“ജീവന്റെ അപ്പം” എല്ലാവർക്കും ലഭ്യം
“ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു; ആരെങ്കിലും ഈ അപ്പം തിന്നുന്നുവെങ്കിൽ അവൻ എന്നേക്കും ജീവിക്കും; യഥാർത്ഥത്തിൽ ഞാൻ കൊടുക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടിയുള്ള എന്റെ മാംസമാകുന്നു.”—യോഹന്നാൻ 6:51.
1. ഇന്നു മനുഷ്യവർഗ്ഗത്തെ എന്തു പരിതാപകരമായ അവസ്ഥ അഭിമുഖീകരിക്കുന്നു?
ഭൂമിയിൽ ഏററവും വ്യാപകമായി ഭക്ഷിക്കപ്പെടുന്ന അപ്പത്താൽ മനുഷ്യവർഗ്ഗലോകം ദീർഘനാൾ പുലർത്തപ്പെട്ടിട്ടുണ്ട്. ഉചിതമായി അത് ജീവന്റെ മുഖ്യാഹാരം എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്ന് അപ്പത്തിനായുള്ള വിശപ്പ് ഒരു പരിതാപകരമായ പ്രശ്നമായിത്തീന്നിരിക്കുന്നു. വിശപ്പും ക്ഷാമവും ഇപ്പോൾ ഭൂവാസികളുടെ നാലിലൊന്നിനെ ബാധിച്ചിരിക്കുന്നു. അടുത്ത കാലത്ത് കാനഡായിൽ റെറാറണ്ടോയിലെ ദി ഗ്ലോബ് ആൻഡ് മെയിൽ “യുദ്ധത്തെപ്പോലെ, ക്ഷാമത്തിനും അതിർത്തിവരമ്പുകളില്ല” എന്നു പ്രസ്താവിക്കുകയുണ്ടായി. ഈ പത്രം ആഫ്രിക്കയിലെ യൂ. എൻ. അടിയന്തിര പ്രവർത്തനങ്ങളുടെ ഒരു കാര്യനിർവ്വാഹകൻ, “ആഫ്രിക്ക നാം അഭിമുഖീകരിച്ചിട്ടുള്ളതിലേക്കും ഏററവും വലിയ മാനുഷ ദുരന്തങ്ങളിലൊന്നിന്റെ, ഏററവും വലിയ മാനുഷ വെല്ലുവിളികളിലൊന്നിന്റെ,” വക്കിലാണെന്ന് മുന്നറിയിപ്പു നൽകുന്നതായി ഉദ്ധരിക്കുകയുണ്ടായി.
2, 3. (എ) ഭക്ഷ്യദൗർലഭ്യങ്ങൾ ഏത് അടയാളത്തിന്റെ ഭാഗമാണ്? (ബി) ഭക്ഷ്യപ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടും? (സി) എന്തുംകൂടെ ആവശ്യമാണ്, യെശയ്യാവ് 25:8 എന്തു സന്തുഷ്ടമായ ഉറപ്പ് നൽകുന്നു?
2 ഭക്ഷ്യദൗർല്ലഭ്യം രാജ്യാധികാരത്തിലുള്ള തന്റെ സന്നിദ്ധ്യത്തിന്റെ അടയാളത്തിന്റെ ഭാഗമായിരിക്കുമെന്ന് യേശു പ്രവചിച്ചു. (മത്തായി 24:3, 7, 32, 33, 25:31, 32; ലൂക്കോസ് 21:11) അവന്റെ രാജ്യം സമീപിച്ചിരിക്കുന്നതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും! താമസിക്കാതെ, ഈ തേജസ്വിയായ രാജാവ് മനുഷ്യവർഗ്ഗത്തിന്റെ സകല ശത്രുക്കളെയും ജയിച്ചടക്കുകയും ഇത്ര ക്രൂരമായ കഷ്ടപ്പാട് വരുത്തികൂട്ടിയ രാഷ്ട്രീയവും സാമ്പത്തികവുമായ അനീതികളെ നീക്കം ചെയ്യുകയും ചെയ്യും, അപ്പോൾ സകല ആളുകളും ഓരോ ദിവസത്തേക്കുമുള്ള അപ്പം ലഭിക്കുന്നതിൽ സന്തോഷിക്കുന്നതായിരിക്കും.—മത്തായി 6:10, 11; 24:21, 22 ദാനിയേൽ 2:44; സദൃശവാക്യങ്ങൾ 29:2.
3 നീതിയുള്ള ഗവൺമെൻറിൻ കീഴിൽ നമ്മുടെ നല്ല ഭൂമി ഭക്ഷ്യവസ്തുക്കളുടെ ഒരു കവിഞ്ഞൊഴുക്ക് ഉളവാക്കാൻ കഴിവുള്ളതായിരിക്കും, ഇപ്പോഴത്തെ ജനസംഖ്യയെക്കാൾ വളരെയധികം പേരെ തൃപ്തിപ്പെടുത്താൻ മതിയായതുതന്നെ. (സങ്കീർത്തനം 72:12-14, 16, 18) യഹോവ തന്റെ ജനത്തിനുവേണ്ടി നല്ല വസ്തുക്കൾകൊണ്ടുള്ള ഒരു “വിരുന്ന്” ഒരുക്കും. (യെശയ്യാ 25:6) എന്നാൽ മററു ചിലതുകൂടെ ആവശ്യമാണ്. വർഷങ്ങൾ കടന്നുപോകുമ്പോൾ മനുഷ്യർ പിന്നെയും രോഗബാധിതരായി മരിക്കുമോ? സന്തോഷപ്രദമെന്ന് പറയട്ടെ, യെശയ്യാ 25:8 യഹോവയെ സംബന്ധിച്ച് ഇങ്ങനെ തുടർന്ന് പറയുന്നു: “അവൻ യഥാർത്ഥത്തിൽ മരണത്തെ എന്നേക്കും വിഴുങ്ങിക്കളയും; പരമാധികാരിയാം കർത്താവായ യഹോവ തീർച്ചയായും സകല മുഖങ്ങളിൽനിന്നും കണ്ണുനീർ തുടച്ചുകളയും.” ഇത് എങ്ങനെ സംഭവിക്കുന്നു?
