സ്വർഗീയ പൗരത്വമുള്ള ക്രിസ്തീയ സാക്ഷികൾ
“നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു.”—ഫിലിപ്പിയർ 3:20.
1. ചില മനുഷ്യരെ സംബന്ധിച്ച് യഹോവയുടെ അത്ഭുതകരമായ ഉദ്ദേശ്യമെന്ത്?
മനുഷ്യരായിപ്പിറന്നവർ ദൂതൻമാർക്കുപോലും മേലായി സ്വർഗത്തിൽ രാജാക്കൻമാരും പുരോഹിതൻമാരുമായി വാഴും. (1 കൊരിന്ത്യർ 6:2, 3; വെളിപ്പാടു 20:6) എന്തൊരു വിസ്മയാവഹമായ സത്യമാണത്! എങ്കിലും, അത് യഹോവയുടെ ഉദ്ദേശ്യമാണ്, തന്റെ ഏകജാത പുത്രനായ യേശുക്രിസ്തുവിലൂടെ അവൻ അതു പൂർത്തിയാക്കുന്നു. നമ്മുടെ സ്രഷ്ടാവ് അത്തരമൊരു കാര്യം ചെയ്യാൻ കാരണമെന്താണ്? അതേപ്പറ്റിയുള്ള അറിവ് ഒരു ക്രിസ്ത്യാനിയെ എങ്ങനെ ബാധിക്കണം? ഈ ചോദ്യങ്ങൾക്കു ബൈബിൾ എങ്ങനെ ഉത്തരം നൽകുന്നുവെന്നു നമുക്കു കാണാം.
2. യേശു എന്തു പുതിയ കാര്യം ചെയ്യുമെന്നാണു യോഹന്നാൻ സ്നാപകൻ ഘോഷിച്ചത്, ഈ പുതിയ സംഗതി എന്തുമായി ബന്ധപ്പെട്ടതായിരുന്നു?
2 യേശുവിനു വഴിയൊരുക്കവേ യോഹന്നാൻ സ്നാപകൻ, യേശു ഒരു പുതിയ കാര്യം ചെയ്യുമെന്നു ഘോഷിച്ചു. വിവരണം ഇങ്ങനെ പറയുന്നു: “എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല. ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ [യോഹന്നാൻ] പ്രസംഗിച്ചുപറഞ്ഞു.” (മർക്കൊസ് 1:7, 8) അതിനുമുമ്പ് ആരും പരിശുദ്ധാത്മാവിനാൽ സ്നാപനമേറ്റിരുന്നില്ല. ഇത് പരിശുദ്ധാത്മാവ് ഉൾപ്പെടുന്ന ഒരു പുതിയ ക്രമീകരണമായിരുന്നു, സ്വർഗീയ ഭരണത്തിനുവേണ്ടി മനുഷ്യരെ ഒരുക്കുന്നതു സംബന്ധിച്ച യഹോവയുടെ വെളിപ്പെടുത്താൻ പോകുന്ന ഉദ്ദേശ്യത്തോടു ബന്ധപ്പെട്ടതായിരുന്നു അത്.
“വീണ്ടും ജനിച്ച”വർ
3. സ്വർഗരാജ്യത്തെപ്പറ്റി എന്തു പുതിയ വിവരങ്ങളാണ് യേശു നിക്കോദേമൊസിനോടു വിവരിച്ചത്?
3 ഒരു പരീശ പ്രമാണിയുമായി നടന്ന രഹസ്യ കൂടിക്കാഴ്ചയിൽ യേശു ഈ ദിവ്യോദ്ദേശ്യത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തി. നിക്കോദേമൊസ് എന്ന ആ പരീശൻ രാത്രിയിൽ യേശുവിനെ സമീപിച്ചു. യേശു അവനോട് ഇങ്ങനെ പറഞ്ഞു: “പുതുതായി [“വീണ്ടും,” NW] ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല.” (യോഹന്നാൻ 3:3) ഒരു പരീശനെന്ന നിലയിൽ എബ്രായ തിരുവെഴുത്തുകൾ പഠിച്ചിരിക്കാനിടയുള്ള നിക്കോദേമൊസിനു ദൈവരാജ്യത്തെക്കുറിച്ചുള്ള മഹത്തായ സത്യം സംബന്ധിച്ചു കുറച്ചൊക്കെ അറിയാമായിരുന്നു. “മനുഷ്യപുത്രനോടു സദൃശനായ” ഒരുവനും “അത്യുന്നതന്റെ വിശുദ്ധൻമാരായ ജനത്തി”നും രാജ്യം നൽകപ്പെടുമെന്നു ദാനിയേലിന്റെ പുസ്തകം പ്രവചിച്ചു. (ദാനീയേൽ 7:13, 14, 27) ആ രാജ്യം മറ്റു സകല രാജത്വങ്ങളെയും “തകർത്തു നശിപ്പിക്കുകയും” എന്നേക്കും നിലനിൽക്കുകയും ചെയ്യണമായിരുന്നു. (ദാനീയേൽ 2:44) ഈ പ്രവചനങ്ങൾ യഹൂദ ജനതയോടുള്ള ബന്ധത്തിൽ നിവൃത്തിയേറമെന്ന നിക്കോദേമൊസ് ചിന്തിച്ചിരിക്കാൻ സാധ്യതയുണ്ട്; എന്നാൽ ആ രാജ്യം കാണുന്നതിന് ഒരുവൻ വീണ്ടും ജനിക്കേണ്ടതുണ്ട് എന്ന് യേശു പറഞ്ഞു. നിക്കോദേമൊസിനു കാര്യം പിടികിട്ടിയില്ല, തൻമൂലം യേശു തുടർന്നു പറഞ്ഞു: “വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.”—യോഹന്നാൻ 3:5.
