അധികാരം ദുർവിനിയോഗം ചെയ്യാതിരിക്കാൻ സൂക്ഷിക്കുക
“യഹോവാഭയത്തിന്റെ അർത്ഥം വഷളത്തത്തെ വെറുക്കുന്നുവെന്നാണ്. സ്വയം പുകഴ്ത്തലും അഹങ്കാരവും ചീത്തവഴിയും കുടിലമായ വായും ഞാൻ വെറുത്തിരിക്കുന്നു.”—സദൃശവാക്യങ്ങൾ 8:13.
1. അപൂർണ്ണ മനുഷ്യഹൃദയം അതിനെത്തന്നെ വഞ്ചകമെന്നു തെളിയിക്കുന്ന ഒരു വിധമെന്ത്?
ദൈവം വെറുക്കുന്ന ദുഷിച്ച വഴികളിൽ അധികാരത്തിന്റെ സ്വാർത്ഥ ദുർവിനിയോഗം ഉൾപ്പെടുന്നുവെന്നതിന് സംശയമില്ല. അവന്റെ വചനം അപൂർണ്ണമനുഷ്യരുടെ ഈ പ്രവണതയ്ക്കെതിരെ നമ്മെ ബുദ്ധിയുപദേശിക്കുന്നു, എന്തുകൊണ്ടെന്നാൽ അവന് മനുഷ്യഹൃദയത്തെക്കുറിച്ച് ഗ്രാഹ്യമുണ്ട്. നാം ഇങ്ങനെ വായിക്കുന്നു: “ഹൃദയം മറെറന്തിനെക്കാളും വഞ്ചകവും സാഹസികവുമാണ്. ആർക്ക് അതിനെ ഗ്രഹിക്കാൻ കഴിയും? യഹോവയായ ഞാൻ ഹൃദയത്തെ ആരായുകയും വൃക്കകളെ പരിശോധിക്കുകയും ചെയ്യുന്നു, ഓരോരുത്തനും അവന്റെ വഴികളനുസരിച്ച്, അവന്റെ പ്രവർത്തനങ്ങളുടെ ഫലമനുസരിച്ച് പ്രതിഫലം കൊടുക്കുന്നതിനുതന്നെ.”—യിരെമ്യാവ് 17:9, 10.
2. അധികാരം അത് ഉള്ളവരോട് എന്തു ചെയ്യാൻ ചായ്വു കാണിക്കുന്നു?
2 ദൈവവചനം നല്ല കാരണത്തോടെ അധികാര ദുർവിനിയോഗത്തിനെതിരെ നമുക്കു മുന്നറിയിപ്പുനൽകുന്നു. “അധികാരം ദുഷിപ്പിക്കുന്നു, സമ്പൂർണ്ണമായ അധികാരം സമ്പൂർണ്ണമായി ദുഷിപ്പിക്കുന്നു” എന്ന് ഒരു ഇംഗ്ലീഷ് പണ്ഡിതൻ പ്രസ്താവിക്കാൻ തക്കവണ്ണം അധികാരത്തെ തെററായി ഉപയോഗിക്കാൻ അഥവാ ദുർവിനിയോഗം ചെയ്യാൻ ഒരു പ്രവണതയുണ്ട്. അയാൾ ഇങ്ങനെയും പ്രസ്താവിച്ചു: “മനുഷ്യരെ അധഃപതിപ്പിക്കുകയും അധർമ്മിഷ്ഠരാക്കുകയും ചെയ്യുന്ന എല്ലാ കാരണങ്ങളിലും വച്ച് അധികാരമാണ് ഏററവും നിരന്തരവും ഏററവും സജീവവുമായിട്ടുള്ളത്.” തീർച്ചയായും, അധികാരത്തിന് അവശ്യം ദുഷിപ്പിക്കുന്ന ഒരു സ്വാധീനം ഉണ്ടായിരിക്കുന്നില്ല; നാം അത് മുൻലക്കത്തിലെ ലേഖനത്തിൽ കണ്ടുകഴിഞ്ഞു. എന്നാൽ അതിന്റെ അപകടമുണ്ട്.
3. ഏതു മനുഷ്യബന്ധങ്ങളിൽ അധികാരത്തെ ദുർവിനിയോഗം ചെയ്യാൻ കഴിയും, ഇതു സംഭവിച്ചേക്കാവുന്നതെന്തുകൊണ്ട്?
3 അധികാരദുർവിനിയോഗത്തിനെതിരെ സൂക്ഷിക്കേണ്ടയാവശ്യമുള്ളതാർക്കാണ്? മിക്കവാറും എല്ലാവർക്കും! മിക്കവാറും എല്ലാ മനുഷ്യബന്ധത്തിലും, ധനം, പഠിപ്പ്, ശാരീരികബലം, സ്ഥാനം, ശാരീരിക സൗന്ദര്യം എന്നിവ മൂലം ഒരു വ്യക്തിക്ക് മററുള്ളവരെ അപേക്ഷിച്ച് അവസരം കൂടുതലുള്ള സാഹചര്യങ്ങളുണ്ട്. അവസരം എത്ര അധികമായിരിക്കുന്നുവോ അത്രയധികമായി അതിനെ സ്വാർത്ഥപൂർവ്വം ഉപയോഗിക്കുന്നതിനുള്ള പ്രലോഭനമുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “മമനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് അവന്റെ ബാല്യം മുതൽ വഷളാണ്.” (ഉല്പത്തി 8:21) അതെ, അപൂർണ്ണ മനുഷ്യഹൃദയം “വഞ്ചക”മോ ചതിനിറഞ്ഞതോ ദുഷിച്ച ചായ്വുള്ളതോ ആണ്.—യിരെമ്യാവ് 17:9.
