സൗമ്യതയുള്ളവർ” എന്നു വർണ്ണിക്കപ്പെടാവുന്ന താഴ്മയുള്ള ആളുകളെ തെരഞ്ഞുകൊണ്ടിരിക്കുകയാണ്. (സങ്കീർത്തനം 37:11, 29) “നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം കരഞ്ഞുനെടുവീർപ്പിടുന്ന” ആളുകളാണ് ഇവർ. അവർ സാത്താന്റെ അധഃപതിച്ച, അഴിമതി നിറഞ്ഞ, വ്യവസ്ഥിതിയെ “മഹോപദ്രവം” പ്രഹരിക്കുകയും അവന്റെ ആരാധകർ അന്തിമനാശത്തിന്റെ “തീച്ചൂള”യിലേക്ക് എറിയപ്പെടുകയും ചെയ്യുന്നതിനുമുമ്പ് ദൈവരാജ്യഭരണത്തിന് അനുകൂലമായി ഒരു നീക്കം നടത്തുകയാണ്.—യെഹെസ്ക്കേൽ 9:4; മത്തായി 13:47-50; 24:21.
6, 7. (എ) പ്രസംഗവേല സംബന്ധിച്ച് 1943-ൽ ഏതു നടപടികൾ സ്വീകരിക്കപ്പെട്ടു? (ബി) ഫലങ്ങൾ എന്താണ്?
6 ആഗോള മത്സ്യബന്ധനവേല ഇത്രത്തോളം വിജയപ്രദമായിരുന്നിട്ടുണ്ടോ? വസ്തുതകൾ സ്വയം സംസാരിക്കട്ടെ. മുമ്പ്, 1943-ൽ രണ്ടാം ലോകമഹായുദ്ധം ഉഗ്രമായി നടന്നുകൊണ്ടിരുന്നപ്പോൾത്തന്നെ ന്യൂയോർക്കിലെ ബ്രൂക്ലിനിൽ യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തിലെ വിശ്വസ്തരായ അഭിഷിക്ത സഹോദരൻമാർ വിപുലമായ ഒരു ആഗോള മത്സ്യബന്ധനപ്രവർത്തനം നിർവഹിക്കപ്പെടേണ്ടതുണ്ടെന്ന് മുൻകൂട്ടിക്കണ്ടു. അതുകൊണ്ട്, എന്തു നടപടികൾ സ്വീകരിക്കപ്പെട്ടു?a—വെളിപ്പാട് 12:16, 17.
7 ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിമൂന്നിൽ വാച്ച്ററവർ സൊസൈററി ഗിലയദ് (എബ്രായ, “സാക്ഷിക്കൂമ്പാരം”; ഉല്പത്തി 31:47, 48) എന്ന പേരിൽ ഒരു മിഷനറിസ്കൂൾ സ്ഥാപിച്ചു, അത് ലോകവ്യാപകമായി പ്രതീകാത്മക മീൻപിടുത്തക്കാരെന്ന നിലയിൽ പുറത്തേക്കയക്കപ്പെടാൻ കഴിയത്തക്കവണ്ണം ഓരോ ആറുമാസത്തിലും നൂറു മിഷനറിമാരെ വീതം പരിശീലിപ്പിച്ചുതുടങ്ങി. അന്ന്, 54 രാജ്യങ്ങളിലായി സജീവമായി മനുഷ്യരെ വീശിപ്പിടിക്കുന്ന 1,26,329 സാക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പത്തു വർഷത്തിനുള്ളിൽ ആ സംഖ്യകൾ ഫലത്തിൽ 143 രാജ്യങ്ങളിലെ 5,19,982 സാക്ഷികൾ എന്നതിലേക്കു കുതിച്ചുയർന്നിരുന്നു! തീർച്ചയായും, ഗിലയദ് സ്കൂൾ വിദേശ സംസ്കാരങ്ങളിലേക്കു പോകാനും പുതിയ മത്സ്യബന്ധനവെള്ളങ്ങളുമായി പൊരുത്തപ്പെടാനും സന്നദ്ധരായ ധീര സ്ത്രീപുരുഷൻമാരായ മീൻപിടുത്തക്കാരെ ഉല്പാദിപ്പിച്ചുകൊണ്ടിരുന്നു. തത്ഫലമായി, പരമാർത്ഥഹൃദയികളായ ആയിരക്കണക്കിനാളുകൾ ചെവികൊടുത്തു. ആ മിഷനറിമാരും അവരുടെ സഹപ്രവർത്തകരായ പ്രാദേശികസാക്ഷികളും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുതകരമായ വർദ്ധനവിന് അടിത്തറ പാകി.
