ദൈവവചനം കൊണ്ടുനടന്നു വിൽക്കുന്നവരല്ല
“ഞങ്ങൾ പണത്തിനുവേണ്ടി ഞങ്ങളുടെ ശുശ്രൂഷ വിൽക്കുകയായിരുന്നു.” ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിയൊന്നിന്റെ അവസാനഭാഗത്ത് അമേരിക്കൻ ടെലിവിഷൻ സുവിശേഷകരുടെ ഒരു അന്വേഷണാത്മക റിപ്പോർട്ടിൽ അഭിമുഖം നടത്തപ്പെട്ട ഒരു മുൻ “ടെലിഫോൺ പ്രാർത്ഥനാ ശുശ്രൂഷകന്റെ” വാക്കുകളാണ് അവ.
ഈ പരിപാടി ഐക്യനാടുകളിലെ മൂന്നു ടെലിവിഷൻ സുവിശേഷക ശുശ്രൂഷകളിൽ കേന്ദ്രീകരിച്ചു. ഈ മൂന്നുകൂട്ടർ മാത്രം ഓരോ വർഷവും ആളുകളിൽനിന്ന് കോടിക്കണക്കിനു ഡോളർ അപഹരിക്കുന്നുവെന്ന് അതു വെളിപ്പെടുത്തി. ഒരു “ശുശ്രൂഷയെ” വർണ്ണിച്ചത് “സംഭാവനകളുടെ ഒരു അത്യാധുനിക പണിപ്പുര” എന്നായിരുന്നു. എല്ലാവരും അനേകം വഞ്ചനകളിൽ ഉൾപ്പെട്ടിരുന്നു. ഇതു നിങ്ങളെ ഞെട്ടിക്കുന്നുവോ?
മതം സൂക്ഷ്മപരിശോധനയിൽ
ഗവൺമെൻറുകളും സ്വകാര്യ നിരീക്ഷണ ഏജൻസികളും പൊതുജനങ്ങളും ടെലിവിഷൻ സുവിശേഷവേലയെ മാത്രമല്ല യാഥാസ്ഥിതിക, മദ്ധ്യമാർഗ്ഗ മതങ്ങളെപോലും ഒന്നു പരിശോധനാ വിധേയാമാക്കുകയാണ്. ചില കേസുകളിൽ, പള്ളിവക ഓഹരിയുടമസ്ഥതയും മതം ധനസഹായം നൽകിയിട്ടുള്ള രാഷ്ട്രീയ താത്പര്യങ്ങളും ഉയർന്ന ശമ്പളം പററുന്ന പുരോഹിതവർഗ്ഗത്തിന്റെ ആഡംബരജീവിതവും ഉചിതമാണോയെന്ന ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു.
ഏകദേശം 2,000 വർഷം മുമ്പ് അപ്പൊസ്തലനായ പൗലോസ് ക്രിസ്തീയ ശുശ്രൂഷയെക്കുറിച്ചു നൽകിയ മഹത്തായ വർണ്ണനയോട്, ചില മതനേതാക്കൻമാർ എങ്ങനെ യോജിക്കുന്നു? അദ്ദേഹം എഴുതി: “ഞങ്ങൾ അനേകരെപ്പോലെ ദൈവവചനം കൊണ്ടുനടന്നു വിൽക്കുന്നവരല്ല, എന്നാൽ ആത്മാർത്ഥതയോടെ എന്നപോലെ, ദൈവത്തിൽനിന്ന് അയയ്ക്കപ്പെട്ടതുപോലെ, ദൈവത്തിന്റെ നിരീക്ഷണത്തിൻ കീഴിൽ, ക്രിസ്തുവിനോടു ചേർന്ന്, ഞങ്ങൾ സംസാരിക്കുന്നു.” (2 കൊരിന്ത്യർ 2:17, NW) ഇന്ന് ആർക്കാണ് ആ വർണ്ണന ചേരുന്നത്?