ക്രിസ്തീയ മൂപ്പൻമാർ
4. യിത്രോ മോശെക്ക് ഏതു ബുദ്ധിയുപദേശം കൊടുത്തുകൊണ്ട് ശക്തിയും അധികാരവും കിട്ടുമ്പോഴുണ്ടാകുന്ന പ്രലോഭനങ്ങളെക്കുറിച്ച് അറിവു പ്രകടമാക്കി?
4 തുടക്കത്തിൽ, ക്രിസ്തീയസഭയിലെ മേൽവിചാരകൻമാരായ മൂപ്പൻമാരെക്കുറിച്ചു പരിചിന്തിക്കുക. നാം അവരുടെ യോഗ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോൾ, ആയിരം പേർക്കും നൂറുപേർക്കും അമ്പതുപേർക്കും പത്തുപേർക്കും വീതം അധിപതിമാരായിരിക്കാൻ പുരുഷൻമാരെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് മോശെയോടുള്ള യിത്രോയുടെ വാക്കുകൾ നമുക്ക് അനുസ്മരിക്കാൻ കഴിയും. “സകല ജനത്തിലും നിന്ന് ദൈവത്തെ ഭയപ്പെടുന്ന പ്രാപ്തിയുള്ള പുരുഷൻമാരെ, അന്യായമായ ലാഭത്തെ വെറുക്കുന്ന വിശ്വാസയോഗ്യരായ പുരുഷൻമാരെ, നീതന്നെ തെരഞ്ഞെടുക്കണം.” (പുറപ്പാട് 18:21) അങ്ങനെയുള്ള പുരുഷൻമാരെ മേൽവിചാരണ സംബന്ധിച്ച് വിശ്വസിക്കാൻ കഴിയും. അവർ മേൽവിചാരകസ്ഥാനത്തോടുകൂടെ ലഭ്യമാകുന്ന അവസരങ്ങളെ ദുരുപയോഗപ്പെടുത്തുകയില്ല, എന്തുകൊണ്ടെന്നാൽ ദൈവഭയം ദോഷത്തെ വെറുക്കുന്നതിനെ അർത്ഥമാക്കുന്നു. അങ്ങനെയുള്ള പുരുഷൻമാർ “അന്യായമായ ലാഭം” അന്വേഷിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാതെ, അതിനെ യഥാർത്ഥമായി “വെറുക്കുന്ന”തായിരിക്കും.
5. ഒന്നു പത്രോസ് 5:2, 3-ലെ ബുദ്ധിയുപദേശം വളരെ ഉചിതമായിരിക്കുന്നതെന്തുകൊണ്ട്, അത് എങ്ങനെ ബാധകമാക്കാൻ കഴിയും?
5 അപ്പോസ്തലനായ പത്രോസ് മൂപ്പൻമാരാലുള്ള അധികാര ദുർവിനിയോഗത്തിന്റെ അപകടത്തെക്കുറിച്ച് ബോധവാനായിരുന്നു. തന്നിമിത്തം, അവൻ ക്രിസ്തീയ സഭയിലെ മേൽവിചാരകൻമാരെ ബുദ്ധിയുപദേശിക്കുന്നതായി നാം കാണുന്നു: “നിങ്ങളുടെ മേൽനോട്ടത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾക, നിർബ്ബന്ധത്താലല്ല, മനസ്സോടെ; പരമാർത്ഥരഹിതമായ ആദായ പ്രിയം കൊണ്ടല്ല, പിന്നെയോ ആകാംക്ഷയോടെ; ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെമേൽ കർത്തൃത്വം നടത്തുന്നതുപോലെയുമല്ല, പിന്നെയോ ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീർന്നുകൊണ്ടുതന്നെ.” (1 പത്രോസ് 5:2, 3) പരമാർത്ഥരഹിതമായ ആദായത്തിനുവേണ്ടി ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നത് അധികാര ദുർവിനിയോഗമാണ്. അതുപോലെ, ആട്ടിൻകൂട്ടത്തിന്റെമേൽ കർത്തൃത്വം നടത്തുന്നത് ഒരുവന്റെ അധികാരത്തെ സ്വാർത്ഥപൂർവ്വം മുതലെടുക്കലാണ്. ദൃഷ്ടാന്തമായി, ഒരു മൂപ്പന് തന്റെ കുടുംബം എങ്ങനെ വസ്ത്രധാരണം ചെയ്യണമെന്നതു സംബന്ധിച്ച് സുനിശ്ചിതമായ അഭിപ്രായങ്ങളുണ്ടായിരിക്കാം. എന്നാൽ അയാൾ അങ്ങനെയുള്ള വ്യക്തിപരമായ വീക്ഷണങ്ങൾ ആട്ടിൻകൂട്ടത്തിൻമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതിരിക്കുന്നതിന് ശ്രദ്ധാലുവായിരിക്കണം; അതു ചെയ്യുകയാണെങ്കിൽ അത് അവരുടെമേൽ കർത്തൃത്വം നടത്തലായിരിക്കും.
6. സ്വജനപക്ഷപാതം എന്താണ്, മൂപ്പൻമാർ അതു സംബന്ധിച്ച് എങ്ങനെ കുററക്കാരായിത്തീർന്നേക്കാം?
