“ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, നിങ്ങൾ അവനെ സ്നേഹിക്കുന്നു”
“ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, നിങ്ങൾ അവനെ സ്നേഹിക്കുന്നു. ഇപ്പോൾ നിങ്ങൾ അവനെ കാണുന്നില്ല, എന്നിട്ടും നിങ്ങൾ അവനിൽ വിശ്വാസം പ്രകടമാക്കുകയും . . . അതിയായി ആഹ്ലാദിക്കുകയും ചെയ്യുന്നു.”—1 പത്രൊസ് 1:8, NW.
1. ഇന്നു ഭൂമിയിൽ ആരും യേശുവിനെ കണ്ടിട്ടില്ലെങ്കിലും, ചില മതഭക്തർ അവനോടുള്ള ഭക്തി പ്രകടമാക്കാൻ ശ്രമിക്കുന്നതെങ്ങനെ?
ഇന്നു ഭൂമിയിൽ ജീവിക്കുന്ന ആരും യേശുക്രിസ്തുവിനെ ഒരിക്കലും കണ്ടിട്ടില്ല. എന്നിട്ടും കോടിക്കണക്കിന് ആളുകൾ അവനെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നു. എല്ലാ വർഷവും ജനുവരി 9-നു ഫിലിപ്പീൻസിലെ മനിലയിൽ, കുരിശുചുമക്കുന്ന യേശുക്രിസ്തുവിന്റെ പൂർണകായ പ്രതിമ തെരുവിലൂടെ വഹിച്ചുകൊണ്ടുപോകാറുണ്ട്. ആ രാജ്യത്തെ ജനകീയ മതത്തിന്റെ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന, ഏറ്റവും ശ്രദ്ധേയമായ പ്രകടനം എന്നാണ് അതിനെ വർണിച്ചിരിക്കുന്നത്. ആവേശഭരിതരായ ജനക്കൂട്ടം ഉന്തിത്തള്ളിക്കയറും; വിഗ്രഹത്തെ ഒന്നു തൊടാനുള്ള പരാക്രമത്തിൽ ആളുകൾ പരസ്പരം ചവിട്ടിക്കയറും. ഇതു വീക്ഷിക്കാൻ അനേകർ സന്നിഹിതരാകാറുണ്ടെങ്കിലും അതിലെ ഉത്സവപ്രതീതിയുണർത്തുന്ന പ്രദക്ഷിണമാണ് മുഖ്യമായും അവരെ ആകർഷിക്കുന്നത്. എങ്കിലും, അവരിൽ ചിലർക്ക് യേശുവിനോട് ആത്മാർഥമായ ആകർഷണം തോന്നുന്നുണ്ടെന്നതിൽ സംശയമില്ല. അതിന്റെ തെളിവെന്നവണ്ണം, അവർ ഒരു കുരിശുരൂപം ദേഹത്തു ധരിക്കുകയും മുടങ്ങാതെ പള്ളിയിൽ പോകുകയും ചെയ്തേക്കാം. എന്നിരുന്നാലും, അത്തരം വിഗ്രഹാരാധനയെ സത്യാരാധനയായി വീക്ഷിക്കാമോ?
2, 3. (എ) യേശുവിന്റെ അനുഗാമികൾക്കിടയിൽ, അവനെ യഥാർഥത്തിൽ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നവർ ആരെല്ലാം? (ബി) ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും, ഒന്നാം നൂറ്റാണ്ടിൽ വേറെ ആരെല്ലാം യേശുവിനെ സ്നേഹിക്കുകയും അവനിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്തു?
2 ഒന്നാം നൂറ്റാണ്ടിൽ, യെഹൂദ്യ, ശമര്യ, പെരെയ, ഗലീല എന്നീ റോമൻ പ്രവിശ്യകളിൽ യേശുക്രിസ്തുവിനെ നേരിട്ടു കാണുകയും ശ്രദ്ധിക്കുകയും ചെയ്ത അനേകായിരങ്ങൾ ഉണ്ടായിരുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള ഹൃദയോഷ്മളമായ സത്യങ്ങൾ അവൻ വിശദീകരിച്ചപ്പോൾ അവർ ശ്രദ്ധിച്ചു കേട്ടു. അവൻ പ്രവർത്തിച്ച അത്ഭുതങ്ങൾക്ക് അവർ ദൃക്സാക്ഷികളായിരുന്നു. അവൻ “ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു ബോധ്യപ്പെട്ട് ഇവരിൽ ചിലർ അവന്റെ സമർപ്പിത ശിഷ്യന്മാരായിത്തീർന്നു. (മത്തായി 16:16) എന്നാൽ, അപ്പോസ്തലനായ പത്രൊസ് തന്റെ ആദ്യത്തെ നിശ്വസ്ത ലേഖനം ആർക്ക് എഴുതിയോ അവർ ഇക്കൂട്ടത്തിൽപ്പെട്ടിരുന്നില്ല.
