ദൈവത്തെ എങ്ങനെ അറിയാൻ കഴിയും?
തന്നെക്കുറിച്ചു വെളിപ്പെടുത്താൻ ദൈവത്തിന് യഥാർഥത്തിൽ താത്‌പര്യം ഉണ്ടോയെന്ന് ചിലർ സംശയിച്ചേക്കാം. അവനു താത്‌പര്യം ഉണ്ടെങ്കിൽ, അത് അവൻ എങ്ങനെയാണു ചെയ്യുന്നത്?
ദൈവം സ്വയം വെളിപ്പെടുത്താത്തപക്ഷം, മനുഷ്യർക്ക് സ്വന്തം പ്രയത്‌നത്താൽ അവനെ അറിയാനാവില്ലെന്ന് 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് പരിഷ്‌കർത്താവായ ജോൺ കാൽവിൻ ശരിയായി നിഗമനം ചെയ്‌തു. എന്നാൽ തന്നെക്കുറിച്ചു മനുഷ്യർക്കു വെളിപ്പെടുത്താൻ ദൈവത്തിന് യഥാർഥത്തിൽ താത്‌പര്യമുണ്ടോയെന്ന് ചിലർ ചിന്തിച്ചേക്കാം. അവനു താത്‌പര്യം ഉണ്ടെങ്കിൽ, അതവൻ എങ്ങനെയാണു ചെയ്യുന്നത്?
മഹാ ‘സ്രഷ്ടാവായ’ യഹോവ എന്തുചെയ്യുമ്പോഴും അതിനു പിന്നിൽ ഒരു കാരണമുണ്ടായിരിക്കും. കൂടാതെ, ‘സർവ്വശക്തിയുള്ള ദൈവം’ ആയതിനാൽ തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ അവൻ തികച്ചും പ്രാപ്‌തനുമാണ്. (സഭാപ്രസംഗി 12:1; പുറപ്പാടു 6:3) തന്റെ ഉദ്ദേശ്യങ്ങൾ മനുഷ്യർക്ക് വെളിപ്പെടുത്താൻ യഹോവ എന്നും സന്നദ്ധനായിരുന്നു. “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്‌കയില്ല” എന്ന് എഴുതാൻ പ്രവാചകനായ ആമോസിനെ അവൻ നിശ്വസ്‌തനാക്കിയെന്ന വസ്‌തുത അതാണു കാണിക്കുന്നത്. എന്നാൽ, ഇവിടെ പറഞ്ഞിരിക്കുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. തന്റെ ദാസന്മാർക്ക്, തന്നെ ആത്മാർഥമായി സ്‌നേഹിക്കുന്നവർക്കു മാത്രമേ തന്റെ ഉദ്ദേശ്യങ്ങൾ ദൈവം വെളിപ്പെടുത്തിയിട്ടുള്ളൂ. അതൊരു ശരിയായ കാര്യമല്ലേ? ആരോടായിരിക്കും നിങ്ങൾ രഹസ്യങ്ങൾ പങ്കുവെയ്‌ക്കുന്നത്? നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി മാത്രമായിരിക്കില്ലേ?—ആമോസ് 3:7; യെശയ്യാവു 40:13, 25, 26.
ദൈവത്തിന്റെ ജ്ഞാനവും അറിവും താഴ്‌മയുള്ളവരിൽ ഭയാദരവ് ഉണ്ടാക്കും. അത് ഉചിതമാണുതാനും. എന്നിരുന്നാലും ദൈവത്തിന്റെ ജ്ഞാനം, അറിവ് എന്നിവയിൽനിന്നു വ്യക്തിപരമായി പ്രയോജനം നേടണമെങ്കിൽ കേവലം ഭയാദരവ് തോന്നിയതുകൊണ്ടായില്ല. ദൈവത്തിന്റെ ആലോചനകളെ കുറിച്ചറിയാൻ താഴ്‌മയുള്ള ഒരു ഹൃദയം ആവശ്യമാണെന്ന വസ്‌തുതയ്‌ക്ക് ഊന്നൽ നൽകിക്കൊണ്ട് ബൈബിൾ പറയുന്നു: ‘ജ്ഞാനത്തിന്നു ചെവികൊടുക്കുകയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കുകയും ചെയ്യുക. എന്റെ കല്‌പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ച്, ബോധത്തിന്നായി വിളിച്ചു വിവേകത്തിനായി ശബ്ദം ഉയർത്തുക. അതിനെ വെള്ളിയെപ്പോലെ അന്വേഷിക്കുക.’—സദൃശവാക്യങ്ങൾ 2:1-4.
