പശ്ചാത്താപവിവശരാകാതെ ദൈവത്തെ സേവിക്കുക
‘പിമ്പിലുള്ളത് മറന്ന് മുമ്പിലുള്ളതിനായി ആയുന്നു.’—ഫിലി. 3:13.
1-3. (എ) പശ്ചാത്താപം എന്താണ്, അതു നമ്മെ എങ്ങനെ ബാധിച്ചേക്കാം? (ബി) പശ്ചാത്താപവിവശരാകാതെ ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ച് പൗലോസിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
“സംസാരത്തിലോ എഴുത്തിലോ കാണുന്ന ഏറ്റവും സങ്കടകരമായ വാക്കുകൾ, ‘അത് അങ്ങനെ ആയിരുന്നെങ്കിൽ!’” എന്നാണെന്ന് ജെ. ജി. വൈട്ട്യർ എന്ന കവി ഒരിക്കൽ എഴുതുകയുണ്ടായി. നാം പശ്ചാത്തപിക്കുന്ന കാര്യങ്ങളെക്കുറിച്ച്, അതായത് ഒരവസരംകൂടി ലഭിച്ചിരുന്നെങ്കിൽ വ്യത്യസ്തമായി ചെയ്യാമായിരുന്നെന്ന് ചിന്തിക്കുന്ന കാര്യങ്ങളെക്കുറിച്ച്, പരാമർശിക്കുകയായിരുന്നു അദ്ദേഹം. ചെയ്തതോ ഒരുപക്ഷേ ചെയ്യാതിരുന്നതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള മനോദുഃഖം അഥവാ മനോവേദന ആണ് ‘പശ്ചാത്താപം.’ “വീണ്ടും കണ്ണീരൊഴുക്കുക” എന്നും അതിന് അർഥമുണ്ട്. വ്യത്യസ്തമായി ചെയ്തിരുന്നെങ്കിൽ എന്ന് തോന്നുന്ന പല കാര്യങ്ങളും നാമെല്ലാം ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് പശ്ചാത്താപം തോന്നുന്ന ചില കാര്യങ്ങൾ ഏവയാണ്?
2 ചിലർ ജീവിതത്തിൽ വലിയ തെറ്റുകൾ, ഗുരുതരമായ പാപങ്ങൾപോലും ചെയ്തിട്ടുണ്ട്. അത്രത്തോളം പോയിട്ടില്ലെങ്കിലും, എടുത്ത ചില തീരുമാനങ്ങൾ ഏറ്റവും നല്ലതായിരുന്നോ എന്ന് ചിന്തിക്കുന്നവരാണ് മറ്റു ചിലർ. ചിലർക്ക് കഴിഞ്ഞതൊക്കെ മറന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിരിക്കുന്നു. എന്നാൽ കഴിഞ്ഞകാലത്തെക്കുറിച്ച് ഓർത്ത് നിരന്തരം പരിതപിക്കുന്നവരുമുണ്ട്. (സങ്കീ. 51:3) നിങ്ങൾ ഇതിൽ ഏതു ഗണത്തിൽപ്പെടും? കുറഞ്ഞത് ഇന്നുമുതലെങ്കിലും പശ്ചാത്താപവിവശരാകാതെ ദൈവത്തെ സേവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിന് നമുക്കു മാതൃകയാക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ? തീർച്ചയായും! അത് പൗലോസ് അപ്പൊസ്തലനാണ്.
3 ഗുരുതരമായ തെറ്റുകൾ ചെയ്തവനാണ് പൗലോസ്; അതേസമയം ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുക്കാനും അവനു കഴിഞ്ഞിട്ടുണ്ട്. തന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് അവന് വളരെയധികം പശ്ചാത്താപം തോന്നി. എന്നാൽ ദൈവത്തെ വിശ്വസ്തമായി സേവിച്ചുകൊണ്ട് ജീവിതത്തിൽ വിജയംവരിക്കാൻ അവൻ പഠിച്ചു. പശ്ചാത്താപവിവശരാകാതെ ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ച് പൗലോസിന്റെ മാതൃക നമ്മെ എന്തു പഠിപ്പിക്കുന്നെന്ന് നോക്കാം.
പൗലോസിന് പശ്ചാത്താപം തോന്നാൻ ഇടയാക്കിയ കഴിഞ്ഞകാലം
4. കഴിഞ്ഞകാലത്ത് താൻ ചെയ്ത എന്തിനെപ്രതിയാണ് പൗലോസിന് പശ്ചാത്തപിക്കേണ്ടിവന്നത്?
