മരിച്ചവർ എവിടെ?
“ഭൂമി ഒരു ചന്തസ്ഥലമാണ്; സ്വർഗമാണു നമ്മുടെ ഭവനം” എന്ന് ഉത്തരാഫ്രിക്കയിലെ യൊരൂബക്കാരുടെ ഇടയിൽ ഒരു ചൊല്ലുണ്ട്. അനേക മതങ്ങളിലും ഈ ആശയത്തിന്റെ ധ്വനി മുഴങ്ങുന്നുണ്ട്. അത്, നാം അൽപ്പസമയം സന്ദർശിച്ച് മടങ്ങിപ്പോകുന്ന ഒരു ചന്തസ്ഥലംപോലെയാണു ഭൂമി എന്ന ആശയം പകരുന്നു. ഈ വിശ്വാസപ്രകാരം നാം മരിക്കുമ്പോൾ നമ്മുടെ യഥാർഥ വാസസ്ഥലമായ സ്വർഗത്തിലേക്കു പോകുന്നു.
ചിലർ സ്വർഗത്തിൽപോകുമെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ട്. യേശു തന്റെ വിശ്വസ്ത അപ്പോസ്തലൻമാരോടു പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; . . . ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.”—യോഹന്നാൻ 14:2, 3.
എല്ലാ നല്ലയാളുകളും സ്വർഗത്തിൽപോകുമെന്നോ സ്വർഗമാണു മനുഷ്യവർഗത്തിന്റെ ഭവനമെന്നോ യേശുവിന്റെ വാക്കുകൾ അർഥമാക്കുന്നില്ല. ഭൂമിയുടെമേൽ ഭരണം നടത്തുന്നതിനോടുള്ള ബന്ധത്തിൽ ചിലർ സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നു. മനുഷ്യ ഗവൺമെൻറുകൾ ഭൂമിയിലെ സ്ഥിതിഗതികൾ ഒരിക്കലും വിജയകരമാംവിധം കൈകാര്യം ചെയ്യുകയില്ലെന്നു യഹോവയാം ദൈവം അറിഞ്ഞിരുന്നു. അതുകൊണ്ട്, ഭൂമിയുടെമേൽ ക്രമേണ നിയന്ത്രണമേറെറടുക്കുകയും തന്റെ ആദിമ ഉദ്ദേശ്യംപോലെതന്നെ അതിനെ പറുദീസയായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒരു സ്വർഗീയ ഗവൺമെൻറിന് അഥവാ രാജ്യത്തിനുവേണ്ടി അവൻ ക്രമീകരണം ചെയ്തു. (മത്തായി 6:9, 10) ദൈവരാജ്യത്തിന്റെ രാജാവ് യേശുവായിരിക്കും. (ദാനീയേൽ 7:13, 14) അവനോടുകൂടെ ഭരിക്കുന്നതിന് മനുഷ്യവർഗത്തിൽനിന്നു മററുള്ളവർ തിരഞ്ഞെടുക്കപ്പെടും. സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നവർ “ദൈവത്തിന്നു . . . രാജ്യവും പുരോഹിതൻമാരും” ആയി “ഭൂമിയിൽ വാഴു”മെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു.—വെളിപ്പാടു 5:10.
സ്വർഗത്തിൽ പോകുന്നതാര്?
ഈ സ്വർഗീയ ഭരണാധിപൻമാർക്കുള്ള വലിയ ഉത്തരവാദിത്വം കണക്കിലെടുക്കുമ്പോൾ അവർ കർശനമായ വ്യവസ്ഥകൾ പാലിക്കേണ്ടതായിട്ടുണ്ട് എന്നതിൽ അതിശയിക്കാനില്ല. സ്വർഗത്തിലേക്കു പോകുന്നവർ യഹോവയെക്കുറിച്ചു സൂക്ഷ്മപരിജ്ഞാനം നേടുകയും അവനെ അനുസരിക്കുകയും ചെയ്യണം. (യോഹന്നാൻ 17:3; റോമർ 6:17, 18) അവർ യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കേണ്ടതുണ്ട്. (യോഹന്നാൻ 3:16) എന്നാൽ, വേറെയും കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. അവർ, ദൈവത്താൽ അവന്റെ പുത്രൻ മുഖാന്തരം വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും ആയിരിക്കണം. (2 തിമൊഥെയൊസ് 1:9, 10; 1 പത്രൊസ് 2:9) കൂടാതെ അവർ ‘പുതുതായി ജനിച്ച,’ [‘വീണ്ടും ജനിച്ച, ’NW] ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ സ്നാപനമേററ, ക്രിസ്ത്യാനികളായിരിക്കണം. (യോഹന്നാൻ 1:12, 13; 3:3-6) അവർ മരണത്തോളം ദൈവത്തോടു നിർമലത പാലിക്കേണ്ടതുമുണ്ട്.—2 തിമൊഥെയൊസ് 2:11-13; വെളിപ്പാടു 2:10.
ജീവിക്കുകയും മരിക്കുകയും ചെയ്ത അസംഖ്യം ദശലക്ഷങ്ങൾ ഈ നിബന്ധനകൾ പാലിച്ചിട്ടില്ല. സത്യദൈവത്തെക്കുറിച്ച് അറിയാൻ അനേകർക്കും ഒട്ടുംതന്നെ അവസരമുണ്ടായിരുന്നിട്ടില്ല. മററുചിലർ ഒരിക്കലും ബൈബിൾ വായിച്ചിട്ടില്ല. തൻമൂലം അവർ യേശുക്രിസ്തുവിനെക്കുറിച്ച് അൽപ്പമോ ഒട്ടുംതന്നെയോ അറിവില്ലാത്തവരാണ്. ഭൂമിയിലുള്ള സത്യക്രിസ്ത്യാനികളിൽനിന്നുപോലും ചുരുക്കം ചിലരെ മാത്രമേ സ്വർഗീയ ജീവിതത്തിലേക്കു ദൈവം തിരഞ്ഞെടുത്തിട്ടുള്ളൂ.
തത്ഫലമായി, സ്വർഗത്തിലേക്കു പോകുന്നവരുടെ സംഖ്യ താരതമ്യേന ചെറുതായിരിക്കും. യേശു അത്തരക്കാരെ “ചെറിയ ആട്ടിൻകൂട്ട”മെന്നു പരാമർശിച്ചു. (ലൂക്കൊസ് 12:32) യേശുവിനോടൊപ്പം സ്വർഗത്തിൽ വാഴുന്നതിനുവേണ്ടി “ഭൂമിയിൽനിന്നു വിലെക്കു വാങ്ങിയ”വർ 1,44,000 പേർ മാത്രമായിരിക്കുമെന്നു പിന്നീട് അപ്പോസ്തലനായ യോഹന്നാനു വെളിപ്പെടുത്തുകയുണ്ടായി. (വെളിപ്പാടു 14:1, 3; 20:6) ഭൂമിയിൽ ജീവിച്ചിട്ടുള്ള ശതകോടിക്കണക്കിനാളുകളുമായി തുലനം ചെയ്യുമ്പോൾ വാസ്തവത്തിൽ ഇത് ഒരു ചെറിയ സംഖ്യതന്നെയാണ്.
സ്വർഗത്തിൽ പോകുന്നില്ലാത്തവർ
സ്വർഗത്തിൽ പോകുന്നില്ലാത്തവർക്ക് എന്തു സംഭവിക്കുന്നു? ചില മതങ്ങൾ പഠിപ്പിക്കുന്നതുപോലെ അവർ ഒരു നിത്യദണ്ഡന സ്ഥലത്തു കഷ്ടമനുഭവിക്കുകയാണോ? തീർച്ചയായും അല്ല. കാരണം യഹോവ സ്നേഹവാനായ ദൈവമാണ്. സ്നേഹമുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ തീയിൽ എറിയുകയില്ല. അവ്വണ്ണം യഹോവയും ജനങ്ങളെ ദണ്ഡിപ്പിക്കുന്നില്ല.—1 യോഹന്നാൻ 4:8.
