ക്രിസ്തീയ മിഷനറിപ്രവർത്തനത്തിന്റെ ഒരു നിശ്വസ്ത മാതൃക
“ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.”—1 കൊരിന്ത്യർ 11:1.
1. യേശു തന്റെ അനുഗാമികൾക്ക് അനുകരിക്കുന്നതിനു മുന്തിയ മാതൃക വെച്ച ചില വിധങ്ങളേവ? (ഫിലിപ്പിയർ 2:5-9)
യേശു തന്റെ ശിഷ്യൻമാർക്കുവേണ്ടി മുന്തിയ എന്തൊരു മാതൃകയാണു വെച്ചത്! ഭൂമിയിലേക്കു വരാനും പാപികളായ മനുഷ്യരുടെ ഇടയിൽ വസിക്കാനും അവൻ സന്തോഷപൂർവം തന്റെ സ്വർഗ്ഗീയ മഹത്വം വെടിഞ്ഞു. അവൻ മനുഷ്യവർഗ്ഗത്തിന്റെ രക്ഷക്കുവേണ്ടി, ഏറെ പ്രധാനമായി, തന്റെ സ്വർഗ്ഗീയ പിതാവിന്റെ നാമ വിശുദ്ധീകരണത്തിനുവേണ്ടി, വലിയ കഷ്ടപ്പാടിനു വിധേയനാകാൻ സന്നദ്ധനായിരുന്നു. (യോഹന്നാൻ 3:16; 17:4) തന്റെ ജീവനുവേണ്ടിയുള്ള വിസ്താരം നടന്നുകൊണ്ടിരുന്നപ്പോൾ യേശു സധൈര്യം പ്രഖ്യാപിച്ചു: “സത്യത്തിന്നു സാക്ഷി നിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.”—യോഹന്നാൻ 18:37.
2. പുനരുത്ഥാനംപ്രാപിച്ച യേശുവിനു താൻ ആരംഭിച്ചിരുന്ന വേല തുടരാൻ തന്റെ ശിഷ്യരോടു കല്പിക്കാൻ കഴിഞ്ഞതെന്തുകൊണ്ട്?
2 രാജ്യസത്യത്തിനു സാക്ഷ്യംവഹിക്കുന്ന വേല തന്റെ ശിഷ്യൻമാർക്കു തുടരാൻ കഴിയത്തക്കവണ്ണം യേശു തന്റെ മരണത്തിനുമുമ്പ് അവർക്കു വിശിഷ്ടമായ പരിശീലനം കൊടുത്തു. (മത്തായി 10:5-23; ലൂക്കോസ് 10:1-16) അങ്ങനെ, തന്റെ പുനരുത്ഥാനശേഷം: “നിങ്ങൾ പുറപ്പെട്ടു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന കല്പന കൊടുക്കാൻ യേശുവിനു കഴിഞ്ഞു.—മത്തായി 28:19, 20.
3. ശിഷ്യരാക്കൽവേല വികസിച്ചതെങ്ങനെ, എന്നാൽ ഏതു പ്രദേശങ്ങളിലാണ് അതു മുഖ്യമായി കേന്ദ്രീകരിച്ചിരുന്നത്?
3 അടുത്ത മൂന്നര വർഷക്കാലത്ത്, യേശുവിന്റെ ശിഷ്യൻമാർ ഈ കല്പന അനുസരിച്ചുവെങ്കിലും തങ്ങളുടെ ശിഷ്യരാക്കൽ യഹൂദൻമാർക്കും യഹൂദ മതാനുസാരികൾക്കും പരിച്ഛേദനയേററ ശമര്യർക്കുമായി പരിമിതപ്പെടുത്തി. പിന്നീട് പൊ.യു. (പൊതുയുഗം) 36-ൽ പരിച്ഛേദനയേൽക്കാഞ്ഞ ഒരു മനുഷ്യനായിരുന്ന കൊർന്നേല്യൊസിനോടും അയാളുടെ കുടുംബത്തോടും സുവാർത്ത പ്രസംഗിക്കാൻ ദൈവം നിർദ്ദേശിച്ചു. അടുത്ത ദശാബ്ദത്തിൽ മററു വിജാതീയർ സഭയിലേക്കു വരുത്തപ്പെട്ടു. എന്നിരുന്നാലും വേലയിലധികവും പൂർവ മെഡിറററേനിയൻ പ്രദേശത്ത് ഒതുക്കിനിർത്തപ്പെട്ടിരുന്നതായി തോന്നുന്നു.—പ്രവൃത്തികൾ 10:24, 44-48; 11:19-21.
4. പൊ.യു. ഏതാണ്ട് 47-48-ൽ ഏതു സാർത്ഥകമായ വികാസം നടന്നു?
4 കൂടുതൽ വിദൂരമായ പ്രദേശങ്ങളിലെ യഹൂദൻമാരെയും വിജാതീയരെയും ശിഷ്യരാക്കുന്നതിനു ക്രിസ്ത്യാനികളെ പ്രേരിപ്പിക്കാൻ അല്ലെങ്കിൽ പ്രാപ്തരാക്കാൻ ചിലത് ആവശ്യമായിരുന്നു. തന്നിമിത്തം, പൊ.യു. ഏതാണ്ട് 47-48-ൽ സുറിയയിലെ അന്ത്യോക്യയിലുണ്ടായിരുന്ന സഭയിലെ മൂപ്പൻമാർക്ക് ഈ ദിവ്യസന്ദേശം ലഭിച്ചു: “ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ.” (പ്രവൃത്തികൾ 13:2) അന്നു പൗലോസ് ശൗൽ എന്ന തന്റെ ആദ്യപേരിൽ അറിയപ്പെട്ടിരുന്നുവെന്നു കുറിക്കൊള്ളുക. ദൈവം പൗലോസിനുമുമ്പേ ബർന്നബാസിനു പേരിട്ടിരുന്നുവെന്നും കുറിക്കൊള്ളുക, ഒരുപക്ഷേ ആ സമയത്ത് ആ രണ്ടുപേരിൽ പദവിയിൽ ഉയർന്നവൻ ബർന്നബാസാണെന്ന് വീക്ഷിക്കപ്പെട്ടിരുന്നതുകൊണ്ടായിരിക്കാം.
