രത്നങ്ങൾ യോഹന്നാന്റെ സുവിശേഷത്തിൽനിന്ന്
യേശുക്രിസ്തുവിന്റെ ജീവിതവും ശുശ്രൂഷയും സംബന്ധിച്ച് ഒരു വികാരനിർഭരമായ വിവരണമെഴുതാൻ യഹോവയുടെ ആത്മാവ് വൃദ്ധ അപ്പോസ്തലനായിരുന്ന യോഹന്നാനെ നിശ്വസ്തനാക്കി. ഈ സുവിശേഷം ക്രി.വ. ഏതാണ്ട് 98-ൽ എഫേസൂസിൽവെച്ചോ അതിനടുത്തുവെച്ചോ എഴുതപ്പെട്ടു. എന്നാൽ വിവരണത്തിന്റെ സ്വഭാവമെന്താണ്? അതിലടങ്ങിയിരിക്കുന്ന ചില രത്നങ്ങൾ എന്തൊക്കെയാണ്?
ഏറെയും അനുപൂരകം
യോഹന്നാൻ തെരഞ്ഞെടുത്ത വിവരങ്ങളാണ് എഴുതിയത്, മത്തായിയും മർക്കോസും ലൂക്കോസും എഴുതിയത് അവൻ അധികം ആവർത്തിച്ചിട്ടില്ല. തീർച്ചയായും, അവന്റെ ദൃക്സാക്ഷിവിവരണത്തിന്റെ 90ൽപരം ശതമാനം മററു സുവിശേഷങ്ങളിൽ പറയാത്ത കാര്യങ്ങളായതിനാൽ അത് ഏറെയും അനുപൂരകമാണ്. ഉദാഹരണത്തിന്, യേശുവിന്റെ മാനുഷപൂർവ ആസ്തിക്യത്തെക്കുറിച്ചും “വചനം ജഡമായ” കാര്യവും അവൻ മാത്രമേ പറയുന്നുള്ളു. (യോഹന്നാൻ 1:1-14) യേശു തന്റെ ശുശ്രൂഷയുടെ ഒടുവിൽ ആലയത്തെ ശുദ്ധീകരിച്ചുവെന്ന് മററു സുവിശേഷ എഴുത്തുകാർ പറയുമ്പോൾ ക്രിസ്തു തന്റെ ശുശ്രൂഷയുടെ ആരംഭത്തിലും അതു ചെയ്തുവെന്ന് യോഹന്നാൻ പറയുന്നു. (2:13-17) വെള്ളം വീഞ്ഞാക്കുക, മരിച്ച ലാസറിനെ ഉയർപ്പിക്കുക, അവന്റെ പുനരുത്ഥാനശേഷമുള്ള അത്ഭുതകരമായ മീൻപിടുത്തം എന്നിങ്ങനെ യേശു ചെയ്ത ചില അത്ഭുതങ്ങളെക്കുറിച്ച് വൃദ്ധനായ അപ്പോസ്തലൻമാത്രമേ നമ്മോടു പറയുന്നുള്ളു.—2:1-11; 11:38-44; 21:4-14.
യേശു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയതെങ്ങനെയെന്ന് എല്ലാ സുവിശേഷ എഴുത്തുകാരും പറയുന്നു, എന്നാൽ ആ രാത്രിയിൽ അവൻ അപ്പോസ്തലൻമാരുടെ കാലുകൾ കഴുകിക്കൊണ്ട് അവരെ താഴ്മ സംബന്ധിച്ച ഒരു പാഠം പഠിപ്പിച്ചതായി യോഹന്നാൻ മാത്രമേ പ്രകടമാക്കുന്നുള്ളു. മാത്രവുമല്ല, യേശു നടത്തിയ ഹൃദയംഗമമായ സംസാരങ്ങളും അവർക്കുവേണ്ടി അവൻ ആ സമയത്ത് നടത്തിയ പ്രാർത്ഥനയും യോഹന്നാൻ മാത്രമേ രേഖപ്പെടുത്തുന്നുള്ളു.—13:1–17:26.
