ക്രിസ്തു ദൈവത്തിന്റെ ശക്തി
‘ക്രിസ്തു ദൈവത്തിന്റെ ശക്തിയാണ്.’—1 കൊരി. 1:24 (പി.ഒ.സി.)
1. ‘ക്രിസ്തു ദൈവത്തിന്റെ ശക്തിയാണ്’ എന്ന് പൗലോസ് പറഞ്ഞത് എന്തുകൊണ്ട്?
യഹോവ യേശുക്രിസ്തുവിലൂടെ അത്ഭുതകരമായ വിധങ്ങളിൽ തന്റെ ശക്തി പ്രകടിപ്പിച്ചിട്ടുണ്ട്. യേശു ഭൂമിയിലായിരുന്നപ്പോൾ പല അത്ഭുതങ്ങളും ചെയ്തു. അവയിൽ ചിലതിനെക്കുറിച്ച് നമുക്ക് ബൈബിളിൽനിന്നു വായിക്കാൻ കഴിയും. അവയ്ക്ക് നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താനാകും. (മത്താ. 9:35; ലൂക്കോ. 9:11) യഹോവ യേശുവിന് വലിയ ശക്തി നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ‘ക്രിസ്തു ദൈവത്തിന്റെ ശക്തിയാണ്’ എന്ന് പൗലോസ് അപ്പൊസ്തലൻ പറഞ്ഞത്. (1 കൊരി. 1:24) എന്നാൽ യേശു ചെയ്ത അത്ഭുതങ്ങൾ നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
2. യേശു ചെയ്ത അത്ഭുതങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
2 യേശു ‘അത്ഭുതങ്ങൾ’ ചെയ്തതായി പത്രോസ് അപ്പൊസ്തലൻ പറഞ്ഞിട്ടുണ്ട്. (പ്രവൃ. 2:22) ഈ അത്ഭുതങ്ങൾ നമ്മെ എന്തു പഠിപ്പിക്കുന്നു? തന്റെ ആയിരംവർഷ വാഴ്ചക്കാലത്ത് യേശു എന്തു ചെയ്യുമെന്ന് അത് നമ്മെ പഠിപ്പിക്കുന്നു. യേശു അന്ന് ഭൂമിയിലെ സകല മനുഷ്യർക്കും പ്രയോജനം ചെയ്യുന്ന വലിയ അത്ഭുതങ്ങൾ ചെയ്യും. യേശുവിന്റെയും യഹോവയുടെയും ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ യേശു ചെയ്ത അത്ഭുതങ്ങൾ സഹായിക്കും. ഈ ലേഖനത്തിൽ യേശു ചെയ്ത മൂന്ന് അത്ഭുതങ്ങൾ നമ്മൾ ചർച്ച ചെയ്യും. ഇപ്പോഴും ഭാവിയിലും അത് നമ്മെ എങ്ങനെ സ്വാധീനിക്കുമെന്നും നമ്മൾ പഠിക്കും.
ഉദാരമനസ്കത പഠിപ്പിക്കുന്ന ഒരു അത്ഭുതം
3. (എ) യേശു തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചതിന്റെ കാരണം എന്താണ്? (ബി) കാനായിൽ യേശു ഉദാരമനസ്കത കാണിച്ചത് എങ്ങനെ?
