ബൈബിൾ കാലങ്ങളിലെ യെരൂശലേം—പുരാവസ്തുശാസ്ത്രം എന്തു വെളിപ്പെടുത്തുന്നു?
രസാവഹമായ പ്രമുഖ പുരാവസ്തുഗവേഷണ പ്രവർത്തനങ്ങൾ യെരൂശലേമിൽ നടന്നിട്ടുണ്ട്, വിശേഷിച്ചും 1967 മുതൽ. ഖനനം നടന്ന ഒട്ടുമിക്ക സ്ഥലങ്ങളിലും ഇപ്പോൾ പൊതുജനങ്ങൾക്കു പ്രവേശനമുണ്ട്. അതുകൊണ്ട്, നമുക്ക് അവയിൽ ചിലതു സന്ദർശിച്ച്, പുരാവസ്തുശാസ്ത്രം ബൈബിൾ ചരിത്രവുമായി യോജിപ്പിലായിരിക്കുന്നതെങ്ങനെയെന്നു കാണാം.
ദാവീദ് രാജാവിന്റെ യെരൂശലേം
പുരാതനകാലത്തെ ദാവീദിന്റെ നഗരം പണിയപ്പെട്ട, സീയോൻ പർവതം എന്നു ബൈബിൾ പരാമർശിക്കുന്ന പ്രദേശം ആധുനിക യെരൂശലേം മഹാനഗരത്തിൽ തികച്ചും അപ്രധാനമായി കാണപ്പെടുന്നു. പരേതനായ പ്രൊഫസർ യീഗൽ ഷൈലോയുടെ നേതൃത്വത്തിൽ 1978-85-ൽ ദാവീദിന്റെ നഗരത്തിൽ നടത്തിയ ഖനനങ്ങളിൽ, കൽപ്പടവുകളോടുകൂടിയ ഒരു കൂറ്റൻ താങ്ങുചുവർ മലയുടെ കിഴക്കുവശത്തു കണ്ടെത്തി.
യെബൂസ്യർ (ദാവീദ് കീഴടക്കുന്നതിനു മുമ്പ് അവിടെയുണ്ടായിരുന്ന നിവാസികൾ) പണിത കൊത്തളത്തിന്റെ മട്ടുപ്പാവുചുവരുകളുടെ കൂറ്റൻ അസ്തിവാരത്തിന്റെ അവശിഷ്ടങ്ങളാണ് അവയെന്നു പ്രൊഫസർ ഷൈലോ അവകാശപ്പെടുന്നു. ഈ മട്ടുപ്പാവുചുവരുകളുടെ മുകളിൽ താൻ കണ്ട കൽപ്പടവുകളോടുകൂടിയ ആ താങ്ങുചുവർ, യെബൂസ്യരുടെ കൊത്തളസ്ഥലത്തു ദാവീദ് പണിത പുതിയ കോട്ടയുടേതാണെന്ന് അദ്ദേഹം വിശദീകരിച്ചു. 2 ശമൂവേൽ 5:9-ൽ നാം വായിക്കുന്നു: “ദാവീദ് കോട്ടയിൽ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോതുടങ്ങി ചുററിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.”
ഈ കോട്ടയ്ക്കു സമീപമാണ് നഗരത്തിലെ പുരാതന ജല സംവിധാനങ്ങൾ. അതിന്റെ ചില ഭാഗങ്ങൾ ദാവീദിന്റെ കാലംമുതൽ ഉള്ളതായി തോന്നുന്നു. യെരൂശലേമിലെ ജലതുരങ്കസംവിധാനം സംബന്ധിച്ചുള്ള ബൈബിളിലെ ചില പ്രസ്താവനകൾ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്, “ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽകൂടി [“ജലതുരങ്കത്തിൽക്കൂടി,” NW] കയറി” ശത്രുക്കളെ “പിടിക്കട്ടെ”യെന്നു ദാവീദ് തന്റെ ആൾക്കാരോടു പറഞ്ഞു. (2 ശമൂവേൽ 5:8) ദാവീദിന്റെ സേനാധിപനായ യോവാബ് അപ്രകാരം ചെയ്തു. “ജലതുരങ്കം” എന്ന പദപ്രയോഗത്താൽ വാസ്തവത്തിൽ എന്താണ് അർഥമാക്കപ്പെടുന്നത്?
2 രാജാക്കന്മാർ 20:20-ലും 2 ദിനവൃത്താന്തം 32:30-ലും പരാമർശിച്ചിരിക്കുന്ന, പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ സാധ്യതയനുസരിച്ച് ഹിസ്കീയാവിന്റെ എൻജിനീയർമാർ കുഴിച്ച സുപ്രസിദ്ധ ശീലോഹാം തുരങ്കത്തെക്കുറിച്ച് മറ്റു ചോദ്യങ്ങൾ ഉയർന്നിരിക്കുന്നു. വിപരീത അറ്റങ്ങളിൽനിന്നു കുഴിച്ചുതുടങ്ങിയ രണ്ടു സംഘങ്ങൾക്ക് ഒന്നിച്ചുകണ്ടുമുട്ടാൻ കഴിയുമായിരുന്നതെങ്ങനെ? നേരേപോകുന്നതിനുപകരം തുരങ്കദൈർഘ്യം ഗണ്യമായി വർധിപ്പിക്കുന്ന വളഞ്ഞുപുളഞ്ഞുപോകുന്ന ഒരു പാത അവർ തിരഞ്ഞെടുത്തതെന്തുകൊണ്ട്? ശ്വസിക്കുന്നതിന് വേണ്ടത്ര വായു അവർക്കു ലഭിച്ചതെങ്ങനെ, പ്രത്യേകിച്ചും അവർ എണ്ണവിളക്കുകൾ ഉപയോഗിച്ചിരുന്നിരിക്കാവുന്ന സ്ഥിതിക്ക്?
