ബൈബിൾകാലങ്ങളിലെ വിദ്യാഭ്യാസം
“നിങ്ങൾ അവ നിങ്ങളുടെ പുത്രൻമാരെ പഠിപ്പിക്കുകയും ചെയ്യണം.”—ആവർത്തനം 11:19, NW.
1. തന്റെ ദാസൻമാരുടെ വിദ്യാഭ്യാസത്തിൽ യഹോവ താത്പര്യമുള്ളവനാണെന്ന് എന്തു പ്രകടമാക്കുന്നു?
യഹോവ വലിയ വിദ്യാദാതാവാണ്. അവൻ തന്റെ ദാസൻമാരെ ഒരിക്കലും അജ്ഞതയിൽ വിട്ടുകളഞ്ഞിട്ടില്ല. അവരോടൊത്തു അറിവു പങ്കിടാൻ അവൻ എല്ലായ്പ്പോഴും മനസ്സൊരുക്കമുള്ളവനായിരുന്നിട്ടുണ്ട്. അവൻ അവരെ തന്റെ ഇഷ്ടവും വഴികളും പഠിപ്പിക്കുന്നു. എണ്ണമററ സഹസ്രാബ്ദങ്ങളിൽ അവന്റെ ഏകജാതനായ പുത്രൻ അവന്റെ അടുക്കൽ “വിദഗ്ദ്ധ വേലക്കാരൻ” എന്ന നിലയിൽ നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. (സദൃശവാക്യങ്ങൾ 8:30, NW) ഭൂമിയിലായിരുന്നപ്പോൾ യേശു ഇങ്ങനെ പ്രസ്താവിച്ചു: “പിതാവ് എന്നെ പഠിപ്പിച്ചതുപോലെതന്നെ ഞാൻ ഈ കാര്യങ്ങൾ സംസാരിക്കുന്നു.” (യോഹന്നാൻ 8:28, NW) അനുപമനായ വിദ്യാദാതാവായി ദൈവത്തെ പരാമർശിച്ചുകൊണ്ട് ഏലീഹു ഇങ്ങനെ ചോദിച്ചു: “അവനെപ്പോലെ ഒരു പ്രബോധകൻ ആരുള്ളൂ?” (ഇയ്യോബ് 36:22, NW) യശയ്യാപ്രവാചകൻ, യഹോവ തന്റെ ജനത്തിന്റെ “മഹാപ്രബോധക”നായിരിക്കുന്നതായി പറയുകയും ഇങ്ങനെ പ്രവചിക്കുകയും ചെയ്തു: “നിന്റെ പുത്രൻമാരെല്ലാം യഹോവയാൽ പഠിപ്പിക്കപ്പെട്ടവരായിരിക്കും, നിന്റെ പുത്രൻമാരുടെ സമാധാനം സമൃദ്ധമായിരിക്കും.” (യശയ്യാവ് 30:20; 54:13, NW) നിസ്സംശയമായും, തന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികൾ ഉദ്ബുദ്ധരും സുശിക്ഷിതരും ആയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു.
ഗോത്രപിതാക്കൻമാരാലുള്ള വിദ്യാഭ്യാസം
2, 3. (ഏ) വിശ്വസ്ത ഗോത്രപിതാക്കൻമാർ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ വീക്ഷിച്ചു, യഹോവ അബ്രഹാമിനു ഏന്തു പ്രബോധനം കൊടുത്തു? (ബി) അബ്രഹാമിന്റെ സന്തതിയെ പഠിപ്പിക്കാനുള്ള നിർദ്ദേശത്തിനു പിന്നിലെ മഹത്തായ ഉദ്ദേശ്യം എന്തായിരുന്നു?
2 ഗോത്രപിതാക്കൻമാരുടെ കാലത്തെ കുടുംബത്തലവന്റെ പ്രത്യേക പദവികളിൽ ഒന്നു തന്റെ കുട്ടികളെയും തന്റെ കുടുംബത്തെയും പഠിപ്പിക്കുക എന്നതായിരുന്നു. ദൈവദാസൻമാർക്കു തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഒരു മതപരമായ കർത്തവ്യമായിരുന്നു. തന്റെ ദാസനായ അബ്രഹാമിനെക്കുറിച്ചു യഹോവ ഇങ്ങനെ പറഞ്ഞു: “അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.”—ഉല്പത്തി 18:19.
3 യഹോവ വിദ്യാഭ്യാസത്തെ വലിയ പ്രാധാന്യമുള്ളതായി കരുതിയെന്ന് ഈ ദിവ്യപ്രസ്താവന പ്രകടമാക്കുന്നു. ഭാവിതലമുറകൾ യഹോവയുടെ വഴി പാലിക്കാവുന്ന ഒരു നിലയിലായിരിക്കാൻ തക്കവണ്ണം അവന്റെ നീതിയുടെയും ന്യായത്തിന്റെയും വഴികൾ തങ്ങളുടെ കുടുംബാംഗങ്ങളെ പഠിപ്പിക്കാൻ യഹോവ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ആവശ്യപ്പെട്ടു. ഇപ്രകാരം, അബ്രഹാമിന്റെ സന്തതിയെയും “ഭൂമിയിലുള്ള സകലജാതികളു”ടെയും അനുഗ്രഹത്തെയും സംബന്ധിച്ച തന്റെ വാഗ്ദത്തങ്ങൾ യഹോവ നിവർത്തിക്കുമായിരുന്നു.—ഉല്പത്തി 18:18; 22:17, 18.
