സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കേണ്ട വിധം
മനുഷ്യർക്കിടയിലെ അക്രമത്തിന് മനുഷ്യവർഗത്തോളംതന്നെ പഴക്കമുണ്ട്. ആദ്യ മാനുഷ ദമ്പതികളുടെ മൂത്ത പുത്രനും ഹാബെലിന്റെ സഹോദരനുമായ കയീനിൽനിന്ന് അക്രമം ആരംഭിക്കുന്നതായി ബൈബിൾ പ്രകടമാക്കുന്നു. ദൈവം തന്റെ യാഗത്തിൽ പ്രസാദിക്കാതെ ഹാബെലിന്റേതിൽ പ്രസാദിച്ചപ്പോൾ കയീന് “ഏററവും കോപമുണ്ടായി.” അവൻ ആ സാഹചര്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത്? “കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.” അതോടെ, ദൈവവുമായുള്ള അവന്റെ ബന്ധം അത്യന്തം അപകടത്തിലായി. (ഉല്പത്തി 4:5, 8-12) സ്രഷ്ടാവിന്റെ മുമ്പാകെയുള്ള കയീന്റെ മോശമായ അവസ്ഥയ്ക്ക് അക്രമം ഒരു പരിഹാരമായില്ല.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശരീരബലം ഉപയോഗിക്കുന്ന കയീന്റെ മാതൃക നമുക്ക് എങ്ങനെ ഒഴിവാക്കാം?
അക്രമത്തിൽനിന്നു സഹനത്തിലേക്ക്
ആദ്യത്തെ ക്രിസ്തീയ രക്തസാക്ഷിയായ സ്തെഫാനൊസിന്റെ വധം അംഗീകാരത്തോടെ നോക്കിനിന്ന ഒരു മനുഷ്യന്റെ കാര്യമെടുക്കാം. (പ്രവൃത്തികൾ 7:58; 8:1) തർസൊസിലെ “ശൌൽ.” അദ്ദേഹത്തിന് സ്തെഫാനൊസിന്റെ മതപരമായ നിലപാടിനോട് യോജിപ്പില്ലായിരുന്നു. അതുകൊണ്ട് സ്തെഫാനൊസിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അവനെ അക്രമത്തിലൂടെ വകവരുത്തുന്നത് ന്യായമായ ഒരു മാർഗമായി കരുതി അവൻ അതിനെ പിന്തുണച്ചു. ശൌൽ തന്റെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അക്രമം കാട്ടിയിരിക്കില്ല എന്നത് ശരിയായിരിക്കാം. എങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗമായി അവൻ അക്രമത്തെ വീക്ഷിച്ചിരുന്നു. സ്തെഫാനൊസിന്റെ മരണശേഷം, ശൌൽ “[ക്രിസ്തീയ] സഭയോട് നിഷ്ഠുരമായി ഇടപെടാൻ തുടങ്ങി. വീടുതോറും അതിക്രമിച്ചുകയറി അവൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ച് തടവിൽ ഏൽപ്പിക്കുമായിരുന്നു.”—പ്രവൃത്തികൾ 8:3, NW.
ബൈബിൾ പണ്ഡിതനായ ആൽബർട്ട് ബാൺസ് പറയുന്നതനുസരിച്ച്, ഇവിടെ “നിഷ്ഠുരമായി ഇടപെടുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം സിംഹവും ചെന്നായും പോലുള്ള കാട്ടുമൃഗങ്ങൾ വരുത്തുന്ന നാശത്തെ സൂചിപ്പിക്കുന്നു. “ഒരു കാട്ടുമൃഗത്തെപ്പോലെ, ശൌൽ സഭയ്ക്കെതിരെ ആഞ്ഞടിച്ചു—അവൻ എത്രമാത്രം തീക്ഷ്ണതയോടും ക്രൗര്യത്തോടും കൂടെ പീഡനത്തിൽ ഏർപ്പെട്ടുവെന്നു സൂചിപ്പിക്കുന്ന ഒരു കടുത്ത പ്രയോഗംതന്നെ,” ബാൺസ് വിശദമാക്കുന്നു. കൂടുതൽ ക്രിസ്തുശിഷ്യരെ പിടികൂടുന്നതിനായി ശൌൽ ദമസ്കൊസിലേക്കു പോയപ്പോഴും അവൻ “കർത്താവിന്റെ [ക്രിസ്തുവിന്റെ] ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടി”രിക്കുകയായിരുന്നു. വഴിമധ്യേ, പുനരുത്ഥാനം പ്രാപിച്ച യേശു അവനോടു സംസാരിച്ചു. തത്ഫലമായി അവൻ ക്രിസ്ത്യാനിത്വം സ്വീകരിച്ചു.—പ്രവൃത്തികൾ 9:1-19.
