മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കുമിടയിലെ ഒരുമ നിലനിർത്തൽ
പൊതുയുഗം 33-ലെ പെന്തക്കോസ്ത് ആചരണം കഴിഞ്ഞയുടനെ, പുതുതായി രൂപീകൃതമായ ക്രിസ്തീയ സഭയിൽ ഒരു അടിയന്തിര സ്ഥിതിവിശേഷം സംജാതമായി. ദരിദ്രരായ വിധവമാരെ പരിരക്ഷിക്കുന്നതിനുവേണ്ടി ഒരു ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ, “പ്രതിദിനമുള്ള സഹായ വിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാർ ഹെബ്രായർക്കെതിരേ പിറുപിറുത്തു.”—അപ്പ. പ്രവർത്തനങ്ങൾ 6:1, പി.ഒ.സി. ബൈബിൾ.
ഈ പരാതികൾ അപ്പോസ്തലൻമാരുടെ കാതുകളിലെത്തി. “അതുകൊണ്ട്, പന്ത്രണ്ടു പേർ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങൾ ദൈവവചന ശുശ്രൂഷയിൽ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളിൽ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാൽ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളിൽനിന്നു കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏൽപ്പിക്കാം.”—അപ്പ. പ്രവർത്തനങ്ങൾ 6:2, 3, പി.ഒ.സി. ബൈ.
ഇതു ക്രിസ്തീയ സഭയ്ക്കുള്ളിലെ സംഘാടനത്തിന്റെ ഒരു പ്രധാന തത്ത്വത്തെ ദൃഷ്ടാന്തീകരിക്കുന്നു. ഉത്തരവാദിത്വബോധമുള്ള ചില പുരുഷൻമാരെ അനുദിന സംഗതികളുടെ ചുമതല ഏൽപ്പിക്കുന്നു. അതേസമയം, മററുചിലർ ഭാരിച്ച ആത്മീയ ഉത്തരവാദിത്വങ്ങൾ ഭരമേൽക്കുന്നു. ഇതിനു മുൻകീഴ്വഴക്കമില്ലാതില്ല. പുരാതന ഇസ്രായേലിൽ, ദൈവത്തിനുള്ള ബലിയർപ്പണത്തിൽ പുരോഹിതൻമാരായി സേവിക്കാൻ അഹരോനും അദ്ദേഹത്തിന്റെ പിൻഗാമികളും നിയമിതരായി. എന്നിരുന്നാലും, ‘സമാഗമനകൂടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്തുകൊണ്ട്’ ലേവ്യർ അവരെ സഹായിക്കണമെന്ന് യഹോവ നിർദേശിച്ചു. (സംഖ്യാപുസ്തകം 3:5-10) അതുപോലെ, ഇന്ന് ശുശ്രൂഷാദാസൻമാർ മേൽവിചാരകൻമാരെ സഹായിക്കുന്നു.
മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും റോൾ
മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും വേണ്ടി ഉയർന്ന യോഗ്യതകളാണ് തിരുവെഴുത്തുകൾ വെക്കുന്നത്. (1 തിമൊഥെയൊസ് 3:1-10, 12, 13; തീത്തൊസ് 1:6-9) അവർ മത്സരിക്കുന്നില്ല, പകരം സഭയെ പടുത്തുയർത്തുകയെന്ന ഒരേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നു. (താരതമ്യം ചെയ്യുക: എഫെസ്യർ 4:11-13.) എന്നുവരികിലും, അവർ സഭയിൽ നിർവഹിക്കുന്ന വേലകളിൽ കുറച്ചു വ്യത്യാസമുണ്ട്. “നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ. അതു നിർബന്ധംമൂലമായിരിക്കരുത്, ദൈവത്തെപ്രതി സൻമനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം” എന്ന് 1 പത്രോസ് 5:2 (പി.ഒ.സി. ബൈ.) മേൽവിചാരകൻമാരോടായി പറയുന്നു. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഈ വിശുദ്ധ ഉത്തരവാദിത്വം എങ്ങനെ നിർവഹിക്കുന്നു എന്നതുസംബന്ധിച്ച് ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാണവർ.—എബ്രായർ 13:17.