8, 9. (എ) മുന്തിയ മിഷനറിപ്രവർത്തനത്തിന്റെ ഏതു ദൃഷ്ടാന്തങ്ങൾ എടുത്തുപറയാൻ കഴിയും? (ബി) മിഷനറിമാർ തങ്ങളുടെ വയലുകളിൽ മുന്തിയ വളർച്ച കണ്ടിരിക്കുന്നതെങ്ങനെ? (യഹോവയുടെ സാക്ഷികളുടെ 1992ലെ വാർഷികപ്പുസ്തകവും കാണുക.)
8 ആ ആദിമ ഗിലയദ് ക്ലാസുകളിൽനിന്നുള്ള അനേകം വിശ്വസ്ത പരിണതപ്രജ്ഞർക്ക് ഇപ്പോൾ 70-ൽപരം അല്ലെങ്കിൽ 80-ൽപരംപോലും വയസ്സായിട്ടും തങ്ങളുടെ വിദേശനിയമനങ്ങളിൽ അവർ ഇപ്പോഴും സേവിക്കുകയാണ്. ഇവരിൽ അനേകരെ പ്രരൂപപ്പെടുത്തുന്ന ഒരു ദൃഷ്ടാന്തമാണ് 82 വയസ്സുള്ള എറിക് ബ്രിട്ടനും അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്ററീനയും. അവർ 1950-ൽ 15-ാമത്തെ ഗിലയദ്ക്ലാസിൽനിന്ന് ബിരുദംനേടി ഇപ്പോഴും ബ്രസീലിൽ സേവിച്ചുകൊണ്ടിരിക്കുകയാണ്. അവർ ബ്രസീലിൽ സേവിക്കാൻ പോയപ്പോൾ ആ രാജ്യത്ത് സാക്ഷികൾ 3,000ത്തിൽ കുറവായിരുന്നു. ഇപ്പോൾ അവിടെ 3,00,000-ൽപരമുണ്ട്! തീർച്ചയായും മീൻപിടുത്തവേല ഫലോല്പാദകമായിരുന്നതുകൊണ്ട് ബ്രസീലിൽ ‘ചെറിയവൻ ഒരു ശക്തമായ ജനതയായിത്തീർന്നിരിക്കുന്നു.’—യെശയ്യാവ് 60:22.
9 ആഫ്രിക്കയിലെ മിഷനറിമാരെ സംബന്ധിച്ച് നമുക്ക് എന്തു പറയാൻ കഴിയും? മിക്കവരും വളരെ വ്യത്യസ്തമായ ഒരു സംസ്കാരത്തോടു പൊരുത്തപ്പെടുകയും ആഫ്രിക്കൻ ജനങ്ങളെ സ്നേഹിക്കാനിടയാകുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ സേവിച്ചുകൊണ്ടിരിക്കുന്ന സഹോദരങ്ങളായ ജോണും എറിക്ക് കൂക്കും അവരുടെ ഭാര്യമാരായ കാത്ലീനും മെർട്ടിലും ദൃഷ്ടാന്തങ്ങളാണ്. ജോണും എറിക്കും 1947-ലെ എട്ടാമത്തെ ക്ലാസ്സിൽനിന്ന് ബിരുദം നേടിയിരുന്നു. അവർ രണ്ടുപേരുംകൂടെ അംഗോളായിലും സിംബാബ്വേയിലും മൊസാംബിക്കിലും ദക്ഷിണാഫ്രിക്കയിലും സേവിച്ചിരിക്കുന്നു. ആഫ്രിക്കയിൽ ചില മിഷനറിമാർ രോഗം നിമിത്തവും, അടുത്ത കാലത്ത് ലൈബീരിയയിലെ ആഭ്യന്തരയുദ്ധകാലത്തു മരിച്ച അലൻ ബാററിയെയും ആർതർ ലോസനെയുംപോലെയുള്ള മററുചിലർ യുദ്ധവും പീഡനവും നിമിത്തവും മരിച്ചിട്ടുണ്ട്. എന്നിരുന്നാലും ആഫ്രിക്കൻ വെള്ളങ്ങൾ വളരെ ഫലോല്പാദകമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇപ്പോൾ ആ വിസ്തൃതമായ ഭൂഖണ്ഡത്തിലെല്ലായിടത്തുമായി 4,00,000ത്തിൽപരം സാക്ഷികളുണ്ട്.
