“അവന്റെ നാഴിക വന്നിട്ടില്ല”
“അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെ മേൽ കൈ വെച്ചില്ല.”—യോഹന്നാൻ 7:30.
1. യേശുവിന്റെ പ്രവർത്തനഗതിയെ സ്വാധീനിച്ച രണ്ടു ഘടകങ്ങൾ ഏവ?
‘മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനുമാണ് വന്നത്’ എന്ന് യേശു തന്റെ അപ്പൊസ്തലന്മാരോടു പറഞ്ഞു. (മത്തായി 20:28) റോമൻ നാടുവാഴി ആയിരുന്ന പൊന്തിയൊസ് പീലാത്തൊസിനോട് അവൻ ഇങ്ങനെ പറഞ്ഞു: ‘സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു, അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.’ (യോഹന്നാൻ 18:37) താൻ മരിക്കേണ്ടത് എന്തുകൊണ്ടെന്നും മരണത്തിനു മുമ്പ് താൻ ചെയ്യേണ്ട വേല എന്തെന്നും യേശുവിന് നന്നായി അറിയാമായിരുന്നു. തന്റെ ദൗത്യം പൂർത്തിയാക്കാൻ എത്രമാത്രം സമയം ഉണ്ടെന്നും അവന് അറിയാമായിരുന്നു. മിശിഹാ എന്ന നിലയിലുള്ള ഭൂമിയിലെ അവന്റെ ശുശ്രൂഷ വെറും മൂന്നര വർഷത്തേക്കായിരുന്നു. മുൻകൂട്ടി പറഞ്ഞിരുന്ന 70-ാമത്തെ ആലങ്കാരിക ആഴ്ചവട്ടത്തിന്റെ തുടക്കത്തിൽ (അതായത് പൊ.യു. 29-ൽ) അവൻ യോർദാൻ നദിയിൽ സ്നാപനം ഏറ്റപ്പോൾ ആ കാലഘട്ടം ആരംഭിച്ചു. പ്രസ്തുത ആഴ്ചവട്ടത്തിന്റെ മധ്യത്തിൽ (അതായത് പൊ.യു. 33-ൽ) അവൻ ദണ്ഡനസ്തംഭത്തിൽ മരിച്ചതോടെ അത് അവസാനിക്കുകയും ചെയ്തു. (ദാനീയേൽ 9:24-27; മത്തായി 3:16, 17; 20:17-19) അതുകൊണ്ട് ഭൂമിയിലെ യേശുവിന്റെ മുഴു പ്രവർത്തനഗതിയെയും സ്വാധീനിച്ചത് പ്രധാനമായും രണ്ടു ഘടകങ്ങളാണ്: അവന്റെ വരവിന്റെ ഉദ്ദേശ്യവും സമയം സംബന്ധിച്ച അവന്റെ സൂക്ഷ്മമായ അവബോധവും.
2. സുവിശേഷങ്ങളിൽ യേശുക്രിസ്തുവിനെ എങ്ങനെയാണു ചിത്രീകരിച്ചിരിക്കുന്നത്, തന്റെ ദൗത്യത്തെ കുറിച്ചുള്ള ബോധ്യം അവൻ പ്രകടമാക്കിയത് എങ്ങനെ?
2 പാലസ്തീനിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് ദൈവരാജ്യ സുവാർത്ത ഘോഷിക്കുകയും അനേകം വീര്യപ്രവൃത്തികൾ നിർവഹിക്കുകയും ചെയ്ത കർമനിരതനായ ഒരു വ്യക്തിയായിട്ടാണ് സുവിശേഷ വിവരണങ്ങൾ യേശുക്രിസ്തുവിനെ ചിത്രീകരിക്കുന്നത്. യേശുവിന്റെ ഊർജസ്വലമായ ശുശ്രൂഷയുടെ ആദ്യ ഘട്ടത്തിൽ അവനെ കുറിച്ച് ഇപ്രകാരം പറയപ്പെട്ടു: “അവന്റെ നാഴിക വന്നിട്ടില്ല.” യേശുക്രിസ്തുതന്നെ ഇങ്ങനെ പറഞ്ഞു: “എന്റെ സമയം ഇതുവരെ വന്നിട്ടില്ല.” യേശു തന്റെ ശുശ്രൂഷയുടെ അവസാനത്തോട് അടുത്ത് “നാഴിക വന്നിരിക്കുന്നു” എന്ന പദപ്രയോഗം ഉപയോഗിക്കുകയുണ്ടായി. (യോഹന്നാൻ 7:8, 30; 12:23) നാഴിക സംബന്ധിച്ച, അതായത് ബലിമരണം ഉൾപ്പെടെയുള്ള തന്റെ നിയമിത കർത്തവ്യം നിറവേറ്റാനുള്ള സമയം സംബന്ധിച്ച ബോധ്യം യേശുവിന്റെ വാക്കുകളെയും പ്രവൃത്തികളെയും സ്വാധീനിച്ചിരിക്കണം. ഇതു മനസ്സിലാക്കുന്നത്, അവന്റെ വ്യക്തിത്വത്തെയും ചിന്താരീതിയെയും കുറിച്ച് ഉൾക്കാഴ്ച നേടാനും അങ്ങനെ അവന്റെ ‘കാൽച്ചുവടുകൾ കൂടുതൽ അടുത്തു പിന്തുടരുവാനും’ നമ്മെ സഹായിക്കും.—1 പത്രൊസ് 2:21.
