വീണ്ടും ജനിക്കുന്നവർ ആരാണ്?
എല്ലാ നല്ല ആളുകളും സ്വർഗ്ഗത്തിൽ പോകുന്നുവോ? അനേകർ അങ്ങനെ ചിന്തിക്കുന്നു, എന്നാൽ യേശുക്രിസ്തു അതിനോടു യോജിച്ചില്ല. രാത്രിയിൽ രഹസ്യമായി തന്റെ അടുക്കൽവന്ന യഹൂദഭരണാധികാരിയായ നിക്കോദേമോസിനോടു സംസാരിച്ചുകൊണ്ടു യേശു ഇങ്ങനെ പറഞ്ഞു: “ഒരു മനുഷ്യനും സ്വർഗ്ഗത്തിലേക്കു കയറിപ്പോയിട്ടില്ല.”—യോഹന്നാൻ 3:13, NW.
എങ്കിലും, ചില ആളുകൾക്കു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാനുള്ള ഒരവസരം ലഭിക്കുന്ന സമയം വരുമെന്നു യേശു നിക്കോദേമോസിനോടു സൂചിപ്പിച്ചു. ഇവരെക്കുറിച്ചു യേശു ഇപ്രകാരം പറഞ്ഞു: “വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.” എന്നാൽ ആർക്കെങ്കിലും വീണ്ടും ജനിക്കാൻ എങ്ങനെ കഴിയുമെന്നു നിക്കോദേമോസ് ആശ്ചര്യപ്പെട്ടു.—യോഹന്നാൻ 3:1-9.
യേശു എന്താണ് അർത്ഥമാക്കിയതെന്ന് ഒരുപക്ഷേ നിങ്ങളും അത്ഭുതപ്പെടുന്നുണ്ടാവാം. തങ്ങൾ ദൈവത്തിന്റെ പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞിരിക്കുന്നുവെന്നു വിചാരിക്കുന്ന അനേകർ അവകാശപ്പെടുന്ന പെട്ടെന്നുള്ള മാനസാന്തരാനുഭവങ്ങൾക്ക് അവന്റെ വാക്കുകൾ ബാധകമാക്കാൻ കഴിയുമോ?
വികാരങ്ങളും മനസ്സും
ഒരു വ്യക്തി വീണ്ടും ജനിച്ചിട്ടുണ്ടോ എന്നു തീരുമാനിക്കുന്നതിൽ ആത്മാവിന്റെ ശക്തിയുടെ അനുഭവം ആണു ഗണനീയമായിരിക്കുന്നതെന്നു ചിലർ പറയുന്നു. എന്നിരുന്നാലും, പ്രത്യേകിച്ച് ശക്തമായ വികാരത്താൽ സ്വാധീനിക്കപ്പെടുന്നുവെങ്കിൽ നമ്മുടെ ഹൃദയത്തിനും മനസ്സിനും നമ്മെ വഞ്ചിക്കാൻ കഴിയും.—യിരെമ്യാവു 17:9.
മനസ്സിൻമേലുള്ള വികാരത്തിന്റെ ഫലങ്ങളെ സംബന്ധിച്ചു ഗവേഷണം നടത്തുന്ന വില്യം സർജെൻറ്, “നമ്മുടെ തലച്ചോറുകൾ നമ്മെ വഴിതെററിച്ചുകൊണ്ടിരുന്നേക്കാവുന്ന സമയത്തുള്ള വൈകാരിക ഉദ്ദീപനത്തിന്റെ അവസ്ഥകളിൽ ആർജ്ജിച്ച വിശ്വാസങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കേണ്ട”തിന്റെ ആവശ്യത്തെക്കുറിച്ചു സംസാരിക്കുന്നു. സർജെൻറ് പറയുന്നതനുസരിച്ച്, ഒരു ഉദാഹരണം ഉണർവു പ്രസംഗത്തിന്റെ ഫലവും നരകാഗ്നി ശിക്ഷയുടെ ഭീഷണിയുമാണ്. തിരഞ്ഞെടുക്കാനുള്ള മറെറാരു ഭാവി നിത്യദണ്ഡനം മാത്രമാണെങ്കിൽ ആരാണു വീണ്ടും ജനിച്ചു സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിക്കാത്തത്? അത്തരം വൈകാരിക സമ്മർദ്ദത്തിൻകീഴിൽ “ന്യായബോധം മറിച്ചിടപ്പെടുന്നു, സാധാരണ തലച്ചോർ കമ്പ്യൂട്ടർ താത്ക്കാലികമായി പ്രവർത്തനരഹിതമാക്കപ്പെടുന്നു, പുതിയ ആശയങ്ങളും വിശ്വാസങ്ങളും ചോദ്യംചെയ്യാതെ സ്വീകരിക്കപ്പെടുന്നു.” എന്നു സാർജൻറ് പറയുന്നു.—ബാധിക്കപ്പെട്ട മനസ്സ് [The Mind Possessed.].
അങ്ങനെയെങ്കിൽ, വീണ്ടും ജനനം എന്ന വിഷയത്തിലുള്ള ഒരു വിശ്വാസം “വിമർശനം കൂടാതെ സ്വീകരിക്കപ്പെട്ടിരിക്കുകയാണോയെന്നു” ഒരുവന് എങ്ങനെ നിശ്ചയപ്പെടുത്താൻ കഴിയും? ബൈബിളെഴുത്തുകാർ രേഖപ്പെടുത്താൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇടയാക്കിയ സകല കാര്യങ്ങളാലും നയിക്കപ്പെടുകയെന്നതാണു യഥാർത്ഥ ജ്ഞാനത്തിന്റെ ഗതി. ‘ചിന്താശക്തിയോടെ’ ദൈവത്തെ ആരാധിക്കാൻ ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു, തങ്ങൾ വിശ്വസിക്കുന്നതു സത്യമാണെന്ന് അവർ ഉറപ്പുവരുത്തേണ്ടയാവശ്യവുമുണ്ട്.—റോമർ 12:1, 2, NW; 1 തെസ്സലൊനീക്യർ 5:21.
വീണ്ടും ജനിക്കുന്നത് ഏതുകാലത്തും മനുഷ്യർക്കു വെച്ചുനീട്ടിയിട്ടുള്ള അതിവിശിഷ്ടമായ പദവികളിൽ ഒന്നു തുറന്നുതരുന്നു. ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിലെ യഥാർത്ഥത്തിൽ ശ്രദ്ധേയമായ ഒരു വികാസത്തോട് ഇതു ബന്ധപ്പെട്ടിരിക്കുന്നു. ഇതെല്ലാം സത്യമാണെങ്കിലും ഇതുപോലെയുള്ള ചോദ്യങ്ങൾ ഉദിക്കുന്നു: വീണ്ടും ജനിക്കുന്നവർ ആരാണ്? ഇത് എങ്ങനെ സംഭവിക്കുന്നു? അത്തരം വ്യക്തികൾക്കുമുമ്പിൽ എന്തു പ്രതീക്ഷകൾ വെക്കപ്പെടുന്നു? അവർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?
[3-ാം പേജിലെ ചിത്രം]
ആർക്കെങ്കിലും എങ്ങനെ വീണ്ടും ജനിക്കാൻ കഴിയുമെന്നു നിക്കോദേമോസ് ആശ്ചര്യപ്പെട്ടു