3 യേശു തന്റെ ആദ്യത്തെ അത്ഭുതം കാനായിലെ ഒരു വിവാഹവിരുന്നിൽവെച്ചാണ് പ്രവർത്തിച്ചത്. ഏതോ കാരണത്താൽ അതിഥികൾക്കെല്ലാം വിളമ്പാൻ മതിയായ വീഞ്ഞ് അവിടെയില്ലായിരുന്നു. ഇത് നവദമ്പതികൾക്ക് നാണക്കേടുണ്ടാക്കുമായിരുന്നു. കാരണം ആതിഥ്യം കാണിക്കേണ്ടത് അവരുടെ കടമയായിരുന്നു. യേശുവിന്റെ അമ്മ മറിയയും അതിഥികളിൽ ഒരാളായിരുന്നു. അവിടെ ആവശ്യമായിരുന്ന വീഞ്ഞ് പ്രദാനം ചെയ്യാനുള്ള ശക്തി യേശുവിനുണ്ടെന്ന് അറിയാമായിരുന്നതുകൊണ്ടാണോ അവൾ അവനോട് അവരെ സഹായിക്കാൻ ആവശ്യപ്പെട്ടത്? തന്റെ മകനെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും മറിയ വായിക്കുകയും ധ്യാനിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. അവൻ “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” എന്നും അവൾക്ക് അറിയാമായിരുന്നു. (ലൂക്കോ. 1:30-32; 2:52) ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്, യേശുവും മറിയയും ആ ദമ്പതികളെ സഹായിക്കാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഏകദേശം 380 ലിറ്റർ വെള്ളം യേശു അത്ഭുതകരമായി “നല്ല വീഞ്ഞ്” ആക്കി മാറ്റി. (യോഹന്നാൻ 2:3, 6-11 വായിക്കുക.) യേശുവിന് ഈ അത്ഭുതം പ്രവർത്തിക്കേണ്ട കാര്യമുണ്ടായിരുന്നോ? ഇല്ല. ആളുകളോട് കരുതലുള്ളതുകൊണ്ടാണ് അവൻ അങ്ങനെ ചെയ്തത്. അതിലൂടെ അവൻ തന്റെ ഉദാരമനസ്കനായ പിതാവിനെ അനുകരിക്കുകയുമായിരുന്നു.
4, 5. (എ) യേശുവിന്റെ ആദ്യത്തെ അത്ഭുതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) കാനായിൽ നടന്ന അത്ഭുതം ഭാവിയെക്കുറിച്ച് നമ്മളെ എന്ത് പഠിപ്പിക്കുന്നു?
4 ഒരു വലിയ കൂട്ടത്തിന് ആവശ്യമായിരുന്നത്ര നല്ല വീഞ്ഞ് യേശു അത്ഭുതകരമായി പ്രദാനം ചെയ്തു. ഈ അത്ഭുതം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? യഹോവയും യേശുവും പിശുക്കുള്ളവരല്ല, ഉദാരമനസ്കരാണ്. അവർ ആളുകളുടെ വികാരങ്ങളെക്കുറിച്ച് ആഴമായി ചിന്തിക്കുന്നുണ്ടെന്ന് ഈ അത്ഭുതം നമുക്ക് ഉറപ്പു തരുന്നു. നമ്മൾ ഭൂമിയുടെ ഏതു കോണിലായിരുന്നാലും നമുക്ക് സമൃദ്ധമായി ആഹാരം നൽകാൻ യഹോവ പുതിയ ഭൂമിയിൽ തന്റെ ശക്തി ഉപയോഗിക്കുമെന്നും ഇത് കാണിക്കുന്നു.—യെശയ്യാവു 25:6 വായിക്കുക.
5 ഇതേക്കുറിച്ചൊന്നു ചിന്തിക്കൂ. നമുക്ക് യഥാർഥത്തിൽ ആവശ്യമായിരിക്കുന്നതെല്ലാം ഉടൻതന്നെ യഹോവ നൽകും. എല്ലാവർക്കും നല്ല വീടും ഭക്ഷണവും ലഭിക്കും. പറുദീസാഭൂമിയിൽ യഹോവ ഉദാരമായി നൽകാനിരിക്കുന്ന അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞുകവിയുന്നില്ലേ?
മറ്റുള്ളവർക്കായി ഉദാരമായി സമയം ചെലവഴിക്കുമ്പോൾ നമ്മൾ യേശുവിന്റെ ഉദാരതയിൽനിന്നു പഠിച്ചെന്ന് കാണിക്കുകയാണ് (6-ാം ഖണ്ഡിക കാണുക)
6. യേശു തന്റെ ശക്തി എല്ലായ്പോഴും ഉപയോഗിച്ചത് എങ്ങനെയാണ്, നമുക്ക് അവനെ എങ്ങനെ അനുകരിക്കാം?
