ഏക സത്യദൈവത്തെ തിരിച്ചറിയൽ
മനുഷ്യർ അസ്തിത്വത്തിൽ ആയിരുന്നിട്ടുള്ള കാലത്തെല്ലാംതന്നെ അവർക്ക് അനേകം ദൈവങ്ങളും ഉണ്ടായിരുന്നിട്ടുണ്ട്. ലോകമെമ്പാടുമായി ആരാധിക്കപ്പെടുന്ന ദേവീദേവന്മാരുടെ എണ്ണം കൃത്യമായി പറയാൻ കഴിയാത്തവിധം അത്ര അധികമാണ്—അതു ദശലക്ഷക്കണക്കിനു വരും.
ഒരു ദൈവം ഉണ്ടെന്നു സ്ഥാപിച്ചു കഴിഞ്ഞ സ്ഥിതിക്ക്, നമുക്ക് ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ കഴിയും: ലോകമെമ്പാടും ആരാധിക്കപ്പെട്ടിട്ടുള്ളതും ആരാധിക്കപ്പെടുന്നതുമായ ദൈവങ്ങളിൽ ആരാണ് സത്യ ദൈവം? ഏക സത്യ ദൈവം ആയി തിരിച്ചറിയിക്കപ്പെടാൻ സാധിക്കുന്ന ഒരേ ഒരുവനേ ഉള്ളൂ എന്ന് യോഹന്നാൻ 17:3-ൽ വ്യക്തമായി പറഞ്ഞിരിക്കുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”
തിരിച്ചറിയിക്കാൻ ഒരു നാമം
ന്യായമായും, വ്യക്തിത്വമുള്ള ഏതൊരു ദൈവത്തിനും സ്വന്ത പേരുകളുള്ള മറ്റു ദൈവങ്ങളിൽ നിന്നു തന്നെ തിരിച്ചറിയിക്കുന്ന ഒരു വ്യക്തിഗത നാമം ഉണ്ടായിരിക്കണം. ആ ദൈവം തന്നെത്താൻ സ്വീകരിച്ച ഒരു പേരായിരിക്കണം അത്, അല്ലാതെ അവന്റെ ആരാധകർ നൽകിയത് ആയിരിക്കരുത്.
എന്നാൽ ഇക്കാര്യത്തിൽ നമ്മെ കുഴപ്പത്തിലാക്കുന്ന ഒരു വസ്തുതയുണ്ട്. മിക്ക വ്യവസ്ഥാപിത മതങ്ങളും തങ്ങളുടെ ദൈവങ്ങൾക്കു വ്യക്തിഗത നാമങ്ങൾ നൽകിയിരിക്കെ, യഹൂദരും ക്രൈസ്തവമണ്ഡലത്തിലെ മുഖ്യധാരാ സഭകളും തങ്ങൾ ആരാധിക്കുന്ന ദൈവത്തെ ഒരു വ്യക്തിഗത നാമത്താൽ തിരിച്ചറിയിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. പകരം അവർ കർത്താവ്, ദൈവം, സർവശക്തൻ, പിതാവ് എന്നൊക്കെയുള്ള സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നു.