ഇസ്രയേലിലെ വിദ്യാഭ്യാസപദ്ധതി
4, 5. (ഏ) ഇസ്രയേലിലെ വിദ്യാഭ്യാസപദ്ധതിയെ മററു ജനതകളുടേതിൽനിന്നു വ്യത്യസ്തമാക്കിയതെന്തായിരുന്നു? (ബി) വേറെ ഏതു പ്രധാനപ്പെട്ട വ്യത്യാസം എൻസൈക്ലോപീഡിയ ജൂഡയിക്കയിൽ വിവരിച്ചിരിക്കുന്നു, നിസ്സംശയമായും എന്തു ഈ വ്യത്യാസമുളവാക്കുന്നതിനു ഗണ്യമായ പങ്കുവഹിച്ചു?
4 ദി എൻസൈക്ലോപ്പീഡിയ ജൂഡയിക്ക ഇപ്രകാരം പ്രസ്താവിക്കുന്നു: “പുരാതന ഇസ്രയേലിലെ വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു ഗ്രാഹ്യം ലഭിക്കുന്നതിനുള്ള പ്രാഥമിക ഉറവിടം ബൈബിളാണ്.” യഹോവ മോശയെ ഇസ്രയേലിലെ ആദ്യത്തെ മാനുഷോപദേഷ്ടാവായി ഉപയോഗിച്ചു. (ആവർത്തനം 1:3, 5; 4:5) യഹോവ മോശക്കു നൽകിയ വാക്കുകൾ അവൻ അറിയിച്ചു. (പുറപ്പാടു 24:3) അതുകൊണ്ട്, യഥാർത്ഥത്തിൽ ഇസ്രയേലിന്റെ പ്രമുഖ വിദ്യാദാതാവു ദൈവമായിരുന്നു. ഇത് അതിൽത്തന്നെ ഇസ്രയേലിന്റെ വിദ്യാഭ്യാസപദ്ധതിയെ മററു ജനതകളുടേതിൽനിന്നു വ്യത്യസ്തമാക്കി.
5 അതേ പരാമർശഗ്രന്ഥം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “മെസപട്ടേമിയയിലെയും ഈജിപ്ററിലെയും ഉന്നതവിദ്യാഭ്യാസം അഥവാ പുസ്തകപഠനം ഔപചാരികവും ശാസ്ത്രിവർഗ്ഗത്തിൽ ഒതുങ്ങിനിന്നതുമായിരുന്നു. ഇസ്രയേലിൽ വാസ്തവമതായിരുന്നുവെന്നു തോന്നുന്നില്ല. വ്യത്യാസം യഹൂദൻമാർ എഴുതുന്നതിനുപയോഗിച്ച കൂടുതൽ ലളിതമായ അക്ഷരമാല നിമിത്തമായിരുന്നുവെന്നതിനു സംശയമില്ല. . . . വിദ്യാഭ്യാസത്തിന്റെ ചരിത്രത്തിൽ അക്ഷരമാല ഉപയോഗിച്ചുള്ള എഴുത്തിന്റെ പ്രാധാന്യത്തെ അവഗണിക്കരുത്. അത് ഈജിപ്ററിലെയും മെസപട്ടേമിയയിലെയും രണ്ടാം സഹസ്രാബ്ദത്തിലെ കനാനിലെയും ശാസ്ത്രിമാരുടെ പരമ്പരാഗത സംസ്കാരങ്ങളിൽനിന്നുള്ള ഒരു വ്യതിയാനത്തെ സൂചിപ്പിച്ചു. സാക്ഷരത മേലാൽ നിഗൂഢമായ ക്യൂണിഫോം കയ്യെഴുത്തിലും ചിത്രലിപികളിലും നിപുണരായിരുന്ന വിദഗ്ദ്ധ ശാസ്ത്രിമാരെയും പുരോഹിതൻമാരെയും തിരിച്ചറിയിക്കുന്നതും അനന്യവുമായ സവിശേഷതയായിരുന്നില്ല.”
6. തങ്ങളുടെ ചരിത്രാരംഭംമുതൽതന്നെ ഇസ്രയേല്യർ സാക്ഷരരായ ഒരു ജനമായിരുന്നുവെന്നതിന് എന്തു ബൈബിൾതെളിവുണ്ട്?
6 ഇസ്രയേല്യർ സാക്ഷരരായ ഒരു ജനതയായിരുന്നുവെന്നതിനു ബൈബിൾ തെളിവു നൽകുന്നു. അവർ വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനുമുമ്പുപോലും യഹോവയുടെ നിയമങ്ങൾ തങ്ങളുടെ കട്ടിളകളിൻമേലും വാതിലുകളിൻമേലും എഴുതാൻ അവരോടു പറയപ്പെട്ടു. (ആവർത്തനം 6:1, 9; 11:20; 27:1-3) ഈ കല്പന നിസ്സംശയമായി ആലങ്കാരികമാണെന്നിരിക്കെത്തന്നെ, എഴുതാനും വായിക്കാനും അറിവില്ലെങ്കിൽ ഒരു സാധാരണ യിസ്രയേല്യനെ സംബന്ധിച്ചിടത്തോളം തീർച്ചയായും അതിനു യാതൊരു അർത്ഥവും ഉണ്ടായിരിക്കുമായിരുന്നില്ല. ഇസ്രയേലിൽ രാജവാഴ്ച സ്ഥാപിക്കുന്നതിനു മുമ്പുതന്നെ മോശയെയും യോശുവയെയും പോലുള്ള നേതാക്കൻമാരെ കൂടാതെ മററുള്ളവർക്കും എഴുതാനും വായിക്കാനും അറിയാമായിരുന്നുവെന്നു യോശുവ 18:9, ന്യായാധിപൻമാർ 8:14 എന്നിങ്ങനെയുള്ള തിരുവെഴുത്തുകൾ പ്രകടമാക്കുന്നു.—പുറപ്പാടു 34:27; യോശുവ 24:26.