6 യേശു തന്റെ ശക്തി സ്വാർഥകാര്യങ്ങൾക്കായി ഉപയോഗിച്ചില്ല. കല്ലുകളെ അപ്പമാക്കി മാറ്റാൻ സാത്താൻ യേശുവിനെ പ്രേരിപ്പിച്ചപ്പോൾ എന്തു സംഭവിച്ചെന്ന് നോക്കുക. സ്വന്തം പ്രയോജനത്തിനുവേണ്ടി തന്റെ ശക്തി ഉപയോഗിക്കാൻ യേശു കൂട്ടാക്കിയില്ല. (മത്താ. 4:2-4) എന്നാൽ മറ്റുള്ളവരെ സഹായിക്കാനായി തന്റെ ശക്തി ഉപയോഗിക്കാൻ അവൻ തയ്യാറായിരുന്നു. നമ്മൾ “കൊടുത്തുശീലി”ക്കണം എന്ന് യേശു പറഞ്ഞു. (ലൂക്കോ. 6:38) നമുക്ക് ഇത് പല വിധങ്ങളിൽ ചെയ്യാം. മറ്റുള്ളവരെ ഭക്ഷണത്തിന് വീട്ടിലേക്കു ക്ഷണിക്കാം. യോഗത്തിനു ശേഷം, സഹായം ആവശ്യമായിരിക്കുന്ന ആർക്കെങ്കിലുമൊപ്പം സമയം ചെലവഴിക്കാം. ഉദാഹരണത്തിന്, പ്രസംഗം പറഞ്ഞുപരിശീലിക്കുന്ന ഒരു സഹോദരനെ നമുക്ക് ശ്രദ്ധിക്കാനാകും. അല്ലെങ്കിൽ ശുശ്രൂഷയിൽ മറ്റുള്ളവർക്ക് പ്രായോഗികസഹായവും പരിശീലനവും നൽകാം. ഇത്തരത്തിൽ, കഴിയുന്ന സാഹചര്യങ്ങളിലെല്ലാം നമ്മാലാവോളം മറ്റുള്ളവരെ സഹായിക്കുമ്പോൾ നമ്മൾ യേശുവിന്റെ ഉദാരമനസ്കത അനുകരിക്കുകയാണ്.
“എല്ലാവരും തിന്നുതൃപ്തരായി”
7. സാത്താന്റെ ലോകത്തിൽ എപ്പോഴും നിലനിൽക്കുന്ന ഒരു പ്രശ്നം ഏതാണ്?
7 ദാരിദ്ര്യം ഇന്നോ ഇന്നലെയോ ഉണ്ടായ ഒരു പ്രശ്നമല്ല. “ദരിദ്രൻ ദേശത്തു അറ്റുപോകയില്ല” എന്ന് യഹോവ ഇസ്രായേല്യരോട് പറഞ്ഞു. (ആവ. 15:11) നൂറുകണക്കിനു വർഷങ്ങൾക്കു ശേഷം, “ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ടല്ലോ” എന്ന് യേശുവും പറഞ്ഞു. (മത്താ. 26:11) എല്ലാക്കാലത്തും ദരിദ്രർ ഭൂമിയിലുണ്ടായിരിക്കും എന്നാണോ യേശു ഈ വാക്കുകളിലൂടെ അർഥമാക്കിയത്? അല്ല. സാത്താന്റെ ലോകം നിലനിൽക്കുന്നിടത്തോളം കാലമേ ദാരിദ്ര്യമുണ്ടായിരിക്കുകയുള്ളൂ എന്നാണ് യേശു അർഥമാക്കിയത്. പുതിയ ഭൂമിയിൽ എത്ര വ്യത്യസ്തമായിരിക്കും അവസ്ഥകൾ! അന്ന് ദാരിദ്ര്യത്തിന്റെ കണികപോലുമുണ്ടായിരിക്കുകയില്ല. എല്ലാവരും സമൃദ്ധമായി ഭക്ഷിക്കും, തൃപ്തരായിരിക്കും!
8, 9. (എ) ആയിരക്കണക്കിന് ആളുകളെ പോഷിപ്പിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത് എന്താണ്? (ബി) ഈ അത്ഭുതത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു?