യഹോവയുടെ സ്നേഹപൂർവ്വകമായ കരുതൽ
4. യഹോവ ഈജിപ്ററിൽ ഏതു സ്നേഹപൂർവ്വകമായ കരുതലിന് ഏർപ്പാടു ചെയ്തു?
4 യോസേഫ് ഈജിപ്ററിലെ ഭക്ഷ്യവിചാരകനായിരുന്നപ്പോൾ ധാന്യം സമൃദ്ധമായിരുന്നു. കാരണം ഫറവോന്റെ നിയമനം ലഭിച്ചശേഷം യോസേഫ് മുൻകൂട്ടി പറയപ്പെട്ട ക്ഷാമവർഷങ്ങളിലേക്ക് ജ്ഞാനപൂർവ്വം ഒരുക്കം ചെയ്തു. യഹോവ സ്നേഹപൂർവ്വം തന്റെ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു. (ഉല്പത്തി 41:49) എല്ലാവർക്കും സമൃദ്ധി ഉണ്ടായിരുന്നു, കുറെ മിച്ചം വെക്കാനുമുണ്ടായിരുന്നു. യോസേഫിന്റെ പിതാവായിരുന്ന യാക്കോബ് അവന്റെ സഹോദരൻമാരും യോസേഫിനോടു ചേരാൻ ഈജിപ്ററിലേക്കു വന്നപ്പോൾ അവർക്ക് ദിവ്യകരുതലിൽനിന്ന് അതിയായ പ്രയോജനം ലഭിച്ചു. ആ യിസ്രായേല്യർ പുളിപ്പിച്ച കോതമ്പുമാവുകൊണ്ടുള്ള അപ്പത്തെയും ഇവിടെ വച്ചു സുപരിചിതമാക്കിയിരിക്കുമെന്നതിനു സംശയമില്ല, കാരണം പ്രത്യക്ഷത്തിൽ അത് ഉത്ഭവിച്ചത് അവിടെയാണ്
5. (എ) യഹോവ മരുഭൂമിയിൽ എങ്ങനെ ആഹാരം പ്രദാനം ചെയ്തു? (ബി) ഈ അനുഗ്രഹത്തിൽ ആർ യിസ്രായേലിനോടുകൂടെ പങ്കുപററി, എന്തുകൊണ്ട്?
5 പിന്നീട്, യഹോവ തന്റെ ജനത്തിനുവേണ്ടി സ്നേഹപൂർവ്വകമായ കൂടുതൽ കരുതലുകൾ ചെയ്തു. ഇത് ദശലക്ഷക്കണക്കിന് യിസ്രായേല്യർ ഈജിപ്ററുവിട്ട് സീനായി മരുഭൂമിയിലൂടെ കടന്നുപോയപ്പോഴായിരുന്നു. ആ കരിഞ്ഞ, പരുപരുത്ത, മരുഭൂമിയിൽ, ഈ വലിയ പുരുഷാരത്തിന് എങ്ങനെ ഉപജീവനം കണ്ടെത്താൻ കഴിയും? അവരുടെ വിശ്വാസരാഹിത്യം നിമിത്തം യഹോവ കോപിച്ചെങ്കിലും, അവൻ “ആകാശത്തിന്റെ വാതിലുകൾ തന്നെ തുറന്നു. അവൻ അവർക്ക് തിന്നാൻ മന്നാ പൊഴിച്ചുകൊടുത്തുകൊണ്ടിരുന്നു, അവൻ അവർക്ക് സ്വർഗ്ഗത്തിലെ ധാന്യം കൊടുത്തു.” നീണ്ട 40 വർഷക്കാലം “അവൻ സ്വർഗ്ഗത്തിൽനിന്നുള്ള അപ്പത്താൽ അവരെ തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു.” (സങ്കീർത്തനം 78:22-24; 105:40; പുറപ്പാട് 16:4, 5, 31, 35) എന്നാൽ മന്നാ തിന്നത് യിസ്രായേല്യർ മാത്രമല്ലെന്ന് മറക്കരത്. യിസ്രായേല്യരല്ലാത്ത “ഒരു വലിയ സമ്മിശ്രസംഘവും” യഹോവയിൽ വിശ്വാസമർപ്പിക്കുകയും ഈജിപ്ററിൽനിന്ന് അവരോടുകൂടെ പുറപ്പെട്ടുപോകുകയും ചെയ്തു. ദൈവം അവർക്കും മന്നാ കൊടുത്തു.—പുറപ്പാട് 12:38.
6. (എ) മനുഷ്യന് ഏതു കൂടിയ ആവശ്യമുണ്ട്, എന്തുകൊണ്ട്? (ബി) യിസ്രായേലിന്റെ യാഗങ്ങൾ എന്തിനെ ദൃഢീകരിച്ചു, അവ എന്തിനെ മുൻനിഴലാക്കി?