കാര്യങ്ങൾ വിലയിരുത്താൻ നിങ്ങളെ സഹായിക്കുന്നതിനായി, അപ്പൊസ്തലനായ പൗലോസിന്റെയും അദ്ദേഹത്തിന്റെ സഹകാരികളുടെയും ക്രിസ്തീയ ശുശ്രൂഷയുടെ സാമ്പത്തിക ചെലവ് എങ്ങനെ വഹിച്ചുവെന്നു നമുക്കു കുറേക്കൂടെ സൂക്ഷ്മമായി പരിശോധിക്കാം. തന്റെ നാളിലെ മററുള്ളവരുടേതിൽ നിന്ന് അത് ഏതുവിധത്തിൽ വ്യത്യസ്തമായിരുന്നു?
ഒന്നാംനൂററാണ്ടിലെ സഞ്ചാരപ്രസംഗകർ
പര്യാടകപ്രസംഗകൻ എന്ന നിലയിൽ പൗലോസ് അസാധാരണനായിരുന്നില്ല. മതവും തത്ത്വചിന്തയും സംബന്ധിച്ച തങ്ങളുടെ വീക്ഷണങ്ങൾ പ്രചരിപ്പിക്കാനായി അന്ന് അനേകർ സഞ്ചരിച്ചിരുന്നു. “ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യഹൂദൻമാ”രെക്കുറിച്ചു ബൈബിളെഴുത്തുകാരനായ ലൂക്കോസ് പറയുന്നു. (പ്രവൃത്തികൾ 19:13) യേശുക്രിസ്തു പരീശൻമാരെ കുററംവിധിച്ചപ്പോൾ, അദ്ദേഹം കൂട്ടിച്ചേർത്തു: “നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുററിനടക്കുന്നു.” (മത്തായി 23:14) യേശുതന്നെ ഒരു സഞ്ചാരശുശ്രൂഷകനായിരുന്നു. യഹൂദയിലും ശമര്യയിലും മാത്രമല്ല, “ഭൂമിയുടെ അററത്തോളവും” പ്രസംഗിക്കുന്നതിൽ തന്നെ അനുകരിക്കാൻ അദ്ദേഹം തന്റെ അപ്പൊസ്തലൻമാരെയും ശിഷ്യൻമാരെയും പരിശീലിപ്പിച്ചു.—പ്രവൃത്തികൾ 1:8.
തങ്ങളുടെ യാത്രകളിൽ യേശുവിന്റെ അനുഗാമികൾ യഹൂദേതര പ്രസംഗകരെ കണ്ടുമുട്ടി. ഏതെൻസിൽ എപ്പിക്കൂര്യരും സ്റേറായിക്യരുമായ തത്ത്വചിന്തകരുമായി പൗലോസ് തർക്കിച്ചു. (പ്രവൃത്തികൾ 17:18) റോമാസാമ്രാജ്യത്തിലുടനീളം തങ്ങളുടെ വീമ്പുകലർന്ന പരസ്യപ്രസംഗത്താൽ ലോകാചാരവിരക്ത തത്വജ്ഞാനികൾ മതപ്രചരണം നടത്തി. സ്വതന്ത്ര പുരുഷൻമാരോടുള്ള, മതപരവും സാമുദായികവുമായ സമത്വം വാഗ്ദാനം ചെയ്തുകൊണ്ട് ഐസിസിന്റെയും സെറാപിസിന്റെയും ഭക്തർ സ്ത്രീകളുടെയും അടിമകളുടെയും മേലുള്ള തങ്ങളുടെ സ്വാധീനം വികസിപ്പിച്ചു. റോമാ-ഗ്രീക്കുലോകത്തിലെ അനേകം നിഗൂഢമതങ്ങൾക്ക്, കിഴക്കൻഉർവരതാ സംസ്ക്കാരം തുടക്കം നൽകി. പാപപരിഹാരത്തിന്റെ വാഗ്ദാനവും ദൈവികരഹസ്യങ്ങൾ പങ്കിടാനുള്ള ആഗ്രഹവും, സിമിററർ, ഡയോനിസസ്, സിബലി എന്നീ കപടദേവൻമാരിലേക്ക് അനുഗാമികളെ ആകർഷിച്ചു.
