വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
1995 നവംബർ 1-ലെ “വീക്ഷാഗോപുരം,” മത്തായി 24:14-ൽ നാം വായിക്കുന്നപ്രകാരം, “ഈ തലമുറ”യെക്കുറിച്ച് യേശു പറഞ്ഞതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ദൈവരാജ്യം 1914-ൽ സ്വർഗത്തിൽ സ്ഥാപിതമായി എന്നതു സംബന്ധിച്ച് എന്തെങ്കിലും അനിശ്ചിതത്വമുള്ളതായി അത് അർഥമാക്കുന്നുണ്ടോ?
വീക്ഷാഗോപുരത്തിലെ ആ ചർച്ച 1914-നെ സംബന്ധിച്ച നമ്മുടെ അടിസ്ഥാന പഠിപ്പിക്കലിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. രാജ്യാധികാരത്തിലുള്ള തന്റെ സാന്നിധ്യത്തെ തിരിച്ചറിയിക്കുന്ന അടയാളം യേശു പ്രദാനം ചെയ്തു. 1914 മുതൽ ആ അടയാളം നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു എന്നതിനു നമുക്കു ധാരാളം തെളിവുകളുണ്ട്. യുദ്ധങ്ങൾ, ക്ഷാമങ്ങൾ, പകർച്ചവ്യാധികൾ ഭൂകമ്പങ്ങൾ തുടങ്ങിയവ സംബന്ധിച്ച യാഥാർഥ്യങ്ങളും മറ്റു തെളിവുകളും 1914 മുതൽ യേശു ദൈവരാജ്യത്തിന്റെ രാജാവെന്നനിലയിൽ കർമനിരതനാണെന്നു സ്ഥിരീകരിക്കുന്നു. അന്നുമുതൽ നാം വ്യവസ്ഥിതിയുടെ സമാപന കാലത്താണെന്ന് ഇതു സൂചിപ്പിക്കുന്നു.
അപ്പോൾപ്പിന്നെ വീക്ഷാഗോപുരം വ്യക്തമാക്കിയത് എന്തായിരുന്നു? മത്തായി 24:34-ൽ യേശു “തലമുറ” എന്ന പദപ്രയോഗം ഉപയോഗിച്ചതിന്റെ അർഥമായിരുന്നു മുഖ്യ സംഗതി. ആ ഭാഗം ഇങ്ങനെ വായിക്കുന്നു: “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” “തലമുറ” എന്ന പദപ്രയോഗത്താൽ യേശു അവന്റെ നാളിലും നമ്മുടെ നാളിലും എന്താണ് അർഥമാക്കിയത്?
യഹൂദ നേതാക്കന്മാരോ യേശുവിന്റെ വിശ്വസ്ത ശിഷ്യന്മാരോ പോലെ ചെറുതോ വ്യതിരിക്തമോ ആയ ഏതെങ്കിലും കൂട്ടത്തിനു വേണ്ടി യേശു “തലമുറ” എന്ന് ഉപയോഗിച്ചില്ലെന്ന് ഒട്ടനവധി തിരുവെഴുത്തുകൾ സ്ഥിരീകരിക്കുന്നു. മറിച്ച്, തന്നെ ത്യജിച്ച യഹൂദ ജനതതിയെ കുറ്റംവിധിക്കുന്നതിന് അവൻ “തലമുറ” ഉപയോഗിച്ചു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, പെന്തക്കോസ്തു ദിവസം അപ്പോസ്തലനായ പത്രൊസ് പ്രോത്സാഹിപ്പിച്ചതു ചെയ്യാൻ, അതായത് അനുതപിക്കാനും ‘ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവാനും’ വ്യക്തികൾക്കു കഴിഞ്ഞു.—പ്രവൃത്തികൾ 2:40.
വ്യക്തമായും, ആ പ്രസ്താവനയിൽ, പത്രൊസ് ഏതെങ്കിലും നിർദിഷ്ട പ്രായപരിധിയെയോ കാലദൈർഘ്യത്തെയോ കൃത്യതയോടെ പരാമർശിക്കുകയായിരുന്നില്ല. അവൻ “തലമുറ”യെ ഏതെങ്കിലും പ്രത്യേക തീയതിയുമായി ബന്ധിപ്പിക്കുകയുമായിരുന്നില്ല. യേശു ജനിച്ച അതേ വർഷം ജനിച്ച തലമുറയിൽനിന്ന് അല്ലെങ്കിൽ പൊ.യു. 29-ൽ ജനിച്ച തലമുറയിൽനിന്ന് ആളുകൾ രക്ഷിക്കപ്പെടണമെന്ന് അവൻ പറഞ്ഞില്ല. യേശുവിന്റെ പഠിപ്പിക്കൽ കേട്ടിട്ടും അവന്റെ അത്ഭുതങ്ങൾ കാണുകയോ അവയെക്കുറിച്ചു കേൾക്കുകയോ ചെയ്തിട്ടും അവനെ മിശിഹാ ആയി സ്വീകരിക്കാഞ്ഞ ആ കാലഘട്ടത്തിലെ അവിശ്വാസികളായ യഹൂദൻമാരെക്കുറിച്ച് പത്രൊസ് സംസാരിക്കുകയായിരുന്നു—അവരിൽ ചിലർ താരതമ്യേന ചെറുപ്പവും മറ്റുചിലർ പ്രായമുള്ളവരും ആയിരുന്നിരിക്കാം.