ഇപ്രകാരം അന്വേഷണം നടത്തുന്ന താഴ്‌മയുള്ള ഒരു മനുഷ്യന് തീർച്ചയായും ദൈവത്തെക്കുറിച്ചു മനസ്സിലാക്കാൻ സാധിക്കും. സദൃശവാക്യങ്ങളിലെ രണ്ടാം അധ്യായം ഇങ്ങനെ തുടരുന്നു: “യഹോവയല്ലോ ജ്ഞാനം നല്‌കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.” അതേ, സത്യം ആത്മാർഥമായി അന്വേഷിക്കുന്നവർ “നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും.”—സദൃശവാക്യങ്ങൾ 2:6-9.
സത്യാന്വേഷണം
“സത്യവും മിഥ്യയും, ശക്തവും ദുർബലവും, യഥാർഥവും വഞ്ചനാത്മകവും, ശുദ്ധവും അശുദ്ധവും, വ്യക്തവും അവ്യക്തവും, ആയ കാര്യങ്ങൾ തമ്മിൽ വേർതിരിച്ചറിയുക, നൈതികമായി സ്‌പഷ്ടമായ അതിർവരമ്പുകൾ കൽപ്പിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ വേർതിരിച്ചറിയുക എന്നീ ആവശ്യങ്ങൾ മനുഷ്യജീവിതത്തിന്റെ സവിശേഷതയാണ്” എന്ന് ദി എൻസൈക്ലോപീഡിയ ഓഫ് റിലിജൻ പ്രസ്‌താവിക്കുന്നു. ഈ ആവശ്യം തൃപ്‌തിപ്പെടുത്താനായി മനുഷ്യർ സത്യത്തിനുവേണ്ടി വളരെക്കാലമായി അന്വേഷിക്കുന്നു. സങ്കീർത്തനക്കാരൻ ‘സത്യത്തിന്റെ ദൈവം’ എന്നു വിശേഷിപ്പിച്ച യഹോവയിലേക്ക് മനുഷ്യരുടെ അന്വേഷണം എത്രത്തോളം തിരിഞ്ഞുവോ അത്രത്തോളം അവർക്ക് ആ ഉദ്യമത്തിൽ വിജയിക്കാനായിട്ടുണ്ട്.—സങ്കീർത്തനം 31:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
എബ്രായഭാഷയിൽ യഹോവ എന്ന പേരിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. (ഉല്‌പത്തി 2:4, NW അടിക്കുറിപ്പ്) അങ്ങനെ, ദൈവത്തിന്റെ പേരിന്റെ അർഥംതന്നെ സ്രഷ്ടാവെന്ന നിലയിലുള്ള അവന്റെ സ്ഥാനത്തിലേക്കും അവന്റെ ഉദ്ദേശ്യത്തിലേക്കും വിരൽ ചൂണ്ടുന്നു. വാസ്‌തവത്തിൽ, യഹോവ എന്ന പേര് അറിയുന്നതും അത് ഉപയോഗിക്കുന്നതും സത്യമതത്തിന്റെ മുഖമുദ്രയാണ്. യേശു ആ വസ്‌തുത സ്‌പഷ്ടമായും തിരിച്ചറിഞ്ഞിരുന്നു. ദൈവത്തോടുള്ള പ്രാർഥനയിൽ തന്റെ അനുഗാമികളെ പരാമർശിച്ചുകൊണ്ട് യേശു പറഞ്ഞു: “നീ എന്നെ സ്‌നേഹിക്കുന്ന സ്‌നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.”—യോഹന്നാൻ 17:26.