തിയോളജി എന്ന പ്രസിദ്ധീകരണത്തിൽ ഗ്രന്ഥകർത്താവായ ഡേവിഡ് ക്ലൈൻസ് ഇങ്ങനെ എഴുതി: “ബി.സി. അഞ്ചും രണ്ടും നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് എപ്പോഴോ ദൈവത്തിന് ഒരു ദുരന്തം നേരിട്ടു: അവന് തന്റെ പേരു നഷ്ടമായി. കൂടുതൽ കൃത്യമായി പറഞ്ഞാൽ യഹൂദർ യാഹ്വെ എന്ന വ്യക്തിഗത ദൈവനാമം ഉപയോഗിക്കുന്നതു നിർത്തി. പകരം അവർ ദൈവം, കർത്താവ്, നാമം, പരിശുദ്ധൻ, സാന്നിധ്യം, സ്ഥലം എന്നിങ്ങനെയുള്ള നാനാവിധ പദപ്രയോഗങ്ങളിലൂടെ അവനെ പരാമർശിക്കാൻ തുടങ്ങി. ബൈബിൾ പാഠത്തിൽ യാഹ്വെ എന്ന് എഴുതിയിരിക്കുന്നിടങ്ങളിൽ പോലും വായനക്കാർ ആ നാമം അഡോനെയ് എന്ന് ഉച്ചരിച്ചു. അവസാനം, ആലയം നശിപ്പിക്കപ്പെട്ടതോടെ ആ നാമം ഉപയോഗിക്കപ്പെട്ടിരുന്ന അപൂർവ ആരാധനവേളകൾ പോലും ഇല്ലാതായി. എന്തിന്, ആ നാമം ഉച്ചരിക്കേണ്ട വിധം പോലും വിസ്മരിക്കപ്പെട്ടു.” എന്നിരുന്നാലും, യാഥാസ്ഥിതിക യഹൂദർ മറ്റുള്ളവർ കേൾക്കെ ദൈവനാമം ഉച്ചരിക്കുന്നതു നിർത്തിയിട്ട് പകരം ദൈവം, പരമാധീശ കർത്താവ് എന്നിവയുടെ എബ്രായ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല.
“ഏകസത്യദൈവ”ത്തെ തിരിച്ചറിയാനുള്ള ഏതൊരു അന്വേഷണത്തിലെയും അത്യന്താപേക്ഷിത സംഗതി അവന്റെ നാമം അറിയുക എന്നതാണ്. അത്തരം ഒരു അന്വേഷണം ഒട്ടും ബുദ്ധിമുട്ടുള്ളതല്ല. കാരണം, സങ്കീർത്തനം 83:18-ൽ സ്രഷ്ടാവായ സർവശക്തനാം ദൈവത്തിന്റെ നാമം വ്യക്തമായും ലളിതമായും രേഖപ്പെടുത്തിയിട്ടുണ്ട്: ‘അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും.’
യഹോവയോ യാഹ്വെയോ?
യഹോവ എന്ന നാമം സത്യവേദപുസ്തകത്തിലും മറ്റു ബൈബിൾ ഭാഷാന്തരങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും, ചിലർ യഹോവ എന്നതിനു പകരം യാഹ്വെ എന്ന നാമം ഉപയോഗിക്കാൻ താത്പര്യപ്പെടുന്നു. ഏതാണു ശരിയായ നാമം?
ഏറ്റവും പുരാതനമായ ബൈബിൾ കൈയെഴുത്തുപ്രതികൾ എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. എബ്രായ തിരുവെഴുത്തുകളിൽ ദിവ്യനാമം ഏതാണ്ട് 7,000 തവണ പ്രത്യക്ഷപ്പെടുന്നു. നാലു വ്യഞ്ജനാക്ഷരങ്ങൾ ഉപയോഗിച്ചാണ് അത് എഴുതുന്നത്—യ് (Y), ഹ് (H), വ് (W), ഹ് (H) അല്ലെങ്കിൽ ജ് (J), ഹ് (H), വ് (V), ഹ് (H). ഈ നാലു വ്യഞ്ജനാക്ഷരങ്ങളെ സാധാരണമായി ചതുരക്ഷര ദൈവനാമം അഥവാ ചതുരക്ഷരി എന്നാണു വിളിക്കുന്നത്. “നാല് അക്ഷരങ്ങൾ” എന്ന് അർഥമുള്ള രണ്ടു ഗ്രീക്ക് വാക്കുകളിൽനിന്നാണ് അവ വന്നിരിക്കുന്നത്. ഇപ്പോൾ കൃത്യമായ ഉച്ചാരണത്തെ കുറിച്ചുള്ള ചോദ്യം ഉദിക്കുന്നു. കാരണം ഉച്ചാരണം കൊടുക്കാൻ സഹായിക്കുന്ന സ്വരാക്ഷരങ്ങൾ കൂടാതെ വ്യഞ്ജനാക്ഷരങ്ങൾ മാത്രം ഉപയോഗിച്ചാണ് ആദ്യകാല എബ്രായഭാഷ എഴുതപ്പെട്ടിരുന്നത്. അതുകൊണ്ട് ചതുരക്ഷര ദൈവനാമത്തിന്റെ ഉച്ചാരണം യാഹ്വെ എന്നാണോ യഹോവ എന്നാണോ എന്നത് വായനക്കാരൻ വ്യഞ്ജനാക്ഷരങ്ങളോട് ഏതു സ്വരാക്ഷരങ്ങൾ കൂട്ടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇന്ന് പല എബ്രായ പണ്ഡിതന്മാരും യാഹ്വെ എന്നതാണ് യഥാർഥ ഉച്ചാരണം എന്നു കരുതുന്നു.