6 മൂപ്പൻമാർ ശ്രദ്ധയുള്ളവരല്ലെങ്കിൽ അവർ സ്വജനപക്ഷപാതം സംബന്ധിച്ചു കുററക്കാരായിത്തീരാവുന്നതാണ്, അതും അധികാരദുർവിനിയോഗമായിരിക്കും. സ്വജനപക്ഷപാതിത്വമോ? അതെ, ഇതിന്റെ ഇംഗ്ലിഷ് പദമായ നെപ്പോട്ടിസം “നെവ്യൂസ്” എന്നർത്ഥമുള്ള ലത്തീൻ പദത്തിൽനിന്ന് ഉണ്ടായിട്ടുള്ള ഒരു പദമാണ്. പാപ്പായും മററ് സഭാമേധാവികളും തങ്ങളുടെ ബന്ധുക്കൾക്ക്, വിശേഷാൽ തങ്ങളുടെ സഹോദരൻമാരുടെയോ സഹോദരിമാരുടെയോ മക്കൾക്ക് മതപരവും സാമ്പത്തികവുമായ ആനുകൂല്യങ്ങൾ കൊടുക്കുന്ന കുപ്രസിദ്ധ നടപടി നിമിത്തം സൃഷ്ടിച്ച ഒരു പദമാണ്. നിക്കോളാസ് മൂന്നാമൻ പാപ്പാ “പാപ്പാ സ്വജനപക്ഷപാതിത്വത്തിന്റെ പാത്രിയർക്കീസ്” എന്നുപോലും അറിയപ്പെട്ടിരുന്നു. ക്രിസ്തീയമൂപ്പൻമാർ വളരെ ശ്രദ്ധാലുക്കളല്ലെങ്കിൽ, അവർ ആത്മീയതത്വങ്ങൾക്കു പകരം കുടുംബ ബന്ധങ്ങളാൽ അനുചിതമായി സ്വാധീനിക്കപ്പെട്ടേക്കാം. ഒരു മൂപ്പൻ മററു മൂപ്പൻമാർ സമ്മതിക്കാഞ്ഞിട്ടും തന്റെ മകനെ ഒരു മേൽവിചാരകനായി ശുപാർശ ചെയ്യണമെന്ന് ശക്തമായി വിചാരിച്ചു. അതിനെ തുടർന്ന് ആ പിതാവ് മറെറാരു സഭയിലേക്കു മാറി. കുറേ വർഷങ്ങൾ കഴിഞ്ഞിട്ടും മകൻ ഒരു മൂപ്പനായില്ല. പിതാവ് രക്തബന്ധം തന്നെ സ്വാധീനിക്കാൻ അനുവദിച്ചുവെന്ന് വ്യക്തമാണ്.
7, 8. സ്വജനപക്ഷപാതം മൂപ്പൻമാർക്ക് ഒരു യഥാർത്ഥ അപകടമായിത്തീരാൻ കഴിയുമെന്ന് ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
7 മൂപ്പൻമാർ തങ്ങളുടെ ബന്ധുക്കളുടെ ദുഷ്പ്രവൃത്തി സംബന്ധിച്ച് നടപടി സ്വീകരിക്കാത്തപ്പോൾ സ്വജനപക്ഷപാതിത്വത്തിന്റെ രൂപത്തിൽ മറെറാരു അധികാര ദുർവിനിയോഗം പ്രത്യക്ഷപ്പെടുന്നു. (1 ശമുവേൽ 2:22-25, 30-35, താരതമ്യപ്പെടുത്തുക.) ചുരുക്കം ചില വർഷങ്ങൾക്ക് മുമ്പ് മദ്ധ്യ ഐക്യനാടുകളിൽ ചില സഭകളിൽ ദുഷ്പ്രവൃത്തിയുടെ ഞെട്ടിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. കുറേക്കൂടെ അടുത്ത കാലത്ത് ഇത് ചില യൂറോപ്യൻ രാജ്യങ്ങളിൽ വികാസം പ്രാപിച്ചു. അനേകം ചെറുപ്പക്കാർ ദുർവൃത്തിയിലും മയക്കുമരുന്നിന്റെ ദുരുപയോഗത്തിലും മററും ഉൾപ്പെട്ടു. ഇവരിൽ മൂപ്പൻമാരുടെ മക്കൾ ചുരുക്കമായിരുന്നില്ല, അവരിൽ ചിലർ തങ്ങളുടെ സന്താനങ്ങളുടെ ദുർന്നടത്തയിൽ കണ്ണടച്ചുവെന്നു സ്പഷ്ടം. വസ്തുതകൾ വെളിച്ചത്തായപ്പോൾ, മൂപ്പൻമാരെന്നനിലയിലുള്ള തങ്ങളുടെ അധികാരങ്ങളുടെ ദുർവിനിയോഗം നിമിത്തം, അല്ലെങ്കിൽ കൂടുതൽ കൃത്യമായി, തങ്ങളുടെ അധികാരത്തെ ശരിയായി ഉപയോഗിക്കുന്നതിലുള്ള പരാജയം നിമിത്തം അവരിൽ പലരും നീക്കപ്പെട്ടു.
8 ചിലപ്പോൾ, ഒരു മൂപ്പനോ ശുശ്രൂഷാദാസനോ യോഗങ്ങളിൽ സദസ്യപങ്കുപററലുള്ള ഭാഗങ്ങളുടെ അദ്ധ്യക്ഷ്യം വഹിക്കുമ്പോൾ ഈ രീതിയിലുള്ള ഒരു പ്രവണത ഉള്ളതായി തോന്നുന്നു. അയാൾ പക്ഷപാതിത്വം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടയാവശ്യമുണ്ട്. മററുള്ളവർ ഉത്തരം പറയുന്നതിൽ പരാജയപ്പെടുമ്പോൾ അഭിപ്രായങ്ങൾ പറയാൻ മുന്നോട്ട് വന്നു കൊണ്ടും മററനേകർ അഭിപ്രായം പറയാൻ സ്വമേധാ മുന്നോട്ടുവരുമ്പോൾ അഭിപ്രായം പറയുന്നതിന് വളരെയധികം ആകാംക്ഷ കാണിക്കാതെയും ജാഗ്രതയോടെ ഈ കാര്യത്തിൽ അയാളുടെ കുടുംബാംഗങ്ങൾക്ക് സഹകരിക്കാൻ കഴിയും.