പഠിപ്പിക്കൽ രീതികൾ
7. (ഏ) തിരുവെഴുത്തുകൾ പറയുന്നതനുസരിച്ച് ഇസ്രയേലിലെ കുട്ടികൾക്ക് ആർ അടിസ്ഥാനവിദ്യാഭ്യാസം പ്രദാനം ചെയ്തു? (ബി) ഫ്രഞ്ച് ബൈബിൾ പണ്ഡിതൻ ഏതു വിവരം നൽകുന്നു?
7 ഇസ്രയേലിൽ കുട്ടികളെ വളരെ ചെറുപ്പംമുതൽതന്നെ പിതാവും മാതാവും പഠിപ്പിച്ചിരുന്നു. (ആവർത്തനം 11:18, 19; സദൃശവാക്യങ്ങൾ 1:8; 31:26) ഫ്രഞ്ച് ഡിക്ഷണയർ ഡി ലാ ബിബിളിൽ ബൈബിൾ പണ്ഡിതനായ ഈ. മൻഷനോ ഇപ്രകാരം എഴുതി: “കുട്ടിക്കു സംസാരിക്കാൻ കഴിഞ്ഞാലുടൻ, അവൻ ന്യായപ്രമാണത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ പഠിച്ചിരുന്നു. അവന്റെ അമ്മ ഒരു വാക്യം ആവർത്തിക്കുമായിരുന്നു; അവൻ അതു പഠിച്ചുകഴിയുമ്പോൾ അവൾ മറെറാന്നു കൊടുക്കുമായിരുന്നു. പിന്നീട്, കുട്ടികൾക്ക് ഓർമ്മയിൽനിന്ന് ഉരുവിടാൻ കഴിഞ്ഞ വാക്യങ്ങളുടെ ഒരു എഴുതപ്പെട്ട രേഖ അവരുടെ കൈകളിൽ വച്ചുകൊടുത്തിരുന്നു. ഇങ്ങനെ അവരെ വായന പരിചയപ്പെടുത്തി, അവർ വളർന്നുകഴിയുമ്പോൾ വായിക്കുന്നതിനാലും കർത്താവിന്റെ നിയമം ധ്യാനിക്കുന്നതിനാലും അവർക്കു തങ്ങളുടെ മതപ്രബോധനം തുടരാൻ കഴിയുമായിരുന്നു.”
8. (ഏ) ഏത് അടിസ്ഥാന പഠിപ്പിക്കൽ രീതി ഇസ്രയേലിൽ ഉപയോഗിച്ചിരുന്നു, എന്നാൽ ഏതു പ്രധാനപ്പെട്ട സ്വഭാവവിശേഷതയോടെ? (ബി) എന്ത് ഓർമ്മിക്കൽ സഹായികൾ ഉപയോഗിക്കപ്പെട്ടിരുന്നു?
8 ഉപയോഗിച്ചിരുന്ന ഒരു അടിസ്ഥാന പഠിപ്പിക്കൽരീതി കാര്യങ്ങളുടെ ഹൃദിസ്ഥമാക്കലായിരുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു. യഹോവയുടെ നിയമങ്ങളും തന്റെ ജനത്തോടുള്ള അവന്റെ ഇടപെടലുകളും സംബന്ധിച്ചു പഠിച്ച കാര്യങ്ങൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങേണ്ടിയിരുന്നു. (ആവർത്തനം 6:6, 7) അവർ അവയെക്കുറിച്ചു ധ്യാനിക്കേണ്ടിയിരുന്നു. (സങ്കീർത്തനം 77:11, 12) ഓർമ്മിക്കാൻ ചെറുപ്പക്കാരെയും പ്രായമുള്ളവരെയും സഹായിക്കുന്നതിനു വ്യത്യസ്ത ഓർമ്മിക്കൽ സഹായികൾ ഉപയോഗിച്ചിരുന്നു. ഇവയിൽ അക്ഷരമാലാക്രമത്തിൽ (സദൃശവാക്യങ്ങൾ 31:10-31-ലേതുപോലെ) ഒരു വ്യത്യസ്ത അക്ഷരംകൊണ്ടു തുടങ്ങുന്ന ഒരു സങ്കീർത്തനത്തിലെ തുടർച്ചയായ വാക്യങ്ങളായ സൂത്രാക്ഷരിശ്ലോകങ്ങൾ, അനുപ്രാസം (ഒരേ അക്ഷരത്തിലോ ശബ്ദത്തിലോ ആരംഭിക്കുന്ന പദങ്ങൾ), സദൃശവാക്യങ്ങൾ 30-ാം അദ്ധ്യായത്തിന്റെ ഒടുവിൽ ഉപയോഗിച്ചിരിക്കുന്നതുപോലെയുള്ള സംഖ്യകളുടെ ഉപയോഗം എന്നിവ ഉൾപ്പെട്ടിരുന്നു. രസകരമായി, പുരാതന എബ്രായ എഴുത്തിന്റെ ഏററവും പഴയ മാതൃകകളിലൊന്നായ ഗെസർ കലണ്ടർ ഒരു സ്കൂൾകുട്ടിയുടെ ഓർമ്മിക്കൽ അഭ്യാസമാണെന്നു ചില പണ്ഡിതൻമാർ കരുതുന്നു.
പാഠ്യപദ്ധതി
9. (ഏ) ഇസ്രയേലിലെ കുട്ടികൾക്കുള്ള പഠനപദ്ധതിയിലെ ഒരു പ്രധാനപ്പെട്ട ഭാഗം എന്തായിരുന്നു? (ബി) വാർഷിക ഉത്സവങ്ങളോടു ബന്ധപ്പെട്ടു നടത്തിയിരുന്ന പഠിപ്പിക്കലിനെ സംബന്ധിച്ച് ഒരു ബൈബിൾ എൻസൈക്ലോപീഡിയ എന്തു പ്രസ്താവിക്കുന്നു?