3 പത്രൊസ് അഭിസംബോധന ചെയ്യുന്നവർ പാർത്തിരുന്നത് പൊന്തൊസ്, ഗലാത്യ, കപ്പദൊക്യ, ആസ്യ, ബിഥുന്യ—ഇവയെല്ലാം ഇന്ന് ആധുനികനാളിലെ ടർക്കിയിലാണ്—എന്നീ റോമൻ പ്രവിശ്യകളിലായിരുന്നു. അവർക്കു പത്രൊസ് എഴുതി: “ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, നിങ്ങൾ അവനെ സ്നേഹിക്കുന്നു. ഇപ്പോൾ നിങ്ങൾ അവനെ കാണുന്നില്ല, എന്നിട്ടും നിങ്ങൾ അവനിൽ വിശ്വാസം പ്രകടമാക്കുകയും അവർണനീയവും മഹത്ത്വപൂർണവുമായ സന്തോഷത്തോടെ അതിയായി ആഹ്ലാദിക്കുകയും ചെയ്യുന്നു.” (1 പത്രൊസ് 1:1, 8, NW) യേശുക്രിസ്തുവിനെ സ്നേഹിക്കുകയും അവനിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്ന ഘട്ടത്തോളം അവർ അവനെ അറിയാനിടയായതെങ്ങനെ?
4, 5. യേശുവിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ആളുകൾ അവനെ സ്നേഹിക്കാനും അവനിൽ വിശ്വാസമർപ്പിക്കാനും വേണ്ടുവോളം പഠിച്ചതെങ്ങനെ?
4 വ്യക്തമായും, പൊ.യു. 33-ലെ പെന്തക്കോസ്ത് പെരുന്നാളിൽ പങ്കെടുത്ത ജനക്കൂട്ടത്തിനു പത്രൊസ് അപ്പോസ്തലൻ സാക്ഷ്യം കൊടുത്തപ്പോൾ ഇവരിൽ ചിലർ യെരൂശലേമിൽ ഉണ്ടായിരുന്നു. പ്രസ്തുത ആഘോഷത്തിനുശേഷം, അപ്പോസ്തലന്മാരിൽനിന്നു കൂടുതലായ പ്രബോധനം ലഭിക്കുന്നതിനുവേണ്ടി അനേകം ശിഷ്യന്മാരും യെരൂശലേമിൽ തങ്ങി. (പ്രവൃത്തികൾ 2:9, 41, 42; 1 പത്രൊസ് 1:1 താരതമ്യം ചെയ്യുക.) പിൽക്കാലത്ത് പത്രൊസ് തന്റെ നാമം വഹിക്കുന്ന ആദ്യത്തെ ബൈബിൾ ലേഖനം അയച്ചുകൊടുത്ത പ്രദേശത്തു പാർത്തിരുന്ന ആളുകൾക്കിടയിൽ അപ്പോസ്തലനായ പൗലൊസ്, ആവർത്തിച്ചുള്ള മിഷനറി യാത്രകളിൽ, തീക്ഷ്ണതയോടെ ശുശ്രൂഷ നടത്തിയിരുന്നു.—പ്രവൃത്തികൾ 18:23; 19:10; ഗലാത്യർ 1:1, 2.
5 യേശുവിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ആളുകൾക്ക് അങ്ങേയറ്റം ഗാഢമായി അവനോട് ആകർഷണം തോന്നിയത് എന്തുകൊണ്ട്? നമ്മുടെ നാളിലും, ഗോളത്തിനുചുറ്റും ലക്ഷക്കണക്കിന് ആളുകൾ അവനെ ആഴമായി സ്നേഹിക്കുന്നത് എന്തുകൊണ്ട്?
അവർ കേട്ട കാര്യങ്ങൾ
6. (എ) പൊ.യു. 33-ലെ പെന്തക്കോസ്തിൽ, യേശുവിനെക്കുറിച്ചു പത്രൊസ് സാക്ഷീകരിക്കുന്നതു നിങ്ങൾ കേട്ടിരുന്നെങ്കിൽ, നിങ്ങൾ എന്തെല്ലാം പഠിക്കുമായിരുന്നു? (ബി) ഇതു സന്നിഹിതരായിരുന്ന ഏതാണ്ട് 3,000 പേരെ എങ്ങനെ സ്വാധീനിച്ചു?
6 പൊ.യു. 33-ലെ പെരുന്നാളിന് എത്തിയ ജനക്കൂട്ടത്തോടു പത്രൊസ് സംസാരിച്ചപ്പോൾ നിങ്ങൾ യെരൂശലേമിൽ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ യേശുവിനെക്കുറിച്ച് എന്തു പഠിച്ചേനേ? അവൻ പ്രവർത്തിച്ച അത്ഭുതങ്ങൾ നിസ്സംശയമായും അവനെ ദൈവം അയച്ചതാണെന്നു പ്രകടമാക്കിയെന്ന്; പാപികളായ മനുഷ്യർ യേശുവിനെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തെങ്കിലും, അവൻ മേലാൽ ശവക്കല്ലറയിലല്ല, പകരം പുനരുത്ഥാനം ചെയ്യപ്പെട്ട് സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടുവെന്ന്; പ്രവാചകന്മാർ എഴുതിയ ക്രിസ്തു, അഥവാ മിശിഹാ, തീർച്ചയായും ആ യേശു ആണെന്ന്; തന്റെ പുത്രനിലൂടെ ദൈവം പ്രവർത്തിച്ചുകൊണ്ടിരുന്ന അത്ഭുത സംഗതികളെക്കുറിച്ച് അനേകം ജാതികളിൽനിന്നുള്ള ആളുകളോട് അവർക്ക് ഉടനടി സാക്ഷീകരിക്കാൻ കഴിയേണ്ടതിന് യേശുക്രിസ്തുവിലൂടെ അവന്റെ അനുഗാമികളുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടുവെന്ന് നിങ്ങൾ പഠിക്കുമായിരുന്നു. ആ അവസരത്തിൽ പത്രൊസിനെ ശ്രവിച്ച അനേകരുടെ ഹൃദയങ്ങൾ ആഴത്തിൽ പ്രചോദിതമായി, തുടർന്ന് 3,000-ത്തോളം പേർ ക്രിസ്തീയ ശിഷ്യന്മാർ എന്നനിലയിൽ സ്നാപനമേറ്റു. (പ്രവൃത്തികൾ 2:14-42) അവിടെയുണ്ടായിരുന്നെങ്കിൽ, അത്തരം നിർണായക നടപടി നിങ്ങൾ സ്വീകരിക്കുമായിരുന്നോ?