എല്ലാവർക്കും ഒരു പങ്കുണ്ട്
10. പയനിയർമാർ ഒരു പ്രശംസനീയമായ വേല ചെയ്യുന്നത് എന്തുകൊണ്ട്, ഏതു വിധത്തിൽ?
10 ഏതായാലും, വിദേശമിഷനറിമാരുടെ എണ്ണം ഏതാനും ആയിരങ്ങളായിരിക്കെ, തദ്ദേശീയ പ്രസാധകരുടെയും പയനിയർമാരുടെയുംb എണ്ണം ദശലക്ഷങ്ങളായിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഭൂവ്യാപകമായ വേലയുടെ സിംഹഭാഗവും അവരാണ് ചെയ്യുന്നത്. 1991-ൽ ശരാശരി 5,50,000ത്തിൽപരം പയനിയർമാരും സഞ്ചാരശുശ്രൂഷകരും ഉണ്ടായിരുന്നു. ഈ വിശ്വസ്തസാക്ഷികളെല്ലാം ഓരോ മാസവും ശരാശരി 60 മുതൽ 140 മണിക്കൂർവരെ പ്രസംഗിച്ചുകൊണ്ട് വലിയ മത്സ്യബന്ധനവേലയിൽ പങ്കെടുക്കാൻ പ്രത്യേകശ്രമം ചെയ്യുന്നതായി ചിന്തിക്കുമ്പോൾ അത് എത്ര ഗംഭീരമായ സംഖ്യയാണ്! അനേകരും ഇതു ചെയ്യുന്നത് വ്യക്തിപരമായി വലിയ ത്യാഗവും ചെലവും ചെയ്തുകൊണ്ടാണ്. എന്നാൽ എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ തങ്ങളുടെ മുഴുഹൃദയത്തോടും മനസ്സോടും ദേഹിയോടും ശക്തിയോടുംകൂടെയും തങ്ങളുടെ അയൽക്കാരെ തങ്ങളെപ്പോലെയും സ്നേഹിക്കുന്നു.—മത്തായി 22:37-39.
11. യഹോവയുടെ ആത്മാവ് തന്റെ ജനത്തിന്റെ ഇടയിൽ പ്രവർത്തനത്തിലിരിക്കുന്നതിന്റെ ഏതു സുനിശ്ചിതമായ തെളിവുണ്ട്?