4. പരിശുദ്ധാത്മാവിൽ ജനിച്ചവർക്ക് യഹോവയുമായുള്ള അവരുടെ ബന്ധത്തിന് എങ്ങനെയാണു മാറ്റം വരുന്നത്?
4 പരിശുദ്ധാത്മാവിനാലുള്ള സ്നാപനത്തെപ്പറ്റി യോഹന്നാൻ സ്നാപകൻ സംസാരിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ദൈവരാജ്യത്തിൽ പ്രവേശിക്കേണ്ടതിന് ഒരുവൻ പരിശുദ്ധാത്മാവിൽ ജനിക്കണം എന്ന് യേശു കൂട്ടിച്ചേർക്കുന്നു. ഈ അനുപമമായ ജനനത്തിലൂടെ അപൂർണരായ സ്ത്രീപുരുഷൻമാർ യഹോവയാം ദൈവവുമായി ഒരു പ്രത്യേക ബന്ധത്തിൽ വരുന്നു. അവർ അവന്റെ ദത്തു മക്കളായിത്തീരുന്നു. “അവനെ [യേശുവിനെ] കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽനിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽനിന്നത്രേ ജനിച്ചതു” എന്നു നാം വായിക്കുന്നു.—യോഹന്നാൻ 1:12, 13; റോമർ 8:15.
ദൈവമക്കൾ
5. ആദ്യത്തെ വിശ്വസ്ത ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ സ്നാപനമേറ്റത് എപ്പോൾ, അതേ സമയംതന്നെ അതിനോടു ബന്ധപ്പെട്ട പരിശുദ്ധാത്മാവിന്റെ എന്തു പ്രവർത്തനങ്ങളാണു സംഭവിച്ചത്?
5 യേശു നിക്കോദേമൊസിനോടു സംസാരിക്കുന്നതിനു മുമ്പുതന്നെ, ദൈവരാജ്യത്തിലെ ഭാവി രാജത്വത്തിനുവേണ്ടി യേശുവിനെ അഭിഷേകം ചെയ്തുകൊണ്ട് പരിശുദ്ധാത്മാവ് അവന്റെമേൽ ആവസിച്ചിരുന്നു. അപ്പോൾ യേശു തന്റെ പുത്രനാണെന്നു ദൈവം പരസ്യമായി അംഗീകരിക്കുകയും ചെയ്തിരുന്നു. (മത്തായി 3:16, 17) പൊ.യു. (പൊതുയുഗം) 33-ൽ യഹോവ കൂടുതൽ ആത്മീയ മക്കളെ ജനിപ്പിച്ചു. യെരുശലേമിൽ മാളികമുകളിലിരുന്ന വിശ്വസ്ത ശിഷ്യൻമാർ പരിശുദ്ധാത്മാവിനാൽ സ്നാപനമേറ്റു. അതേസമയംതന്നെ അവർ ദൈവത്തിന്റെ ആത്മീയ പുത്രൻമാർ ആയിത്തീരേണ്ടതിനു പരിശുദ്ധാത്മാവിൽ വീണ്ടും ജനിക്കുകയുണ്ടായി. (പ്രവൃത്തികൾ 2:2-4, 38; റോമർ 8:15) കൂടാതെ, ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒരു സ്വർഗീയ അവകാശത്തിനായി അവർ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാക്കപ്പെട്ടു, ആ സ്വർഗീയ പ്രത്യാശയുടെ ഉറപ്പിന്റെ സൂചകമായി പ്രാഥമികമായി അവർ മുദ്രയിടപ്പെടുകയും ചെയ്തു.—2 കൊരിന്ത്യർ 1:21, 22.