ദൈവേഷ്ടം ചെയ്യാൻ ദൃഢചിത്തൻ
3, 4. (എ) കാനായിലെ വിവാഹ വിരുന്നിൽ എന്തു സംഭവിക്കുന്നു? (ബി) വീഞ്ഞു തീർന്നുപോയതു സംബന്ധിച്ച് ദൈവപുത്രൻ എന്തെങ്കിലും ചെയ്യണമെന്നുള്ള മറിയയുടെ നിർദേശത്തോട് അവൻ എതിർപ്പു പ്രകടിപ്പിക്കുന്നത് എന്തുകൊണ്ട്, അതിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
3 വർഷം പൊ.യു. 29. യേശു തന്റെ ആദ്യ ശിഷ്യന്മാരെ തിരഞ്ഞെടുത്തിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ഒരു വിവാഹ വിരുന്നിൽ സംബന്ധിക്കാനായി അവർ എല്ലാവരും ഇപ്പോൾ ഗലീലാ പ്രവിശ്യയിലെ കാനാ എന്ന ഗ്രാമത്തിൽ വന്നിരിക്കുകയാണ്. യേശുവിന്റെ അമ്മയായ മറിയയും അവിടെയുണ്ട്. അവിടെ അതിഥികൾക്കു കൊടുക്കാനുള്ള വീഞ്ഞു തീർന്നിരിക്കുന്നു. അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നു സൂചിപ്പിച്ചുകൊണ്ട് മറിയ മകനോടു പറയുന്നു: “അവർക്കു വീഞ്ഞു ഇല്ല.” എന്നാൽ യേശുവിന്റെ മറുപടി ഇതാണ്: “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല.”—യോഹന്നാൻ 1:35-51; 2:1-4.
4 “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു?” എന്നാണ് യേശുവിന്റെ മറുപടി. നിർദേശിക്കപ്പെട്ട ഒരു കാര്യത്തോടുള്ള എതിർപ്പു സൂചിപ്പിക്കാൻ പുരാതന കാലങ്ങളിൽ അങ്ങനെ ചോദിച്ചിരുന്നു. മറിയയുടെ വാക്കുകളോടു യേശു എതിർപ്പു പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാണ്? അവന് ഇപ്പോൾ 30 വയസ്സുണ്ട്. ഏതാനും ആഴ്ചകൾ മുമ്പാണ് അവൻ സ്നാപനം ഏൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷിക്തനാകുകയും ചെയ്തത്. ആ അവസരത്തിൽ യോഹന്നാൻ സ്നാപകൻ അവനെ കുറിച്ച് “ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” എന്നു പറയുകയും ചെയ്തിരുന്നു. (യോഹന്നാൻ 1:29-34; ലൂക്കൊസ് 3:21-23) ഇനിയിപ്പോൾ, നിർദേശങ്ങൾ അവനെ അയച്ച പരമാധികാരിയിൽനിന്നു വരേണ്ടതുണ്ട്. (1 കൊരിന്ത്യർ 11:3) യേശു ഏതു വേല ചെയ്യാനാണോ ഭൂമിയിൽ വന്നത് ആ വേലയിൽ ഇടപെടാൻ ആരെയും, അടുത്ത കുടുംബാംഗങ്ങളെ പോലും, അനുവദിക്കാൻ കഴിയുമായിരുന്നില്ല. തന്റെ പിതാവിന്റെ ഹിതം നിറവേറ്റാനുള്ള എന്തൊരു ദൃഢനിശ്ചയമാണ് മറിയയോടുള്ള യേശുവിന്റെ വാക്കുകളിൽ പ്രകടമായിരിക്കുന്നത്! ദൈവത്തോടുള്ള നമ്മുടെ “മുഴു കടപ്പാടും” നിറവേറ്റാൻ നമുക്കും അതുപോലെ ദൃഢചിത്തരായിരിക്കാം!—സഭാപ്രസംഗി 12:13, NW.
5. കാനായിൽ യേശുക്രിസ്തു എന്ത് അത്ഭുതം പ്രവർത്തിക്കുന്നു, അതിനു മറ്റുള്ളവരുടെമേൽ എന്തു ഫലമുണ്ടാകുന്നു?
5 തന്റെ മകൻ പറഞ്ഞതിന്റെ സാരം മനസ്സിലാക്കിയ മറിയ പിൻവാങ്ങി. എന്നിട്ട് അവൾ ശുശ്രൂഷക്കാരോട് ഇങ്ങനെ പറഞ്ഞു: “അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്വിൻ.” യേശു പ്രശ്നം പരിഹരിക്കുന്നു. അവൻ ശുശ്രൂഷകരെക്കൊണ്ട് ഭരണികളിൽ വെള്ളം നിറപ്പിച്ചിട്ട് ആ വെള്ളം ഏറ്റവും മേൽത്തരമായ വീഞ്ഞാക്കി മാറ്റുന്നു. വീര്യപ്രവൃത്തികൾ ചെയ്യാൻ യേശുവിനുള്ള പ്രാപ്തിയുടെ ആദ്യ പ്രകടനമാണിത്. അത് അവന്റെമേൽ ദൈവാത്മാവ് ഉണ്ടെന്നുള്ളതിന്റെ ഒരു അടയാളമായി ഉതകുന്നു. പ്രസ്തുത അത്ഭുതം കാണുമ്പോൾ പുതിയ ശിഷ്യന്മാരുടെ വിശ്വാസം ബലിഷ്ഠമാകുന്നു.—യോഹന്നാൻ 2:5-11.