11 മുഴുസമയസേവനത്തിലല്ലെങ്കിലും യഹോവയുടെ സേവനത്തിൽ തങ്ങളുടെ സാഹചര്യങ്ങൾക്കനുസൃതമായി 100 ശതമാനവും കൊടുക്കുന്ന മുപ്പത്തഞ്ചു ലക്ഷംവരുന്ന മററു സാക്ഷികളെസംബന്ധിച്ച് നമുക്ക് എന്തു പറയാൻ കഴിയും? ചിലർ ഭാര്യമാരാണ്, കൊച്ചുകുട്ടികളെ പോററുന്ന തള്ളമാർപോലുമാണ്. എന്നിരുന്നാലും അവർ തങ്ങളുടെ വിലയേറിയ സമയത്തിൽ കുറെ ആഗോളമത്സ്യബന്ധനവേലക്ക് വിനിയോഗിക്കുന്നു. അനേകർ ഭർത്താക്കൻമാരോ ഒരു മുഴുസമയ ലൗകികജോലിയോടുകൂടിയ പിതാക്കൻമാരോ ആണ്; എന്നിട്ടും അവർ അപരിചിതരെ സത്യം പഠിപ്പിക്കാൻ വാരാന്തങ്ങളിലും വൈകുന്നേരങ്ങളിലും സമയം വേർതിരിക്കുന്നു. ഇനി പ്രസംഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ നടത്തയാൽ സത്യം ശുപാർശചെയ്യുകയും ചെയ്യുന്ന അവിവാഹിതരായ സ്ത്രീപുരുഷൻമാരുടെയും കുട്ടികളുടെയും വലിയ സമൂഹമുണ്ട്. ഓരോ മാസവും ദൈവരാജ്യഭരണത്തിന്റെ സുവാർത്ത പ്രസംഗിക്കുന്ന, ശമ്പളമില്ലാത്ത നാല്പതുലക്ഷത്തിൽപരം സന്നദ്ധസേവകർ വേറെ ഏതു മതസമൂഹത്തിനുണ്ട്? തീർച്ചയായും ഇത് യഹോവയുടെ ആത്മാവ് പ്രവർത്തനത്തിലിരിക്കുന്നതിന്റെ തെളിവു നൽകുന്നു!—സങ്കീർത്തനം 68:11; പ്രവൃത്തികൾ 2:16-18; സെഖര്യാവ് 4:6 താരതമ്യപ്പെടുത്തുക.
വളർച്ചക്കു സംഭാവനചെയ്യുന്ന ഘടകങ്ങൾ
12. ആളുകൾ സത്യത്തോട് എന്തുകൊണ്ട് പ്രതികരിക്കുന്നു, ഏതു സംഖ്യകളിൽ?
12 ഈ വിപുലമായ പ്രസംഗവേല ഓരോ വർഷവും ശ്രദ്ധേയമായ ഫലങ്ങൾ ഉളവാക്കുന്നു. 1991-ൽ 3,00,000ത്തിൽപരം പുതിയ സാക്ഷികൾ മുഴുവനായ ജലനിമജ്ജനത്താൽ സ്നാപനം കഴിപ്പിക്കപ്പെട്ടു. അത് 100 സാക്ഷികൾ വീതമുള്ള 3,000-ത്തിൽപരം സഭകൾക്കു തുല്യമാണ്! ഈ നേട്ടമെല്ലാമുണ്ടാകുന്നതെങ്ങനെയാണ്? യേശു പറഞ്ഞത് നമുക്ക് ഓർക്കാം: “എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല . . . എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവരാകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.” അതുകൊണ്ട്, മനുഷ്യശ്രമത്താൽ മാത്രമല്ല, ഒരുവൻ ആഗോളമീൻപിടുത്തത്തോടു പ്രതികരിക്കുന്നത്. യഹോവ ഹൃദയനില ഗ്രഹിക്കുകയും യോഗ്യതയുള്ളവരെ തന്നിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു.—യോഹന്നാൻ 6:44, 45; മത്തായി 10:11-13; പ്രവൃത്തികൾ 13:48.
13, 14. അനേകം സാക്ഷികൾ ഏതു നല്ല മനോഭാവം പ്രകടമാക്കിയിരിക്കുന്നു?
13 എന്നിരുന്നാലും യഹോവ ആളുകളെ തന്നിലേക്ക് ആകർഷിക്കാൻ ഉപയോഗിക്കുന്ന മുഖാന്തരങ്ങൾ മനുഷ്യമീൻപിടുത്തക്കാരാണ്. അതുകൊണ്ട്, ആളുകളോടും തങ്ങൾ വലവീശുന്ന പ്രദേശത്തോടുമുള്ള അവരുടെ മനോഭാവം പ്രധാനമാണ്. ഗലാത്യരോടുള്ള പൗലോസിന്റെ വാക്കുകൾ ബഹുഭൂരിപക്ഷവും കാര്യമായി എടുത്തിരിക്കുന്നതായി കാണുന്നത് എത്ര പ്രോത്സാഹജനകമാണ്: “നൻമചെയ്യുകയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്ക സമയത്തു നാം കൊയ്യും.”—ഗലാത്യർ 6:9.