ശുശ്രൂഷാദാസൻമാരോ? പഠിപ്പിക്കാനുള്ള പ്രാപ്തിയിൽ അത്ര യോഗ്യതയുള്ളവരായിരിക്കേണം അവർ എന്നു തിരുവെഴുത്തുകൾ ആവശ്യപ്പെടുന്നില്ല. മൂപ്പൻമാരുടേതിൽനിന്നും കുറച്ചൊക്കെ വ്യത്യാസമുള്ളതാണ് അവരുടെ കർത്തവ്യങ്ങൾ. നിസ്സംശയമായും ഒന്നാം നൂററാണ്ടിൽ, ശ്രദ്ധയാവശ്യമായിരുന്ന ഭൗതികമായ, പതിവായി ചെയ്യുന്ന, അല്ലെങ്കിൽ യാന്ത്രിക സ്വഭാവമുള്ള പല സംഗതികളുണ്ടായിരുന്നു. തിരുവെഴുത്തുകൾ പകർത്തിയെഴുതുന്നതിനുള്ള സാമഗ്രികൾ വാങ്ങുന്നതോ പകർത്തിയെഴുതൽവേല തന്നെയോ അതിലുൾപ്പെട്ടിരുന്നിരിക്കാം.
ഇന്ന്, സഭയിൽ ശുശ്രൂഷാദാസൻമാർ പ്രാധാന്യമുള്ള അനേകം വേലകൾ നിർവഹിക്കുന്നു. സഭാകണക്കുകൾ, പ്രദേശങ്ങൾ എന്നിവ കൈകാര്യം ചെയ്യൽ, മാസികകളും പുസ്തകങ്ങളും വിതരണം ചെയ്യൽ, രാജ്യഹാൾ സംരക്ഷണം എന്നിങ്ങനെയുള്ള പലതും അത്തരം വേലകളിൽപ്പെടുന്നതാണ്. പ്രാപ്തിയുള്ള ചില ശുശ്രൂഷാദാസൻമാരെ ചിലപ്പോൾ പഠിപ്പിക്കാൻപോലും നിയമിച്ചെന്നിരിക്കും. സഭാപുസ്തകാധ്യയന നിർവഹണം, സേവനയോഗ പരിപാടികൾ കൈകാര്യം ചെയ്യൽ, പരസ്യപ്രസംഗ നിർവഹണം എന്നിവയൊക്കെ അതിലുൾപ്പെട്ടേക്കാം.
മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ഒരുമയോടെ പ്രവർത്തിക്കുമ്പോൾ സഭയുടെ ആത്മീയവും സംഘടനാപരവുമായ ആവശ്യങ്ങൾ സമനിലയിൽ നിർവഹിക്കപ്പെടുന്നു. അപ്പോൾ, സഭാംഗങ്ങൾ ആഹ്ലാദചിത്തരും ബലിഷ്ഠരും ആത്മീയമായി ഫലോത്പാദകരുമായിത്തീരുന്നു. എഫേസോസിലെ അഭിഷിക്തർക്ക് പൗലോസ് എഴുതിയത് എന്തെന്ന് അനുസ്മരിക്കുക: “ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽനിന്നു വളർച്ച പ്രാപിക്കുന്നു.”—എഫെസ്യർ 4:16.
അതുപോലെയുള്ള ഒരുമ, അതായത് യോജിപ്പ്, ഇണക്കം, സഹകരണം, ഐക്യം എന്നിവ വികസിപ്പിച്ചെടുക്കാൻ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും കഠിനമായി പരിശ്രമിക്കണം. എന്നിരുന്നാലും, അത്തരം ഒരുമ സ്വതവേ വരുന്നില്ല. അതു നട്ടുവളർത്തേണ്ടതും ശ്രദ്ധാപൂർവം കാത്തുസൂക്ഷിക്കേണ്ടതുമാകുന്നു.