മരിച്ചുപോയ ബഹുഭൂരിപക്ഷത്തിനുമുള്ള ഭാവിപ്രത്യാശ ഭൗമിക പറുദീസയിലേക്കുള്ള ഒരു പുനരുത്ഥാനമാണ്. യഹോവ ഭൂമിയെ “നിവസിക്കപ്പെടുന്നതിനു” സൃഷ്ടിച്ചുവെന്നു ബൈബിൾ പറയുന്നു. (യെശയ്യാവ് 45:18, NW) “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ പ്രഖ്യാപിച്ചു. (സങ്കീർത്തനം 115:16) മനുഷ്യവർഗത്തിന്റെ ശാശ്വത ഭവനം ഭൂമിയാണ് അല്ലാതെ സ്വർഗമല്ല.
“സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ [“മനുഷ്യപുത്ര”നായ യേശുവിന്റെ] ശബ്ദം കേൾക്കുകയും പുറത്തു വരികയും ചെയ്യുന്ന നാഴിക വരുന്നു” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (യോഹന്നാൻ 5:27-29, NW) “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു” എന്ന് ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഉറപ്പിച്ചു പറഞ്ഞു. (പ്രവൃത്തികൾ 24:15) ദണ്ഡനസ്തംഭത്തിലായിരുന്നപ്പോൾ അനുതപിച്ച ദുഷ്പ്രവൃത്തിക്കാരന് പുനരുത്ഥാനത്തിലൂടെ ഭൗമിക പറുദീസയിലേക്കുള്ള ജീവൻ യേശു വാഗ്ദാനം ചെയ്തു.—ലൂക്കൊസ് 23:43.
ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്ന മരിച്ചുപോയവരുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? യേശുവിന്റെ ശുശ്രൂഷയിലെ ഒരു സംഭവം ഈ ചോദ്യത്തിന് ഉത്തരം നൽകാൻ നമ്മെ സഹായിക്കുന്നു. അവന്റെ സുഹൃത്തായിരുന്ന ലാസർ മരിച്ചുപോയി. ലാസറിനെ ഉയിർപ്പിക്കാൻ പുറപ്പെടുന്നതിനുമുമ്പ് യേശു തന്റെ ശിഷ്യൻമാരോട് “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു” എന്നു പറഞ്ഞു. (യോഹന്നാൻ 11:11) അങ്ങനെ യേശു മരണത്തെ നിദ്രയോട്, സ്വപ്നങ്ങളൊന്നുമില്ലാത്ത ഗാഢനിദ്രയോട്, തുലനം ചെയ്തു.
മരണത്തിൽ നിദ്രകൊള്ളൽ
മരണത്തിൽ നിദ്രകൊള്ളുന്നുവെന്ന ആശയത്തോട് മററു തിരുവെഴുത്തുകളും പൊരുത്തപ്പെടുന്നു. മരണത്തിൽ ആത്മമണ്ഡലത്തിലേക്കു കടന്നുപോകുന്ന ഒരു അമർത്ത്യ ദേഹി മനുഷ്യർക്കുണ്ട് എന്ന് അവ പഠിപ്പിക്കുന്നില്ല. മറിച്ച്, ബൈബിൾ ഇങ്ങനെ പറയുന്നു: “മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; . . . നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:5, 6, 10) കൂടാതെ, മനുഷ്യൻ “മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ പ്രഖ്യാപിച്ചു.—സങ്കീർത്തനം 146:4.
മരണത്തിൽ നിദ്രകൊള്ളുന്നവർക്ക് നമ്മെ കാണാനോ കേൾക്കാനോ കഴിയുകയില്ല എന്ന് ഈ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. അനുഗ്രഹമോ നാശമോ വരുത്തുന്നതിന് അവർ അപ്രാപ്തരാണ്. അവർ സ്വർഗത്തിലില്ല. അവർ പൂർവികരുടെ സമുദായത്തിലും വസിക്കുന്നില്ല. അവർ നിർജീവരാണ്, അവർ അസ്തിത്വത്തിലില്ല.