9 ഇസ്രയേലിലെ വിദ്യാഭ്യാസം എഴുതാനും വായിക്കാനും പഠിക്കുന്നതിൽമാത്രം പരിമിതപ്പെട്ടിരുന്നില്ല. പഠിപ്പിച്ചിരുന്ന ഒരു പ്രധാനവിഷയം ചരിത്രമായിരുന്നു. തന്റെ ജനത്തിനു വേണ്ടിയുള്ള യഹോവയുടെ അത്ഭുതകരമായ ചെയ്തികളെക്കുറിച്ചുള്ള പഠനം പാഠ്യപദ്ധതിയുടെ ഒരു അടിസ്ഥാനഭാഗമായിരുന്നു. ഈ ചരിത്രവസ്തുതകൾ തലമുറതലമുറയായി പഠിപ്പിക്കേണ്ടിയിരുന്നു. (ആവർത്തനം 4:9, 10; സങ്കീർത്തനം 78:1-7) വാർഷിക ഉത്സവങ്ങളുടെ ആഘോഷം കുടുംബത്തലവനു തന്റെ കുട്ടികളെ പഠിപ്പിക്കാനുള്ള ഒരു നല്ല അവസരം പ്രദാനം ചെയ്തു. (പുറപ്പാടു 13:14; ലേവ്യപുസ്തകം 23:37-43) ഈ ബന്ധത്തിൽ ദി ഇൻറർനാഷനൽ സ്ററാൻഡേഡ് ബൈബിൾ എൻസൈക്ലോപീഡിയ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഭവനത്തിലെ പിതാവിന്റെ പ്രബോധനത്തിലൂടെയും ഉത്സവങ്ങളുടെ പ്രാധാന്യം സംബന്ധിച്ച അദ്ദേഹത്തിന്റെ വിശദീകരണങ്ങളിലൂടെയും കഴിഞ്ഞകാലത്തു ദൈവം തന്റെ ജനത്തിനു തന്നേത്തന്നെ എങ്ങനെ വെളിപ്പെടുത്തിയെന്നും അവർ അക്കാലത്ത് എങ്ങനെ ജീവിക്കേണ്ടിയിരുന്നെന്നും തന്റെ ജനത്തിന്റെ ഭാവി സംബന്ധിച്ച ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എന്തായിരുന്നെന്നും എബ്രായ കുട്ടികളെ പഠിപ്പിച്ചു.”
10. പെൺകുട്ടികൾക്ക് എന്തു പ്രായോഗിക പരിശീലനം നൽകിയിരുന്നു? ആൺകുട്ടികൾക്കോ?
10 മാതാപിതാക്കൾ നൽകുന്ന വിദ്യാഭ്യാസത്തിൽ പ്രായോഗിക പരിശീലനവും ഉൾപ്പെട്ടിരുന്നു. പെൺകുട്ടികളെ വിദഗ്ദ്ധ വീട്ടുജോലികൾ പഠിപ്പിച്ചിരുന്നു. ഇവ അനേകവും വിഭിന്നങ്ങളുമായിരുന്നുവെന്നു സദൃശവാക്യങ്ങളുടെ അവസാന അദ്ധ്യായം പ്രകടമാക്കുന്നു; അവയിൽ നൂൽനൂല്പ്, നെയ്ത്ത്, പാചകം, കച്ചവടം, പൊതുഗൃഹഭരണം എന്നിവ ഉൾപ്പെട്ടിരുന്നു. പിതാവിന്റെ ലൗകികജോലി കൃഷിയോ ഏന്തെങ്കിലും കച്ചവടമോ കരകൗശലപ്പണിയോ ആയിരുന്നാലും അതു സാധാരണയായി ആൺകുട്ടികളെ പഠിപ്പിച്ചിരുന്നു. “തന്റെ പുത്രനെ ഉപയോഗപ്രദമായ ഒരു തൊഴിൽ പഠിപ്പിക്കാത്തവൻ അവനെ ഒരു കള്ളനായി വളർത്തിക്കൊണ്ടുവരികയാണ്” എന്നു പിൽക്കാലങ്ങളിൽ യഹൂദറബിമാർ പറയുക പതിവായിരുന്നു.
11. ഇസ്രയേലിലെ വിദ്യാഭ്യാസത്തിൽ അന്തർഭവിച്ചിരിക്കുന്ന ഉദ്ദേശ്യത്തെ പ്രകടമാക്കുന്നതെന്ത്, ഇന്നത്തെ കുട്ടികൾക്കുള്ള എന്തു പാഠം ഇതിൽ അടങ്ങിയിരിക്കുന്നു?
11 ഇസ്രയേലിൽ ഉപയോഗിച്ചിരുന്ന പഠിപ്പിക്കൽ രീതികളുടെ ആത്മീയ ആഴം സദൃശവാക്യങ്ങളുടെ പുസ്തകത്തിലുടനീളം വ്യക്തമാണ്. അതിന്റെ ഉദ്ദേശ്യം “അനുഭവപരിചയമില്ലാത്തവരെ” ജ്ഞാനം, ശിക്ഷണം, വിവേകം, ഉൾക്കാഴ്ച, ന്യായം, ചാതുര്യം, അറിവ്, ചിന്താപ്രാപ്തി തുടങ്ങിയ ഉന്നതമായ കാര്യങ്ങൾ പഠിപ്പിക്കുകയെന്നതായിരുന്നു എന്ന് ഇതു പ്രകടമാക്കുന്നു—ഇതെല്ലാം “യഹോവാഭയ”ത്തിൽ തന്നെ. (സദൃശവാക്യങ്ങൾ 1:1-7; 2:1-14) തന്റെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഇന്നത്തെ ദൈവദാസരിൽ ഒരാൾക്കു പ്രേരണ നൽകേണ്ട ആന്തരങ്ങൾക്ക് ഇത് അടിവരയിടുന്നു.