എന്നാൽ പൊരുത്തത്തിനു വേണ്ടി യഹോവ എന്ന് ഉപയോഗിക്കുന്നതാണ് അഭികാമ്യം. കാരണം? യഹോവ എന്ന ഉച്ചാരണം നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ഉച്ചാരണം ഉപയോഗിക്കുന്നതിനു തടസ്സം പറയുന്നവർ യിരെമ്യാവ്, യേശു എന്നീ അംഗീകരിക്കപ്പെട്ടിട്ടുള്ള ഉച്ചാരണം ഉപയോഗിക്കുന്നതിനും തടസ്സം പറയണം. യിരെമ്യാവ് എന്നത് യഥാർഥ എബ്രായ ഉച്ചാരണമായ യിർമെയാഹ് അല്ലെങ്കിൽ യിർമെയാഹു എന്നും യേശു എന്നത് യേഷ്വാ (എബ്രായ) അല്ലെങ്കിൽ യീസോസ് (ഗ്രീക്ക്) എന്നുമായി മാറും. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ ഉൾപ്പെടെ പല ബൈബിൾ വിദ്യാർഥികളും പൊരുത്തത്തിനായി ഇപ്പോൾതന്നെ പരക്കെ അറിയപ്പെടുന്ന യഹോവ എന്ന ഉച്ചാരണവും മറ്റു ഭാഷകളിലുള്ള അതിന്റെ തത്തുല്യ ഉച്ചാരണവും ഉപയോഗിക്കുന്നതാണു നല്ലത് എന്നു കരുതുന്നു.
അത്ര പ്രധാനമാണോ?
സർവശക്തനായ ദൈവത്തെ ഒരു വ്യക്തിഗത നാമത്താൽ സംബോധന ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതൊന്നും പ്രാധാന്യമുള്ള കാര്യമല്ലെന്നും ദൈവത്തെ പിതാവ് അല്ലെങ്കിൽ ദൈവം എന്നു വിളിച്ചാൽ മതി എന്നും ചിലർ വാദിക്കുന്നു. എന്നാൽ ഈ രണ്ടു പ്രയോഗങ്ങളും പദവി നാമങ്ങളാണ്, അല്ലാതെ പേരല്ല. അവ വ്യക്തിഗതമോ വ്യതിരിക്തമോ ആയ നാമങ്ങളല്ല. ബൈബിൾ കാലങ്ങളിൽ ദൈവം (എലോഹിം, എബ്രായ) എന്ന പദം ഏതു ദൈവത്തെയും—പുറജാതീയ ഫെലിസ്ത്യ ദൈവമായ ദാഗോനെ പോലും—പരാമർശിക്കാൻ ഉപയോഗിച്ചിരുന്നു. (ന്യായാധിപൻമാർ 16:23, 24) അതുകൊണ്ട്, ഒരു എബ്രായൻ ഒരു ഫെലിസ്ത്യനോട് താൻ “ദൈവ”ത്തെ ആരാധിക്കുന്നു എന്നു പറയുന്നത് അയാൾ ആരാധിച്ചിരുന്ന സത്യ ദൈവത്തെ തിരിച്ചറിയിക്കുമായിരുന്നില്ല.