ബൈബിൾപരമായ പുരാവസ്തുശാസ്ത്ര പുനരവലോകനം (ഇംഗ്ലീഷ്) എന്ന മാസിക അത്തരം ചോദ്യങ്ങൾക്കു സംഭാവ്യമായ ഉത്തരങ്ങൾ നൽകുന്നു. ഈ ഖനന പ്രവർത്തനത്തിന്റെ ഒരു ഭൂഗർഭശാസ്ത്ര പര്യാലോചകനായിരുന്ന ഡാൻ ഗിൽ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: “ദാവീദിന്റെ നഗരത്തിന്റെ അടിയിൽ സുവികസിതമായ ഒരു പ്രകൃതിദത്ത കാർസ്റ്റ് സംവിധാനമുണ്ട്. ഭൂഗർഭജലം ഭൂഗർഭപാറയിലൂടെ മന്ദമായി ഒഴുകുന്നതിന്റെ ഫലമായുണ്ടാകുന്ന ചുണ്ണാമ്പുകല്ലിലെ വിള്ളലുകൾ, ഗുഹകൾ, ചാലുകൾ തുടങ്ങിയവയുള്ള ഒരു ക്രമരഹിത പ്രദേശത്തെ വിവരിക്കുന്ന ഒരു ഭൂഗർഭശാസ്ത്ര പദപ്രയോഗമാണ് കാർസ്റ്റ്. . . . ദാവീദിന്റെ നഗരത്തിന്റെ അടിയിലെ ഭൂഗർഭ ജലപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ഭൂഗർഭശാസ്ത്ര ഗവേഷണം, അവ അനിവാര്യമായും ജലം ഒഴുകിയുണ്ടായ പ്രകൃതിദത്ത (കാർസ്റ്റിക്) ചാലുകളും തുരങ്കമാർഗങ്ങളും മനുഷ്യർ വിദഗ്ധമായി വികസിപ്പിച്ച് രൂപപ്പെടുത്തിയെടുത്തവയായിരുന്നുവെന്നു സൂചിപ്പിക്കുന്നു, അവയെ പ്രവർത്തനക്ഷമമായ ജലവിതരണ സംവിധാനങ്ങളുമായി യോജിപ്പിച്ചു.”
ശീലോഹാം തുരങ്കം കുഴിച്ചതെങ്ങനെയെന്നു വിശദീകരിക്കാൻ ഇതു സഹായിച്ചേക്കാം. മലയുടെ അടിയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന പ്രകൃതിദത്ത ചാലുകളെ പിന്തുടർന്നാവാം അതു നിർമിച്ചത്. ഓരോ അറ്റത്തുനിന്നും ജോലിചെയ്ത സംഘങ്ങൾ നിലവിലുള്ള ഗുഹകളെ വികസിപ്പിച്ചുകൊണ്ട് താത്കാലിക തുരങ്കം കുഴിച്ചിരിക്കാം. എന്നിട്ട് ഗീഹോൻ നീരുറവയിൽനിന്ന്, സാധ്യതയനുസരിച്ച് നഗരഭിത്തികൾക്കുള്ളിൽ സ്ഥിതിചെയ്തിരുന്ന, ശീലോഹാം ജലാശയത്തിലേക്ക് ജലം ഒഴുകാനായി ഒരു ചെരിഞ്ഞ തുരങ്കം കുഴിച്ചു. ഇത് ഒരു യഥാർഥ എൻജിനീയറിങ് പ്രവർത്തനമായിരുന്നു. കാരണം 533 മീറ്റർ നീളമുണ്ടായിരുന്നെങ്കിലും രണ്ട് അറ്റങ്ങൾക്കുമിടയിലുള്ള ഉയരവ്യത്യാസം വെറും 32 സെൻറിമീറ്ററായിരുന്നു.