ഒലിവുമലയിൽ നാല് അപ്പോസ്തലൻമാരോടു കൂടെയായിരുന്നപ്പോൾ “തലമുറ” എന്ന് യേശു ഉപയോഗിച്ചതിനെ പത്രൊസ് വ്യക്തമായും അങ്ങനെയാണു മനസ്സിലാക്കിയത്. യേശുവിന്റെ പ്രാവചനിക പ്രസ്താവനയനുസരിച്ച്, അക്കാലത്തെ യഹൂദൻമാർ—അടിസ്ഥാനപരമായി യേശുവിന്റെ സമകാലീനർ—യഹൂദ വ്യവസ്ഥിതിയുടെ അവസാനം ആസന്നമാണെന്നതിന്റെ തെളിവുകളായ യുദ്ധങ്ങളും ഭൂകമ്പങ്ങളും ക്ഷാമങ്ങളും മറ്റു തെളിവുകളും അനുഭവിക്കാനോ അവയെക്കുറിച്ചു കേൾക്കാനോ പോകുകയായിരുന്നു. പൊ.യു. 70-ൽ അന്ത്യം വരുന്നതിനു മുമ്പായി ആ തലമുറ നീങ്ങിപ്പോയില്ല.—മത്തായി 24:3-14, 34.
യേശുവിന്റെ വാക്കുകൾ ആ അർഥത്തിൽ എല്ലായ്പോഴും എടുത്തിട്ടില്ലെന്നു നാം സമ്മതിച്ചേതീരൂ. അന്ത്യം ആഗതമാകുന്ന ദിനം സംബന്ധിച്ചു കൃത്യമായ വിവരം അറിയാനുള്ള ഒരു പ്രവണത അപൂർണ മനുഷ്യർക്കുണ്ട്. “കർത്താവേ ഈ കാലത്താണോ നീ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിക്കുന്നത്?” എന്നു ചോദിച്ചുകൊണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ അപ്പോസ്തലന്മാർ പോലും ആഗ്രഹിച്ചതായി ഓർമിക്കുക.—പ്രവൃത്തികൾ 1:6, NW.
സമാനമായ ആത്മാർഥ ആന്തരങ്ങളോടെ, ആധുനിക കാലങ്ങളിൽ ദൈവദാസൻമാർ “തലമുറ”യെക്കുറിച്ച് യേശു പറഞ്ഞതിൽനിന്ന് 1914 മുതൽ കണക്കുകൂട്ടുന്ന ഒരു സമയഘടകം വേർതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇങ്ങനെ ന്യായവാദം ചെയ്തിരുന്നു: ഒന്നാം ലോകമഹായുദ്ധത്തിന്റെയും മറ്റു സംഭവവികാസങ്ങളുടെയും പ്രാധാന്യം ഗ്രഹിക്കാൻ തക്ക പ്രായമുള്ളവരുടെ ഒരു തലമുറയുടെ ദൈർഘ്യം 70-ഓ 80-ഓ വർഷം വന്നേക്കാം, അങ്ങനെയെങ്കിൽ അന്ത്യം എത്ര ആസന്നമാണെന്നു നമുക്ക് ഏറെക്കുറെ കണക്കുകൂട്ടാൻ സാധിക്കും.
അത്തരം ചിന്താഗതി എത്ര സദുദ്ദേശ്യപരമായിരുന്നെങ്കിലും, യേശു തുടർന്നു നൽകിയ ബുദ്ധ്യുപദേശവുമായി അതു പൊരുത്തപ്പെട്ടോ? യേശു ഇങ്ങനെ പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനും കൂടെ അറിയുന്നില്ല. . . . നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.”—മത്തായി 24:36-42.
അതുകൊണ്ട് “ഈ തലമുറ”യെ സംബന്ധിച്ച അടുത്തകാലത്തെ വിവരങ്ങൾ 1914-ൽ സംഭവിച്ചതു സംബന്ധിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിനു മാറ്റം വരുത്തിയില്ല. എന്നാൽ “തലമുറ” എന്ന പദപ്രയോഗം യേശു ഉപയോഗിച്ചതു സംബന്ധിച്ചുള്ള കൂടുതൽ വ്യക്തമായ ഗ്രാഹ്യം അതു നമുക്കു പകർന്നുതന്നു. നാം അന്ത്യത്തോടെത്ര അടുത്താണെന്നു കണക്കു കൂട്ടുന്നതിനുള്ള—1914-ൽ തുടങ്ങി എണ്ണുന്നതിനുള്ള—അടിസ്ഥാനമായല്ല അവൻ ആ പദം ഉപയോഗിച്ചത് എന്നു കാണാൻ അതു നമ്മെ സഹായിക്കുകയും ചെയ്യുന്നു.