6 എന്നുവരികിലും, മനുഷ്യവർഗ്ഗത്തിന് “സ്വർഗ്ഗത്തിൽനിന്നുള്ള” അക്ഷരീയ “അപ്പ”ത്തെക്കാൾ കൂടിയ ഒരു ആവശ്യം എല്ലായ്പ്പോഴും ഉണ്ടായിരുന്നിട്ടുണ്ട്. അത്ഭുതകരമായി പ്രദാനം ചെയ്യപ്പെട്ട മന്നാ തിന്നവർ പോലും പ്രായംചെന്നു മരിച്ചു. എന്തുകൊണ്ടെന്നാൽ മമനുഷ്യന്റെ അവകാശപ്പെടുത്തിയ പാപാവസ്ഥ, അവന്റെ ആഹാരമെന്തായിരുന്നാലും, മരണം അനിവാര്യമാക്കിത്തീർക്കുന്നു. (റോമർ 5:12) യിസ്രായേലിന്റെ ബലികൾ ദൈവവുമായുള്ള ഒരു നല്ല ബന്ധം നിലനിർത്തുന്നതിനുള്ള ഒരു വഴിപ്രദാനം ചെയ്തു. എന്നാൽ ആ ബലികൾ ആ ജനതയുടെ പാപപൂർണ്ണതയെയും ദൃഢീകരിച്ചു. അവയ്ക്കു “ഒരു സമയത്തും പാപത്തെ നീക്കം ചെയ്യാൻ കഴിവുണ്ടായിരുന്നില്ല.” കൂടാതെ, ആ യാഗങ്ങൾ യേശുവിന്റെ “ഏകയാഗ”ത്തെ മുൻനിഴലാക്കിക്കാണിച്ചു, ആ യാഗമാണ് പാപങ്ങളെ “സ്ഥിരമായി” നീക്കം ചെയ്യുന്നത്. യേശു സ്വർഗ്ഗത്തിലെ തന്റെ ഉയർന്ന സ്ഥാനത്തുനിന്ന് ആ ബലിയുടെ പുണ്യം പ്രയോഗിക്കാൻ ഇപ്പോൾ കഴിവുള്ളവനാണ്.—എബ്രായർ 10:1-4, 11-13.
“സ്വർഗ്ഗത്തിൽ നിന്നുള്ള യഥാർത്ഥ അപ്പം”
7. (എ) യോഹന്നാൻ 6-ാം അദ്ധ്യായത്തിലെ യേശുവിന്റെ വാക്കുകളെ ഏതു പുതിയ സാഹചര്യത്തിൽ വീക്ഷിക്കേണ്ടതാണ്? (ബി) യേശു ജനക്കൂട്ടത്തെ ശാസിച്ചതെന്തുകൊണ്ട്
7 ഇപ്പോൾ നമുക്ക് യോഹന്നാൻ 6-ാം അദ്ധ്യായത്തിലേക്ക് തിരിയാം. യേശുവിന്റെ ഇവിടത്തെ പ്രസ്താവനകൾ 5-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ തുടർച്ചയല്ല. സന്ദർഭം വ്യത്യസ്തമാണ്, കാരണം മറെറാരു വർഷം കടന്നുപോയിരുന്നു. ഇപ്പോൾ പൊതുയുഗം 32 ആണ്. രംഗം യരൂശലേമിലെ സ്വയനീതിക്കാരായ യഹൂദൻമാരുടെ ഇടയിലല്ല, പിന്നെയോ ഗലീലയിലെ സാധാരണ ജനങ്ങളുടെ ഇടയിലാണ്. യേശു അഞ്ചു യവത്തപ്പവും രണ്ടു ചെറിയ മീനും കൊണ്ട് 5000 പുരുഷൻമാരെ പോഷിപ്പിച്ച അത്ഭുതം ചെയ്തു കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. അടുത്തദിവസം മറെറാരു സൗജന്യ ഭക്ഷണം പ്രതീക്ഷിച്ചുകൊണ്ട് ജനക്കൂട്ടം യേശുവിനെ പിന്തുടരുന്നു. അതുകൊണ്ട് യേശു അവരോടു പറയുന്നു: “നിങ്ങൾ അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, പിന്നെയോ നിങ്ങൾ അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ് എന്നെ അന്വേഷിക്കുന്നത്. നശിക്കുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവനുവേണ്ടി നിലനിൽക്കുന്ന ആഹാരത്തിനായി പ്രവർത്തിക്കുക.” തന്നിൽ വിശ്വാസം പ്രകടമാക്കുന്ന എല്ലാവർക്കും അങ്ങനെയുള്ള ആഹാരം കൊടുക്കാനാണ് യേശുവിനെ പിതാവ് അയച്ചിരുന്നത്. “അത് സ്വർഗ്ഗത്തിൽനിന്നുള്ള യഥാർത്ഥ അപ്പ”മായിരിക്കും. അതിന് പുരാതന യിസ്രായേല്യർ തിന്ന അക്ഷരീയ മന്നായെക്കാൾ നിലനിൽക്കുന്ന ഫലങ്ങൾ ഉണ്ടായിരിക്കും.—യോഹന്നാൻ 6:26-32.
8. ഒരുവന് എങ്ങനെ നിത്യജീവൻ പ്രാപിക്കാൻ കഴിയും?
8 ആ “ആഹാര”ത്തിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങളെ കൂടുതലായി വിശദീകരിച്ചുകൊണ്ട് യേശു പറയുന്നു: “ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് അശേഷം വിശക്കുകയില്ല, എന്നിൽ വിശ്വാസം പ്രകടമാക്കുന്നവന് ഒരിക്കലും അശേഷം ദാഹിക്കുകയില്ല. . . .എന്തെന്നാൽ പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വാസം പ്രകടമാക്കുന്ന ഏവനും നിത്യജീവൻ ലഭിക്കണമെന്നുള്ളത് എന്റെ പിതാവിന്റെ ഇഷ്ടമാകുന്നു, ഞാൻ അവനെ അവസാനനാളിൽ ഉയിർപ്പിക്കും.”—യോഹന്നാൻ 6:35-40.
