ബൈബിളിന്റെ വീക്ഷണം
ക്രിസ്തീയ ഐക്യം വൈവിധ്യത്തിന് അനുമതി നൽകുന്നുവോ?
ക്രിസ്തീയ സഭയിൽ ഐക്യം മർമപ്രധാനമാണ്. വിശ്വാസം സംബന്ധിച്ച പഠിപ്പിക്കലുകളിലുള്ള അനൈക്യം ഉഗ്രമായ വാദപ്രതിവാദങ്ങൾക്കും ഭിന്നിപ്പിനും ശത്രുതയ്ക്കും പോലും ഇടയാക്കും. (പ്രവൃത്തികൾ 23:6-10) “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ” എന്ന് ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 14:33) അതുകൊണ്ട്, യോജിപ്പിൽ സംസാരിക്കാനും ഒരേ മനസ്സിലും ഒരേ ചിന്താഗതിയിലും ഐക്യപ്പെട്ടിരിക്കാനും ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു.—1 കൊരിന്ത്യർ 1:10, NW.
ഈ വാക്കുകളും സമാനമായ ബൈബിൾ ഭാഗങ്ങളും ക്രിസ്ത്യാനികൾ എല്ലാ കാര്യത്തിലും കർശനമായ ഐകരൂപ്യം ഉള്ളവരായിരിക്കണമെന്നു സൂചിപ്പിക്കുന്നുണ്ടോ? (യോഹന്നാൻ 17:20-23; ഗലാത്യർ 3:28) ബൈബിളിൽ വർണിച്ചിരിക്കുന്ന സത്യക്രിസ്ത്യാനിത്വം വ്യക്തിത്വ വൈവിധ്യത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ടോ? എല്ലാ ക്രിസ്ത്യാനികളും ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ കാണപ്പെടാൻ പ്രതീക്ഷിക്കപ്പെടുന്നുണ്ടോ?
ദൈവം വ്യക്തികളെന്നനിലയിൽ നമ്മെ ആകർഷിക്കുന്നു
സാമാന്യജനങ്ങളെ സ്വേച്ഛാപരമായി നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു ഉപകരണം മാത്രമാണു ബൈബിളെന്ന് ചിലയാളുകൾ ഉറച്ചുവിശ്വസിക്കുന്നു. ചില മതവിഭാഗങ്ങൾ ആ വിധത്തിൽ അതിനെ പലപ്പോഴും ദുരുപയോഗപ്പെടുത്തിയിരിക്കുന്നു എന്നതു ശരിതന്നെ. എങ്കിലും, തിരുവെഴുത്തിനെയും അതിന്റെ ദിവ്യ ഗ്രന്ഥകാരനെയും സംബന്ധിച്ച് യേശു വളരെ വ്യത്യസ്തമായ ഒരു ചിത്രമാണു വരച്ചുകാട്ടിയത്. തന്റെ സൃഷ്ടികളിലോരോന്നിലും ആഴമായ താത്പര്യമുള്ള ഒരുവനായി അവൻ ദൈവത്തെ വർണിച്ചു.
യോഹന്നാൻ 6:44-ൽ യേശു ഇങ്ങനെ വിശദീകരിച്ചു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം ദൈവം ആളുകളെ അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി വലിച്ചിഴയ്ക്കുന്നുവെന്നു സൂചിപ്പിക്കുന്നില്ല. പകരം അവനിലേക്ക് അടുത്തു ചെല്ലാനുള്ള ഹൃദയംഗമമായ ഒരു ആഗ്രഹം നമ്മിൽ ജനിപ്പിച്ചുകൊണ്ട് ദൈവം നമ്മെ സൗമ്യമായി ആകർഷിക്കുന്നു. ‘വിശ്വസിക്കാൻ തക്കവണ്ണം മനസ്സിനെ ചായ്ക്കുന്ന ദൈവത്തിൽനിന്നുള്ള സ്വാധീന’ത്തെക്കുറിച്ച് ഒരു ബൈബിൾ പണ്ഡിതൻ വിവരിക്കുകയുണ്ടായി. സ്രഷ്ടാവ് മനുഷ്യകുടുംബത്തെ വ്യക്തിത്വമില്ലാത്ത ഒരു കൂട്ടമാളുകളായി വീക്ഷിക്കുന്നില്ല. അവൻ വ്യക്തികളെ വിലയിരുത്തുകയും ശരിയായ ഹൃദയനിലയുള്ളവരെ തന്നിലേക്കു സൗമ്യമായി ആകർഷിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 11:5, പി.ഒ.സി. ബൈബിൾ; സദൃശവാക്യങ്ങൾ 21:2; പ്രവൃത്തികൾ 13:48, NW.