പുരാതന നഗരത്തിലെ പ്രധാന ജല ഉറവിടം ഗീഹോൻ നീരുറവയായിരുന്നുവെന്നു പണ്ഡിതന്മാർ ദീർഘകാലം മുമ്പേ മനസ്സിലാക്കിയിട്ടുണ്ട്. നഗരഭിത്തിക്കു വെളിയിലായിരുന്നു അതു സ്ഥിതിചെയ്തിരുന്നത്. എന്നാൽ ഒരു തുരങ്കവും 11 മീറ്റർ ആഴമുള്ള തുരങ്കമാർഗവും കുഴിക്കാൻമാത്രം അടുത്തായിരുന്നു അത്. സംരക്ഷണ മതിലുകൾക്കു വെളിയിൽപോകാതെ വെള്ളം ശേഖരിക്കാൻ അതു നിവാസികളെ പ്രാപ്തരാക്കുമായിരുന്നു. 1867-ൽ ഈ സംവിധാനം കണ്ടുപിടിച്ച ചാൾസ് വാറെന്റെ പേരിൽ, വാറൻസ് തുരങ്കമാർഗം എന്ന് ഇത് അറിയപ്പെടുന്നു. എന്നാൽ എന്നായിരുന്നു തുരങ്കവും തുരങ്കമാർഗവും നിർമിച്ചത്? ദാവീദിന്റെ കാലത്ത് അത് സ്ഥിതിചെയ്തിരുന്നോ? യോവാബ് ഉപയോഗിച്ച ജലതുരങ്കം ഇതായിരുന്നോ? ഡാൻ ഗ്വിൽ ഉത്തരം നൽകുന്നു: “വാറെൻസ് തുരങ്കമാർഗം വാസ്തവത്തിൽ ഒരു പ്രകൃതിദത്ത ചുണ്ണാമ്പുകല്ല് വിള്ളൽ ആയിരുന്നോയെന്നു പരിശോധിക്കാനായി കാർബൺ-14 കണ്ടെത്താൻ അതിന്റെ ക്രമരഹിത ഭിത്തികളിൽനിന്നുള്ള ചുണ്ണാമ്പുപടലത്തിന്റെ ഒരു കഷണം ഞങ്ങൾ സൂക്ഷ്മ പരിശോധന നടത്തി. അതിൽ അതൊന്നുമുണ്ടായിരുന്നില്ല. ആ ചുണ്ണാമ്പുപടലം 40,000 വർഷത്തിലധികം പഴക്കമുള്ളതാണെന്ന് ഇതു സൂചിപ്പിക്കുന്നു. പ്രസ്തുത തുരങ്കമാർഗം മനുഷ്യൻ കുഴിച്ചതായിരിക്കാൻ ഇടയില്ലെന്നതിന്റെ നിസ്സംശയമായ തെളിവ് ഇതു പ്രദാനം ചെയ്യുന്നു.”
ഹിസ്കീയാവിന്റെ കാലത്തുനിന്നുള്ള ദൃശ്യത്തെളിവുകൾ
അസീറിയ സകലതും വെട്ടിപ്പിടിച്ചുകൊണ്ടിരുന്ന കാലത്താണ് ഹിസ്കീയാ രാജാവ് ജീവിച്ചിരുന്നത്. അവന്റെ ഭരണത്തിന്റെ ആറാം വർഷം, അസീറിയക്കാർ പത്തുഗോത്ര രാജ്യത്തിന്റെ തലസ്ഥാനമായ ശമര്യ കീഴടക്കി. എട്ടു വർഷം കഴിഞ്ഞ് (പൊ.യു.മു. 732) യഹൂദയെയും യെരൂശലേമിനെയും ഭീഷണിപ്പെടുത്തിക്കൊണ്ട് അസീറിയക്കാർ തിരിച്ചുവന്നു. 2 ദിനവൃത്താന്തം 32:1-8 ഹിസ്കീയാവിന്റെ പ്രതിരോധതന്ത്രം വിവരിക്കുന്നു. ഈ കാലഘട്ടത്തിൽനിന്നുള്ള എന്തെങ്കിലും ദൃശ്യത്തെളിവുകളുണ്ടോ?
ഉണ്ട്, 1969-ൽ പ്രൊഫസർ നമാൻ അവിഗാഡ് ഈ കാലഘട്ടത്തിൽനിന്നുള്ള ദൃശ്യത്തെളിവുകൾ കണ്ടെത്തി. ഒരു കൂറ്റൻ മതിലിന്റെ ഒരു ഭാഗം ഖനനം ചെയ്തെടുത്തു. 40 മീറ്റർ നീളവും ഏഴു മീറ്റർ വീതിയും, കണക്കാക്കപ്പെടുന്നതനുസരിച്ച് എട്ടു മീറ്റർ ഉയരവുമുള്ളതായിരുന്നു ആദ്യ ഭാഗം. പാറമേലും പൊളിച്ചുമാറ്റിയ പുതിയ വീടുകളുടെ സ്ഥലത്തുമായിട്ടാണ് ആ മതിൽ സ്ഥിതിചെയ്തിരുന്നത്. ആര്, എപ്പോഴാണ് ആ മതിൽ പണികഴിപ്പിച്ചത്? “ബൈബിളിലെ രണ്ടു ഭാഗങ്ങൾ മതിലിന്റെ നിർമാണകാലവും ഉദ്ദേശ്യവും നിശ്ചയിക്കാൻ അവിഗാഡിനെ സഹായിച്ചു”വെന്നു പുരാവസ്തുശാസ്ത്ര മാസിക റിപ്പോർട്ടു ചെയ്യുന്നു. ആ ഭാഗങ്ങൾ ഇങ്ങനെ വായിക്കുന്നു: “അവൻ ധൈര്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി.” (2 ദിനവൃത്താന്തം 32:5) “മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു.” (യെശയ്യാവു 22:10) പഴയ നഗരത്തിലുള്ള യഹൂദ നഗരാംശത്തിലെ വീതിയുള്ള മതിൽ എന്നു വിളിക്കപ്പെടുന്ന ഇതിന്റെ ഭാഗം സന്ദർശകർക്ക് ഇന്നു കാണാവുന്നതാണ്.