9, 10. (എ) “ജീവന്റെ അപ്പം” മന്നായിൽനിന്നു വ്യത്യസ്തമായിരിക്കുന്നതെങ്ങനെ? (ബി) യോഹന്നാൻ 6:42-51 അനുസരിച്ച് യേശു ആർക്കു തന്റെ മാംസം കൊടുത്തു? (സി) ഇവർ അവന്റെ ‘മാംസം തിന്നുന്ന’തെങ്ങനെ?
9 ഭൗതികാസക്തരായിരുന്ന ആ യഹൂദൻമാർ ആ വാക്കുകളോടെതിർക്കുന്നു. അവർ യേശുവിനെ യോസേഫിന്റെയും മറിയയുടെയും പുത്രനായി മാത്രമേ വീക്ഷിക്കുന്നുള്ളു. യേശു അവർക്കു മുന്നറിയിപ്പു കൊടുക്കുന്നു. “നിങ്ങളുടെ ഇടയിലെ പിറുപിറുപ്പുനിർത്തുക. എന്നെ അയച്ച പിതാവ് ആകർഷിക്കാത്തപക്ഷം യാതൊരുവനും എന്റെ അടുക്കൽ വരാൻ കഴിയുന്നതല്ല; ഞാൻ അവനെ അവസാനനാളിൽ ഉയർപ്പിക്കും.” പിന്നീട് അവൻ ഇങ്ങനെ ആവർത്തിക്കുന്നു: “ഞാനാണ് ജീവന്റെ അപ്പം. നിങ്ങളുടെ പൂർവ്വപിതാക്കൻമാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചിട്ടും മരിച്ചു. ഇത് സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്ന അപ്പമാകുന്നു, തന്നിമിത്തം ഏതൊരുവനും ഇത് ഭക്ഷിച്ചിട്ട് മരിക്കാതിരിക്കാവുന്നതാണ്. ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു; ആരെങ്കിലും ഈ അപ്പം തിന്നുന്നുവെങ്കിൽ അവൻ എന്നേക്കും ജീവിക്കും; യഥാർത്ഥത്തിൽ ഞാൻ കൊടുക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടിയുള്ള എന്റെ മാംസമാകുന്നു.”—യോഹാന്നാൻ 6:42-51.
10 തൽഫലമായി, യേശു തന്റെ മാംസം കൊടുത്തത് “ലോകത്തിന്റെ ജീവനുവേണ്ടി”യായിരുന്നു—വീണ്ടെടുക്കപ്പെടാവുന്ന മുഴുമനുഷ്യവർഗ്ഗലോകത്തിനുംവേണ്ടി. യേശുവിന്റെ ബലിയുടെ വീണ്ടെടുപ്പു ശക്തിയിൽ വിശ്വാസം പ്രടമാക്കുന്നതിനാൽ പ്രതീകാത്മകമായി ആ “അപ്പം”തിന്നുന്ന, മനുഷ്യവർഗ്ഗലോകത്തിലെ ഏതൊരുവനും നിത്യജീവനിലേക്കുള്ള വഴിയിൽ പ്രവേശിക്കാവുന്നതാണ്. ഇവിടെ, മരുഭൂമിയിൽ വച്ച് മന്നാ ഭക്ഷിക്കുന്നതിൽ യിസ്രായേല്യരുമായി പങ്കുചേർന്ന “വലിയ സമ്മിശ്രസംഘം” യേശുവിന്റെ “വേറെ ആടുകളാ”യ മഹാപുരുഷാരത്തെ മുൻനിഴലാക്കിക്കാണിച്ചു. അവർ “ദൈവത്തിന്റെ യിസ്രായേലി”ന്റെ അഭിഷിക്ത ശേഷിപ്പിനോടു ചേർന്നു ഒരു ആലങ്കാരികവിധത്തിൽ യേശുവിന്റെ മാംസം ഭക്ഷിക്കുന്നു. യേശുവിന്റെ ബലിയിൽ വിശ്വാസം പ്രകടമാക്കുന്നതിനാലാണ് അവർ ഇതു ചെയ്യുന്നത്.—ഗലാത്യർ 6:16; റോമർ 10:9, 10.
11. യേശുവിന്റെ ഏതു കൂടുതലായ വാക്കുകൾ യഹൂദൻമാരെ ഞെട്ടിച്ചു, എന്തുകൊണ്ട്?
11 ഗലീലയിൽ യേശുവിന്റെ ശ്രോതാക്കളിൽപെട്ട അനേകർ ഈ സംസാരത്തിൽ ഞെട്ടിപ്പോകുന്നു. തന്റെ മാംസമെന്ന വിഷയത്തെക്കുറിച്ചുതന്നെ സംസാരിച്ചുകൊണ്ട് അവൻ ഒരു പടികൂടെ കടന്ന് അവരോടു പറയുന്നു: “ഏററവും സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയുമിരിക്കുന്ന പക്ഷം നിങ്ങൾക്ക് നിങ്ങളിൽതന്നെ ജീവനില്ല. എന്റെ മാംസംതിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്, ഞാൻ അവനെ അവസാനനാളിൽ ഉയിർപ്പിക്കും; എന്തെന്നാൽ എന്റെ മാംസം യഥാർത്ഥ ഭക്ഷണവും എന്റെ രക്തം യഥാർത്ഥപാനീയവുമാകുന്നു.” (യോഹന്നാൻ 6:53-55) തീർച്ചയായും ഞെട്ടിക്കുന്നതുതന്നെ. ആ യഹൂദൻമാർക്ക് നരഭോജികളായിരിക്കുകയെന്ന ആശയം അറപ്പായിരുന്നുവെന്നു മാത്രമല്ല, ലേവ്യപുസ്തകം 17:14 ലെ നിയമം “യാതൊരുതരം മാംസത്തിന്റെയും രക്തം” ഭക്ഷിക്കുന്നതിനെ സുനിശ്ചിതമായി വിലക്കുകയും ചെയ്തിരുന്നു.