ഈ സുവിശേഷത്തിൽ യോഹന്നാൻ എന്ന പേർ സ്നാപകനെ പരാമർശിക്കുന്നു. എഴുത്തുകാരൻ തന്നേത്തന്നെ വിളിക്കുന്നത് ‘യേശു സ്നേഹിച്ച ശിഷ്യൻ’ എന്നാണ്. (13:23) അപ്പോസ്തലൻമാർ തീർച്ചയായും യേശുവിനെ സ്നേഹിച്ചിരുന്നു. യോഹന്നാൻ അവനെ വചനമായും ജീവന്റെ അപ്പമായും ലോകത്തിന്റെ വെളിച്ചമായും നല്ല ഇടയനായും വഴിയും സത്യവും ജീവനുമായും വരച്ചുകാട്ടുമ്പോൾ ക്രിസ്തുവിനോടു നമുക്കുതന്നെയുള്ള സ്നേഹം വർദ്ധിക്കുന്നു. (1:1-3, 14; 6:35; 8:12; 10:11; 14:6) ഇത് യോഹന്നാന്റെ പ്രസ്താവിത ഉദ്ദേശ്യത്തിനുതകുന്നു: “യേശു ദൈവ പുത്രനായ ക്രിസ്തു ആണെന്ന് നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിക്കുകനിമിത്തം അവന്റെ നാമം മുഖാന്തരം നിങ്ങൾക്ക് ജീവൻ ലഭിക്കേണ്ടതിനും ഈ (കാര്യങ്ങൾ) എഴുതപ്പെട്ടിരിക്കുന്നു.”—20:31.
താഴമയും സന്തോഷവും
യോഹന്നാന്റെ സുവിശേഷം യേശുവിനെ വചനമായും പാപപരിഹാരം വരുത്തുന്ന കുഞ്ഞാടായും അവതരിപ്പിക്കുകയും അവനെ “ദൈവത്തിന്റെ പരിശുദ്ധൻ” എന്നു തെളിയിക്കുന്ന അത്ഭുതങ്ങൾ എടുത്തുപറയുകയും ചെയ്യുന്നു. (1:1–9:41) മററുള്ളവയുടെ കൂട്ടത്തിൽ ഈ വിവരണം യോഹന്നാൻസ്നാപകന്റെ താഴ്മയെയും സന്തോഷത്തെയും പ്രോജ്ജ്വലമാക്കുന്നു. അവൻ ക്രിസ്തുവിന്റെ മുന്നോടിയായിരുന്നു, എന്നാൽ പറഞ്ഞതിങ്ങനെയാണ്: “ഞാൻ (അവന്റെ) ചെരുപ്പിന്റെ വാർ അഴിക്കാൻ യോഗ്യനല്ല.” (1:27) ചെരിപ്പുകൾ തുകൽവള്ളികളാൽ അഥവാ വാറുകളാൽ ബന്ധിച്ചിരുന്നു. ഒരു അടിമ മറെറാരാളുടെ ചെരുപ്പുകളുടെ വാറുകൾ അഴിക്കുകയും അയാൾക്കുവേണ്ടി അവയെ വഹിക്കുകയും ചെയ്യുമായിരുന്നു, കാരണം അത് ഒരു താണ കർത്തവ്യമായിരുന്നു. അങ്ങനെ യോഹന്നാൻ സ്നാപകൻ തന്റെ യജമാനനോടുള്ള താരതമ്യത്തിൽ തന്റെ താഴ്മയും തന്റെ പ്രാധാന്യമില്ലായ്മയുടെ ബോധവും പ്രകടമാക്കി. ഒരു നല്ല പാഠംതന്നെ, എന്തുകൊണ്ടെന്നാൽ യഹോവയുടെയും അവന്റെ മശിഹൈക രാജാവിന്റെയും സേവനത്തിന് താഴ്മയുള്ളവർ മാത്രമേ യോഗ്യതയുള്ളവരായിരിക്കുന്നുള്ളു!—സങ്കീർത്തനം 138:6; സദൃശവാക്യങ്ങൾ 21:4.