7. (എ) പൗലൊസ് അപ്പോസ്തലൻ അന്ത്യോക്യയിൽ പ്രസംഗിച്ചപ്പോൾ, നിങ്ങൾ അവിടെയുണ്ടായിരുന്നെങ്കിൽ, നിങ്ങൾ എന്തു പഠിക്കുമായിരുന്നു? (ബി) ജനക്കൂട്ടത്തിലെ ചിലർ വിശ്വാസികളായി മറ്റുള്ളവരുമായി സുവാർത്ത പങ്കുവെച്ചത് എന്തുകൊണ്ട്?
7 ഗലാത്യ എന്ന റോമൻ പ്രവിശ്യയിലെ അന്ത്യോക്യയിൽ അപ്പോസ്തലനായ പൗലൊസ് പഠിപ്പിച്ചപ്പോൾ സന്നിഹിതരായിരുന്നവർക്കിടയിൽ നിങ്ങളുണ്ടായിരുന്നെങ്കിൽ, യേശുവിനെക്കുറിച്ചു നിങ്ങൾ വേറെ എന്തെല്ലാം പഠിക്കുമായിരുന്നു? യെരൂശലേമിലെ ഭരണാധിപന്മാർ യേശുവിനെ മരണത്തിനു വിധിക്കുമെന്ന് പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞിരുന്നുവെന്നു പൗലൊസ് വിശദീകരിക്കുന്നതു നിങ്ങൾ കേൾക്കുമായിരുന്നു. യേശുവിന്റെ പുനരുത്ഥാനത്തിന്റെ ദൃക്സാക്ഷിവിവരണത്തെക്കുറിച്ചും നിങ്ങൾ കേൾക്കുമായിരുന്നു. മരിച്ചവരിൽനിന്ന് യേശുവിനെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരുകവഴി, ആ ഒരുവൻ യഥാർഥത്തിൽ ദൈവപുത്രൻ ആയിരുന്നുവെന്ന് യഹോവ സ്ഥിരീകരിച്ചുവെന്ന പൗലൊസിന്റെ വിശദീകരണത്തിൽ നിങ്ങൾക്കു തീർച്ചയായും മതിപ്പു തോന്നുമായിരുന്നു. യേശുവിലുള്ള വിശ്വാസത്താൽ സാധ്യമാകുന്ന പാപമോചനത്തിനു നിത്യജീവനിലേക്കു നയിക്കാനാകുമെന്നു നിങ്ങൾ മനസ്സിലാക്കുമ്പോൾ നിങ്ങളുടെ ഹൃദയം ഊഷ്മളമാകുമായിരുന്നില്ലേ? (പ്രവൃത്തികൾ 13:16-41, 46, 47; റോമർ 1:4) തങ്ങൾ കേട്ട കാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അന്ത്യോക്യയിലെ ചിലർ ശിഷ്യന്മാരായിത്തീരുകയും മറ്റുള്ളവരുമായി സുവാർത്ത സതീക്ഷ്ണം പങ്കുവെക്കുകയും ചെയ്തു. അപ്രകാരം ചെയ്യുന്നതു കടുത്ത പീഡനം വരുത്തിവെക്കുമായിരുന്നിട്ടുകൂടി അവർ അതു ചെയ്തു.—പ്രവൃത്തികൾ 13:42, 43, 48-52; 14:1-7, 21-23.
8. പൗലൊസിന്റെ ലേഖനം എഫെസൊസ് സഭയിൽ ലഭിച്ചപ്പോൾ അവിടത്തെ യോഗത്തിൽ നിങ്ങളും സന്നിഹിതരായിരുന്നെങ്കിൽ, നിങ്ങൾ എന്തു പഠിക്കുമായിരുന്നു?
8 ആസ്യ എന്ന റോമൻ പ്രവിശ്യയിലുള്ള എഫെസൊസിലെ ക്രിസ്തീയ സഭയിലെ ശിഷ്യന്മാർക്കു പൗലൊസിന്റെ നിശ്വസ്ത ലേഖനം ലഭിച്ചപ്പോൾ പ്രസ്തുത സഭയുമായി നിങ്ങൾ സഹകരിച്ചിരുന്നെങ്കിലോ? ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള പങ്കിനെക്കുറിച്ചു നിങ്ങൾ എന്തു മനസ്സിലാക്കുമായിരുന്നു? ക്രിസ്തുവിലൂടെ സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ സംഗതികളും ദൈവവുമായുള്ള യോജിപ്പിൽ തിരിച്ചുകൊണ്ടുവരുമെന്നും ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ ദാനം എല്ലാ ജനതകളിലെയും ആളുകൾക്കു വെച്ചുനീട്ടിയിരിക്കുന്നുവെന്നും പാപങ്ങൾനിമിത്തം ദൈവദൃഷ്ടിയിൽ മരിച്ചവരായിരിക്കുന്ന വ്യക്തികൾ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ജീവനുള്ളവരാക്കപ്പെടുന്നുവെന്നും ഈ കരുതലിന്റെ ഫലമായി മനുഷ്യർക്കു വീണ്ടും ദൈവത്തിന്റെ പ്രിയപ്പെട്ട പുത്രന്മാരാകുന്നതു സാധ്യമായി എന്നും പൗലൊസ് ആ ലേഖനത്തിൽ വിശദമാക്കി.—എഫെസ്യർ 1:1, 5-10; 2:4, 5, 11-13.