സഞ്ചാരമേൽവിചാരകൻമാർ
9. ശിമോന്യപാപം എന്നറിയപ്പെടുന്ന അധികാര ദുർവിനിയോഗം എന്താണ്, അതിനെ അങ്ങനെ വിളിക്കുന്നതെന്തുകൊണ്ട്?
9 ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്ന ക്രിസ്ത്യാനികൾ, വിശേഷിച്ച് വാച്ച്ടവർ സൊസൈററിയുടെ സഞ്ചാരമേൽവിചാരകൻമാർ, ശിമോന്യ പാപം എന്നറിയപ്പെടുന്നതു സംബന്ധിച്ച് അറിഞ്ഞോ അറിയാതെയോ കുററക്കാരാകാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കണം. ഈ പദം വരുന്നത് പ്രവൃത്തികൾ 8:9-24 വരെ പറഞ്ഞിരിക്കുന്ന ശിമോനെ അടിസ്ഥാനപ്പെടുത്തിയാണ്; കൈവെപ്പിനാൽ പരിശുദ്ധാത്മാവിനെ പകരാനുള്ള പ്രാപ്തിയുടെ വരത്തിനുവേണ്ടി അപ്പോസ്തലൻമാർക്ക് അയാൾ പണം വാഗ്ദാനം ചെയ്തു. ലൂക്കോസ് ഇങ്ങനെ രേഖപ്പെടുത്തുന്നു: “പത്രോസ് അയാളോട് ഇങ്ങനെ പറഞ്ഞു: ‘ദൈവത്തിന്റെ സൗജന്യ വരം പണത്തിലൂടെ കൈവശപ്പെടുത്താമെന്ന് നീ വിചാരിച്ചതുകൊണ്ട് നിന്റെ വെള്ളി നിന്നോടുകൂടെ നശിക്കട്ടെ. ഈ കാര്യത്തിൽ നിനക്ക് പങ്കോ ഓഹരിയോ ഇല്ല, എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ നിന്റെ ഹൃദയം ചൊവ്വുള്ളതല്ല. തന്നിമിത്തം, നിന്റെ ഈ വഷളത്തം സംബന്ധിച്ച് അനുതപിക്കുകയും, സാദ്ധ്യമെങ്കിൽ, നിന്റെ ഹൃദയത്തിലെ തന്ത്രം നിന്നോടു ക്ഷമിക്കേണ്ടതിന് യഹോവയോട് അഭ്യർത്ഥിക്കുകയും ചെയ്യുക.’” കഴിഞ്ഞുപോയ വർഷങ്ങളിൽ ഇതും റോമൻ കത്തോലിക്കാ സഭാ മേധാവികളുടെ ഇടയിൽ കുപ്രസിദ്ധമായിരുന്ന ഒരു നടപടിയായിരുന്നു. “11-ഉം 12-ഉം നൂററാണ്ടുകളിൽ സഭയിൽ ഈ കുററകൃത്യം വളരെ സാധാരണമായിത്തീർന്നു”വെന്ന് ഒരു എൻസൈക്ലോപ്പീഡിയ റിപ്പോർട്ടു ചെയ്യുന്നു.
10, 11. മൂപ്പൻമാർ ശിമോന്യപാപത്തിന്റെ ഇരകളായിത്തീരാവുന്നതെങ്ങനെ?
10 യഹോവയുടെ ദാസൻമാർ ഈ കാര്യത്തിൽ എങ്ങനെ ലംഘനം നടത്തിയേക്കാം? അവർ വളരെ ശ്രദ്ധാലുക്കളല്ലെങ്കിൽ, ഒരു മൂപ്പന്റെ നല്ല അതിഥിപ്രിയം നിമിത്തമോ അയാളിൽ നിന്നു ലഭിച്ച ഉദാരമായ ദാനങ്ങൾ അയാളെ സർക്കിട്ട് സമ്മേളനത്തിലെയോ, ഡിസ്ട്രിക്ട് കൺവെൻഷനിലെയോ ഒരു ഭാഗം നിർവ്വഹിക്കാൻ ശുപാർശ ചെയ്യുന്നതിന് അവർ ചായ്വ് കാണിച്ചേക്കാം. യഥാർത്ഥത്തിൽ, ഒരു മൂപ്പൻ ഉദാരമായ ദാനങ്ങൾ ചെയ്യുകയും അതേസമയം എന്തെങ്കിലും പദവി സ്വീകരിക്കുന്നതിനുള്ള സാദ്ധ്യത ഉളവാക്കുകയും ചെയ്ത അപൂർവ്വ കേസുകൾ ഉണ്ടായിട്ടുണ്ട്. പ്രത്യക്ഷത്തിൽ, അങ്ങനെയുള്ളവർ, “ചെറിയവർ” എന്നപോലെ വർത്തിക്കുന്നതിൽ സംതൃപ്തരല്ലായിരുന്നു, ദിവ്യാധിപത്യ നിയമനങ്ങൾ സംബന്ധിച്ച് ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവരെ പ്രേരിപ്പിക്കാൻ പരിശുദ്ധാത്മാവിന് വിട്ടുകൊടുത്തുകൊണ്ടുതന്നെ. (ലൂക്കോസ് 9:48) അങ്ങനെയുള്ള സാഹചര്യങ്ങളിൽ അങ്ങനെയുള്ള ദാനങ്ങൾ നിരസിക്കുകയും അധികാരദാനത്തെ ദുരുപയോഗപ്പെടുത്താത്തതിന്റെ നല്ല ദൃഷ്ടാന്തം വെക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രമുഖരായ മൂപ്പൻമാർ ശിമോന്യ പാപത്തിന്റെ കളങ്കം ഒഴിവാക്കുന്നതിന് എത്ര ശ്രദ്ധാലുക്കളായിരിക്കണമെന്ന് അങ്ങനെയുള്ള ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു!