6. സ്വർഗീയ രാജ്യം സംബന്ധിച്ച് യഹോവയുടെ ഉദ്ദേശ്യമെന്ത്, മനുഷ്യർക്ക് അതിൽ ഒരു പങ്കുണ്ടായിരിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
6 ആ രാജ്യത്തിൽ പ്രവേശിക്കുന്നതിന് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അപൂർണ മനുഷ്യർ ഇവരായിരുന്നു. അതായത്, അവരുടെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം മനുഷ്യവർഗത്തിന്റെയും ദൂതൻമാരുടെയുംമേൽ ഭരണം നടത്താനിരിക്കുന്ന സ്വർഗീയ രാജ്യത്തിന്റെ ഭാഗമായിരിക്കണമായിരുന്നു. ഈ രാജ്യം മുഖാന്തരം തന്റെ മഹനീയ നാമം വിശുദ്ധമാക്കപ്പെടുന്നതിനും സകല സൃഷ്ടിയുടെയും മുമ്പാകെ തന്റെ പരമാധികാരം സംസ്ഥാപിക്കപ്പെടുന്നതിനും യഹോവ ഉദ്ദേശിക്കുന്നു. (മത്തായി 6:9, 10; യോഹന്നാൻ 12:28) മനുഷ്യർക്ക് ആ രാജ്യത്തിൽ പങ്കുണ്ടായിരിക്കുക എന്നത് എത്ര ഉചിതമാണ്! പണ്ട്, ഏദെൻ തോട്ടത്തിൽ യഹോവയുടെ പരമാധികാരത്തിനെതിരെ സാത്താൻ തന്റെ ആദ്യത്തെ വെല്ലുവിളി ഉയർത്തിയത് മനുഷ്യരെ ഉപയോഗിച്ചുകൊണ്ടാണ്. ആ വെല്ലുവിളിക്ക് ഉത്തരം നൽകുന്നതിൽ മനുഷ്യർ ഉൾപ്പെടണമെന്ന് ഇപ്പോൾ യഹോവ ഉദ്ദേശിക്കുന്നു. (ഉല്പത്തി 3:1-6; യോഹന്നാൻ 8:44) ആ രാജ്യത്തിൽ ഭരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് അപ്പോസ്തലനായ പത്രോസ് എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശക്കായി, അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിനായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.”—1 പത്രൊസ് 1:3, 4.
7. പരിശുദ്ധാത്മാവിനാൽ സ്നാപനമേറ്റവർ യേശുവുമായി അനുപമമായ എന്തു ബന്ധമാണ് ആസ്വദിക്കുന്നത്?
7 ദൈവത്തിന്റെ ദത്തെടുക്കപ്പെട്ട പുത്രൻമാരെന്ന നിലയിൽ, തിരഞ്ഞെടുക്കപ്പെട്ട ഈ ക്രിസ്ത്യാനികൾ യേശുക്രിസ്തുവിന്റെ സഹോദരൻമാരായിത്തീർന്നു. (റോമർ 8:16, 17; 9:4, 26; എബ്രായർ 2:11) അബ്രഹാമിനോടു വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി യേശുവാണെന്നു തെളിഞ്ഞതിനാൽ ആത്മാഭിഷിക്തരായ ഈ ക്രിസ്ത്യാനികൾ വിശ്വാസികളായ മനുഷ്യവർഗത്തിന് ഒരു അനുഗ്രഹമായിത്തീരുന്ന ആ സന്തതിയുടെ ഒരു കൂട്ടുഘടകം അഥവാ ഉപഘടകം ആണ്. (ഉല്പത്തി 22:17, 18; ഗലാത്യർ 3:16, 26, 29) എന്തനുഗ്രഹം? പാപത്തിൽനിന്നു വിടുതൽ നേടി ദൈവവുമായി അനുരഞ്ജനത്തിലാകുന്നതിനും ഇപ്പോഴും എന്നേക്കും അവനെ സേവിക്കുന്നതിനും ഉള്ള അവസരം. (മത്തായി 4:23; 20:28; യോഹന്നാൻ 3:16, 36; 1 യോഹന്നാൻ 2:1, 2) തങ്ങളുടെ ആത്മീയ സഹോദരനായ യേശുക്രിസ്തുവിനും ദത്തുപിതാവായ യഹോവയാം ദൈവത്തിനും സാക്ഷ്യം നൽകിക്കൊണ്ട് ഭൂമിയിലുള്ള അഭിഷിക്ത ക്രിസ്ത്യാനികൾ ഹൃദയപരമാർഥതയുള്ള ആളുകളെ ഈ അനുഗ്രഹത്തിലേക്കു നയിക്കുന്നു.—പ്രവൃത്തികൾ 1:8; എബ്രായർ 13:15.
8. ദൈവത്തിന്റെ ആത്മജാത പുത്രൻമാരുടെ ‘വെളിപ്പെടൽ’ എന്താണ്?