14 അനേകം വിശ്വസ്തസാക്ഷികൾ ലോകവികാസങ്ങളെ അടുത്തു നിരീക്ഷിക്കവേ ദശാബ്ദങ്ങളായി പ്രസംഗിച്ചുകൊണ്ടാണിരിക്കുന്നത്. അവർ നാസിസത്തിന്റെയും ഫാസിസത്തിന്റെയും മററു സർവാധിപത്യവ്യവസ്ഥിതികളുടെയും ഉയർച്ചയും താഴ്ചയും കണ്ടിരിക്കുന്നു. ചിലർ 1914മുതൽ നടന്നിരിക്കുന്ന അനേകം യുദ്ധങ്ങൾക്കു സാക്ഷികളായിരിക്കുന്നു. ലോകനേതാക്കൻമാർ സർവരാജ്യസഖ്യത്തിലും പിന്നീട് ഐക്യരാഷ്ട്രങ്ങളിലും പ്രത്യാശയർപ്പിക്കുന്നത് അവർ കണ്ടിരിക്കുന്നു. അനേകം രാജ്യങ്ങളിൽ യഹോവയുടെ വേല നിരോധിക്കപ്പെടുന്നതും പിന്നീട് നിയമപരമാക്കപ്പെടുന്നതും അവർ കണ്ടിരിക്കുന്നു. ഇതിലെല്ലാം യഹോവയുടെ സാക്ഷികൾ മനുഷ്യരെ വീശിപ്പിടിക്കുന്നവരായി സേവിക്കുന്നതുൾപ്പെടെയുള്ള നൻമ ചെയ്യുന്നതിൽ മടുത്തുപോയിട്ടില്ല. നിർമ്മലതയുടെ എന്തൊരു മുന്തിയ രേഖ!—മത്തായി 24:13.
15. (എ) നമ്മുടെ ലോകവിസ്തൃതപ്രദേശത്തോടു പൊരുത്തപ്പെടുന്നതിന് നമുക്ക് ഏതു സഹായം ലഭിച്ചിട്ടുണ്ട്? (ബി) നിങ്ങളുടെ നിയമനത്തിൽ പ്രസിദ്ധീകരണങ്ങൾ സഹായിച്ചിരിക്കുന്നതെങ്ങനെ?
15 ഈ ലോകവ്യാപകവളർച്ചക്കു സംഭാവനചെയ്തിരിക്കുന്ന മററു ഘടകങ്ങളുണ്ട്. ഒന്ന് മനുഷ്യരെ വീശിപ്പിടിക്കുന്നവർക്ക് പ്രദേശത്തിന്റെ ആവശ്യങ്ങളോടുള്ള വഴക്കമുള്ള മനോഭാവമാണ്. വ്യത്യസ്തസംസ്കാരങ്ങളിലും മതങ്ങളിലും ഭാഷകളിലുംപെട്ട ആളുകളുടെ കുടിയേററത്തോടെ യഹോവയുടെ സാക്ഷികൾ ഈ വിവിധ വീക്ഷണഗതികൾ സംബന്ധിച്ചുള്ള തങ്ങളുടെ ഗ്രാഹ്യം വിശാലമാക്കിയിരിക്കുന്നു. ലോകവ്യാപകസഭ 200-ൽപരം ഭാഷകളിൽ ബൈബിളുകളും ബൈബിൾസാഹിത്യവും തയ്യാറാക്കിക്കൊണ്ട് ഗംഭീരമായി സഹായിച്ചിരിക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോകഭാഷാന്തരം മുഴുവനായോ ഭാഗികമായോ ചെക്കും സ്ലൊവാക്കും ഉൾപ്പെടെ 13 ഭാഷകളിലുണ്ട്. ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക അറബി മുതൽ റഷ്യൻ വരെയുള്ള 198 ഭാഷകളിൽ ലഭ്യമാണ്, 72 ദശലക്ഷം പ്രതികൾ അച്ചടിച്ചിട്ടുമുണ്ട്. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം ഇപ്പോൾത്തന്നെ 69 ഭാഷകളിൽ ലഭ്യമാണ്. 29 ഭാഷകളിൽ പ്രസിദ്ധപ്പെടുത്തുന്ന ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം ലോകത്തിലെ മുഖ്യ മതവ്യവസ്ഥിതികളുടെ ഉത്ഭവത്തിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള ഉൾക്കാഴ്ച നൽകുകയും ആഗോള മത്സ്യബന്ധനത്തിൽ ഒരു അനുപമമായ സഹായമെന്ന് തെളിയുകയും ചെയ്യുന്നു.