9. (എ) പൗലൊസ് എഫെസ്യർക്ക് എഴുതിയതിന്റെ പ്രാധാന്യം വ്യക്തിപരമായി വിവേചിക്കാൻ നിങ്ങളെ എന്തു സഹായിക്കും? (ബി) പത്രൊസ് സൂചിപ്പിച്ച റോമാ പ്രവിശ്യയിലെ സഹോദരങ്ങൾ യേശുക്രിസ്തുവിനെക്കുറിച്ച് പഠിച്ച സംഗതികളാൽ സ്വാധീനിക്കപ്പെട്ടതെങ്ങനെ?
9 ഇവയോടെല്ലാമുള്ള വിലമതിപ്പു ദൈവപുത്രനോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ ആഴം കൂട്ടുമായിരുന്നോ? എഫെസ്യർ 4-6 അധ്യായങ്ങളിൽ പൗലൊസ് അപ്പോസ്തലൻ പ്രോത്സാഹിപ്പിക്കുന്നതുപോലെ, ആ സ്നേഹം നിങ്ങളുടെ അനുദിന ജീവിതത്തെ സ്വാധീനിക്കുമായിരുന്നോ? ജീവിതത്തിലെ നിങ്ങളുടെ മുൻഗണനകൾ ശ്രദ്ധാപൂർവം പരിശോധിക്കാൻ അത്തരം വിലമതിപ്പു നിങ്ങളെ പ്രേരിപ്പിക്കുമായിരുന്നോ? ദൈവത്തോടുള്ള സ്നേഹവും അവന്റെ പുത്രനോടുള്ള നന്ദിയും നിമിത്തം, ദൈവേഷ്ടം ചെയ്യുന്നതു നിങ്ങളുടെ ജീവിതത്തിൽ വാസ്തവത്തിൽ പരമപ്രധാനമാകാൻവേണ്ട ക്രമീകരണങ്ങൾ നിങ്ങൾ നടത്തുമായിരുന്നോ? (എഫെസ്യർ 5:15-17) ആസ്യ, ഗലാത്യ, മറ്റു റോമൻ പ്രവിശ്യകൾ എന്നിവിടങ്ങളിലെ ക്രിസ്ത്യാനികൾ പഠിച്ച സംഗതികൾ അവരെ സ്വാധീനിച്ചവിധത്തെക്കുറിച്ച് പത്രൊസ് അപ്പോസ്തലൻ അവർക്ക് എഴുതി: “[യേശുക്രിസ്തുവിനെ] ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, നിങ്ങൾ അവനെ സ്നേഹിക്കുന്നു. . . . നിങ്ങൾ അവനിൽ വിശ്വാസം പ്രകടമാക്കുകയും അവർണനീയവും മഹത്ത്വപൂർണവുമായ സന്തോഷത്തോടെ അതിയായി ആഹ്ലാദിക്കുകയും ചെയ്യുന്നു.”—1 പത്രൊസ് 1:8, NW.
10. (എ) യേശുവിനോടുള്ള ആദിമ ക്രിസ്ത്യാനികളുടെ സ്നേഹത്തെ നിസ്സംശയമായും പരിപുഷ്ടിപ്പെടുത്തിയത് എന്തായിരുന്നു? (ബി) നമുക്കും പ്രയോജനം നേടാവുന്നതെങ്ങനെ?
10 പത്രൊസ് അഭിസംബോധന ചെയ്ത ആ ആദിമ ക്രിസ്ത്യാനികൾക്കു ദൈവപുത്രനോടു തോന്നിയ സ്നേഹത്തെ നിസ്സംശയമായും പുഷ്ടിപ്പെടുത്തിയ മറ്റൊരു സംഗതികൂടിയുണ്ടായിരുന്നു. അത് എന്തായിരുന്നു? പത്രൊസ് തന്റെ ഒന്നാമത്തെ ലേഖനം എഴുതിയപ്പോഴേക്കും, ചുരുങ്ങിയതു രണ്ടു സുവിശേഷങ്ങൾ—മത്തായിയും ലൂക്കൊസും—അതിനോടകംതന്നെ പ്രചാരത്തിലുണ്ടായിരുന്നു. യേശുവിനെ ഒരിക്കലും കണ്ടിട്ടില്ലാതിരുന്ന ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഈ സുവിശേഷ വിവരണങ്ങൾ വായിക്കാമായിരുന്നു. നമുക്കും വായിക്കാവുന്നതാണ്. സുവിശേഷങ്ങൾ സാങ്കൽപ്പിക വിവരണങ്ങളല്ല; ഏറ്റവും ആശ്രയയോഗ്യമായ ചരിത്രത്തിന്റെ സകല അടയാളങ്ങളും അതിനുണ്ട്. ആ നിശ്വസ്ത രേഖകളിൽ, ദൈവപുത്രനോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം കൂട്ടുന്ന അനേകം സംഗതികൾ നാം കാണുന്നു.
അവൻ പ്രകടമാക്കിയ മനോഭാവം
11, 12. യേശുവിനെ സ്നേഹിക്കാൻ നിങ്ങൾക്കു പ്രേരണയാകുന്ന, മറ്റു മനുഷ്യരോടുള്ള അവന്റെ മനോഭാവത്തെക്കുറിച്ച് എന്തു പറയാവുന്നതാണ്?