8 ബൈബിൾ ഈ ആത്മജാത പുത്രൻമാരുടെ ഒരു “വെളിപ്പെടലി”നെപ്പറ്റി പറയുന്നുണ്ട്. (റോമർ 8:19, NW) യേശുവിനോടൊപ്പം സഹ രാജാക്കൻമാരായി ആ രാജ്യത്തിൽ പ്രവേശിച്ചുകൊണ്ട് സാത്താന്റെ ലോക വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിൽ അവർ പങ്കുപറ്റുന്നു. അതിനുശേഷം ആയിരം വർഷത്തേക്ക് അവർ മനുഷ്യവർഗത്തിനു മറുവിലയാഗത്തിന്റെ പ്രയോജനം തിരിച്ചുവിടാൻ സഹായിക്കുകയും അങ്ങനെ ആദാം നഷ്ടപ്പെടുത്തിയ പൂർണതയിലേക്ക് അവരെ ഉയർത്തുകയും ചെയ്യുന്നു. (2 തെസ്സലൊനീക്യർ 1:8-10; വെളിപ്പാടു 2:26, 27; 20:6; 22:1, 2) അവരുടെ വെളിപ്പെടലിൽ ഇതെല്ലാം ഉൾപ്പെടുന്നു. വിശാസമുള്ള മനുഷ്യ സൃഷ്ടി അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണത്.
9. അഭിഷിക്ത ക്രിസ്ത്യാനികളുടെ ലോകവ്യാപക സംഘത്തെ ബൈബിൾ എങ്ങനെയാണു പരാമർശിക്കുന്നത്?
9 അഭിഷിക്ത ക്രിസ്ത്യാനികളുടെ ലോകവ്യാപക സംഘം ‘സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതൻമാരുടെ സഭ’യാണ്. (എബ്രായർ 12:23) യേശുവിന്റെ മറുവിലയാഗത്തിൽനിന്ന് ആദ്യം പ്രയോജനമനുഭവിക്കുന്നവർ അവരാണ്. അവർ “ക്രിസ്തുവിന്റെ ശരീരവു”മാണ്. അത് തമ്മിൽത്തമ്മിലും യേശുവുമായും ഉള്ള അവരുടെ ഉറ്റബന്ധത്തെ കാണിക്കുന്നു. (1 കൊരിന്ത്യർ 12:27) “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദൻമാരോ യവനൻമാരോ ദാസൻമാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റു എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു” എന്നു പൗലോസ് എഴുതി.—1 കൊരിന്ത്യർ 12:12, 13; റോമർ 12:5; എഫെസ്യർ 1:22, 23; 3:6.
‘ദൈവത്തിന്റെ ഇസ്രായേൽ’
10, 11. ഒന്നാം നൂറ്റാണ്ടിൽ ഒരു പുതിയ ഇസ്രായേൽ ആവശ്യമായിരുന്നത് എന്തുകൊണ്ടാണ്, ഈ പുതിയ ജനത ആരാൽ നിർമിതമാണ്?
10 യേശു വാഗ്ദത്ത മിശിഹായായി വരുന്നതിന് 1,500-ലധികം വർഷംമുമ്പ് ജഡിക ഇസ്രായേൽ ജനതയായിരുന്നു യഹോവയുടെ പ്രത്യേക ജനം. നിരന്തരം ഓർമിപ്പിക്കലുകൾ നൽകിയിട്ടും ആ ജനത ഒന്നടങ്കം അവിശ്വസ്തരെന്നു തെളിവു നൽകി. യേശു പ്രത്യക്ഷനായപ്പോൾ ജനത അവനെ തള്ളിക്കളഞ്ഞു. (യോഹന്നാൻ 1:11) തൻമൂലം യേശു യഹൂദ മതനേതാക്കൻമാരോടു പറഞ്ഞു: “ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും.” (മത്തായി 21:43) “[രാജ്യത്തിന്റ] ഫലം കൊടുക്കുന്ന ജാതി”യെ തിരിച്ചറിയുന്നത് രക്ഷയ്ക്കു ജീവത്പ്രധാനമാണ്.
11 പൊ.യു. 33-ലെ പെന്തക്കോസ്തിൽ പിറന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയാണു പുതിയ ജനത. യേശുവിനെ തങ്ങളുടെ സ്വർഗീയ രാജാവായി സ്വീകരിച്ച യഹൂദ ശിഷ്യൻമാരാണ് അതിന്റെ ആദ്യത്തെ അംഗങ്ങൾ. (പ്രവൃത്തികൾ 2:5, 32-36) എന്നിരുന്നാലും, അവർ ദൈവത്തിന്റെ പുതിയ ജനതയിലെ അംഗങ്ങളായിരുന്നു, യഹൂദരായി പിറന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, യേശുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അങ്ങനെ, ഈ ദൈവത്തിന്റെ പുതിയ ഇസ്രായേൽ അനുപമമായിരുന്നു—ഒരു ആത്മീയ ജനത. യഹൂദൻമാരിൽ ഭൂരിപക്ഷവും യേശുവിനെ സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ പുതിയ ജനതയുടെ ഭാഗമായിരിക്കാനുള്ള ക്ഷണം ശമര്യാക്കാർക്കും പിന്നീടു വിജാതീയർക്കും നൽകപ്പെടുകയുണ്ടായി. ഈ പുതിയ ജനത, ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്നു വിളിക്കപ്പെട്ടു.—ഗലാത്യർ 6:16.