4 പിന്നീട് പശ്ചാത്താപം തോന്നിയ കാര്യങ്ങൾ ഒരു യുവപരീശൻ എന്ന നിലയിൽ പൗലോസ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ക്രിസ്തുശിഷ്യർക്കെതിരെയുള്ള ക്രൂരമായ പീഡനത്തിന് അവൻ ചുക്കാൻ പിടിച്ചു. സ്തെഫാനൊസിന്റെ രക്തസാക്ഷിമരണത്തിനു ശേഷം ഉടൻതന്നെ ‘ശൗൽ (പിന്നീട് പൗലോസ് എന്നറിയപ്പെട്ടു) സഭയെ അതിനീചമായി ദ്രോഹിക്കാൻതുടങ്ങി. അവൻ വീടുതോറും ചെന്ന് സ്ത്രീപുരുഷന്മാരെ വലിച്ചിഴച്ചുകൊണ്ടുപോയി തടവിലാക്കിയിരുന്നതായി’ ബൈബിൾ വിവരണം പറയുന്നു. (പ്രവൃ. 8:3) ‘അതിനീചമായി ദ്രോഹിക്കുക’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തെക്കുറിച്ച് പണ്ഡിതനായ ആൽബർട്ട് ബാൺസ് പറയുന്നത്, അത് “പീഡനം അഴിച്ചുവിടുന്നതിലുള്ള (ശൗലിന്റെ) തീക്ഷ്ണതയും കോപാവേശവും വ്യക്തമാക്കുന്ന ശക്തമായ ഒരു പ്രയോഗമാണ്” എന്നാണ്. “ഒരു വന്യമൃഗത്തിന്റെ ക്രൗര്യത്തോടെയാണ് ശൗൽ സഭയെ ആക്രമിച്ചത്” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തീവ്രമതാനുസാരിയായ ഒരു യഹൂദൻ എന്ന നിലയിൽ ക്രിസ്ത്യാനിത്വം പൂർണമായും പിഴുതെറിയുക എന്നത് തന്റെ ദൈവദത്ത നിയോഗമാണെന്ന് അവൻ വിശ്വസിച്ചു. അതുകൊണ്ട് അതിക്രൂരമായി ക്രിസ്ത്യാനികളെ വേട്ടയാടിയ ശൗൽ “സ്ത്രീപുരുഷ”ന്മാർക്കെതിരെ ‘ഭീഷണി ഉയർത്തിക്കൊണ്ട് അവരെ ഇല്ലാതാക്കാനുള്ള ആവേശത്തോടെ’യാണ് പ്രവർത്തിച്ചത്.—പ്രവൃ. 9:1, 2; 22:4.a
5. ശൗൽ യേശുവിന്റെ അനുഗാമികളെ പീഡിപ്പിക്കുന്നതു നിറുത്തി ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുന്നവനായി മാറിയതെങ്ങനെ?
5 യേശുവിന്റെ ശിഷ്യന്മാരെ അവരുടെ വീടുകളിൽനിന്ന് വലിച്ചിഴച്ച്, യെരുശലേമിലെ കോപാവേശം പൂണ്ട ന്യായാധിപസഭയുടെ മുമ്പാകെ ഹാജരാക്കുന്നതിനുവേണ്ടി ദമസ്കൊസിലേക്കു പോകുക എന്നതായിരുന്നു ശൗലിന്റെ ഉദ്ദേശ്യം. പക്ഷേ, അവന് പോകാനായില്ല; കാരണം ക്രിസ്തീയ സഭയുടെ ശിരസ്സായ ക്രിസ്തുവിന്റെ ഇഷ്ടത്തിന് വിരുദ്ധമായിരുന്നു അത്. (എഫെ. 5:23) ദമസ്കൊസിലേക്കുള്ള ശൗലിന്റെ യാത്രാമധ്യേ യേശു അവന് പ്രത്യക്ഷപ്പെട്ടു. ഒരു അത്ഭുതവെളിച്ചത്താൽ അവൻ അന്ധനായിത്തീർന്നു. അതിനു ശേഷം യേശു ശൗലിനെ ദമസ്കൊസിലേക്കു പറഞ്ഞയച്ചു. കൂടുതൽ നിർദേശങ്ങൾക്കായി അവൻ അവിടെ കാത്തിരിക്കണമായിരുന്നു. പിന്നീട് എന്താണു സംഭവിച്ചതെന്നു നമുക്കറിയാം.—പ്രവൃ. 9:3-22.
