നിങ്ങൾക്ക് ഓർമശക്തി മെച്ചപ്പെടുത്താൻ കഴിയും
ഓർമിക്കാനുള്ള അത്ഭുതകരമായ പ്രാപ്തിയോടെയാണു യഹോവയാം ദൈവം മനുഷ്യ മസ്തിഷ്കം സൃഷ്ടിച്ചത്. നിക്ഷേപിക്കപ്പെട്ടിരിക്കുന്ന മൂല്യവത്തായ വിവരങ്ങൾ ‘പുറത്തെടുത്താലും’ ഉള്ളിലെ വിവരങ്ങളുടെ അളവിനു യാതൊരു കുറവും സംഭവിക്കാത്ത തരത്തിലുള്ള ഒരു സംഭരണിയായി അവൻ അതു രൂപകൽപ്പന ചെയ്തിരിക്കുന്നു. മസ്തിഷ്കത്തിന്റെ രൂപകൽപ്പന മനുഷ്യർ നിത്യമായി ജീവിക്കണമെന്ന ദൈവത്തിന്റെ ഉദ്ദേശ്യത്തോടു ചേർച്ചയിലാണ്.—സങ്കീ. 139:14; യോഹ. 17:3.
എന്നാൽ നിങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന കാര്യങ്ങളിൽ നല്ലൊരു ശതമാനവും നഷ്ടപ്പെടുകയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടായിരിക്കാം. വേണ്ട സമയത്ത് അതൊന്നും ഓർക്കാൻ കഴിയുന്നില്ലായിരിക്കാം. ഓർമശക്തി മെച്ചപ്പെടുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
താത്പര്യമെടുക്കുക
ഓർമശക്തി മെച്ചപ്പെടുത്തുന്നതിൽ താത്പര്യം ഒരു പ്രധാന പങ്കുവഹിക്കുന്നു. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്, ആളുകളിലും ചുറ്റും നടക്കുന്ന കാര്യങ്ങളിലും താത്പര്യം കാണിക്കുന്നത്, ഒരു ശീലമാക്കുന്നെങ്കിൽ നമ്മുടെ മനസ്സ് ഉത്തേജിതമായിത്തീരും. അങ്ങനെ ആയാൽ നിലനിൽക്കുന്ന മൂല്യമുള്ള എന്തെങ്കിലും വായിക്കുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അതേ താത്പര്യത്തോടെ പ്രതികരിക്കുക കൂടുതൽ എളുപ്പമായിരിക്കും.
ആളുകളുടെ പേരുകൾ ഓർത്തിരിക്കുന്നത് പലർക്കും ഒരു പ്രശ്നമാണ്. എങ്കിലും ക്രിസ്ത്യാനികൾ എന്ന നിലയിൽ, ആളുകൾക്കു പ്രാധാന്യം ഉണ്ടെന്നു നാം തിരിച്ചറിയുന്നു. അവർ നമ്മുടെ സഹക്രിസ്ത്യാനികളാകാം, നാം സാക്ഷീകരിക്കുന്നവരാകാം, അനുദിന ജീവിതത്തിൽ നമുക്ക് ഇടപെടേണ്ടി വരുന്നവരാകാം. നാം യഥാർഥത്തിൽ ഓർത്തിരിക്കേണ്ടതായ പേരുകൾ ഓർത്തിരിക്കുന്നതിനു നമ്മെ എന്തു സഹായിക്കും? അപ്പൊസ്തലനായ പൗലൊസ് ഒരു സഭയ്ക്ക് എഴുതവേ അവിടെയുള്ള 26 വ്യക്തികളെ പേരെടുത്തു പറയുകയുണ്ടായി. അവരുടെ പേരുകൾ ഓർത്തിരുന്നതിനു പുറമേ, അവരിൽ പലരെ കുറിച്ചുമുള്ള ചില പ്രത്യേക വിവരങ്ങൾ പരാമർശിക്കുക കൂടി ചെയ്തതിൽനിന്ന് അവൻ അവരിൽ തത്പരനായിരുന്നു എന്നു നമുക്കു മനസ്സിലാക്കാൻ സാധിക്കും. (റോമ. 16:3-16) ആധുനിക നാളിലെ ചില സഞ്ചാര മേൽവിചാരകന്മാർ പേരുകൾ ഓർത്തിരിക്കുന്നതിൽ വളരെ സമർഥരാണ്. ആഴ്ചതോറും അവർ വ്യത്യസ്ത സഭകളാണു സന്ദർശിക്കുന്നത്, എന്നിട്ടുകൂടി അവർക്ക് അതിനു കഴിയുന്നു. എങ്ങനെയാണ് അവർക്ക് അതു സാധിക്കുന്നത്? ഒരു വ്യക്തിയുമായുള്ള ആദ്യ സംഭാഷണത്തിൽത്തന്നെ ആ വ്യക്തിയുടെ പേര് പല തവണ ഉപയോഗിക്കുന്നത് അവർ ഒരു ശീലമാക്കിയേക്കാം. ഒരു വ്യക്തിയുടെ പേര് അദ്ദേഹത്തിന്റെ മുഖവുമായി ബന്ധപ്പെടുത്തി ഓർത്തുവയ്ക്കാൻ അവർ ശ്രമം നടത്തുന്നു. കൂടാതെ, വയൽശുശ്രൂഷയിലേർപ്പെടുമ്പോഴും ഒരുമിച്ചുള്ള ഭക്ഷണവേളകളിലും അവർ വ്യത്യസ്ത ആളുകളോടൊപ്പം സമയം ചെലവിടുന്നു. ആരെയെങ്കിലും പരിചയപ്പെടുമ്പോൾ, ആ വ്യക്തിയുടെ പേര് ഓർത്തിരിക്കാൻ തക്കവണ്ണം നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ആദ്യംതന്നെ ആ പേര് ഓർത്തിരിക്കുന്നതിനുള്ള നല്ലൊരു കാരണം കണ്ടുപിടിക്കുക. തുടർന്ന് മേൽപ്പറഞ്ഞ നിർദേശങ്ങളിൽ ചിലതു പരീക്ഷിച്ചുനോക്കുക.
വായിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കുന്നതും പ്രധാനമാണ്. ഈ കാര്യത്തിൽ മെച്ചപ്പെടുന്നതിന് എന്തു സഹായിക്കും? ഇതിൽ താത്പര്യവും ഗ്രാഹ്യവും ഒരു പങ്കുവഹിക്കുന്നു. വായിക്കുന്ന കാര്യങ്ങളിൽ വേണ്ടത്ര താത്പര്യം ഉണ്ടായിരുന്നാലേ അതിൽ പൂർണമായി ശ്രദ്ധ പതിപ്പിക്കാൻ കഴിയൂ. വായിക്കുന്ന സമയത്ത് മനസ്സ് മറ്റെവിടെയെങ്കിലും ആണെങ്കിൽ വിവരങ്ങൾ ഓർമയിൽ പതിയില്ല. നിങ്ങൾക്കു പരിചയമുള്ള സംഗതികളുമായോ ഇപ്പോൾത്തന്നെ അറിയാവുന്ന വിവരങ്ങളുമായോ വായിക്കുന്ന കാര്യങ്ങളെ ബന്ധപ്പെടുത്തുന്ന പക്ഷം ഗ്രാഹ്യം മെച്ചപ്പെടുന്നതായിരിക്കും. നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘എനിക്ക് എന്റെ ജീവിതത്തിൽ ഈ വിവരങ്ങൾ എങ്ങനെ, എപ്പോൾ ബാധകമാക്കാൻ കഴിയും? മറ്റാരെയെങ്കിലും സഹായിക്കാൻ എനിക്ക് ഇവ എങ്ങനെ ഉപയോഗിക്കാൻ കഴിയും?’ പദങ്ങൾ പെറുക്കി പെറുക്കി വായിക്കുന്നതിനു പകരം ഒന്നിച്ചുനിൽക്കേണ്ട പദങ്ങൾ ഒരുമിച്ചു വായിക്കുന്നതും ഗ്രാഹ്യം മെച്ചപ്പെടുത്തും. കൂടുതൽ എളുപ്പത്തിൽ ആശയം ഗ്രഹിക്കാനും മുഖ്യാശയങ്ങൾ വേർതിരിച്ചു മനസ്സിലാക്കാനും അതു നിങ്ങളെ സഹായിക്കും. അപ്പോൾ അവ ഓർത്തിരിക്കാനും ഏറെ എളുപ്പമായിരിക്കും.