പുരോഹിതൻമാരും ലേവ്യരും പ്രവാചകൻമാരും
12. ഇസ്രയേൽജനത്തെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളെ കൂടാതെ ആർ പങ്കെടുത്തു, “ന്യായപ്രമാണം” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായപദത്തിന്റെ അടിസ്ഥാന അർത്ഥം എന്താണ്?
12 അടിസ്ഥാന വിദ്യാഭ്യാസം മാതാപിതാക്കൾ നൽകിയപ്പോൾ, പുരോഹിതൻമാരും പുരോഹിതേതര ലേവ്യരും പ്രവാചകൻമാരും മുഖാന്തരം യഹോവ തന്റെ ജനത്തെ കൂടുതലായി പഠിപ്പിച്ചു. ലേവിഗോത്രത്തെ അവസാനമായി അനുഗ്രഹിച്ചപ്പോൾ മോശ ഇങ്ങനെ പറഞ്ഞു: “അവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും.” (ആവർത്തനം 33:8, 10) അർത്ഥവത്തായി, എബ്രായയിലെ “ന്യായപ്രമാണം” എന്ന പദം (തോറ) “പ്രകടമാക്കുക,” “പഠിപ്പിക്കുക,” “പ്രബോധിപ്പിക്കുക” എന്നർത്ഥമുള്ള ക്രിയാധാതുവിൽനിന്ന് ഉത്ഭൂതമാകുന്നതാണ്. ദി എൻസൈക്ലോപീഡിയ ജൂഡയിക്ക ഇങ്ങനെ പ്രസ്താവിക്കുന്നു: “അതുകൊണ്ട് ഈ പദത്തിന്റെ [തോറ] അർത്ഥം ‘പഠിപ്പിക്കൽ,’ ‘അനുശാസനം,’ അല്ലെങ്കിൽ ‘പ്രബോധനം’ എന്നാണ്.”
13. ഇസ്രയേലിന്റെ ന്യായപ്രമാണം മററു ജനതകളുടെ നിയമവ്യവസ്ഥകളിൽനിന്നു വ്യത്യസ്തമായിരുന്നത് എന്തുകൊണ്ട്?
13 ഇതും ഇസ്രയേലിനെ മററു ജനതകളിൽനിന്ന് ആധുനികകാല ജനതകളിൽനിന്നുപോലും, വ്യത്യസ്തമാക്കി നിർത്തി. ഇന്നത്തെ രാഷ്ട്രങ്ങൾക്ക്, പൊതുജനങ്ങൾ ഒരംശം മാത്രം അറിയുന്ന ഒരു നിയമസംഹിതയാണുള്ളത്. ആളുകൾ ഈ നിയമത്തിനു വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ അവർക്കുവേണ്ടി വാദിക്കുന്നതിനു വക്കീലൻമാർക്ക് അവർ ഉയർന്ന ഫീസുകൾ കൊടുക്കേണ്ടിവരുന്നു. നിയമസ്കൂളുകൾ ഇത്തരം പ്രവീണർക്കുവേണ്ടിയുള്ളതാണ്. അതേസമയം, ഇസ്രയേലിൽ ജനങ്ങൾ തന്നെ എങ്ങനെ ആരാധിക്കണമെന്നും തന്റെ ഇഷ്ടത്തിനനുയോജ്യമായി എങ്ങനെ ജീവിക്കണമെന്നും അവരോടു പറയുന്നതിനുള്ള ദൈവത്തിന്റെ മാർഗ്ഗമായിരുന്നു ന്യായപ്രമാണം. മററു നിയമസംഹിതകളിൽനിന്നു വ്യത്യസ്തമായി അതിൽ ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 19:18; ആവർത്തനം 6:5) ന്യായപ്രമാണം അശേഷം മാനുഷവികാരമില്ലാത്ത ഒരു നിയമപുസ്തകമായിരുന്നില്ല. അതു പഠിക്കേണ്ടിയിരുന്ന ഒരു ജീവിതരീതി സംബന്ധിച്ച് അനുശാസനവും പഠിപ്പിക്കലും പ്രബോധനവും പ്രദാനം ചെയ്തു.
14. യഹോവ ലേവ്യപൗരോഹിത്യത്തെ തള്ളിക്കളഞ്ഞതിന്റെ ഒരു കാരണം എന്തായിരുന്നു? (മലാഖി 2:7, 8)
14 വിശ്വസ്തരായിരുന്നപ്പോൾ, പുരോഹിതൻമാരും ലേവ്യരും ജനത്തെ പഠിപ്പിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം നിറവേററി. എന്നാൽ ഒട്ടുമിക്കപ്പോഴും പുരോഹിതൻമാർ ആ ജനതയെ പഠിപ്പിക്കാനുള്ള തങ്ങളുടെ കർത്തവ്യത്തെ അവഗണിച്ചു. ദൈവത്തിന്റെ ന്യായപ്രമാണത്തിലുള്ള വിദ്യാഭ്യാസത്തിന്റെ ഈ അഭാവം പുരോഹിതൻമാർക്കും ജനങ്ങൾക്കും ദാരുണമായ പരിണതഫലങ്ങൾ ഉളവാക്കുമായിരുന്നു. പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) എട്ടാം നൂററാണ്ടിൽ യഹോവ ഇങ്ങനെ പ്രവചിച്ചു: “പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു [നിശബ്ദമാകും, NW]; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറെക്കും [മറക്കും, NW].”—ഹോശേയ 4:6.
15. (ഏ) പുരോഹിതൻമാരെ കൂടാതെ ആരെ യഹോവ ഇസ്രയേലിൽ ഉപദേഷ്ടാക്കൻമാരായി എഴുന്നേല്പിച്ചു, വിദ്യാദാതാക്കളെന്നനിലയിലുള്ള അവരുടെ പങ്കു സംബന്ധിച്ച് ഒരു ബൈബിൾ പണ്ഡിതൻ എന്തെഴുതി? (ബി) യഹോവയെയും അവന്റെ വഴികളെയും കുറിച്ചുള്ള പരിജ്ഞാനം ത്യജിച്ചതിനാൽ ഇസ്രയേലിനും യഹൂദയ്ക്കും ഒടുവിൽ എന്തു സംഭവിച്ചു?