8 സങ്കീർത്തനക്കാരൻ യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.” (സങ്കീ. 145:16) ഭൂമിയിലായിരുന്നപ്പോൾ യേശു തന്റെ പിതാവിനെ അതേപടി അനുകരിച്ചു, പലപ്പോഴും ആളുകളുടെ ആവശ്യങ്ങൾക്കായി കരുതിക്കൊണ്ട്. താൻ ശക്തനാണെന്ന് കാണിക്കാൻവേണ്ടിയായിരുന്നില്ല യേശു അങ്ങനെ ചെയ്തത്. പകരം അവന് ആളുകളോട് യഥാർഥകരുതലുണ്ടായിരുന്നു. അത് മനസ്സിലാക്കുന്നതിന് നമുക്ക് മത്തായി 14:14-21 ചർച്ച ചെയ്യാം. (വായിക്കുക.) പട്ടണങ്ങളിൽനിന്നുള്ള ഒരു വലിയ കൂട്ടം ആളുകൾ കാൽനടയായി യേശുവിനെ പിന്തുടർന്ന് വന്നിരുന്നു. (മത്താ. 14:13) വൈകുന്നേരമായപ്പോഴേക്കും ആളുകൾ വിശന്ന് തളർന്നു. ഇതു കണ്ട് വ്യാകുലരായ ശിഷ്യന്മാർ, ആഹാരം വാങ്ങുന്നതിനായി ആളുകളെ പറഞ്ഞയയ്ക്കാൻ യേശുവിനോട് ആവശ്യപ്പെട്ടു. അപ്പോൾ യേശു എന്തു ചെയ്തു?
9 അഞ്ച് അപ്പവും രണ്ട് മീനും കൊണ്ട് യേശു സ്ത്രീകളെയും കുട്ടികളെയും ഏകദേശം 5,000 പുരുഷന്മാരെയും പോഷിപ്പിച്ചു. യേശു എന്തിനാണ് ഈ അത്ഭുതം ചെയ്തത്? അവന് ആളുകളോട് യഥാർഥ സ്നേഹവും കരുതലും ഉണ്ടായിരുന്നതുകൊണ്ട്. യേശു അവർക്ക് ധാരാളം ഭക്ഷണം നൽകിയിരിക്കണം. കാരണം “അവർ എല്ലാവരും തിന്നുതൃപ്തരായി” എന്ന് വിവരണം പറയുന്നു. ആ ഭക്ഷണം അവർക്ക് തിരിച്ചു വീട്ടിലേക്കുള്ള നീണ്ട യാത്രയ്ക്ക് ആവശ്യമായ ഊർജം നൽകി. (ലൂക്കോ. 9:10-17) എല്ലാവരും മതിയാവോളം കഴിച്ചിട്ടും 12 കൊട്ട അപ്പം ബാക്കിയുണ്ടായിരുന്നു. അവർ അത് ശേഖരിച്ചു.
10. ഭാവിയിൽ ദാരിദ്ര്യത്തിന് എന്ത് സംഭവിക്കും?
10 ഭരണാധികാരികളുടെ അത്യാഗ്രഹവും അഴിമതിയും മൂലം കോടിക്കണക്കിന് ആളുകൾ ഇന്ന് ദാരിദ്ര്യത്തിലാണ്. നമ്മുടെ ചില സഹോദരങ്ങൾക്കുപോലും ആവശ്യത്തിനു ഭക്ഷണം കിട്ടുന്നില്ല. പക്ഷേ വൈകാതെതന്നെ, യഹോവയെ അനുസരിക്കുന്നവർ അഴിമതിയും ദാരിദ്ര്യവും ഇല്ലാത്ത ഒരു ലോകത്തിൽ ജീവിക്കും. യഹോവ സർവശക്തനാണ്. സകലരുടെയും ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ള ശക്തിയും അതിയായ ആഗ്രഹവും അവനുണ്ട്. ഇന്നത്തെ കഷ്ടപ്പാടുകൾക്ക് ഉടൻതന്നെ അറുതിവരുത്തുമെന്ന് അവൻ വാക്കുതന്നിട്ടുമുണ്ട്.—സങ്കീർത്തനം 72:16 വായിക്കുക.