മൂപ്പൻമാർക്കു ചെയ്യാവുന്നത്
യജമാനനും അടിമയും തമ്മിലുള്ളതോ മുതലാളിയും തൊഴിലാളിയും തമ്മിലുള്ളതോ പോലുള്ള ഒരു ബന്ധമല്ല മൂപ്പനും ശുശ്രൂഷാദാസനും തമ്മിലുള്ളത് എന്നു തിരിച്ചറിയുന്നത് ഒരു സുപ്രധാന സംഗതിയാണ്. യഥാർഥ ഒരുമയുള്ളിടത്ത് മൂപ്പൻമാർ ശുശ്രൂഷാദാസൻമാരെ ദൈവത്തിന്റെ സഹശുശ്രൂഷകരായി വീക്ഷിക്കുന്നു. (താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 3:6-9.) “ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ” എന്ന് റോമർ 12:10 പറയുന്നു. അതുകൊണ്ട്, തങ്ങളെക്കാൾ താഴ്ന്നവരോടാണ് തങ്ങൾ ഇടപെടുന്നത് എന്ന പ്രതീതിയുളവാക്കുംവിധം അല്ലെങ്കിൽ തരംതാഴ്ത്തുംവിധം ശുശ്രൂഷാദാസൻമാരോട് ഇടപെടുന്നത് മൂപ്പൻമാർ ഒഴിവാക്കുന്നു. മുൻകയ്യെടുത്തു പ്രകടമാക്കുന്ന അവരുടെ ആരോഗ്യകരമായ സ്വഭാവത്തെ തകർക്കുന്നതിനുപകരം അവർ അവരെ പ്രോത്സാഹിപ്പിക്കുന്നു. ശുശ്രൂഷാദാസൻമാരോട് ആദരവോടെ ഇടപെടുമ്പോൾ അത് അവരിലെ ഏററവും നല്ല ഗുണഗണങ്ങളെ വളർത്തുകയും സഭയിലെ അവരുടെ വേല ആസ്വദിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.
തങ്ങളുടെ പരിപാലനയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാൻ നിയമിതരായ മൂപ്പൻമാർ ഒരു സംഗതി മനസ്സിൽപ്പിടിക്കേണ്ടതാണ്, തങ്ങളുടെ ഈ നിയോഗത്തിൻകീഴിൽ ശുശ്രൂഷാദാസൻമാരായി സേവിക്കുന്ന സഹോദരൻമാരും ഉൾപ്പെടുന്നുണ്ട് എന്ന്. ശുശ്രൂഷാദാസൻമാർ പക്വതയുള്ള ക്രിസ്ത്യാനികളായിരിക്കണം എന്നതു ശരിതന്നെ. എങ്കിലും, ആടുകളിൽ ശേഷിക്കുന്നവരെപ്പോലെ, കാലാകാലങ്ങളിൽ ഇവർക്കും വ്യക്തിപരമായ ശ്രദ്ധ ലഭിക്കേണ്ടയാവശ്യമുണ്ട്. അവരുടെ ആത്മീയ പുരോഗതിയിൽ മൂപ്പൻമാർക്ക് ആഴമായ താത്പര്യമുണ്ടായിരിക്കണം.
ഉദാഹരണത്തിന്, അപ്പോസ്തലനായ പൗലോസ് യുവാവായ തിമോത്തിയെ കണ്ടമാത്രയിൽത്തന്നെ തിമോത്തിയുടെ കഴിവു കണക്കാക്കുകയും “അവൻ തന്നോടുകൂടെ പോരേണം എന്നു പൌലോസ് ഇച്ഛി”ക്കുകയും ചെയ്തു. (പ്രവൃത്തികൾ 16:3) പൗലോസിന്റെ സഹയാത്രികനായി സേവിച്ച തിമോത്തിക്ക് വിലമതിക്കാനാവാത്ത പരിശീലനം ലഭിക്കുകയുണ്ടായി. വർഷങ്ങൾ കഴിഞ്ഞ് പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് എഴുതി: “കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയൊസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. ഞാൻ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർപ്പിക്കും.”—1 കൊരിന്ത്യർ 4:17.