1874-ലെ ദി ഇംപീരിയൽ ബൈബിൾ ഡിക്ഷനറിയിൽ വന്ന ഒരു പ്രസ്താവന ശ്രദ്ധേയമാണ്: “[യഹോവ]” എന്നത് എല്ലായിടത്തും ഒരു സംജ്ഞാ നാമമാണ്. വ്യക്തിഗുണമുള്ള ദൈവത്തെ, അവനെ മാത്രം, അതു സൂചിപ്പിക്കുന്നു. എന്നാൽ എലോഹിം എന്നതിനു കൂടുതലും സാമാന്യ നാമത്തിന്റെ സ്വഭാവമാണ് ഉള്ളത്. മിക്കപ്പോഴും അതു പരമോന്നതനെ സൂചിപ്പിക്കുന്നെങ്കിലും അവശ്യം എപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. . . . ഒരു എബ്രായൻ മറ്റു വ്യാജദൈവങ്ങളെ വേർതിരിച്ചു കാട്ടാൻ എലോഹിം, സത്യ ദൈവം എന്നീ പദങ്ങൾക്കു മുമ്പ് നിശ്ചയോപപദം ചേർത്തു പറയും. എന്നാൽ അയാൾ ഒരിക്കലും യഹോവ എന്നതിനു മുമ്പ് നിശ്ചയോപപദം ചേർക്കില്ല. കാരണം യഹോവ എന്നതു സത്യദൈവത്തിന്റെ മാത്രം നാമമാണ്. അയാൾ വീണ്ടും വീണ്ടും എന്റെ ദൈവം എന്നു പറയുന്നു . . . എന്നാൽ ഒരിക്കലും എന്റെ യഹോവ എന്നു പറയില്ല. കാരണം അയാൾ എന്റെ ദൈവം എന്നു പറയുമ്പോൾ യഹോവയെ ആണ് അർഥമാക്കുന്നത്. അയാൾ യിസ്രായേലിന്റെ ദൈവം എന്നു പറയുന്നു, എന്നാൽ യിസ്രായേലിന്റെ യഹോവ എന്ന് ഒരിക്കലും പറയില്ല. കാരണം മറ്റൊരു യഹോവ ഇല്ലെന്നതുതന്നെ. അയാൾ ജീവനുള്ള ദൈവം എന്നു പറയുന്നു. എന്നാൽ ജീവനുള്ള യഹോവ എന്നു പറയില്ല. കാരണം ജീവനില്ലാത്ത യഹോവയെ അയാൾക്കു സങ്കൽപ്പിക്കാനാവില്ല.”
സത്യ ദൈവത്തിന്റെ ഗുണങ്ങൾ
ആരുടെയെങ്കിലും പേര് അറിയുന്നതുകൊണ്ടു മാത്രം നാം ആ വ്യക്തിയെ അടുത്ത് അറിയണമെന്നില്ല. നമ്മിൽ മിക്കവർക്കും പ്രമുഖരായ രാഷ്ട്രീയക്കാരുടെ പേരുകൾ അറിയാം. മറ്റു രാജ്യങ്ങളിലെ പ്രമുഖരായ സ്ത്രീപുരുഷന്മാരുടെ പേരുകൾ പോലും നമുക്ക് അറിയാമായിരിക്കും. എന്നാൽ അവരുടെ പേരുകൾ മാത്രം അറിഞ്ഞതുകൊണ്ട്—അവ ശരിയായി ഉച്ചരിക്കാൻ അറിയാമെങ്കിൽ കൂടി—നമുക്ക് അവരെ വ്യക്തിപരമായി അറിയാമെന്ന് അല്ലെങ്കിൽ അവർ ഏതു തരത്തിലുള്ള ആളുകളാണെന്ന് അറിയാമെന്ന് അർഥമില്ല. സമാനമായി, ഏക സത്യ ദൈവത്തെ അറിയുന്നതിന് അവന്റെ ഗുണങ്ങൾ നാം അറിയുകയും വിലമതിക്കുകയും വേണം.