11. വൈകാതെതന്നെ ക്രിസ്തു മുഴുഭൂമിയിലും തന്റെ ശക്തി പ്രയോഗിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്, അപ്പോൾ എന്ത് ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
11 ഭൂമിയിലായിരുന്നപ്പോൾ യേശു ഒരു ചെറിയ പ്രദേശത്ത് മൂന്നര വർഷക്കാലം മാത്രമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (മത്താ. 15:24) പക്ഷേ തന്റെ ആയിരംവർഷ ഭരണകാലത്ത് രാജാവെന്നനിലയിൽ യേശു സകല മനുഷ്യരെയും സഹായിക്കും. (സങ്കീ. 72:8) നമ്മുടെ നന്മയ്ക്കുവേണ്ടി തന്റെ ശക്തി ഉപയോഗിക്കാൻ യേശുവിന് ആഗ്രഹമുണ്ടെന്ന് അവന്റെ അത്ഭുതങ്ങൾ ഉറപ്പു തരുന്നു. അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവ് നമുക്കില്ല. എങ്കിലും ദൈവം ബൈബിളിലൂടെ വാഗ്ദാനം ചെയ്യുന്ന നല്ല ഭാവിയെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ നമ്മുടെ സമയവും ഊർജവും നമുക്ക് ഉപയോഗിക്കാം. യഹോവയുടെ സാക്ഷികളെന്ന നിലയിൽ അത് നമ്മുടെ കടമയാണ്. (റോമ. 1:14, 15) ക്രിസ്തു സമീപഭാവിയിൽ ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ അതെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ നമ്മൾ പ്രേരിതരായിത്തീരും.—സങ്കീ. 45:1; 49:3.
യഹോവയും യേശുവും പ്രകൃതിശക്തികളെ നിയന്ത്രിക്കുന്നു
12. യേശുവിന് ഭൂമിയെക്കുറിച്ച് സകലവും അറിയാമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
12 ദൈവം ഭൂമിയും അതിലുള്ളതൊക്കെയും സൃഷ്ടിച്ചപ്പോൾ യേശു “അവന്റെ അടുക്കൽ ശില്പി ആയിരുന്നു.” (സദൃ. 8:22, 30, 31; കൊലോ. 1:15-17) അതുകൊണ്ട് യേശുവിന് ഭൂമിയെക്കുറിച്ചുള്ള സകലവും അറിയാം. പ്രകൃതിയിലെ എല്ലാ ശക്തികളെയും എങ്ങനെ ഉപയോഗിക്കണമെന്നും നിയന്ത്രിക്കണമെന്നും അവന് അറിയാം.
അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള തന്റെ ശക്തി യേശു ഉപയോഗിച്ചതിൽ നിങ്ങളെ ആകർഷിച്ചത് എന്താണ്? (13,14 ഖണ്ഡികകൾ കാണുക)
13, 14. ക്രിസ്തുവിന് പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ കഴിയുമെന്നതിന് ഒരു ഉദാഹരണം പറയുക.
13 യേശു ഭൂമിയിലായിരുന്നപ്പോൾ പ്രകൃതിശക്തികളെ നിയന്ത്രിച്ചുകൊണ്ട് തനിക്ക് ദൈവത്തിൽനിന്നുള്ള ശക്തിയുണ്ടെന്ന് തെളിയിച്ചു. ഉദാഹരണത്തിന്, യേശു കൊടുങ്കാറ്റിനെ ശമിപ്പിച്ച സംഭവം നോക്കാം. (മർക്കോസ് 4:37-39 വായിക്കുക.) ഒരു ബൈബിൾപണ്ഡിതൻ പറയുന്നതനുസരിച്ച് മർക്കോസിന്റെ പുസ്തകത്തിൽ കൊടുങ്കാറ്റ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വാക്കിന്റെ ഗ്രീക്ക് പദം അതിശക്തമായ കാറ്റിനെയോ ചുഴലിക്കാറ്റിനെയോ ആണ് സൂചിപ്പിക്കുന്നത്. കാർമേഘം, ശക്തമായ കാറ്റ്, ഇടി, പേമാരി എന്നിവയെല്ലാം ചേർന്ന ഒരു അവസ്ഥയെയാണ് അത് അർഥമാക്കുന്നത്. അത് വന്നുപോയിക്കഴിയുമ്പോൾ എല്ലാം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാകും. “കടൽ പ്രക്ഷുബ്ധമായി” എന്നാണ് അപ്പൊസ്തലനായ മത്തായി ആ സംഭവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.—മത്താ. 8:24.