15 പുരോഹിതൻമാരെപ്പോലെതന്നെ പ്രവാചകൻമാരെയും യഹോവ വിദ്യാദാതാക്കളായി എഴുന്നേല്പിച്ചു. നാം ഇങ്ങനെ വായിക്കുന്നു: “എന്നാൽ യഹോവ സകലപ്രവാചകൻമാരും ദർശകൻമാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കൻമാരോടു കല്പിച്ചതും എന്റെ ദാസൻമാരായ പ്രവാചകൻമാർമുഖാന്തരം നിങ്ങൾക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു.” (2 രാജാക്കൻമാർ 17:13) വിദ്യാദാതാക്കളെന്നനിലയിലുള്ള പ്രവാചകൻമാരുടെ പങ്കു സംബന്ധിച്ചു ഫ്രഞ്ച് ബൈബിൾ പണ്ഡിതനായ റോളാൻഡ് ഡി വോക്സ് ഇപ്രകാരം എഴുതി: “ജനത്തെ പ്രബോധിപ്പിക്കാൻ പ്രവാചകൻമാർക്കും ഒരു ദൗത്യം ഉണ്ടായിരുന്നു; ചുരുങ്ങിയപക്ഷം ഇതു ഭാവി മുൻകൂട്ടിപ്പറയുന്നതുപോലെതന്നെ അവരുടെ ജോലിയുടെ ഒരു ഭാഗം ആയിരുന്നു. പ്രാവചനിക നിശ്വസ്തത അവരുടെ പ്രസംഗത്തിനു ദൈവത്തിന്റെ ഒരു സന്ദേശത്തിന്റെ പ്രാമാണികത നൽകി. രാജവാഴ്ചക്കാലത്തു പ്രവാചകൻമാർ ജനത്തിന്റെ മതപരവും ധാർമ്മികവുമായ ഉപദേഷ്ടാക്കൻമാരായിരുന്നുവെന്നു തീർച്ചയാണ്. അവർ എല്ലായ്പ്പോഴും ഏററവും ശ്രദ്ധിക്കപ്പെട്ടവരായിരുന്നില്ലെങ്കിലും, ഏററവും നല്ല ഉപദേഷ്ടാക്കൻമാരായിരുന്നു എന്നു നമുക്കു കൂട്ടിച്ചേർക്കാവുന്നതാണ്.” പ്രവാചകൻമാരാലും ലേവ്യരാലും ഉള്ള നല്ല വിദ്യാഭ്യാസത്തിന്റെ അഭാവത്തിലൂടെയും യഹോവയുടെ പ്രവാചകൻമാരെ ചെവിക്കൊള്ളുന്നതിലെ പരാജയം നിമിത്തവും ഇസ്രയേല്യർ യഹോവയുടെ വഴികളെ ഉപേക്ഷിച്ചു. പൊ.യു.മു. 740-ൽ ശമര്യ അസ്സീറിയക്കാർക്കു കീഴടങ്ങി, പൊ.യു.മു. 607-ൽ യരുശലേമും അതിന്റെ ആലയവും ബാബിലോന്യരാൽ നശിപ്പിക്കപ്പെട്ടു.
പ്രവാസകാലത്തും അതിനുശേഷവുമുള്ള വിദ്യാഭ്യാസം
16, 17. (ഏ) ദാനിയേലിന്റെയും അവന്റെ മൂന്നു കൂട്ടുകാരുടെയും മേൽ ഏതു വിദ്യാഭ്യാസപദ്ധതി അടിച്ചേല്പിക്കപ്പെട്ടു? (ബി) ഈ ബാബിലോന്യ വിദ്യാഭ്യാസത്തിനു വിധേയരായിട്ടും യഹോവയോടു വിശ്വസ്തരായി നിലകൊള്ളാൻ അവരെ എന്തു പ്രാപ്തരാക്കി?
16 യരുശലേമിന്റെ നാശത്തിന് ഏതാണ്ടു പത്തുവർഷം മുമ്പു യഹോയാഖീൻ രാജാവിനെയും പ്രഭുക്കൻമാരെയും കുലീനരുടെ ഒരു സംഘത്തെയും നെബുഖദ്നേസ്സർ ബാബിലോണിലേക്കു കൊണ്ടുപോയി. (2 രാജാക്കൻമാർ 24:15) അവരിൽ ദാനിയേലും വേറെ മൂന്നു യുവകുലീനജാതരും ഉണ്ടായിരുന്നു. (ദാനീയേൽ 1:3, 6) “കല്ദയരുടെ ഭാഷയിലും വിദ്യയിലും [എഴുത്തിലും, NW]” ഈ നാലുപേരും ഒരു പ്രത്യേക ത്രിവത്സര പരിശീലനപദ്ധതിക്കു വിധേയരാകണമെന്നു നെബുഖദ്നേസ്സർ രാജാവ് ആജ്ഞാപിച്ചു. അതിനുപുറമേ, അവർക്കു “രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി” നൽകി. (ദാനീയേൽ 1:4, 5) പല കാരണങ്ങളാലും ഇത് അപകടസാദ്ധ്യതയുള്ളതായിരുന്നു. സാധ്യതയനുസരിച്ചു പാഠ്യപദ്ധതി ഒരു ത്രിവത്സര ഭാഷാപഠനം മാത്രമായിരുന്നില്ല. ഈ വാക്യത്തിലെ, “കല്ദയർ” എന്ന പദപ്രയോഗം “ഒരു ജനം എന്ന നിലയിൽ ബാബിലോന്യരെയല്ല, പിന്നെയോ പണ്ഡിതവർഗ്ഗത്തെ” പരാമർശിക്കുന്നുവെന്നു ചിലർ കരുതുന്നു. (ദ സോൻസിനോ ബുക്ക്സ് ഓഫ് ദ ബൈബിൾ) ദാനിയേലിനെക്കുറിച്ചുള്ള തന്റെ ഭാഷ്യത്തിൽ കെ. എഫ്. കെയ്ൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “ദാനിയേലും അവന്റെ കൂട്ടുകാരും, ബാബിലോണിലെ സ്കൂളുകളിൽ പഠിപ്പിച്ചിരുന്ന കൽദയപുരോഹിതൻമാരുടെയും പണ്ഡിതൻമാരുടെയും ജ്ഞാനം അഭ്യസിപ്പിക്കപ്പെടേണ്ടിയിരുന്നു.” രാജകീയ ഭക്ഷണക്രമീകരണം അവരെ മോശയുടെ ന്യായപ്രമാണം ചുമത്തിയ ഭക്ഷണനിയന്ത്രണങ്ങളെ ലംഘിക്കുന്നതിന്റെ അപകടത്തിലുമാക്കി. അവർ എങ്ങനെയാണു ഭക്ഷിച്ചത്?