ദൈവത്തിന്റെ തക്കസമയത്ത് ഇപ്പോൾ മരണത്തിൽ നിദ്രകൊള്ളുന്നവരും അവന്റെ സ്മരണയിലുള്ളവരും ഒരു പറുദീസാഭൂമിയിലെ ജീവിതത്തിലേക്ക് ഉയിർപ്പിക്കപ്പെടും. അത് മലിനീകരണം, ബുദ്ധിമുട്ടുകൾ എന്നിങ്ങനെ മനുഷ്യവർഗം ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽനിന്നെല്ലാം ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയായിരിക്കും. എത്ര ആനന്ദജനകമായ സമയമായിരിക്കും അത്! അവർക്ക് ആ പറുദീസയിൽ എന്നും ജീവിക്കുന്നതിനുള്ള പ്രത്യാശയുണ്ടായിരിക്കും. കാരണം, സങ്കീർത്തനം 37:29 നമുക്ക് ഇങ്ങനെ ഉറപ്പു നൽകുന്നു: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”
[6, 7 പേജിലെ ചതുരം]
ഞാൻ മരിച്ചവരെ ആരാധിക്കുന്നതു നിർത്തി
“ഞാൻ ഒരു പയ്യനായിരുന്നപ്പോൾ, എന്റെ പിതാവിനെ അദ്ദേഹത്തിന്റെ മരിച്ചുപോയ പിതാവിനു ക്രമമായി ബലികൾ അർപ്പിക്കുന്നതിനു സഹായിച്ചിരുന്നു. എന്റെ പിതാവ് കഠിനമായ രോഗത്തിൽനിന്നു സുഖം പ്രാപിച്ച ഒരു സന്ദർഭം. സുഖം പ്രാപിച്ചതിലുള്ള വിലമതിപ്പു പ്രകടമാക്കാൻ ഒരു കോലാട്, ചേന, കോള മരത്തിന്റെ കായ്കൾ, മദ്യം എന്നിവ മരിച്ചുപോയ പിതാവിനു ബലിയർപ്പിക്കണമെന്ന് അദ്ദേഹത്തോടു വെളിച്ചപ്പാട് പറഞ്ഞു. പിന്നെയും രോഗവും നാശനഷ്ടവും ഉണ്ടാകാതിരിക്കാൻ തന്റെ മരിച്ചുപോയ പൂർവികരോട് അഭ്യർഥിക്കാനും അദ്ദേഹത്തെ ഉപദേശിക്കുകയുണ്ടായി.
“മുത്തച്ഛന്റെ ശവക്കല്ലറയിൽ ബലിയർപ്പിക്കുന്നതിനുവേണ്ട സാമഗ്രികളെല്ലാം എന്റെ അമ്മ വാങ്ങിച്ചു. പ്രാദേശിക ആചാരപ്രകാരം ശവക്കല്ലറ ഞങ്ങളുടെ വീടിനോടു ചേർന്നായിരുന്നു.
“ബലി അനുഷ്ഠിക്കുന്നതിനുവേണ്ടി സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും ക്ഷണിക്കുകയുണ്ടായി. എന്റെ പിതാവ് അവസരത്തിനൊത്തവണ്ണം അഴകായി വേഷവിധാനം ചെയ്ത്, നേരത്തെ ബലിചെയ്തിട്ടുള്ള കോലാടുകളുടെ തലയോട്ടികൾ നിരനിരയായി വെച്ചിരുന്ന ബലിപീഠത്തിന് അഭിമുഖമായി കസേരയിൽ ഇരുന്നു. ഒരു കുപ്പിയിൽനിന്ന് ചെറിയ ഗ്ലാസ്സിലേക്കു വീഞ്ഞു പകർന്ന് പിതാവിന്റെ കയ്യിൽ കൊടുക്കുകയെന്നതായിരുന്നു എന്റെ പണി. അദ്ദേഹം അത് ബലിയായി തറയിൽ ഒഴിച്ചു. എന്റെ പിതാവ് തന്റെ പിതാവിനെ മൂന്നുപ്രാവശ്യം പേർചൊല്ലി ഉച്ചത്തിൽ വിളിക്കുകയും ഭാവി നാശത്തിൽനിന്നു വിടുതൽ നൽകുന്നതിനുവേണ്ടി അദ്ദേഹത്തോടു പ്രാർഥിക്കുകയും ചെയ്തു.