അതിനുശേഷം, മറ്റുള്ളവരോട് ശൌൽ ഇടപെട്ട വിധത്തിനു മാറ്റംവന്നു. അതിന് ഏതാണ്ട് 16 വർഷത്തിനു ശേഷം നടന്ന ഒരു സംഭവം ഈ മാറ്റത്തെ പ്രകടമാക്കുന്നതായിരുന്നു. ഒരു കൂട്ടം ആളുകൾ അന്ത്യോക്യയിലെ അവന്റെ സഭയിൽ എത്തി അവിടത്തെ ക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അവിടെ “അല്പമല്ലാത്ത വാദം” ഉണ്ടായി. ആ സമയമായപ്പോഴേക്കും പൗലൊസ് എന്ന പേരിൽ അറിയപ്പെട്ടു കഴിഞ്ഞിരുന്ന ശൌൽ വാദത്തിൽ പങ്കുചേർന്നു. വാദം ചൂടുപിടിച്ചു. എന്നാൽ പൗലൊസ് അക്രമം അവലംബിച്ചില്ല. മറിച്ച്, സംഗതി യെരൂശലേം സഭയിലെ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും തീരുമാനത്തിനു വിടാമെന്ന സഭയുടെ തീരുമാനത്തോട് അവൻ യോജിക്കുകയാണ് ചെയ്തത്.—പ്രവൃത്തികൾ 15:1, 2.
യെരൂശലേമിലെ മൂപ്പന്മാരുടെ യോഗത്തിലും “വളരെ തർക്കം” ഉണ്ടായി. ‘ജനസമൂഹം എല്ലാം മിണ്ടാതാ’കുന്നതുവരെ പൗലൊസ് കാത്തുനിന്നു. എന്നിട്ട് പരിച്ഛേദനയേൽക്കാത്ത വിശ്വാസികൾക്കിടയിൽ ദൈവത്തിന്റെ ആത്മാവ് ചെയ്തിരിക്കുന്ന അത്ഭുത കാര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവെഴുത്തുപരമായ ഒരു ചർച്ചയ്ക്കുശേഷം, അപ്പൊസ്തലന്മാരും യെരൂശലേമിലെ മൂപ്പന്മാരും “ഒരുമനപ്പെട്ടു.” പരിച്ഛേദന ഏൽക്കാത്ത വിശ്വാസികളുടെമേൽ അനാവശ്യ ഭാരം കെട്ടിവെക്കരുതെന്നും മറിച്ച് “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജി”ക്കാൻ അവരെ ഉദ്ബോധിപ്പിക്കണമെന്നും തീരുമാനമായി. (പ്രവൃത്തികൾ 15:3-29) നിശ്ചയമായും, പൗലൊസിനു മാറ്റം വന്നിരുന്നു. പ്രശ്നങ്ങൾ അക്രമം കൂടാതെ പരിഹരിക്കാൻ അവൻ പഠിച്ചു.