5. പൗലോസിന്റെയും ബർന്നബാസിന്റെയും മിഷനറിപര്യടനത്തേക്കുറിച്ചുള്ള രേഖ ഇന്നു ക്രിസ്ത്യാനികൾക്കു വലിയ മൂല്യമുള്ളതായിരിക്കുന്നതെന്തുകൊണ്ട്?
5 പൗലോസിന്റെയും ബർന്നബാസിന്റെയും മിഷനറിപര്യടനത്തെക്കുറിച്ചുള്ള വിശദമായ രേഖ യഹോവയുടെ സാക്ഷികൾക്ക്, വിശേഷാൽ ഒരു വിദേശീയ ജനസമുദായത്തിൽ ദൈവത്തെ സേവിക്കാൻ സ്വന്തപട്ടണങ്ങളിൽനിന്നു ദൂരെ പോയിരിക്കുന്ന മിഷനറിമാർക്കും പയനിയർമാർക്കും, വലിയ പ്രോൽസാഹനമാണ്. കൂടാതെ, പ്രവൃത്തികൾ 13-ഉം 14-ഉം അദ്ധ്യായങ്ങളുടെ ഒരു പുനരവലോകനം പൗലോസിനെയും ബർന്നബാസിനെയും അനുകരിക്കാനും സർവപ്രധാനമായ ശിഷ്യരാക്കൽവേലയിലെ തങ്ങളുടെ പങ്കു വിപുലപ്പെടുത്താനും തീർച്ചയായും ഇനിയും കൂടുതൽ പേരെ പ്രേരിപ്പിക്കും.
കുപ്രോസ് ദ്വീപ്
6. മിഷനറിമാർ കുപ്രോസിൽ എന്തു ദൃഷ്ടാന്തം വെച്ചു?
6 മിഷനറിമാർ താമസംവിനാ സുറിയയിലെ തുറമുഖമായ സെലൂക്യയിൽനിന്നു കുപ്രോസ് ദ്വീപിലേക്കു കപ്പൽയാത്ര ആരംഭിച്ചു. അവർ സലമീസിൽ ഇറങ്ങിയശേഷം വ്യതിചലിപ്പിക്കപ്പെടാതെ “യഹൂദൻമാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു.” ക്രിസ്തുവിന്റെ മാതൃക അനുസരിച്ചുകൊണ്ട് ആ നഗരത്തിൽ പാർപ്പുറപ്പിക്കുകയും ദ്വീപവാസികൾ തങ്ങളുടെ അടുക്കലേക്കു വരാൻ കാത്തിരിക്കുകയും ചെയ്യുന്നതിൽ അവർ സംതൃപ്തരല്ലായിരുന്നു. മറിച്ച്, അവർ “ദ്വീപിൽകൂടി [മുഴുദ്വീപിലുംകൂടി, NW]” പ്രവർത്തിച്ചുപോയി. ഇതിൽ ധാരാളം നടപ്പും അനേകം താമസസൗകര്യ മാററങ്ങളും ഉൾപ്പെട്ടിരുന്നുവെന്നതിനു സംശയമില്ല, കാരണം കുപ്രോസ് വലിയ ഒരു ദ്വീപാണ്, അവരുടെ പര്യടനം അതിന്റെ വിപുലമായ ഭാഗത്തെമ്പാടും അവരെ എത്തിച്ചു.—പ്രവൃത്തികൾ 13:5, 6.
7. (എ) പാഫൊസിൽ എന്തു മുന്തിയ സംഭവം നടന്നു? (ബി) ഈ രേഖ എന്തു മനോഭാവമുണ്ടായിരിക്കാൻ നമ്മെ പ്രോൽസാഹിപ്പിക്കുന്നു?
7 അവരുടെ അവിടത്തെ താമസത്തിന്റെ അവസാനത്തിൽ, പാഫൊസ് നഗരത്തിൽ രണ്ടുപേർക്കും ഒരു വിശിഷ്ടമായ അനുഭവത്തിലൂടെ പ്രതിഫലം ലഭിച്ചു. ദ്വീപിന്റെ ഭരണാധികാരിയായിരുന്ന സെർഗ്ഗ്യൊസ് പൗലോസ് അവരുടെ സന്ദേശം ശ്രദ്ധിക്കുകയും “വിശ്വസി”ക്കുകയും ചെയ്തു. (പ്രവൃത്തികൾ 13:7, 12) പിൽക്കാലത്തു പൗലോസ് ഇങ്ങനെ എഴുതി: “സഹോദരൻമാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാൻമാർ ഏറെയില്ല, കുലീനൻമാരും ഏറെയില്ല.” (1 കൊരിന്ത്യർ 1:26) എന്നിരുന്നാലും, പ്രതികരിച്ച ബലവാൻമാരുടെ ഇടയിൽ സെർഗ്ഗ്യൊസ് പൗലോസ് ഉണ്ടായിരുന്നു. ഈ അനുഭവം 1 തിമൊഥെയോസ് 2:1-4-ൽ നമ്മൾ പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നതുപോലെ, ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരോടു സാക്ഷീകരിക്കുന്നതിൽ ഒരു ശുഭാപ്തിവിശ്വാസപരമായ മനോഭാവമുണ്ടായിരിക്കാൻ എല്ലാവരെയും, വിശേഷാൽ മിഷനറിമാരെ, പ്രോൽസാഹിപ്പിക്കേണ്ടതാണ്. അധികാരികൾ ചിലപ്പോൾ ദൈവദാസൻമാർക്കു വലിയ സഹായം നൽകിയിട്ടുണ്ട്.—നെഹെമ്യാവ് 2:4-8.