12. (എ) യേശു ഇവിടെ എന്തിനെ ദൃഢീകരിക്കുന്നു? (ബി) ഇത് യേശുവിന്റെ കൂട്ടവകാശികൾക്കു പരിമിതപ്പെടുത്തിയിട്ടില്ലെന്ന് ഏതു തിരുവെഴുത്തുകൾ തെളിയിക്കുന്നു?
12 തീർച്ചയായും, നിത്യജീവൻ പ്രാപിക്കേണ്ട എതൊരുവനും യേശു തന്റെ പൂർണ്ണമാനുഷശരീരം അർപ്പിച്ചുകൊണ്ടും തന്റെ ജീവരക്തം ചൊരിഞ്ഞുകൊണ്ടും പിന്നീടു നടത്തിയ ബലിയിൽ വിശ്വാസം പ്രകടമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ അങ്ങനെ ചെയ്യേണ്ടതാണെന്ന് അവൻ ഇവിടെ ഊന്നിപ്പറയുകയാണ്. (എബ്രായർ 10:5, 10; 1 പത്രോസ് 1:18, 19; 2:24) ഈ കരുതൽ യേശുവിന്റെ കൂട്ടവകാശികൾക്കായി പരിമിതപ്പെടുത്തിയിട്ടില്ല. അതിൽ “മഹോപദ്രവ”ത്തെ അതിജീവിക്കുന്ന “മഹാപുരുഷാര”വും ഉൾപ്പെടേണ്ടതാണ്, എന്തെന്നാൽ അവരും “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കിവെളുപ്പിച്ചിരിക്കുന്നു.” അവർ ദൈവത്തിനു “വിശുദ്ധസേവനം” അർപ്പിക്കുന്നതിനാലും പ്രകടമാക്കപ്പെടുന്ന പ്രകാരം, യേശുവിന്റെ ബലിയിലുള്ള അവരുടെ വിശ്വാസം ഭൂമിയിലെ ഏററവും വലിയ അരിഷ്ടതയുടെ കാലത്ത് അവർ സംരക്ഷിക്കപ്പെടുന്നതിൽ കലാശിക്കുന്നു. അതുപോലെതന്നെ, യോശുവാ യരീഹോയെ നശിപ്പിച്ചപ്പോൾ രാഹാബ് നീതിയുള്ളവളെന്ന് പ്രഖ്യാപിക്കപ്പെടുകയും അതിജീവിക്കുകയും ചെയ്തു.—വെളിപ്പാട് 7:9, 10, 14, 15; യോശുവാ 6:16, 17; യാക്കോബ് 2:25.
“നിങ്ങളിൽതന്നെ ജീവൻ”
13. (എ) യോഹന്നാൻ 5:26-ഉം 6:53-ഉം താരതമ്യപ്പെടുത്തുമ്പോൾ എന്തു ശ്രദ്ധിക്കേണ്ടതാണ്? (ബി) ഏതു സാധാരണ ഗ്രീക്ക് വ്യാകരണ ഘടന യോഹന്നാൻ 6:53 മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു? (സി) അതുകൊണ്ട്, “നിങ്ങളിൽതന്നെ ജീവൻ” ഉണ്ടായിരിക്കുകയെന്നാൽ അർത്ഥമെന്ത്, ഈ വാക്കുകൾ ആർക്കു ബാധകമാകുന്നു?
13 യോഹന്നാൻ 6:53, 54-ൽ യേശു “നിത്യജീവനെ”യും “നിങ്ങളിൽതന്നെയുള്ള ജീവനെയും” തുല്യമായി കരുതുന്നു. അതുകൊണ്ട്, ഈ സന്ദർഭത്തിൽ “നിങ്ങളിൽതന്നെയുള്ള ജീവൻ” എന്ന പദപ്രയോഗത്തിന് യേശു യോഹന്നാൻ 5:26-ൽ ഉപയോഗിച്ചിരിക്കുന്നതിൽനിന്ന് വ്യത്യസ്തമായ ഒരു അർത്ഥമുള്ളതായി തോന്നുന്നു. “നിങ്ങളിൽതന്നെയുള്ള ജീവൻ” എന്നതിലെ വ്യാകരണ ഘടനയുള്ള പദപ്രയോഗങ്ങൾ ഗ്രീക്ക് തിരുവെഴുത്തുകളിൽ മററു ചിലടങ്ങളിലും കാണുന്നുണ്ട്. ദൃഷ്ടാന്തമായി, “നിങ്ങളിൽതന്നെ ഉപ്പുണ്ടായിരിക്കുക” (മർക്കോസ് 9:50) “തങ്ങളിൽതന്നെ പൂർണ്ണപ്രതിഫലം ലഭിക്കുക.” (റോമർ 1:27)a ഈ ദൃഷ്ടാന്തങ്ങളിൽ, ഈ പദപ്രയോഗം മററുള്ളവർക്ക് ഉപ്പോ പ്രതിഫലമോ കൊടുക്കുന്നതിനുള്ള അധികാരത്തെ സൂചിപ്പിക്കുന്നില്ല. പകരം, ആന്തരിക തികവോ, നിറവോ സൂചിപ്പിക്കപ്പെടുന്നു. അതുകൊണ്ട് യോഹന്നാൻ 6:53-ന്റെ സന്ദർഭമനുസരിച്ച് “നിങ്ങളിൽതന്നെ ജീവൻ” ഉണ്ടായിരിക്കുകയെന്നതിന്റെ അർത്ഥം ഒടുവിൽ ജീവന്റെ പൂർണ്ണതയിൽതന്നെ എത്തുകയെന്നാണ്. രാജ്യാവകാശികളുടെ ചെറിയ ആട്ടിൻകൂട്ടത്തിന് സ്വർഗ്ഗത്തിലേക്കുള്ള അവരുടെ പുനരുത്ഥാനത്തിങ്കിൽ ഇത് അനുഭവപ്പെടുന്നു. “വേറെ ആടുകൾ”ക്ക് ആയിരവർഷത്തിന്റെ അവസാനത്തിനുശേഷം അവർ പരിശോധിക്കപ്പെടുകയും പരദീസാഭൂമിയിലെ നിത്യജീവന് നീതിമാൻമാരെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുമ്പോൾ അതനുഭവപ്പെടുന്നു.—1 യോഹന്നാൻ 3:2; വെളിപ്പാട് 20:4, 5.