6, 7. വേദനയുളവാക്കുന്ന കഴിഞ്ഞകാലം പൗലോസ് വിസ്മരിച്ചില്ലെന്ന് എങ്ങനെ മനസ്സിലാക്കാം?
6 ക്രിസ്ത്യാനിയായിത്തീർന്ന ഉടനെ പൗലോസിന്റെ ചിന്താഗതിക്ക് മാറ്റം സംഭവിച്ചു. ക്രിസ്ത്യാനിത്വത്തിന്റെ കൊടിയ ശത്രുവായിരുന്ന അവൻ അതിന്റെ തീക്ഷ്ണതയുള്ള വക്താവായി മാറി. എന്നിരുന്നാലും പിന്നീട് അവൻ തന്നെപ്പറ്റി ഇങ്ങനെ എഴുതി: “യഹൂദമതത്തിലെ എന്റെ മുൻകാലജീവിതത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ദൈവത്തിന്റെ സഭയെ ഞാൻ കഠിനമായി പീഡിപ്പിക്കുകയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുപോന്നു.” (ഗലാ. 1:13) പിന്നീട്, കൊരിന്ത്യർക്കും ഫിലിപ്പിയർക്കും തിമൊഥെയൊസിനും എഴുതവെ, തനിക്ക് പശ്ചാത്താപം തോന്നാൻ ഇടയാക്കിയ കഴിഞ്ഞകാലത്തെക്കുറിച്ച് അവൻ വീണ്ടും പരാമർശിക്കുകയുണ്ടായി. (1 കൊരിന്ത്യർ 15:9 വായിക്കുക; ഫിലി. 3:6; 1 തിമൊ. 1:13) ലജ്ജാവഹമായ കാര്യങ്ങളാണ് താൻ ചെയ്തതെന്ന് പൗലോസിന് അറിയാമായിരുന്നു. എന്നാൽ ഇവയൊന്നും ഒരിക്കലും നടന്നിട്ടേയില്ല എന്ന് വരുത്തിത്തീർക്കാനും അവൻ ശ്രമിച്ചില്ല. തന്റെ ഗുരുതരമായ പിഴവുകൾ അവൻ തിരിച്ചറിഞ്ഞു.—പ്രവൃ. 26:9-11.
7 ശൗൽ ക്രിസ്ത്യാനികളെ “പീഡിപ്പിച്ചതിന്റെ ഭീകരത”യെക്കുറിച്ച് ബൈബിൾ പണ്ഡിതനായ ഫ്രെഡ്രിക് ഡബ്ല്യു. ഫാറർ പരാമർശിക്കുകയുണ്ടായി. പൗലോസിന്റെ ജീവിതത്തിലെ സങ്കടകരമായ ഈ കാലഘട്ടത്തിൽ അവൻ ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയെങ്കിൽ മാത്രമേ “അവൻ ഉള്ളിന്റെ ഉള്ളിൽ എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകുമെന്നും എതിരാളികളുടെ നിശിതമായ വിമർശനങ്ങൾക്ക് എത്രത്തോളം ഇരയായിട്ടുണ്ടാകുമെന്നും നമുക്കു തിരിച്ചറിയാനാകൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗലോസ് സഭകളെ സന്ദർശിച്ച സമയത്ത് അവനെ ആദ്യമായി കണ്ട ചിലരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടാകാം: ‘അപ്പോൾ നിങ്ങളാണല്ലേ ആ പൗലോസ്; ഞങ്ങളെ ദ്രോഹിച്ചവൻ!’—പ്രവൃ. 9:21.
8. യഹോവയും യേശുക്രിസ്തുവും തന്നോടു കാണിച്ച കരുണയെയും സ്നേഹത്തെയും കുറിച്ച് പൗലോസിന് എന്തു തോന്നി, ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു?