8. (എ) ബർന്നബാസും പൗലോസും തമ്മിൽ മാററം ഭവിച്ച എന്തു ബന്ധം ഈ സമയം മുതൽ കാണപ്പെടുന്നു? (ബി) ബർന്നബാസ് ഏതു വിധത്തിൽ ഒരു നല്ല മാതൃകയായിരുന്നു?
8 യഹോവയുടെ ആത്മാവിന്റെ സ്വാധീനത്തിൽ, സെർഗ്ഗ്യൊസ് പൗലൊസിന്റെ പരിവർത്തനത്തിൽ പൗലോസ് മുഖ്യപങ്കു വഹിച്ചു. (പ്രവൃത്തികൾ 13:8-12) കൂടാതെ, ഈ സമയംമുതൽ പൗലോസ് നേതൃത്വം വഹിച്ചതായി കാണപ്പെടുന്നു. (പ്രവൃത്തികൾ 13:7, പ്രവൃത്തികൾ 13:15, 16, 43-നോടു താരതമ്യപ്പെടുത്തുക.) ഇതു പൗലോസിന്റെ പരിവർത്തനത്തിന്റെ സമയത്ത് അവനു ലഭിച്ച ദിവ്യനിയോഗത്തിനു ചേർച്ചയായിട്ടായിരുന്നു. (പ്രവൃത്തികൾ 9:15) ഒരുപക്ഷേ അത്തരമൊരു വികാസം ബർന്നബാസിന്റെ താഴ്മയെ പരിശോധിച്ചു. എന്നിരുന്നാലും, ഈ മാററത്തെ വ്യക്തിപരമായ ഒരു അവഹേളനമായി വീക്ഷിക്കാതെ ബർന്നബാസ് “ആശ്വാസപുത്രൻ” എന്ന തന്റെ പേരിന്റെ അർത്ഥത്തിനനുയോജ്യമായി വർത്തിച്ചിരിക്കാനും മിഷനറിപര്യടനത്തിലുടനീളവും പിന്നീടു ചില യഹൂദക്രിസ്ത്യാനികൾ പരിച്ഛേദനയേൽക്കാഞ്ഞ വിജാതീയർക്കായുള്ള അവരുടെ ശുശ്രൂഷയെ വെല്ലുവിളിച്ചപ്പോഴും വിശ്വസ്തതയോടെ പൗലോസിനെ പിന്താങ്ങിയിരിക്കാനുമിടയുണ്ട്. (പ്രവൃത്തികൾ 15:1, 2) ഇതു മിഷനറിഭവനങ്ങളിലെയും ബഥേൽഭവനങ്ങളിലെയും അന്തേവാസികൾ ഉൾപ്പെടെ നമുക്കെല്ലാവർക്കും വിശിഷ്ടമായ എന്തൊരു മാതൃകയാണ്! നാം ദിവ്യാധിപത്യ ക്രമീകരണങ്ങളെ സ്വീകരിക്കാനും നമ്മുടെ ഇടയിൽ നേതൃത്വമെടുക്കാൻ നിയമിതരായിരിക്കുന്നവർക്കു പൂർണ്ണപിന്തുണ കൊടുക്കാനും എല്ലായ്പ്പോഴും സന്നദ്ധരായിരിക്കണം.—എബ്രായർ 13:17.
ഏഷ്യാമൈനർ പീഠഭൂമി
9. പിസിദ്യയിലെ അന്ത്യോക്യവരെ സഞ്ചരിക്കുന്നതിനുള്ള പൗലോസിന്റെയും ബർന്നബാസിന്റെയും സന്നദ്ധതയിൽനിന്നു നാം എന്തു പഠിക്കുന്നു?
9 കുപ്രോസിൽനിന്നു പൗലോസും ബർന്നബാസും ഏഷ്യാഭൂഖണ്ഡത്തിലേക്കു വടക്കോട്ടു കപ്പൽയാത്ര നടത്തി. വെളിപ്പെടുത്താത്ത ഏതോ കാരണത്താൽ മിഷനറിമാർ തീരപ്രദേശത്തു തങ്ങാതെ ഏഷ്യാമൈനറിലെ മദ്ധ്യപീഠഭൂമിയിലെ പിസിദ്യൻ അന്ത്യോക്യയിലേക്കു ഏതാണ്ടു 180 കിലോമീററർ വരുന്ന ദീർഘവും അപകടകരവുമായ യാത്ര നടത്തി. ഇതിൽ ഒരു പർവതപാതയിലേക്കു കയറുന്നതും സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 1,100 മീററർ ഉയർന്ന ഒരു സമതലത്തിലേക്ക് ഇറങ്ങുന്നതും ഉൾപ്പെട്ടിരുന്നു. ബൈബിൾപണ്ഡിതനായ ജെ. എസ്. ഹൗസൻ പറയുന്നു: “പീഠഭൂമിയെ . . . ദക്ഷിണതീരത്തെ സമതലങ്ങളിൽനിന്നു വേർതിരിക്കുന്ന ആ പർവതങ്ങളിലെ ജനങ്ങളുടെ അധർമ്മിഷ്ഠവും കൊള്ള നടത്തുന്നതുമായ ശീലങ്ങൾ പുരാതന ചരിത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും കുപ്രസിദ്ധമായിരുന്നു.” മാത്രവുമല്ല, മിഷനറിമാർ പ്രകൃതിശക്തികളിൽനിന്നുള്ള അപകടത്തെയും അഭിമുഖീകരിച്ചു. “പർവതശിഖരങ്ങളുടെ അടിവാരങ്ങളിൽ നദികൾ ആർത്തലക്കുകയോ ഇടുങ്ങിയ മലയിടുക്കുകളിലൂടെ വന്യമായി കുത്തിയൊഴുകുകയോ ചെയ്യുന്ന പിസിദ്യയിലെ പർവതപ്രദേശംപോലെ ‘വെള്ളപ്പൊക്കങ്ങളുടെ’ അനന്യസാധാരണമായ സ്വഭാവം ഏഷ്യാമൈനറിലെ മററു യാതൊരു ജില്ലക്കുമില്ല” എന്ന് ഹൗസൻ കൂട്ടിച്ചേർക്കുന്നു. ഈ വിശദാംശങ്ങൾ സുവാർത്ത പ്രചരിപ്പിക്കുന്നതിനുവേണ്ടി മിഷനറിമാർ ഏറെറടുക്കാൻ സന്നദ്ധരായിരുന്ന യാത്രകൾ ഏതു തരമായിരുന്നുവെന്നു വിഭാവന ചെയ്യാൻ നമ്മെ സഹായിക്കുന്നു. (2 കൊരിന്ത്യർ 11:26) അതുപോലെ ഇന്നു യഹോവയുടെ ദാസരിലനേകർ ആളുകളെ സമീപിക്കുന്നതിനും അവർക്കു സുവാർത്ത പങ്കുവെക്കുന്നതിനും സകലതരം തടസ്സങ്ങളെയും ധീരമായി തരണംചെയ്യുന്നു.