അപ്പോസ്തലനായ പൗലൊസ് ഇണങ്ങിച്ചേരാൻ എത്രമാത്രം കഴിവുള്ളവനായിരുന്നുവെന്നു ശ്രദ്ധിക്കുക. അവൻ വ്യക്തികളുടെ പ്രത്യേക ആവശ്യങ്ങൾ തിരിച്ചറിയുകയും ചില പ്രത്യേക ദേശങ്ങളിൽനിന്നോ പശ്ചാത്തലങ്ങളിൽനിന്നോ ഉള്ളവർക്ക് തനതായ ചില വീക്ഷണഗതികളുണ്ടായിരുന്നതായി അംഗീകരിക്കുകയും ചെയ്തു. എന്നിട്ട് അവൻ തന്റെ സമീപനത്തിന് അതനുസരിച്ചു മാറ്റംവരുത്തി. അവൻ ഇങ്ങനെ എഴുതി: “യെഹൂദൻമാരെ നേടേണ്ടതിന്നു ഞാൻ യെഹൂദൻമാർക്കു യെഹൂദനെപ്പോലെ ആയി . . . ബലഹീനൻമാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.”—1 കൊരിന്ത്യർ 9:20-22.
പൗലൊസ്, എല്ലാവരും ഒരുപോലെ പെരുമാറണമെന്ന് നിഷ്കർഷിക്കുകയോ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറുകയോ ചെയ്തില്ല എന്നതു വ്യക്തം. അവൻ അവരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊസ്സ്യർ 4:6) അതേ, ഓരോ വ്യക്തിയെയും സഹായിക്കാൻ കഴിയേണ്ടതിന് പൗലൊസും മറ്റു ക്രിസ്ത്യാനികളും ഓരോരുത്തരുടെയും വ്യക്തിത്വ സവിശേഷതകൾ തിരിച്ചറിഞ്ഞ് ആദരിക്കേണ്ടതുണ്ടായിരുന്നു.
ദൈവത്തിന്റെ ആദിമ രൂപകൽപ്പന
വ്യക്തിയെന്ന നിലയിൽ ഒരാളോടുള്ള ഈ ആദരവ് അയാൾ ക്രിസ്തീയ സഭയുടെ ഭാഗമായിക്കഴിഞ്ഞും തുടരുന്നു. പൂർണ ഐകരൂപ്യത്തിലും അധികാരസ്ഥാനം വഹിക്കുന്നവരുടെ അഭീഷ്ടങ്ങളോടു പൂർണ ചേർച്ചയിലും വർത്തിക്കുന്ന ഒരു സംഘടനയിലായിരുന്നുകൊണ്ട് തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുത്താൻ ദൈവജനം അനുവദിക്കുന്നില്ല. പകരം, നാനാതരം വ്യക്തിത്വങ്ങൾ ഉള്ളവർ അവരുടെയിടയിലുണ്ട്. അവർക്ക് വ്യത്യസ്ത കഴിവുകളും ശീലങ്ങളും അഭിപ്രായങ്ങളുമാണുള്ളത്. ഓരോരുത്തരുടെയും വ്യക്തിത്വ സവിശേഷതകളെ ഒരു ശല്യമോ ഉപദ്രവമോ ആയി വീക്ഷിക്കുന്നില്ല. അത് ദൈവത്തിന്റെ ആദിമ രൂപകൽപ്പനയുടെ ഭാഗമാണ്.
അതുകൊണ്ട്, നീതിമാൻമാർക്കായി ബൈബിളിൽ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിലെ പൂർണ മനുഷ്യർക്കിടയിൽ വളരെയേറെ വൈവിധ്യങ്ങൾ ഉണ്ടായിരിക്കും. (2 പത്രൊസ് 3:13) ബൈബിൾ വിജ്ഞാനകോശമായ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ചa (ഇംഗ്ലീഷ്) “പൂർണത” എന്ന ശീർഷകത്തിൻ കീഴിൽ ഉചിതമായിത്തന്നെ പിൻവരുന്നപ്രകാരം അഭിപ്രായപ്പെടുന്നു: “ആളുകൾ പലപ്പോഴും വിചാരിക്കുന്നതുപോലെ പൂർണത എന്നതിന് വൈവിധ്യം ഇല്ലായ്മ എന്ന് അർഥമില്ല. യഹോവയുടെ ‘പൂർണതയുള്ള പ്രവർത്തന’ത്തിന്റെ ഉത്പന്നമായ ജന്തുലോകം (ഉല്പ[ത്തി] 1:20-24; ആവ[ർത്തനപുസ്തകം] 32:4, NW) വൈവിധ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു.”
