ബൈബിളിന്റെ വീക്ഷണം
ക്രിസ്ത്യാനികൾ കുർബാനയെ എങ്ങനെ വീക്ഷിക്കണം?
“കത്തോലിക്കാ സഭയിൽപ്പെട്ട ഒരു വ്യക്തി കുർബാന മുടക്കുന്നത് സഭയുടെ ദൃഷ്ടിയിൽ പാപംതന്നെയാണ്” എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പ അടുത്തയിടെ “വീണ്ടും സ്ഥിരീകരിച്ചു പറഞ്ഞ”തായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. കത്തോലിക്കർക്കിടയിലെ ഉറച്ച വിശ്വാസികൾ പാപ്പായുടെ മേൽപ്പറഞ്ഞ അഭിപ്രായത്തോടു യോജിക്കും. എന്താണ് കുർബാന? ഈ വിഷയത്തെ കുറിച്ച് സഭയും ബൈബിളും യോജിപ്പിലാണോ?
കത്തോലിക്കരോടു ചോദിക്കുന്ന കാര്യങ്ങൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ കത്തോലിക്കാ പുരോഹിതനായ മാർട്ടിൻ ജെ. സ്കോട്ട് കുർബാനയെ ഇപ്രകാരം നിർവചിക്കുന്നു: “കുർബാന എന്നത് ക്രിസ്തുവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും ബലിയാണ്, രക്തം ചൊരിയപ്പെടാതെ ഉള്ളത്. എന്നാൽ കാൽവരിയിലേത് രക്തം ചൊരിയപ്പെട്ടതും. കുർബാന അടിസ്ഥാനപരമായി കുരിശിലെ ബലി തന്നെയാണ്. ഇത് അലങ്കാര പ്രയോഗമോ രൂപകാലങ്കാരമോ അതിശയോക്തിയോ ഒന്നുമല്ല.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “കുർബാനയിലൂടെ ദൈവപുത്രനെ നമ്മുടെ അൾത്താരയിലേക്കു കൊണ്ടുവരാനും അവനെ ദൈവശിരസ്സിനു ബലിയായി അർപ്പിക്കാനും സാധിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.”
കുർബാന തിരുവെഴുത്തധിഷ്ഠിതമോ?
കുർബാന തിരുവെഴുത്തധിഷ്ഠിതമായ പഠിപ്പിക്കലാണെന്നു പരമാർഥഹൃദയരായ കത്തോലിക്കർ വിശ്വസിക്കുന്നു. അതിനുള്ള തെളിവെന്ന നിലയിൽ അവർ, ഒടുക്കത്തെ അത്താഴം എന്നു സാധാരണമായി വിളിക്കപ്പെടുന്ന സമയത്തെ യേശുവിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടുന്നു. തന്റെ അപ്പൊസ്തലന്മാർക്ക് അപ്പവും വീഞ്ഞും നൽകവേ, അപ്പത്തെ പരാമർശിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ഇത് എന്റെ ശരീരമാണ്.” വീഞ്ഞിനെ പരാമർശിച്ചുകൊണ്ട് അവൻ പറഞ്ഞു: ‘ഇത് എന്റെ രക്തമാണ്.’ (മത്തായി 26:26-28)a ഈ വാക്കുകൾ ഉച്ചരിച്ചപ്പോൾ യേശു വാസ്തവത്തിൽ അപ്പവും വീഞ്ഞും തന്റെ ശരീരവും രക്തവും ആക്കി രൂപാന്തരപ്പെടുത്തി എന്നു കത്തോലിക്കർ വിശ്വസിക്കുന്നു. എന്നാൽ ന്യൂ കാത്തലിക്ക് എൻസൈക്ലോപീഡിയ (1967) ഈ മുന്നറിയിപ്പു നൽകുന്നു: “‘ഇത് എന്റെ ശരീരം ആണ്’ അല്ലെങ്കിൽ ‘ഇത് എന്റെ രക്തം ആണ്’ എന്ന വാക്കുകൾ നാം തികച്ചും അക്ഷരീയമായി എടുക്കരുത്. . . . കാരണം, ‘കൊയ്ത്തു യുഗാന്തം ആണ്’ (മത്താ 13.39) അല്ലെങ്കിൽ ‘ഞാൻ സാക്ഷാൽ മുന്തിരിച്ചെടി ആണ്’ (യോഹ 15.1) എന്ന വാക്കുകളിലെ [“ആണ്” എന്ന ക്രിയയ്ക്ക്] സൂചിപ്പിക്കുക അല്ലെങ്കിൽ പ്രതിനിധീകരിക്കുക എന്നേ അർഥമുള്ളൂ.” അങ്ങനെ, മത്തായി 26:26-28-ലെ വാക്കുകൾ, ഒടുക്കത്തെ അത്താഴവേളയിൽ അപ്പവും വീഞ്ഞും യേശുവിന്റെ അക്ഷരീയ ശരീരവും രക്തവും ആയി രൂപാന്തരപ്പെട്ടു എന്നു തെളിയിക്കുന്നില്ല എന്ന് പ്രാമാണിക ഗ്രന്ഥമായ ഈ എൻസൈക്ലോപീഡിയ പോലും സമ്മതിക്കുന്നു.