11 യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ലിഖിത രേഖയിൽ, അവൻ മറ്റുള്ള മനുഷ്യരോട് എങ്ങനെ ഇടപെട്ടുവെന്നു നാം മനസ്സിലാക്കുന്നു. അവൻ മരിച്ചിട്ട് 1,960 വർഷങ്ങൾ പിന്നിട്ടുവെങ്കിലും, അവൻ പ്രകടമാക്കിയ മനോഭാവം ഇക്കാലത്തുപോലും ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നു. ജീവിച്ചിരിക്കുന്ന സകലരും പാപത്തിന്റെ ഫലങ്ങളാൽ ഭാരപ്പെടുകയാണ്. കോടാനുകോടി ആളുകൾ അനീതിക്ക് ഇരകളാകുകയാണ്, രോഗവുമായി മല്ലടിക്കുകയാണ്, അല്ലെങ്കിൽ മറ്റു കാരണങ്ങൾനിമിത്തം നിരാശയാൽ ഞെരിഞ്ഞമരുകയാണ്. അത്തരക്കാരായ എല്ലാവരോടും യേശു പറയുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28-30.
12 യേശു സാധുക്കളുടെയും വിശക്കുന്നവരുടെയും ദുഃഖിക്കുന്നവരുടെയും കാര്യത്തിൽ ആർദ്രമായ ശ്രദ്ധ കാട്ടി. സാഹചര്യങ്ങൾ അത്യാവശ്യമാക്കിത്തീർത്തപ്പോൾ, അവൻ വലിയ ജനക്കൂട്ടത്തെവരെ അത്ഭുതകരമായി തീറ്റിപ്പോറ്റി. (ലൂക്കൊസ് 9:12-17) പാരമ്പര്യങ്ങളുടെ അടിമത്തത്തിൽനിന്ന് അവൻ അവരെ സ്വതന്ത്രരാക്കി. മാത്രമല്ല, രാഷ്ട്രീയവും സാമ്പത്തികവുമായ അടിച്ചമർത്തലിന് അന്തം വരുത്താനുള്ള ദൈവത്തിന്റെ വ്യവസ്ഥയിൽ അവൻ അവരുടെ വിശ്വാസം കെട്ടുപണി ചെയ്തു. യേശു അതിനോടകംതന്നെ പീഡിതരായവരുടെ വീര്യം കെടുത്തിയില്ല. ആർദ്രതയും സ്നേഹവുംകൊണ്ട് അവൻ വിനീതർക്ക് ഉന്നമനമേകി. ഞെരിഞ്ഞ് ഒടിഞ്ഞുമടങ്ങിയ ഞാങ്ങണപോലുള്ളവർക്കും കെടാൻ പോകുന്ന പുകയുന്ന ചണത്തിരിപോലുള്ളവർക്കും അവൻ നവോന്മേഷമേകി. ഇന്നുവരെയും അവന്റെ നാമം പ്രത്യാശയുണർത്തുന്നു, അവനെ ഒരിക്കലും കണ്ടിട്ടില്ലാത്തവരുടെ ഹൃദയങ്ങളിൽപ്പോലും.—മത്തായി 12:15-21; 15:3-10.
13. യേശു പാപികളോട് ഇടപെട്ടവിധം ആളുകളെ ആകർഷിക്കുന്നത് എന്തുകൊണ്ട്?
13 യേശു ദുഷ്പ്രവൃത്തികൾ അംഗീകരിച്ചില്ല. എന്നിട്ടും ജീവിതത്തിൽ തെറ്റുകൾ ചെയ്തെങ്കിലും അനുതാപം പ്രകടമാക്കി സഹായത്തിനായി അവനിലേക്കു തിരിഞ്ഞവരുടെ നേരേ അവൻ സഹാനുഭൂതി കാട്ടി. (ലൂക്കൊസ് 7:36-50) സമുദായത്തിലെ നിന്ദിതരായ ആളുകൾക്കൊപ്പമിരുന്ന് അവൻ ഭക്ഷണം കഴിക്കുമായിരുന്നു. പ്രസ്തുത അവസരം അവരെ ആത്മീയമായി സഹായിക്കാൻ ഉതകുമെന്നു കണ്ടായിരുന്നു അവൻ അങ്ങനെ ചെയ്തിരുന്നത്. (മത്തായി 9:9-13) അവൻ പ്രകടമാക്കിയ മനോഭാവത്തിന്റെ ഫലമായി, യേശുവിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത, സമാന സാഹചര്യങ്ങളിലുള്ള കോടിക്കണക്കിനാളുകൾ അവനെ അറിയാൻ പ്രചോദിതരാകുകയും അവനിൽ വിശ്വാസമർപ്പിക്കുകയും ചെയ്തിരിക്കുന്നു.
14. രോഗികളും വൈകല്യമുള്ളവരും സന്തപ്തരുമായ ആളുകളെ യേശു സഹായിച്ച വിധത്തിൽ നിങ്ങൾക്ക് ആകർഷകമായിരിക്കുന്നത് എന്ത്?