ഉൾക്കാഴ്ച ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സമാനമായി, വൈവിധ്യമോ വ്യത്യാസമോ വൈരുദ്ധ്യമോ പൂർണതയുള്ള ഭൗമഗ്രഹവുമായി ചേർച്ചയിലല്ലെന്നു വരുന്നില്ല; ലഘുവായ കാര്യങ്ങളും സങ്കീർണമായ കാര്യങ്ങളും, അലങ്കൃതമായ കാര്യങ്ങളും അനലങ്കൃതമായ കാര്യങ്ങളും, പുളിയുള്ള സാധനങ്ങളും മധുരമുള്ള സാധനങ്ങളും, പരുപരുത്ത സാധനങ്ങളും മിനുസമുള്ള സാധനങ്ങളും, പുൽത്തകിടികളും വനങ്ങളും, പർവതങ്ങളും താഴ്വരകളും എല്ലാം അതിലുണ്ട്. വസന്തം പൊട്ടിവിടരുമ്പോഴത്തെ നവോന്മേഷദായകമായ പ്രസന്നതയും നീലാകാശങ്ങളോടുകൂടിയ വേനലിന്റെ ഊഷ്മളതയും ശരത്കാലവർണങ്ങളുടെ മനോഹാരിതയും പുതുമഞ്ഞിന്റെ നിർമല സൗന്ദര്യവും എല്ലാം അതിലെ വൈവിധ്യങ്ങളാണ്. (ഉല്പ[ത്തി] 8:22) അതുകൊണ്ട് പൂർണ മനുഷ്യർ ഒരേപോലത്തെ വ്യക്തിത്വവും പ്രാപ്തികളും കഴിവുകളുമുള്ള, ഒരേ അച്ചിൽ വാർത്തെടുത്തതുപോലുള്ള ആളുകളായിരിക്കില്ല.”
മറ്റുള്ളവരോടുള്ള താത്പര്യം
എന്നിരുന്നാലും, സത്യക്രിസ്ത്യാനിത്വം നമുക്കു ചുറ്റുമുള്ളവരെ സ്വാർഥതാപൂർവം അവഗണിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകതന്നെ ചെയ്യുന്നു. അപ്പോസ്തലനായ പൗലൊസ് മറ്റുള്ളവർക്ക് ഇടർച്ചവരുത്തുന്നത് ഒഴിവാക്കാൻ തന്റെ ജീവിതത്തിന്റെയും പെരുമാറ്റത്തിന്റെയും എല്ലാ വശങ്ങൾക്കും അടുത്ത ശ്രദ്ധകൊടുത്തു. കൊരിന്തിലെ സഭയ്ക്കുള്ള തന്റെ ലേഖനത്തിൽ അവനിങ്ങനെ പറഞ്ഞു: “ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടു”ക്കുന്നില്ല. (2 കൊരിന്ത്യർ 6:3) ചില സമയങ്ങളിൽ, നാം നമ്മുടെ വ്യക്തിപരമായ ആഗ്രഹങ്ങൾക്കു കടിഞ്ഞാണിടുകയും സ്വന്തം അഭീഷ്ടങ്ങളെക്കാളുപരി മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുകയും വേണം. ഉദാഹരണത്തിന്, പൗലൊസ് റോമിലെ ക്രിസ്ത്യാനികൾക്ക് എഴുതി: “മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.”—റോമർ 14:21.
സമാനമായി ഇന്ന്, മദ്യപാനത്തെ നിയന്ത്രിക്കുന്നതിൽ പ്രശ്നമുള്ള ഒരാളുടെ മുന്നിൽവെച്ച് ഒരു വ്യക്തി മദ്യം കഴിക്കാതിരിക്കാൻ തീരുമാനിച്ചേക്കാം. (1 കൊരിന്ത്യർ 10:23, 24) അത് ആ വ്യക്തിയോട് അനുരൂപപ്പെടുന്നതിനുള്ള നിർബന്ധപ്രേരണ നിമിത്തമല്ല, പിന്നെയോ ദയയും സ്നേഹവും സ്ഫുരിക്കുന്ന ഒരു ഉത്കൃഷ്ട കൃത്യമെന്നവണ്ണമാണു ചെയ്യുന്നത്. “ക്രിസ്തുവും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല.” യേശു ഒരു വ്യക്തിയായിരുന്നു. എങ്കിലും അവൻ മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് തന്റെ ഇഷ്ടങ്ങളിൽ കടിച്ചുതൂങ്ങിയില്ല.—റോമർ 15:3, പി.ഒ.സി ബൈ.