14. വേറെ ആർക്കും “സ്വർഗ്ഗത്തിൽനിന്നുള്ള അപ്പ”ത്തിൽനിന്ന് പ്രയോജനം കിട്ടും, എങ്ങനെ?
14 മററുള്ളവർക്കും “സ്വർഗ്ഗത്തിൽനിന്നുള്ള അപ്പ”ത്തിൽ നിന്ന് പ്രയോജനമനുഭവിക്കാൻ കഴിയും. ‘തന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും’ ചെയ്താലും മരിക്കുന്നവനെക്കുറിച്ച് “ഞാൻ അവനെ അവസാനനാളിൽ ഉയിർപ്പിക്കു”മെന്ന് യേശു പറയുകയുണ്ടായി. മരണത്തിൽ നിദ്രകൊള്ളുന്ന അഭിഷിക്ത ക്രിസ്ത്യാനികൾ, “അന്ത്യകാഹളം” മുഴക്കുന്ന വേളയിൽ ഉയിർപ്പിക്കപ്പെടുമെന്ന് മനസ്സിലാക്കപ്പെടുന്നു. അതു സംഭവിക്കുന്നത് യേശുക്രിസ്തുവിന്റെ രാജ്യമഹത്വത്തിലെ “പ്രത്യക്ഷ
ത”യുടെ കാലത്താണ്. (1 കൊരിന്ത്യർ 15:52; 2 തിമൊഥെയോസ് 4:1, 8) എന്നാൽ മരണത്തിൽ നിദ്രപ്രാപിക്കുന്ന, “വേറെ ആടുകളായി”ത്തീരാനുള്ളവരെ സംബന്ധിച്ചെന്ത്? ലാസറിന്റെ മരണസമയത്തെ മാർത്തയുടെ വാക്കുകൾ ഇവിടെ താൽപ്പര്യജനകമാണ്, എന്തുകൊണ്ടെന്നാൽ ദൈവഭയമുള്ള യഹൂദൻമാർക്ക് ഒരു ഭൗമിക പുനരുത്ഥാനമല്ലാതെ മറെറാരു പ്രത്യാശയില്ലായിരുന്നു. “അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ [ലാസർ] ഉയിർക്കുമെന്ന് എനിക്കറിയാം” എന്ന വാക്കുകളിൽ മാർത്തയുടെ വിശ്വാസം പ്രകടമാക്കപ്പെട്ടു. (യോഹന്നാൻ 11:24) അതുകൊണ്ട് ക്രിസ്തുവിന്റെ സാന്നിദ്ധ്യകാലത്ത് ഇപ്പോൾ ജീവിക്കുന്ന നമുക്ക്, മരണത്തിൽ നിദ്രകൊള്ളുന്ന “മഹാപുരുഷാര”ത്തിൽ പെട്ട വിശ്വസ്തർക്ക് ഇവിടെ ഭൂമിയിൽ നേരത്തെയുള്ള ഒരു പുനരുത്ഥാനം ലഭിക്കുമെന്ന് പ്രത്യാശിക്കാൻ കഴിയു, തന്നിമിത്തം അവർക്ക് നിത്യജീവൻ മുന്നിൽ കണ്ടുകൊണ്ട് വീണ്ടും “സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം” ഭക്ഷിക്കാൻ കഴിയും. അത് എത്ര മഹത്തായ പ്രത്യാശയാണ്, യേശുതന്നെ മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതിനാൽ ഉറപ്പാക്കപ്പെട്ട ഒരു പ്രത്യാശ!—1 കൊരിന്ത്യർ 15:3-8.
“ക്രിസ്തുവിനോടുള്ള ഐക്യ”ത്തിൽ
15. “ക്രിസ്തുവിനോടുള്ള ഐക്യത്തിൽ” എന്ന യേശുവിന്റെ വാക്കുകൾ ആർക്കു ബാധകമാകുന്നു, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നതെന്തുകൊണ്ട്?