14 ഈ സാഹചര്യമൊന്ന് ഭാവനയിൽ കണ്ടുനോക്കൂ. വള്ളത്തിൽ തിരമാലകൾ ആഞ്ഞടിക്കുന്നു. പിന്നെയുംപിന്നെയും വെള്ളം വള്ളത്തിൽ ഇരച്ചുകയറുന്നു. ശക്തമായ കാറ്റിന്റെ ഇരമ്പലും വള്ളം ഇളകിയാടുന്നതും ഒന്നും അറിയാതെ യേശു നല്ല ഉറക്കത്തിലാണ്. അവൻ അത്രമാത്രം ക്ഷീണിതനായിരുന്നു. എന്നാൽ പേടിച്ചുവിറച്ച ശിഷ്യന്മാർ യേശുവിനെ വിളിച്ചെഴുന്നേൽപ്പിച്ച് അവനോട്, “ഞങ്ങൾ നശിക്കാൻ പോകുന്നു” എന്ന് പറയുന്നു. (മത്താ. 8:25) അപ്പോൾ യേശു എങ്ങനെയാണ് പ്രതികരിക്കുന്നത്? അവൻ എഴുന്നേറ്റ് കാറ്റിനോടും കടലിനോടും “അടങ്ങുക! ശാന്തമാകുക!” എന്ന് കല്പിക്കുന്നു. (മർക്കോ. 4:39) അപ്പോൾ ശക്തമായ ആ കാറ്റ് ശമിച്ചു, “വലിയ ശാന്തതയുണ്ടായി.” പ്രകൃതിശക്തികളെ നിയന്ത്രിക്കാനുള്ള യേശുവിന്റെ ശക്തിയുടെ എത്ര വിസ്മയകരമായ ഒരു ഉദാഹരണം!
15. തനിക്ക് പ്രകൃതിശക്തികളെ നിയന്ത്രിക്കാനാകുമെന്ന് യഹോവ തെളിയിച്ചിരിക്കുന്നത് എങ്ങനെ?
15 ക്രിസ്തുവിന്റെ ശക്തി യഹോവയിൽനിന്നാണ് വരുന്നത്. അതുകൊണ്ട് സർവശക്തനായ ദൈവത്തിന് പ്രകൃതിയിലെ എല്ലാ ശക്തികളെയും നിയന്ത്രിക്കാനാകുമെന്ന് നമുക്ക് അറിയാം. ഉദാഹരണത്തിന്, ജലപ്രളയമുണ്ടാകുന്നതിന് മുമ്പ് യഹോവ ഇങ്ങനെ പറഞ്ഞു: “ഏഴു ദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും.” (ഉല്പ. 7:4) ഇനി, പുറപ്പാട് 14:21-ൽ “യഹോവ . . . മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു” എന്ന് നമ്മൾ വായിക്കുന്നു. കൂടാതെ, യോനാ 1:4-ൽ “യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി” എന്നും പറയുന്നു. പുതിയ ഭൂമിയിൽ എല്ലാ വിധത്തിലുമുള്ള പ്രകൃതിശക്തികൾ യഹോവയുടെ നിയന്ത്രണത്തിൻകീഴിലായിരിക്കുമെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്!
16. യഹോവയ്ക്കും യേശുവിനും പ്രകൃതിശക്തികളെ നിയന്ത്രിക്കാനുള്ള ശക്തിയുണ്ടെന്ന അറിവ് ആശ്വാസപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
16 യഹോവയ്ക്കും യേശുവിനും പ്രകൃതിശക്തികളെ നിയന്ത്രിക്കാനാകുമെന്ന അറിവ് നമുക്ക് വളരെ ആശ്വാസം തരുന്നു. ക്രിസ്തുവിന്റെ ആയിരംവർഷ ഭരണകാലത്ത് ഭൂമിയിൽ ജീവിക്കുന്ന എല്ലാവരും സുരക്ഷിതരായിരിക്കും. ചുഴലിക്കൊടുങ്കാറ്റ്, സുനാമി, അഗ്നിപർവതസ്ഫോടനം, ഭൂകമ്പം എന്നിവപോലുള്ള പ്രകൃതിദുരന്തങ്ങളാൽ ആർക്കും പരിക്ക് പറ്റുകയോ ആരും കൊല്ലപ്പെടുകയോ ചെയ്യുകയില്ല. നമ്മളെ പേടിപ്പെടുത്തുന്ന വിപത്തുകളൊന്നും അന്നുണ്ടായിരിക്കില്ല. കാരണം, അന്ന് “ദൈവത്തിന്റെ കൂടാരം” മനുഷ്യരോടുകൂടെയായിരിക്കും. (വെളി. 21:3, 4) ആയിരംവർഷ ഭരണകാലത്ത് പ്രകൃതിശക്തികളെ നിയന്ത്രിക്കാനുള്ള അധികാരം യഹോവ യേശുവിന് കൊടുക്കുമെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം.