അഹങ്കാരപൂർവം യേശുവിനോടു നീരസപ്പെടുന്നതിനു പകരം യോഹന്നാൻസ്നാപകൻ ഇങ്ങനെ പറഞ്ഞു: “മണവാളന്റെ സ്നേഹിതൻ, അവൻ നിന്ന് അവനെ കേൾക്കുമ്പോൾ, മണവാളന്റെ ശബ്ദം നിമിത്തം വളരെയധികം സന്തോഷമനുഭവിക്കുന്നു. അതുകൊണ്ട് എന്റെ ഈ സന്തോഷം പൂർണ്ണമാക്കപ്പെട്ടിരിക്കുന്നു.” (3:29) മണവാളന്റെ പ്രതിനിധിയെന്ന നിലയിൽ മണവാളന്റെ സ്നേഹിതൻ വിവാഹകൂടിയാലോചനകൾ നടത്തിയിരുന്നു, ചിലപ്പോൾ വിവാഹനിശ്ചയത്തിന് ഏർപ്പാടുചെയ്യുകയും മണവാട്ടിക്ക് സമ്മാനവും അവളുടെ പിതാവിന് മണവാട്ടിവിലയും കൊടുക്കുകയും ചെയ്തുകൊണ്ടുതന്നെ. തന്റെ കർത്തവ്യം നിറവേററിക്കഴിയുമ്പോൾ സന്തോഷിക്കുന്നതിന് ഈ പ്രതിനിധിക്ക് കാരണമുണ്ടായിരുന്നു. സമാനമായി, യേശുവിനെ അവന്റെ മണവാട്ടിയുടെ ആദ്യ അംഗങ്ങളുമായി അടുപ്പിച്ചതിൽ യോഹന്നാൻ സന്തോഷിച്ചു. (വെളിപ്പാട് 21:2, 9) മണവാളന്റെ സ്നേഹിതന്റെ സേവനങ്ങൾ അല്പകാലത്തേക്കായിരിക്കുന്നതുപോലെ, യോഹന്നാന്റെ വേല പെട്ടെന്ന് അവസാനിച്ചു. അവൻ കുറഞ്ഞുകൊണ്ടിരുന്നു, അതേസമയം യേശു വർദ്ധിച്ചുകൊണ്ടിരുന്നു.—യോഹന്നാൻ 3:30.
ജനങ്ങൾക്കായുള്ള യേശുവിന്റെ കരുതൽ
സുഖാർനഗരത്തിനടുത്തുള്ള ഒരു കിണററിങ്കൽവെച്ച് യേശു ഒരു ശമര്യക്കാരിസ്ത്രീയോടു നിത്യജീവൻ കൊടുക്കുന്ന പ്രതീകാത്മക വെള്ളത്തെക്കുറിച്ച് പറഞ്ഞു. അവന്റെ ശിഷ്യൻമാർ വന്നെത്തിയപ്പോൾ “അവൻ ഒരു സ്ത്രീയോടു സംസാരിച്ചുകൊണ്ടിരുന്നതിനാൽ അവർ അത്ഭുതപ്പെടാൻ തുടങ്ങി.” (4:27) അത്തരമൊരു പ്രതികരണമെന്തുകൊണ്ട്? ശരി, യഹൂദൻമാർ ശമര്യക്കാരെ പുച്ഛിക്കുകയും അവരോട് ഇടപെടാതിരിക്കുകയും ചെയ്തിരുന്നു. (4:9; 8:48) ഒരു യഹൂദഗുരു പരസ്യമായി ഒരു സ്ത്രീയോടു സംസാരിക്കുന്നതും അസാധാരണമായിരുന്നു. എന്നാൽ യേശുവിന് ആളുകളോടുണ്ടായിരുന്ന അനുകമ്പാപൂർവകമായ കരുതൽ ഈ സാക്ഷ്യം നൽകാൻ അവനെ പ്രേരിപ്പിച്ചു. അതുനിമിത്തം, നഗരവാസികൾ “അവന്റെ അടുക്കൽ വന്നുതുടങ്ങി.”—4:28-30.
