“പരീശൻമാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊൾവിൻ”
പത്തൊമ്പതു നൂററാണ്ടുകൾക്കുമുമ്പു യേശു ഭൂമിയിലായിരുന്നപ്പോൾ ഉച്ചരിച്ചതായിരുന്നു ആ വാക്കുകൾ. ഹാനികരമായ മതപഠിപ്പിക്കലുകളെയും നടപടികളെയും കുറിച്ച് ശിഷ്യൻമാരെ ജാഗരൂകരാക്കുകയായിരുന്നു അവൻ. (മത്തായി 16:6, 12) മർക്കൊസ് 8:15-ലെ വിവരണം അതിനെ ഇങ്ങനെ വ്യക്തമാക്കിത്തരുന്നു: “പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊൾവിൻ.” ഹെരോദാവിനെ പരാമർശിച്ചത് എന്തുകൊണ്ടായിരുന്നു? കാരണം സദൂക്യരിൽ ചിലർ ഹെരോദാവിന്റെ ചിന്താഗതിക്കാരായ ഒരു രാഷ്ട്രീയ സമൂഹമായിരുന്നു.
അത്തരം വിശേഷാലുള്ള ഒരു മുന്നറിയിപ്പ് ആവശ്യമായിരുന്നത് എന്തുകൊണ്ടായിരുന്നു? യേശുവിനെ എന്തുംകൽപ്പിച്ച് എതിരിട്ടവരായിരുന്നില്ലേ പരീശൻമാരും സദൂക്യരും? (മത്തായി 16:21; യോഹന്നാൻ 11:45-50) അതേ, അവർ അങ്ങനെയുള്ളവരായിരുന്നു. എങ്കിലും അവരിൽ ചിലർ പിൽക്കാലത്തു ക്രിസ്ത്യാനിത്വം സ്വീകരിച്ച് അവരുടെ സ്വന്തം ആശയങ്ങൾ ക്രിസ്തീയ സഭയുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമായിരുന്നു.—പ്രവൃത്തികൾ 15:5.
വേറെയും അപകടമുണ്ടായിരുന്നു. ആ മതനേതാക്കൻമാരുടെ സ്വാധീനത്തിൻകീഴിൽ വളർന്നുവന്ന ശിഷ്യൻമാർ അവരെ അനുകരിക്കാനുള്ള സാധ്യതയായിരുന്നു അത്. ചിലപ്പോഴെല്ലാം, അവരുടെ അത്തരം പശ്ചാത്തലമായിരുന്നു യേശുവിന്റെ പഠിപ്പിക്കൽ ഗ്രഹിക്കുന്നതിനു തടസ്സമായത്.
പരീശസമ്പ്രദായത്തെയും സദൂക്യസമ്പ്രദായത്തെയും അത്ര അപകടമുള്ളതാക്കിയത് എന്തായിരുന്നു? ഒരു ധാരണ ലഭിക്കാൻ യേശുവിന്റെ നാളിലെ മതപരമായ അവസ്ഥയിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതിയാകും.
മതപരമായ അനൈക്യം
പൊ.യു. (പൊതുയുഗം) ഒന്നാം നൂററാണ്ടിലെ യഹൂദസമുദായത്തെക്കുറിച്ചു ചരിത്രകാരനായ മാക്സ് റേഡൻ എഴുതി: “വാസ്തവത്തിൽ യഹൂദസഭകൾ ഓരോന്നും സ്വതന്ത്രമായിരുന്നു, തന്നെയുമല്ല, അങ്ങനെയാണു വേണ്ടത് എന്ന നിർബന്ധവുമുണ്ടായിരുന്നു . . . ആലയത്തോടും വിശുദ്ധ നഗരത്തോടുമുള്ള ഭക്തിക്കു ശക്തമായ ഊന്നൽ നൽകിയ ഒട്ടുമിക്കപ്പോഴും മാതൃരാജ്യത്തിന്റെ അക്കാലത്തെ പരമോന്നത ഭരണാധികാരികൾക്കെതിരെ കടുത്ത വിദ്വേഷം പ്രകടിപ്പിക്കപ്പെട്ടു.”