12, 13. പുതിയ ഇസ്രായേൽ യഹൂദമതത്തിന്റെ ഒരു വിഭാഗമല്ലായിരുന്നു എന്നു വ്യക്തമായത് എങ്ങനെ?
12 പുരാതന ഇസ്രായേലിൽ യഹൂദേതരർ മതപരിവർത്തനം ചെയ്തപ്പോൾ അവർ മോശൈക ന്യായപ്രമാണത്തിനു കീഴ്പെടേണ്ടിയിരുന്നു, പുരുഷൻമാർ ഇത് പരിച്ഛേദനയിലൂടെ പ്രതീകപ്പെടുത്തണമായിരുന്നു. (പുറപ്പാടു 12:48, 49) ദൈവത്തിന്റെ ഇസ്രായേലിലുള്ള യഹൂദേതരരുടെ കാര്യത്തിലും ഇതു ബാധകമായിരിക്കണമെന്നു ചില യഹൂദ ക്രിസ്ത്യാനികൾക്കു തോന്നി. എന്നിരുന്നാലും, യഹോവയുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. പരിശുദ്ധാത്മാവ് അപ്പോസ്തലനായ പത്രോസിനെ വിജാതീയനായിരുന്ന കൊർന്നേല്യോസിന്റെ വീട്ടിലേക്കു നയിച്ചു. കൊർന്നേല്യോസും അവന്റെ കുടുംബാംഗങ്ങളും പത്രോസിന്റെ പ്രസംഗത്തോടു പ്രതികരിച്ചപ്പോൾ, ജലസ്നാപനമേൽക്കുന്നതിനു മുമ്പുപോലും അവർക്കു പരിശുദ്ധാത്മാവിനെ ലഭിച്ചു. മോശൈക ന്യായപ്രമാണത്തിനു കീഴ്പെടണമെന്ന് ആവശ്യപ്പെടാതെ ദൈവത്തിന്റെ ഇസ്രായേലിന്റെ അംഗങ്ങളായി ഈ വിജാതീയരെ യഹോവ സ്വീകരിച്ചുവെന്ന് ഇതു വ്യക്തമായി പ്രകടമാക്കി.—പ്രവൃത്തികൾ 10:21-48.
13 വിശ്വാസികളിൽ ചിലർക്ക് ഇത് ഉൾക്കൊള്ളുക പ്രയാസകരമായി തോന്നി. പെട്ടെന്നുതന്നെ മുഴു സംഗതിയും യെരുശലേമിലുള്ള അപ്പോസ്തലൻമാർക്കും മൂപ്പൻമാർക്കും ചർച്ചചെയ്യേണ്ടിവന്നു. പരിശുദ്ധാത്മാവ് യഹൂദേതര വിശ്വാസികളുടെമേൽ എങ്ങനെ കർമനിരതമായിരിക്കുന്നുവെന്നു വിശദമാക്കുന്ന സാക്ഷ്യം ആ ആധികാരിക സംഘം ശ്രദ്ധിച്ചു കേട്ടു. ഇത് നിശ്വസ്ത പ്രവചനത്തിന്റെ നിവൃത്തിയാണെന്നു ബൈബിൾ ഗവേഷണം പ്രകടമാക്കി. (യെശയ്യാവു 55:5; ആമോസ് 9:11, 12) യഹൂദേതര ക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണത്തിനു കീഴ്പെടേണ്ടതില്ലെന്ന ഒരു ശരിയായ തീരുമാനത്തിൽ എത്തിച്ചേർന്നു. (പ്രവൃത്തികൾ 15:1, 6-29) അങ്ങനെ, ആത്മീയ ഇസ്രായേല്യർ യഥാർഥത്തിൽ ഒരു പുതിയ ജനതയായിരുന്നു. യഹൂദമതത്തിന്റെ ഒരു വിഭാഗമല്ല.
14. ക്രിസ്തീയ സഭയെ യാക്കോബ് “ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങ”ളെന്നു വിളിച്ചതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?