മൂപ്പൻമാരേ, നിങ്ങൾ നിങ്ങളുടെ സഭയിലെ ശുശ്രൂഷാദാസൻമാരുടെ മുഴു പ്രാപ്തികളും ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ടോ? പരസ്യപ്രസംഗത്തിലും ബൈബിൾ ഗവേഷണത്തിലും വ്യക്തിപരമായ പരിശീലനം നൽകിക്കൊണ്ട് പുരോഗതി പ്രാപിക്കാൻ നിങ്ങൾ അവരെ സഹായിക്കുന്നുണ്ടോ? ഇടയസന്ദർശനങ്ങൾ നടത്തുമ്പോൾ നിങ്ങളോടൊപ്പം പോരാൻ യോഗ്യതയുള്ളവരെ നിങ്ങൾ ക്ഷണിച്ചിട്ടുണ്ടോ? വയൽസേവനത്തിൽ നിങ്ങൾ അവരോടൊത്തു പ്രവർത്തിക്കാറുണ്ടോ? “കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ദാസനേ!” എന്നാണ് യേശുവിന്റെ താലന്തുകളുടെ ഉപമയിലെ യജമാനൻ തന്റെ ദാസൻമാരോട് പറഞ്ഞത്. (മത്തായി 25:23, NW) അതുപോലെ, താഴ്മയോടെ നിയമനങ്ങൾ നന്നായി നിർവഹിക്കുന്ന ശുശ്രൂഷാദാസൻമാരെ നിങ്ങളും കലവറയില്ലാതെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ടോ? (താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 3:27.) അല്ലാത്തപക്ഷം, തങ്ങളുടെ വേലയെ വിലമതിക്കുന്നുണ്ടെന്ന് അവർ എങ്ങനെ അറിയും?
അതുപോലെതന്നെ മർമപ്രധാനമാണ് ആശയവിനിമയം. സ്വരചേർച്ചയോടുകൂടിയുള്ള നല്ല ബന്ധമുണ്ടാകണമെങ്കിൽ അതു കൂടിയേ തീരൂ. (താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 15:22.) തോന്നിയപോലെയോ നിർദേശങ്ങളൊന്നും കൊടുക്കാതെയോ ചുമതലകൾ ഏൽപ്പിക്കുകയോ എടുത്തുമാററുകയോ ചെയ്യരുത്. സഭയിൽ ഒരു സഹോദരന്റെ പ്രാപ്തികളെ ഏററവും നന്നായി എങ്ങനെ ഉപയോഗിക്കാമെന്ന് മൂപ്പൻമാർ പ്രാർഥനാപൂർവം ചർച്ചചെയ്യണം. (താരതമ്യം ചെയ്യുക: മത്തായി 25:15.) ഒരു നിയമനം ഏൽപ്പിച്ചുകൊടുക്കുമ്പോൾ, കൃത്യമായി എന്തെല്ലാം ചെയ്യണം എന്നതു സംബന്ധിച്ച് വിശദമായ നിർദേശങ്ങൾ അദ്ദേഹത്തിനു നൽകിയിരിക്കണം. “വിദഗ്ധമായ നിർദേശമില്ലാത്തപ്പോൾ ആളുകൾ വീണുപോകുന്നു” എന്ന് സദൃശവാക്യങ്ങൾ 11:14 [NW] മുന്നറിയിപ്പു നൽകുന്നു.
കണക്കുകൾ, മാസികകൾ, അല്ലെങ്കിൽ സാഹിത്യം എന്നീ വിഭാഗങ്ങളുടെ ചുമതലകൾ ഏറെറടുത്തുകൊള്ളൂ എന്ന് വെറുതെയങ്ങ് ഒരു സഹോദരനോടു പറഞ്ഞാൽ പോരാ. ചിലപ്പോൾ പുതുതായി നിയമിതനായ ഒരു സഹോദരനു ലഭിക്കുന്നത് കൃത്യമല്ലാത്ത അല്ലെങ്കിൽ പൂർത്തീകരിക്കാത്ത ഒരു കൂട്ടം രേഖകളായിരിക്കും. എന്തൊരു മനംമടുപ്പായിരിക്കും അതുളവാക്കുക! “സകല കാര്യങ്ങളും യോഗ്യമായും ക്രമീകരണപ്രകാരവും നടക്കട്ടെ” എന്നാണ് 1 കൊരിന്ത്യർ 14:40-ലെ [NW] നിർദേശം. സഭാപരമായ നടപടിക്രമങ്ങളുമായി പരിചയപ്പെടാൻ അവർക്ക് അവസരം നൽകിക്കൊണ്ടും അത്തരം നടപടിക്രമങ്ങൾ പിൻപററുന്നതിൽ തങ്ങൾതന്നെ മാതൃക വെച്ചുകൊണ്ടും സഹോദരൻമാരെ പരിശീലിപ്പിക്കാൻ മൂപ്പൻമാർ മുൻകയ്യെടുക്കണം. ഉദാഹരണത്തിന്, മൂന്നു മാസം കൂടുമ്പോൾ സഭാകണക്കുകൾ ഓഡിററ് ചെയ്യാൻ മൂപ്പൻമാർ ക്രമീകരണം ചെയ്യേണ്ടതാണ്. അത്തരം ഒരു പ്രധാന ക്രമീകരണത്തെ അവഗണിച്ചാൽ അതുമുഖാന്തരം പ്രശ്നങ്ങൾ പൊന്തിവരുകയും സംഘടനാപരമായ നിർദേശങ്ങളോടു ശുശ്രൂഷാദാസൻമാർക്കുള്ള ആദരവിനു കോട്ടംതട്ടുകയും ചെയ്യും.