8 എന്നിരുന്നാലും, തന്റെ ശുശ്രൂഷ നിർവഹിക്കാൻ കഴിയുന്നത് ദൈവകൃപയാൽ മാത്രമാണെന്ന് പൗലോസ് തിരിച്ചറിഞ്ഞു. തന്റെ 14 ലേഖനങ്ങളിൽ ഏതാണ്ട് 90 പ്രാവശ്യം, അതായത് മറ്റ് ബൈബിൾ എഴുത്തുകാരെക്കാൾ കൂടുതൽ തവണ, അവൻ ദൈവത്തിന്റെ കരുണാർദ്രമായ ആ ഗുണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. (1 കൊരിന്ത്യർ 15:10 വായിക്കുക.) തന്നോടു കാണിച്ച കരുണയെപ്രതി പൗലോസിന് ആഴമായ വിലമതിപ്പുണ്ടായിരുന്നു; ഒപ്പം, തനിക്കു ലഭിച്ച ദൈവകൃപ ഒരിക്കലും പാഴായിപ്പോകരുത് എന്ന ആഗ്രഹവും അവനുണ്ടായിരുന്നു. അതുകൊണ്ട് അവൻ മറ്റെല്ലാ അപ്പൊസ്തലന്മാരെക്കാളും “അധികം അധ്വാനിച്ചു.” നാം നമ്മുടെ പാപങ്ങളെപ്രതി അനുതപിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ നമ്മുടെ ഗുരുതരമായ പാപങ്ങൾപോലും യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ മായ്ച്ചുകളയാൻ യഹോവ മനസ്സൊരുക്കമുള്ളവനാണെന്ന് പൗലോസിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ വ്യക്തികൾ എന്ന നിലയിൽ തങ്ങൾക്കു ലഭിക്കുക പ്രയാസമാണെന്നു ചിന്തിക്കുന്നവർക്ക് എത്ര നല്ല പാഠം! (1 തിമൊഥെയൊസ് 1:15, 16 വായിക്കുക.) ക്രിസ്തുവിനെ ക്രൂരമായി പീഡിപ്പിച്ചെങ്കിലും മനുഷ്യപുത്രനെക്കുറിച്ച്, ‘എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു’ എന്ന് പൗലോസിന് എഴുതാനായി. (ഗലാ. 2:20; പ്രവൃ. 9:5) പശ്ചാത്താപത്തിനു കൂടുതൽ കാരണങ്ങൾ ഉണ്ടാക്കാതെ എങ്ങനെ ദൈവത്തെ സേവിക്കാനാകുമെന്ന് പൗലോസ് പഠിച്ചു. നിങ്ങൾക്ക് ഇത് പഠിക്കാനായോ?
പശ്ചാത്താപവിവശനാകാതെ ദൈവത്തെ സേവിക്കാൻ പൗലോസ് പഠിച്ചു
നിങ്ങൾക്ക് പശ്ചാത്താപം തോന്നുന്ന എന്തെങ്കിലുമുണ്ടോ?
9, 10. (എ) യഹോവയുടെ ജനത്തിൽ ചിലർക്ക് പശ്ചാത്താപം തോന്നിയിട്ടുള്ളത് എന്തുകൊണ്ടാണ്? (ബി) കഴിഞ്ഞകാലത്തെക്കുറിച്ച് നിരന്തരം ആകുലപ്പെടുന്നത് നല്ലതല്ലാത്തത് എന്തുകൊണ്ട്?
9 ഇപ്പോൾ പശ്ചാത്താപം തോന്നുന്ന എന്തെങ്കിലും നിങ്ങൾ ചെയ്തിട്ടുണ്ടോ? തെറ്റായ കാര്യങ്ങളുടെ പിന്നാലെ പോയി വിലയേറിയ സമയവും ഊർജവും നിങ്ങൾ പാഴാക്കിയിട്ടുണ്ടോ? മറ്റുള്ളവർക്ക് ദോഷം വരുത്തുന്ന എന്തെങ്കിലും നിങ്ങൾ ചെയ്തിട്ടുണ്ടോ? ഇനി, പശ്ചാത്താപം തോന്നുന്ന മറ്റെന്തെങ്കിലും കാര്യങ്ങൾ നിങ്ങൾക്കുണ്ടോ? അങ്ങനെയെങ്കിൽ ചോദ്യം ഇതാണ്: ഇപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
10 അനേകരും ആകുലപ്പെടാറുണ്ട്! നിരന്തരം ആകുലപ്പെടുന്ന ഒരാൾ തന്നെത്തന്നെ ദണ്ഡിപ്പിക്കുകയും അസഹ്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ആണ് ചെയ്യുന്നത്; അതു വലിയ ഉത്കണ്ഠയ്ക്ക് ഇടയാക്കുന്നു. ഇങ്ങനെ ആകുലപ്പെടുന്നത് ഏതെങ്കിലും വിധത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടോ? ഒരിക്കലുമില്ല! മുന്നോട്ടു നീങ്ങുക എന്ന ലക്ഷ്യത്തിൽ ആട്ടക്കസേരയിൽ ഇരുന്ന് മണിക്കൂറുകളോളം ആടുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. കുറെ ഊർജം നഷ്ടപ്പെടുമെന്നല്ലാതെ ഫലമൊന്നുമില്ല. ആകുലപ്പെടുന്നതിനു പകരം ക്രിയാത്മകമായി പ്രവർത്തിക്കുന്നത് നമുക്ക് പ്രയോജനം ചെയ്തേക്കാം. ഒരു വ്യക്തിയുമായി നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ ആ വ്യക്തിയുടെ അടുത്തുചെന്ന് ക്ഷമ ചോദിക്കുക; അപ്പോൾ നല്ല ബന്ധങ്ങൾ നിങ്ങൾക്ക് പുനഃസ്ഥാപിക്കാനായേക്കും. പ്രശ്നത്തിലേക്കു നയിച്ച കാര്യങ്ങൾ ഒഴിവാക്കാനും അങ്ങനെ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതു തടയാനും നിങ്ങൾക്കാകും. എന്നിരുന്നാലും വരുത്തിയ പിഴവുകളുടെ പരിണതഫലങ്ങൾ നിങ്ങൾക്ക് അനുഭവിക്കേണ്ടിവന്നേക്കാം. എന്നാൽ, ആകുലപ്പെടുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നു മാത്രമല്ല, യഹോവയെ നന്നായി സേവിക്കുന്നതിന് അത് ഒരു തടസ്സമാകുകയും ചെയ്തേക്കാം. അതെ, ആകുലപ്പെടുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല!