14 ഇതിനോടു ചേർച്ചയിൽ, ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ ശിഷ്യനായ യാക്കോബ് തന്റെ ലേഖനം “ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങ”ളെ അഭിസംബോധന ചെയ്തുകൊണ്ടാണ് എഴുതിയത്. (യാക്കോബ് 1:1; വെളിപ്പാടു 7:3-8) പുതിയ ഇസ്രായേലിലെ പൗരൻമാർ പ്രത്യേക ഗോത്രത്തിൽനിന്നുള്ളവരായിരുന്നില്ല. ജഡിക ഇസ്രായേലിൽ ഉണ്ടായിരുന്നമാതിരി ആത്മീയ ഇസ്രായേലിൽ 12 പ്രത്യേക ഗോത്രവിഭജനം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, യഹോവയുടെ ദൃഷ്ടിയിൽ സ്വാഭാവിക ഇസ്രായേലിലെ 12 ഗോത്രത്തിന്റെ സ്ഥാനം ദൈവത്തിന്റെ ഇസ്രായേൽ പരിപൂർണമായി ഏറ്റെടുത്തുവെന്നു യാക്കോബിന്റെ നിശ്വസ്ത വാക്കുകൾ സൂചിപ്പിക്കുന്നു. ഒരു സ്വാഭാവിക ഇസ്രായേല്യൻ പുതിയ ജനതയുടെ ഭാഗമായിത്തീരുന്നുവെങ്കിൽ അവന്റെ ജഡിക വംശത്തിന്—അവൻ യഹൂദഗോത്രത്തിൽനിന്നോ ലേവ്യഗോത്രത്തിൽനിന്നോ ഉള്ളവനായിരുന്നെങ്കിൽപ്പോലും—യാതൊരു പ്രാധാന്യവുമില്ലായിരുന്നു.—ഗലാത്യർ 3:28; ഫിലിപ്പിയർ 3:5, 6.
ഒരു പുതിയ ഉടമ്പടി
15, 16. (എ) ദൈവത്തിന്റെ ഇസ്രായേലിൽപ്പെട്ട യഹൂദേതരരായ അംഗങ്ങളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു? (ബി) എന്തു നിയമ അടിസ്ഥാനത്തിലാണ് പുതിയ ഇസ്രായേൽ സ്ഥാപിക്കപ്പെട്ടത്?
15 യഹോവയുടെ ദൃഷ്ടിയിൽ ഈ പുതിയ ജനതയിലെ ഇസ്രായേല്യേതര അംഗങ്ങൾ, മുഴു അർഥത്തിലും ആത്മീയ യഹൂദരാണ്! അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു: “പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; അകമെ യെഹൂദനായവനത്രേ യഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.” (റോമർ 2:28, 29) അനേകം വിജാതീയർ ദൈവത്തിന്റെ ഇസ്രായേലിന്റെ ഭാഗമായിരിക്കാനുള്ള ക്ഷണത്തോടു പ്രതികരിച്ചു, ഈ സംഭവവികാസം ബൈബിൾ പ്രവചനങ്ങൾ നിവർത്തിച്ചു. ദൃഷ്ടാന്തത്തിന്, ഹോശേയ പ്രവാചകൻ ഇങ്ങനെ എഴുതി: “കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.”—ഹോശേയ 2:23; റോമർ 11:25, 26.
16 ആത്മീയ ഇസ്രായേല്യർ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ലായിരുന്നുവെങ്കിൽ അവർ ഒരു പുതിയ ജനതയുടെ ഭാഗമായത് എന്തിന്റെ അടിസ്ഥാനത്തിലാണ്? യഹോവ യേശു മുഖാന്തരം ഈ ആത്മീയ ജനതയുമായി ഒരു പുതിയ ഉടമ്പടി ചെയ്തു. (എബ്രായർ 9:15) പൊ.യു. 33, നീസാൻ 14-ന് യേശു തന്റെ മരണത്തിന്റെ സ്മാരകം ക്രമീകരിച്ചപ്പോൾ അവൻ 11 വിശ്വസ്ത അപ്പോസ്തലൻമാർക്ക് അപ്പവും വീഞ്ഞും നൽകിക്കൊണ്ട്, വീഞ്ഞ് ‘ഉടമ്പടിയുടെ രക്ത’ത്തിന്റെ പ്രതീകമാണെന്നു പറഞ്ഞു. (മത്തായി 26:28, NW; യിരെമ്യാവു 31:31-34) പാനപാത്രം “പുതിയ ഉടമ്പടി”യെ ചിത്രീകരിക്കുന്നതായി യേശു പറഞ്ഞുവെന്ന് ലൂക്കോസിന്റെ വിവരണത്തിൽ പറഞ്ഞിരിക്കുന്നു. (ലൂക്കോസ് 22:20, NW) യേശുവിന്റെ വാക്കുകളുടെ നിവൃത്തിയായി, പെന്തക്കോസ്തിൽ പരിശുദ്ധാത്മാവ് പകരപ്പെടുകയും ദൈവത്തിന്റെ ഇസ്രായേല്യർ പിറക്കുകയും ചെയ്തപ്പോൾ രാജ്യം ജഡിക ഇസ്രായേല്യരിൽനിന്ന് എടുത്തുമാറ്റി പുതിയ, ആത്മീയ ജനതക്കു നൽകപ്പെടുകയുണ്ടായി. ജഡിക ഇസ്രായേല്യർക്കു പകരം ഇപ്പോൾ തന്റെ സാക്ഷികൾ ഘടകങ്ങളായുള്ള ഈ പുതിയ ജനത, യഹോവയുടെ ദാസനായി.—യെശയ്യാവു 43:10, 11.