16. ചിലർ മററു രാജ്യങ്ങളിലെ ആവശ്യങ്ങളോടു പ്രതികരിച്ചിരിക്കുന്നതെങ്ങനെ?
16 വേറെ എന്തും ആഗോള മത്സ്യബന്ധനവേലയെ പുരോഗമിപ്പിച്ചിട്ടുണ്ട്? ആയിരങ്ങൾ ‘മക്കദോന്യവിളി’യോടു പ്രതികരിക്കാൻ സന്നദ്ധരായിരിക്കുന്നു. ദൈവത്തിന്റെ വിളിയിങ്കൽ ഏഷ്യാമൈനറിൽനിന്ന് യൂറോപ്പിലെ മക്കദോന്യയിലേക്ക് നീങ്ങാൻ പൗലോസ് സന്നദ്ധനായതുപോലെതന്നെ അനേകം സാക്ഷികൾ രാജ്യപ്രസംഗകരുടെയും അതുപോലെതന്നെ മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും ആവശ്യം ഏറെയുള്ള രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും മാറിപ്പാർത്തിരിക്കുന്നു. അവർ തദ്ദേശീയ വെള്ളങ്ങളിൽ നന്നായി മീൻപിടിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ട് വള്ളങ്ങൾ കുറവായിരിക്കുന്നതും മത്സ്യങ്ങൾ ധാരാളമുള്ളതുമായ വെള്ളങ്ങളിലേക്കു മാറിപ്പോകുന്ന അക്ഷരീയ മീൻപിടുത്തക്കാരെപ്പോലെയായിരിക്കുന്നു.—പ്രവൃത്തികൾ 16:9-12; ലൂക്കോസ് 5:4-10.
17. ‘മക്കദോന്യവിളി’യോടു പ്രതികരിച്ചിരിക്കുന്നവരുടെ ഏതു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
17 ഗിലയദ് മിഷനറിസ്കൂളിന്റെ അടുത്ത കാലത്തെ ക്ലാസ്സുകൾ ഇംഗ്ലീഷ് പഠിച്ചിട്ടുള്ളവരും അനന്തരം മററു രാജ്യങ്ങളിലും സംസ്കാരങ്ങളിലും സേവനത്തിന് തങ്ങളേത്തന്നെ അർപ്പിച്ചവരുമായ, വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിരിക്കുന്നു. അതുപോലെതന്നെ, ശുശ്രൂഷാപരിശീലനസ്കൂൾ മുഖേന അനേകം അവിവാഹിത സഹോദരൻമാർക്ക് രണ്ടുമാസത്തെ തീവ്രപരിശീലനം കൊടുത്ത് സഭകളെയും സർക്കിട്ടുകളെയും ബലപ്പെടുത്താൻ മററു രാഷ്ട്രങ്ങളിലേക്ക് അയക്കുന്നു. അസാധാരണമായ മററു മത്സ്യബന്ധനസ്ഥലങ്ങൾ കിഴക്കൻയൂറോപ്പിലും മുൻ സോവ്യററ് റിപ്പബ്ലിക്കുകളിലും ഇപ്പോൾ തുറക്കപ്പെടുന്ന പ്രദേശങ്ങളിലുണ്ട്.—റോമർ 15:20, 21 താരതമ്യപ്പെടുത്തുക.