ആ കാലത്ത് യെരൂശലേം, ഒരുപക്ഷേ അസീറിയക്കാർ വടക്കേ രാജ്യത്തെ കീഴടക്കിയതിനുശേഷം അവിടെനിന്നുവന്ന അഭയാർഥികൾ നിമിത്തം, ഇന്നുവരെ കരുതപ്പെട്ടിട്ടുള്ളതിനെക്കാൾ ഏറെ വിശാലമായിരുന്നുവെന്നും അനേകം ഖനനങ്ങൾ വെളിപ്പെടുത്തുന്നു. യെബൂസ്യ നഗരം ഏതാണ്ട് 15 ഏക്കറായിരുന്നുവെന്നു പ്രൊഫസർ ഷൈലോ കണക്കാക്കുന്നു. ശലോമോന്റെ കാലത്ത് അത് ഏകദേശം 40 ഏക്കറായിരുന്നു. 300 വർഷത്തിനു ശേഷം, ഹിസ്കീയാ രാജാവിന്റെ കാലത്ത് നഗരത്തിന്റെ കോട്ടകെട്ടിയ പ്രദേശം ഏതാണ്ട് 150 ഏക്കറായി വർധിച്ചിരുന്നു.
ഒന്നാം ആലയകാലത്തെ സെമിത്തേരികൾ
പൊ.യു.മു. 607-ൽ ബാബിലോന്യർ യെരൂശലേമിനെ നശിപ്പിക്കുന്നതിനു മുമ്പുള്ള, ഒന്നാം ആലയകാലത്തെ സെമിത്തേരികളാണ് വിവരങ്ങളുടെ മറ്റൊരു ഉറവായിരിക്കുന്നത്. 1979/80-ൽ ഹിന്നോം താഴ്വരയിലെ ചെരിവുകളിലുള്ള ഒരുകൂട്ടം ശവസംസ്കാര ഗുഹകൾ ഖനനം ചെയ്തപ്പോൾ ശ്രദ്ധേയമായ കണ്ടെത്തലുകൾ നടന്നു. “യെരൂശലേമിലെ സമസ്ത പുരാവസ്തുഗവേഷണ ചരിത്രത്തിലുംവെച്ച്, മുഴു ഉള്ളടക്കവും സഹിതം കണ്ടെത്തുന്ന ഒന്നാം ആലയ നിലവറകളിൽ വളരെ ചുരുക്കം ചിലതിൽ ഒന്നാണിത്. അതിൽ ആയിരത്തിലധികം വസ്തുക്കൾ ഉണ്ടായിരുന്നു” എന്ന് പുരാവസ്തു ശാസ്ത്രജ്ഞനായ ഗബ്രിയേൽ ബാർക്കെ പറയുന്നു. അദ്ദേഹം തുടരുന്നു: “ഇസ്രായേലിൽ, വിശേഷിച്ചും യെരൂശലേമിൽ പ്രവർത്തിക്കുന്ന ഓരോ പുരാവസ്തു ശാസ്ത്രജ്ഞന്റെയും ഏറ്റവും വലിയ സ്വപ്നം ലിഖിത വസ്തുക്കൾ കണ്ടുപിടിക്കുകയെന്നതാണ്.” രണ്ട് ചെറിയ വെള്ളിച്ചുരുളുകൾ കണ്ടെത്തി. എന്താണ് അവയിലടങ്ങിയിരുന്നത്?
ബാർക്കെ വിശദീകരിക്കുന്നു: “ചുരുട്ടാത്ത ഒരു വെള്ളിത്തകിട് കണ്ടപ്പോൾ ഞാൻ അത് ഭൂതക്കണ്ണാടിയിലൂടെ വീക്ഷിച്ചു. വളരെ കട്ടികുറഞ്ഞതും ദുർബലവുമായ പാളിയിൽ കൂർത്ത ഉപകരണംകൊണ്ട് സസൂക്ഷ്മം എഴുതിയ അക്ഷരങ്ങളാൽ ഉപരിതലം നിറഞ്ഞിരിക്കുന്നതായി എനിക്കു കാണാൻ കഴിഞ്ഞു. . . . പുരാതന എബ്രായ ലിപിയിൽ എഴുതിയ പ്രസ്തുത ലിഖിതത്തിൽ വ്യക്തമായി കാണുന്ന ദിവ്യനാമം യോദ്-ഹെ-വൗ-ഹെ എന്നീ നാല് എബ്രായ അക്ഷരങ്ങൾക്കൊണ്ടാണ് എഴുതിയിരിക്കുന്നത്.” പിൽക്കാലത്തെ ഒരു പ്രസിദ്ധീകരണത്തിൽ ബാർക്കെ കൂട്ടിച്ചേർക്കുന്നു: “ഇരു വെള്ളിത്തകിടുകളിലും ബൈബിളിലെ പൗരോഹിത്യ അനുഗ്രഹത്തോടു മിക്കവാറും സമാനമായ അനുഗ്രഹ വചനങ്ങൾ എഴുതിയിരുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.” (സംഖ്യാപുസ്തകം 6:24-26) യെരൂശലേമിൽ കണ്ടെടുത്ത ഒരു ലിഖിതത്തിൽ യഹോവയുടെ പേര് കാണപ്പെട്ടത് ഇത് ആദ്യമായിട്ടായിരുന്നു.