10, 11. (എ) പൗലോസ് തന്റെ സദസ്സുമായുള്ള പൊതു താത്പര്യം നിലനിർത്തിയതെങ്ങനെ? (ബി) അനേകം യഹൂദൻമാർ മശിഹായുടെ കഷ്ടപ്പാടുകളേക്കുറിച്ചു കേട്ടതിൽ അത്ഭുതപ്പെട്ടിരിക്കാനിടയുള്ളതെന്തുകൊണ്ട്? (സി) പൗലോസ് തന്റെ കേൾവിക്കാരുടെ മുമ്പാകെ ഏതുതരം രക്ഷ വെച്ചുനീട്ടി?
10 പിസിദ്യൻ അന്ത്യോക്യയിൽ ഒരു യഹൂദ സിനഗോഗുണ്ടായിരുന്നതുകൊണ്ടു ദൈവവചനം ഏററവുമധികം പരിചിതമായിരുന്നവർക്കു സുവാർത്ത സ്വീകരിക്കുന്നതിന് ഒരു അവസരം കൊടുക്കാൻ മിഷനറിമാർ ആദ്യം അവിടേക്കു പോയി. സംസാരിക്കാൻ ക്ഷണിക്കപ്പെട്ടപ്പോൾ പൗലോസ് എഴുന്നേററുനിന്നു വിദഗ്ദ്ധമായ ഒരു പരസ്യപ്രസംഗം നടത്തി. പ്രസംഗത്തിലുടനീളം അവൻ സദസ്സിലുണ്ടായിരുന്ന യഹൂദൻമാരും യഹൂദ മതാനുസാരികളുമായുള്ള പൊതു താത്പര്യം നിലനിർത്തി. (പ്രവൃത്തികൾ 13:13-16, 26) പൗലോസ് തന്റെ മുഖവുരക്കുശേഷം യഹൂദൻമാരുടെ പ്രശസ്തമായ ചരിത്രം പുനരവലോകനം ചെയ്യുകയും യഹോവ അവരുടെ പൂർവപിതാക്കൻമാരെ തെരഞ്ഞെടുക്കുകയും അനന്തരം അവരെ ഈജിപ്ററിൽനിന്നു വിടുവിക്കുകയും അതുപോലെതന്നെ വാഗ്ദത്തദേശത്തെ നിവാസികളെ ജയിച്ചടക്കാൻ സഹായിക്കുകയും ചെയ്തിരുന്നുവെന്ന് അവരെ ഓർപ്പിക്കുകയും ചെയ്തു. പിന്നീടു പൗലോസ് ദാവീദുമായുള്ള യഹോവയുടെ ഇടപെടലുകളെ പ്രദീപ്തമാക്കി. ഒന്നാം നൂററാണ്ടിലെ യഹൂദൻമാർ ഒരു രക്ഷകനും നിത്യ ഭരണാധികാരിയുമായി ദാവീദിന്റെ ഒരു സന്തതിയെ ദൈവം എഴുന്നേൽപ്പിക്കാൻ പ്രതീക്ഷിച്ചിരുന്നതുകൊണ്ട് അങ്ങനെയുള്ള വിവരങ്ങൾ അവർക്കു താത്പര്യമുള്ളവയായിരുന്നു. ഈ ഘട്ടത്തിൽ പൗലോസ് സധൈര്യം ഇങ്ങനെ പ്രഖ്യാപിച്ചു: “അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തംചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.”—പ്രവൃത്തികൾ 13:17-23.
11 എന്നിരുന്നാലും അനേകം യഹൂദൻമാർ കാത്തിരുന്നത് അവരെ റോമൻ ആധിപത്യത്തിൽനിന്നു വിടുവിക്കുകയും യഹൂദജനതയെ മറെറല്ലാ ജനതകൾക്കും മീതെ ഉയർത്തുകയും ചെയ്യുന്ന ഒരു സൈനികവീരനായ രക്ഷകനെയായിരുന്നു. തന്നിമിത്തം മശിഹാ അവരുടെ മതനേതാക്കൻമാരാൽ വധത്തിന് ഏല്പിക്കപ്പെട്ടുവെന്നു പൗലോസ് പറഞ്ഞുകേട്ടപ്പോൾ അവർ അത്ഭുതസ്തബ്ധരായെന്നുള്ളതിനു സംശയമില്ല. എന്നാൽ “ദൈവമോ അവനെ മരിച്ചവരിൽനിന്നു ഉയർത്തെഴുന്നേല്പിച്ചു”വെന്ന് പൗലോസ് സധൈര്യം പ്രഖ്യാപിച്ചു. തന്റെ പ്രസംഗത്തിന്റെ അവസാനത്തോടടുത്ത് അവർക്ക് വിശിഷ്ട തരത്തിലുള്ള ഒരു രക്ഷ പ്രാപിക്കാൻ കഴിയുമെന്ന് അവൻ തന്റെ സദസ്സിനു കാണിച്ചുകൊടുത്തു. “ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നുവെന്നും മോശയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നുവെന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ” എന്ന് അവൻ പറഞ്ഞു. രക്ഷയുടെ ഈ അത്ഭുതകരമായ കരുതലിനെ അവഗണിക്കുമെന്ന് ദൈവം മുൻകൂട്ടിപ്പറഞ്ഞ അനേകരോടുകൂടെ തരംതിരിക്കപ്പെടാതിരിക്കാൻ തന്റെ സദസ്സിനെ പ്രോൽസാഹിപ്പിച്ചുകൊണ്ട് പൗലോസ് തന്റെ പ്രസംഗം ഉപസംഹരിച്ചു.—പ്രവൃത്തികൾ 13:30-41.