18. (എ) സാധാരണയായി പയനിയർമാർ ഫലപ്രദരായ ശുശ്രൂഷകരായിരിക്കുന്നതെന്തുകൊണ്ട്? (ബി) അവർക്ക് സഭയിലെ മററുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയും?
18 ലോകവ്യാപകമത്സ്യബന്ധനവേലയിലെ കൂടുതലായ മറെറാരു സഹായം നിരന്തര പയനിയർമാർ ഹാജരാകുന്ന പയനിയർസേവനസ്കൂളാണ്. പയനിയർമാർക്കു മാത്രമായി തയ്യാറാക്കിയിരിക്കുന്ന ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുക എന്ന പ്രസിദ്ധീകരണത്തിന്റെ രണ്ടുവാരത്തെ ഊർജ്ജിതമായ പഠനത്തിലൂടെ അവർ “സ്നേഹത്തിന്റെ വഴി പിന്തുടരൽ,” “ഒരു മാതൃകയെന്ന നിലയിൽ യേശുവിനെ അനുകരിക്കുക,” “പഠിപ്പിക്കൽ വൈദഗ്ദ്ധ്യം വളർത്തിയെടുക്കൽ” എന്നിങ്ങനെയുള്ള വിഷയങ്ങൾ പരിചിന്തിക്കവേ തങ്ങളുടെ ശുശ്രൂഷാപരമായ പ്രാപ്തി മെച്ചപ്പെടുത്തുന്നു. ഈ വലിയ മത്സ്യബന്ധനവേലയിൽ മററുള്ളവരെ പരിശീലിപ്പിക്കാൻ കഴിവുള്ള യോഗ്യരായ വീടുതോറുമുള്ള ഈ മീൻപിടുത്തക്കാരുടെ ററീമുകൾ ഉണ്ടായിരിക്കുന്നതിൽ സഭകളെല്ലാം എത്ര നന്ദിയുള്ളവയാണ്!—മത്തായി 5:14-16; ഫിലിപ്പിയർ 2:15; 2 തിമൊഥെയോസ് 2:1, 2.
നമുക്ക് മെച്ചപ്പെടാൻ കഴിയുമോ?
19. അപ്പോസ്തലനായ പൗലോസിനെപ്പോലെ, നമുക്ക് നമ്മുടെ ശുശ്രൂഷയിൽ എങ്ങനെ അഭിവൃദ്ധിപ്പെടാൻ കഴിയും?
19 പൗലോസിനെപ്പോലെ, നാം ക്രിയാത്മകവും പുരോഗമനോൻമുഖവുമായ ഒരു മനോഭാവമുണ്ടായിരിക്കാനാഗ്രഹിക്കുന്നു. (ഫിലിപ്പിയർ 3:13, 14) അവൻ എല്ലാത്തരം ആളുകളോടും സാഹചര്യങ്ങളോടും പൊരുത്തപ്പെട്ടു. അവന് പരസ്പരസമ്മതമുള്ള കാര്യങ്ങൾ കണ്ടെത്താനും തദ്ദേശീയമനോഭാവങ്ങളുടെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിൽ ന്യായവാദം ചെയ്യാനും അറിയാമായിരുന്നു. രാജ്യസന്ദേശത്തോടുള്ള വീട്ടുകാരന്റെ പ്രതികരണം സംബന്ധിച്ചു ജാഗ്രത പുലർത്തിക്കൊണ്ടും അനന്തരം നമ്മുടെ അവതരണം വ്യക്തിയുടെ ആവശ്യങ്ങളോടു പൊരുത്തപ്പെടുത്തിക്കൊണ്ടും നമുക്ക് ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാൻ കഴിയും. നമുക്കു വളരെ വൈവിധ്യമാർന്ന ബൈബിളദ്ധ്യയനസഹായികളുള്ളതിനാൽ വ്യക്തിയുടെ വീക്ഷണത്തിന് യോജിക്കുന്ന ഒന്ന് നമുക്ക് സമർപ്പിക്കാൻ കഴിയും. നമ്മുടെ വഴക്കവും ജാഗ്രതയും ഫലപ്രദമായ മീൻപിടുത്തത്തിലെ പ്രധാന ഘടകങ്ങളാണ്.—പ്രവൃത്തികൾ 17:1-4, 22-28, 34; 1 കൊരിന്ത്യർ 9:19-23.