“ആർക്കെങ്കിലും ദാഹമുണ്ടെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” എന്നു പറയാൻ ജനങ്ങളോടുള്ള യേശുവിന്റെ ആദരവ് അവനെ പ്രേരിപ്പിച്ചു. (7:37) സ്പഷ്ടമായും, അവൻ അങ്ങനെ എട്ടു ദിവസത്തെ കൂടാരപെരുന്നാളിനോടു ചേർക്കപ്പെട്ടിരുന്ന ഒരു ആചാരത്തെ പരാമർശിച്ചു. ഏഴു ദിവസവും രാവിലെ ഒരു പുരോഹിതൻ ശീലോഹാം കുളത്തിൽ നിന്ന് വെള്ളം കോരി ആലയയാഗപീഠത്തിങ്കലൊഴിച്ചിരുന്നു. മററുള്ളവയുടെ കൂട്ടത്തിൽ ഇത് ആത്മാവിന്റെ പകരലിനെ പ്രതിനിധാനം ചെയ്യുന്നതായി പറയപ്പെട്ടു. ക്രി. വ. 33-ലെ പെന്തക്കോസ്തു മുതൽ ഭൂമി ഒട്ടാകെയുള്ള ആളുകളിലേക്ക് ജീവദായകമായ വെള്ളങ്ങൾ എത്തിക്കാൻ ദൈവത്തിന്റെ ആത്മാവ് യേശുവിന്റെ അനുഗാമികളെ പ്രേരിപ്പിച്ചു. “ജീവനുള്ള വെള്ളത്തിന്റെ ഉറവ്” ആയ യഹോവയിൽനിന്ന് ക്രിസ്തുവിലൂടെ മാത്രമേ ഏതൊരുവനും നിത്യജീവൻ പ്രാപിക്കാൻ കഴിയുകയുള്ളു.—യിരെമ്യാവ് 2:13; യെശയ്യാവ് 12:3; യോഹന്നാൻ 17:3.
നല്ലയിടയൻ കരുതുന്നു!
തന്റെ ചെമ്മരിയാടുതുല്യരായ അനുഗാമികൾക്കുവേണ്ടി കരുതുന്ന നല്ലയിടയനെന്ന തന്റെ റോളിൽ ജനങ്ങൾക്കായുള്ള യേശുവിന്റെ കരുതൽ പ്രകടമാണ്. അവന്റെ മരണം സമീപിച്ചപ്പോൾ പോലും യേശു തന്റെ ശിഷ്യൻമാർക്ക് സ്നേഹമസൃണമായ ബുദ്ധിയുപദേശം കൊടുക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. (10:1–17:26) ഒരു കള്ളനിൽനിന്നൊ കവർച്ചക്കാരനിൽനിന്നൊ വ്യത്യസ്തമായി അവൻ വാതിലിലൂടെ ആട്ടിൻ തൊഴുത്തിലേക്കു കടക്കുന്നു. (10:1-5) ഒരു തൊഴുത്ത് കള്ളൻമാരിൽനിന്നും ഇരപിടിക്കുന്ന ജന്തുക്കളിൽനിന്നുമുള്ള രാത്രിയിലെ സംരക്ഷണത്തിനായി ആടുകൾ സൂക്ഷിക്കപ്പെട്ടിരുന്ന ഒരു വളപ്പ് ആയിരുന്നു. അതിന് കൻമതിലുകൾ ഉണ്ടായിരുന്നു. ഒരുപക്ഷേ മുകളിൽ മുൾശിഖരങ്ങളും വാതിൽസൂക്ഷിപ്പുകാരൻ പരിപാലിക്കുന്ന ഒരു പ്രവേശനകവാടവുമുണ്ടായിരുന്നു.