പുനരവലോകനത്തിനു സമയമെടുക്കുക
വിദ്യാഭ്യാസ വിദഗ്ധർ പുനരവലോകനത്തിന്റെ മൂല്യം ഊന്നിപ്പറയുന്നു. വായിച്ച ഉടനെ ഒരു മിനിട്ട് പുനരവലോകനം ചെയ്യുന്ന പക്ഷം, ഇരട്ടി വിവരങ്ങൾ ഓർത്തിരിക്കാൻ കഴിയുമെന്ന് ഒരു കോളെജ് പ്രൊഫസർ തെളിയിക്കുകയുണ്ടായി. അതുകൊണ്ട്, വായന പൂർത്തിയാക്കിയ ഉടൻ—അല്ലെങ്കിൽ ഗണ്യമായ ഒരു ഭാഗം വായിച്ചുതീർത്ത ഉടൻ—മുഖ്യ ആശയങ്ങൾ മനസ്സിൽ ഉറപ്പിച്ചു നിറുത്താൻ തക്കവണ്ണം അവ മനസ്സിൽ പുനരവലോകനം ചെയ്യുക. മനസ്സിലാക്കിയ ഏതെങ്കിലും പുതിയ പോയിന്റുകൾ സ്വന്തം വാക്കുകളിൽ നിങ്ങൾ എങ്ങനെ വിശദീകരിക്കുമെന്നു ചിന്തിക്കുക. ഒരാശയം വായിച്ച ഉടനെ ഓർമ പുതുക്കുന്നത് അതു കൂടുതൽ കാലം ഓർമയിൽ നിൽക്കാൻ ഇടയാക്കും.
തുടർന്നുള്ള ഏതാനും ദിവസങ്ങളിൽ, വായിച്ച കാര്യങ്ങൾ മറ്റാരെങ്കിലുമായി പങ്കുവെച്ചുകൊണ്ട് അവ പുനരവലോകനം ചെയ്യുന്നതിനുള്ള അവസരം തേടുക. കുടുംബത്തിലെയോ സഭയിലെയോ ഒരു അംഗവുമായോ കൂടെ ജോലിചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ആരെങ്കിലുമായോ അയൽക്കാരനുമായോ വയൽ ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആരെങ്കിലുമായോ നിങ്ങൾക്ക് ഇതു ചെയ്യാവുന്നതാണ്. പ്രധാനപ്പെട്ട വസ്തുതകൾ മാത്രം ആവർത്തിക്കാതെ അവയുമായി ബന്ധപ്പെട്ട തിരുവെഴുത്തു ന്യായവാദവും ഉൾപ്പെടുത്തുക. ഇപ്രകാരം ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുടെ ഓർമയിൽ പതിയാൻ സഹായിക്കും. ഒപ്പം അതു മറ്റുള്ളവർക്കും പ്രയോജനം ചെയ്യും.
പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുക
വായിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുകയും അതേക്കുറിച്ചു മറ്റുള്ളവരോടു പറയുകയും ചെയ്യുന്നതിനു പുറമേ, മനസ്സിലാക്കിയ പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുന്നതു പ്രയോജനകരമാണ്. ബൈബിൾ എഴുത്തുകാരായ ആസാഫും ദാവീദും അങ്ങനെ ചെയ്തു. ആസാഫ് ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.” (സങ്കീ. 77:11, 12) സമാനമായി ദാവീദ് എഴുതി: “ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനി”ക്കുന്നു, “ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു.” (സങ്കീ. 63:5; 143:5) നിങ്ങൾ അപ്രകാരം ചെയ്യുന്നുണ്ടോ?