11. (എ) യഹോവയുടെ കരുണയും സ്നേഹവും നമുക്ക് എങ്ങനെ ആസ്വദിക്കാനാകും? (ബി) നമ്മുടെ കഴിഞ്ഞകാല പിഴവുകളെക്കുറിച്ച് കുറ്റബോധം തോന്നാതെ, മനസ്സമാധാനം ആസ്വദിക്കാനുള്ള ദിവ്യനിർദേശം ഏതാണ്?
11 കഴിഞ്ഞകാലത്ത് ചെയ്ത അപരാധങ്ങൾനിമിത്തം തങ്ങൾ യഹോവയുടെ കണ്ണിൽ വിലകെട്ടവരാണെന്ന് ചിലർ ചിന്തിക്കാറുണ്ട്. ഗുരുതരമായ പിഴവുകൾ വരുത്തിയതുകൊണ്ടോ അനവധി തെറ്റുകൾ ചെയ്തിട്ടുള്ളതുകൊണ്ടോ ദൈവത്തിന്റെ കരുണയ്ക്ക് തങ്ങൾ അർഹരല്ലെന്ന് അവർ വിചാരിച്ചേക്കാം. എന്നാൽ കഴിഞ്ഞകാലത്ത് അവർ ചെയ്തത് എന്തുതന്നെയായിരുന്നാലും അനുതപിക്കാനും മാറ്റങ്ങൾ വരുത്താനും ക്ഷമയ്ക്കായി യാചിക്കാനും കഴിയും എന്നതാണ് വസ്തുത. (പ്രവൃ. 3:19) മറ്റനേകരുടെയും കാര്യത്തിലെന്നപോലെ യഹോവയുടെ കരുണയും സ്നേഹവും അവർക്കും ആസ്വദിക്കാനാകും. താഴ്മയും സത്യസന്ധതയും ആത്മാർഥമായ അനുതാപവും കാണിക്കുന്നവരോട് യഹോവ ദയാപൂർവം ക്ഷമിക്കും. “ഞാൻ . . . പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു” എന്നു പറഞ്ഞ ഇയ്യോബിന്റെ കാര്യത്തിൽ യഹോവ അതാണ് ചെയ്തത്. (ഇയ്യോ. 42:6) മനസ്സമാധാനം നേടാനുള്ള ദിവ്യനിർദേശം നാം എല്ലാവരും പിൻപറ്റണം: “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏററുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.” (സദൃ. 28:13; യാക്കോ. 5:14-16) അതുകൊണ്ട് ദൈവത്തോടു പാപം ഏറ്റുപറയുകയും ക്ഷമയ്ക്കായി യാചിക്കുകയും പിഴവുകൾ തിരുത്താൻ പടികൾ സ്വീകരിക്കുകയും ചെയ്യുക. (2 കൊരി. 7:10, 11) ഇക്കാര്യങ്ങൾ നാം ചെയ്യുകയാണെങ്കിൽ ‘ധാരാളമായി ക്ഷമിക്കുന്നവന്റെ’ കരുണ നമുക്ക് ആസ്വദിക്കാനാകും.—യെശ. 55:7.
12. (എ) കുറ്റബോധത്തെ ഏറ്റവും നന്നായി തരണം ചെയ്യാനുള്ള മാർഗത്തെക്കുറിച്ച് ദാവീദിന്റെ മാതൃക നമ്മെ എന്തു പഠിപ്പിക്കുന്നു? (ബി) ഏത് അർഥത്തിലാണ് യഹോവയ്ക്ക് പശ്ചാത്താപം തോന്നിയത്, ഈ അറിവ് നമ്മെ എങ്ങനെ സഹായിക്കുന്നു? (ചതുരം കാണുക.)
12 പ്രാർഥനയ്ക്കു ശക്തിയുണ്ട്; അതിലൂടെ ദൈവത്തിന് നമ്മെ സഹായിക്കാനാകും. വിശ്വാസത്തോടെയുള്ള പ്രാർഥനകളിൽ ദാവീദ് തന്റെ ആഴമായ വികാരങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത് സങ്കീർത്തനങ്ങളിൽ മനോഹരമായി രേഖപ്പെടുത്തിയിരിക്കുന്നു. (സങ്കീർത്തനം 32:1-5 വായിക്കുക.) കുറ്റബോധം ഒതുക്കിവെക്കാൻ ശ്രമിക്കുന്തോറും അത് തന്നെ വല്ലാതെ വിവശനാക്കിയെന്ന് ദാവീദ് സമ്മതിക്കുകയുണ്ടായി. കുറ്റം ഏറ്റുപറയാതിരുന്നപ്പോൾ സാധ്യതയനുസരിച്ച് അവൻ ശാരീരികവും മാനസികവും ആയി അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുകയും അവന് സന്തോഷം നഷ്ടപ്പെടുകയും ചെയ്തു. അവന് എപ്പോഴാണ് ക്ഷമയും ആശ്വാസവും ലഭിച്ചത്? ദൈവത്തോടു കുറ്റം ഏറ്റുപറഞ്ഞപ്പോൾ മാത്രം. യഹോവ ദാവീദിന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകുകയും വിജയകരമായി മുന്നോട്ടു പോകാനും ജീവിതത്തിൽ മൂല്യവത്തായ പലതും ചെയ്യാനും അവനെ ശക്തനാക്കുകയും ചെയ്തു. സമാനമായി, ആത്മാർഥമായി പ്രാർഥിക്കുകയാണെങ്കിൽ നിങ്ങളുടെ അപേക്ഷകൾക്ക് യഹോവ അടുത്ത ശ്രദ്ധ നൽകുമെന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുള്ളവരായിരിക്കാം. കഴിഞ്ഞകാല തെറ്റുകൾ നിങ്ങളെ അലട്ടുന്നെങ്കിൽ, അതു പരിഹരിക്കാൻ നിങ്ങളാലാകുന്നതെല്ലാം ചെയ്യുക; അപ്പോൾ യഹോവ നിങ്ങളോടു ക്ഷമിച്ചുവെന്ന് നിങ്ങൾക്ക് ഉറപ്പുള്ളവരായിരിക്കാം.—സങ്കീ. 86:5.
ഭാവിയിലേക്കു നോക്കുക
13, 14. (എ) ഇപ്പോൾ നമ്മുടെ ശ്രദ്ധ പ്രധാനമായും എന്തിലായിരിക്കണം? (ബി) നമ്മുടെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്താൻ ഏതു ചോദ്യങ്ങൾ നമ്മെ സഹായിക്കും?
13 മുൻകാല ജീവിതത്തിൽനിന്ന് നമുക്കു പലതും പഠിക്കാനാകുമെങ്കിലും ഭാവിയിലേക്കു നോക്കിയാണ് നാം ജീവിക്കേണ്ടതെന്ന് പൊതുവെ പറയാറുണ്ട്. കഴിഞ്ഞകാലത്തെക്കുറിച്ച് ഓർത്ത് ആകുലപ്പെടുന്നതിനു പകരം ഇപ്പോഴത്തെയും ഭാവിയിലെയും കാര്യങ്ങളിൽ നാം ശ്രദ്ധ പതിപ്പിക്കണം. പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക: ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങളെപ്രതി വർഷങ്ങൾക്കുശേഷം എനിക്ക് ദുഃഖിക്കേണ്ടി വരുമോ? കാര്യങ്ങൾ വ്യത്യസ്തമായി ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുമോ? ഭാവിയിൽ പശ്ചാത്താപം തോന്നാൻ ഇടയാകാത്ത വിധത്തിൽ ഇപ്പോൾ ദൈവത്തെ വിശ്വസ്തമായി സേവിക്കാൻ എനിക്കാകുമോ?