പല ഇടയൻമാരുടെ ആട്ടിൻകൂട്ടങ്ങളെ ഒരേ തൊഴുത്തിൽ സൂക്ഷിക്കാമായിരുന്നു. എന്നാൽ ആടുകൾ അവയുടെ യഥാക്രമ ഇടയന്റെ ശബ്ദത്തിനു മാത്രമേ ചെവി കൊടുക്കുമായിരുന്നുള്ളു. ബൈബിൾ നാടുകളിലെ രീതികളും ആചാരങ്ങളും എന്ന തന്റെ പുസ്തകത്തിൽ ഫ്രെഡ് എച്ച്. വൈററ് ഇങ്ങനെ പറയുന്നു: “പല ആട്ടിൻകൂട്ടങ്ങളെ വേർതിരിക്കേണ്ടതാവശ്യമായിത്തീരുമ്പോൾ ഇടയൻമാർ ഓരോരുത്തരായി നിന്ന് ‘ററാഹൂ! ററാഹൂ!’ എന്നോ സ്വന്തമായ ഒരു ശബ്ദമോ വിളിച്ചുപറയുമായിരുന്നു. ആടുകൾ തല ഉയർത്തുകയും പൊതുവായ ഒരു വെപ്രാളത്തിനുശേഷം ഓരോന്നും സ്വന്ത ഇടയനെ അനുഗമിച്ചുതുടങ്ങുകയും ചെയ്യുന്നു. അവക്ക് ഇടയന്റെ സ്വന്തം സ്വരം സുപരിചിതമായിരുന്നു. അപരിചിതർ മിക്കപ്പോഴും അതേ വിളി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവയെ അനുഗമിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങൾ എല്ലായ്പ്പോഴും പരാജയപ്പെടുന്നു.” രസാവഹമായി, യേശു ഇങ്ങനെ പറഞ്ഞു: “എന്റെ ആടുകൾ എന്റെ ശബ്ദം ശ്രദ്ധിക്കുന്നു, ഞാൻ അവയെ അറിയുന്നു, അവ എന്നെ അനുഗമിക്കുന്നു. ഞാൻ അവക്ക് നിത്യജീവൻ കൊടുക്കുന്നു.” (10:27, 28) “ചെറിയ ആട്ടിൻകൂട്ടവും” “വേറെ ആടുകളും” യേശുവിന്റെ ശബ്ദത്തിനു ചെവി കൊടുക്കുകയും അവന്റെ നടത്തിപ്പ് അനുസരിക്കുകയും അവന്റെ സ്നേഹപൂർവകമായ പരിപാലനം ആസ്വദിക്കുകയും ചെയ്യുന്നു.—ലൂക്കോസ് 12:32; യോഹന്നാൻ 10:16.
എക്കാലവും വിശ്വസ്തനായ ദൈവപുത്രൻ
ക്രിസ്തു എക്കാലവും ദൈവത്തോടു വിശ്വസ്തനും ഒരു സ്നേഹമുള്ള ഇടയൻ എന്ന നിലയിൽ തന്റെ ഭൗമികജീവിതകാലമെല്ലാം മാതൃകായോഗ്യനുമായിരുന്നു. അവന്റെ അനുകമ്പ പുനരുത്ഥാനാനന്തര പ്രത്യക്ഷതകളിലും പ്രകടമാക്കപ്പെട്ടു. അപ്പോൾ, തന്റെ ആടുകളെ പോഷിപ്പിക്കാൻ പത്രോസിനെ പ്രോത്സാഹിപ്പിക്കുന്നതിന് യേശുവിനെ പ്രേരിപ്പിച്ചത് മററുള്ളവരോടുള്ള അനുകമ്പാപൂർവകമായ ആദരവായിരുന്നു.—18:1–21:25.