പുരാതനകാലത്തെ ഒരു എബ്രായനായിരുന്ന യോസേഫിനു സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കേണ്ടി വന്നപ്പോൾ, ദൈവവുമായുള്ള തന്റെ സഖിത്വത്തിൽ ആശ്രയിച്ചുകൊണ്ട് സധൈര്യം അവൻ പറഞ്ഞു: “സ്വപ്‌നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ?”—ഉല്‌പത്തി 40:8; 41:15, 16.
നൂറ്റാണ്ടുകൾക്കുശേഷം, ബാബിലോൺ രാജാവായിരുന്ന നെബൂഖദ്‌നേസർ ഒരു സ്വപ്‌നം കണ്ടു. അവന്റെ വിദ്വാന്മാർക്ക് അത് വ്യാഖ്യാനിക്കാനായില്ല. അപ്പോൾ പ്രവാചകനായ ദാനീയേൽ, രാജാവിനോടു പറഞ്ഞു: “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്‌നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു.”—ദാനീയേൽ 2:28.
യഹോവയാം ദൈവത്തെ സേവിക്കുന്നവർക്കു മാത്രമേ അവന്റെ ജ്ഞാനവും അറിവും ലഭിക്കുകയുള്ളുവെന്ന് യോസേഫിന്റെയും ദാനീയേലിന്റെയും ഈ ഉദാഹരണങ്ങൾ കാണിക്കുന്നു. നമുക്കു ദൈവാംഗീകാരം ലഭിക്കുന്നതിന് നമ്മുടെ പഴയ കാഴ്‌ചപ്പാടുകൾ മാറ്റേണ്ടതുണ്ടായിരിക്കാം. ക്രിസ്‌ത്യാനികളായിത്തീർന്ന ഒന്നാം നൂറ്റാണ്ടിലെ യഹൂദരും അതുതന്നെയാണു ചെയ്യേണ്ടിയിരുന്നത്. യഹൂദവ്യവസ്ഥിതിയിൻ കീഴിൽ നിലനിന്നിരുന്ന നിയമങ്ങളെ ആദരിക്കാനും അനുസരിക്കാനും പഠിച്ചുവളർന്ന അവർക്ക് യേശുവിനെ മിശിഹായായി അംഗീകരിക്കാൻ സമയം വേണ്ടിവന്നു. അവൻ വന്നത്, ‘വരുവാനുള്ള നന്മകളുടെ നിഴലായി’രുന്ന മോശൈക ന്യായപ്രമാണം നിവർത്തിക്കാനാണ്. (എബ്രായർ 10:1; മത്തായി 5:17; ലൂക്കൊസ് 24:44, 45) മോശൈക ന്യായപ്രമാണത്തിന്റെ സ്ഥാനത്ത് അതിനെക്കാൾ വളരെ ശ്രേഷ്‌ഠമായ “ക്രിസ്‌തുവിന്റെ ന്യായപ്രമാണം” നിലവിൽ വന്നു.—ഗലാത്യർ 6:2; റോമർ 13:10; യാക്കോബ് 2:8.