11 തന്നെയുമല്ല, ചിലപ്പോഴൊക്കെ ഒരു സഞ്ചാര ശുശ്രൂഷകൻ ഒരു മൂപ്പന് ദൃഢമായ ബുദ്ധിയുപദേശം കൊടുക്കേണ്ടതാവശ്യമായിരിക്കാം. എന്നാൽ സഞ്ചാരമേൽവിചാരകൻ ആ മൂപ്പനിൽനിന്ന് ആവർത്തിച്ച് ദാനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അയാളുടെ ആതിഥ്യം ആസ്വദിച്ചിട്ടുണ്ടെങ്കിൽ, അയാൾ വളച്ചുകെട്ടില്ലാത്ത ബുദ്ധിയുപദേശം കൊടുക്കുന്നത് പ്രയാസമാണെന്നു കണ്ടെത്തിയേക്കാം. സ്വാർത്ഥ പരിഗണനകൾ, ആവശ്യമായ ബുദ്ധിയുപദേശങ്ങൾ കൊടുക്കാനുള്ള തന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽനിന്ന് അയാളെ തടയുമോ? അയാൾ തന്റെ സഹോദരങ്ങളുടെ ആത്മീയ താൽപര്യങ്ങളെ തന്റെ സ്വന്തം ഭൗതിക പ്രയോജനങ്ങൾക്കുപരിയായി വെക്കുമോ? അതെ, അയാൾ ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുമോ, അതോ മനുഷ്യരെയോ?—ഗലാത്യർ 1:10.
കുടുംബവൃത്തം
12. ഏതു കാരണത്താൽ ഭർത്താക്കൻമാർ അധികാരം ശരിയായി വിനിയോഗിക്കാൻ ജാഗ്രതപാലിക്കണം?
12 കുടുംബവൃത്തത്തിൽ, ഓരോ അംഗവും അവസരത്തെ അല്ലെങ്കിൽ അധികാരത്തെ ദുർവിനിയോഗം ചെയ്യാതിരിക്കേണ്ട ആവശ്യവുമുണ്ട്. ഒരു ഭർത്താവ് ശിരഃസ്ഥാനമുള്ളതുകൊണ്ടോ, കൂടിയ ശാരീരികശക്തി നിമിത്തമോ കുടുംബം പോററുന്ന ആളായതുകൊണ്ടോ, സ്വേച്ഛാപരമായി, സ്വാർത്ഥപരമായി, സഹതാപരഹിതമായി പ്രവർത്തിച്ചേക്കാം, സഹാനുബോധത്തിന്റെ കുറവു പ്രകടമാക്കിയേക്കാം. ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാർക്ക് കീഴ്പ്പെട്ടിരിക്കണമെന്ന് ശക്തമായി ഊന്നിപ്പറയുന്നു. അതേ സമയം, തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കാനും ക്രിസ്തു ക്രിസ്തീയ സഭയ്ക്കുവേണ്ടി മരിച്ചതുപോലെ, അവർക്കുവേണ്ടി മരിക്കാൻ ഒരുക്കമായിരിക്കാനും അവൻ ഭർത്താക്കൻമാരോടു പറയുന്നു. (എഫേസ്യർ 5:25-33) അങ്ങനെയുള്ള ബുദ്ധിയുപദേശം ഒരു ഭർത്താവു തന്റെ അധികാരത്തെ അല്ലെങ്കിൽ അവസരങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ഒരു വിലക്കായി പ്രവർത്തിക്കേണ്ടതാണ്. ഭർത്താക്കൻമാർക്ക് കീഴടങ്ങിയിരിക്കാൻ ഭാര്യമാരെ ബുദ്ധിയുപദേശിച്ചശേഷം അപ്പോസ്തലനായ പത്രോസ് ഭർത്താക്കൻമാർക്ക് ഇങ്ങനെ മുന്നറിയിപ്പ് കൊടുക്കുന്നു: “ഭർത്താക്കൻമാരേ, നിങ്ങളുടെ പ്രാർത്ഥനകൾക്കു തടസ്സമുണ്ടാകാതിരിക്കേണ്ടതിന്, ജീവന്റെ അനർഹകൃപക്ക് നിങ്ങൾ അവരോടുകൂടെ അവകാശികളുമാകയാൽ അവർക്ക്, സ്ത്രീയായ ഒരു ബലഹീനപാത്രത്തിനെന്നപോലെ, ബഹുമാനം കൊടുത്തുകൊണ്ട്, പരിജ്ഞാനപ്രകാരം അവരോടുകൂടെ വസിക്കുന്നതിൽ തുടരുക.” അതെ, ഭർത്താക്കൻമാർ യഹോവയാം ദൈവവുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, അവർ തങ്ങളുടെ അധികാരം ശരിയായി ഉപയോഗിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം.—1 പത്രോസ് 3:7.