തീർച്ചയായും, ശോചനീയമായ ആത്മീയാവസ്ഥതന്നെ! അങ്ങനെയാവാനുണ്ടായ ചില കാരണങ്ങളെന്തെല്ലാമായിരുന്നു? എല്ലാ യഹൂദൻമാരും പാലസ്തീനിലല്ലായിരുന്നു പാർത്തിരുന്നത്. യഹോവയുടെ പുരോഹിതവർഗ ക്രമീകരണത്തോടുള്ള ആദരവിനു തുരങ്കം വെക്കുന്നതായിരുന്നു ഗ്രീക്കു സംസ്കാരത്തിന്റെ സ്വാധീനം. ഗ്രീക്കു സംസ്കാരത്തിൽ പുരോഹിതൻമാർ സമുദായ നേതാക്കൻമാരായിരുന്നില്ല. (പുറപ്പാടു 28:29; 40:12-15) വിദ്യാസമ്പന്നരായ സാധാരണക്കാരെയും ശാസ്ത്രിമാരെയും അവഗണിക്കാൻ പാടില്ലായിരുന്നു.
പരീശൻമാർ
പരീശൻമാർ, അഥവാ പെരുശിം എന്നതിനർഥം “വേർപെട്ടവർ” എന്നാവാം. മോശയുടെ അനുഗാമികളായിട്ടാണു പരീശൻമാർ സ്വയം കരുതിയത്. അവർക്ക് അവരുടേതായ ഒരു സഖ്യം, അഥവാ സാഹോദര്യം (എബ്രായയിൽ ചവുറാ) ഉണ്ടായിരുന്നു. ലേവ്യരുടെ ശുദ്ധി കർശനമായും പാലിക്കാമെന്നും അംഹാരററ്സുമായുള്ള (വിദ്യാഭ്യാസമില്ലാത്ത ജനം) അടുത്ത സഹവാസം ഒഴിവാക്കാമെന്നും കൃത്യമായിത്തന്നെ ദശാംശം കൊടുത്തേക്കാമെന്നും മൂന്നംഗങ്ങളുടെമുമ്പാകെ ഉറപ്പുകൊടുത്താലേ അതിൽ ഒരംഗമാകാൻ സാധിക്കുമായിരുന്നുള്ളൂ. മർക്കൊസ് 2:16 [NW] “പരീശൻമാരിൽപ്പെട്ട ശാസ്ത്രിമാരെ”ക്കുറിച്ചു പറയുന്നു. ഇക്കൂട്ടരിൽ ചിലർ തൊഴിൽപരമായി ശാസ്ത്രിമാരും ഗുരുക്കൻമാരുമായിരുന്നു, അതേസമയം മററുചിലർ സാധാരണക്കാരും.—മത്തായി 23:1-7.
സർവവ്യാപിയായ ഒരു ദൈവത്തിലായിരുന്നു പരീശൻമാർ വിശ്വസിച്ചിരുന്നത്. ഇങ്ങനെയായിരുന്നു അവരുടെ ന്യായവാദം: “ദൈവം സകലയിടത്തുമുണ്ട്.” അതുകൊണ്ട് “ആലയത്തിന് അകത്തും പുറത്തുംവെച്ച് അവനെ ആരാധിക്കാം, യാഗങ്ങൾകൊണ്ടുമാത്രമല്ല അവനോടു യാചന കഴിക്കേണ്ടത്. അങ്ങനെ അവർ സിനഗോഗിനെ ആരാധനയുടെയും പഠനത്തിന്റെയും പ്രാർഥനയുടെയും സ്ഥലമാക്കിയെടുക്കുകയും അതിനെ ആളുകളുടെ ജീവിതത്തിലെ കേന്ദ്രസ്ഥാനവും പ്രധാനപ്പെട്ട സ്ഥലവുമാക്കി ഉയർത്തുകയും ചെയ്തു. അങ്ങനെ അത് ആലയത്തോടു കിടപിടിക്കുന്ന ഒന്നായി മാറി.”—എൻസൈക്ലോപീഡിയ ജൂഡായിക്ക.
പരീശൻമാർക്കു യഹോവയുടെ ആലയത്തോടു വിലമതിപ്പില്ലാതായി. ഇതു യേശുവിന്റെ വാക്കുകളിൽനിന്നു കാണാവുന്നതാണ്: “ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടൻമാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം. മൂഢൻമാരും കുരുടൻമാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിൻമേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു. കുരുടൻമാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ? ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൻമേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.”—മത്തായി 23:16-20.