20. (എ) നമ്മുടെ മത്സ്യബന്ധനവേല ഇപ്പോൾ വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഇപ്പോൾ നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്തം എന്താണ്?
20 ഈ അനുപമമായ ആഗോള മത്സ്യബന്ധനവേല ഇപ്പോൾ വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നടന്നിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ലോകസംഭവങ്ങളിൽ പ്രതിഫലിക്കുന്ന ബൈബിൾപ്രവചനങ്ങളിൽനിന്ന് സാത്താന്റെ ലോകവ്യവസ്ഥിതി ഒരു വിപത്ക്കരമായ പരമാന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. അതുകൊണ്ട് യഹോവയുടെ സാക്ഷികളായ നാം എന്തു ചെയ്യേണ്ടതാണ്? ഈ മാസികയിലെ മൂന്ന് അദ്ധ്യയനലേഖനങ്ങൾ ആഗോളവെള്ളങ്ങളിലെ നമ്മുടെ ഭാഗത്തെ മത്സ്യബന്ധനപ്രവർത്തനത്തിൽ ഉത്സാഹവും തീക്ഷ്ണതയുമുള്ളവരായിരിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തത്തെ പ്രദീപ്തമാക്കിയിരിക്കുന്നു. യഹോവ നമ്മുടെ ഉത്സുകമായ മത്സ്യബന്ധനപ്രവർത്തനത്തെ മറക്കുകയില്ലെന്ന് നമുക്ക് ബൈബിളിൽനിന്ന് ഈടുററ ഉറപ്പുണ്ട്. പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധൻമാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളയാൻ തക്കവണ്ണം അനീതിയുള്ളവനല്ല. എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.”—എബ്രായർ 6:10-12.
[അടിക്കുറിപ്പുകൾ]
a വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ “വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!” എന്നതിന്റെ 185ഉം 186ഉം പേജുകളും കാണുക.
b “പയനിയർ പ്രസംഗകൻ . . . യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയപ്രവർത്തകൻ.” വെബ്സ്റേറഴ്സ് തേർഡ് ന്യൂ ഇൻറർനാഷനൽ ഡിക്ഷ്ണറി.
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ യഹോവയുടെ സാക്ഷികൾ മുഴുലോകത്തെയും തങ്ങളുടെ മത്സ്യബന്ധനപ്രവർത്തനങ്ങളുടെ രംഗമായി വീക്ഷിക്കുന്നതെന്തുകൊണ്ട്?
◻ ഗിലയദ് മിഷനറിസ്കൂൾ മീൻപിടുത്തവേലക്ക് എന്തനുഗ്രഹമായിരുന്നിട്ടുണ്ട്?
◻ യഹോവയുടെ സാക്ഷികളുടെ വിജയത്തിനു സംഭാവനചെയ്തിരിക്കുന്ന ചില ഘടകങ്ങളേവ?
◻ നമ്മുടെ ക്രിസ്തീയ ശുശ്രൂഷയിൽ നമുക്ക് എങ്ങനെ വ്യക്തിപരമായി മെച്ചപ്പെടാൻ കഴിയും?
[24-ാം പേജിലെ ചാർട്ട്]
സാർവദേശീയ മത്സ്യബന്ധനത്തിന്റെ ഫലങ്ങൾ
വർഷം രാജ്യങ്ങൾ സാക്ഷികൾ
1939 61 71,509
1943 54 1,26,329
1953 143 5,19,982
1973 208 17,58,429
1983 205 26,52,323
1991 211 42,78,820
[25-ാം പേജിലെ ചിത്രം]
ഗലീലക്കാരായ മീൻപിടുത്തക്കാരുടെ ഇടയിൽ ഇപ്പോഴും സാക്ഷീകരണവേല നടത്തപ്പെടുന്നു