യഹോവയുടെ പ്രവൃത്തികളെയും ഗുണങ്ങളെയും വെളിപ്പെടുത്തപ്പെട്ട ഹിതത്തെയും സംബന്ധിച്ച ഏകാഗ്രതയോടുകൂടിയ അത്തരം ആഴമായ ചിന്ത വസ്തുതകൾ ഓർത്തിരിക്കാൻ മാത്രമല്ല സഹായിക്കുന്നത്. അങ്ങനെ ചിന്തിക്കുന്നത് ഒരു ശീലമാക്കുന്നപക്ഷം ശരിക്കും മർമപ്രധാനമായ സംഗതികൾ നിങ്ങളുടെ ഹൃദയത്തിൽ പതിയുന്നതിന് ഇടവരും. അതു നിങ്ങളുടെ ആന്തരിക വ്യക്തിയെ കരുപ്പിടിപ്പിക്കും. അങ്ങനെ വിവരങ്ങൾ ഓർമകൾ മാത്രമായി സ്ഥാനംപിടിക്കുന്നതിനു പകരം അവ നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകൾകൂടി ആയിത്തീരും.—സങ്കീ. 119:16.
ദൈവാത്മാവിന്റെ പങ്ക്
യഹോവയുടെ പ്രവൃത്തികളെയും യേശുക്രിസ്തു പറഞ്ഞ കാര്യങ്ങളെയും സംബന്ധിച്ച സത്യങ്ങൾ ഓർമിക്കാൻ ശ്രമിക്കവേ നമുക്കു സഹായം ലഭ്യമാണ്. തന്റെ മരണത്തിന്റെ തലേ രാത്രി യേശു അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുളള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ [“സഹായകൻ,” പി.ഒ.സി. ബൈ.] നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹ. 14:25, 26) യേശു അതു പറഞ്ഞപ്പോൾ മത്തായിയും യോഹന്നാനും അവന്റെ സമീപത്ത് ഉണ്ടായിരുന്നു. അവരുടെ കാര്യത്തിൽ പരിശുദ്ധാത്മാവ് അത്തരത്തിലുള്ള ഒരു സഹായകനാണെന്നു തെളിഞ്ഞോ? തീർച്ചയായും! ഏതാണ്ട് എട്ടു വർഷങ്ങൾക്കു ശേഷം മത്തായി ക്രിസ്തുവിന്റെ ജീവിതം സംബന്ധിച്ച ആദ്യത്തെ വിശദമായ വൃത്താന്തത്തിന്റെ എഴുത്തു പൂർത്തിയാക്കി. ഗിരിപ്രഭാഷണവും ക്രിസ്തുവിന്റെ സാന്നിധ്യം, വ്യവസ്ഥിതിയുടെ സമാപനം എന്നിവയുടെ വിശദമായ അടയാളവും പോലുള്ള അമൂല്യമായ ഓർമകൾ ഉൾപ്പെടുന്ന ഒരു വിവരണമായിരുന്നു അത്. യേശുവിന്റെ മരണത്തിന് അറുപത്തഞ്ചു വർഷങ്ങൾക്കു ശേഷം അപ്പൊസ്തലനായ യോഹന്നാൻ തന്റെ സുവിശേഷം എഴുതി. കർത്താവു തന്റെ ജീവനെ വെച്ചുകൊടുക്കുന്നതിനു മുമ്പ്, അപ്പൊസ്തലന്മാർ അവനോടൊപ്പം ചെലവഴിച്ച അവസാന രാത്രിയിൽ അവൻ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. തങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോൾ യേശു പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ മത്തായിയും യോഹന്നാനും വ്യക്തമായി ഓർമിക്കുന്നുണ്ടായിരുന്നു എന്നതിനു സംശയമില്ല. എങ്കിലും, തന്റെ ലിഖിത വചനത്തിൽ ഉൾപ്പെടുത്താൻ യഹോവ ആഗ്രഹിച്ച സുപ്രധാന വിശദാംശങ്ങൾ അവർ മറന്നുപോയില്ല എന്ന് ഉറപ്പുവരുത്തുന്നതിൽ പരിശുദ്ധാത്മാവ് ഒരു പ്രമുഖ പങ്കുവഹിച്ചു.