യേശു ഇപ്രകാരം പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കാം: “സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. . . . എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്.” (യോഹന്നാൻ 6:51, 54) യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ചിലർ അവന്റെ വാക്കുകൾ അക്ഷരീയമായിട്ട് എടുക്കുകയും ഞെട്ടിത്തരിക്കുകയും ചെയ്തു. (യോഹന്നാൻ 6:60) എന്നാൽ നമുക്ക് ഇങ്ങനെ ചോദിക്കാൻ കഴിയും, ആ വേളയിൽ യേശു തന്റെ മാംസം അപ്പമാക്കി രൂപാന്തരപ്പെടുത്തിയോ? തീർച്ചയായും ഇല്ല! അവൻ ആലങ്കാരികമായ അർഥത്തിൽ സംസാരിക്കുക ആയിരുന്നു. അവൻ തന്നെത്തന്നെ അപ്പവുമായി താരതമ്യം ചെയ്തു. കാരണം തന്റെ ബലിയിലൂടെ അവൻ മനുഷ്യവർഗത്തിനു ജീവൻ നൽകുമായിരുന്നു. യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുന്നതാണ് ഭക്ഷിക്കുക, പാനം ചെയ്യുക എന്നീ വാക്കുകൾകൊണ്ട് അർഥമാക്കുന്നത് എന്ന് യോഹന്നാൻ 6:35, 40 വ്യക്തമായി സൂചിപ്പിക്കുന്നു.
കുർബാന കത്തോലിക്കരുടെ ആരാധനയിലെ ഒരു പ്രധാന കർമം ആയതുകൊണ്ട്, തിരുവെഴുത്തുകൾ അതിനെ പിന്താങ്ങുന്നുണ്ടെന്ന് ഒരു വ്യക്തി കരുതിയേക്കാം. എന്നാൽ അവ അതിനെ പിന്താങ്ങുന്നില്ല. ദ കാത്തലിക് എൻസൈക്ലോപീഡിയ (1913-ലെ പതിപ്പ്) വിവരിച്ച കാരണം ഇതാണ്: “നമ്മുടെ പഠിപ്പിക്കലിന്റെ മുഖ്യ ഉറവു . . . പാരമ്പര്യമാണ്. കുർബാനയാകുന്ന ബലിയുടെ [അപേക്ഷാ] മൂല്യം നാം പണ്ടുമുതലേ അംഗീകരിച്ചുപോരുന്നു.” അതേ, റോമൻ കത്തോലിക്കാസഭയുടെ കുർബാന അധിഷ്ഠിതമായിരിക്കുന്നതു പാരമ്പര്യത്തിലാണ്, അല്ലാതെ തിരുവെഴുത്തുകളിൽ അല്ല.
എത്ര ആത്മാർഥതയോടെ അനുഷ്ഠിക്കപ്പെടുന്നതാണെങ്കിലും ശരി, ബൈബിളിനു വിരുദ്ധമായ പാരമ്പര്യം ദൈവത്തിനു സ്വീകാര്യമായിരിക്കില്ല. യേശു തന്റെ നാളിലെ മതനേതാക്കന്മാരെ ഇങ്ങനെ പറഞ്ഞുകൊണ്ട് ശാസിച്ചു: “നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങൾ വ്യർത്ഥമാക്കിയിരിക്കുന്നു.” (മത്തായി 15:6) യേശു ദൈവവചനത്തിനു വിലകൽപ്പിച്ചിരുന്നതുകൊണ്ട് വിശുദ്ധതിരുവെഴുത്തുകളുടെ വെളിച്ചത്തിൽ നമുക്കു കുർബാനയെ കുറിച്ചുള്ള പഠിപ്പിക്കൽ പരിശോധിക്കാം.