പരീശൻമാർ ന്യായവാദത്തിൽ അത്രയും വക്രതയുള്ളവരായിത്തീർന്നതെങ്ങനെ? അവർ എന്ത് അവഗണിക്കുകയായിരുന്നു? അടുത്തതായി യേശു പറയുന്നതെന്താണെന്നു ശ്രദ്ധിക്കുക. “മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.” (മത്തായി 23:21) ഈ വാക്യത്തെക്കുറിച്ച് ഇ. പി. സാന്റേഴ്സ് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “ദൈവം അവിടെ ആരാധിക്കപ്പെടുന്നതുകൊണ്ടു മാത്രമല്ല, അവൻ അവിടെ ഉണ്ടായിരുന്നതുകൊണ്ടുമാണ് ആലയം വിശുദ്ധമായിരുന്നത്.” (യഹൂദമതം: ആചാരവും വിശ്വാസവും, പൊ.യു.മു. 63—പൊ.യു. 66) എന്നുവരികിലും, യഹോവ സകലയിടത്തുമുണ്ടെന്നു വിചാരിച്ചവരെ സംബന്ധിച്ചടത്തോളം അവന്റെ പ്രത്യേക സാന്നിധ്യത്തിനു കാര്യമായ അർഥമൊന്നുമുണ്ടായിരുന്നില്ല.
മുൻനിശ്ചയവും ഇച്ഛാസ്വാതന്ത്ര്യവും ഇടകലർന്ന ഒരു വിശ്വാസമായിരുന്നു പരീശൻമാരുടേത്. മററു വാക്കുകളിൽ പറഞ്ഞാൽ “സകലവും മുൻകൂട്ടിക്കണ്ടിരിക്കുന്നു, എന്നാൽ അതേസമയം ഇച്ഛാസ്വാതന്ത്ര്യവും നൽകിയിരിക്കുന്നു.” എന്നുവരികിലും, ആദാമും ഹവ്വായും പാപംചെയ്യുമെന്നു മുൻനിശ്ചയിച്ചിരുന്നതായും വിരലിലേൽക്കുന്ന ഒരു ചെറിയ മുറിവുപോലും മുൻനിർണയപ്രകാരമാണെന്നും അവർ വിശ്വസിച്ചു.
18 പേരുടെ മരണത്തിനിടയാക്കിക്കൊണ്ട് നിലംപതിച്ച ഗോപുരത്തെപ്പററി യേശു സംസാരിച്ചത് അവരുടെ അത്തരം വ്യാജാശയങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ടായിരിക്കാം. അവൻ ചോദിച്ചു: “യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും [ആ ഹതഭാഗ്യർ] കുററക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?” (ലൂക്കൊസ് 13:4) മിക്ക അപകടങ്ങളെക്കുറിച്ചും സത്യമായിരിക്കുന്നതുപോലെ, ഇത് “കാലത്തിന്റെയും യാദൃച്ഛിക സംഭവത്തി”ന്റെയും ഫലമായിരുന്നു, അല്ലാതെ പരീശൻമാർ പഠിപ്പിച്ചിരുന്നതുപോലെ വിധിയായിരുന്നില്ല. (സഭാപ്രസംഗി 9:11, NW) അറിവുണ്ടെന്നു പറയുന്ന അത്തരക്കാർ എങ്ങനെയാണു തിരുവെഴുത്തു കൽപ്പനകൾ കൈകാര്യം ചെയ്യുക?
അവർ മതസംബന്ധമായ പുതുമപ്രിയരായിരുന്നു
ഓരോ തലമുറയിലും തിരുവെഴുത്തു കൽപ്പനകൾ പുതിയ പുതിയ ആശയങ്ങളോടുള്ള ചേർച്ചയിൽ വ്യാഖ്യാനിക്കേണ്ടതു റബ്ബിമാരാണെന്ന നിലപാടായിരുന്നു പരീശൻമാർക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, അവർക്ക് “തോറയിലെ പഠിപ്പിക്കലുകളും അവരുടെ പുതിയ ആശയങ്ങളും പൊരുത്തപ്പെടുത്തിക്കൊണ്ടുപോകുന്നതിലോ തങ്ങളുടെ ആശയങ്ങൾ തോറയിലെ വചനങ്ങളിൽ അന്തർലീനമായിരിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയി കണ്ടെത്തുന്നതിലോ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല,” എൻസൈക്ലോപീഡിയ ജൂഡായിക്ക പറയുന്നു.
വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന പാപപരിഹാര ദിവസത്തെ സംബന്ധിച്ചാണെങ്കിൽ, അവർ പാപപരിഹാര ശക്തി മഹാപുരോഹിതനിൽനിന്ന് ആ ദിവസത്തിലേക്കുതന്നെ മാററി. (ലേവ്യപുസ്തകം 16:30, 33) പെസഹാ ആചരണത്തിൽ, അവർ കൂടുതൽ മുൻതൂക്കം നൽകിയതു വീഞ്ഞും പുളിപ്പില്ലാത്ത അപ്പവും കഴിക്കുന്ന സമയത്തു പുറപ്പാടു വിവരണഭാഗങ്ങൾ ചൊല്ലുന്നതിനായിരുന്നു, അല്ലാതെ പെസഹാ കുഞ്ഞാടിനായിരുന്നില്ല.
കാലക്രമേണ, ആലയത്തിൽ പരീശൻമാർ സ്വാധീനമുള്ളവരായി. പിന്നെ കായ്കനിപ്പെരുന്നാളിൽ ശീലോഹാം കുളത്തിൽനിന്നു വെള്ളം കൊണ്ടുപോകലും അതുകൊണ്ടുള്ള ഒരു പ്രദക്ഷിണപരിപാടിക്കും ഉത്സവസമാപനത്തിങ്കൽ യാഗപീഠത്തിൻമേൽ അരളിച്ചെടികൊണ്ടുള്ള അടിക്കൽകർമത്തിനും ന്യായപ്രമാണത്തിൽ അധിഷ്ഠിതമല്ലാത്ത സ്ഥിരമായും ദിനമ്പ്രതിയും നടത്തുന്ന പ്രാർഥനകൾക്കും അവർ രൂപംകൊടുത്തു.
“ശബത്തുമായി ബന്ധപ്പെട്ടുള്ള പരീശൻമാരുടെ പുതിയ ഏർപ്പാടുക”ളായിരുന്നു “വിശേഷിച്ചും എടുത്തുപറയത്തക്കത്”, ദ ജ്യൂയിഷ് എൻസൈക്ലോപീഡിയ പറയുന്നു. ഭാര്യ ശബത്തിനെ വിളക്കുകൊളുത്തി സ്വാഗതം ചെയ്യണമായിരുന്നു. ഏതെങ്കിലും ഒരു പ്രവർത്തനം നിയമപരമല്ലാത്ത തൊഴിലിൽ കലാശിക്കുന്നതായി തോന്നുന്നപക്ഷം പരീശൻമാർ അതു നിരോധിക്കുമായിരുന്നു. വൈദ്യചികിത്സയെവരെ അവർ ഇത് ഉപയോഗിച്ചു നിയന്ത്രിച്ചു. ശബത്തിൽ യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ അവർ അതിൽ രോഷാകുലരായി. (മത്തായി 12:9-14; യോഹന്നാൻ 5:1-16) എങ്കിലും, തിരുവെഴുത്തു നിയമങ്ങളുടെ സംരക്ഷണത്തിനുവേണ്ടി വേലികെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ ആചാരങ്ങൾ ഏർപ്പെടുത്തുന്നതൊന്നും മതസംബന്ധമായ ഈ പുതുമപ്രിയക്കാർ നിർത്തിവെച്ചില്ല.