എങ്കിലും, സത്യക്രിസ്ത്യാനിത്വത്തിന്റെ ഏറ്റവും നവോൻമേഷദായകമായ വശങ്ങളിലൊന്ന് അതു വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അഭീഷ്ടങ്ങളെയും—അവ ബൈബിൾ മാർഗനിർദേശങ്ങളുടെ ചട്ടക്കൂട്ടിലായിരിക്കുന്നിടത്തോളം—ആദരിക്കുന്നുവെന്നതാണ്. ദൈവം നമ്മെ വ്യതിരിക്തരും അനന്യരും ആയി സൃഷ്ടിച്ചു എന്ന് അതു പഠിപ്പിക്കുന്നു. 1 കൊരിന്ത്യർ 2:11-ൽ നാമിങ്ങനെ വായിക്കുന്നു: “മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും?” നാം മറ്റുള്ളവരെ കഴിയുന്നിടത്തോളം മനസ്സിലാക്കാൻ ശ്രമിക്കുന്നു. എന്നാൽ നമുക്കും നമ്മുടെ സ്രഷ്ടാവിനും മാത്രമറിയാവുന്ന അനന്യസവിശേഷതകൾ നമുക്കോരോരുത്തർക്കും ഉണ്ടെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. നമ്മുടെ ഇഷ്ടാനുസരണം നാം വെളിപ്പെടുത്തുന്ന “ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ” നമുക്കുണ്ട്.—1 പത്രൊസ് 3:4.
ഐക്യവും വൈവിധ്യവും—ഒരു സൂക്ഷ്മ സമനില
അപ്പോസ്തലനായ പൗലൊസ് ക്രിസ്തീയ സമനിലയുടെ ഒരു നല്ല ദൃഷ്ടാന്തം വെച്ചു. ക്രിസ്തുവിന്റെ ഒരു അപ്പോസ്തലനെന്ന നിലയിൽ അധികാരമുള്ളവനായിരുന്നിട്ടും മറ്റുള്ളവരുടെമേൽ തന്റെ അഭിപ്രായം അടിച്ചേൽപ്പിക്കാതിരിക്കാൻ അവൻ ശ്രദ്ധയുള്ളവനായിരുന്നു.
ഉദാഹരണത്തിന്, ഈ അപൂർണ ലോകത്തിൽ ഏകാകിയായിരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് പൗലൊസിനു വളരെ ശക്തമായ അഭിപ്രായമുണ്ടായിരുന്നു. പിൻവരുന്നപ്രകാരം എഴുതിയ സമയത്ത് അവനും ഏകാകിയായിരുന്നു: “[വിവാഹം കഴിക്കുന്നവർക്കു] ജഡത്തിൽ കഷ്ടത ഉണ്ടാകും.” “[ഒരു വിധവ] അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം.” അവന്റെ വാക്കുകൾ ദൈവത്തിന്റെ നിശ്വസ്ത വചനത്തിന്റെ ഭാഗമായിത്തീർന്നു എന്ന വസ്തുത അവന്റെ അഭിപ്രായത്തിൽ യാതൊരു പിശകും ഉണ്ടായിരുന്നില്ലെന്നു സൂചിപ്പിക്കുന്നു. എങ്കിലും, അവൻ ഇങ്ങനെയും പറഞ്ഞു: “നീ വിവാഹം ചെയ്താലും ദോഷമില്ല.”—1 കൊരിന്ത്യർ 7:28, 40.
തെളിവനുസരിച്ച്, അപ്പോസ്തലൻമാരിൽ മിക്കവരും വിവാഹിതരായിരുന്നു. പൗലൊസിന്റെ പിൻവരുന്ന വാക്കുകളിൽനിന്ന് അതു വ്യക്തമാണ്: “ശേഷം അപ്പൊസ്തലൻമാരും കർത്താവിന്റെ സഹോദരൻമാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയോ?” (1 കൊരിന്ത്യർ 9:5) ഇക്കാര്യത്തിൽ തങ്ങൾക്ക് പൗലൊസിന്റേതിൽനിന്നു വ്യത്യസ്തമായ തിരഞ്ഞെടുപ്പുകൾ നടത്താനാവുമെന്നും അങ്ങനെചെയ്താലും അവൻ തങ്ങളെ ആദരിക്കുമെന്നും ക്രിസ്ത്യാനികൾക്ക് അറിയാമായിരുന്നു.