“പുതിയ യെരൂശലേം”
17, 18. അഭിഷിക്ത ക്രിസ്ത്യാനികളെ കാത്തിരിക്കുന്ന മഹത്ത്വത്തെപ്പറ്റി വെളിപാടു പുസ്തകത്തിൽ എന്തു വിശദീകരണമാണു നൽകപ്പെട്ടിരിക്കുന്നത്?
17 സ്വർഗീയ വിളിയിൽ പങ്കുപറ്റാൻ പദവിയുള്ളവരെ എന്തോരു മഹത്ത്വമാണു കാത്തിരിക്കുന്നത്! അവരെ കാത്തിരിക്കുന്ന വിസ്മയാവഹമായ സംഗതികളെപ്പറ്റി അറിയുന്നത് എന്തോരാനന്ദമാണ്! വെളിപാട് പുസ്തകം അവരുടെ സ്വർഗീയ അവകാശത്തെപ്പറ്റി രോമാഞ്ചജനകമായ മിന്നൊളി നമുക്കു പകർന്നു തരുന്നു. ഉദാഹരണത്തിന്, വെളിപ്പാടു 4:4-ൽ നാം ഇങ്ങനെ വായിക്കുന്നു: “[യഹോവയുടെ] സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പൻമാർ; അവരുടെ തലയിൽ പൊൻകിരീടം.” ഈ 24 മൂപ്പൻമാർ പുനരുത്ഥാനം പ്രാപിച്ച് യഹോവ വാഗ്ദാനം ചെയ്ത സ്വർഗീയസ്ഥാനം ഇപ്പോൾ സ്വായത്തമാക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളാണ്. അവരുടെ കിരീടങ്ങളും സിംഹാസനങ്ങളും നമ്മെ അവരുടെ രാജകീയ പദവിയെപ്പറ്റി ഓർമിപ്പിക്കുന്നു. യഹോവയുടെ സിംഹാസനത്തിനുചുറ്റും സേവിക്കുന്നതിനുള്ള അവരുടെ അത്ഭുതകരമായ ഉന്നത പദവിയെപ്പറ്റിയും ചിന്തിച്ചുനോക്കൂ!
18 വെളിപ്പാടു 14:1-ൽ അവരെക്കുറിച്ചുള്ള മറ്റൊരു മിന്നൊളി നമ്മുടെ ദൃഷ്ടിയിൽപ്പെടുന്നു: “ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാൽപ്പത്തിനാലായിരം പേരും നിൽക്കുന്നതു കണ്ടു.” ഇവിടെ നാം ഈ അഭിഷിക്തരുടെ പരിമിത സംഖ്യ കാണുന്നു—1,44,000. യഹോവയുടെ സിംഹാസനസ്ഥനായ രാജാവായ യേശുവെന്ന ‘കുഞ്ഞാടി’നോടുകൂടെ നിൽക്കുന്നതിനാൽ അവരുടെ രാജകീയ പദവി വ്യക്തമാണ്. കൂടാതെ അവർ സ്വർഗീയ സീയോൻ പർവതത്തിലാണ്. ഭൗമിക സീയോൻ പർവതം സ്ഥിതിചെയ്തിരുന്നത് ഇസ്രായേലിന്റെ രാജകീയ നഗരമായിരുന്ന യെരുശലേമിലായിരുന്നു. സ്വർഗീയ സീയോൻ പർവതം, യേശുവിന്റെയും അവന്റെ സഹ അവകാശികളുടെയും ഉന്നതമാക്കപ്പെട്ട സ്ഥാനത്തെ പ്രതിനിധീകരിക്കുന്ന സ്വർഗീയ യെരുശലേം അവരാലാണു നിർമിതമായിരിക്കുന്നത്.—2 ദിനവൃത്താന്തങ്ങൾ 5:2; സങ്കീർത്തനം 2:6.
19, 20. (എ) അഭിഷിക്ത ക്രിസ്ത്യാനികൾ ഏതു സ്വർഗീയ സ്ഥാപനത്തിന്റെ ഭാഗമായിരിക്കും? (ബി) സ്വർഗത്തിൽ പൗരത്വം ഉള്ളവരെ എത്ര കാലഘട്ടം കൊണ്ടാണു യഹോവ തിരഞ്ഞെടുത്തത്?