യഹോവയുടെ ആലയത്തോടു തീക്ഷ്ണതയുള്ളവൻ
6. യെരൂശലേമിലെ ആലയത്തിൽ കാണുന്ന കാര്യങ്ങൾ യേശുവിനെ രോഷാകുലനാക്കുന്നത് എന്തുകൊണ്ട്, അവൻ എന്തു നടപടി സ്വീകരിക്കുന്നു?
6 പൊ.യു. 30-ലെ വസന്തം പെട്ടെന്നുതന്നെ ആഗതമായി. യേശുവും സഹകാരികളും പെസഹാ ആചരിക്കാനായി യെരൂശലേമിലേക്കു പോകുകയാണ്. അവിടെ ആയിരിക്കെ, ശിഷ്യന്മാർ ഒരുപക്ഷേ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അവരുടെ നായകൻ പ്രവർത്തിക്കുന്നു. ദുരാഗ്രഹികളായ യഹൂദ വ്യാപാരികൾ യാഗങ്ങൾക്കുള്ള പക്ഷിമൃഗാദികളെ ആലയത്തിനുള്ളിൽ വെച്ചു വിൽക്കുകയാണ്. അവർ വിശ്വസ്തരായ യഹൂദ ആരാധകരിൽനിന്നു ഭാരിച്ച വിലയാണ് ഈടാക്കുന്നത്. ധാർമികരോഷം പൂണ്ട യേശു അതിനെതിരെ നടപടി എടുക്കുന്നു. അവൻ കയറുകൊണ്ട് ഒരു ചാട്ടയുണ്ടാക്കി വിൽപ്പനക്കാരെ അവിടെനിന്ന് ഓടിക്കുന്നു. അവൻ പണമിടപാടുകാരുടെ മേശകൾ മറിച്ചിടുമ്പോൾ നാണയങ്ങൾ എങ്ങും ചിതറിവീഴുന്നു. പ്രാവുകളെ വിൽക്കുന്നവരോട്, “ഇതു ഇവിടെ നിന്നു കൊണ്ടുപോകുവിൻ” എന്ന് അവൻ കൽപ്പിക്കുന്നു. യേശു അത്ര തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നതു കാണുമ്പോൾ അവന്റെ ശിഷ്യന്മാർ ദൈവപുത്രനെ കുറിച്ചുള്ള ഈ പ്രവചനം ഓർമിക്കുന്നു: “നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു.” (യോഹന്നാൻ 2:13-17; സങ്കീർത്തനം 69:9) ലൗകിക പ്രവണതകളാൽ നമ്മുടെ ആരാധന മലീമസമാകാതിരിക്കാൻ നാമും തീക്ഷ്ണമായ ജാഗ്രത പുലർത്തണം.
7. (എ) മിശിഹായെ ചെന്നുകാണാൻ നിക്കോദേമൊസിനെ പ്രേരിപ്പിക്കുന്നത് എന്ത്? (ബി) യേശു ശമര്യസ്ത്രീയോടു സാക്ഷീകരിച്ചതിൽനിന്നു നാം എന്തു പഠിക്കുന്നു?
7 യെരൂശലേമിലായിരിക്കെ യേശു അതിശയകരമായ അടയാളങ്ങൾ പലതും പ്രവർത്തിക്കുകയും അനേകർ അവനിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുന്നു. യഹൂദന്മാരുടെ പരമോന്നത ന്യായാധിപസഭയായ സൻഹെദ്രീമിലെ ഒരു അംഗമായ നിക്കോദേമൊസിനു പോലും യേശുവിൽ മതിപ്പു തോന്നുന്നു. കൂടുതൽ കാര്യങ്ങൾ പഠിക്കാനായി അവൻ രാത്രിയിൽ യേശുവിന്റെ അടുത്തെത്തുന്നു. തുടർന്ന്, യേശുവും ശിഷ്യന്മാരും ഏകദേശം എട്ടു മാസം “യെഹൂദ്യദേശ”ത്തു താമസിച്ച് അവിടെ പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുന്നു. എന്നാൽ, യോഹന്നാൻ സ്നാപകൻ തടവിലായതിനെ തുടർന്ന് അവർ യെഹൂദ്യ വിട്ട് ഗലീലയ്ക്കു പോകുന്നു. ശമര്യ പ്രവിശ്യയിലൂടെ സഞ്ചരിക്കവെ, ഒരു ശമര്യ സ്ത്രീക്കു സമ്പൂർണ സാക്ഷ്യം നൽകാൻ ലഭിച്ച അവസരം യേശു നന്നായി ഉപയോഗിക്കുന്നു. അനേകം ശമര്യക്കാർ വിശ്വാസികളായിത്തീരാൻ ഇതു വഴിയൊരുക്കുന്നു. ദൈവരാജ്യത്തെ കുറിച്ചു മറ്റുള്ളവരോടു പറയാനുള്ള അവസരങ്ങൾ സംബന്ധിച്ച് നാമും സദാ ജാഗ്രതയുള്ളവർ ആയിരിക്കണം.—യോഹന്നാൻ 2:23; 3:1-22; 4:1-42; മർക്കൊസ് 1:14.