പണ്ഡിതന്മാർ ഈ വെള്ളിച്ചുരുളുകളുടെ കാലപ്പഴക്കം എങ്ങനെ നിർണയിച്ചു? പ്രധാനമായും, അവ കണ്ടെത്തിയ സ്ഥലത്തെ പുരാവസ്തുശാസ്ത്ര പശ്ചാത്തലത്തിൽനിന്ന്. പൊ.യു.മു. ആറും ഏഴും നൂറ്റാണ്ടുകളിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങളടങ്ങിയ 300-ലധികം കളിമൺപാത്ര കഷണങ്ങൾ നിലവറയിൽ കണ്ടെത്തി. വെള്ളിച്ചുരുളുകളിലെ രചനാശൈലിയെ കാലപ്പഴക്കം നിർണയിച്ച മറ്റ് എഴുത്തുകളുമായി താരതമ്യം ചെയ്തപ്പോൾ, അവ അതേ കാലഘട്ടത്തിലേക്കു വിരൽചൂണ്ടി. യെരൂശലേമിലെ ഇസ്രായേൽ കാഴ്ചബംഗ്ലാവിൽ ആ ചുരുളുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശം
നെബൂഖദ്നേസറുടെ സൈന്യം യെരൂശലേം നഗരത്തെ ചുട്ടെരിച്ചെന്നു റിപ്പോർട്ടു ചെയ്തുകൊണ്ട് ബൈബിൾ പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശത്തെക്കുറിച്ചു പറയുന്നു. 2 രാജാക്കൻമാർ 25, 2 ദിനവൃത്താന്തം 36, യിരെമ്യാവു 39 എന്നീ അധ്യായങ്ങളിൽ അതു കാണാവുന്നതാണ്. സമീപകാല ഖനനങ്ങൾ ഈ ചരിത്ര വിവരണത്തെ സ്ഥിരീകരിച്ചിട്ടുണ്ടോ? പ്രൊഫസർ യീഗൽ ഷൈലോ പറയുന്നപ്രകാരം, “[ബാബിലോന്യരാലുള്ള യെരൂശലേമിന്റെ നാശം സംബന്ധിച്ച] ബൈബിളിലെ തെളിവിനെ . . . സുവ്യക്തമായ പുരാവസ്തുശാസ്ത്ര തെളിവുകൾ പൂർത്തീകരിക്കുന്നു; അനേകം കെട്ടിടങ്ങളുടെ സമ്പൂർണ നാശവും ഭവനങ്ങളുടെ തടികൊണ്ടുള്ള വ്യത്യസ്ത ഭാഗങ്ങളെ ചാമ്പലാക്കിയ അഗ്നിബാധയും തന്നെ.” അദ്ദേഹം കൂടുതലായി ഇങ്ങനെ അഭിപ്രായപ്പെട്ടു: “യെരൂശലേമിൽ നടത്തിയ ഓരോ ഖനനത്തിലും ഈ നാശത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.”
2,500 വർഷം മുമ്പു നടന്ന ഈ നാശത്തിന്റെ അവശിഷ്ടങ്ങൾ സന്ദർശകർക്കു കാണാവുന്നതാണ്. സംരക്ഷിക്കപ്പെട്ടിരിക്കുന്നതും പൊതുജനങ്ങൾക്കു പ്രവേശനമുള്ളതുമായ പ്രസിദ്ധിയാർജിച്ച പുരാവസ്തുശാസ്ത്ര സ്ഥലങ്ങളുടെ പേരുകളാണ് ഇസ്രായേല്യ ഗോപുരം, അഗ്നിബാധിത മുറി, മുദ്രഭവനം എന്നിവ. വെളിച്ചത്തായ പുരാതന യെരൂശലേം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പുരാവസ്തു ശാസ്ത്രജ്ഞൻമാരായ ജേൻ എം. കാഹിലും ഡേവിഡ് റ്റാർലറും ഇങ്ങനെ സംക്ഷേപിക്കുന്നു: “അഗ്നിബാധിത മുറി, മുദ്രഭവനം എന്നിവിടങ്ങളിൽനിന്നു ഖനനംചെയ്തെടുത്ത കത്തിയെരിഞ്ഞ അവശിഷ്ടങ്ങളുടെ കനമേറിയ പാളികളിൽ മാത്രമല്ല, കിഴക്കൻ ചെരിവിനെ പൊതിഞ്ഞു കാണപ്പെട്ട, തകർന്ന കെട്ടിടങ്ങളുടെ വലിയ ശിലാവശിഷ്ടങ്ങളിലും ബാബിലോന്യരാലുള്ള യെരൂശലേമിന്റെ കനത്ത നാശം പ്രകടമാണ്. നഗരത്തിന്റെ നാശം സംബന്ധിച്ച ബൈബിൾ വിവരണം . . . പുരാവസ്തുശാസ്ത്ര തെളിവിനെ പൂർത്തീകരിക്കുന്നു.”