17 ഈ നാലു യുവ എബ്രായ കുലീനരുടെ വക്താവെന്ന നിലയിൽ തങ്ങളുടെ മനസ്സാക്ഷിക്കു വിരുദ്ധമായി തങ്ങൾ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഇല്ല എന്നു ദാനിയേൽ തുടക്കംമുതൽതന്നെ വ്യക്തമാക്കി. (ദാനീയേൽ 1:8, 11-13) യഹോവ ഈ ഉറച്ച നിലപാടിനെ അനുഗ്രഹിക്കുകയും ചുമതല വഹിച്ചിരുന്ന ബാബിലോന്യ ഉദ്യോഗസ്ഥന്റെ ഹൃദയത്തെ മയപ്പെടുത്തുകയും ചെയ്തു. (ദാനീയേൽ 1:9, 14-16) അവരുടെ പഠനങ്ങൾ സംബന്ധിച്ച്, ബാബിലോന്യ സംസ്കാരത്തിലെ അവരുടെ നിർബന്ധിത ത്രിവത്സര പാഠ്യപദ്ധതി, യഹോവയോടും അവന്റെ ശുദ്ധാരാധനയോടുമുള്ള ആഴമായ ബന്ധത്തിൽനിന്ന് അവരെ വ്യതിചലിപ്പിക്കാൻ ഇടയാക്കിയില്ല എന്ന് ആ നാലു യുവ എബ്രായരുടെയും ജീവിതത്തിലെ അനന്തരസംഭവങ്ങൾ സംശയാതീതമായി തെളിയിക്കുന്നു. (ദാനീയേൽ 3-ഉം 6-ഉം അദ്ധ്യായങ്ങൾ) ബാബിലോന്യ ഉന്നത വിദ്യാഭ്യാസത്തിലെ ഈ നിർബന്ധിത ത്രിവത്സര നിമജ്ജനത്തിൽനിന്നു കേടുപററാതെ പുറത്തുവരാൻ യഹോവ അവരെ പ്രാപ്തരാക്കി. “ഈ നാലു ബാലൻമാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നിപുണതയും സാമർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു. രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതിൽ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകൻമാരിലും പത്തിരട്ടി വിശിഷ്ടൻമാരെന്നു കണ്ടു.”—ദാനീയേൽ 1:17, 20.
18. ബാബിലോന്യ അടിമത്തത്തിനുശേഷം യഹൂദയിൽ ഏതു വിദ്യാഭ്യാസപ്രവർത്തനം നിർവഹിക്കപ്പെട്ടു?
18 ബാബിലോന്യ അടിമത്തത്തിനുശേഷം, “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും മനസ്സുവെച്ച” എസ്രാ വലിയൊരു വിദ്യാഭ്യാസപ്രവർത്തനം നിർവഹിച്ചു. (എസ്രാ 7:10) ഇതിൽ, ജനത്തിനു “ന്യായപ്രമാണത്തിന്റെ പൊരുൾ തിരിച്ചുകൊടുത്ത” വിശ്വസ്തരായ ലേവ്യർ അവനെ സഹായിച്ചു. (നെഹെമ്യാവു 8:7) എസ്രാ ഒരു ബൈബിൾ പണ്ഡിതനും “ഒരു വിദഗ്ദ്ധ പകർപ്പെഴുത്തുകാര”നും അഥവാ ശാസ്ത്രിയും ആയിരുന്നു. (എസ്രാ 7:6, NW) അവന്റെ കാലത്താണു ശാസ്ത്രിമാർ ഒരു വർഗ്ഗമെന്നനിലയിൽ പ്രാമുഖ്യതയിലേക്കു വന്നത്.
റബ്ബിമാരുടെ സ്കൂളുകൾ
19. യേശു ഭൂമിയിൽ വന്ന കാലമായപ്പോഴേക്കു വിദ്യാദാതാക്കളുടെ ഏതു വർഗ്ഗം ഇസ്രയേലിൽ പ്രത്യക്ഷപ്പെട്ടിരുന്നു, ഏതു പ്രധാനപ്പെട്ട കാരണങ്ങളാൽ അവനും അവന്റെ ശിഷ്യൻമാരും യഹൂദ ഉപരിപഠനത്തിനു വിധേയരായില്ല?