ഗലീലയിലെ വ്യാപകമായ പഠിപ്പിക്കൽ
8. യേശു ഗലീലയിൽ എന്തു വേലയാണ് ആരംഭിക്കുന്നത്?
8 യേശുവിന്റെ മരണത്തിന്റെ “നാഴിക” വരുന്നതിനു മുമ്പ്, തന്റെ സ്വർഗീയ പിതാവിന്റെ സേവനത്തിൽ ധാരാളം കാര്യങ്ങൾ അവനു ചെയ്യാനുണ്ട്. യെഹൂദ്യയിലും യെരൂശലേമിലും നടത്തിയതിലും വലിയ ഒരു ശുശ്രൂഷയ്ക്ക് യേശു ഗലീലയിൽ തുടക്കം കുറിക്കുന്നു. അവൻ “ഗലീലയിൽ ഒക്കെയും ചുററി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.” (മത്തായി 4:23) “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്ന യേശുവിന്റെ ആഹ്വാനം മുഴു പ്രവിശ്യയിലും പ്രതിധ്വനിക്കുന്നു. (മത്തായി 4:17) ഏതാനും മാസങ്ങൾ കഴിഞ്ഞ് യോഹന്നാൻ സ്നാപകന്റെ രണ്ടു ശിഷ്യന്മാർ യേശുവിൽനിന്നു നേരിട്ട് ഒരു റിപ്പോർട്ട് കിട്ടാനായി എത്തുമ്പോൾ അവൻ അവരോട് ഇങ്ങനെ പറയുന്നു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ.”—ലൂക്കൊസ് 7:22, 23.
9. പുരുഷാരം യേശുക്രിസ്തുവിന്റെ അടുക്കൽ തടിച്ചുകൂടുന്നത് എന്തുകൊണ്ട്, അതിൽനിന്നു നമുക്ക് എന്തു പാഠം ഉൾക്കൊള്ളാനാകും?
9 ‘അവനെ കുറിച്ചുള്ള ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും വ്യാപിക്കുന്നു.’ അങ്ങനെ ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദാന് അക്കരെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നു വലിയ ജനക്കൂട്ടം അവന്റെ അടുത്തു തടിച്ചുകൂടുന്നു. (ലൂക്കൊസ് 4:14, 15; മത്തായി 4:24, 25) അവൻ ചെയ്യുന്ന അത്ഭുതകരമായ സൗഖ്യമാക്കൽ നിമിത്തം മാത്രമല്ല അവന്റെ അതിശയകരമായ പഠിപ്പിക്കൽ നിമിത്തവുമാണ് ആളുകൾ അവന്റെ അടുക്കൽ വരുന്നത്. അവന്റെ സന്ദേശം ആകർഷകവും പ്രോത്സാഹജനകവുമാണ്. (മത്തായി 5:1-7:27) യേശുവിന്റെ ലാവണ്യ വാക്കുകൾ തികച്ചും ആസ്വാദ്യവുമാണ്. (ലൂക്കൊസ് 4:22) “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” എന്തെന്നാൽ അവൻ തിരുവെഴുത്തുകൾ ഉപയോഗിച്ച് അധികാരത്തോടെയാണ് സംസാരിക്കുന്നത്. (മത്തായി 7:28, 29; ലൂക്കൊസ് 4:32) അത്തരമൊരു വ്യക്തിയിലേക്ക് ആരാണ് ആകർഷിക്കപ്പെടാതിരിക്കുക? ആത്മാർഥ ഹൃദയരായ ആളുകൾ സത്യത്തിലേക്ക് ആകർഷിക്കപ്പെടേണ്ടതിന് നമുക്കും പഠിപ്പിക്കൽ കല നട്ടുവളർത്താം.
10. നസറെത്ത് പട്ടണവാസികൾ യേശുവിനെ കൊല്ലാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്, അവർ അതിൽ പരാജയപ്പെടുന്നത് എന്തുകൊണ്ട്?
10 എന്നിരുന്നാലും, യേശുവിന്റെ ആശയങ്ങൾ സ്വീകരിക്കാത്തവരുമുണ്ട്. അവന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ, തന്റെ മാതൃപട്ടണമായ നസറെത്തിലെ സിനഗോഗിൽ പഠിപ്പിക്കുമ്പോൾ അവനെ കൊല്ലാൻ ചിലർ ശ്രമിക്കുന്നു. അവന്റെ “ലാവണ്യവാക്കുകൾ” ആ പട്ടണവാസികളെ ആശ്ചര്യപ്പെടുത്തുന്നെങ്കിലും അവർക്കു കാണേണ്ടത് അത്ഭുതങ്ങളാണ്. എന്നാൽ അവിടെ ധാരാളം വീര്യപ്രവൃത്തികൾ ചെയ്യുന്നതിനു പകരം, യേശു അവരുടെ സ്വാർഥതയും വിശ്വാസമില്ലായ്മയും തുറന്നുകാട്ടുന്നു. സിനഗോഗിൽ ഉണ്ടായിരുന്നവർ കോപാകുലരായി എഴുന്നേറ്റ് യേശുവിനെ പിടിച്ച് ഒരു മലയുടെ വക്കിൽ കൊണ്ടുപോയി കൊക്കയിലേക്കു തള്ളിയിടാൻ ശ്രമിക്കുന്നു. എന്നാൽ അവൻ അവരുടെ പിടിയിൽനിന്നു വഴുതിമാറുന്നു. അവന്റെ മരണത്തിനുള്ള “നാഴിക” ഇപ്പോഴും വന്നിട്ടില്ല.—ലൂക്കൊസ് 4:16-30.