“കോളക്കായ്കൾ അർപ്പിക്കപ്പെട്ടു. ഒരു കോലാടിനെ അറുത്തുകൊന്ന് വേവിച്ച് അവിടെ സന്നിഹിതരായിരുന്ന സകലരും ഭക്ഷിക്കുകയും ചെയ്തു. ഞാൻ ഭക്ഷണത്തിൽ പങ്കുകൊള്ളുകയും പാട്ടിനും ചെണ്ടയുടെ താളത്തിനുമൊപ്പിച്ചു നൃത്തം ചെയ്യുകയും ചെയ്തു. പ്രായംചെന്നിട്ടും എന്റെ പിതാവ് ഭംഗിയായി, സ്വയംമറന്നു നൃത്തം ചെയ്തു. സന്നിഹിതരായിരുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ ഇടവേളകളിൽ അദ്ദേഹം പൂർവികരോട് പ്രാർഥിച്ചപ്പോൾ ഞാൻ ഉൾപ്പെടെ എല്ലാവരും ‘അങ്ങനെയാകട്ടെ’ എന്ന അർഥത്തിൽ ഈസ് എന്ന് മറുപടി പറഞ്ഞു. ഞാൻ അതീവ താത്പര്യത്തോടും ആദരവോടുംകൂടെ പിതാവിനെ വീക്ഷിക്കുകയും മരിച്ച പൂർവികർക്കു ബലികളർപ്പിക്കാൻമാത്രം പ്രായമാകുന്ന നാളിനുവേണ്ടി വാഞ്ഛിക്കുകയും ചെയ്തു.
“അനേകം ബലികളർപ്പിച്ചിട്ടും കുടുംബത്തിൽ സമാധാനമുണ്ടായിരുന്നില്ല. എന്റെ അമ്മക്കു മൂന്ന് ആൺമക്കളുണ്ടായിരുന്നെങ്കിലും അവർക്കു പിറന്ന മൂന്നു പെൺമക്കളിൽ ആരും അധികനാൾ ജീവിച്ചിരുന്നില്ല. എല്ലാവരും കുട്ടിക്കാലത്തുതന്നെ മരിച്ചുപോയി. അമ്മ വീണ്ടും ഗർഭിണിയായപ്പോൾ കുട്ടി സുരക്ഷിതമായി പിറക്കുന്നതിന് പിതാവ് ആർഭാടപൂർവകമായ ബലികൾ അർപ്പിച്ചു.
“അമ്മ മറെറാരു പെൺകുട്ടിക്കു ജൻമം നൽകി. രണ്ടു വർഷത്തിനുശേഷം ആ കുട്ടി രോഗം ബാധിച്ചു മരിച്ചു. പിതാവ് വെളിച്ചപ്പാടിനെ സന്ദർശിച്ചപ്പോൾ മരണത്തിന് ഉത്തരവാദി ഒരു ശത്രുവാണെന്ന് അയാൾ പറഞ്ഞു. പ്രത്യാക്രമണം നടത്താൻ കുട്ടിയുടെ ‘ദേഹി’ക്കു കഴിയേണ്ടതിനു ബലിയർപ്പിക്കാൻ ഒരു കത്തുന്ന തടിക്കഷണം, ഒരു കുപ്പി മദ്യം, ഒരു പട്ടിക്കുഞ്ഞ് എന്നിവ ആവശ്യമാണെന്നു വെളിച്ചപ്പാട് പറഞ്ഞു. കത്തുന്ന തടിക്കഷണം ശവക്കല്ലറയിൽവെച്ചശേഷം മദ്യം കല്ലറയ്ക്കുമേൽ തളിക്കേണ്ടിയിരുന്നു. പട്ടിക്കുഞ്ഞിനെ ശവക്കല്ലറയ്ക്കു സമീപം ജീവനോടെ കുഴിച്ചുമൂടേണ്ടിയുമിരുന്നു. തന്റെ മരണത്തിനു പ്രതികാരം ചോദിക്കുന്നതിന് ഇത് മരിച്ച പെൺകുട്ടിയുടെ ദേഹിയെ ഉണർത്തുമെന്നായിരുന്നു ധാരണ.