പരിശുദ്ധാത്മാവ് ഇന്നത്തെ ദൈവദാസന്മാർക്ക് ഒരു സഹായകനായി വർത്തിക്കുന്നുണ്ടോ? തീർച്ചയായും! നാമൊരിക്കലും പഠിച്ചിട്ടില്ലാത്ത കാര്യങ്ങളെ പരിശുദ്ധാത്മാവ് നമ്മുടെ മനസ്സിൽ നിവേശിപ്പിക്കുന്നില്ല എന്നതു ശരിതന്നെ. എന്നാൽ മുമ്പു പഠിച്ചിട്ടുള്ള പ്രധാന കാര്യങ്ങൾ നമ്മുടെ മനസ്സിലേക്കു തിരികെ കൊണ്ടുവരുന്ന ഒരു സഹായകനായി അതു വർത്തിക്കുകതന്നെ ചെയ്യുന്നു. (ലൂക്കൊ. 11:13; 1 യോഹ. 5:14) അങ്ങനെ ആവശ്യം വരുമ്പോൾ “വിശുദ്ധ പ്രവാചകന്മാർ മുമ്പു പറഞ്ഞ വചനങ്ങളും . . . കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർമിക്കാൻ” തക്കവണ്ണം നമ്മുടെ ചിന്താപ്രാപ്തികൾ ഉണർത്തപ്പെടുന്നു.—2 പത്രൊ. 3:1, 2, NW.
‘മറക്കരുത്’
യഹോവ ഇസ്രായേലിന് ‘മറക്കരുത്’ എന്ന് ആവർത്തിച്ചു മുന്നറിയിപ്പു നൽകി. അവർ എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ ഓർത്തിരിക്കാൻ അവൻ പ്രതീക്ഷിച്ചു എന്നല്ല അതിന്റെ അർഥം. എന്നാൽ, യഹോവയുടെ ഇടപെടലുകൾ സംബന്ധിച്ച ഓർമകളെ പിന്നിലേക്കു തള്ളുന്ന അളവോളം അവർ വ്യക്തിപരമായ അനുധാവനങ്ങളിൽ മുഴുകാൻ പാടില്ലായിരുന്നു. യഹോവയുടെ ദൂതൻ ഈജിപ്തിലെ ആദ്യജാതന്മാരെയെല്ലാം കൊന്നൊടുക്കിയപ്പോഴും അതുപോലെ യഹോവ ചെങ്കടലിനെ വിഭജിക്കുകയും തുടർന്ന് ഫറവോനെയും സൈന്യത്തെയും അതിൽ മുക്കി കൊന്നുകൊണ്ട് അതു പൂർവസ്ഥിതിയിലാക്കുകയും ചെയ്തപ്പോഴും അവർക്ക് ആസ്വദിക്കാൻ കഴിഞ്ഞ യഹോവയുടെ വിടുതലിനെ കുറിച്ചുള്ള ഓർമകൾ അവർ മനസ്സിൽ അണയാതെ സൂക്ഷിക്കണമായിരുന്നു. സീനായ് പർവതത്തിങ്കൽവെച്ച് ദൈവം തങ്ങൾക്കു ന്യായപ്രമാണം തന്നെന്നും അവൻ തങ്ങളെ മരുഭൂമിയിലൂടെ വാഗ്ദത്ത ദേശത്തേക്കു നയിച്ചെന്നും ഇസ്രായേല്യർ ഓർമിക്കേണ്ടിയിരുന്നു. ഈ കാര്യങ്ങളെ കുറിച്ചുള്ള ഓർമകൾ അവരുടെ അനുദിന ജീവിതത്തിൽ ശക്തമായ സ്വാധീനമായി തുടരണമെന്ന അർഥത്തിലാണ് അവർ മറക്കാതിരിക്കേണ്ടിയിരുന്നത്.—ആവ. 4:9, 10; 8:10-18; പുറ. 12:24-27; സങ്കീ. 136:15.