അങ്ങനെ, കഴിഞ്ഞ 25 വർഷമായി നടത്തിയ പുരാവസ്തുശാസ്ത്ര ഖനനങ്ങൾ ദാവീദിന്റെ കാലംമുതൽ പൊ.യു.മു. 607-ലെ നാശംവരെയുള്ള യെരൂശലേമിനെ സംബന്ധിച്ച ബൈബിൾ വിവരണത്തെ അനേകം വിധങ്ങളിൽ സ്ഥിരീകരിച്ചിരിക്കുന്നു. എന്നാൽ പൊ.യു. ഒന്നാം നൂറ്റാണ്ടിലെ യെരൂശലേമിന്റെ കാര്യമോ?
യേശുവിന്റെ നാളിലെ യെരൂശലേം
പൊ.യു. 70-ൽ റോമാക്കാർ നശിപ്പിക്കുന്നതിനു മുമ്പുള്ള, യേശുവിന്റെ നാളിലെ യെരൂശലേമിനെ വിഭാവനം ചെയ്യാൻ ഖനനങ്ങളും ബൈബിളും ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനായ ജോസീഫസും മറ്റ് ഉറവിടങ്ങളും പണ്ഡിതൻമാരെ സഹായിക്കുന്നു. യെരൂശലേമിലെ ഒരു വലിയ ഹോട്ടലിന്റെ പിന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മാതൃകാരൂപം, പുതിയ ഖനനങ്ങൾ വെളിപ്പെടുത്തുന്ന വിവരങ്ങൾക്ക് അനുസൃതമായി പതിവായി പുതുക്കിക്കൊണ്ടിരിക്കുന്നു. നഗരത്തിന്റെ പ്രധാന സവിശേഷത ആലയമണ്ഡപമായിരുന്നു, ഹെരോദാവ്, അതിന്റെ വലുപ്പം ശലോമോന്റെ കാലത്തേതിന്റെ ഇരട്ടിയാക്കി. ഏതാണ്ട് 480 മീറ്റർ നീളവും 280 മീറ്റർ വീതിയുമുള്ള അത് പുരാതന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത പ്ലാറ്റ്ഫാറം ആയിരുന്നു. അതു പണിതിരുന്ന ചില ശിലകൾക്ക് 50 ടൺ ഭാരമുണ്ടായിരുന്നു, ഒരെണ്ണമാണെങ്കിൽ ഏകദേശം 400 ടൺ വരുമായിരുന്നു. ഒരു പണ്ഡിതൻ പറയുന്നതനുസരിച്ച് “വലുപ്പത്തിന്റെ കാര്യത്തിൽ പുരാതന ലോകത്തെവിടെയും അത് അതുല്യമാണ്.”
“ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്ന് യേശു പറയുന്നതു കേട്ട ചിലർ ഞെട്ടിയതിൽ അതിശയിക്കാനില്ല. “തന്റെ ശരീരം എന്ന മന്ദിരത്തെ”യാണ് അവൻ അർഥമാക്കിയതെങ്കിലും ബൃഹത്തായ ആലയമന്ദിരത്തെയാണ് അവൻ അർഥമാക്കിയതെന്ന് അവർ വിചാരിച്ചു. അതുകൊണ്ട് അവർ പറഞ്ഞു: “ഈ മന്ദിരം നാല്പത്താറു സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ.” (യോഹന്നാൻ 2:19-21) ആലയമണ്ഡപത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ ഖനനങ്ങൾ നടത്തിയതിന്റെ ഫലമായി യേശുവിന്റെ കാലംമുതലുള്ള മതിലുകളുടെയും മറ്റു വാസ്തുവിദ്യാ സവിശേഷതകളുടെയും ഭാഗങ്ങളും വടക്കേ ആലയ വാതിലിലേക്ക് അവൻ സാധ്യതയനുസരിച്ച് കയറിപ്പോയ നടകളും സന്ദർശകർക്കു കാണാവുന്നതാണ്.