12. പൗലോസിന്റെ പ്രസംഗത്തിൽനിന്ന് എന്തു ഫലമുണ്ടായി, ഇതു നമ്മെ എങ്ങനെ പ്രോൽസാഹിപ്പിക്കണം?
12 തിരുവെഴുത്തധിഷ്ഠിതമായി എത്ര നന്നായി ചെയ്ത ഒരു പ്രസംഗം! സദസ്സ് എങ്ങനെ പ്രതികരിച്ചു? “യഹൂദൻമാരിലും ഭക്തിയുള്ള യഹൂദമതാനുസാരികളിലും പലർ പൌലൊസിനെയും ബർന്നബാസിനെയും അനുഗമിച്ചു.” (പ്രവൃത്തികൾ 13:43) നമുക്ക് ഇന്ന് എത്ര പ്രോൽസാഹജനകം! അതുപോലെ നമുക്കും നമ്മുടെ പരസ്യശുശ്രൂഷയിലായാലും നമ്മുടെ സഭാമീററിംഗുകളിലെ നമ്മുടെ അഭിപ്രായപ്രകടനങ്ങളിലും പ്രസംഗങ്ങളിലുമായാലും സത്യം ഫലകരമായി അവതരിപ്പിക്കാൻ പരമാവധി ശ്രമിക്കാം.—1 തിമൊഥെയോസ് 4:13-16.
13. മിഷനറിമാർ പിസിദ്യയിലെ അന്ത്യോക്യാ വിട്ടുപോകേണ്ടിവന്നതെന്തുകൊണ്ട്, പുതിയ ശിഷ്യരെസംബന്ധിച്ച് ഏതു ചോദ്യങ്ങൾ ഉയർന്നുവരുന്നു?
13 പിസിദ്യൻ അന്ത്യോക്യയിലെ പുതിയ താത്പര്യക്കാർക്ക് ഈ സുവാർത്ത തങ്ങളിൽത്തന്നെ ഒതുക്കിവെക്കാൻ കഴിഞ്ഞില്ല. തത്ഫലമായി, “പിറെറ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നുകൂടി.” പെട്ടെന്നു സന്ദേശം നഗരത്തിനു പുറത്തേക്കു വ്യാപിച്ചു. യഥാർത്ഥത്തിൽ, “കർത്താവിന്റെ (യഹോവയുടെ, NW) വചനം ആ നാട്ടിലെങ്ങും വ്യാപിച്ചു.” (പ്രവൃത്തികൾ 13:44, 49) ഈ വസ്തുതയെ സ്വാഗതംചെയ്യുന്നതിനു പകരം, അസൂയാലുക്കളായ യഹൂദൻമാർ മിഷനറിമാരെ നഗരത്തിൽനിന്നു പുറത്താക്കുന്നതിൽ വിജയിച്ചു. (പ്രവൃത്തികൾ 13:45, 50) ഇതു പുതിയ ശിഷ്യരെ എങ്ങനെ ബാധിച്ചു? അവർ നിരുത്സാഹപ്പെടുകയും പിൻമാറുകയും ചെയ്തോ?
14. മിഷനറിമാർ ആരംഭിച്ചിരുന്ന വേലക്ക് അറുതിവരുത്താൻ എതിരാളികൾക്കു കഴിയാഞ്ഞതെന്തുകൊണ്ട്, ഇതിൽനിന്നു നാം എന്തു പഠിക്കുന്നു?
14 ഇല്ല, കാരണം ഇതു ദൈവത്തിന്റെ വേലയായിരുന്നു. കൂടാതെ, മിഷനറിമാർ വിശ്വാസത്തിന്റെ ഒരു ഉറച്ച അടിസ്ഥാനം പുനരുത്ഥാനം പ്രാപിച്ച കർത്താവായ യേശുക്രിസ്തുവിൽ ഇട്ടിരുന്നു. പ്രസ്പഷ്ടമായി, അപ്പോൾ, പുതിയ ശിഷ്യർ മിഷനറിമാരെയല്ല, ക്രിസ്തുവിനെ തങ്ങളുടെ നായകനായി വീക്ഷിച്ചു. അങ്ങനെ അവർ “സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു”വെന്നു നാം വായിക്കുന്നു. (പ്രവൃത്തികൾ 13:52) ഇതു ഇന്നത്തെ മിഷനറിമാർക്കും ശിഷ്യരെ ഉളവാക്കുന്ന മററുള്ളവർക്കും എത്ര പ്രോൽസാഹജനകമാണ്! നാം വിനീതമായും തീക്ഷ്ണതയോടെയും നമ്മുടെ പങ്കു നിർവഹിച്ചാൽ യഹോവയാം ദൈവവും യേശുക്രിസ്തുവും നമ്മുടെ ശുശ്രൂഷയെ അനുഗ്രഹിക്കും.—1 കൊരിന്ത്യർ 3:9.
ഇക്കോന്യ, ലുസ്ത്ര, ദെർബ്ബ
15. മിഷനറിമാർ ഇക്കോന്യയിൽ ഏതു നടപടി പിന്തുടർന്നു, എന്തു ഫലങ്ങളുണ്ടായി?