13. (എ) ഭർത്താക്കൻമാർ ഏതു സ്ത്രീ സഹജ സ്വഭാവത്തെ ചിലപ്പോൾ മുതലെടുത്തിട്ടുണ്ട്? (ബി) സ്വാർത്ഥരായ ഭാര്യമാർ ഏതു തിരുവെഴുത്തു ബുദ്ധിയുപദേശം ലംഘിച്ചുകൊണ്ട് അധികാര ദുർവിനിയോഗം പ്രകടമാക്കിയിട്ടുണ്ട്?
13 കൂടുതൽ ആഴമായി സ്നേഹിക്കുന്ന ഇണ കുറച്ചു സ്നേഹിക്കുന്ന ഇണയുടെ കാരുണ്യത്തിലാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഒരളവിലുള്ള സത്യമുള്ളതായി തോന്നുന്നു. പൊതുവേ ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാരേക്കാൾ ആഴമായി സ്നേഹിക്കുന്നു—സ്നേഹം അവർക്കു കൂടുതൽ പ്രധാനമാണ്. അനേകം ഭർത്താക്കൻമാർ അതിൽ നിന്ന് സ്വാർത്ഥപൂർവ്വം മുതലെടുക്കുന്നു. മറിച്ച്, ഭാര്യമാർ തങ്ങളുടെ ഇച്ഛകൾ ഹനിക്കപ്പെടുമ്പോൾ ദാമ്പത്യധർമ്മം നിറവേററാൻ വിമുഖത കാണിക്കുന്നതായി അറിയപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, ചില ഭാര്യമാർ വിവാഹധർമ്മം നിറവേററാൻ പാടെ വിസമ്മതിക്കുകപോലും ചെയ്തിട്ടുണ്ട്. ഇത് ഭർത്താവ് വ്യഭിചാരം ചെയ്യുന്നതിന് ചിലപ്പോൾ സംഭാവന ചെയ്തിട്ടുണ്ടെന്ന് പറയാൻ സങ്കടമുണ്ട്. 1 കൊരിന്ത്യർ 7:3-5-ലെ പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതിലുള്ള അത്തരം എല്ലാ പരാജയവും അധികാരത്തിന്റെ ഒരു സ്വാർത്ഥ ദുരുപയോഗമാണ്.
14. ചില മാതാപിതാക്കൾ തങ്ങളുടെ മക്കളുടെമേൽ അധികാര ദുർവിനിയോഗം നടത്തുന്നുവെന്നതിന് എന്തു തെളിവുണ്ട്?
14 കുട്ടികൾ കർത്താവിനോടുള്ള ഐക്യത്തിൽ തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കേണ്ടതാണെന്നുള്ള വസ്തുത, അവരുടെ മാതാപിതാക്കൾക്ക്, വിശേഷാൽ പിതാക്കൻമാർക്ക് അവരുടെമേൽ അധികാരം കൊടുക്കുന്നു. അവർ ഈ അധികാരം എങ്ങനെ ഉപയോഗിക്കും? ചിന്താശൂന്യമായിട്ടോ? അനുകമ്പാരഹിതമായോ? സഹാനുബോധമില്ലാതെയോ? അനേകം ലോക പിതാക്കൻമാരും ചില മാതാക്കളും അതുതന്നെ ചെയ്യുകയും “ദ്രോഹിക്കപ്പെട്ട കുട്ടിയുടെ രോഗ”ത്തിന്റെ വ്യാപനത്തിനിടയാക്കുകയും ചെയ്യുന്നു. 1984 ജനുവരി⁄ഫെബ്രുവരിയിലെ വേൾഡ് ഹെൽത്ത് അനുസരിച്ച് “എല്ലാ സമുദായത്തിലും ദുഷ്പെരുമാററത്തിനു വിധേയരായ കുട്ടികൾ ഉണ്ട്,” “ഈയിടെ കൂടുതൽ കൂടുതൽ കുട്ടികൾ ദുഷ്പെരുമാററത്തിന് വിധേയരാകുകയും ചൂഷണം ചെയ്യപ്പെടുകയും പ്രഹരിക്കപ്പെടുകയും അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നതായി തോന്നുന്നു, ലോകത്തിന്റെ യാതൊരു ഭാഗവും വിഭിന്നമല്ല.” ഐക്യനാടുകളിൽ കുട്ടികളോടുള്ള ദ്രോഹം കഴിഞ്ഞ പത്തുവർഷങ്ങളിൽ ഇരട്ടിയിലധികമായതായി മറെറാരു റിപ്പോർട്ടു പറയുന്നു. തീർച്ചയായും, അങ്ങനെയുള്ളവയെല്ലാം അധികാര ദുർവിനിയോഗമാണ്. ഒരു കുട്ടിയോട് കഠിനമായി പെരുമാറുന്നതിനെക്കുറിച്ചു ചിന്തിക്കുകയില്ലാത്ത ഒരു ക്രിസ്തീയ പിതാവുപോലും ഒരുതരം ബാലദുരുപയോഗം സംബന്ധിച്ചു കുററക്കാരനായിത്തീരാം. അത് എന്താണെന്ന് പൗലോസിന്റെ ബുദ്ധിയുപദേശത്തിൽനിന്ന് നിങ്ങൾക്ക് കാണാൻ കഴിയും: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ ശല്യപ്പെടുത്താതെ, യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും അവരെ വളർത്തിക്കൊണ്ടിരിക്കുക.” “പിതാക്കൻമാരേ, നിങ്ങളുടെ മക്കൾ നിരുത്സാഹപ്പെടാതിരിക്കാൻ അവരെ കോപിപ്പിക്കരുത്.”—എഫേസ്യർ 6:4; കൊലോസ്യർ 3:21.