14 രോഗികളോ വൈകല്യമുള്ളവരോ ആയ ആളുകളോട് യേശു ഇടപെട്ട വിധം അവന്റെ ഊഷ്മളതയ്ക്കും അനുകമ്പയ്ക്കും അവർക്ക് ആശ്വാസം കൈവരുത്തുന്നതിനുള്ള അവന്റെ പ്രാപ്തിക്കുമുള്ള തെളിവാണ്. അതുകൊണ്ട്, കുഷ്ഠരോഗിയായ ഒരു മനുഷ്യൻ അവനെ സമീപിച്ചു സഹായഭ്യർഥന നടത്തിയപ്പോൾ, കണ്ടപാടെ യേശു ഒഴിഞ്ഞുമാറിയില്ല. അവനോടു സഹതാപം തോന്നുന്നെങ്കിലും, രോഗസ്ഥിതി അങ്ങേയറ്റം വഷളായിരിക്കുന്നതിനാൽ ഒരു സഹായവും ചെയ്യാനാവില്ലെന്ന് അവൻ രോഗിയോടു പറഞ്ഞില്ല. ആ മനുഷ്യൻ ഇങ്ങനെ കേണപേക്ഷിച്ചു: “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും.” ഒരു മടിയും കാണിക്കാതെ, യേശു കൈ നീട്ടി അവനെ തൊട്ടിട്ട് പറഞ്ഞു: “എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക.” (മത്തായി 8:2, 3) മറ്റൊരവസരത്തിൽ, ഒരു സ്ത്രീ അവന്റെ വസ്ത്രത്തിന്റെ അരികിൽ ആരും കാണാതെ തൊട്ടു സൗഖ്യമാകാൻ ശ്രമിച്ചു. യേശു അവളോടു ദയാപുരസ്സരവും ആശ്വാസദായകവുമായ വിധത്തിൽ ഇടപെട്ടു. (ലൂക്കൊസ് 8:43-48) അവൻ ഒരു വിലാപയാത്രയെ അഭിമുഖീകരിച്ചപ്പോൾ, ഏക പുത്രന്റെ മരണത്തിൽ സങ്കടപ്പെടുന്ന വിധവയോട് അവനു സഹതാപം തോന്നി. തനിക്കായിത്തന്നെ അത്ഭുതം പ്രവർത്തിച്ചു ഭക്ഷണം ഉണ്ടാക്കാൻ ദൈവദത്ത ശക്തി ഉപയോഗിക്കാൻ കൂട്ടാക്കാത്തവനെങ്കിലും, ആ മരിച്ചയാളെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരാനും അവനെ അവന്റെ മാതാവിനു വീണ്ടെടുത്തുകൊടുക്കാനും യേശു അത് ഉദാരമായി ഉപയോഗിച്ചു.—ലൂക്കൊസ് 4:2-4; 7:11-16.
15. യേശുവിനെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുന്നതും അവയെക്കുറിച്ചു ധ്യാനിക്കുന്നതും നിങ്ങളെ എങ്ങനെ ബാധിക്കുന്നു?
15 നാം ഈ വിവരണങ്ങൾ വായിച്ച് യേശു പ്രകടമാക്കിയ മനോഭാവത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ, നാം എന്നേക്കും ജീവിക്കുന്നതിനുവേണ്ടി തന്റെ മനുഷ്യജീവൻ വെച്ചുകൊടുത്ത അവനോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം വർധിക്കും. നാം ഒരിക്കലും അവനെ കണ്ടിട്ടില്ലെങ്കിലും, നമുക്ക് അവനോട് ആകർഷണം തോന്നുന്നു. കൂടാതെ അവന്റെ കാലടികൾ പിൻപറ്റാനും നാം ആഗ്രഹിക്കുന്നു.—1 പത്രൊസ് 2:21.
താഴ്മയോടെ അവൻ ദൈവത്തിൽ ആശ്രയിച്ചു
16. ആരിലാണ് യേശു മുഖ്യ ശ്രദ്ധ കേന്ദ്രീകരിച്ചത്, എന്തു ചെയ്യാൻ അവൻ നമ്മെ പ്രോത്സാഹിപ്പിച്ചു?
16 എല്ലാറ്റിനുമുപരി, യേശു തന്റെയും നമ്മുടെയും ശ്രദ്ധ തന്റെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തിൽ കേന്ദ്രീകരിച്ചു. അവൻ ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന തിരിച്ചറിയിച്ചു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം.” (മത്തായി 22:36, 37) “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ” എന്ന് അവൻ ശിഷ്യന്മാരെ അനുശാസിച്ചു. (മർക്കൊസ് 11:22) അവർ വിശ്വാസത്തിന്റെ ഒരു ഗുരുതരമായ പരിശോധന നേരിട്ടപ്പോൾ, അവൻ അവരെ ഉദ്ബോധിപ്പിച്ചു: “ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ.”—മത്തായി 26:41.