ക്രിസ്തു ബലിയർപ്പിക്കപ്പെടുന്നു—എത്ര കൂടെക്കൂടെ?
ഓരോ കുർബാനയുടെ സമയത്തും യേശു ബലിയായി അർപ്പിക്കപ്പെടുന്നുണ്ടെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു, വാസ്തവത്തിൽ അവൻ മരിക്കുന്നില്ലെന്നും പ്രസ്തുത ബലി രക്തം ചൊരിയപ്പെടാത്ത ഒന്നാണെന്നും ഒക്കെ അതോടൊപ്പം തറപ്പിച്ചു പറയുന്നുണ്ടെങ്കിലും. ബൈബിൾ ഈ വീക്ഷണത്തോടു യോജിക്കുന്നുണ്ടോ? എബ്രായർ 10:12, 14 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: “[യേശുവാകട്ടെ] പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. വിശുദ്ധീകരിക്കപ്പെട്ടവരെ അവൻ ഏകബലിസമർപ്പണംവഴി എന്നേക്കുമായി പരിപൂർണ്ണരാക്കിയിരിക്കുന്നു.”
എന്നാൽ പരമാർഥഹൃദയനായ ഒരു കത്തോലിക്കൻ ഈ തടസ്സവാദം ഉന്നയിച്ചേക്കാം: ‘യേശു തന്നെത്തന്നെ കൂടെക്കൂടെ അർപ്പിക്കേണ്ടതല്ലേ? കാരണം നമ്മളെല്ലാവരും പലപ്പോഴും പാപം ചെയ്യുന്നുണ്ടല്ലോ.’ ബൈബിളിന്റെ ഉത്തരം കത്തോലിക്കരുടെ ന്യൂ യരൂശലേം ബൈബിളിലെ എബ്രായർ 9:25, 26 വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു: “[ക്രിസ്തു] വീണ്ടും വീണ്ടും തന്നെത്തന്നെ സമർപ്പിക്കേണ്ടതില്ല. . . . തന്നെത്തന്നെ ബലിയർപ്പിച്ചുകൊണ്ട് പാപത്തെ നീക്കം ചെയ്യാൻ അവൻ ഒരിക്കലായും എന്നേക്കുമായും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.” ക്രിസ്തു “വീണ്ടും വീണ്ടും തന്നെത്തന്നെ സമർപ്പിക്കേണ്ടതില്ല” എന്നു പറഞ്ഞിരിക്കുന്നതു പ്രത്യേകം ശ്രദ്ധിക്കുക. റോമർ 5:19-ൽ അപ്പൊസ്തലനായ പൗലൊസ് അതിന്റെ കാരണം വിശദമാക്കുന്നു: “ഒരു മനുഷ്യന്റെ [ആദാമിന്റെ] അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഒരു മനുഷ്യന്റെ [യേശുവിന്റെ] അനുസരണത്താൽ [“അനുസരണത്തിന്റെതായ പ്രവൃത്തിയാൽ,” ന്യൂ യരൂശലേം ബൈബിൾ] അനേകർ നീതിയുള്ളവരാകും.” ആദാമിന്റെ അനുസരണക്കേടിന്റെതായ ഒറ്റ പ്രവൃത്തി നമ്മെ എല്ലാവരെയും മരണത്തിന് അടിമപ്പെടുത്തി; യേശുവിന്റെ ഒറ്റ രക്ഷാകര പ്രവൃത്തി, ആ ബലിയിൽ വിശ്വാസം അർപ്പിക്കുന്ന ഏവരുടെയും പാപങ്ങൾ ഇപ്പോൾതന്നെ ക്ഷമിക്കപ്പെടുന്നതിനും ഭാവിയിൽ നിത്യജീവൻ ആസ്വദിക്കുന്നതിനും ഉള്ള അടിസ്ഥാനം നൽകി.