15 പൗലോസും ബർന്നബാസും ഇപ്പോൾ അടുത്ത നഗരമായ ഇക്കോന്യയിലേക്കു ഏതാണ്ടു 140 കിലോമീററർ തെക്കുകിഴക്കോട്ടു സഞ്ചരിച്ചു. പീഡനഭയം അന്ത്യോക്യയിലെ അതേ നടപടി പിന്തുടരുന്നതിൽനിന്ന് അവരെ തടഞ്ഞില്ല. തത്ഫലമായി, “യഹൂദൻമാരിലും യവനൻമാരിലും വലിയോരു പുരുഷാരം വിശ്വസി”ച്ചുവെന്നു ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 14:1) വീണ്ടും, സുവാർത്ത സ്വീകരിക്കാഞ്ഞ യഹൂദൻമാർ എതിർപ്പ് ഇളക്കിവിട്ടു. എന്നാൽ മിഷനറിമാർ സഹിച്ചുനിൽക്കുകയും പുതിയ ശിഷ്യരെ സഹായിച്ചുകൊണ്ട് ഇക്കോന്യയിൽ ഗണ്യമായ സമയം ചെലവഴിക്കുകയും ചെയ്തു. പിന്നീട്, തങ്ങളുടെ യഹൂദ എതിരാളികൾ അവരെ കല്ലെറിയാൻ ഒരുങ്ങിയിരിക്കുകയാണെന്നു മനസ്സിലാക്കിയപ്പോൾ പൗലോസും ബർന്നബാസും ജ്ഞാനപൂർവം മറെറാരു പ്രദേശത്തേക്ക് “ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുററുമുള്ള ദേശത്തിലേക്കും” ഓടിപ്പോയി.—പ്രവൃത്തികൾ 14:2-6.
16, 17. (എ) ലുസ്ത്രയിൽ പൗലോസിന് എന്തു സംഭവിച്ചു? (ബി) ഈ അപ്പോസ്തലനോടുള്ള ദൈവത്തിന്റെ ഇടപെടലുകൾ ലുസ്ത്രയിൽനിന്നുള്ള ഒരു യുവാവിനെ ബാധിച്ചതെങ്ങനെ?
16 പ്രവർത്തിച്ചിട്ടില്ലാഞ്ഞ ഈ പുതിയ പ്രദേശത്ത് അവർ സധൈര്യം “സുവിശേഷം അറിയിച്ചുപോന്നു.” (പ്രവൃത്തികൾ 14:7) പിസിദ്യൻ അന്ത്യോക്യയിലും ഇക്കോന്യയിലുമുള്ള യഹൂദൻമാർ ഇതിനെക്കുറിച്ചു കേട്ടപ്പോൾ, അവർ ലുസ്ത്രയിലേക്കുള്ള വഴിമുഴുവൻ സഞ്ചരിച്ചുവരുകയും പൗലോസിനെ കല്ലെറിയാൻ ജനക്കൂട്ടങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടാൻ സമയമില്ലാഞ്ഞതിനാൽ പൗലോസ് കല്ലെറിയപ്പെട്ടു, തന്നിമിത്തം അവൻ മരിച്ചുവെന്ന് അവന്റെ എതിരാളികൾക്കു ബോദ്ധ്യമായി. അവർ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി.—പ്രവൃത്തികൾ 14:19
17 ഇതു പുതിയ ശിഷ്യർക്കു വരുത്തിയ ദുഃഖം നിങ്ങൾക്ക് ഊഹിക്കാമോ? എന്നാൽ അത്യന്തം അത്ഭുതകരമായി, അവർ പൗലോസിനു ചുററും കൂടിവന്നപ്പോൾ അവൻ എഴുന്നേററുനിന്നു! യുവാവായിരുന്ന തിമൊഥെയോസ് ഈ പുതിയ ശിഷ്യരിൽ ഒരാളായിരുന്നോയെന്നു ബൈബിൾ പറയുന്നില്ല. തീർച്ചയായും, പൗലോസുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ച് അവൻ ഏതോ സമയത്ത് അറിയുകയും അവ അവന്റെ യുവമനസ്സിൽ ആഴമായ ഒരു മുദ്ര പതിപ്പിക്കുകയും ചെയ്തു. തിമൊഥെയോസിനുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ പൗലോസ് ഇങ്ങനെ എഴുതി: “നീയോ എന്റെ ഉപദേശം, നടപ്പു . . . എന്നിവയും അന്ത്യൊക്ക്യയിലും ഇക്കൊന്യയിലും ലുസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം സഹിച്ചു; അതിലെല്ലാററിൽനിന്നും കർത്താവു എന്നെ വിടുവിച്ചു.” (2 തിമൊഥെയോസ് 3:10, 11) പൗലോസിനെ കല്ലെറിഞ്ഞ ശേഷം ഏതാണ്ട് ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് അവൻ ലുസ്ത്രയിലേക്കു മടങ്ങിവരുകയും യുവാവായ തിമൊഥെയോസ് മാതൃകായോഗ്യനായ ഒരു ക്രിസ്ത്യാനിയാണെന്ന്, “ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരൻമാരാൽ നല്ല സാക്ഷ്യംകൊണ്ടവൻ” ആണെന്ന് കണ്ടെത്തുകയും ചെയ്തു. (പ്രവൃത്തികൾ 16:1, 2) അതുകൊണ്ടു പൗലോസ് അവനെ ഒരു സഞ്ചാരകൂട്ടാളിയായി തെരഞ്ഞെടുത്തു. ഇത് ആത്മീയ വികാസത്തിൽ വളർച്ച പ്രാപിക്കുന്നതിനു തിമൊഥെയോസിനെ സഹായിച്ചു, കാലക്രമത്തിൽ അവൻ വ്യത്യസ്ത സഭകളെ സന്ദർശിക്കാൻ പൗലോസിനാൽ അയക്കപ്പെടുന്നതിനു യോഗ്യത പ്രാപിച്ചു. (ഫിലിപ്പിയർ 2:19, 20; 1 തിമൊഥെയോസ് 1:3) അതുപോലെ ഇന്നും ദൈവത്തിന്റെ തീക്ഷ്ണതയുള്ള ദാസൻമാർ ചെറുപ്പക്കാരുടെമേൽ വിശിഷ്ടമായ സ്വാധീനമായിരിക്കുന്നു, അവരിൽ അനേകർ തിമൊഥെയോസിനെപ്പോലെ ദൈവത്തിന്റെ വിലയുള്ള ദാസൻമാരായി വളർന്നുവരുന്നു.