അക്രമ പ്രവണതകളെ മറികടക്കൽ
“കർത്താവിന്റെ ഒരു അടിമ പോരാടേണ്ടതില്ല, എന്നാൽ സകലരോടും ശാന്തതയുള്ളവനായി, പഠിപ്പിക്കാൻ യോഗ്യനും തിൻമയിൻകീഴിൽ നിയന്ത്രണം പാലിക്കുന്നവനും അനുകൂലപ്രകൃതമില്ലാത്തവരെ സൗമ്യതയോടെ പ്രബോധിപ്പിക്കുന്നവനും ആയിരിക്കേണ്ടതുണ്ട്” എന്നു പൗലൊസ് പിന്നീട് ഉദ്ബോധിപ്പിച്ചു. (2 തിമൊഥെയൊസ് 2:24, 25, NW) യുവ മേൽവിചാരകനായ തിമൊഥെയൊസിനോട് പ്രയാസകരമായ സ്ഥിതിവിശേഷങ്ങൾ ശാന്തമായി കൈകാര്യം ചെയ്യാൻ പൗലൊസ് ആവശ്യപ്പെട്ടു. പൗലൊസിന് യാഥാർഥ്യബോധം ഉണ്ടായിരുന്നു. ക്രിസ്ത്യാനികളുടെ ഇടയിൽപ്പോലും വികാരങ്ങൾ ചൂടുപിടിച്ചേക്കാമെന്ന് അവന് അറിയാമായിരുന്നു. (പ്രവൃത്തികൾ 15:37-41) നല്ല കാരണത്തോടെ അവൻ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “കുപിതരാകുവിൻ, എന്നാൽ പാപം ചെയ്യരുത്; നിങ്ങൾ ഒരു പ്രകോപിത അവസ്ഥയിൽ ആയിരിക്കവേ സൂര്യൻ അസ്തമിക്കാതിരിക്കട്ടെ.” (എഫെസ്യർ 4:26, NW) അനിയന്ത്രിതമായ ക്രോധത്തിൽ പൊട്ടിത്തെറിക്കാതെ കോപത്തെ നിയന്ത്രിക്കുന്നതാണ് അത്തരം വികാരങ്ങൾ കൈകാര്യം ചെയ്യാനുള്ള ഉചിതമായ മാർഗം. എന്നാൽ ഇത് എങ്ങനെ ചെയ്യാൻ കഴിയും?
ഇന്ന്, കോപം നിയന്ത്രിക്കുന്നത് എളുപ്പമല്ല. ഹാർവാർഡിലെ പൊതുജനാരോഗ്യ സ്കൂളിലെ ഉപ മേധാവിയായ ഡോ. ഡേബൊറ പ്രൊത്രോസ്റ്റിത് പറഞ്ഞു: “നിർദയർ ആയിരിക്കുന്നതാണ് പൊതുവേ ആളുകൾക്ക് ഇഷ്ടം. വാസ്തവത്തിൽ, മറ്റുള്ളവരുമായി ഇണങ്ങിപ്പോകുന്നതിനുള്ള വൈദഗ്ധ്യങ്ങൾ—കൂടിയാലോചന, അനുരഞ്ജനം, സമാനുഭാവം, ക്ഷമ—സാധാരണമായി ദുർബലരുടെ പ്രത്യേകതകളായാണ് പറയാറ്.” എന്നാൽ, അവ പുരുഷത്വ ഗുണങ്ങൾ ആണ്. നമ്മുടെ ഉള്ളിൽ പൊന്തിവന്നേക്കാവുന്ന അക്രമ പ്രവണതകൾ നിയന്ത്രിക്കുന്നതിന് അവ അത്യന്താപേക്ഷിതമാണ്.
ക്രിസ്ത്യാനി ആയിത്തീർന്ന ശേഷം, അഭിപ്രായ വ്യത്യാസങ്ങൾ മെച്ചമായി കൈകാര്യം ചെയ്യുന്നതിനുള്ള മാർഗം പൗലൊസ് പഠിച്ചു. അത് ബൈബിൾ പഠിപ്പിക്കലുകളിൽ അധിഷ്ഠിതമായ ഒന്നായിരുന്നു. യഹൂദമതത്തിലെ ഒരു പ്രഗത്ഭ പണ്ഡിതൻ എന്ന നിലയിൽ, എബ്രായ തിരുവെഴുത്തുകൾ പരിചിതമായിരുന്ന പൗലൊസിന് പിൻവരുന്നതുപോലുള്ള തിരുവെഴുത്തുകൾ അറിയാമായിരുന്നിരിക്കണം: “അക്രമിയോട് അസൂയപ്പെടരുത്; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയും അരുത്.” “കോപത്തിനു താമസമുള്ളവൻ ശക്തനായ പുരുഷനെക്കാളും തന്റെ മനോഭാവത്തെ നിയന്ത്രിക്കുന്നവൻ പട്ടണം പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠൻ ആകുന്നു.” “ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.” (സദൃശവാക്യങ്ങൾ 3:31; 16:32, NW; 25:28) എങ്കിലും, ആ അറിവ് പൗലൊസിന്റെ പരിവർത്തനത്തിനു മുമ്പ് ക്രിസ്ത്യാനികൾക്ക് എതിരെ അക്രമം ഉപയോഗിക്കുന്നതിൽനിന്ന് അവനെ തടഞ്ഞില്ല. (ഗലാത്യർ 1:13, 14) എന്നാൽ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, വിവാദ വിഷയങ്ങൾ, അക്രമത്തിലൂടെ അല്ലാതെ, ന്യായബോധവും പ്രേരണയും ഉപയോഗിച്ച് പരിഹരിക്കാൻ പൗലൊസിനെ സഹായിച്ചത് എന്തായിരുന്നു?
പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ പൗലൊസ് നമുക്ക് ഒരു സൂചന നൽകി: “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.” (1 കൊരിന്ത്യർ 11:1) തനിക്കുവേണ്ടി യേശുക്രിസ്തു ചെയ്തിരിക്കുന്നതിനെ അവൻ അതിയായി വിലമതിച്ചു. (1 തിമൊഥെയൊസ് 1:13, 14) ക്രിസ്തു അവന് അനുകരിക്കുന്നതിനുള്ള ഒരു മാതൃക ആയിത്തീർന്നു. പാപികളായ മനുഷ്യവർഗത്തിനു വേണ്ടി യേശു കഷ്ടപ്പാടുകൾ സഹിച്ചത് എങ്ങനെ എന്ന് അവന് അറിയാമായിരുന്നു. (എബ്രായർ 2:18; 5:8-10) മിശിഹായെ കുറിച്ചുള്ള യെശയ്യാ പ്രവചനം യേശുവിൽ നിവർത്തിച്ചുവെന്ന് പൗലൊസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞു: “തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.” (യെശയ്യാവു 53:7) പത്രൊസ് അപ്പൊസ്തലൻ എഴുതി: “തന്നെ [യേശുവിനെ] ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ [അവൻ] കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.”—1 പത്രൊസ് 2:23, 24.
പ്രക്ഷുബ്ധമായ സ്ഥിതിവിശേഷങ്ങളോട് യേശുക്രിസ്തു പ്രതികരിച്ച വിധത്തോടുള്ള പൗലൊസിന്റെ വിലമതിപ്പ് അവനെ മാറ്റത്തിനു പ്രേരിപ്പിച്ചു. അവനു സഹവിശ്വാസികളെ ഇങ്ങനെ ഉദ്ബോധിപ്പിക്കാൻ കഴിഞ്ഞു: “ആർക്കെങ്കിലും മറ്റൊരുവന് എതിരെ പരാതിക്കു കാരണം ഉണ്ടെങ്കിൽ, പരസ്പരം സഹിക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്യുന്നതിൽ തുടരുവിൻ. യഹോവ നിങ്ങളോട് സൗജന്യമായി ക്ഷമിച്ചതുപോലെ, നിങ്ങളും ചെയ്വിൻ.” (കൊലൊസ്സ്യർ 3:13, NW) അക്രമം കാട്ടരുത് എന്ന ആവശ്യം അംഗീകരിച്ചാൽ മാത്രം പോരാ, അക്രമാസക്ത പ്രവണതകളെ മറികടക്കാൻ ആവശ്യമായ പ്രചോദനവും വേണം. അത് യഹോവയും യേശുക്രിസ്തുവും നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളോടുള്ള വിലമതിപ്പിൽനിന്നാണ് നമുക്കു ലഭിക്കുന്നത്.
അതു സാധ്യമോ?