15, 16. മാതാപിതാക്കളിൽനിന്ന് എന്താവശ്യമാക്കിത്തീർത്തുകൊണ്ട് കുട്ടികൾ അധികാരദുർവിനിയോഗം സംബന്ധിച്ച് കുററക്കാരായേക്കാം?
15 ആദ്യം വിചിത്രമെന്നു തോന്നിയേക്കാമെങ്കിലും, കുട്ടികൾതന്നെ അധികാരദുർവിനിയോഗം സംബന്ധിച്ചു കുററക്കാരായിരിക്കാൻ കഴിയും. എങ്ങനെ? മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളോടുള്ള പ്രിയം നിമിത്തം അവർ തങ്ങളുടെ മെച്ചപ്പെട്ട തീരുമാനത്തിനെതിരായി പ്രവർത്തിക്കാൻ കുട്ടികൾ കാരണക്കാരായിത്തീരാൻ കഴിയും. ഒരു കുട്ടി, താൻ തല്ലുകൊള്ളാൻ അർഹനാണെന്നറിഞ്ഞുകൊണ്ട് വളരെ ദയനീയമായി കരയുന്നതുകൊണ്ട് അർഹതയുള്ള അടി കൊടുക്കാൻ അവന്റെ അമ്മയ്ക്ക് കേവലം കഴിയുന്നില്ല. വിജയപ്രദമായ ഒരു വനിതാ ബാങ്കിംഗ് വ്യാപാരി തന്റെ ഇടപാടുകാരെ സ്വാധീനിക്കാനുള്ള തന്റെ പ്രാപ്തിയെക്കുറിച്ച് വീമ്പടിച്ചുകൊണ്ടു പറയുന്നു: “സ്ത്രീകൾക്ക് അത് സഹജമാണ്. എന്റെ പുത്രി അവളുടെ അപ്പനെ സ്വാധീനിക്കുന്നത് നിങ്ങൾ കാണേണ്ടതാണ്.”
16 ഒരു വർത്തമാനപ്പത്ര റിപ്പോർട്ടനുസരിച്ച് “വടക്കേ അമേരിക്കയിൽ ‘അധികാരമത്തരായ കുട്ടികളുടെ’ എണ്ണത്തിൽ ഭയജനകമായ വർദ്ധനവുണ്ട്; അവർ തങ്ങളുടെ മാതാപിതാക്കളുടെ ജീവിതത്തെ ഭരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു.” എന്നുവരികിലും, പരിഹാരം സ്ഥിതിചെയ്യുന്നത് കുട്ടികളെ ബുദ്ധിയുപദേശിക്കുന്നതിലല്ല, പിന്നെയോ മാതാപിതാക്കളിലാണ്. മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ മുമ്പാകെ ഐക്യമുള്ള ഒരു നിലപാട് അവതരിപ്പിക്കേണ്ടതാണ്. കുട്ടികൾ പെട്ടെന്ന് അനൈക്യം ശ്രദ്ധിക്കുകയും തങ്ങളുടെ ആവശ്യം നേടുന്നതിന് ഒരാളെ മറേറയാളിനെതിരെ തിരിക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ ശരിയായതിനുവേണ്ടി ദൃഢത പാലിക്കുകയും അതേസമയം തങ്ങളുടെ സ്നേഹം സംബന്ധിച്ച് കുട്ടികൾക്ക് എല്ലായ്പ്പോഴും ഉറപ്പുകൊടുക്കുകയും വേണം. യഹോവ ചെയ്യുന്നതുപോലെ ക്രിസ്തീയ മാതാപിതാക്കൾ സ്നേഹം നിമിത്തം ശിക്ഷണം കൊടുക്കുന്നു.—എബ്രായർ 12:5, 6.
മററ ബന്ധങ്ങളിൽ
17. മുതലാളി—തൊഴിലാളി ബന്ധത്തിൽ ഒരു അധികാര ദുർവിനിയോഗം ഉണ്ടായിരിക്കാവുന്നതെങ്ങനെ?
17 മുതലാളിതൊഴിലാളി ബന്ധവും അധികാരം ദുർവിനിയോഗം ചെയ്യുന്നതിനുള്ള പ്രലോഭനം കൈവരുത്തുന്നു. ആധുനിക മുതലാളിമാരോടും ഓവർസിയർമാരോടും മേധാവികളോടും ഏറെക്കുറെ ഒത്തുവരുന്ന, അടിമകളുടെ ഉടമകളെ പൗലോസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “യജമാനൻമാരേ, . . . ഭീഷണി നിർത്തുക, എന്തുകൊണ്ടെന്നാൽ അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിലുണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷമില്ലെന്നും നിങ്ങളറിയുന്നു.” (എഫേസ്യർ 6:9; കൊലോസ്യർ 4:1) മതേതരകാര്യങ്ങളിൽ മേൽവിചാരണയുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. തനിക്കുവേണ്ടി ജോലി ചെയ്യുന്നവരോടു നല്ലബന്ധം ഉണ്ടായിരുന്ന ഒരാളെന്നനിലയിൽ പഴയകാലത്തെ ബോവസിനെ എടുത്തു പറയാവുന്നതാണ്.—രൂത്ത് 2:4.
18. ബന്ധമില്ലാത്ത സഹോദരീസഹോദരൻമാർ അധികാര ദുർവിനിയോഗം സംബന്ധിച്ചു കുററക്കാരാകാതിരിക്കാൻ എന്തു ശ്രദ്ധ ചെലുത്തേണ്ടതാണ്?