19 ഇതിനോടുള്ള ചേർച്ചയിൽ സ്വർഗീയ മഹത്ത്വത്തിലുള്ള അഭിഷിക്തരെ “പുതിയ യെരൂശലേം” എന്നും വിളിക്കുന്നു. (വെളിപ്പാടു 21:2) ഭൗമിക യെരുശലേം “മഹാരാജാവിന്റെ നഗര”വും ആലയം സ്ഥിതിചെയ്തിരുന്നിടവുമായിരുന്നു. (മത്തായി 5:35) സ്വർഗീയ പുതിയ യെരുശലേം എന്നത് വലിയ പരമാധികാരിയായ യഹോവയും അവന്റെ അഭിഷിക്ത രാജാവായ യേശുവും ഇപ്പോൾ വാഴ്ച നടത്തുന്നതും മനുഷ്യവർഗത്തിന്റെ രോഗശാന്തിക്കുവേണ്ടി യഹോവയുടെ സിംഹാസനത്തിൽനിന്നൊഴുകുന്ന വലിയ അനുഗ്രഹമെന്ന നിലയിൽ പൗരോഹിത്യ സേവനം അനുഷ്ഠിച്ചുവരുന്നതുമായ രാജകീയ രാജ്യ സ്ഥാപനമാണ്. (വെളിപ്പാടു 21:10, 11; 22:1-5) മറ്റൊരു ദർശനത്തിൽ യോഹന്നാൻ വിശ്വസ്തരായ, പുനരുത്ഥാനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികളെ ‘കുഞ്ഞാടിന്റെ മണവാട്ടി’യായി പരാമർശിക്കുന്നതു കേൾക്കുന്നു. അവർ യേശുവുമായി ആസ്വദിക്കുന്ന ഉറ്റബന്ധത്തെയും അവനോടുള്ള അവരുടെ കീഴ്പെടലിനെയും അത് എത്ര ഹൃദയോഷ്മളമായി ചിത്രീകരിക്കുന്നു! ഏറ്റവും ഒടുവിലത്തെയാൾ തന്റെ സ്വർഗീയ പ്രതിഫലം കൈപ്പറ്റുമ്പോൾ സ്വർഗത്തിൽ ഉണ്ടാകുന്ന സന്തോഷം ഒന്നു വിഭാവന ചെയ്യൂ. ഇനിയിപ്പോൾ, ഒടുവിൽ, ‘കുഞ്ഞാടിന്റെ കല്യാണം’ നടത്താം! ആ രാജകീയ സ്വർഗീയ സ്ഥാപനം അപ്പോൾ പൂർത്തിയാകും.—വെളിപ്പാടു 19:6-8.
20 അതേ, “നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞവരെ അത്ഭുതകരമായ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു. (ഫിലിപ്പിയർ 3:20) ഏതാണ്ട് രണ്ടായിരം വർഷങ്ങളായി യഹോവ തന്റെ ആത്മീയ മക്കളെ തിരഞ്ഞെടുക്കുകയും അവർക്കായി ഒരു സ്വർഗീയ അവകാശത്തിനുവേണ്ടി ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. തെളിവുകളെല്ലാമനുസരിച്ച് തിരഞ്ഞെടുപ്പിന്റെയും ഒരുക്കത്തിന്റെയും ഈ വേല ഏതാണ്ട് പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. വെളിപ്പാടു 7-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനത്തിൽ യോഹന്നാനു വെളിപ്പെടുത്തിയ പ്രകാരം കൂടുതൽ കാര്യങ്ങൾ സംഭവിക്കേണ്ടിയിരുന്നു. തൻമൂലം ഇപ്പോൾ മറ്റൊരു കൂട്ടം ക്രിസ്ത്യാനികൾ നമ്മുടെ ശ്രദ്ധയാകർഷിക്കുന്നു, അടുത്ത ലേഖനത്തിൽ നാം ആ കൂട്ടത്തെപ്പറ്റി പരിചിന്തിക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ സ്വർഗീയ അവകാശമുള്ളവരുടെമേലുള്ള ആത്മാവിന്റെ വ്യത്യസ്ത പ്രവർത്തനങ്ങൾ ഏവ?
◻ യഹോവയുമായി, യേശുവുമായി എത്ര ഉറ്റബന്ധമാണ് അഭിഷിക്തർ ആസ്വദിക്കുന്നത്?
◻ അഭിഷിക്തരുടെ സഭയെ ബൈബിളിൽ വിവരിച്ചിരിക്കുന്നത് എങ്ങനെ?
◻ ദൈവത്തിന്റെ ഇസ്രായേൽ നിയമപരമായ എന്തടിസ്ഥാനത്തിലാണു സ്ഥാപിതമായത്?
◻ അഭിഷിക്ത ക്രിസ്ത്യാനികളെ കാത്തിരിക്കുന്ന സ്വർഗീയ പദവികൾ എന്തെല്ലാം?
[10-ാം പേജിലെ ചിത്രം]
സ്വർഗത്തിൽ ഭരിക്കാനുള്ളവരെ ഏതാണ്ട് രണ്ടായിരം വർഷക്കാലംകൊണ്ട് യഹോവ തിരഞ്ഞെടുത്തു