19 യേശു ഭൂമിയിൽ പ്രത്യക്ഷപ്പെട്ട സമയമായപ്പോഴേക്കു ശാസ്ത്രിമാർ ദൈവവചനത്തിന്റെ യഥാർത്ഥ പഠിപ്പിക്കലുകളേക്കാൾ പാരമ്പര്യങ്ങളോടു കൂടുതൽ പററിനിന്ന ഉപദേഷ്ടാക്കൻമാരുടെ ഒരു ശ്രേഷ്ഠവർഗ്ഗം ആയിത്തീർന്നിരുന്നു. അവരെ “റബ്ബീ” എന്നു വിളിക്കാൻ അവർ ആഗ്രഹിച്ചു. അത് “മഹാൻ” (ഉത്കൃഷ്ടൻ) എന്നർത്ഥമുള്ള ഒരു ബഹുമാന്യ സ്ഥാനപ്പേരായിത്തീർന്നിരുന്നു. (മത്തായി 23:6, 7, പുതിയലോക ഭാഷാന്തരം അടിക്കുറിപ്പ്) ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ശാസ്ത്രിമാരെ മിക്കപ്പോഴും പരീശൻമാരുമായി ബന്ധപ്പെടുത്തിയിരിക്കുന്നു, അവരിൽ ചിലർതന്നെ ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കൻമാരായിരുന്നു. (പ്രവൃത്തികൾ 5:34) തങ്ങളുടെ പാരമ്പര്യങ്ങൾ നിമിത്തം ദൈവവചനത്തെ അസാധുവാക്കിയതായും “മാനുഷിക കല്പനകളായ ഉപദേശങ്ങൾ” പഠിപ്പിച്ചതായും ഇരുകൂട്ടരെയും യേശു കുററപ്പെടുത്തി. (മത്തായി 15:1, 6, 9) യേശുവും അവന്റെ ശിഷ്യൻമാരിൽ മിക്കവരും റബ്ബിമാരുടെ ഈ സ്കൂളുകളിൽ വിദ്യാഭ്യാസം ചെയ്യാഞ്ഞതിൽ അതിശയിക്കാനില്ല.—യോഹന്നാൻ 7:14, 15; പ്രവൃത്തികൾ 4:13; 22:3.
20. ബൈബിൾകാലങ്ങളിലെ വിദ്യാഭ്യാസത്തിന്റെ ഈ പുനരവലോകനം നമുക്ക് എന്തു കാണിച്ചുതന്നിരിക്കുന്നു, യഹോവയുടെ ദാസൻമാർക്കു വിദ്യാഭ്യാസം ആവശ്യമാണെന്ന് എന്തു സൂചിപ്പിക്കുന്നു?
20 ബൈബിൾ കാലങ്ങളിലെ വിദ്യാഭ്യാസത്തിന്റെ ഈ പരിചിന്തനം യഹോവയാണു അവന്റെ ജനത്തിന്റെ മഹാപ്രബോധകൻ എന്നു കാണിച്ചുതന്നിരിക്കുന്നു. ദൈവം മോശ മുഖാന്തരം ഇസ്രയേലിൽ ഫലപ്രദമായ ഒരു വിദ്യാഭ്യാസപദ്ധതി സംഘടിപ്പിച്ചു. എന്നാൽ ദീർഘകാലത്തിനുശേഷം ദൈവവചനത്തിനു വിരുദ്ധമായ കാര്യങ്ങൾ പഠിപ്പിച്ചിരുന്ന യഹൂദ ഉപരിവിദ്യാഭ്യാസത്തിന്റെ ഒരു സമ്പ്രദായം വികാസം പ്രാപിച്ചു. യേശു അത്തരം യഹൂദവിദ്യാലയങ്ങളിൽ പോയില്ലെങ്കിലും അവൻ അനുപമനായ ഒരു അദ്ധ്യാപകനായിരുന്നു. (മത്തായി 7:28, 29; 23:8; യോഹന്നാൻ 13:13) വ്യവസ്ഥിതിയുടെ സമാപനംവരെ പോലും പ്രസംഗിക്കാൻ അവൻ അവന്റെ ശിഷ്യൻമാരെ നിയോഗിച്ചു. (മത്തായി 28:19, 20) ഇതു ചെയ്യുന്നതിന് അവർ നല്ല അദ്ധ്യാപകരായിരിക്കേണ്ടിയിരുന്നു, തത്ഫലമായി അവർക്കു വിദ്യാഭ്യാസം ആവശ്യമായിരുന്നു. അതുകൊണ്ട് ഇന്നു സത്യക്രിസ്ത്യാനികൾ വിദ്യാഭ്യാസത്തെ എങ്ങനെ വീക്ഷിക്കണം? ഈ ചോദ്യം അടുത്ത ലേഖനത്തിൽ പരിചിന്തിക്കപ്പെടും.
ഒരു ഓർമ്മപരിശോധന
◻ യഹോവ തന്റെ ദാസൻമാരുടെ വിദ്യാഭ്യാസത്തിൽ താത്പര്യമുള്ളവനാണെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
◻ ഏതെല്ലാം വിധങ്ങളിൽ ഇസ്രയേലിലെ വിദ്യാഭ്യാസപദ്ധതി മററു ജനതകളുടേതിൽനിന്നു വ്യത്യസ്തമായിരുന്നു?
◻ ഇസ്രയേല്യകുട്ടികൾക്ക് എന്തു വിദ്യാഭ്യാസമാണു ലഭിച്ചത്?
◻ ഇസ്രയേലിൽ ഏതു പഠിപ്പിക്കൽ രീതികൾ ഉപയോഗിച്ചിരുന്നു?
◻ യേശുവും അവന്റെ ശിഷ്യൻമാരും ഉപരിപഠനത്തിനു യഹൂദവിദ്യാലയങ്ങളിൽ പോകാഞ്ഞത് എന്തുകൊണ്ട്?
[14-ാം പേജിലെ ചിത്രം]
ബാബിലോണിലെ നിർബന്ധിതവിദ്യാഭ്യാസം ദാനിയേലിനെയും അവന്റെ കൂട്ടുകാരെയും യഹോവയിൽനിന്ന് അകററിക്കളഞ്ഞില്ല