18. (എ) ദെർബയ്യിൽ മിഷനറിമാർക്ക് എന്തു സംഭവിച്ചു? (ബി) ഇപ്പോൾ അവർക്ക് എന്ത് അവസരം ലഭ്യമായിരുന്നു, എന്നാൽ അവർ എന്തു പ്രവർത്തനഗതി തെരഞ്ഞെടുത്തു?
18 ലുസ്ത്രയിലെ തന്റെ മരണത്തിൽനിന്നുള്ള രക്ഷപ്പെടലിന്റെ പിറേറ ദിവസം രാവിലെ പൗലോസ് ബർന്നബാസിനോടുകൂടെ ദെർബയ്യിലേക്കു പോയി. ഈ പ്രാവശ്യം എതിരാളികളാരും പിന്തുടർന്നില്ല, ‘അവർ പലരെയും ശിഷ്യരാക്കി’യെന്നു ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 14:20, 21) ദെർബയ്യിൽ ഒരു സഭ സ്ഥാപിച്ച ശേഷം പൗലോസും ബർന്നബാസും ഒരു തീരുമാനം ചെയ്യേണ്ടിയിരുന്നു. നല്ല സഞ്ചാരമുണ്ടായിരുന്ന ഒരു റോമൻ റോഡ് ദർബയ്യിലൂടെ തർശീശിലേക്കു പോയിരുന്നു. അവിടെനിന്നു സുറിയയിലെ അന്ത്യോക്യയിൽ തിരികെ വരുന്നതിനു ചുരുങ്ങിയ യാത്ര മതിയായിരുന്നു. സാദ്ധ്യതയനുസരിച്ച് മടങ്ങിപ്പോരാൻ അതായിരുന്നു ഏററവും സൗകര്യപ്രദമായ വഴി. ആ മിഷനറിമാർക്ക് ഇപ്പോൾ വിശ്രമിക്കാൻ അർഹതയുണ്ടെന്ന് വിചാരിക്കാമായിരുന്നു. എന്നിരുന്നാലും, തങ്ങളുടെ യജമാനനെ അനുകരിച്ചുകൊണ്ടു പൗലോസിനും ബർന്നബാസിനും വർദ്ധിച്ച ഒരാവശ്യം തോന്നുകയുണ്ടായി.—മർക്കോസ് 6:31-34.
ദൈവവേല പൂർണ്ണമായി നിർവഹിക്കൽ
19, 20. (എ) ലുസ്ത്രയിലേക്കും ഇക്കോന്യയിലേക്കും അന്ത്യോക്യയിലേക്കും മടങ്ങിച്ചെന്നതുനിമിത്തം യഹോവ മിഷനറിമാരെ അനുഗ്രഹിച്ചതെങ്ങനെ? (ബി) ഇത് ഇന്നു യഹോവയുടെ ജനത്തിന് എന്തു പാഠം പ്രദാനംചെയ്യുന്നു?
19 വീട്ടിലേക്കു ദൈർഘ്യംകുറഞ്ഞ മാർഗ്ഗം സ്വീകരിക്കുന്നതിനു പകരം, മിഷനറിമാർ സധൈര്യം പിന്നോട്ടു തിരിഞ്ഞ് അവരുടെ ജീവനുതന്നെ ഭീഷണിയുണ്ടായ നഗരങ്ങളെ വീണ്ടും സന്ദർശിച്ചു. പുതിയ ആടുകളോടുള്ള നിസ്വാർത്ഥ താത്പര്യം നിമിത്തം യഹോവ അവരെ അനുഗ്രഹിച്ചോ? ഉവ്വ്, തീർച്ചയായും, എന്തുകൊണ്ടെന്നാൽ അവർ “വിശ്വാസത്തിൽ നിലനിൽക്കേണം എന്നു . . . പ്രബോധിപ്പിച്ചു ശിഷ്യൻമാരുടെ മനസ്സു ഉറപ്പിച്ചുപോന്ന”തിൽ വിജയിച്ചുവെന്നു വിവരണം പറയുന്നു. ഉചിതമായി അവർ ആ പുതിയ ശിഷ്യൻമാരോട് “നാം അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു” എന്നു പറഞ്ഞു. (പ്രവൃത്തികൾ 14:21, 22) പൗലോസും ബർന്നബാസും വരാനുള്ള ദൈവരാജ്യത്തിന്റെ കൂട്ടവകാശികളായുള്ള അവരുടെ വിളി അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. ഇന്ന്, നാം പുതിയ ശിഷ്യർക്ക് സമാനമായ പ്രോൽസാഹനം കൊടുക്കണം. പൗലോസും ബർന്നബാസും ഏതു ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിച്ചുവോ അതിന്റെതന്നെ ഭരണത്തിൻ കീഴിൽ ഭൂമിയിലെ നിത്യജീവൻ ലഭിക്കാനുള്ള പ്രതീക്ഷ അവരുടെ മുമ്പാകെ പിടിച്ചുകൊണ്ടു പീഡാനുഭവങ്ങൾ സഹിച്ചുനിൽക്കാൻ നമുക്ക് അവരെ ബലപ്പെടുത്താൻ കഴിയും.