എന്നാൽ, ഒരു സഹോദരൻ ഒരു പ്രത്യേക നിയമനം നിർവഹിക്കുന്ന കാര്യത്തിൽ അനാസ്ഥ കാട്ടുന്നെങ്കിലോ? എടുപിടീന്ന് അദ്ദേഹത്തെ നിയമനത്തിൽനിന്നു മാററുകയല്ല വേണ്ടത്. പകരം, പ്രസ്തുത സംഗതി സംബന്ധിച്ച് അദ്ദേഹവുമായി സംസാരിക്കണം. ചിലപ്പോൾ പരിശീലനത്തിന്റെ കുറവായിരിക്കാം പ്രശ്നം. തന്റെ നിയമനം നിർവഹിക്കുന്ന കാര്യത്തിൽ ആ സഹോദരനു പിന്നെയും ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ, ഒരുപക്ഷേ അദ്ദേഹം മറെറാരു നിയമനത്തിൽ ശോഭിച്ചേക്കാം.
താഴ്മ പ്രകടമാക്കിക്കൊണ്ടും മൂപ്പൻമാർക്ക് ഒരുമ ഊട്ടിവളർത്താനാവും. “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ” എന്നു ഫിലിപ്പിയർ 2:3 ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. ഹാളിൽവെച്ച് സേവകൻ ഒരു മൂപ്പനോടു മറെറാരു സീററിലേക്കു മാറിയിരിക്കാൻ ആവശ്യപ്പെടുമ്പോൾ അദ്ദേഹം അതിനോടു സഹകരിക്കാൻ ശ്രമിക്കണം. പകരം, താൻ മൂപ്പനാണ്, അതുകൊണ്ട് അനുസരിക്കേണ്ടയാവശ്യമില്ല എന്നു ന്യായവാദം ചെയ്യരുത്. ഒരുപക്ഷേ, ഹാളിന്റെ വിവിധ ഭാഗങ്ങളിൽ ഇരുത്താനുള്ള നിർദേശം ലഭിച്ചതനുസരിച്ച് പ്രവർത്തിക്കുക മാത്രമായിരിക്കും സേവകൻ ചെയ്തത്. എന്നാൽ സകലരും അങ്ങനെതന്നെ ചെയ്തുകൊള്ളണം എന്നൊരു നിയമമില്ല എന്ന സംഗതി അദ്ദേഹം ഓർക്കണം.a ഒരു ശുശ്രൂഷാദാസനെ ഏൽപ്പിച്ചിരിക്കുന്ന സംഗതികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അനാവശ്യമായി അവഗണിക്കുന്നത് ഒരു മൂപ്പൻ ഒഴിവാക്കും.
ഒരുമയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ശുശ്രൂഷാദാസൻമാർ
“അതുപോലെതന്നെ ശുശ്രൂഷാദാസൻമാർ ഗൗരവമുള്ളവരായിരിക്കണം,” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (1 തിമോത്തി 3:8, NW) നിയമനങ്ങളെ തങ്ങളുടെ വിശുദ്ധസേവനത്തിന്റെ ഭാഗമായി ഗൗരവത്തോടെ വീക്ഷിക്കുക. അങ്ങനെയാകുമ്പോൾ പിരിമുറുക്കങ്ങളുണ്ടാകുന്നതു തടയാൻ അതു വളരെയധികം സഹായിക്കും. നിങ്ങൾ ഒരു ശുശ്രൂഷാദാസനാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ കർത്തവ്യങ്ങൾ ഉത്സാഹത്തോടെ നിവർത്തിക്കുന്നുണ്ടോ? (റോമർ 12:7, 8) നിങ്ങളുടെ കർത്തവ്യനിർവഹണത്തിൽ പ്രാവീണ്യമുള്ളവരായിത്തീരാൻ തക്കവണ്ണം നിങ്ങൾ ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ടോ? വിശ്വസിക്കാവുന്നവനും ആശ്രയിക്കാവുന്നവനുമാണോ നിങ്ങൾ? നിയമനത്തിന്റെ കാര്യത്തിൽ മനസ്സൊരുക്കത്തിന്റേതായ ഒരു ആത്മാവ് നിങ്ങൾ പ്രകടിപ്പിക്കുന്നുവോ? ഒരു ആഫ്രിക്കൻ രാജ്യത്തെ ഒരു ശുശ്രൂഷാദാസൻ സഭയിൽ മൂന്നു വ്യത്യസ്ത നിയമനങ്ങൾ കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ മനോഭാവമോ? “അതിനർഥം കൂടുതൽ കഠിനവേലയെന്നേയുള്ളൂ, കഠിനവേല നിങ്ങളുടെ കഥ കഴിക്കുകയൊന്നുമില്ല” എന്നാണ് അദ്ദേഹം പറയുന്നത്. തീർച്ചയായും, അർപ്പിതമായ വിധത്തിൽ വേലചെയ്യുന്നവർക്ക് അങ്ങേയററം സന്തുഷ്ടി ലഭിക്കുന്നു.—പ്രവൃത്തികൾ 20:35.
മൂപ്പൻമാരുമായി പൂർണമായി സഹകരിച്ചുകൊണ്ട് ഒരുമ ഊട്ടിവളർത്തുന്ന കാര്യത്തിൽ നിങ്ങൾക്കു വളരെയധികം ചെയ്യാനാവും. “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല” എന്നു എബ്രായർ 13:17 പറയുന്നു. മൂപ്പൻമാർ അപൂർണരാണ് എന്നതു ശരിതന്നെ, അവരിൽ കുററം കണ്ടുപിടിക്കുക എളുപ്പമായിരുന്നേക്കാം. എങ്കിലും, വിമർശനാത്മകമായ മനോഭാവം വിശ്വാസമില്ലായ്മ വളർത്തും. അതിനു നിങ്ങളുടെ സന്തോഷത്തെ കെടുത്തിക്കളയാനും സഭയിലെ മററുള്ളവരെ പ്രതികൂലമായി ബാധിക്കാനും കഴിയും. അതുകൊണ്ട്, അപ്പോസ്തലനായ പത്രോസ് ഈ ഉപദേശം കൊടുത്തു: “അവ്വണ്ണം ഇളയവരേ, മൂപ്പൻമാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ . . . അതുകൊണ്ട് അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.”—1 പത്രൊസ് 5:5, 6.
ചില സേവനപദവികൾ നൽകാതെ നിങ്ങളെ തഴഞ്ഞിരിക്കുന്നു എന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ അത്തരം ബുദ്ധ്യുപദേശം വിശേഷാൽ സമയോചിതമാണ്. നിങ്ങൾ ഒരുപക്ഷേ “മേൽവിചാരകന്റെ പദവി എത്തിപ്പിടിക്കു”കയായിരുന്നിരിക്കാം, പക്ഷേ ഇതുവരെ നിയമനമൊന്നുമുണ്ടായില്ലായിരിക്കാം. (1 തിമോത്തി 3:1, NW) “ഒരു കാത്തിരിപ്പിൻ മനോഭാവം” കാത്തുസൂക്ഷിക്കാൻ താഴ്മ നിങ്ങളെ സഹായിക്കും. (വിലാപങ്ങൾ 3:24, NW) മൂപ്പൻമാരോട് അമർഷം തോന്നരുത്. അതു തീർച്ചയായും നിങ്ങൾക്കിടയിലെ നല്ല ബന്ധത്തെ തകരാറിലാക്കും. അതിനുപകരം, നിങ്ങൾ പുരോഗതി വരുത്തേണ്ട വശങ്ങളുണ്ടോ എന്ന് അവരോടു ചോദിക്കുക. ബുദ്ധ്യുപദേശം സ്വീകരിച്ച് അതു ബാധകമാക്കാനുള്ള നിങ്ങളുടെ യഥാർഥ മനസ്സൊരുക്കത്തെ നിസ്സംശയമായും ആത്മീയ പുരോഗതിയുടെ തെളിവായി വീക്ഷിക്കും.