റദ്ദാക്കൽ
തിരുവെഴുത്തു നിയമങ്ങൾ നിർത്തിവെക്കാനോ നിരോധിക്കാനോ ഉള്ള അധികാരം തങ്ങൾക്കുണ്ടെന്നു പരീശൻമാർ അവകാശപ്പെട്ടിരുന്നു. അവരുടെ ന്യായവാദം തൽമൂദിലെ ഈ ചട്ടത്തിൽ പ്രതിഫലിച്ചുകാണാവുന്നതാണ്: “തോറ അപ്പാടെ മറന്നുകളയുന്നതിനെക്കാൾ നല്ലത് ഒരു ഒററ നിയമം എടുത്തുമാററുന്നതാണ്.” ജൂബിലി ആഘോഷം നിർത്തിവെച്ചതാണ് ഒരു ഉദാഹരണം. തിരിച്ചുചോദിക്കാൻ സാധിക്കാത്തതുകൊണ്ട് കൊടുത്തതു തിരികെ കിട്ടില്ലെന്ന ഭയംനിമിത്തം ജൂബിലി കാലഘട്ടം അടുക്കുമ്പോൾ ദരിദ്രർക്ക് ആരും ഒന്നും കടം കൊടുക്കുമായിരുന്നില്ല. ഇതായിരുന്നു ജൂബിലി ആഘോഷം നിർത്തിവെക്കാനുണ്ടായ കാരണം.—ലേവ്യപുസ്തകം, അധ്യായം 25.
വ്യഭിചാരം ചെയ്തുവെന്നു സംശയിക്കപ്പെടുന്ന ഒരു സ്ത്രീയുടെ വിചാരണ റദ്ദാക്കലും തീർപ്പാകാതെ കിടക്കുന്ന കൊലപാതക കേസിന്റെ കാര്യത്തിൽ പ്രായശ്ചിത്ത നടപടിക്രമങ്ങളുടെ നിർത്തിവെക്കലുമാണു മററ് ഉദാഹരണങ്ങൾ. (സംഖ്യാപുസ്തകം 5:11-31; ആവർത്തനപുസ്തകം 21:1-9) ദരിദ്രരായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള തിരുവെഴുത്തു നിബന്ധനയും എടുത്തുകളയാനുള്ള പുറപ്പാടിലായിരുന്നു പരീശൻമാർ.—പുറപ്പാടു 20:12; മത്തായി 15:3-6.
യേശു ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “പരീശൻമാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കൊസ് 12:1) ദിവ്യാധിപത്യപരമല്ലാത്ത മനോഭാവങ്ങളുണ്ടായിരുന്ന പരീശമതം നിശ്ചയമായും കാപട്യമുള്ളതായിരുന്നു—തീർച്ചയായും ക്രിസ്തീയ സഭയിലേക്കു കൊണ്ടുവരാൻ പാടില്ലാഞ്ഞ ഒരു സംഗതിതന്നെ. എന്നിരുന്നാലും, യഹൂദൻമാരുടെ റഫറൻസ് പുസ്തകങ്ങൾ സദൂക്യരെക്കാൾ മെച്ചപ്പെട്ടവരായി അവതരിപ്പിക്കുന്നതു പരീശൻമാരെയാണ്. നമുക്കിനി കൂടുതൽ യാഥാസ്ഥിതികരായ സദൂക്യരുടെ കാര്യമെടുക്കാം.
സദൂക്യർ
ശലോമോന്റെ നാളിലെ മഹാപുരോഹിതനായിരുന്ന സാദോക്കിൽനിന്നായിരിക്കാം സദൂക്യർ എന്ന പേരിന്റെ ഉത്ഭവം. (1 രാജാക്കൻമാർ 2:35, NW അടിക്കുറിപ്പ്) ആലയത്തിന്റെയും പൗരോഹിത്യത്തിന്റെയും താത്പര്യങ്ങൾക്കുവേണ്ടി പ്രതിനിധാനം ചെയ്ത ഒരു യാഥാസ്ഥിതിക പാർട്ടിയായിരുന്നു സദൂക്യർ. അറിവിന്റെയും ഭക്തിയുടെയും കാര്യംപറഞ്ഞ് അധികാരം അവകാശപ്പെട്ടിരുന്ന പരീശൻമാരെപ്പോലെയായിരുന്നില്ല സദൂക്യർ. വംശാവലിയിലും സ്ഥാനത്തിലുമായിരുന്നു സദൂക്യർ തങ്ങളുടെ വിശേഷാധികാരം ഉറപ്പിച്ചത്. പൊ.യു. 70-ൽ ആലയം നശിപ്പിക്കപ്പെടുന്നതുവരെ പരീശൻമാരുടെ പുതിയ ഏർപ്പാടുകളെയെല്ലാം അവർ എതിർത്തുപോന്നു.