15 യേശു തുടരുന്നു “എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നോടുള്ള ഐക്യത്തിലും ഞാൻ അവനോടുള്ള ഐക്യത്തിലും സ്ഥിതിചെയ്യുന്നു.” (യോഹന്നാൻ 6:56) ആ സ്ഥിതിക്ക്, ഇത് ‘തന്നിൽതന്നെയുള്ള ജീവന്റെ’ പ്രതീക്ഷയോടെ യേശുവിന്റെ ബലിയിൽ വിശ്വാസം പ്രകടമാക്കുന്ന “ഏതൊരുവനെ” സംബന്ധിച്ചും സത്യമാണ്. അങ്ങനെയുള്ള വിശ്വാസം പ്രകടമാക്കുന്ന സകലർക്കും “യേശുവിനോടുള്ള ഐക്യത്തിൽ” വരാൻ കഴിയും. തീർച്ചയായും, ഭൗമിക പ്രത്യാശയുള്ള “മഹാപുരുഷാരം,” ക്രിസ്തുവിന്റേതുപോലെയുള്ള ഒരു സ്വർഗ്ഗീയപുനരുത്ഥാനം ലഭിക്കുന്ന തന്റെ മണവാട്ടിയിലെ അംഗങ്ങളായി ക്രിസ്തുവിന്റെ കൂട്ടവകാശികളായിരിക്കുന്നുവെന്ന അർത്ഥത്തിൽ “ക്രിസ്തുവിനോടുള്ള ഐക്യത്തിൽ” ആയിരിക്കുന്നില്ല. (റോമർ 8:1, 10; 1 കൊരിന്ത്യർ 1:2; 2 കൊരിന്ത്യർ 5:17; 11:2; ഗലാത്യർ 3:28, 29; എഫേസ്യർ 1:1, 4, 11; ഫിലിപ്യർ 3:8-11) എന്നാൽ ഭൗമിക പ്രത്യാശയോടുകൂടിയ എല്ലാവർക്കും, “ചെറിയ ആട്ടിൻകൂട്ട”ത്തെക്കുറിച്ചു സത്യമായിരിക്കുന്നതുപോലെ, “പൂർണ്ണതയുള്ള ദൈവഹിതം” അറിഞ്ഞു ചെയ്യുന്നതിൽ പിതാവിനോടും പുത്രനോടും പൂർണ്ണയോജിപ്പിലായിരിക്കാൻ കഴിയും, യഥാർത്ഥത്തിൽ അങ്ങനെ ആയിരിക്കേണ്ടതാണ്.—റോമർ 12:2; യോഹന്നാൻ 17:21 താരതമ്യപ്പെടുത്തുക.
16. (എ) ക്രിസ്തുവിന്റെ ബലിയിൽ വിശ്വാസമർപ്പിക്കുന്ന എല്ലാവരും ഏതു മർമ്മപ്രധാനമായ വിധങ്ങളിൽ യേശുവിനോടുള്ള “ഐക്യത്തിൽ” ആണ്? (ബി) ഉദ്ദേശ്യത്തിലും ശ്രമത്തിലുമുള്ള അവരുടെ ഒരുമ എന്തിൽ പ്രതിഫലിക്കുന്നു?
16 തൽഫലമായി, ഇന്നു വിശ്വാസം പ്രകടമാക്കുന്ന ഏവർക്കും ക്രിസ്തുവിന്റെ മാംസരക്തങ്ങളുടെ യാഗമൂല്യം ലഭ്യമാണ്. അത് പ്രയോജനപ്പെടുത്തുന്ന എല്ലാവർക്കും മർമ്മപ്രധാനമായ വിധങ്ങളിൽ യേശുവിനോട് “ഐക്യ”ത്തിലായിരിക്കാൻ കഴിയും. എല്ലാവരും യഹോവയാം ദൈവത്തിന്റെ സാർവ്വത്രിക കുടുംബത്തിന്റെ ഭാഗമായിത്തീരേണ്ടതാണ്. ഈ നിർണ്ണായകമായ അന്ത്യനാളുകളിൽ അവർ വിശ്വാസത്തിന്റെയും ഉദ്ദേശ്യത്തിന്റെയും പ്രവർത്തനത്തിന്റെയും ഒരു ലോകവ്യാപക ഐക്യം അനുഭവിക്കുന്നുണ്ട്. യേശുവിൽ വിശ്വാസമർപ്പിക്കുന്നതിനാൽ, അവൻ ഇവിടെ ഭൂമിയിലായിരുന്നപ്പോൾ ചെയ്തതിനെക്കാൾ വ്യാപ്തിയിൽ “വലിപ്പമേറിയ പ്രവൃത്തികൾ” ചെയ്യാൻ അവർ പ്രാപ്തരാണ്. ഇപ്പോൾ “മഹാപുരുഷാരം” ഈ കാലത്തു യഹോവയുടെ വേല ചെയ്യുന്നവരുടെ 99.7 ശതമാനം വരുന്നുണ്ടെന്ന് ശ്രദ്ധിക്കുക. (യോഹന്നാൻ 14:12; റോമർ 10:18) ഉദ്ദേശ്യത്തിന്റെയും ശ്രമത്തിന്റെയും ഈ ഏകത മഹത്തായ ആഗോള സാക്ഷ്യത്തിലും വാച്ച്ററവർ സൊസൈററിയുടെ നിർമ്മാണ പരിപാടികൾക്കു കൊടുക്കുന്ന മനസ്സൊരുക്കത്തോടുകൂടിയ പിന്തുണയിലും പ്രതിഫലിക്കുന്നുണ്ട്. (സങ്കീർത്തനം 110:3) മനുഷ്യവർഗ്ഗലോകത്തിലെ എത്രപേർകൂടെ ഇനിയും വിശ്വസിക്കുമെന്നും ഈ വിലയേറിയ ഐക്യത്തിലേക്കു വരുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു. അടുത്ത കാലത്തെ ഒരു റിപ്പോർട്ട് 30,24,131 സജീവ സാക്ഷികളുണ്ടെന്ന് പ്രകടമാക്കുന്നു.
17. സ്മാരകത്തിൽ ഹാജരാകുന്ന എല്ലാവരും ഏത് ആശയങ്ങളെ വിലമതിക്കണം?