പഴയ നഗരത്തിലുള്ള യഹൂദ നഗരാംശത്തിലെ ആലയമണ്ഡപത്തിന്റെ പടിഞ്ഞാറെ മതിലിൽനിന്ന് അകലെയല്ലാതെ അഗ്നിബാധിത ഭവനം എന്നും ഹെരോദ്യൻ നഗരാംശം എന്നും അറിയപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലെ നന്നായി പുനരുദ്ധരിക്കപ്പെട്ട രണ്ട് ഖനന സ്ഥലങ്ങൾ ഉണ്ട്. അഗ്നിബാധിത ഭവനത്തിന്റെ കണ്ടുപിടിത്തത്തിനുശേഷം പുരാവസ്തു ശാസ്ത്രജ്ഞനായ നമാൻ അവിഗാഡ് എഴുതി: “ഈ കെട്ടിടം പൊ.യു. 70-ൽ യെരൂശലേമിന്റെ നാശത്തിന്റെ സമയത്ത് റോമാക്കാർ കത്തിച്ചതാണെന്ന് ഇപ്പോൾ തികച്ചും വ്യക്തമാണ്. നഗരത്തിലെ ഖനനങ്ങളുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് നഗരത്തിന്റെ കത്തിക്കൽ സംബന്ധിച്ച് ശക്തവും വ്യക്തവുമായ പുരാവസ്തുശാസ്ത്ര തെളിവ് വെളിച്ചത്തുവരുന്നത്.”—12-ാം പേജിലെ ഫോട്ടോകൾ കാണുക.
ഈ കണ്ടുപിടിത്തങ്ങളിൽ ചിലത് യേശുവിന്റെ ജീവിതത്തിലെ ചില സംഭവങ്ങളിലേക്കു വെളിച്ചം വീശുന്നു. പ്രസ്തുത കെട്ടിടങ്ങൾ സ്ഥിതിചെയ്തിരുന്നത് മഹാപുരോഹിതൻമാർ ഉൾപ്പെടെയുള്ള യെരൂശലേമിലെ സമ്പന്നരായ ആളുകൾ താമസിച്ചിരുന്ന വടക്കൻ നഗരത്തിലായിരുന്നു. ആ വീടുകളിൽ ആചാരപരമായ അനേകം സ്നാനക്കുളങ്ങൾ കണ്ടെത്തി. ഒരു പണ്ഡിത അഭിപ്രായപ്പെടുന്നു: “ആചാരപരമായ സ്നാനക്കുളങ്ങൾ അനേകമെണ്ണം ഉണ്ടായിരുന്നത്, രണ്ടാം ആലയ കാലത്ത് വടക്കൻ നഗരത്തിലെ നിവാസികൾ ആചാരശുദ്ധി സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിച്ചിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നു. (മിക്വേയെ സംബന്ധിച്ചു വിവരിക്കാൻ പത്ത് അധ്യായങ്ങൾ മാറ്റിവെച്ചിരിക്കുന്ന മിഷ്നായിൽ ഈ നിയമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.)” ഈ ആചാരങ്ങളെക്കുറിച്ച് യേശു പരീശൻമാരോടും ശാസ്ത്രിമാരോടും പറഞ്ഞത് ഗ്രഹിക്കാൻ പ്രസ്തുത വിവരം നമ്മെ സഹായിക്കുന്നു.—മത്തായി 15:1-20; മർക്കൊസ് 7:1-15.
രസാവഹമായി, ഒട്ടനവധി കൽപ്പാത്രങ്ങളും യെരൂശലേമിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. നമാൻ അവിഗാഡ് പറയുന്നു: “യെരൂശലേമിലെ ഭവനങ്ങളിൽ വളരെ പെട്ടെന്നും വർധിച്ച അളവിലും അവ പ്രത്യക്ഷപ്പെട്ടത് എന്തുകൊണ്ടായിരുന്നു? കലാഹാഫിൽ, അതായത് ആചാരശുദ്ധി സംബന്ധിച്ചുള്ള യഹൂദ നിയമങ്ങളിലാണ് ഉത്തരമടങ്ങിയിരിക്കുന്നത്. കൽപ്പാത്രങ്ങൾ അശുദ്ധിക്കു വിധേയമാകാൻ സാധ്യതയില്ലാത്ത വസ്തുക്കളിൽപ്പെടുന്നവയാണെന്ന് മിഷ്നാ നമ്മോടു പറയുന്നു. . . . ആചാരപരമായ മാലിന്യത്തിനു വിധേയമാകാൻ തീരെ സാധ്യതയില്ലാത്തതായിരുന്നു കല്ല്.” യേശു വീഞ്ഞാക്കി മാറ്റിയ വെള്ളം മൺപാത്രങ്ങൾക്കു പകരം കൽപ്പാത്രങ്ങളിൽ ശേഖരിച്ചുവെച്ചിരുന്നതിന്റെ കാരണം ഇതു വിശദീകരിക്കുന്നതായി തോന്നുന്നു.—ലേവ്യപുസ്തകം 11:33; യോഹന്നാൻ 2:6.