11. (എ) ചില മതനേതാക്കന്മാർ യേശു പറയുന്നതു കേൾക്കാൻ വരുന്നത് എന്തുകൊണ്ട്? (ബി) യേശു ശബത്ത് ലംഘിച്ചെന്ന് അവർ ആരോപിക്കുന്നത് എന്തുകൊണ്ട്?
11 യേശു പ്രസംഗിക്കുന്ന സ്ഥലങ്ങളിൽ ശാസ്ത്രിമാരും പരീശന്മാരും സദൂക്യരും മറ്റും ഉൾപ്പെടുന്ന മതനേതാക്കന്മാരും മിക്കപ്പോഴും വരാറുണ്ട്. അവരിൽ മിക്കവരും അവിടെ ചെല്ലുന്നത് കേട്ടു പഠിക്കാനല്ല, മറിച്ച് കുറ്റം കണ്ടുപിടിച്ച് അവനെ കുടുക്കിലാക്കാൻ വേണ്ടിയാണ്. (മത്തായി 12:38; 16:1; ലൂക്കൊസ് 5:17; 6:1, 2) ദൃഷ്ടാന്തത്തിന്, പൊ.യു. 31-ൽ പെസഹായ്ക്കായി യെരൂശലേം സന്ദർശിക്കവെ, 38 വർഷമായി രോഗിയായിരുന്ന ഒരു മനുഷ്യനെ യേശു സൗഖ്യമാക്കുന്നു. എന്നാൽ അതു ശബത്തിന്റെ ലംഘനമാണെന്ന് യഹൂദ മതനേതാക്കന്മാർ ആരോപിക്കുന്നു. യേശു ഇങ്ങനെ പ്രതിവചിക്കുന്നു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു.” ദൈവത്തെ പിതാവ് എന്നു വിളിച്ചുകൊണ്ട് താൻ ദൈവപുത്രനാണെന്ന് അവകാശപ്പെടുകവഴി യേശു ദൈവദൂഷണം പറഞ്ഞെന്ന് യഹൂദന്മാർ അപ്പോൾ ആരോപിക്കുന്നു. അവർ അവനെ കൊല്ലാൻ ശ്രമിക്കുന്നു. പക്ഷേ അവനും ശിഷ്യന്മാരും യെരൂശലേം വിട്ട് ഗലീലയ്ക്കു പോകുന്നു. സമാനമായി, നാം രാജ്യപ്രസംഗത്തിലും ശിഷ്യരാക്കൽ വേലയിലും നമ്മുടെ ഊർജം ചെലവിടവെ, എതിരാളികളുമായുള്ള അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കുന്നത് ബുദ്ധിയായിരിക്കും.—യോഹന്നാൻ 5:1-18; 6:1.
12. ഗലീലയിലെ യേശുവിന്റെ പ്രസംഗ പ്രവർത്തനം എത്ര വിപുലമാണ്?
12 അടുത്ത ഒന്നര വർഷത്തോളം യേശു തന്റെ ശുശ്രൂഷ പ്രധാനമായും ഗലീലയിൽ ഒതുക്കി നിറുത്തുന്നു. ആ കാലയളവിൽ, യഹൂദന്മാരുടെ മൂന്നു വാർഷിക ആഘോഷങ്ങളിൽ സംബന്ധിക്കാൻ മാത്രമാണ് അവൻ യെരൂശലേം സന്ദർശിക്കുന്നത്. അവൻ ഗലീലയിൽ മൊത്തം മൂന്നു പ്രസംഗ പര്യടനങ്ങൾ നടത്തിക്കഴിഞ്ഞിരിക്കുന്നു. ആദ്യത്തേത് 4 പുതിയ ശിഷ്യന്മാരോടൊപ്പവും, രണ്ടാമത്തേത് 12 അപ്പൊസ്തലന്മാരോടൊപ്പവും. കൂടുതൽ വിപുലമായ മൂന്നാമത്തെ പര്യടനത്തിൽ, പരിശീലനം സിദ്ധിച്ച അപ്പൊസ്തലന്മാരെയും അവൻ പ്രസംഗിക്കാൻ അയയ്ക്കുന്നു. ഗലീലയിൽ സത്യത്തിന് എത്ര വിപുലമായ സാക്ഷ്യമാണു നൽകപ്പെടുന്നത്!—മത്തായി 4:18-25; ലൂക്കൊസ് 8:1-3; 9:1-6.
യെഹൂദ്യയിലും പെരിയയിലും സധൈര്യം സാക്ഷീകരിക്കുന്നു
13, 14. (എ) ഏത് അവസരത്തിലാണ് യഹൂദന്മാർ യേശുവിനെ പിടിക്കാൻ നോക്കുന്നത്? (ബി) ഉദ്യോഗസ്ഥർ യേശുവിനെ അറസ്റ്റു ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട്?