ദൈവത്തിൽനിന്ന് അന്യപ്പെട്ട ഒരു ലോകത്തിലേക്കാണ് നാമെല്ലാം ജനിച്ചു വീണത്. ആദ്യ മനുഷ്യജോഡിയിൽനിന്നു കൈമാറിക്കിട്ടിയ പാപം നിമിത്തം, ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലാതെ, ദൈവവുമായി ശത്രുതയിലായിരിക്കുന്ന ഒരു അവസ്ഥയിലാണു നാം ജനിച്ചത്. മാത്രമല്ല, നമ്മുടെ ഹൃദയം ജന്മനാ കാപട്യമുള്ളതുമാണ്. (യിരെമ്യാവു 17:9; എഫെസ്യർ 2:12; 4:18; കൊലൊസ്സ്യർ 1:21) അതുകൊണ്ട് ദൈവവുമായി ഒരു സുഹൃദ്‌ബന്ധത്തിൽ വരുന്നതിന് അവന്റെ വഴികളിൽ ചിന്തിക്കാൻ നാം പഠിക്കണം. അത് അത്ര എളുപ്പമല്ല.
വ്യാജമത ആശയങ്ങളും ആചാരങ്ങളും ഉപേക്ഷിക്കുക ബുദ്ധിമുട്ടായിരുന്നേക്കാം, വിശേഷാൽ കുട്ടിക്കാലംമുതലേ അതൊക്കെ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ. എന്നാൽ തെറ്റായ മാർഗത്തിലൂടെ തുടർന്നു സഞ്ചരിക്കുന്നത് ബുദ്ധി ആയിരിക്കുമോ? തീർച്ചയായും അല്ല. ദൈവാംഗീകാരം ലഭിക്കാൻ ഉതകുന്ന രീതിയിൽ നമ്മുടെ ചിന്താഗതിയെ പൊരുത്തപ്പെടുത്തുന്നത് തീർച്ചയായും ജ്ഞാനമാണ്.
ദൈവം ഉപയോഗിക്കുന്ന സരണി തിരിച്ചറിയുക
ദൈവവചനം മനസ്സിലാക്കാനും ആ അറിവിനനുസരിച്ച് ജീവിക്കാനും വേണ്ട സഹായം എവിടെ കണ്ടെത്താനാകും? പുരാതന ഇസ്രായേലിൽ യഹോവ, തന്റെ ജനത്തെ നയിക്കുന്നതിനായി വിശ്വസ്‌തരും ആശ്രയയോഗ്യരുമായ വ്യക്തികളെ ഉത്തരവാദിത്വ സ്ഥാനങ്ങളിൽ നിയമിച്ചു. അതുപോലെ ആത്മാർഥമായി സത്യം അന്വേഷിക്കുന്നവരെ, ഇന്ന് ക്രിസ്‌തീയ സഭയുടെ തലവനായ ക്രിസ്‌തു വഴിനയിക്കുന്നു. അവൻ അതു ചെയ്യുന്നത് വിശ്വസ്‌തരും ആശ്രയയോഗ്യരുമായ തന്റെ അനുയായികൾ മുഖേനയാണ്; ഉത്സുകരായ സത്യാന്വേഷികൾക്ക് മാർഗനിർദേശം നൽകാനും അവരെ സംരക്ഷിക്കാനും ഉത്തരവാദിത്വമുള്ള ഒരു സരണിയായി അവർ വർത്തിക്കുന്നു. (മത്തായി 24:45-47; കൊലൊസ്സ്യർ 1:18) എന്നാൽ പ്രബോധനം നൽകാനായി ദൈവം ഉപയോഗിക്കുന്ന ഈ സരണി ഒരുവന് എങ്ങനെ തിരിച്ചറിയാനാകും?
യേശുക്രിസ്‌തു ഭൂമിയിലായിരുന്നപ്പോൾ പ്രകടമാക്കിയ സ്വഭാവഗുണങ്ങൾ അതേപടി പ്രതിഫലിപ്പിക്കാൻ അവന്റെ യഥാർഥ അനുയായികൾ പ്രയത്‌നിക്കുന്നു. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ, അവർ പ്രകടമാക്കുന്ന അതുല്യമായ ആത്മീയ ഗുണങ്ങൾ യേശുവിന്റെ ഈ അനുഗാമികളെ തിരിച്ചറിയുക എളുപ്പമാക്കിത്തീർക്കുന്നു. (6-ാം പേജിലെ ചതുരം കാണുക.) നിങ്ങൾ സഹവസിച്ചുപോരുന്ന മതം അല്ലെങ്കിൽ നിങ്ങളുടെ അയൽക്കാരുടെ മതങ്ങൾ ഈ ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടോ? ബൈബിളിന്റെ വെളിച്ചത്തിൽ ഇക്കാര്യം വിലയിരുത്തുന്നതു മൂല്യവത്തായിരിക്കും.