ദൈവത്തെയും ക്രിസ്തുവിനെയും അനുകരിക്കുക, ഇപ്പോൾത്തന്നെ!
17. നമുക്ക് ദൈവത്തെയും ക്രിസ്തുവിനെയും ഇപ്പോൾ അനുകരിക്കാനാകുന്ന ഒരു വിധം ഏതാണ്?
17 പ്രകൃതിവിപത്തുകളെ തടയാൻ നമുക്കാകില്ലെന്നത് ശരിയാണ്. യഹോവയ്ക്കും യേശുവിനും മാത്രമേ അതിനാകൂ. എന്നാൽ നമുക്ക് ചെയ്യാനാകുന്ന ചിലതുണ്ട്. സദൃശവാക്യങ്ങൾ 3:27-ലെ (വായിക്കുക.) വാക്കുകൾ നമുക്ക് പിൻപറ്റാം. നമ്മുടെ സഹോദരങ്ങൾ കഷ്ടങ്ങൾ അനുഭവിക്കുമ്പോൾ അവരുടെ ശാരീരികവും വൈകാരികവും ആയ ആവശ്യങ്ങൾക്കായി കരുതിക്കൊണ്ട് നമുക്ക് അവരെ സഹായിക്കാം, ആശ്വസിപ്പിക്കാം. (സദൃ. 17:17) ഉദാഹരണത്തിന്, പ്രകൃതിവിപത്തിന്റെ കെടുതികളിൽനിന്നു കരകയറാൻ നമുക്ക് അവരെ സഹായിക്കാനാകും. ചുഴലിക്കാറ്റിൽ തന്റെ വീടിനു കാര്യമായ കേടുപാട് സംഭവിച്ച ഒരു വിധവ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സംഘടനയിൽ ആയിരിക്കാനായതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ലഭിച്ച ഭൗതികസഹായങ്ങൾക്കു മാത്രമല്ല, ആത്മീയസഹായങ്ങൾക്കും ഞാൻ നന്ദിയുള്ളവളാണ്.” ശക്തമായ കാറ്റിൽ വീട് തകർന്നപ്പോൾ ഏകാകിയായ ഒരു സഹോദരിക്ക് തന്റെ എല്ലാ പ്രതീക്ഷകളും നഷ്ടമായതായി തോന്നി. എന്നാൽ സഹോദരങ്ങൾ വീട് പുതുക്കിപ്പണിയാൻ സഹായിച്ചപ്പോൾ അവൾ ഇങ്ങനെ പറഞ്ഞു: “എനിക്കു പറയാൻ വാക്കുകളില്ല! യഹോവേ, അങ്ങേയ്ക്കു നന്ദി.” മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി കരുതുന്ന സഹോദരങ്ങളുടെ ഒരു കൂട്ടത്തോടൊപ്പമായിരിക്കുന്നതിൽ നമ്മൾ അതീവസന്തുഷ്ടരാണ്. യഹോവയും യേശുക്രിസ്തുവും നമുക്കായി കരുതുന്നതിൽ നമ്മൾ അങ്ങേയറ്റം നന്ദിയുള്ളവരുമാണ്.
18. അത്ഭുതങ്ങൾ പ്രവർത്തിക്കാൻ യേശുവിനെ പ്രേരിപ്പിച്ച കാരണങ്ങളിൽ നിങ്ങളെ ആകർഷിച്ചത് എന്താണ്?
18 ഭൂമിയിലായിരുന്നപ്പോൾ താൻ ‘ദൈവത്തിന്റെ ശക്തിയാണെന്ന്’ യേശു തെളിയിച്ചു. മറ്റുള്ളവരുടെ മുമ്പിൽ ആളാകാനോ സ്വന്തം നേട്ടത്തിനായോ ഒരിക്കലും യേശു തന്റെ ശക്തി ഉപയോഗിച്ചില്ല. പകരം, ആളുകളോട് യഥാർഥസ്നേഹമുള്ളതുകൊണ്ടാണ് യേശു തന്റെ ശക്തി അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ഉപയോഗിച്ചത്. അതിനെക്കുറിച്ച് കൂടുതലായി നമ്മൾ അടുത്ത ലേഖനത്തിൽ പഠിക്കും.