18 ക്രിസ്ത്യാനികൾ അധികാര ദുർവിനിയോഗത്തിനെതിരെ ജാഗരിക്കേണ്ട മറെറാരു മണ്ഡലവുംകൂടെ പറഞ്ഞാൽ, ലൈംഗികാകർഷണത്തിന്റെ സംഗതിയാണത്. യുവ സഹോദരിമാരുടെ പ്രകൃതംതന്നെ അവരിൽ അനേകർ വിവാഹം കഴിക്കാനും മക്കളെ പ്രസവിക്കാനും ആഗ്രഹിക്കാനുള്ള പ്രവണത കാട്ടുന്നു. തത്ഫലമായി, സഹോദരൻമാർ ചിലപ്പോൾ സഹോദരിമാരുടെ സ്നേഹത്തെ പന്താടുന്നത് എളുപ്പമാണെന്ന് കണ്ടെത്തിയേക്കാം. ഇതു തീർച്ചയായും ഒരു അധികാരദുർവിനിയോഗമാണ്. പൗലോസ് തിമൊഥെയോസിനെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: ‘പ്രായമേറിയ സ്ത്രീകളെ അമ്മമാരെപ്പോലെയും പ്രായക്കുറവുള്ള സ്ത്രീകളെ സകല നിർമ്മലതയോടുംകൂടെ സഹോദരിമാരെപ്പോലെയും കരുതുക.’ മറിച്ച്, ക്രിസ്തീയ സ്ത്രീകൾ “എളിമയോടും സുബോധത്തോടും കൂടെ നന്നായി ക്രമീകരിച്ച വേഷത്താൽ തങ്ങളേത്തന്നെ അലങ്കരിക്കാൻ” ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു. വിവാഹിതരായാലും അവിവാഹിതരായാലും, അവരും “നിർമ്മലമായ നടത്ത” പ്രകടമാക്കാൻ ശ്രദ്ധാലുക്കളായിരിക്കണം.—1 തിമൊഥെയോസ് 2:9; 5:2; 1 പത്രോസ് 3:2.
19. ജ്ഞാനവും നീതിയും സ്നേഹവും പ്രകടമാക്കുന്നതിനു പുറമേ ഏതു ഗുണത്തിന്റെ ഉപയോഗത്തിൽ നാം ശ്രദ്ധയുള്ളവരായിരിക്കണം?
19 ക്രിസ്ത്യാനികൾ ദിവ്യജ്ഞാനത്താൽ നടത്തിക്കപ്പെടുന്നതിനെക്കുറിച്ചും അവരുടെ എല്ലാ ഇടപെടലുകളിലും നീതിപാലിക്കുന്നതിനെക്കുറിച്ചും തത്വാധിഷ്ഠിത സ്നേഹമായ അഗാപേയാൽ പ്രേരിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും നമ്മുടെ ബൈബിൾ സാഹിത്യത്തിൽ വളരെയധികം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. യഹോവയുടെ എല്ലാ ദാസൻമാരും അധികാരത്തിന്റെ ഗുണത്തെയോ ലക്ഷണത്തെയോ കൈവശത്തെയോ കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം. അവർ ഒരിക്കലും അതിനെ ദുർവിനിയോഗം ചെയ്യാതെ എല്ലായ്പ്പോഴും ശരിയായി ഉപയോഗിക്കണം. സത്യമായി ദൈവവചനം ഈ രംഗങ്ങളിൽ നൽകുന്ന ബുദ്ധിയുപദേശത്തിൽ ദിവ്യജ്ഞാനത്തെ വ്യക്തമാക്കുന്നു. അങ്ങനെയുള്ള ബുദ്ധിയുപദേശം ശ്രദ്ധാപൂർവ്വം അനുസരിക്കുന്നതിനാൽ നാം യഹോവയുടെ നാമത്തിന് ബഹുമാനം കൈവരുത്തും, നാം മററുള്ളവർക്ക് ഒരു അനുഗ്രഹമായിരിക്കും, നാം ദൈവാംഗീകാരം പ്രാപിക്കുകയും ചെയ്യും. (w86 8/15)
നിങ്ങൾ ഏതു ബുദ്ധിയുപദേശം ഓർക്കുന്നു?
◻ അധികാരം ദുർവിനിയോഗം ചെയ്യാനുള്ള ഒരു സഹജ പ്രവണത നമുക്കുണ്ടെന്ന് എങ്ങനെ പറയാൻ കഴിയും?
◻ മൂപ്പൻമാർ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കേണ്ടതെന്തുകൊണ്ട്?
◻ ഭർത്താക്കൻമാരും ഭാര്യമാരും അന്യോന്യമുള്ള ബന്ധത്തിൽ ഏതു വിധങ്ങളിൽ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യരുത്?
◻ മാതാപിതാക്കളും മക്കളും തങ്ങളുടെ ബന്ധങ്ങളിൽ അധികാരം ദുർവിനിയോഗം ചെയ്യുന്നതു സംബന്ധിച്ച് എന്ത് ഒഴിവാക്കേണ്ടതാണ്?
[12-ാം പേജിലെ ചിത്രം]
പത്രോസിനെ സ്വാധീനിക്കാൻ ശിമോൻ തന്റെ സ്വത്ത് ഉപയോഗിക്കാൻ ശ്രമിച്ചു. ഈ വിവരണത്തിൽനിന്ന് നമുക്ക് എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?
[14-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുട്ടി നിങ്ങളെ സ്വാധീനിക്കാൻ അധികാര ദുർവിനിയോഗം ചെയ്യുന്നുവോ?