ജപ്പാനിലെ ഒരാൾക്ക് അത്തരം ശക്തമായ പ്രചോദനം ആവശ്യമായിരുന്നു. ക്ഷിപ്രകോപിയായ ഒരു സൈനികൻ ആയിരുന്നു അയാളുടെ പിതാവ്. അക്രമത്തിലൂടെ ആ പിതാവ് വീട്ടിൽ ആധിപത്യം പുലർത്തിയിരുന്നു. അക്രമത്തിന് ഇരയാകുകയും തന്നെപ്പോലെ അമ്മയും കഷ്ടപ്പെടുന്നത് കാണുകയും ചെയ്ത അയാൾ അക്രമാസക്ത മനോഭാവം വളർത്തിയെടുത്തു. പ്രശ്നങ്ങൾ പരിഹരിക്കാനും ആളുകളെ ഭീഷണിപ്പെടുത്താനും അയാൾ വ്യത്യസ്ത നീളത്തിലുള്ള രണ്ട് സമുറായ് വാളുകൾ കൊണ്ടുനടന്നിരുന്നു.
ഭാര്യ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ, അയാളും വെറുതെ കൂടെ ഇരിക്കുമായിരുന്നു. എന്നാൽ രാജ്യത്തിന്റെ ഈ സുവാർത്തa എന്ന ശീർഷകത്തിലുള്ള ചെറുപുസ്തകം വായിച്ചതോടെ അദ്ദേഹത്തിനു മാറ്റം വന്നു. എന്തുകൊണ്ട്? “‘ക്രിസ്തുയേശു,’ ‘മറുവില’ എന്നീ ഉപശീർഷകങ്ങൾക്കു കീഴിലെ വിവരങ്ങൾ വായിച്ചപ്പോൾ എനിക്കു ലജ്ജ തോന്നി,” അദ്ദേഹം വിശദമാക്കുന്നു. “ഞാൻ ഒരു വഴിപിഴച്ച ജീവിതം നയിച്ചിരുന്നെങ്കിലും, ഒത്തുപോകാൻ കഴിഞ്ഞിരുന്നവരോട് ദയ കാട്ടാൻ എനിക്ക് ഇഷ്ടമായിരുന്നു. എനിക്കു നഷ്ടമൊന്നുമില്ലാത്തിടത്തോളം എന്റെ സുഹൃത്തുക്കളെ സന്തുഷ്ടരാക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ദൈവപുത്രനായ യേശു തന്റെ ജീവൻ എന്നെപ്പോലുള്ളവർ ഉൾപ്പെടെയുള്ള മനുഷ്യവർഗത്തിനുവേണ്ടി അർപ്പിക്കാൻ മനസ്സുള്ളവൻ ആയിരുന്നു. ഒരു ചുറ്റികകൊണ്ട് അടിയേറ്റതുപോലെ ഞാൻ സ്തബ്ധനായിപ്പോയി.”
അയാൾ പഴയ സുഹൃത്തുക്കളുമായുള്ള സഹവാസം ഉപേക്ഷിച്ച് ഉടൻതന്നെ യഹോവയുടെ സാക്ഷികളുടെ ഒരു സഭയിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ പേർ ചാർത്തി. പേർ ചാർത്തിയിരിക്കുന്നവർക്ക് ഈ സ്കൂൾ, മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്ന കല വശമാക്കുന്ന പരിശീലനം നൽകുന്നു. ഈ കോഴ്സിൽനിന്ന് അദ്ദേഹത്തിന് കൂടുതലായ ഒരു മെച്ചവും ഉണ്ടായി. അദ്ദേഹം അനുസ്മരിക്കുന്നു: “ചെറുപ്പമായിരുന്നപ്പോൾ, എന്റെ വികാരങ്ങൾ മറ്റുള്ളവരെ അറിയിക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ഞാൻ ഭീഷണിയും അക്രമവും ഉപയോഗിച്ചിരുന്നു. എന്റെ ചിന്തകൾ മറ്റുള്ളവരെ അറിയിക്കാൻ ഞാൻ പഠിച്ചപ്പോൾ, അക്രമം അവലംബിക്കുന്നതിനു പകരം ഞാൻ അവരോട് ന്യായവാദം ചെയ്യാൻ തുടങ്ങി.”