20 ഓരോ നഗരവും വിട്ടുപോകുന്നതിനു മുമ്പ്, പൗലോസും ബർന്നബാസും മെച്ചമായി സംഘടിതരാകുന്നതിനു തദ്ദേശീയ സഭയെ സഹായിച്ചു. പ്രസ്പഷ്ടമായി, അവർ യോഗ്യതയുള്ള പുരുഷൻമാരെ പരിശീലിപ്പിക്കുകയും നേതൃത്വം വഹിക്കാൻ നിയമിക്കുകയും ചെയ്തു. (പ്രവൃത്തികൾ 14:23) ഇതു കൂടുതലായ വികസനത്തിനു സംഭാവനചെയ്തുവെന്നതിനു സംശയമില്ല. അതുപോലെ ഇന്നും മിഷനറിമാരും മററുള്ളവരും ഉത്തരവാദിത്തം വഹിക്കാൻ പ്രാപ്തരാകുന്നതുവരെ പുരോഗമിക്കാൻ പരിചയഹീനരെ സഹായിച്ച ശേഷം ചിലപ്പോൾ മാറിപ്പോകുകയും തങ്ങളുടെ നല്ല വേല ആവശ്യം ഏറെയുള്ള മററു സ്ഥലങ്ങളിൽ തുടരുകയും ചെയ്യുന്നു.
21, 22. (എ) പൗലോസും ബർന്നബാസും തങ്ങളുടെ മിഷനറിയാത്രകൾ പൂർത്തിയാക്കിയശേഷം എന്തു സംഭവിച്ചു? (ബി) ഇതു എന്തു ചോദ്യം ഉദിപ്പിക്കുന്നു?
21 മിഷനറിമാർ ഒടുവിൽ സുറിയയിലെ അന്ത്യോക്യയിലേക്കു മടങ്ങിച്ചെന്നപ്പോൾ അവർക്കു ആഴമായ സംതൃപ്തി അനുഭവിക്കാൻ കഴിഞ്ഞു. തീർച്ചയായും, അവർ ദൈവം തങ്ങളെ ഭരമേല്പിച്ചിരുന്ന വേല “പൂർണ്ണമായി നിറവേററി”യിരുന്നുവെന്നു ബൈബിൾരേഖ പ്രസ്താവിക്കുന്നു. (പ്രവൃത്തികൾ 14:26, NW) അവരുടെ അനുഭവങ്ങൾ പറഞ്ഞതു “സഹോദരൻമാർക്കു മഹാസന്തോഷം വരുത്തി”യതു മനസ്സിലാക്കാം. (പ്രവൃത്തികൾ 15:3) എന്നാൽ ഭാവി സംബന്ധിച്ചെന്ത്? അവർ ഇപ്പോൾ തങ്ങളുടെ വിജയത്തിൽ അലംഭാവത്തോടെ കൂടുതലായ യാതൊരു ശ്രമവും ചെയ്യാതിരിക്കുമോ? യാതൊരു പ്രകാരത്തിലുമില്ല. പരിച്ഛേദനയുടെ വിവാദപ്രശ്നം സംബന്ധിച്ച് ഒരു തീർപ്പു ലഭിക്കാൻ യെരൂശലേമിലെ ഭരണസംഘത്തെ സന്ദർശിച്ചശേഷം രണ്ടുപേരും വീണ്ടും മിഷനറിയാത്രകൾക്കു പുറപ്പെട്ടു. ഈ പ്രാവശ്യം അവർ വ്യത്യസ്ത ദിശകളിലേക്കാണു പോയത്. ബർന്നബാസ് യോഹന്നാൻ മർക്കോസിനെ കൂട്ടി കുപ്രോസിലേക്കു പോയപ്പോൾ പൗലോസ് ഒരു പുതിയ പങ്കാളിയെ, ശീലാസിനെ, കണ്ടെത്തുകയും സുറിയയിലും കിലിക്യയിലും കൂടി സഞ്ചരിക്കുകയും ചെയ്തു. (പ്രവൃത്തികൾ 15:39-41) ഈ പര്യടനവേളയിലാണ് അവൻ യുവാവായ തിമൊഥെയോസിനെ തെരഞ്ഞെടുക്കുകയും കൂട്ടത്തിൽ കൊണ്ടുപോകുകയും ചെയ്തത്.
22 ബർന്നബാസിന്റെ രണ്ടാമത്തെ യാത്രയുടെ ഫലങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നില്ല. പൗലോസിനെ സംബന്ധിച്ചാണെങ്കിൽ, അവൻ പുതിയ പ്രദേശത്തേക്കു യാത്ര തുടരുകയും കുറഞ്ഞപക്ഷം അഞ്ചു നഗരങ്ങളിൽ, ഫിലിപ്പി, ബെരോവ, തെസ്സലോനീക്യ, കൊരിന്ത്, എഫെസോസ് എന്നിവിടങ്ങളിൽ സഭകൾ സ്ഥാപിക്കുകയും ചെയ്തു. പൗലോസിന്റെ മുന്തിയ വിജയത്തിന്റെ താക്കോൽ എന്തായിരുന്നു? ഇന്നു ക്രിസ്തീയ ശിഷ്യരെ ഉളവാക്കുന്നവർക്ക് ഇതേ തത്ത്വങ്ങൾ ബാധകമാകുന്നുണ്ടോ?
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ യേശു അനുകരിക്കുന്നതിനുള്ള മുന്തിയ മാതൃകയായിരിക്കുന്നതെന്തുകൊണ്ട്?
◻ ബർന്നബാസ് ഏതു വിധത്തിലാണ് ഒരു മാതൃകയായിരുന്നത്?
◻ പിസിദ്യയിലെ അന്ത്യോക്യയിൽ പൗലോസ് നടത്തിയ പ്രസംഗത്തിൽനിന്നു നാം എന്തു പഠിക്കുന്നു?
◻ പൗലോസും ബർന്നബാസും തങ്ങളുടെ നിയമിതജോലി പൂർണ്ണമായി നിർവഹിച്ചതെങ്ങനെ?
[15-ാം പേജിലെ രേഖാചിത്രം]
അപ്പൊസ്തലനായ പൗലോസ് പീഡനം സഹിച്ചുനിന്നതു യുവാവായിരുന്ന തിമൊഥെയോസിൽ ഒരു നിലനിൽക്കുന്ന മുദ്ര പതിപ്പിച്ചു