ബൈബിളിന്റെ ഒരു ക്രമമായ പഠനത്തിലൂടെ അങ്ങനെ ചെയ്യാൻ വായനക്കാരായ നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു. കഴിഞ്ഞ വർഷം 235 രാജ്യങ്ങളിലായി ശരാശരി 60 ലക്ഷത്തിനുമേൽ ആളുകൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാനുള്ള ക്രമീകരണം പ്രയോജനപ്പെടുത്തി. ദൈവിക ജ്ഞാനവും അറിവും നേടുകയെന്നത് സംതൃപ്‌തിദായകവും പ്രയോജനകരവുമായ തുടർച്ചയായ ഒരു പ്രവർത്തനമാണ്. ദൈവിക ജ്ഞാനത്തിനും അറിവിനും വേണ്ടിയുള്ള ആ അന്വേഷണം നിങ്ങൾക്ക് എന്തുകൊണ്ട് ആരംഭിച്ചുകൂടാ? അത്തരമൊരു അന്വേഷണം നടത്തുന്നതിന്റെ പേരിൽ നിങ്ങൾക്ക് ഒരിക്കലും ഖേദിക്കേണ്ടിവരില്ല. അതേ, നമുക്ക് ദൈവത്തെ യഥാർഥത്തിൽ അറിയാൻ സാധിക്കും.
[6-ാം പേജിലെ ചതുരം]
ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവർ . . .
രാഷ്‌ട്രീയവും ദേശീയവുമായ പോരാട്ടങ്ങളിൽ നിഷ്‌പക്ഷത പാലിക്കുന്നു.—യെശയ്യാവു 2:4.
ദൈവേഷ്ടം ചെയ്‌തുകൊണ്ട് നല്ല ‘ഫലം’ ഉത്‌പാദിപ്പിക്കുന്നു.—മത്തായി 7:13-23.
പരസ്‌പരം യഥാർഥ സ്‌നേഹം പ്രകടിപ്പിക്കുന്നു. —യോഹന്നാൻ 13:35; 1 യോഹന്നാൻ 4:20.
എവിടെയും ഐക്യത്തിൽ സംസാരിക്കുന്നു.—മീഖാ 2:12.
തങ്ങൾക്ക് ചുറ്റുമുള്ള ലോകത്തിന്റെ തെറ്റായ മനോഭാവങ്ങളും പ്രവൃത്തികളും അനുകരിക്കുന്നില്ല. —യോഹന്നാൻ 17:16.
സത്യത്തിനു സാക്ഷ്യം വഹിക്കുകയും ശിഷ്യന്മാരെ ഉളവാക്കുകയും ചെയ്യുന്നു.—മത്തായി 24:14; 28:19, 20.
അന്യോന്യം പ്രോത്സാഹിപ്പിക്കാനായി ക്രമമായി യോഗങ്ങൾക്കു കൂടിവരുന്നു.—എബ്രായർ 10:24, 25.
ഒരു ആഗോള സംഘമെന്ന നിലയിൽ ദൈവത്തെ സ്‌തുതിക്കുന്നു.—വെളിപ്പാടു 7:9, 10.
[7-ാം പേജിലെ ചിത്രങ്ങൾ]
ദൈവത്തെക്കുറിച്ചുള്ള അറിവ് സമ്പാദിക്കുന്നു—വ്യക്തിപരമായും കുടുംബമെന്ന നിലയിലും സഭായോഗങ്ങളിൽനിന്നും