14 മഹാകഷ്ടം ആസന്നമായിരിക്കവെ, പിൻവരുന്നവപോലുള്ള കാര്യങ്ങൾ നമ്മെ അലട്ടാൻ നാം ആഗ്രഹിക്കില്ല: ‘ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ എനിക്കു സാധിക്കുമായിരുന്നോ? അവസരമുണ്ടായിരുന്നപ്പോഴും ഞാൻ പയനിയറിങ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? ഒരു ശുശ്രൂഷാദാസനായി സേവിക്കാനുള്ള യോഗ്യതയിൽ എത്തിച്ചേരാൻ എനിക്കു തടസ്സമായി നിന്നത് എന്താണ്? പുതിയ വ്യക്തിത്വം ധരിക്കാൻ ഞാൻ യഥാർഥത്തിൽ ശ്രമം ചെയ്തോ? പുതിയ ലോകത്തിലുണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്ന തരം വ്യക്തിയാണോ ഞാൻ?’ ചിന്തോദ്ദീപകങ്ങളായ ഈ ചോദ്യങ്ങളെക്കുറിച്ച് ഓർത്ത് കേവലം ആകുലപ്പെടുന്നതിനു പകരം സ്വയം വിലയിരുത്താനും യഹോവയുടെ സേവനത്തിൽ ഏറ്റവും നന്നായി ചെയ്യുന്നെന്ന് ഉറപ്പുവരുത്താനും അവ ഉപയോഗിക്കുക. അല്ലാത്തപക്ഷം, നമ്മുടെ ജീവിതത്തിൽ പശ്ചാത്താപത്തിന് കൂടുതലായ കാരണങ്ങൾ ഉണ്ടായേക്കാം.—2 തിമൊ. 2:15.
വിശുദ്ധസേവനത്തെപ്രതി ഒരിക്കലും പശ്ചാത്തപിക്കരുത്
15, 16. (എ) ദൈവസേവനം ജീവിതത്തിൽ പ്രഥമസ്ഥാനത്തു വെക്കാൻ എന്തെല്ലാം ത്യാഗങ്ങളാണ് അനേകരും ചെയ്തിരിക്കുന്നത്? (ബി) ദൈവരാജ്യം ഒന്നാമത് വെക്കുന്നതിനായി ചെയ്തിരിക്കുന്ന ത്യാഗങ്ങളെപ്രതി നാം പശ്ചാത്തപിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
15 യഹോവയെ മുഴുസമയം സേവിക്കാൻ ത്യാഗങ്ങൾ ചെയ്ത വ്യക്തിയാണോ നിങ്ങൾ? ദൈവരാജ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കാൻ ആകർഷകമായ ഒരു ജോലിയോ വിജയകരമായ ബിസിനെസ്സോ വിട്ടുകളഞ്ഞ് നിങ്ങൾ ജീവിതം ലളിതമാക്കിയിരിക്കാം. അല്ലെങ്കിൽ അവിവാഹിതരായി തുടരാനോ, വിവാഹിതരാണെങ്കിൽ ബെഥേൽ സേവനമോ അന്തർദേശീയ നിർമാണവേലയോ സർക്കിട്ട് വേലയോ മിഷനറിസേവനമോ പോലുള്ള മുഴുസമയസേവനത്തിന്റെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കാനായി കുട്ടികൾ വേണ്ടെന്നു വെക്കാനോ നിങ്ങൾ തീരുമാനിച്ചിരിക്കാം. പ്രായമേറിവരവെ, എടുത്ത ആ തീരുമാനത്തെപ്രതി നിങ്ങൾക്ക് പശ്ചാത്താപം തോന്നണമോ? ചെയ്ത ത്യാഗം അനാവശ്യമായിരുന്നെന്നോ അനവസരത്തിലുള്ളതായിരുന്നെന്നോ നിങ്ങൾ വിചാരിക്കണമോ? വേണ്ടാ!