ദണ്ഡനസ്തംഭത്തിലെ മരണത്തിന് ഇരയായവനെന്ന നിലയിൽ യേശു നമുക്കുവേണ്ടി മരണത്തോളമുള്ള വിശ്വസ്തതയുടെ മുഖ്യ ദൃഷ്ടാന്തം വെച്ചു. പടയാളികൾ ‘അവന്റെ അങ്കികൾ പങ്കിട്ടെടുത്തു’ എന്നതായിരുന്നു പ്രവചനനിവൃത്തിയായി അവൻ വിധേയനായിത്തീർന്ന ഒരു നിന്ദനം. (സങ്കീർത്തനം 22:18) തുന്നലില്ലാതെ നെയ്തെടുത്ത അവന്റെ വിശിഷ്ടമായ ഉള്ളങ്കി (ഗ്രീക്ക്, കിൻറൻ) ആർക്ക് എടുക്കാമെന്ന് നിശ്ചയിക്കുന്നതിന് അവർ ചീട്ടിട്ടു. (19:23, 24) അങ്ങനെയുള്ള ഒരു അടിക്കുപ്പായം കമ്പിളികൊണ്ടോ ചണംകൊണ്ടോ വെള്ളനിറത്തിലോ വിവിധ നിറത്തിലോ നെയ്തെടുക്കാൻ കഴിയുമായിരുന്നു. മിക്കപ്പോഴും കയ്യില്ലാഞ്ഞ ആ അങ്കി ത്വക്കിനുപുറമെ ധരിച്ചിരുന്നു, കാൽമുട്ടുകളൊ കണങ്കാൽ വരെയോ എത്തുന്നതുമായിരുന്നു. തീർച്ചയായും യേശു ധനാസക്തനല്ലായിരുന്നു, എന്നാൽ നല്ല ഗുണമേൻമയുണ്ടായിരുന്ന തുന്നലില്ലാഞ്ഞ അവന്റെ അത്തരമൊരു അടിക്കുപ്പായം അവൻ ധരിക്കുകതന്നെ ചെയ്തു.
യേശുവിന്റെ പുനരുത്ഥാനാനന്തര പ്രത്യക്ഷതകളിൽ ഒന്നിൽ അവൻ “നിങ്ങൾക്കു സമാധാനം ഉണ്ടായിരിക്കട്ടെ” എന്ന വാക്കുകളോടെ ശിഷ്യൻമാരെ അഭിവാദനം ചെയ്തു. (20:19) യഹൂദൻമാരുടെയിടയിൽ ഇതൊരു സാധാരണ അഭിവാദനമായിരുന്നു. (മത്തായി 10:12, 13) അനേകരെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള വാക്കുകളുടെ ഉപയോഗത്തിന് അർത്ഥമില്ലായിരിക്കാം. എന്നാൽ യേശുവിനെ സംബന്ധിച്ച് അങ്ങനെയല്ല, എന്തുകൊണ്ടെന്നാൽ: “ഞാൻ നിങ്ങൾക്കു സമാധാനം നൽകുന്നു, ഞാൻ നിങ്ങൾക്ക് എന്റെ സമാധാനം തരുന്നു” എന്ന് അവൻ തന്റെ അനുഗാമികളോട് നേരത്തെ പറഞ്ഞിരുന്നു. (യോഹന്നാൻ 14:27) യേശു തന്റെ ശിഷ്യൻമാർക്കു കൊടുത്ത സമാധാനം ദൈവപുത്രനെന്ന നിലയിൽ അവനിലുള്ള അവരുടെ വിശ്വാസത്തിലധിഷ്ഠിതമായിരുന്നു. അത് അവരുടെ ഹൃദയങ്ങളെയും മനസ്സുകളെയും പ്രശാന്തമാക്കുന്നതിനുതകി.
സമാനമായി, നമുക്ക് “ദൈവസമാധാനം” ആസ്വദിക്കാൻ കഴിയും. അവന്റെ പ്രിയപുത്രനിലൂടെയുള്ള യഹോവയുമായുള്ള അടുത്ത ബന്ധത്തിൽനിന്ന് സംജാതമാകുന്ന ഈ അതുല്യമായ പ്രശാന്തതയെ നമുക്ക് വിലമതിക്കാം.—ഫിലിപ്യർ 4:6, 7. (w90 3/15)
[27-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.