“ഞാൻ മദ്യകുപ്പിയും കത്തുന്ന തടിക്കഷണവും ശവക്കല്ലറയിലേക്കു കൊണ്ടുപോയി. പിതാവ് പട്ടിക്കുഞ്ഞിനെ വെളിച്ചപ്പാടിന്റെ നിർദേശാനുസരണം കുഴിച്ചുമൂടി. മരിച്ചുപോയ പെൺകുട്ടി തന്റെ അകാലമരണത്തിന് ഇടവരുത്തിയ വ്യക്തിയെ ഏഴു ദിവസത്തിനകം വകവരുത്തുമെന്ന് ഞങ്ങളെല്ലാം വിശ്വസിച്ചു. രണ്ടുമാസം കഴിഞ്ഞിട്ടും അയൽപ്രദേശത്തെങ്ങും ആരും മരിച്ചതായി കേട്ടില്ല. ഞാൻ മിഥ്യാധാരണയിൽനിന്നു വിമുക്തനായി.
“എനിക്ക് അപ്പോൾ 18 വയസ്സുണ്ടായിരുന്നു. തദനന്തരം, ഉടൻതന്നെ ഞാൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. മരിച്ചവർക്കു നൻമയോ തിൻമയോ പ്രവർത്തിക്കാൻ കഴിയുകയില്ലെന്ന് അവർ തിരുവെഴുത്തുകളിൽനിന്ന് എനിക്കു കാണിച്ചുതന്നു. ദൈവവചനത്തിന്റെ പരിജ്ഞാനം എന്റെ ഹൃദയത്തിൽ വേരൂന്നാൻ തുടങ്ങിയപ്പോൾ, മരിച്ചവർക്ക് ബലികളർപ്പിക്കുന്നതിന് ഇനി മേലാൽ ഞാൻ പിതാവിനെ അനുഗമിക്കുകയില്ലെന്ന് അദ്ദേഹത്തോടു പറഞ്ഞു. ഞാൻ അദ്ദേഹത്തെ കൈവെടിഞ്ഞെന്നു കരുതി ആദ്യമൊക്കെ അദ്ദേഹത്തിന് എന്നോടു ദേഷ്യമായിരുന്നു. എന്നാൽ പുതുതായി കണ്ടെത്തിയ സത്യം തള്ളിക്കളയാൻ എനിക്കു മനസ്സൊരുക്കമില്ലെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ യഹോവയെ ആരാധിക്കുന്നതിനെ അദ്ദേഹം എതിർത്തില്ല.
“1948, ഏപ്രിൽ 18-ന് ഞാൻ എന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. അന്നുമുതൽ ഞാൻ അത്യന്തം ആനന്ദത്തോടും സംതൃപ്തിയോടും യഹോവയെ ആരാധിക്കുന്നതിലും നമ്മെ സഹായിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാനാവാത്ത മരിച്ച പൂർവികരെ ആരാധിക്കുന്നതിൽനിന്നു സ്വതന്ത്രരാകാൻ മററുള്ളവരെ സഹായിക്കുന്നതിലും തുടരുന്നു.”—ജെ. ബി ഒമീഗ്ബ, ബെനിൻ സിററി, നൈജീരിയ സംഭാവന ചെയ്തത്.
[7-ാം പേജിലെ ചിത്രം]
മരിച്ചവർ ഒരു പറുദീസാഭൂമിയിലേക്ക് ഉയിർപ്പിക്കപ്പെടുമ്പോൾ അവിടെ വലിയ സന്തോഷമുണ്ടായിരിക്കും