16 യഹോവയോടുള്ള ആഴമായ സ്നേഹവും അവനെ സേവിക്കാൻ ആഗ്രഹമുള്ള ആളുകളെ സഹായിക്കാനുള്ള ആത്മാർഥമായ ആഗ്രഹവും നിമിത്തമാണ് നിങ്ങൾ അത്തരം തീരുമാനങ്ങളെടുത്തത്. വ്യത്യസ്തമായ വിധത്തിൽ തീരുമാനങ്ങളെടുത്തിരുന്നെങ്കിൽ ജീവിതം എത്ര നന്നായിരുന്നേനെ എന്നു ചിന്തിക്കേണ്ട ആവശ്യമില്ല. ശരിയായത് ചെയ്തു എന്ന ബോധ്യത്തിൽനിന്ന് ഉളവാകുന്ന ആഴമായ സംതൃപ്തി നിങ്ങൾക്ക് ആസ്വദിക്കാനാകും. യഹോവയുടെ സേവനത്തിൽ ഏറ്റവും നല്ലത് നൽകി എന്നതിനെപ്രതി നിങ്ങൾക്ക് ആഹ്ലാദിക്കാനാകും. ജീവിതത്തിൽ നിങ്ങൾ ചെയ്ത ത്യാഗങ്ങൾ യഹോവ ഒരിക്കലും മറന്നുകളയുകയില്ല. യഥാർഥ ജീവിതം വരാനിരിക്കുന്നതേയുള്ളൂ. നിങ്ങൾക്ക് വിഭാവന ചെയ്യാൻ കഴിയുന്നതിലും ഏറെ മെച്ചമായ അനുഗ്രഹങ്ങൾ അന്ന് യഹോവ നിങ്ങളുടെമേൽ വർഷിക്കും.—സങ്കീ. 145:16; 1 തിമൊ. 6:19.
പശ്ചാത്താപവിവശരാകാതെ സേവിക്കുക—എങ്ങനെ?
17, 18. (എ) പശ്ചാത്താപവിവശനാകാതെ ദൈവത്തെ സേവിക്കാൻ പൗലോസിനെ സഹായിച്ച തത്ത്വം എന്താണ്? (ബി) നിങ്ങളുടെ കഴിഞ്ഞകാലത്തെക്കുറിച്ചും ഇപ്പോഴത്തെയും ഭാവിയിലെയും ദൈവസേവനത്തെക്കുറിച്ചും ഉള്ള നിങ്ങളുടെ തീരുമാനം എന്താണ്?
17 പശ്ചാത്താപത്തിനു കൂടുതൽ കാരണങ്ങൾ ഉണ്ടാക്കാതെ ദൈവത്തെ സേവിക്കാൻ പൗലോസിനെ സഹായിച്ച തത്ത്വം എന്താണ്? “പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിനായി ആഞ്ഞുംകൊണ്ട് . . . ഞാൻ ലക്ഷ്യത്തിലേക്കു കുതിക്കുന്നു” എന്ന് അവൻ എഴുതി. (ഫിലിപ്പിയർ 3:13, 14 വായിക്കുക.) ഒരു യഹൂദമതാനുസാരി എന്ന നിലയിൽ ചെയ്തുകൂട്ടിയ ദുഷ്കൃത്യങ്ങളെക്കുറിച്ച് അവൻ സദാ ചിന്തിച്ചുകൊണ്ടിരുന്നില്ല. പകരം, നിത്യജീവൻ എന്ന ഭാവി സമ്മാനത്തിന് യോഗ്യനായിത്തീരാൻ അവൻ തന്റെ മുഴു ഊർജവും വിനിയോഗിച്ചു.
18 പൗലോസിന്റെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? കഴിഞ്ഞകാലത്തെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടുകയോ തിരുത്തിയെഴുതാനാകാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സു പുണ്ണാക്കുകയോ ചെയ്യുന്നതിനു പകരം, ‘മുമ്പിലുളളതിനായി ആയുക.’ കഴിഞ്ഞകാലത്ത് നാം വരുത്തിയ പിഴവുകൾ പൂർണമായി മറക്കാനാവില്ലെന്നത് ശരിതന്നെ; പക്ഷേ, അവയെക്കുറിച്ച് ഓർത്ത് നാം നീറിനീറി ജീവിക്കേണ്ടതില്ല. കഴിഞ്ഞകാലത്തെക്കുറിച്ചുള്ള ഓർമകൾ പിമ്പിൽ വിട്ടുകളയാൻ നമുക്കു കഠിനമായി യത്നിക്കാം; ഇപ്പോൾ ദൈവസേവനത്തിൽ നമ്മുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കാം; മഹത്തായ ഭാവിയിലേക്ക് ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കാം.
a ശൗലിന്റെ പീഡനത്തിന് ഇരയായവരെക്കുറിച്ച് പറയവെ, സ്ത്രീകളെക്കുറിച്ചും ആവർത്തിച്ച് പരാമർശിച്ചിട്ടുണ്ട് എന്ന വസ്തുത കാണിക്കുന്നത് ഇന്നത്തെപ്പോലെ ഒന്നാം നൂറ്റാണ്ടിലും ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനത്തിൽ അവർ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നാണ്.—സങ്കീ. 68:11.