മുൻനിശ്ചയത്തെ തള്ളുക മാത്രമല്ല, പഞ്ചഗ്രന്ഥിയിൽ വ്യക്തമായി സൂചിപ്പിക്കാഞ്ഞ യാതൊരു പഠിപ്പിക്കലും സ്വീകരിക്കാൻ സദൂക്യർ കൂട്ടാക്കിയുമില്ല, ദൈവവചനത്തിൽ വേറെ എവിടെയെങ്കിലും പ്രസ്താവിച്ചിട്ടുണ്ടെങ്കിൽപ്പോലും അവർ അതു സ്വീകരിക്കുമായിരുന്നില്ല. വാസ്തവത്തിൽ, അവർ അത്തരം കാര്യങ്ങളെക്കുറിച്ചു “തർക്കിക്കുന്നത് ഒരു പുണ്യമായി കരുതി.” (ദ ജ്യൂയിഷ് എൻസൈക്ലോപീഡിയ) പുനരുത്ഥാനത്തെക്കുറിച്ച് അവർ യേശുവിനെ വെല്ലുവിളിച്ച സന്ദർഭം നാം ഓർത്തുപോകുന്നത് അതുകൊണ്ടാണ്.
ഏഴു ഭർത്താക്കൻമാരുണ്ടായിരുന്ന വിധവയുടെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് സദൂക്യർ ചോദിച്ചു: “എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്കു ഭാര്യയാകും?” അവരുടെ ആ സാങ്കൽപ്പിക വിധവക്ക് ചിലപ്പോൾ അത്രയുമല്ല, 14-ഓ 21-ഓ ഭർത്താക്കൻമാർ ഉണ്ടായിരുന്നിരിക്കാം. യേശു ഇങ്ങനെ വിശദീകരിച്ചു: “പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല.”—മത്തായി 22:23-30.
മോശയല്ലാത്ത വേറെ ഏതൊരു നിശ്വസ്ത എഴുത്തുകാരെയും സദൂക്യർ നിരാകരിക്കുന്നുവെന്ന് അറിയാമായിരുന്ന യേശു പഞ്ചഗ്രന്ഥിയിൽനിന്നുതന്നെ ഉദ്ധരിച്ചുകൊണ്ട് തന്റെ ആശയം തെളിയിച്ചു. അവൻ പറഞ്ഞു: “മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ? അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”—മർക്കൊസ് 12:26, 27.
യേശുവിനെയും അനുഗാമികളെയും പീഡിപ്പിച്ചവർ
മിശിഹായുടെ വരവിൽ വിശ്വസിച്ചിരുന്നെങ്കിൽത്തന്നെ, അവനുവേണ്ടി കാത്തിരിക്കുന്നതിനുപകരം മററു രാഷ്ട്രങ്ങളുമായി ഇടപെടുന്നതിൽ രാജ്യവ്യവഹാരതന്ത്രം ഉപയോഗിക്കുന്നതി ലാണ് അവർ വിശ്വസിച്ചത്. റോമുമായി സഖ്യംചേർന്നായിരുന്നു അവർ ആലയകാര്യാദികൾ നിർവഹിച്ചുപോന്നത്. ഒരു മിശിഹാ വന്ന് കാര്യങ്ങൾ തകരാറിലാക്കാനൊന്നും അവർക്ക് ആഗ്രഹമുണ്ടായിരുന്നില്ല. തങ്ങളുടെ സ്ഥാനത്തിന് ഒരു ഭീഷണിയായി യേശുവിനെ കണ്ട അവർ പരീശൻമാരോടു ചേർന്ന് അവനെ വധിക്കാൻ ഗൂഢാലോചന നടത്തി.—മത്തായി 26:59-66; യോഹന്നാൻ 11:45-50.
രാഷ്ട്രീയ ലക്ഷ്യത്തിൽ പ്രവർത്തിച്ചിരുന്ന സദൂക്യർ റോമിനോടുള്ള വിശ്വസ്തതയുടെ പ്രശ്നമുന്നയിച്ചുകൊണ്ടു വിളിച്ചുപറഞ്ഞു: “ഞങ്ങൾക്കു കൈസരല്ലാതെ മറെറാരു രാജാവില്ല.” (യോഹന്നാൻ 19:6, 12-15) യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ക്രിസ്ത്യാനിത്വം വ്യാപിക്കുന്നതു തടയാൻ ശ്രമിക്കുന്നതിൽ നേതൃത്വമെടുത്തതു സദൂക്യരായിരുന്നു. (പ്രവൃത്തികൾ 4:1-23; 5:17-42; 9:14) പൊ.യു. 70-ലെ യെരുശലേമിന്റെ നാശത്തോടെ ഇക്കൂട്ടർ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി.