17, 18. (എ) താഴ്മയോടെ താൻ പിതാവിൽ ആശ്രയിച്ചുവെന്ന് യേശു പ്രകടമാക്കിയതെങ്ങനെ? (ബി) അവൻ ചെയ്തത് നമുക്കു വളരെ പ്രാധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
17 യേശുതന്നെ മാതൃക വെച്ചു. അവന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു പ്രാർഥന. (മത്തായി 14:23; ലൂക്കൊസ് 9:28; 18:1) അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കേണ്ട സമയമായപ്പോൾ, മുമ്പു സ്വർഗത്തിലെ സകല ദൂതന്മാരും തന്റെ മേൽനോട്ടത്തിൻകീഴിൽ ആയിരുന്നെങ്കിലും, യേശു കേവലം തന്റെ സ്വന്തം ന്യായബോധത്തിൽ ആശ്രയിച്ചില്ല. ഒരു രാത്രി മുഴുവനും താഴ്മയോടെ അവൻ തന്റെ പിതാവിനോടു പ്രാർഥിച്ചുകൊണ്ടു ചെലവിട്ടു. (ലൂക്കൊസ് 6:12, 13) അറസ്റ്റും വേദനാജനകമായ മരണവും അഭിമുഖീകരിച്ചപ്പോൾ, മുട്ടിപ്പായി പ്രാർഥിച്ചുകൊണ്ട് യേശു വീണ്ടും പിതാവിലേക്കു തിരിഞ്ഞു. തനിക്കു സാത്താനെ നന്നായി അറിയാം, അവൻ ഏതു ദുഷ്ട തന്ത്രം ആവിഷ്കരിച്ചാലും തനിക്ക് അത് എളുപ്പം കൈകാര്യം ചെയ്യാം എന്നൊരു വീക്ഷണമല്ല അവൻ കൈക്കൊണ്ടത്. താൻ പരാജയപ്പെടാൻ പാടില്ലെന്നത് എത്ര പ്രധാനപ്പെട്ടതാണെന്ന് യേശു തിരിച്ചറിഞ്ഞിരുന്നു. പരാജയപ്പെട്ടിരുന്നെങ്കിൽ പിതാവിന് അത് എന്തൊരു നിന്ദയാകുമായിരുന്നു! മനുഷ്യവർഗത്തിന്റെ ജീവിത പ്രതീക്ഷ ആശ്രയിച്ചിരുന്നത് യേശു അർപ്പിക്കേണ്ടിയിരുന്ന ബലിയിലായിരുന്നതിനാൽ അത് അവർക്ക് എന്തൊരു നഷ്ടമാകുമായിരുന്നു!
18 യേശു ആവർത്തിച്ചു പ്രാർഥിച്ചു—തന്റെ ശിഷ്യന്മാരോടൊപ്പം യെരൂശലേമിലെ ഒരു മാളികമുകളിലായിരുന്നപ്പോഴും കൂടാതെ ഗെത്ത്ശെമന തോട്ടത്തിലായിരുന്നപ്പോഴും കൂടുതൽ ഉള്ളുരുകി പ്രാർഥിച്ചു. (മത്തായി 26:36-44; യോഹന്നാൻ 17:1-26; എബ്രായർ 5:7) ദണ്ഡനസ്തംഭത്തിൽ യാതന അനുഭവിക്കവേ, തന്നെ നിന്ദിച്ചവരെ അവൻ ശകാരിച്ചില്ല. പകരം, അജ്ഞതയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി അവൻ പ്രാർഥിച്ചു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ.” (ലൂക്കൊസ് 23:34) അവൻ തന്റെ മനസ്സിനെ “ന്യായമായി വിധിക്കുന്നവങ്കൽ,” തന്റെ പിതാവിങ്കൽ, കേന്ദ്രീകരിച്ചുനിർത്തി, അവനിൽത്തന്നെ “കാര്യം ഭരമേല്പി”ച്ചു. ദണ്ഡനസ്തംഭത്തിൽ കിടക്കവേ അവൻ അവസാനമായി ഉച്ചരിച്ച വാക്കുകൾതന്നെ പിതാവിനോടുള്ള ഒരു പ്രാർഥനയായിരുന്നു. (1 പത്രൊസ് 2:23; ലൂക്കൊസ് 23:46) യഹോവയിലുള്ള പൂർണ ആശ്രയത്തോടെ, യേശു തന്റെ പിതാവു തന്നെ ഏൽപ്പിച്ച നിയമനം വിശ്വസ്തതയോടെ പൂർത്തീകരിച്ചതിൽ നാം എത്ര നന്ദിയുള്ളവരാണ്! നാം ഒരിക്കലും യേശുക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും, അവൻ ചെയ്ത സംഗതികൾ നിമിത്തം നാം അവനെ എത്ര ആഴമായി സ്നേഹിക്കുന്നു!
അവനോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കൽ
19. യേശുവിനോടു സ്നേഹം പ്രകടിപ്പിക്കുന്നുവെങ്കിൽ, തീർത്തും അനുചിതമായ ഏതെല്ലാം നടപടികൾ നാം ഒഴിവാക്കും?
19 നാം പ്രസംഗിക്കുന്ന സ്നേഹം കേവലം വാക്കുകളിൽ മാത്രമല്ലെന്നു നമുക്കെങ്ങനെ തെളിവു നൽകാനാകും? യേശു സ്നേഹിച്ച അവന്റെ പിതാവു വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതു വിലക്കിയിരിക്കുന്നതിനാൽ, അവയെ ആരാധനാവസ്തുക്കളായി കരുതി അത്തരമൊരു വിഗ്രഹം നമ്മുടെ കഴുത്തിലെ മാലയിൽ തൂക്കുന്നതിനാലും അത്തരമൊന്നു തെരുവിലൂടെ വഹിച്ചുകൊണ്ടുപോകുന്നതിനാലും നാം തീർച്ചയായും യേശുവിനു ബഹുമതി വരുത്തുന്നില്ല. (പുറപ്പാടു 20:4, 5; യോഹന്നാൻ 4:24) നാം മതകർമങ്ങളിൽ പങ്കെടുത്താലും, അത് ആഴ്ചയിൽ പലപ്രാവശ്യം ചെയ്താലും, ആഴ്ചയുടെ ശേഷിച്ച ഭാഗം നാം അവന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിക്കുന്നില്ലെങ്കിൽ, അതിൽ യേശുവിനു യാതൊരു ബഹുമതിയുമില്ല. യേശു പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവും അവനെ സ്നേഹിക്കും.”—യോഹന്നാൻ 14:21, 23; 15:10.