യേശു ഒരിക്കൽ മാത്രം ബലിയായി അർപ്പിക്കപ്പെട്ടു അല്ലെങ്കിൽ കൂടെക്കൂടെ ബലിയായി അർപ്പിക്കപ്പെടുന്നു എന്നൊക്കെയുള്ളതിൽ എന്തിരിക്കുന്നു? യേശുവിന്റെ ബലിയുടെ മൂല്യത്തോടുള്ള വിലമതിപ്പുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. നൽകപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും മഹത്തായ ദാനം—വളരെ വിലപ്പെട്ടതും പരിപൂർണമായതുമായ ഒരു ദാനം—ആണത്. അതുകൊണ്ടുതന്നെ അത് ഒരിക്കലും ആവർത്തിക്കപ്പെടേണ്ടതില്ലാത്ത ഒന്നാണ്.
യേശുവിന്റെ ബലിമരണം തീർച്ചയായും അനുസ്മരണം അർഹിക്കുന്ന ഒന്നാണ്. എന്നാൽ ഒരു സംഭവം അനുസ്മരിക്കുന്നതും ആവർത്തിക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്. ഉദാഹരണത്തിന്, വിവാഹ വാർഷികം ആഘോഷിക്കുന്ന ഒരു ദമ്പതികൾ തങ്ങൾ വിവാഹിതരായ ദിവസം അനുസ്മരിച്ചേക്കും, എന്നാൽ അവർ ആ ചടങ്ങ് ആവർത്തിക്കുന്നില്ല. ഓരോ വർഷവും യഹോവയുടെ സാക്ഷികൾ യേശുവിന്റെ മരണത്തിന്റെ വാർഷികം ആചരിക്കുന്നു, യേശു കൽപ്പിച്ചതുപോലെ അവന്റെ “ഓർമ്മയ്ക്കായി” അതു ചെയ്തുകൊണ്ട്, അല്ലാതെ അവനെ ബലി അർപ്പിച്ചുകൊണ്ടല്ല. (ലൂക്കൊസ് 22:19) കൂടാതെ, ഈ ക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതവും പ്രവൃത്തികളും വിശ്വാസങ്ങളും വിശുദ്ധ തിരുവെഴുത്തുകൾക്കു ചേർച്ചയിൽ കൊണ്ടുവന്നുകൊണ്ട് യേശുക്രിസ്തുവിലൂടെ യഹോവയാം ദൈവവുമായി ഒരു ഊഷ്മള ബന്ധം വളർത്തിയെടുക്കാൻ വർഷത്തിലുടനീളം കഠിനമായി ശ്രമിക്കുന്നു.
മിക്കപ്പോഴും, അതിനായി അവർക്ക് തങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടി വരുന്നു. എങ്കിലും, മാനുഷ പാരമ്പര്യത്തിനു പകരം ദൈവവചനത്തെ വിശ്വസ്തതയോടെ പിന്തുണയ്ക്കുകയാണെങ്കിൽ തങ്ങൾ അനുഗ്രഹിക്കപ്പെടും എന്ന അറിവിൽ സാക്ഷികൾ ആനന്ദിക്കുന്നു. ഏതാണ്ട് രണ്ടായിരം വർഷം മുമ്പ്, ഒരിക്കലായും എന്നേക്കുമായും ചൊരിയപ്പെട്ട, യേശുവിന്റെ യാഗരക്തത്തിൽ വിശ്വാസം അർപ്പിക്കുകയാണെങ്കിൽ അത് എല്ലാ പാപത്തിൽനിന്നും അവരെ ശുദ്ധീകരിക്കുമെന്നും അവർക്ക് അറിയാം.—1 യോഹന്നാൻ 1:8, 9.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ എല്ലാ തിരുവെഴുത്ത് ഉദ്ധരണികളുംതന്നെ കത്തോലിക്കരുടെ പി.ഒ.സി ബൈബിളിൽനിന്നാണ് എടുത്തിരിക്കുന്നത്.
[26-ാം പേജിലെ ചിത്രം]
സെയിന്റ് ജൈൽസ് പള്ളിയിലെ കുർബാന (ക്ലോസപ്പ് ചിത്രം)
[കടപ്പാട]
Erich Lessing/Art Resource, NY