ജാഗ്രതയോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യം
യേശുവിന്റെ മുന്നറിയിപ്പ് എത്രമാത്രം ഉചിതമാണെന്നു തെളിഞ്ഞുവെന്നു നോക്കുക! അതേ, നാം “പരീശൻമാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷി”ക്കേണ്ടയാവശ്യമുണ്ട്. യഹൂദരിലും ക്രൈസ്തവരിലും അതുകൊണ്ടുണ്ടായ മോശമായ ഫലങ്ങൾ നോക്കുകയേ ഒരു വ്യക്തി ഇന്നു ചെയ്യേണ്ടതുള്ളൂ.
എന്നിരുന്നാലും, ഇതിനു നേർവിപരീതമാണ് ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ 75,500-ലധികമുള്ള സഭകളിലെ യോഗ്യതയുള്ള ക്രിസ്തീയ മൂപ്പൻമാരുടെ കാര്യം. അവർ ‘അവർക്കുതന്നെയും അവരുടെ പഠിപ്പിക്കലിനും നിരന്തരമായ ശ്രദ്ധ കൊടുക്കുന്നു.’ (1 തിമോത്തി 4:16, NW) അവർ മുഴുബൈബിളും ദൈവനിശ്വസ്തമായി അംഗീകരിക്കുന്നു. (2 തിമൊഥെയൊസ് 3:16) പുതിയ കാര്യങ്ങൾ അവതരിപ്പിച്ച് സ്വന്തം മതനടപടിക്രമങ്ങളെ പരിപോഷിപ്പിക്കുന്നതിനുപകരം അവർ ഒരു ബൈബിളധിഷ്ഠിത സ്ഥാപനത്തിന്റെ മാർഗനിർദേശത്തിൻകീഴിൽ ഏകീകൃതരായി പ്രവർത്തിക്കുന്നു. ആ സ്ഥാപനത്തിന്റെ മുഖ്യ പ്രബോധനോപാധിയാണ് ഈ മാസിക.—മത്തായി 24:45-47.
ഫലമോ? ബൈബിൾ മനസ്സിലാക്കാനും തങ്ങളുടെ ജീവിതത്തിൽ അതു ബാധകമാക്കാനും മററുള്ളവരെ അതു പഠിപ്പിക്കാനും ഇടവരുന്നതോടെ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ ആത്മീയമായി ഉന്നതി പ്രാപിക്കുന്നു. ഇത് എങ്ങനെ കൈവരിക്കുന്നുവെന്നു കാണാൻ നിങ്ങളുടെ ഏററവും അടുത്തുള്ള, യഹോവയുടെ സാക്ഷികളുടെ ഒരു സഭ സന്ദർശിക്കരുതോ അല്ലെങ്കിൽ ഈ മാസികയുടെ പ്രസാധകർക്ക് എഴുതരുതോ?
[26-ാം പേജിലെ ചതുരം]
യേശു തന്റെ സദസ്യരെ പരിഗണിച്ചു
യേശുക്രിസ്തു തന്റെ ശ്രോതാക്കളുടെ വീക്ഷണങ്ങൾ കണക്കിലെടുത്ത് വ്യക്തതയോടെ പഠിപ്പിച്ചു. ഉദാഹരണത്തിന്, വീണ്ടും “ജനിക്കു”ന്നതിനെക്കുറിച്ചു പരീശനായ നിക്കോദെമോസിനോടു സംസാരിച്ചപ്പോൾ അവൻ അതാണു ചെയ്തത്. നിക്കോദെമോസ് ചോദിച്ചു: “മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതെങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാ”മോ? (യോഹന്നാൻ 3:1-5) യഹൂദമതത്തിലേക്കുള്ള പരിവർത്തനത്തിനു വീണ്ടും ജനനം ആവശ്യമായിരുന്നുവെന്നു പരീശൻമാർ വിശ്വസിച്ചിരുന്നു. കൂടാതെ, റബ്ബിമാർ പുതിയ യഹൂദനെ “ഒരു നവജാതശിശു”വിനോടു താരതമ്യപ്പെടുത്തി പറയുകയും ചെയ്തിരുന്നു. എന്നിട്ടും നിക്കോദെമോസ് അങ്ങേയററം കുഴങ്ങിപ്പോയത് എന്തുകൊണ്ടായിരുന്നു?