ചെലവുകൾ വഹിച്ചിരുന്നത് എങ്ങനെ?
എന്നിരുന്നാലും, യാത്ര ചെലവേറിയതായിരുന്നു. ചരക്കുകൂലിക്കും ചുങ്കത്തിനും കപ്പൽയാത്രച്ചെലവുകൾക്കും പുറമേ, പര്യടനക്കാർക്കു ഭക്ഷണവും താമസസൗകര്യവും വിറകും തുണിയും ആരോഗ്യസംരക്ഷണവും ആവശ്യമായിരുന്നു. പ്രധാനമായും അഞ്ചുവിധത്തിൽ പ്രസംഗകരും അദ്ധ്യാപകരും തത്ത്വജ്ഞാനികളും ഗൂഢമതവാദികളും ഈ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തി. അവർ (1) കൂലിവാങ്ങി പഠിപ്പിച്ചു; (2) ചില്ലറ പണികളും വ്യാപാരവും ചെയ്തുകൊണ്ടു ജോലി ഏറെറടുത്തു; (3) ആതിഥ്യവും ഇഷ്ടദാനങ്ങളും സ്വീകരിച്ചു; (4) പലപ്പോഴും ആശാൻമാരായി സമ്പന്നരായ രക്ഷാധികാരികളോടു ചുററിപ്പററിനിന്നു; (5) ഭിക്ഷ യാചിച്ചു. തിരിച്ചടികളെ നേരിടുന്നതിനു തന്നെത്തന്നെ ഒരുക്കുന്നതിനുവേണ്ടി പ്രസിദ്ധ സന്യാസി ഡൈയോജനിസ് എന്ന ധർമ്മം നിർജ്ജീവബിംബങ്ങളോടുപോലും ചോദിച്ചിരുന്നു.
ക്രിസ്തീയ ശുശ്രൂഷകരെന്ന് അവകാശപ്പെട്ടവരെങ്കിലും ഗ്രീക്കു തത്ത്വജ്ഞാനികളെപ്പോലെ സമ്പന്നരോടു ചങ്ങാത്തംപിടിക്കുകയും ദരിദ്രരിൽനിന്നു മോഷ്ടിക്കുകയും ചെയ്തിരുന്ന ചില പ്രസംഗകരെപ്പററി പൗലോസിന് അറിയാമായിരുന്നു. കൊരിന്തിലെ സഭയെ ശാസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിങ്ങളെ . . . ഒരുവൻ തിന്നുകളഞ്ഞാലും ഒരുവൻ പിടിച്ചുകൊണ്ടുപോയാലും . . . നിങ്ങൾ പൊറുക്കുന്നുവല്ലോ.” (2 കൊരിന്ത്യർ 11:20) യേശുക്രിസ്തു ഒരിക്കലും എന്തെങ്കിലും പിടിച്ചുപറിച്ചില്ല, പൗലോസും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അങ്ങനെ ചെയ്തില്ല. എന്നാൽ കൊരിന്തിലെ അത്യാഗ്രഹികളായ സുവിശേഷകർ “കള്ളയപ്പൊസ്തലൻമാരും കപടവേലക്കാരും” സാത്താന്റെ ശുശ്രൂഷകരുമായിരുന്നു.—2 കൊരിന്ത്യർ 11:13-15.
തന്റെ ശിഷ്യൻമാർക്കുള്ള യേശുവിന്റെ നിർദ്ദേശങ്ങൾ, കൂലിവാങ്ങി പഠിപ്പിക്കുന്നതു വിലക്കിയിരുന്നു. “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ” എന്ന് അദ്ദേഹം ഉപദേശിച്ചു. (മത്തായി 10810:8) ഭിക്ഷയാചിക്കുന്നതു സാധാരണമായിരുന്നെങ്കിലും, അത് അക്കാലത്തു നിന്ദ്യമായി വീക്ഷിക്കപ്പെട്ടിരുന്നു. “ഇരപ്പാൻ ഞാൻ നാണിക്കുന്നു” എന്ന് ഒരു പരിചാരകൻ പറയുന്നതായി യേശു തന്റെ ഒരു ദൃഷ്ടാന്തത്തിൽ ചിത്രീകരിക്കുന്നു. (ലൂക്കൊസ് 16:3) അതിനാൽ, ബൈബിൾവിവരണത്തിൽ ഒരിക്കലും യേശുവിന്റെ വിശ്വസ്ത അനുഗാമികൾ പണത്തിനോ വസ്തുക്കൾക്കോ കെഞ്ചുന്നതായി നാം കാണുന്നില്ല. “വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു” എന്ന തത്ത്വമനുസരിച്ച് അവർ ജീവിച്ചു.—2 തെസ്സലൊനിക്യർ 3:10.
രണ്ടുവിധത്തിൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേററുന്നതിന്, യേശു തന്റെ ശിഷ്യൻമാരെ പ്രോത്സാഹിപ്പിച്ചു. ഒന്ന്, പൗലോസ് പറഞ്ഞതുപോലെ അവർക്ക് “സുവിശേഷത്താൽ ഉപജീവി”ക്കാമായിരുന്നു. എങ്ങനെ? സ്വമേധയാ നൽകുന്ന ആതിഥ്യം സ്വീകരിച്ചുകൊണ്ട്. (1 കൊരിന്ത്യർ 9:14; ലൂക്കോസ് 10:7) രണ്ട്, അവർക്കു തങ്ങൾക്കുവേണ്ടി ഭൗതികമായി സ്വയം കരുതാമായിരുന്നു.—ലൂക്കോസ് 22:36.
പൗലോസ് ബാധകമാക്കിയ തത്ത്വങ്ങൾ
മേൽപ്പറഞ്ഞ തത്ത്വങ്ങൾ പൗലോസ് എങ്ങനെ ബാധകമാക്കി? കൊള്ളാം, അപ്പൊസ്തലന്റെ രണ്ടാം മിഷനറി യാത്രയെപ്പററി ലൂക്കോസ് എഴുതി: “ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറെറന്നാൾ നവപൊലിക്കും അവിടെനിന്നു ഫിലിപ്പിയിലേക്കും ചെന്നു. ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാനപട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു. ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാർത്തു.” ഉൾപ്പെട്ടിരുന്ന യാത്ര, ഭക്ഷണം, താമസം എന്നിവക്കെല്ലാം അവർ വ്യക്തിപരമായി കരുതി.—പ്രവൃത്തികൾ 16:11, 12.
ഒടുവിൽ, ലുദിയാ എന്ന സ്ത്രീ പൗലോസ് “സംസാരിച്ചതു” അംഗീകരിച്ചു. “അവളും കുടുംബവും സ്നാനം ഏററശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.” (പ്രവൃത്തികൾ 16:13-15) ഭാഗികമായിട്ടെങ്കിലും ലുദിയായുടെ അതിഥിപ്രിയം നിമിത്തം പൗലോസിനു ഫിലിപ്പിയിലെ സഹവിശ്വാസികൾക്ക് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “ഒന്നാം നാൾ മുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.”—ഫിലിപ്പിയർ 1:5, 6.
ഈ ക്രിസ്തീയ സഞ്ചാരവേലക്കാരെ ആളുകൾ സ്വാഗതം ചെയ്തതിന്റെ അനേകം ഉദാഹരണങ്ങൾ ലൂക്കോസ് എടുത്തുപറയുന്നു. (പ്രവൃത്തികൾ 16:33, 34; 17:7; 21:7, 8, 16; 28:2, 7, 10, 14) തന്റെ നിശ്വസ്ത ലേഖനങ്ങളിൽ, തനിക്കുലഭിച്ച ആതിഥ്യത്തിനും സമ്മാനങ്ങൾക്കും പൗലോസ് നന്ദിപറഞ്ഞു. (റോമർ 16:23; 2 കൊരിന്ത്യർ 11:9; ഗലാത്യർ 4:13, 14; ഫിലിപ്പിയർ 4:15-18) എന്നാൽ, അദ്ദേഹമോ സഹകാരികളോ തങ്ങൾക്കു സമ്മാനങ്ങളോ ധനസഹായമോ നൽകണമെന്നു സൂചിപ്പിച്ചില്ല. തങ്ങളുടെ സഞ്ചാരമേൽവിചാരകൻമാരുടെ ഇടയിൽ ഈ നല്ല മനോഭാവം ഇപ്പോഴും കാണപ്പെടുന്നുവെന്ന് യഹോവയുടെ സാക്ഷികൾക്കു പറയാൻ കഴിയും.
ആശ്രയം ആതിഥ്യത്തിലല്ല
പൗലോസ് ആതിഥ്യത്തെ ആശ്രയിച്ചില്ല. അദ്ദേഹം കഠിനവേലയും നീണ്ട മണിക്കൂറുകളും ആവശ്യമായിരുന്നതും എന്നാൽ തുച്ഛമായ കൂലി മാത്രം ലഭിച്ചിരുന്നതുമായ ഒരു തൊഴിൽ പഠിച്ചിരുന്നു. അപ്പൊസ്തലൻ ഒരു മിഷനറി എന്ന നിലയിൽ കൊരിന്തിൽ വന്നപ്പോൾ, “അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു . . . തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെപാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.”—പ്രവൃത്തികൾ 18:1-3.
പിന്നീട്, എഫേസോസിൽ പൗലോസ് ജോലിയിൽ കഠിനജോലി ചെയ്തു. (പ്രവൃത്തികൾ 20:34 താരതമ്യംചെയ്യുക; 1 കൊരിന്ത്യർ 4:11, 12.) തന്റെ സ്വദേശത്തു നിർമ്മിച്ച കിലികെയം എന്ന പരുപരുത്ത, ആട്ടുരോമ കൂടാരസാമഗ്രികൊണ്ടു വേലചെയ്യുന്നതിൽ അദ്ദേഹം നൈപുണ്യം നേടിയിരുന്നിരിക്കാം. തന്റെ സ്ററൂളിൽ ഇരുന്നുകൊണ്ട്, പണിബെഞ്ചിന്റെ മുകളിലേക്കു കുനിഞ്ഞ്, രാത്രി ഏറെ ആകുവോളം പൗലോസ് മുറിക്കുന്നതും തുന്നുന്നതും നമുക്കു സങ്കൽപ്പിക്കാൻ കഴിയും. തൊഴിൽശാലയിലെ ഒച്ച കുറവായിരിക്കാവുന്നതിനാൽ, അദ്ധ്വാനിക്കുമ്പോൾ സംസാരിക്കുന്നത് എളുപ്പമായിരുന്നു. പൗലോസിനു കടയുടമയോടും ജോലിക്കാരോടും അടിമകളോടും ഇടപാടുകാരോടും സുഹൃത്തുക്കളോടും സാക്ഷ്യം പറയാൻ അവസരം കിട്ടിയിരുന്നിരിക്കണം.—1 തെസ്സലൊനിക്യർ 2:9 താരതമ്യം ചെയ്യുക.
പൗലോസ് എന്ന മിഷനറി, തന്റെ ശുശ്രൂഷയെ വാണിജ്യവൽക്കരിക്കാനോ ഏതെങ്കിലും വിധത്തിൽ ധനപരമായ നേട്ടത്തിനു താൻ ദൈവവചനം ഉപയോഗിക്കുന്നുവെന്ന ധാരണ നൽകാനോ വിസമ്മതിച്ചു. അദ്ദേഹം തെസ്സലോനിക്യരോടു പറഞ്ഞു: “ഞങ്ങളെ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തുപോന്നതു അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.”—2 തെസ്സലൊനിക്യർ 3:7-9.
ഇരുപതാം നൂററാണ്ടിൽ അനുകരിക്കുന്നവർ
ഇന്നുവരെ യഹോവയുടെ സാക്ഷികൾ പൗലോസിന്റെ നല്ല ദൃഷ്ടാന്തം പിൻപററുന്നു. തങ്ങൾ സേവിക്കുന്ന സഭകളിൽനിന്നു മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ശമ്പളമോ ഒരു സഹായധനം പോലുമോ കൈപ്പററുന്നില്ല. പകരം മറെറല്ലാവരെയുംപോലെതന്നെ അവർ തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി കരുതുന്നു, അധികംപേരും ലൗകികജോലി ഏറെറടുത്തുകൊണ്ടുതന്നെ. അടിസ്ഥാന ആവശ്യങ്ങൾ നിറവേററുവാൻ മതിയാകുവോളംമാത്രം ജോലിചെയ്തുകൊണ്ട്, മുഴുസമയ പയനിയർ ശുശ്രൂഷകരും തങ്ങൾക്കുവേണ്ടി സ്വയം കരുതുന്നു. ഓരോ വർഷവും ചില സാക്ഷികൾ തങ്ങളുടെ സ്വന്തം ചെലവിൽ, സുവാർത്തയുമായി വല്ലപ്പോഴും സമീപിച്ചിട്ടുള്ള വിദൂരപ്രദേശങ്ങളിൽ പോയി പ്രസംഗിക്കുന്നു. പ്രാദേശിക കുടുംബങ്ങൾ ഭക്ഷണമോ താമസസൗകര്യമോ നൽകാൻ അവരെ ക്ഷണിക്കുന്നുവെങ്കിൽ, അവർ ഇതു വിലമതിക്കുന്നുവെങ്കിലും അങ്ങനെയുള്ള ആതിഥ്യത്തെ അവർ മുതലെടുക്കുന്നില്ല.
യഹോവയുടെ സാക്ഷികൾ നടത്തുന്ന എല്ലാ പ്രസംഗവും പഠിപ്പിക്കലും സ്വമേധയാ ആണ്. അവർ തങ്ങളുടെ ശുശ്രൂഷക്കു ഒരിക്കലും പണം ഈടാക്കുന്നില്ല. എന്നിരുന്നാലും, തങ്ങളുടെ ലോകവ്യാപക പ്രസംഗവേലക്കുവേണ്ടി കിട്ടുന്ന പരിമിതമായ സംഭാവനകൾ സ്വീകരിക്കുകയും ആ ഉദ്ദേശത്തിൽ വാച്ച് ടവർ സൊസൈററിയിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു. (മത്തായി 24:14) സാക്ഷികളുടെ ശുശ്രൂഷ എല്ലാവിധത്തിലും വാണിജ്യേതരമാണ്. പൗലോസിനെപ്പോലെ അവരിലോരോരുത്തർക്കും സത്യമായി ഇങ്ങനെ പറയാൻ കഴിയും: “ഞാൻ ദൈവത്തിന്റെ സുവാർത്ത നിങ്ങളോടു സന്തോഷപൂർവ്വം പ്രസംഗിച്ചു.” (2 കൊരിന്ത്യർ 11:7, NW) യഹോവയുടെ സാക്ഷികൾ “ദൈവവചനം കൊണ്ടുനടന്നു വിൽക്കുന്നവ”രല്ല.
[27-ാം പേജിലെ ചതുരം]
ചിലർ രാജ്യപ്രസംഗവേലക്കു സംഭാവന കൊടുക്കുന്ന വിധം
◻ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ: അനേകർ ഒരു തുക നീക്കിവെക്കുകയോ വരവുചെലവു കണക്കിൽ ഉൾപ്പെടുത്തകയോ ചെയ്തിട്ട് ആ തുക “സൊസൈററിയുടെ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നു. ഓരോമാസവും സഭകൾ ഈ തുക, വാച്ച് ടവർ സൊസൈററിയുടെ ഏററവും അടുത്തുള്ള ബ്രാഞ്ചാഫീസിലേക്ക് അയക്കുന്നു.
◻ ദാനങ്ങൾ: വാച്ച് ടവർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ, എച്ച്-58 ഓൾഡ് ഖൺഡാല റോഡ്, ലോണാവ്ല 410 401, മഹാരാഷ്ട്ര എന്ന വിലാസത്തിലോ ഈ മാസികയുടെ പ്രസാധകർക്കോ പണം സ്വമേധയാദാനമായി നേരിട്ട് അയയ്ക്കാവുന്നതാണ്. കൂടാതെ ആഭരണങ്ങളോ വിലയേറിയ മററു വസ്തുക്കളോ അയയ്ക്കാം. ഈ സംഭാവനകളോടൊപ്പം അവ നിരുപാധികമായ ഒരു ദാനമാണെന്നു പ്രസ്താവിക്കുന്ന കത്തും അയക്കേണ്ടതാണ്.
◻ സോപാധിക സംഭാവനാ ക്രമീകരണം: വ്യക്തിപരമായ ആവശ്യം വരുന്നപക്ഷം തിരിച്ചുതരണമെന്നുള്ള വ്യവസ്ഥയിൽ, ദാതാവിന്റെ മരണംവരെ പണം ഒരു ട്രസ്ററായി സൂക്ഷിക്കാൻ വാച്ച് ടവർ സൊസൈററിയെ ഏൽപ്പിക്കാവുന്നതാണ്.
◻ ഇൻഷുറൻസ്: ഇൻഷുറൻസ് പോളിസിയുടെയോ റിട്ടയർമെൻറ്⁄പെൻഷൻ പദ്ധതിയുടെയോ അവകാശിയായി വാച്ച് ടവർ സൊസൈററിയുടെ പേർ വയ്ക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈററിയെ അറിയിച്ചിരിക്കണം.
◻ ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്കുനിയമങ്ങൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപസർട്ടിഫിക്കററുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച് ടവർ സൊസൈററിയിൽ ട്രസ്ററായി മരണത്തിങ്കൽ ലഭിക്കാവുന്നതായിട്ടോ ഏൽപ്പിക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈററിയെ അറിയിച്ചിരിക്കണം.
◻ സ്റേറാക്കുകളും ബോണ്ടുകളും: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ വരുമാനം തുടർന്നും ദാതാവിനു ലഭിക്കുന്ന ക്രമീകരണത്തിൻകീഴിലോ സ്റേറാക്കുകളും ബോണ്ടുകളും വാച്ച് ടവർ സൊസൈററിക്കു ദാനമായി നൽകാവുന്നതാണ്.
◻ സ്ഥാവരവസ്തു: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ ആയുഷ്ക്കാലാവകാശം നിലനിർത്തിക്കൊണ്ടോ, വിൽക്കാവുന്ന സ്ഥാവരവസ്തു വാച്ച് ടവർ സൊസൈററിക്കു ദാനം ചെയ്യാവുന്നതാണ്, ദാനിയുടെ ആയുഷ്പര്യന്തം അയാൾക്ക് അവിടെ താമസിക്കാം. ഏതെങ്കിലും സ്ഥാവരവസ്തു സൊസൈററിക്ക് ആധാരം ചെയ്യുന്നതിനുമുമ്പായി ഒരുവൻ സൊസൈററിയുമായി സമ്പർക്കം പുലർത്തണം.
◻ വിൽപ്പത്രങ്ങളും ട്രസ്ററുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തിരം വസ്തുവോ പണമോ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ഇൻഡ്യക്ക് അവകാശം ദാനം ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഒരു ട്രസ്ററ് ക്രമീകരണത്തിന്റെ അവകാശിയായി സൊസൈററിയുടെ പേർ കൊടുക്കാവുന്നതാണ്. ഒരു മതസ്ഥാപനത്തിനു വേണ്ടിയുള്ള ട്രസ്ററ് ചില നികുതിയിളവുകൾ പ്രദാനം ചെയ്തേക്കാം. വിൽപ്പത്രത്തിന്റെ അല്ലെങ്കിൽ ട്രസ്ററ്കരാറിന്റെ ഒരു പകർപ്പ് സൊസൈററിക്ക് അയച്ചുകൊടുക്കേണ്ടതാണ്.