13 ഇതു പൊ.യു. 32 ശരത്കാലമാണ്. യേശുവിന്റെ “നാഴിക” ഇനിയും വന്നിട്ടില്ല. കൂടാരപ്പെരുന്നാൾ സമീപിച്ചിരിക്കുന്നു. “ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക” എന്ന് യേശുവിന്റെ അർധസഹോദരന്മാർ അവനെ നിർബന്ധിക്കുന്നു. യെരൂശലേമിൽ പെരുന്നാളിനു വന്നിരിക്കുന്ന സകലരെയും യേശു തന്റെ അത്ഭുത ശക്തികൾ കാണിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ, പതിയിരിക്കുന്ന അപകടത്തെ കുറിച്ച് യേശു ബോധവാനാണ്. അതുകൊണ്ട് അവൻ തന്റെ സഹോദരന്മാരോട് ഇങ്ങനെ പറയുന്നു: “എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല.”—യോഹന്നാൻ 7:1-8.
14 ഗലീലയിൽ കുറച്ചു സമയം തങ്ങിയശേഷം യേശു യെരൂശലേമിലേക്കു പോകുന്നു. “പരസ്യമായിട്ടല്ല രഹസ്യ”മായാണ് അവൻ പോകുന്നത്. “അവൻ എവിടെ” എന്നു ചോദിച്ചുകൊണ്ട് പെരുന്നാളിൽ യഹൂദന്മാർ അവനെ തിരയുകയാണ്. പെരുന്നാൾ പകുതിയാകുമ്പോൾ യേശു ആലയത്തിൽ ചെന്ന് ധൈര്യസമേതം പഠിപ്പിക്കാൻ തുടങ്ങുന്നു. യഹൂദന്മാർ അവനെ പിടിക്കാൻ ശ്രമിക്കുന്നു. അവനെ ജയിലിൽ അടയ്ക്കാനോ കൊല്ലാനോ വേണ്ടിയാകാം അവർ അങ്ങനെ ചെയ്യുന്നത്. എന്നിരുന്നാലും അവർക്ക് അതിനു സാധിക്കുന്നില്ല. കാരണം ‘അവന്റെ നാഴിക വന്നിട്ടില്ലാ’യിരുന്നു. ഇപ്പോൾ പലരും അവനിൽ വിശ്വാസം അർപ്പിക്കുന്നു. അവനെ പിടിക്കാനായി പരീശന്മാർ അയച്ച ഉദ്യോഗസ്ഥർ പോലും വെറുംകൈയോടെ മടങ്ങിച്ചെന്ന് ഇങ്ങനെ പറയുന്നു: “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല.”—യോഹന്നാൻ 7:9-14, 30-46.
15. യേശുവിനെ എറിയാനായി യഹൂദന്മാർ കല്ലുകൾ എടുക്കുന്നത് എന്തുകൊണ്ട്, അടുത്തതായി അവൻ ഏതു പ്രസംഗ പരിപാടിക്കാണു തുടക്കമിടുന്നത്?
15 യേശു പെരുന്നാൾ സമയത്ത് ആലയത്തിൽ വെച്ച് തന്റെ പിതാവിനെ കുറിച്ചു പഠിപ്പിക്കുന്നതിനാൽ, യഹൂദ എതിരാളികളുമായുള്ള അവന്റെ ഏറ്റുമുട്ടൽ തുടരുന്നു. പെരുന്നാളിന്റെ അവസാന ദിവസം, തന്റെ മാനുഷപൂർവ അസ്തിത്വത്തെ കുറിച്ചുള്ള യേശുവിന്റെ പ്രസ്താവനയിൽ കോപാകുലരായ യഹൂദന്മാർ അവനെ എറിയാനായി കല്ലുകൾ എടുക്കുന്നു. എന്നാൽ അവൻ മറഞ്ഞ്, പരുക്കുകളേൽക്കാതെ രക്ഷപ്പെടുന്നു. (യോഹന്നാൻ 8:12-59) യെരൂശലേമിനു വെളിയിൽ താമസിച്ചുകൊണ്ട് യേശു യെഹൂദ്യയിൽ തീവ്രമായ ഒരു സാക്ഷീകരണ പ്രവർത്തനത്തിനു തുടക്കമിടുന്നു. അവൻ 70 ശിഷ്യന്മാരെ തിരഞ്ഞെടുത്ത്, അവർക്കു നിർദേശങ്ങൾ നൽകി, ഈരണ്ടായി അവരെ യെഹൂദ്യ പ്രദേശത്ത് സാക്ഷീകരണത്തിനു പറഞ്ഞയയ്ക്കുന്നു. യേശു തന്റെ അപ്പൊസ്തലന്മാരോടൊപ്പം പോകാനിരുന്ന ഓരോ സ്ഥലത്തേക്കും നഗരത്തിലേക്കും അവർ മുന്നമേ പോകുന്നു.—ലൂക്കൊസ് 10:1-24.
16. പ്രതിഷ്ഠോത്സവ സമയത്ത് യേശു ഏത് അപകടത്തിൽനിന്നു രക്ഷപ്പെടുന്നു, അവൻ വീണ്ടും ഏതു വേലയിൽ തിരക്കോടെ ഏർപ്പെടുന്നു?