ഒരു ശുശ്രൂഷാദാസന് അസാധാരണമായ പ്രാപ്തികളോ വിദ്യാഭ്യാസപരവും സാമൂഹികവുമായ പദവികളോ ഉണ്ടെങ്കിൽ അദ്ദേഹം സമനില പാലിക്കണം. ഇതു ചെയ്യാൻ ദൈവികമായ താഴ്മയും എളിമയും അദ്ദേഹത്തെ സഹായിക്കും. മൂപ്പൻമാരെ കടത്തിവെട്ടുന്നതിനുവേണ്ടി ശ്രമിക്കാനോ തന്റെ കഴിവുകളിലേക്കു ശ്രദ്ധ ക്ഷണിക്കാനോ ഒക്കെ അദ്ദേഹത്തിന് എന്തൊരു കടുത്ത പ്രേരണയാവും ഉണ്ടാവുക! ‘താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്’ എന്ന് സദൃശവാക്യങ്ങൾ 11:2 നമ്മെ അനുസ്മരിപ്പിക്കുന്നു. താഴ്മയുള്ള ഒരു സഹോദരനു തന്റെ പരിമിതികളെ സംബന്ധിച്ചു ബോധമുണ്ടായിരിക്കും. അണിയറയിൽ ശാന്തമായി പ്രവർത്തിക്കാനും തന്റെ പ്രാപ്തികൾ മൂപ്പൻമാരെ പിന്തുണക്കുന്നതിനായി ഉപയോഗിക്കാനും അദ്ദേഹത്തിനു മനസ്സൊരുക്കമുണ്ടായിരിക്കും. ലൗകികമായ വിധത്തിൽ കാര്യമായ അറിവു തനിക്കുണ്ടെങ്കിലും ആത്മീയ ജ്ഞാനത്തിന്റെയും വിവേചനയുടെയും പ്രധാന വശങ്ങളിൽ താനിപ്പോഴും കുറവുള്ളവനാണ് എന്നു തിരിച്ചറിയാൻ അദ്ദേഹത്തെ താഴ്മ സഹായിക്കും. എന്നാൽ അത്തരം ഗുണങ്ങളിൽ മൂപ്പൻമാർ സമ്പന്നരാണുതാനും.—1 കൊരിന്ത്യർ 1:26–2:13; ഫിലിപ്പിയർ 1:9.
വ്യക്തമായും മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും മർമപ്രധാനമായ റോളുകളാണു നിർവഹിക്കുന്നത്. അവർ ഒരുമിച്ചാൽ സഭയിലെ എല്ലാവരെയും കെട്ടുപണിചെയ്യുന്ന ലക്ഷ്യത്തിൽ വളരെയധികം ചെയ്യാനാവും. പക്ഷേ, അങ്ങനെ ചെയ്യാൻ അവർ കൂട്ടായി ഒരുമയോടെ പ്രവർത്തിക്കണം. ഒപ്പം, “പൂർണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും” വേണം.—എഫെസ്യർ 4:2, 3.
[അടിക്കുറിപ്പ്]
[27-ാം പേജിലെ ചിത്രം]
മൂപ്പൻമാർ ശുശ്രൂഷാദാസൻമാരെ വീക്ഷിക്കുന്നത് ദൈവത്തിന്റെ സഹശുശ്രൂഷകരായിട്ടാണ്, അല്ലാതെ കീഴ്ജോലിക്കാരായിട്ടല്ല