20. നാം യേശുവിനെ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്നു പ്രകടമാക്കുന്ന ചില സംഗതികളേവ?
20 അവൻ നമുക്ക് എന്തു കൽപ്പനകളാണു നൽകിയിരിക്കുന്നത്? ഏറ്റവും പ്രധാനമായി, സത്യദൈവമായ യഹോവയെ മാത്രം ആരാധിക്കണമെന്ന്. (മത്തായി 4:10; യോഹന്നാൻ 17:3) ദൈവത്തിന്റെ ഉദ്ദേശ്യത്തിലുള്ള അവന്റെ പങ്കു നിമിത്തം, ദൈവത്തിന്റെ പുത്രൻ എന്നനിലയിൽ നാം അവനിൽ വിശ്വാസം പ്രകടമാക്കണമെന്നും ദുഷ്ട പ്രവൃത്തികൾ ഒഴിവാക്കി പ്രകാശത്തിൽ നടന്ന് നാം അതു പ്രകടമാക്കണമെന്നും യേശു പഠിപ്പിച്ചു. (യോഹന്നാൻ 3:16-21) ഒന്നാമതു ദൈവരാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ട് അവയെ ഭൗതികാവശ്യങ്ങൾക്കുപരിയായി വെക്കാൻ അവൻ നമ്മെ ബുദ്ധ്യുപദേശിച്ചു. (മത്തായി 6:31-33) അവൻ നമ്മെ സ്നേഹിച്ചതുപോലെ നാം പരസ്പരം സ്നേഹിക്കണമെന്ന് അവൻ കൽപ്പിച്ചു. (യോഹന്നാൻ 13:34; 1 പത്രൊസ് 1:22) ദൈവോദ്ദേശ്യം സംബന്ധിച്ച് അവൻ ഒരു സാക്ഷി ആയിരുന്നതുപോലെ, നാമും സാക്ഷികളായിരിക്കണമെന്ന് അവൻ കൽപ്പിച്ചു. (മത്തായി 24:14; 28:19, 20; വെളിപ്പാടു 3:14) ഒരിക്കലും യേശുവിനെ കണ്ടിട്ടില്ലെങ്കിലും, ഏതാണ്ട് 50 ലക്ഷത്തോളം യഹോവയുടെ സാക്ഷികൾ ഇന്ന് ആ കൽപ്പനകൾ അനുസരിക്കാൻ അവനോടുള്ള യഥാർഥ സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെടുകയാണ്. അവർ യേശുവിനെ നേരിട്ടു കണ്ടിട്ടില്ലെന്നത് അനുസരണം കാട്ടാനുള്ള അവരുടെ ദൃഢനിശ്ചയത്തെ യാതൊരു വിധത്തിലും ദുർബലമാക്കുന്നില്ല. അവരുടെ കർത്താവ് അപ്പോസ്തലനായ തോമാസിനോടു പറഞ്ഞത് അവർ അനുസ്മരിക്കുന്നു: “നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാൻമാർ.”—യോഹന്നാൻ 20:29.
21. ഈ വർഷം മാർച്ച് 23, ഞായറാഴ്ച നടക്കാനിരിക്കുന്ന ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൽ സംബന്ധിക്കുന്നതിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാം?
21 മനുഷ്യവർഗത്തോടുള്ള ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനം അനുസ്മരിക്കുന്നതിനും അവന്റെ വിശ്വസ്ത പുത്രനായ യേശുക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാഘോഷം നടത്തുന്നതിനുമായി 1997 മാർച്ച് 23 ഞായറാഴ്ച സൂര്യാസ്തമയത്തിനുശേഷം ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിൽ ഒത്തുകൂടുന്നവരുടെ കൂട്ടത്തിൽ നിങ്ങളുമുണ്ടായിരിക്കുമെന്നു പ്രത്യാശിക്കുന്നു. ആ സന്ദർഭത്തിൽ പറയുകയും നടക്കുകയും ചെയ്യുന്ന സംഗതികൾ യഹോവയോടും അവന്റെ പുത്രനോടുമുള്ള നിങ്ങളുടെ സ്നേഹത്തിന്റെ ആഴവും ദൈവകൽപ്പനകൾ അനുസരിക്കുന്നതിനുള്ള ആഗ്രഹവും വർധിപ്പിക്കണം.—1 യോഹന്നാൻ 5:3.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ പത്രൊസിന്റെ ആദ്യ പുസ്തകം അഭിസംബോധന ചെയ്തിരിക്കുന്നവർ യേശുവിനെ അറിയാനും സ്നേഹിക്കാനും ഇടയായതെങ്ങനെ?
◻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ കേട്ട സംഗതികളിൽ ഏതെല്ലാമാണു നിങ്ങളിൽ മതിപ്പുളവാക്കുന്നത്?
◻ യേശുവിനോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ ആഴംകൂട്ടുന്ന, അവൻ പ്രകടമാക്കിയ മനോഭാവത്തെക്കുറിച്ച് എന്തു പറയാം?
◻ താഴ്മയോടെ യേശു ദൈവത്തിൽ ആശ്രയിച്ചതു നമുക്കു വളരെ പ്രാധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
◻ നമുക്കെങ്ങനെ യേശുക്രിസ്തുവിനോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാനാകും?
[16-ാം പേജിലെ ചിത്രം]
യേശു പ്രകടമാക്കിയ മനോഭവത്താൽ നമുക്ക് അവനോട് ആകർഷണം തോന്നുന്നു