ഇസ്രയേൽ കാഴ്ചബംഗ്ലാവു സന്ദർശിച്ചാൽ രണ്ട് അസാധാരണ അസ്ഥികലശങ്ങൾ കാണാവുന്നതാണ്. ബൈബിൾപരമായ പുരാവസ്തുശാസ്ത്ര പുനരവലോകനം വിശദീകരിക്കുന്നു: “പൊ.യു. 70-ലെ, റോമിനാലുള്ള യെരൂശലേമിന്റെ നാശത്തിന് ഏതാണ്ട് നൂറു വർഷം മുമ്പാണ് അസ്ഥികലശങ്ങൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. . . . ശവസംസ്കാര ഗുഹയുടെ ഭിത്തിയിൽ കൊത്തിയെടുത്ത ദ്വാരത്തിൽ ശവം വെച്ചിരുന്നു; മാംസം അഴുകിയശേഷം അസ്ഥികൾ ശേഖരിച്ച് അസ്ഥികലശത്തിൽ—സാധാരണമായി, അലങ്കരിച്ച ചുണ്ണാമ്പുകല്ലുകൊണ്ടുള്ള ഒരു പാത്രത്തിൽ—നിക്ഷേപിച്ചിരുന്നു.” പ്രദർശനത്തിനു വെച്ചിരിക്കുന്ന ആ രണ്ടു കലശങ്ങളും 1990 നവംബറിൽ ഒരു ശവസംസ്കാര ഗുഹയിലാണ് കണ്ടെത്തിയത്. പുരാവസ്തു ശാസ്ത്രജ്ഞനായ സിവി ഗ്രീൻഹട്ട് റിപ്പോർട്ടുചെയ്യുന്നു: “ശവകുടീരത്തിലെ രണ്ട് അസ്ഥികലശങ്ങളിലുമുള്ള ‘കയ്യഫാ’ . . . എന്ന പദം ഒരു പുരാവസ്തുശാസ്ത്ര പശ്ചാത്തലത്തിൽ ആദ്യമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. സാധ്യതയനുസരിച്ച്, പുതിയ നിയമത്തിൽ . . . പരാമർശിച്ചിരിക്കുന്ന . . . മഹാപുരോഹിതനായ കയ്യഫാവിന്റെ കുടുംബനാമം ആയിരിക്കാം അത്. അദ്ദേഹത്തിന്റെ യെരൂശലേമിലുള്ള വീട്ടിൽനിന്നായിരുന്നു യേശുവിനെ റോമൻ നാടുവാഴിയായ പീലാത്തൊസിന്റെ അടുക്കലേക്കു കൊണ്ടുപോയത്.” ഒരു അസ്ഥികലശത്തിൽ ഏകദേശം 60 വയസ്സുള്ള ഒരു മമനുഷ്യന്റെ അസ്ഥികൾ ഉണ്ടായിരുന്നു. ഇവ യഥാർഥത്തിൽ കയ്യഫാവിന്റെ അസ്ഥികളാണെന്നു പണ്ഡിതൻമാർ അനുമാനിക്കുന്നു. ഈ കണ്ടെത്തലുകളെ ഒരു പണ്ഡിതൻ യേശുവിന്റെ കാലവുമായി ബന്ധപ്പെടുത്തുന്നു: “മറ്റ് അസ്ഥികലശങ്ങളിലൊന്നിൽ കണ്ടെത്തിയ ഒരു നാണയം അഗ്രിപ്പാ രാജാവ് (പൊ.യു. 37-44) നിർമിച്ചതായിരുന്നു. കയ്യഫാ-അസ്ഥികലശങ്ങൾ രണ്ടും ആ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉള്ളവയായിരിക്കാം.”
അരിസോണാ സർവകലാശാലയിലെ സമീപ പൗരസ്ത്യദേശ പുരാവസ്തുഗവേഷണ പ്രൊഫസറായ വില്യം ജി. ഡെവർ യെരൂശലേമിനെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ സുപ്രധാന സ്ഥലത്തിന്റെ പുരാവസ്തുശാസ്ത്ര ചരിത്രം സംബന്ധിച്ച് കഴിഞ്ഞ 15 വർഷംകൊണ്ട് മനസ്സിലാക്കിയിട്ടുള്ള വിവരങ്ങൾ അതിനുമുമ്പുള്ള 150 വർഷംകൊണ്ടു മനസ്സിലാക്കിയിട്ടുള്ളതിനെക്കാൾ കൂടുതലാണെന്നു പറയുന്നത് അതിശയോക്തിയല്ല.” കഴിഞ്ഞ ദശകങ്ങളിൽ യെരൂശലേമിൽ നടത്തിയ ഒട്ടുമിക്ക പ്രമുഖ പുരാവസ്തുശാസ്ത്ര പ്രവർത്തനങ്ങളും ബൈബിൾ ചരിത്രത്തെ സുസ്പഷ്ടമാക്കുന്ന കണ്ടെത്തലുകളാണ് നിശ്ചയമായും അവതരിപ്പിച്ചിട്ടുള്ളത്.
[9-ാം പേജിലെ ചിത്രം]
രണ്ടാം ആലയ കാലത്തെ യെരൂശലേം നഗരത്തിന്റെ പകർപ്പ് - യെരൂശലേമിലെ ഹോളിലാൻഡ് ഹോട്ടലിന്റെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്നു
[10-ാം പേജിലെ ചിത്രം]
മുകളിൽ: യെരൂശലേമിലെ ആലയമണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറൻ മൂല
വലത്ത്: വാറെൻസ് തുരങ്കമാർഗത്തിലേക്ക് ഇറങ്ങുന്നു