17 അനേകം താൽപ്പര്യക്കാർ 1986-ലെ സ്മാരകാഘോഷത്തിന് ഹാജരായവരുടെ അണികളിൽ ഉൾപ്പെടുന്നു. വേറെ ആടുകളിൽപെട്ട ദശലക്ഷങ്ങൾ “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ കുറഞ്ഞുകൊണ്ടിരിക്കുന്ന ആയിരങ്ങളോടുകൂടെ ഹാജരാകുകയുണ്ടായി. ക്രിസ്തുവിന്റെ മാംസവും രക്തവും എത്ര മർമ്മപ്രധാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് എല്ലാവരും യഹോവയുടെ സ്നേഹപൂർവ്വകമായ കരുതലിനോട് ആഴമായ വിലമതിപ്പ് പ്രകടമാക്കി. എന്നുവരികിലും, സ്മാരകചിഹ്നങ്ങളിലെ പങ്കുപററൽ നിത്യജീവൻ നൽകുന്നില്ല. അവ യേശുവിന്റെ യാഗത്തിന്റെ പ്രതീകങ്ങളാണ്. ആ യാഗം ആദ്യമായി “പുതിയ ഉടമ്പടി”യോടുള്ള ബന്ധത്തിൽ പ്രയോജനപ്പെടുന്നു. ആ ഉടമ്പടിയിലേക്ക് എടുക്കപ്പെടുന്ന അഭിഷിക്തർ, അവർ മാത്രം, ആണ് ഉചിതമായി ചിഹ്നങ്ങളിൽ പങ്കുപററുന്നത്. ഒരുവൻ ഒന്നുകിൽ ആ പുതിയ ഉടമ്പടിയിൽ ഉൾപ്പെടുന്നു, അല്ലെങ്കിൽ ഉൾപ്പെടുന്നില്ല. (1 കൊരിന്ത്യർ 11:20, 23-26) പുതിയ ഉടമ്പടിയിലല്ലാത്തവരും രാജ്യത്തിനുവേണ്ടിയുള്ള ഉടമ്പടിയിലേക്ക് എടുക്കപ്പെട്ടിട്ടില്ലാത്തവരും സ്മാരക ചിഹ്നങ്ങളിൽ പങ്കുപററുന്നില്ല. എന്നിരുന്നാലും, അവർ യേശുവിന്റെ ബലിചെയ്യപ്പെട്ട മാംസരക്തങ്ങൾ എത്ര പ്രധാനമാണെന്ന് അപ്പോഴും തിരിച്ചറിയുന്നു. (ലൂക്കോസ് 22:14-20, 28-30) ഈ ബലിമുഖാന്തരമാണ് അവർക്ക് ഭൂമിയിലെ നിത്യജീവൻ പ്രാപിക്കാൻ കഴിയുന്നത്.
18. യേശുവിന്റെ ബലി അർത്ഥമാക്കുന്ന സകലവും വ്യക്തമായി വിവേചിക്കുന്നതിൽനിന്ന് എന്തു സന്തുഷ്ടി സംജാതമാകുന്നു?
18 അതുകൊണ്ട്, യേശുവിന്റെ ബലിമനുഷ്യവർഗ്ഗത്തിന് എന്തുകൈവരുത്തുന്നുവെന്ന വ്യക്തമായ തിരിച്ചറിവോടെ നാം സ്മാരകാഘോഷത്തെ സമീപിക്കുന്നു. “ചെറിയ ആട്ടിൻകൂട്ട”ത്തിൽപെട്ടവർ തങ്ങളുടെ വിളിയെ വിലമതിക്കട്ടെ. വളർന്നുകൊണ്ടിരിക്കുന്ന “വേറെ ആടുകളുടെ” കൂട്ടം പൂർണ്ണ ഭൗമിക ‘ജീവൻ തങ്ങളിൽതന്നെ’ ലഭിക്കുന്നതിനുള്ള പ്രത്യാശയിൽ സന്തോഷിക്കട്ടെ. അതേസമയം, അവർ ഇപ്പോൾത്തന്നെ പിതാവിനോടും പുത്രനോടും ഇപ്പോഴും ഭൂമിയിലുള്ള അഭിഷിക്തശേഷിപ്പിന്റെ കുറഞ്ഞുവരുന്ന സംഖ്യയോടുമുള്ള തങ്ങളുടെ ഐക്യത്തെ അതിയായി വിലമതിക്കുന്നു. “ജീവന്റെ അപ്പം” ഇപ്പോൾ എല്ലാവർക്കും ലഭ്യമായിരിക്കുന്നതിൽ നാം എത്ര സന്തുഷ്ടരാണ്!(w86 2/15)
[അടിക്കുറിപ്പുകൾ]
a മത്തായി 3:9; 9:3; 13:21; മർക്കോസ് 5:30; 6:51; ലൂക്കോസ് 7:39, 49; 12:17; 18:4; യോഹന്നാൻ 5:42; 11:38; പ്രവൃത്തികൾ 10:17; 2 കൊരിന്ത്യർ 1:9. കൂടെ കാണുക.
പുനരവലോകന ചോദ്യങ്ങൾ
◻ പൊതുയുഗം 32-ൽ യേശു ആർക്കു കൊടുക്കപ്പെട്ട രണ്ടുതരം മന്നായെക്കുറിച്ചു പറഞ്ഞു?
◻ ‘തന്റെ മാംസം തിന്നാനും തന്റെ രക്തം കുടിക്കാനും’ യേശു ആരെ ക്ഷണിക്കുന്നു, അവർ ഇത് എങ്ങനെ ചെയ്യുന്നു?
◻ “നിങ്ങളിൽതന്നെ ജീവൻ ഉണ്ടായിരിക്കുക”യെന്നതിനാൽ എന്തർത്ഥമാക്കപ്പെടുന്നു, ഇത് എപ്പോൾ, എങ്ങനെ നേടുന്നു?
◻ “ജീവന്റെ അപ്പം” സംബന്ധിച്ച് നമുക്കെല്ലാം ഇപ്പോൾ ഏതു സന്തോഷത്തിൽ പങ്കുപററാവുന്നതാണ്?