നാമും മറക്കാതിരിക്കാൻ ശ്രദ്ധയുള്ളവർ ആയിരിക്കണം. ജീവിത സമ്മർദങ്ങളെ കൈകാര്യം ചെയ്യവേ നമ്മൾ യഹോവയെ ഓർക്കേണ്ടതുണ്ട്, അവൻ എങ്ങനെയുള്ള ഒരു ദൈവമാണെന്നും പൂർണതയുള്ള ജീവൻ നാം എന്നേക്കും ആസ്വദിക്കത്തക്കവണ്ണം നമ്മുടെ പാപങ്ങൾക്കുള്ള ഒരു മറുവിലയായി തന്റെ പുത്രനെ നൽകുകവഴി അവൻ പ്രകടമാക്കിയ സ്നേഹവും മനസ്സിൽ പിടിച്ചുകൊണ്ടുതന്നെ. (സങ്കീ. 103:2, 8; 106:7, 13; യോഹ. 3:16; റോമ. 6:23) ക്രമമായ ബൈബിൾ വായനയും സഭായോഗങ്ങളിലും വയൽ ശുശ്രൂഷയിലും ഉള്ള സജീവമായ പങ്കുപറ്റലും ഈ അമൂല്യ സത്യങ്ങൾ നമ്മുടെയുള്ളിൽ ജ്വലിച്ചു നിൽക്കാൻ ഇടയാക്കും.
ജീവിതത്തിൽ ചെറുതും വലുതുമായ തീരുമാനങ്ങളെ അഭിമുഖീകരിക്കുമ്പോൾ ആ മർമപ്രധാന സത്യങ്ങൾ ഓർമയിലേക്കു കൊണ്ടുവരിക. അവ നിങ്ങളുടെ ചിന്തയെ സ്വാധീനിക്കട്ടെ. മറക്കുന്നവർ ആയിരിക്കരുത്. മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കുക. കേവലം ഒരു ജഡിക വീക്ഷണകോണിൽനിന്നു കാര്യങ്ങളെ നോക്കിക്കാണുകയോ ഒരു അപൂർണ ഹൃദയത്തിന്റെ എടുത്തുചാട്ടത്തെ ആശ്രയിക്കുകയോ ചെയ്യുന്നതിനു പകരം, ‘ദൈവവചനത്തിലെ ഏതു ബുദ്ധിയുപദേശമാണ് അല്ലെങ്കിൽ തത്ത്വങ്ങളാണ് എന്റെ തീരുമാനത്തിൽ സ്വാധീനം ചെലുത്തേണ്ടത്?’ എന്നു സ്വയം ചോദിക്കുക. (സദൃ. 3:5-7; 28:26) ഒരിക്കലും വായിക്കുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ നിങ്ങൾക്ക് ഓർമിക്കാൻ കഴിയില്ല. എന്നാൽ നിങ്ങൾ സൂക്ഷ്മ പരിജ്ഞാനത്തിലും യഹോവയോടുള്ള സ്നേഹത്തിലും വളരവേ, ദൈവാത്മാവിനു നിങ്ങളുടെ ഓർമയിലേക്കു കൊണ്ടുവരാൻ കഴിയുന്ന അറിവിന്റെ ഭണ്ഡാരം വികസിക്കും. യഹോവയോടുള്ള വർധിച്ചുവരുന്ന സ്നേഹം അതിന് അനുസൃതമായി പ്രവർത്തിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും.