അധ്യായം 16
ഒരു ഏകീകൃത സഹോദരകുടുംബം
ദൈവമായ യഹോവ 1,500 വർഷത്തോളം, തന്റെ നാമം വഹിക്കുന്ന ജനമെന്ന നിലയിൽ ഇസ്രായേല്യരോട് ഇടപെട്ടു. പിന്നീട് യഹോവ “ജനതകളിൽപ്പെട്ടവരിൽനിന്ന് തന്റെ പേരിനായി ഒരു ജനത്തെ എടുക്കാൻ” ശ്രദ്ധ തിരിച്ചു. (പ്രവൃ. 15:14) യഹോവയുടെ നാമത്തിനുവേണ്ടിയുള്ള ജനം ദൈവമായ യഹോവയുടെ സാക്ഷികളായിരിക്കണമായിരുന്നു. അവർ ഭൂമിയിൽ എവിടെയാണു ജീവിക്കുന്നതെങ്കിലും അവരുടെ ചിന്തയും പ്രവൃത്തിയും ഐക്യമുള്ളതാകണമായിരുന്നു. ദൈവത്തിന്റെ നാമത്തിനായി ഒരു ജനത്തെ ഒന്നിച്ചുചേർക്കുക എന്നുള്ളതു യേശു തന്റെ അനുഗാമികൾക്കു കൊടുത്ത കല്പനയുടെ ഫലമായി സംഭവിക്കേണ്ടിയിരുന്നതാണ്. ഇതാണ് ആ കല്പന: “അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.”—മത്താ. 28:19, 20.
നിങ്ങൾ ഐക്യമുള്ള ഒരു ലോകവ്യാപക ക്രിസ്തീയസഹോദര കുടുംബത്തിന്റെ ഭാഗമാണ്. ദേശം, ഗോത്രം, ധനസ്ഥിതി ഇവയൊന്നും ഈ കുടുംബത്തിൽ ഭിന്നതയുണ്ടാക്കുന്നില്ല.
2 യഹോവയ്ക്കു സ്വയം സമർപ്പിച്ച് സ്നാനമേറ്റപ്പോൾ നിങ്ങൾ യേശുക്രിസ്തുവിന്റെ ഒരു ശിഷ്യനായിത്തീർന്നു. ഇപ്പോൾ നിങ്ങൾ ഐക്യമുള്ള ഒരു ലോകവ്യാപക ക്രിസ്തീയസഹോദരകുടുംബത്തിന്റെ ഭാഗമാണ്. ദേശം, ഗോത്രം, ധനസ്ഥിതി ഇവയൊന്നും ഈ കുടുംബത്തിൽ ഭിന്നതയുണ്ടാക്കുന്നില്ല. (സങ്കീ. 133:1) അതിന്റെ ഫലമായി നിങ്ങൾ, സഭയിലെ നിങ്ങളുടെ സഹോദരങ്ങളെ സുഹൃത്തുക്കളായി കാണുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അവരിൽ ചിലർ മറ്റു വർഗക്കാരോ ദേശക്കാരോ വിദ്യാഭ്യാസം കുറവുള്ളവരോ ഒക്കെയായിരിക്കാം. സത്യം പഠിക്കുന്നതിനു മുമ്പ് ഈ കാര്യങ്ങളുടെ പേരിൽ നിങ്ങൾ അവരെ അകറ്റിനിറുത്തിയിട്ടുമുണ്ടായിരിക്കാം. എന്നാൽ ഇപ്പോൾ സഹോദരസ്നേഹം എന്ന കണ്ണി നിങ്ങളെ തമ്മിൽ ഇണക്കിച്ചേർത്തിരിക്കുന്നു. സാമൂഹികമോ മതപരമോ കുടുംബപരമോ ആയ മറ്റ് ഏതൊരു ബന്ധത്തെയും കവിയുന്ന ഒരു സ്നേഹബന്ധമാണ് ഇത്.—മർക്കോ. 10:29, 30; കൊലോ. 3:14; 1 പത്രോ. 1:22.
മനോഭാവത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
3 ആരുടെയെങ്കിലുമൊക്കെ മനസ്സിൽ ആഴത്തിൽ വേരോടിയ മുൻവിധികൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിൽ അവർ ആദ്യകാലത്തെ ജൂതക്രിസ്ത്യാനികളെക്കുറിച്ച് ചിന്തിക്കുന്നതു നന്നായിരിക്കും. മുൻവിധിക്കു കാരണം വർഗം, രാഷ്ട്രീയം, സാമൂഹികം തുടങ്ങി മറ്റു പലതുമാകാം. ജൂതന്മാർക്കു മറ്റ് എല്ലാ ജനതകളിലുംപെട്ട ആളുകളോടു ചില മുൻവിധികളുണ്ടായിരുന്നു. എന്നാൽ ക്രിസ്ത്യാനികളായിത്തീർന്ന ജൂതന്മാർ ജൂതമതത്തിന്റെ ആ കെട്ടുപാടുകളെല്ലാം പൊട്ടിച്ചെറിയേണ്ടതുണ്ടായിരുന്നു. റോമൻ ശതാധിപനായ കൊർന്നേല്യൊസിന്റെ വീട്ടിലേക്കു പോകാൻ പത്രോസിനോട് ആവശ്യപ്പെട്ടപ്പോൾ യഹോവ ദയാപുരസ്സരം പത്രോസിന്റെ മനസ്സിനെ ആ നിയമനത്തിനായി ഒരുക്കി.—പ്രവൃത്തികൾ പത്താം അധ്യായം.
4 പത്രോസിന് ഒരു ദിവ്യദർശനമുണ്ടായി. അതിൽ, ജൂതന്മാർക്ക് ആചാരപരമായി അശുദ്ധമായിരുന്ന ചില മൃഗങ്ങളെ അറുത്ത് ഭക്ഷിക്കാൻ പത്രോസിനോട് ആവശ്യപ്പെട്ടു. പത്രോസ് വിസമ്മതിച്ചപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു: “ദൈവം ശുദ്ധീകരിച്ചവയെ നീ മലിനമെന്നു വിളിക്കരുത്.” (പ്രവൃ. 10:15) ഉടനെ ലഭിക്കാനിരുന്ന ഒരു നിയോഗം സ്വീകരിക്കാൻ പത്രോസിന്റെ മനസ്സിനെ പാകപ്പെടുത്താനാണ് ഈ ദിവ്യമായ ഇടപെടലുണ്ടായത്. ജനതകളിൽപ്പെട്ട ഒരാളെ സന്ദർശിക്കണം എന്നതായിരുന്നു ആ നിയോഗം. യഹോവയുടെ നിർദേശം പത്രോസ് അനുസരിച്ചു. ആ മനുഷ്യന്റെ വീട്ടിൽ കൂടിയിരുന്നവരോടു പത്രോസ് പറഞ്ഞു: “ഒരു ജൂതൻ അന്യജാതിക്കാരന്റെ അടുത്ത് ചെല്ലുന്നതും അയാളോട് അടുത്ത് ഇടപഴകുന്നതും ഞങ്ങളുടെ നിയമത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ; എന്നാൽ ഞാൻ ഒരാളെയും മലിനനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് ആളയച്ച് വിളിച്ചപ്പോൾ ഒരു മടിയും കൂടാതെ ഞാൻ വന്നത്.” (പ്രവൃ. 10:28, 29) തുടർന്ന്, കൊർന്നേല്യൊസിനും വീട്ടിലുള്ളവർക്കും യഹോവയുടെ അംഗീകാരമുണ്ടെന്നുള്ളതിനു സാക്ഷിയാകാനും പത്രോസിനു കഴിഞ്ഞു.
5 തർസൊസിലെ ശൗൽ ഉന്നതവിദ്യാഭ്യാസം നേടിയ ഒരു പരീശനായിരുന്നു. സാമൂഹികപശ്ചാത്തലം നിമിത്തം, മുമ്പ് സ്വീകാര്യരല്ലാതിരുന്ന ആളുകളുമായി ഇടപഴകാനുള്ള താഴ്മ ശൗലിനു കാണിക്കേണ്ടിവന്നു. അങ്ങനെയുള്ളവരിൽനിന്ന് ശൗലിനു നിർദേശങ്ങൾ സ്വീകരിക്കേണ്ടതായിപ്പോലും വന്നു. (പ്രവൃ. 4:13; ഗലാ. 1:13-20; ഫിലി. 3:4-11) ഇനി, വേറെ ചില ആളുകൾ യേശുക്രിസ്തുവിന്റെ ശിഷ്യരായിത്തീർന്നപ്പോൾ അവരുടെ ചിന്താഗതിയിലും മനോഭാവത്തിലും വരുത്തിയ മാറ്റങ്ങൾ എത്ര ആഴത്തിലുള്ളതായിരുന്നെന്ന് ഒന്ന് ആലോചിച്ചുനോക്കൂ! ഉദാഹരണത്തിന് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത സ്വീകരിച്ച സെർഗ്യൊസ് പൗലോസ്, ദിയൊനുസ്യോസ്, ദമരിസ്, ഫിലേമോൻ, ഒനേസിമൊസ് എന്നിങ്ങനെ പലരും വരുത്തിയ മാറ്റങ്ങൾ!—പ്രവൃ. 13:6-12; 17:22, 33, 34; ഫിലേ. 8-20.
നമ്മുടെ സാർവദേശീയമായ ഐക്യം നിലനിറുത്തുക
6 സഭയിലെ സഹോദരീസഹോദരന്മാരുടെ സ്നേഹം യഹോവയിലേക്കും സംഘടനയിലേക്കും നിങ്ങളെ അടുപ്പിച്ചു, സംശയമില്ല. തന്റെ യഥാർഥശിഷ്യന്മാരുടെ മുഖമുദ്രയായ സ്നേഹത്തെക്കുറിച്ച് യേശുതന്നെ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” (യോഹ. 13:34, 35) ഈ സ്നേഹത്തിന്റെ സുവ്യക്തമായ തെളിവ് നിങ്ങൾ അവരിൽ കണ്ടു. സഭയിലെ സ്നേഹം ലോകമൊട്ടാകെയുള്ള സഹോദരകുടുംബത്തിൽ നിലനിൽക്കുന്ന സ്നേഹത്തിന്റെ ഒരു ചെറിയ പ്രതിഫലനം മാത്രമാണെന്നു തിരിച്ചറിഞ്ഞപ്പോൾ യഹോവയോടും സംഘടനയോടും ഉള്ള നിങ്ങളുടെ വിലമതിപ്പും നന്ദിയും ഏറെ വർധിച്ചില്ലേ? അവസാനനാളുകളിൽ ഐക്യത്തോടും സമാധാനത്തോടും കൂടെ യഹോവയെ ആരാധിക്കാനായി ആളുകൾ കൂടിവരും എന്ന ബൈബിൾപ്രവചനത്തിന്റെ സത്യത നിങ്ങൾക്ക് അനുഭവിച്ചറിയാനായിരിക്കുന്നു!—മീഖ 4:1-5.
7 ഭിന്നിപ്പിക്കുന്ന അസംഖ്യം ഘടകങ്ങൾ നിലനിൽക്കുന്ന ഈ ലോകത്തിൽ “എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള” ആളുകളെ ഒരുമിപ്പിച്ചുനിറുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും ആർക്കെങ്കിലും കഴിയുമോ? (വെളി. 7:9) സാങ്കേതികമികവിന്റെ ഉന്നതങ്ങളിൽ വിരാജിക്കുന്ന ഒരുകൂട്ടം ആളുകൾ! പൗരാണിക ഗോത്രാചാരങ്ങൾ മുറുകെപ്പിടിച്ച് കഴിഞ്ഞുകൂടുന്ന മറ്റൊരുകൂട്ടം ആളുകൾ! അവർക്കിടയിലുള്ള അന്തരം എത്രയധികമാണെന്ന് ഒന്നു ചിന്തിച്ചുനോക്കൂ! ഇനി, ദേശവും വർഗവും ഒക്കെ ഒന്നാണെങ്കിലും ആളുകൾക്കിടയിലെ മതവിദ്വേഷമോ? ദേശീയത കൂടിക്കൂടി വരുന്നു. അതുകൊണ്ടുതന്നെ ആളുകൾ രാഷ്ട്രീയമായി ഒന്നിനൊന്നു ഭിന്നിക്കുന്നു. സാമ്പത്തിക അസമത്വങ്ങളോ? ഭിന്നിപ്പിക്കുന്ന എണ്ണമറ്റ ഘടകങ്ങൾ വേറെയുമുണ്ട്. ഇങ്ങനെയെല്ലാം കലങ്ങിക്കിടക്കുന്ന ഒരു ലോകത്തിലെ വിഭിന്ന രാഷ്ട്രങ്ങൾ, ഭാഷകൾ, സമുദായങ്ങൾ, വർഗങ്ങൾ തുടങ്ങിയവയുടെ കെട്ടുപാടുകളിൽനിന്ന് ആളുകളെ പുറത്ത് കൊണ്ടുവന്ന് ഒരു ജനതയെന്ന നിലയിൽ ഏകീകരിച്ച് സ്നേഹത്തിന്റെ തകർക്കാനാകാത്ത ബന്ധംകൊണ്ട് വിളക്കിച്ചേർത്ത് സമാധാനത്തിൽ ഒരുമിപ്പിക്കുന്നത് ഒരു അത്ഭുതമാണ്! അതു ചെയ്യാൻ സർവശക്തനായ ദൈവത്തിനല്ലാതെ ആർക്കാണു കഴിയുക!—സെഖ. 4:6.
8 എന്നാൽ ഇത് ഒരു യാഥാർഥ്യമാണ്! നിങ്ങൾ സമർപ്പിച്ച് സ്നാനമേറ്റ് യഹോവയുടെ സാക്ഷിയായിത്തീർന്നപ്പോൾ നിങ്ങളും അതിന്റെ ഭാഗമായി. ഈ ഒരുമ നിങ്ങൾക്കു പ്രയോജനം ചെയ്യണമെങ്കിൽ അതു നിലനിറുത്തിക്കൊണ്ടുപോകണം. അതിനു നിങ്ങൾക്ക് ഒരു പങ്കും ഉത്തരവാദിത്വവും ഉണ്ട്. അത് എങ്ങനെ ചെയ്യാം? ഗലാത്യർ 6:10-ലെ പൗലോസ് അപ്പോസ്തലന്റെ ഈ വാക്കുകൾക്കു ചെവികൊടുക്കുക: “അതുകൊണ്ട് അവസരമുള്ളിടത്തോളം ആളുകൾക്കു നന്മ ചെയ്യാം, പ്രത്യേകിച്ച് വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവർക്ക്.” ഇനി പറയുന്ന നിർദേശവും പാലിക്കുക: “വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ ദുരഭിമാനത്തോടെയോ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക. നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.” (ഫിലി. 2:3, 4) നമ്മുടെ സഹോദരീസഹോദരന്മാരെ യഹോവ കാണുന്നതുപോലെ കാണാൻ ശീലിക്കുക. അവർ പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതല്ല നമ്മൾ കണക്കിലെടുക്കേണ്ടത്. നല്ല ശ്രമമുണ്ടെങ്കിലേ ഇങ്ങനെയൊരു കാഴ്ചപ്പാടുണ്ടാകൂ. സഹോദരങ്ങളുമൊത്ത് സമാധാനവും സന്തോഷവും നിറഞ്ഞ ബന്ധങ്ങൾ ആസ്വദിക്കാൻ ഈ വീക്ഷണം നമ്മളെ സഹായിക്കും.—എഫെ. 4:23, 24.
അന്യോന്യം താത്പര്യമെടുക്കുക
9 സഭയിലുള്ളവർ ഭിന്നിച്ചുനിൽക്കുന്നവരല്ല, മറിച്ച് അന്യോന്യം താത്പര്യമെടുക്കുന്നവരും വേണ്ടപ്പെട്ടവരും ആണ്. പൗലോസ് അപ്പോസ്തലൻ ഇതു വളരെ നന്നായി ഉദാഹരിക്കുന്നുണ്ട്. (1 കൊരി. 12:14-26) സഹോദരകുടുംബത്തിലെ എല്ലാവരും ഈ ഭൂമിയുടെ പല ഭാഗങ്ങളിലായാണല്ലോ വസിക്കുന്നത്. ദൂരം നോക്കിയാൽ, ഏറെ അകലെയാണെങ്കിലും അവരുടെ ക്ഷേമത്തിലുള്ള നമ്മുടെ താത്പര്യത്തിന് ഒട്ടും കുറവില്ല. അവരിൽ ചിലർക്കു വിശ്വാസത്തെപ്രതി എതിർപ്പും പീഡനവും സഹിക്കേണ്ടിവരുന്നു. അത് അറിയുമ്പോൾ നമ്മളും ഏറെ വേദനിക്കുന്നു. അവരിൽ ചിലർക്ക് അടിസ്ഥാനാവശ്യങ്ങൾക്കുപോലും വക കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ചിലർ പ്രകൃതിദുരന്തങ്ങൾ, യുദ്ധം, ആഭ്യന്തരകലാപം ഇവയൊക്കെ മൂലം കഷ്ടപ്പെടുന്നുണ്ടാകും. ഈ ദുഃസ്ഥിതി അറിയുമ്പോൾ അവർക്ക് ആത്മീയസഹായത്തോടൊപ്പം ഭൗതികസഹായവും എത്തിച്ചുകൊടുക്കാൻ നമ്മൾ ഉത്സാഹിക്കുന്നു.—2 കൊരി. 1:8-11.
10 നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി നമ്മളെല്ലാം നിത്യവും പ്രാർഥിക്കണം. ചില സഹോദരങ്ങൾക്കു മോശമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനം നിരന്തരം ഉണ്ടാകാറുണ്ട്. ചിലർ അനുഭവിക്കുന്ന കഷ്ടപ്പാടു പുറമേ ദൃശ്യമാണ്. ചിലരുടേതു പുറമേക്ക് അത്രതന്നെ ദൃശ്യമല്ല. സഹജോലിക്കാരിൽനിന്നോ വിശ്വാസികളല്ലാത്ത കുടുംബാംഗങ്ങളിൽനിന്നോ ഉള്ള എതിർപ്പ് അത്തരത്തിലുള്ളതാണ്. (മത്താ. 10:35, 36; 1 തെസ്സ. 2:14) ഒരു ലോകവ്യാപക സഹോദരകുടുംബമായതുകൊണ്ട് നമുക്ക് ഇക്കാര്യങ്ങളിൽ ചിന്തയുണ്ട്. (1 പത്രോ. 5:9) ഇനി, പ്രസംഗപ്രവർത്തനത്തിലും സഭയിലും നേതൃത്വമെടുത്തുകൊണ്ട് യഹോവയുടെ സേവനത്തിൽ കഠിനാധ്വാനം ചെയ്യുന്നവരും നമ്മുടെ ഇടയിലുണ്ട്. വേറെ ചിലർ ലോകവ്യാപകപ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെട്ടവരാണ്. ഒരുപക്ഷേ ഇങ്ങനെയുള്ളവരെ വ്യക്തിപരമായി സഹായിക്കാൻ മറ്റൊന്നും നമുക്കു ചെയ്യാനാകില്ലായിരിക്കാം. എന്നാൽ, ഇവർക്കെല്ലാംവേണ്ടി നമ്മൾ പ്രാർഥിക്കണം. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ അവരോടുള്ള സ്നേഹവും നിഷ്കപടമായ താത്പര്യവും കാണിക്കുകയാണ്.—എഫെ. 1:16; 1 തെസ്സ. 1:2, 3; 5:25.
11 ഈ അന്ത്യനാളുകളിൽ ഭൂമിയിൽ ജീവിതം ദുഷ്കരമാക്കിത്തീർക്കുന്ന പലതുമുണ്ട്. അതുകൊണ്ടുതന്നെ പരസ്പരം സഹായവുമായി എത്താൻ യഹോവയുടെ ജനം തയ്യാറായിരിക്കണം. പ്രളയവും ഭൂകമ്പവും പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ വൻതോതിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തേണ്ടിവന്നേക്കാം. പണവും വസ്തുവകകളും വലിയ തോതിൽ ശേഖരിക്കേണ്ടതായും വരാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഇക്കാര്യത്തിൽ നല്ലൊരു മാതൃക വെച്ചിട്ടുണ്ട്. യേശുവിന്റെ നിർദേശം ഓർത്തുകൊണ്ട് അന്ത്യോക്യയിലെ ശിഷ്യന്മാർ യഹൂദ്യയിലെ സഹോദരങ്ങൾക്കു സന്തോഷത്തോടെ സഹായം എത്തിച്ചുകൊടുത്തു. (പ്രവൃ. 11:27-30; 20:35) ക്രമീകൃതമായി നടക്കുന്ന ദുരിതാശ്വാസപ്രവർത്തനത്തെ പിന്തുണയ്ക്കാൻ പൗലോസ് അപ്പോസ്തലൻ കൊരിന്തിലുള്ളവരെ പിന്നീടു പ്രോത്സാഹിപ്പിച്ചു. (2 കൊരി. 9:1-15) ഇക്കാലത്തും നമ്മുടെ സഹോദരങ്ങൾ ദുരിതങ്ങളിലാകാറുണ്ട്. അപ്പോൾ അവർക്ക് ആശ്വാസവും ഭൗതികസഹായവും ആവശ്യമായി വരും. സംഘടനാതലത്തിലും സഹോദരങ്ങൾ വ്യക്തിപരമായും പെട്ടെന്നു പ്രവർത്തിക്കുകയും ആവശ്യമായ സഹായം എത്തിക്കുകയും ചെയ്യുന്നു.
യഹോവയുടെ ഇഷ്ടം ചെയ്യാൻ വേർതിരിക്കപ്പെട്ടവർ
12 നമ്മുടെ ലോകവ്യാപക സഹോദരകുടുംബം ഒരുമയോടെ യഹോവയുടെ ഇഷ്ടം ചെയ്യാനായി സംഘടിതരായിരിക്കുന്നു. ഭൂമിയിലെമ്പാടുമുള്ള സകലജനതകളും അറിയാനായി ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കപ്പെടണം എന്നതാണ് ഇന്നു ദൈവത്തിന്റെ ഇഷ്ടം. (മത്താ. 24:14) ഈ പ്രവർത്തനം നടത്തുമ്പോൾത്തന്നെ, നമ്മൾ നമ്മുടെ ജീവിതം തന്റെ ഉന്നതമായ ധാർമികനിലവാരങ്ങൾക്കൊപ്പം കൊണ്ടുവരണമെന്നുള്ളതും യഹോവയുടെ ഇഷ്ടമാണ്. (1 പത്രോ. 1:14-16) അന്യോന്യം കീഴ്പെട്ടിരിക്കാനും സന്തോഷവാർത്തയുടെ വ്യാപനത്തിനായി പ്രവർത്തിക്കാനും നമ്മൾ മനസ്സൊരുക്കം കാണിക്കണം. (എഫെ. 5:21) മുമ്പെന്നത്തെക്കാളും അധികം നമ്മുടെ ജീവിതത്തിൽ ദൈവരാജ്യം ഒന്നാമതു വെക്കാനുള്ള സമയമാണ് ഇത്. അല്ലാതെ വ്യക്തിപരമായ താത്പര്യങ്ങൾക്കു പുറകെ പോകാനുള്ള സമയമല്ല. (മത്താ. 6:33) ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് സന്തോഷവാർത്തയ്ക്കുവേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. അത് ഇപ്പോൾ നമുക്കു സന്തോഷവും സംതൃപ്തിയും നൽകും. ഭാവിയിൽ നിത്യാനുഗ്രഹങ്ങളിലേക്കു നയിക്കുകയും ചെയ്യും.
13 യഹോവയുടെ സാക്ഷികളായ നമ്മൾ ഒരു സവിശേഷജനതയാണ്. മനുഷ്യസമൂഹത്തിലെ മറ്റുള്ളവരിൽനിന്നും വേർതിരിക്കപ്പെട്ട ഒരു വിശുദ്ധജനം! നമ്മുടെ ദൈവത്തിന്റെ സേവനത്തിൽ തീക്ഷ്ണതയുള്ളവർ! (തീത്തോ. 2:14) സത്യാരാധന നമ്മളെ വ്യത്യസ്തരാക്കുന്നു. നമ്മൾ ഭൂമിയിലെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങളുമൊത്ത് തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നു. മാത്രമല്ല, സത്യത്തിന്റെ ഒരേ ഭാഷ സംസാരിക്കുകയും സംസാരിക്കുന്ന സത്യത്തിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നു. തന്റെ പ്രവാചകനായ സെഫന്യയിലൂടെ യഹോവ ഇതു മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ജനങ്ങളെല്ലാം യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നതിനും ദൈവത്തെ തോളോടുതോൾ ചേർന്ന് സേവിക്കുന്നതിനും ഞാൻ അപ്പോൾ അവരുടെ ഭാഷ മാറ്റി അവർക്കു ശുദ്ധമായ ഒരു ഭാഷ കൊടുക്കും.”—സെഫ. 3:9.
14 തുടർന്ന്, ഇന്നു യാഥാർഥ്യമായിരിക്കുന്ന നമ്മുടെ ഈ ലോകവ്യാപക സഹോദരകുടുംബത്തെ വർണിക്കാൻ സെഫന്യയെ യഹോവ തന്റെ ആത്മാവിനാൽ പ്രചോദിപ്പിച്ചു: “ഇസ്രായേലിന്റെ ശേഷിക്കുന്നവർ അനീതി കാണിക്കില്ല; അവർ നുണയൊന്നും പറയില്ല, അവരുടെ വായിൽ വഞ്ചനയുള്ള നാവുണ്ടായിരിക്കില്ല; അവർ തിന്നിട്ട് സുരക്ഷിതരായി കിടക്കും, ആരും അവരെ പേടിപ്പിക്കില്ല.” (സെഫ. 3:13) യഹോവയുടെ സത്യവചനത്തെക്കുറിച്ച് ഗ്രാഹ്യം നേടുകയും മനസ്സു പുതുക്കുകയും യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിതത്തെ മാറ്റിയെടുക്കുകയും ചെയ്തതുകൊണ്ടാണു നമുക്ക് ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയുന്നത്. ഒരു മാനുഷികകാഴ്ചപ്പാടിൽനിന്ന് നോക്കുന്നവരുടെ കണ്ണിൽ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളാണു നമ്മൾ ചെയ്യുന്നത്. അതെ, നമ്മൾ തികച്ചും വ്യത്യസ്തരായ ആളുകളാണ്! ദൈവജനമാണ്! ഭൂമിയിലെമ്പാടും ദൈവത്തിനു മഹത്ത്വം കരേറ്റുന്നവരാണ്!—മീഖ 2:12.