പൗലൊസിനെപ്പോലെ, അദ്ദേഹം ക്രിസ്തുവിന്റെ ജീവിതരീതി സ്വന്തമാക്കിയോ? ക്രിസ്ത്യാനി ആയിത്തീരുന്നതിൽനിന്നു തന്നെ തടയാൻ ഒരു മുൻ സുഹൃത്തു ശ്രമിച്ചത് അദ്ദേഹത്തിനു വിശ്വാസത്തിന്റെ പരിശോധനയായി. രണ്ടുപേരും സഹോദരസഖ്യം കൈവിടില്ലെന്ന ശപഥത്താൽ ബന്ധനസ്ഥരായിരുന്നു. ആ “സുഹൃത്ത്” അദ്ദേഹത്തെ അടിക്കുകയും അദ്ദേഹത്തിന്റെ ദൈവത്തിന്, അതായത് യഹോവയ്ക്ക് എതിരെ ദൂഷണം പറയുകയും ചെയ്തു. മുമ്പ് അക്രമാസക്തൻ ആയിരുന്ന അദ്ദേഹം ആത്മനിയന്ത്രണം പ്രകടമാക്കുകയും ശപഥം പാലിക്കാൻ കഴിയാത്തതിൽ ക്ഷമാപണം നടത്തുകയും ചെയ്തു. നിരാശനായി, ആ “സഹോദരൻ” അദ്ദേഹത്തെ വിട്ടുപോയി.
മുമ്പ് കോപിഷ്ഠൻ ആയിരുന്നെങ്കിലും, തന്റെ അക്രമാസക്ത പ്രവണതകളെ കീഴടക്കിക്കൊണ്ട്, ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്നേഹത്താൽ ഐക്യപ്പെട്ടിരിക്കുന്ന അനേകം ആത്മീയ സഹോദരീസഹോദരന്മാരെ അദ്ദേഹം നേടിയിരിക്കുന്നു. (കൊലൊസ്സ്യർ 3:14) വാസ്തവത്തിൽ, ഒരു സമർപ്പിത ക്രിസ്ത്യാനിയായി 20-തിലധികം വർഷങ്ങൾ പിന്നിട്ട അദ്ദേഹം ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാര മേൽവിചാരകൻ ആയി സേവിക്കുകയാണ്. മൃഗീയ സ്വഭാവമുള്ള ആളുകൾക്ക്, താൻ പഠിച്ചതുപോലെ, അക്രമം കൂടാതെ ഭിന്നതകൾ പരിഹരിക്കാൻ പഠിക്കാനാകുമെന്ന് ബൈബിളിൽനിന്നു കാട്ടിക്കൊടുക്കാൻ സാധിക്കുന്നത് അദ്ദേഹത്തിന് എന്തൊരു സന്തോഷമാണ്! പിൻവരുന്ന പ്രാവചനിക വാക്കുകളുടെ മഹത്തായ നിവൃത്തിയെ കുറിച്ചു സംസാരിക്കാൻ സാധിക്കുന്നത് അദ്ദേഹത്തിന് എന്തൊരു പദവിയാണ്: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല”!—യെശയ്യാവു 11:9.
പൗലൊസ് അപ്പൊസ്തലനെയും ഈ മുൻ അക്രമിയെയും പോലെ, പ്രകോപനപരമായ സ്ഥിതിവിശേഷങ്ങൾ കൈകാര്യം ചെയ്യാനും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനും നിങ്ങൾക്കും പഠിക്കാവുന്നതാണ്. നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്ക് നിങ്ങളെ സഹായിക്കാൻ സന്തോഷമേ ഉള്ളൂ.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
[5-ാം പേജിലെ ആകർഷകവാക്യം]
പൗലൊസിന് യാഥാർഥ്യബോധം ഉണ്ടായിരുന്നു. ക്രിസ്ത്യാനികളുടെ ഇടയിൽപ്പോലും വികാരങ്ങൾ ചൂടുപിടിച്ചേക്കാമെന്ന് അവന് അറിയാമായിരുന്നു
[7-ാം പേജിലെ ചിത്രം]
ദൈവം നമുക്കായി ചെയ്തിരിക്കുന്ന സംഗതികളോടുള്ള വിലമതിപ്പ് സമാധാനപരമായ ബന്ധങ്ങൾക്ക് ഇടയാക്കുന്നു