ഒരു മനുഷ്യനും സത്യ ദൈവത്തെ ഒരിക്കലും കാണാൻ സാധിക്കുകയില്ലെന്നതു സത്യമാണെങ്കിലും, തന്റെ വ്യക്തിത്വത്തെ കുറിച്ചുള്ള അനേകം കാര്യങ്ങൾ കരുണാപൂർവം നമുക്കുവേണ്ടി ബൈബിളിൽ രേഖപ്പെടുത്താൻ അവൻ ഇടയാക്കിയിരിക്കുന്നു. (പുറപ്പാടു 33:20; യോഹന്നാൻ 1:18) ചില എബ്രായ പ്രവാചകന്മാർക്ക് സർവശക്തനായ ദൈവത്തിന്റെ സ്വർഗീയ സദസ്സിനെ കുറിച്ചുള്ള ദർശനം നൽകപ്പെട്ടു. അവരുടെ വിവരണങ്ങൾ മാഹാത്മ്യവും പ്രതാപോജ്ജ്വലതയും ശക്തിയും മാത്രമല്ല പ്രശാന്തതയും ക്രമവും മനോഹാരിതയും പ്രസന്നതയും ചിത്രീകരിക്കുന്നു.—പുറപ്പാടു 24:9-11; യെശയ്യാവു 6:1; യെഹെസ്കേൽ 1:26-28; ദാനീയേൽ 7:9; വെളിപ്പാടു 4:1-3.
യഹോവയാം ദൈവം തന്റെ ആകർഷകമായ ചില ഗുണങ്ങൾ മോശയ്ക്ക് വിവരിച്ചുകൊടുത്തു. പുറപ്പാടു 34:6, 7-ൽ അതു രേഖപ്പെടുത്തിയിരിക്കുന്നു: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ.” ദൈവത്തിന്റെ ഈ ഗുണങ്ങളെ കുറിച്ച് അറിയുന്നത് നമ്മെ അവനിലേക്ക് അടുപ്പിക്കുകയും ഒരു വ്യക്തിയെന്ന നിലയിൽ അവനെ കുറിച്ചു കൂടുതൽ അറിയാനുള്ള ആഗ്രഹം നമ്മിൽ അങ്കുരിപ്പിക്കുകയും ചെയ്യുമെന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?
യഹോവയാം ദൈവത്തെ അവന്റെ തേജോമയ മഹത്ത്വത്തിൽ കാണാൻ യാതൊരു മനുഷ്യനും സാധിക്കില്ലെങ്കിലും, യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ തന്റെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തിന്റെ വ്യക്തിത്വത്തെ പൂർണമായ അളവിൽ പ്രതിഫലിപ്പിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ഒരു അവസരത്തിൽ യേശു പറഞ്ഞു: “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.—യോഹന്നാൻ 5:19.
അതുകൊണ്ട്, യേശുവിന്റെ കരുണ, അനുകമ്പ, സൗമ്യത, ഊഷ്മളത എന്നിവയും അതുപോലെതന്നെ നീതിയോടുള്ള ശക്തമായ സ്നേഹവും ദുഷ്ടതയോടുള്ള വെറുപ്പും ഭൂമിയിൽ ഒരു മനുഷ്യനായി തീരുന്നതിനു മുമ്പ് തന്റെ പിതാവായ യഹോവയാം ദൈവത്തോടൊപ്പം സ്വർഗത്തിൽ ആയിരുന്നപ്പോൾ അവൻ യഹോവയിൽ നിരീക്ഷിച്ച ഗുണങ്ങൾ ആയിരുന്നുവെന്ന് നമുക്ക് അനുമാനിക്കാൻ കഴിയും. അങ്ങനെ, യഹോവ എന്ന നാമത്തിന്റെ അർഥം നാം പൂർണമായും മനസ്സിലാക്കുമ്പോൾ ആ വിശുദ്ധ നാമത്തെ സ്നേഹിക്കാനും വാഴ്ത്താനും സ്തുതിക്കാനും മഹത്ത്വപ്പെടുത്താനും അതിൽ വിശ്വാസം അർപ്പിക്കാനുമുള്ള സകല കാരണവുമുണ്ട്.