16 പൊ.യു. 32-ലെ ശൈത്യകാലത്ത് യേശുവിന്റെ “നാഴിക” അടുത്തുവരികയാണ്. പ്രതിഷ്ഠോത്സവത്തിനായി അവൻ യെരൂശലേമിൽ വരുന്നു. യഹൂദന്മാർ ഇപ്പോഴും അവനെ കൊല്ലാനുള്ള വഴികൾ തേടുകയാണ്. യേശു ആലയത്തിലെ മണ്ഡപത്തിലൂടെ നടക്കവെ അവർ അവനെ വളയുന്നു. അവന്റെമേൽ വീണ്ടും ദൈവദൂഷണം ആരോപിച്ചുകൊണ്ട് അവർ അവനെ കൊല്ലാൻ കല്ലുകൾ എടുക്കുന്നു. എന്നാൽ മുന്നവസരങ്ങളിലേതു പോലെ അവൻ രക്ഷപ്പെടുന്നു. ഉടനെതന്നെ അവൻ യെഹൂദ്യയിൽനിന്ന് യോർദ്ദാന് അക്കരെയുള്ള പെരിയ പ്രവിശ്യയിൽ എത്തി അവിടുത്തെ നഗരങ്ങൾതോറും ഗ്രാമങ്ങൾതോറും പഠിപ്പിക്കുന്നു. അനേകർ അവനിൽ വിശ്വാസം അർപ്പിക്കുന്നു. എന്നാൽ അവന്റെ പ്രിയ സ്നേഹിതനായ ലാസറിനെ കുറിച്ച് ഒരു അടിയന്തിര സന്ദേശം കിട്ടിയതിനെ തുടർന്ന് അവൻ യെഹൂദ്യയിലേക്കു മടങ്ങുന്നു.—ലൂക്കൊസ് 13:33; യോഹന്നാൻ 10:20-42.
17. (എ) പെരിയയിൽ പ്രസംഗത്തിൽ ഏർപ്പെട്ടിരിക്കവെ യേശുവിന് എന്ത് അടിയന്തിര സന്ദേശം ലഭിക്കുന്നു? (ബി) യേശുവിന് താൻ സ്വീകരിക്കേണ്ട നടപടിയുടെ ഉദ്ദേശ്യവും സംഭവങ്ങളുടെ സമയവും അറിയാമെന്ന് എന്തു പ്രകടമാക്കുന്നു?
17 യെഹൂദ്യയിലെ ബെഥനിയിൽ പാർക്കുന്ന ലാസറിന്റെ സഹോദരിമാരായ മറിയയുടെയും മാർത്തയുടെയും പക്കൽനിന്നായിരുന്നു ആ അടിയന്തിര സന്ദേശം. “കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായിക്കിടക്കുന്നു” എന്ന് സന്ദേശവാഹകൻ യേശുവിനോടു പറയുന്നു. “ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ” എന്നാണ് യേശുവിന്റെ മറുപടി. ആ ഉദ്ദേശ്യം നിവർത്തിക്കാൻ സാധിക്കേണ്ടതിന് യേശു രണ്ടു ദിവസം അവിടെത്തന്നെ കഴിയുന്നു. തുടർന്ന് അവൻ ശിഷ്യന്മാരോട് ഇങ്ങനെ പറയുന്നു: “നാം വീണ്ടും യെഹൂദ്യയിലേക്കു പോക.” അവർക്ക് അതു വിശ്വസിക്കാനാകുന്നില്ല. അവർ ചോദിക്കുന്നു: “റബ്ബീ, യെഹൂദന്മാർ ഇപ്പോൾതന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ”? എന്നാൽ ശേഷിക്കുന്ന ‘പകൽസമയം,’ അതായത് ഭൗമിക ശുശ്രൂഷയ്ക്കായി ദൈവം തനിക്ക് അനുവദിച്ചിരിക്കുന്ന സമയം, ഹ്രസ്വമാണെന്ന് യേശുവിന് അറിയാം. എന്തു ചെയ്യണമെന്നും എന്തുകൊണ്ടു ചെയ്യണമെന്നും അവനു കൃത്യമായ ബോധ്യമുണ്ട്.—യോഹന്നാൻ 11:1-10.
ആർക്കും അവഗണിക്കാനാവാത്ത ഒരു അത്ഭുതം
18. യേശു ബെഥനിയിൽ എത്തുമ്പോൾ അവിടത്തെ അവസ്ഥ എന്താണ്, അവൻ എത്തിയ ശേഷം എന്തു സംഭവിക്കുന്നു?
18 യേശുവിനെ ബെഥനിയിൽ ആദ്യം എതിരേൽക്കുന്നതു മാർത്തയാണ്. അവൾ പറയുന്നു: “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.” മറിയയും അവരുടെ വീട്ടിൽ വന്നിരുന്നവരും പിന്നാലെ എത്തുന്നു. എല്ലാവരും കരയുകയാണ്. “അവനെ വെച്ചതു എവിടെ” എന്ന് യേശു ചോദിക്കുന്നു. “കർത്താവേ, വന്നു കാൺക” എന്ന് അവർ മറുപടി പറയുന്നു. ഒരു ഗുഹയിലാണ് അവനെ അടക്കം ചെയ്തിരിക്കുന്നത്. ഗുഹാമുഖം ഒരു കല്ലുകൊണ്ട് അടച്ചിരിക്കുന്നു. അവർ ആ കല്ലറയ്ക്കൽ എത്തിച്ചേരുമ്പോൾ യേശു ഇങ്ങനെ പറയുന്നു: “കല്ലു നീക്കുവിൻ.” യേശു എന്താണു ചെയ്യാൻ പോകുന്നതെന്നു മനസ്സിലാക്കാതെ മാർത്ത എതിർപ്പു പ്രകടിപ്പിക്കുന്നു: “കർത്താവേ, നാററം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ.” എന്നാൽ യേശു ഇങ്ങനെ പ്രതികരിക്കുന്നു: “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ.”—യോഹന്നാൻ 11:17-40.
19. ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പ് യേശു പരസ്യമായി പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
19 ലാസരിന്റെ ശവക്കല്ലറയുടെ വാതിൽക്കൽ വെച്ചിരുന്ന കല്ലു നീക്കിയപ്പോൾ, താൻ ചെയ്യാൻ പോകുന്ന സംഗതി ദൈവത്തിന്റെ ശക്തിയാലാണു നിർവഹിക്കുന്നത് എന്ന് ആളുകൾ തിരിച്ചറിയാനായി യേശു ഉച്ചത്തിൽ പ്രാർഥിക്കുന്നു. എന്നിട്ട് അവൻ, “ലാസരേ, പുറത്തുവരിക” എന്ന് വിളിച്ചുപറയുന്നു. ശവസംസ്കാര ശീലകളാൽ കൈകാലുകൾ കെട്ടിയ നിലയിൽ ലാസർ പുറത്തുവരുന്നു. അവന്റെ മുഖം ഒരു തുണികൊണ്ടു മൂടിയിരുന്നു. “അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ” എന്ന് യേശു പറയുന്നു.—യോഹന്നാൻ 11:41-44.
20. യേശു ലാസറിനെ ഉയിർപ്പിക്കുന്നതു കണ്ടവർ എങ്ങനെ പ്രതികരിക്കുന്നു?
20 മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ വന്നിരുന്ന യഹൂദന്മാരിൽ അനേകരും ഈ അത്ഭുതം കണ്ട് യേശുവിൽ വിശ്വസിക്കുന്നു. മറ്റുള്ളവർ സംഭവം പരീശന്മാരെ അറിയിക്കാനായി അവരുടെ അടുത്തേക്കു പോകുന്നു. പരീശന്മാരുടെ പ്രതികരണമോ? പെട്ടെന്നുതന്നെ അവരും മഹാപുരോഹിതന്മാരും സൻഹെദ്രീമിന്റെ ഒരു അടിയന്തിര യോഗം വിളിച്ചുകൂട്ടുന്നു. സംഭ്രാന്തരായ അവർ ഇങ്ങനെ വിലപിക്കുന്നു: “നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും.” എന്നാൽ മഹാപുരോഹിതനായ കയ്യഫാവ് അവരോട് ഇങ്ങനെ പറയുന്നു: “നിങ്ങൾ ഒന്നും അറിയുന്നില്ല; ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല.” അവർ അന്നു മുതൽ അവനെ കൊല്ലുവാൻ ആലോചിച്ചു.—യോഹന്നാൻ 11:45-53.
21. ലാസറിന്റെ പുനരുത്ഥാനമെന്ന അത്ഭുതം എന്തിന്റെ നാന്ദിയാണ്?
21 അങ്ങനെ ബെഥനിയിൽ വൈകി എത്തിക്കൊണ്ട്, ആർക്കും അവഗണിക്കാനാകാത്ത ഒരു അത്ഭുതം യേശു പ്രവർത്തിക്കുന്നു. മരിച്ചിട്ടു നാലു ദിവസമായ ഒരു മനുഷ്യനെ ദൈവശക്തിയാൽ യേശു ഉയിർപ്പിക്കുന്നു. വലിയ പേരും പെരുമയുമുള്ള സൻഹെദ്രീം പോലും അതിനു ശ്രദ്ധ കൊടുക്കാൻ നിർബന്ധിതമാകുന്നു. അവർ ആ അത്ഭുതം പ്രവർത്തിച്ചവനു വധശിക്ഷ വിധിക്കുന്നു! അങ്ങനെ ആ അത്ഭുതം യേശുവിന്റെ ശുശ്രൂഷയിലെ ഒരു സുപ്രധാന വഴിത്തിരിവിന്, അതായത് “അവന്റെ നാഴിക വന്നിട്ടില്ല” എന്ന ഘട്ടത്തിൽനിന്ന് “നാഴിക വന്നിരിക്കുന്നു” എന്ന ഘട്ടത്തിലേക്കുള്ള ഒരു മാറ്റത്തിനു നാന്ദി കുറിക്കുന്നു.
നിങ്ങളുടെ ഉത്തരമെന്ത്?
• തന്റെ ദൈവനിയമിത വേലയെ കുറിച്ച് ബോധവാനാണെന്ന് യേശു പ്രകടമാക്കിയത് എങ്ങനെ?
• വീഞ്ഞിനെ കുറിച്ചുള്ള തന്റെ അമ്മയുടെ നിർദേശത്തോട് യേശു എതിർപ്പു പ്രകടിപ്പിക്കുന്നത് എന്തുകൊണ്ട്?
• യേശു മിക്കപ്പോഴും എതിരാളികളോട് ഇടപെട്ട വിധത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
• രോഗിയായ ലാസറിനെ ചെന്നു കാണാൻ യേശു വൈകുന്നത് എന്തുകൊണ്ട്?
[12-ാം പേജിലെ ചിത്രങ്ങൾ]
ദൈവദത്ത ഉത്തരവാദിത്വം നിർവഹിക്കാനായി യേശു തന്റെ ഊർജം വിനിയോഗിച്ചു