ജോൺ ലൈററ് ഫൂട്ടിന്റെ എ കമെൻററി ഓൺ ദ ന്യൂ ടെസ്ററമെൻറ് ഫ്രം തൽമൂദ് ആൻഡ് ഹെബ്രായിക്ക ഇങ്ങനെയൊരു ഉൾക്കാഴ്ച നൽകുന്നു: “‘ഇസ്രായേല്യർക്കു . . . മിശിഹൈകരാജ്യത്തിൽ പ്രവേശിക്കാനുള്ള അവകാശമുണ്ടായിരിക്കെ ഒരു പുതു ഇസ്രായേല്യനാകേണ്ടതിന് ഒരുവൻ തന്റെ അമ്മയുടെ ഉദരത്തിലേക്കു വീണ്ടുമൊരിക്കൽക്കൂടി പ്രവേശിക്കേണ്ടതുണ്ടെന്നാണോ നീ ഇപ്പറഞ്ഞതിലൂടെ അർഥമാക്കിയത്?’ എന്ന, തന്റെ തുടക്കത്തിലുണ്ടായിരുന്ന മുൻവിധിയിൽനിന്നു പുറത്തുകടക്കാൻ കഴിയാത്ത ഈ പരീശന്റെ മനസ്സിൽ ഒരു ഇസ്രായേല്യന്റെ യോഗ്യത സംബന്ധിച്ച യഹൂദൻമാരുടെ പൊതുധാരണ ഇപ്പോഴും രൂഢമൂലമാണ്.”—താരതമ്യം ചെയ്യുക: മത്തായി 3:9.
മതപരിവർത്തനം നടത്തിയവനെ പുതുജൻമമെടുത്തവൻ എന്ന് അംഗീകരിക്കുമെങ്കിലും സ്വാഭാവിക യഹൂദരെ സംബന്ധിച്ചടത്തോളം അത്തരമൊരു പ്രക്രിയ—ഉദരത്തിലേക്കുള്ള പുനഃപ്രവേശം—സാധ്യമല്ലെന്നാവും നിക്കോദെമോസ് കരുതുക.
മറെറാരവസരത്തിൽ, ‘തന്റെ മാംസം തിന്നുകയും തന്റെ രക്തം കുടിക്കയും ചെയ്യേണ്ടതിനെ’പ്പററി യേശു സംസാരിച്ചപ്പോൾ അതിൽ പലർക്കും നീരസം തോന്നി. (യോഹന്നാൻ 6:48-55) എന്നിരുന്നാലും, “‘തിന്നുകയും കുടിക്കുകയും ചെയ്യുക’ എന്ന രൂപകാലങ്കാര പ്രയോഗങ്ങളെപ്പോലെ സർവസാധാരണമായി യഹൂദസ്കൂളുകളിൽ മറെറാന്നുമില്ലായിരുന്നുവെന്നു” ലൈററ് ഫൂട്ട് സൂചിപ്പിക്കുന്നു. “മിശിഹായെ ഭക്ഷിക്കൽ” എന്നു തൽമൂദ് സൂചിപ്പിച്ചിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നു.
അങ്ങനെ, പരീശൻമാരുടെയും സദൂക്യരുടെയും വീക്ഷണഗതികൾക്ക് ഒന്നാം നൂററാണ്ടിലെ യഹൂദൻമാരുടെ ചിന്താഗതിക്കുമേൽ കാര്യമായ സ്വാധീനമുണ്ടായിരുന്നു. എന്നിരുന്നാലും, യേശു എല്ലായ്പോഴും തന്റെ സദസ്യരുടെ അറിവും അനുഭവവും ഉചിതമായിത്തന്നെ കണക്കിലെടുത്തിരുന്നു. എന്നാൽ ഇതാകട്ടെ, അവനെ മഹദ്ഗുരുവാക്കിയ പല ഘടകങ്ങളിൽ കേവലം ഒന്നുമാത്രമായിരുന്നു.