തങ്ങളുടെ അതുല്യ വ്യക്തിത്വത്തിനു ചേർച്ചയിൽ വിശ്വാസം പ്രകടിപ്പിക്കാൻ ദൈവാരാധകർക്ക് എല്ലായ്പോഴും അനുവാദം ലഭിച്ചിട്ടുണ്ട്. വാസ്തവത്തിൽ, തങ്ങളുടെ വ്യക്തിപരമായ ശൈലി ഉപയോഗിക്കുന്നതിനുപോലും ദൈവം ബൈബിളെഴുത്തുകാരെ അനുവദിച്ചു. ഉദാഹരണത്തിന്, പ്രഥമപുരുഷ സർവനാമം ഉപയോഗിച്ച് തന്റെ വിവരണം എഴുതിയെങ്കിലും നെഹെമ്യാവ് താഴ്മയുള്ളവനായിരുന്നു. (നെഹെമ്യാവു 5:6, 19) നേരേമറിച്ച്, വിനയം നിമിത്തം അപ്പോസ്തലനായ യോഹന്നാൻ തന്റെ സുവിശേഷ വിവരണത്തിൽ ഒരിക്കൽ പോലും തന്റെ സ്വന്തം പേര് ഉപയോഗിച്ചില്ല. മാത്രമല്ല, വിരളമായിട്ടേ അവൻ തന്നെക്കുറിച്ചു പരാമർശിക്കുകയും ചെയ്തുള്ളൂ. ദൈവം ഈ രണ്ടു ശൈലികളും അംഗീകരിക്കുകയും ബൈബിളിൽ അവയെ പരിരക്ഷിക്കുകയും ചെയ്തു.
സമനിലയുടെയും ന്യായയുക്തതയുടെയും സമാനമായ ദൃഷ്ടാന്തങ്ങൾ തിരുവെഴുത്തുകളിലുടനീളം കാണാം. ക്രിസ്തീയ ഐക്യം വൈവിധ്യത്തിന് അനുമതി നൽകുന്നുവെന്നു വ്യക്തം. തീർച്ചയായും, ആത്മീയ ഗുണങ്ങളുടെ അഭാവത്തിൽ ജീവിത പശ്ചാത്തലങ്ങളുടെയും അഭിപ്രായങ്ങളുടെയും വൈവിധ്യം അനൈക്യത്തിന് ഇടയാക്കിയേക്കാം. (റോമർ 16:17, 18) എന്നാൽ നാം ‘ഐക്യത്തിന്റെ സമ്പൂർണ ബന്ധമായ സ്നേഹം ധരിക്കു’മ്പോൾ മറ്റുള്ളവരുടെ അതുല്യ വ്യക്തിത്വങ്ങളെ അംഗീകരിക്കാനും ആസ്വദിക്കാനും പഠിക്കുന്നു.—കൊലൊസ്സ്യർ 3:14, NW.
“അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ” എന്ന് ബൈബിൾ പറയുന്നു. (റോമർ 15:7) ദൈവാത്മാവിന്റെ സഹായത്താൽ ക്രിസ്ത്യാനികൾക്ക് സഭയിലെ അതുല്യ വ്യക്തിത്വങ്ങളുടെ വൈവിധ്യം ആസ്വദിക്കുമ്പോൾത്തന്നെ ഐക്യം നിലനിർത്തുകയെന്ന സൂക്ഷ്മ സമനില കൈവരിക്കാൻ കഴിയും.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
[14-ാം പേജിലെ ആകർഷകവാക്യം]
സ്രഷ്ടാവ് മനുഷ്യകുടുംബത്തെ വ്യക്തിത്വമില്ലാത്ത ഒരു കൂട്ടമാളുകളായി വീക്ഷിക്കുന്നില്ല
[15-ാം പേജിലെ ആകർഷകവാക്യം]
നമുക്കും നമ്മുടെ സ്രഷ്ടാവിനും മാത്രമറിയാവുന്ന അനന്യസവിശേഷതകൾ നമുക്കോരോരുത്തർക്കും ഉണ്ട്