ഈ വിധത്തിൽ ഏക സത്യദൈവത്തെ അറിയുന്നതു വാസ്തവത്തിൽ ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ്. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിലെ യോഹന്നാൻ 17:3-ന്റെ പരിഭാഷയിൽനിന്ന് ഇതു വ്യക്തമാണ്. ഈ വാക്യത്തിലെ ‘അറിയുക’ എന്ന ക്രിയയുടെ ശരിയായ കാലം വളരെയധികം സഹായകമാണ്. കാരണം സാമാന്യ വർത്തമാന കാലത്തിനു പകരം തുടർച്ചാ വർത്തമാന കാലമാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് നാം ഇങ്ങനെ വായിക്കുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം അവർ ഉൾക്കൊള്ളുന്നതിൽ തുടരുന്നതിന്റെ അർഥം നിത്യജീവൻ എന്നാണ്.” അതേ, ഏക സത്യ ദൈവമായ യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതിൽ തുടരുന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയ ആയിരിക്കണം.
സത്യദൈവം തിരിച്ചറിയിക്കപ്പെടുന്നു
അങ്ങനെ, എണ്ണമറ്റ വ്യാജദൈവങ്ങളിൽനിന്നു സത്യദൈവത്തെ തിരിച്ചറിയുക എളുപ്പമാണ്. ഭൂമിയും അതിലെ മനുഷ്യരും ഉൾപ്പെടെയുള്ള പ്രപഞ്ചത്തിന്റെ സർവശക്തനായ സ്രഷ്ടാവ് അവനാണ്. അവന് അതുല്യമായ ഒരു പേരുണ്ട്, യഹോവ അഥവാ യാഹ്വെ. അവൻ ഒരു നിഗൂഢ ത്രിത്വത്തിന്റെ ഭാഗമല്ല. അവൻ സ്നേഹത്തിന്റെ ദൈവമാണ്. തന്റെ മാനവസൃഷ്ടിക്ക് ഏറ്റവും നല്ലതു മാത്രമേ അവൻ ആഗ്രഹിക്കുന്നുള്ളൂ. അതേസമയം അവൻ നീതിയുടെയും ദൈവമാണ്. ഭൂമിയെ നശിപ്പിക്കുകയും യുദ്ധവും അക്രമവും ഇളക്കിവിടുകയും ചെയ്യുന്നവരെ അവൻ എല്ലാക്കാലത്തേക്കും വെച്ചുപൊറുപ്പിക്കയില്ല.
ഭൂമിയിൽനിന്നു ദുഷ്ടതയും കഷ്ടപ്പാടും തുടച്ചു നീക്കുന്നതിനും പരമാർഥ ഹൃദയരായ ആളുകൾക്കു സന്തോഷത്തോടെ എന്നേക്കും വസിക്കാൻ പറ്റിയ ഒരു പറുദീസയായി അതിനെ മാറ്റുന്നതിനും ഉള്ള തന്റെ ഉറച്ച തീരുമാനം യഹോവ തന്റെ വചനമായ വിശുദ്ധ തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്നു. (സങ്കീർത്തനം 37:10, 11, 29, 34) സർവശക്തനായ ദൈവം തന്റെ പുത്രനായ യേശുവിനെ ദൈവരാജ്യത്തിന്റെ സ്വർഗീയ രാജാവായി ഇപ്പോൾ വാഴിച്ചിരിക്കുന്നു. താമസിയാതെ യേശു നീതി വസിക്കുന്ന ആ പുതിയ ലോകം ആനയിക്കുകയും ഭൂമിയിൽ പറുദീസാവസ്ഥകൾ പുനഃസ്ഥാപിക്കുകയും ചെയ്യും.—ദാനീയേൽ 2:44; മത്തായി 6:9, 10.
ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകാനും സത്യദൈവത്തെ തിരിച്ചറിയാനും നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ എളുപ്പത്തിൽ സാധിക്കും എന്നു ഞങ്ങൾ വിശ്വസിക്കുന്നു.
[9-ാം പേജിലെ ചിത്രം]
യേശുക്രിസ്തു യഹോവയെ ഏക സത്യ ദൈവമായി തിരിച്ചറിയിച്ചു