ഇങ്ങനെയുള്ള കാര്യങ്ങളെ സംബന്ധിച്ചു കൂടുതൽ വിവരത്തിന്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ഇൻഡ്യ, എച്ച്-58 ഓൾഡ് ഖൺഡാല റോഡ്, ലോണാവ്ല 410 401, മഹാരാഷ്ട്ര എന്ന വിലാസത്തിലോ ഈ മാസികയുടെ പ്രസാധകർക്കോ എഴുതുക.
[29-ാം പേജിലെ ചതുരം]
അവൾ സഹായിക്കാൻ ആഗ്രഹിച്ചു
പതിനൊന്നുകാരിയായ ററിഫനി ഐക്യനാടുകളിലെ ലുയീസിയാനയിലുള്ള ബാററൻ റൂ എന്ന സ്ഥലത്തെ ഒരു സ്കൂൾകുട്ടിയാണ്. യഹോവയുടെ ഈ ബാലസാക്ഷി ഈയിടെ “അമേരിക്കയിലെ വിദ്യാഭ്യാസം” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഉപന്യാസം തയ്യാറാക്കി. അതിന്റെ ഫലമായി അവളുടെ സാക്ഷികളായ മാതാപിതാക്കൾക്കു സ്കൂൾ പ്രിൻസിപ്പലിൽനിന്ന് ഈ കത്തു ലഭിച്ചു:
“അമേരിക്കൻ വിദ്യാഭ്യാസവാരത്തിൽ, ഓരോ ക്ലാസിലെയും ഓരോ വിശിഷ്ട ഉപന്യാസം ഇൻറർകോമിലൂടെ വായിച്ചിരുന്നു. ഇന്നു രാവിലെ ററിഫനിയുടെ ഉപന്യാസം ഉപയോഗിച്ചതിൽ എനിക്കു സന്തോഷമുണ്ടായിരുന്നു. അവൾ വാസ്തവത്തിൽ പ്രശംസാർഹയായ ഒരു ബാലികയാണ്. അവൾ സമനിലയുള്ളവളും ആത്മവിശ്വാസമുള്ളവളും നിപുണയും പ്രസന്നവതിയുമാണ്. ഇത്രയധികം ഗുണങ്ങളുള്ള ഒരു ആറാം ക്ലാസുകാരിയെ അപൂർവ്വമായേ ഞാൻ കണ്ടിട്ടുള്ളു. ററിഫനി ഞങ്ങളുടെ സ്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.”
ററിഫനി ഉപന്യാസമത്സരത്തിൽ ഒന്നാം സ്ഥാനം നേടി. അതിനുശേഷം അവൾ വാച്ച് ടവർ സൊസൈററിക്ക് ഇങ്ങനെ എഴുതി: “ഒരുപക്ഷേ ഞാൻ മത്സരം ജയിച്ചത് യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പ്രസിദ്ധീകരണം കാരണം മാത്രമായിരിക്കും. . . . വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ധ്യായങ്ങൾ ഞാനുപയോഗിച്ചു. . . . ഈ ഉപയോഗപ്രദവും പ്രചോദനാത്മകവുമായ പുസ്തകം പ്രസിദ്ധീകരിച്ചതിനു നിങ്ങൾക്കു വളരെ നന്ദി. വിജയിച്ച എന്റെ ഉപന്യാസത്തിന് ഞാൻ ഏഴുഡോളർ നേടി. ലോകവ്യാപകമായ പ്രസംഗവേലക്കായി ഈ 7 ഡോളറും അതോടുകൂടെ 13 ഡോളറും കൂട്ടി ആകെ 20 ഡോളർ ഞാൻ സംഭാവന നൽകുന്നു. . . . വളർന്നുവലുതാകുമ്പോൾ, ബെഥേൽ സേവനത്തിനു പോകാനും ഞാൻ പ്രത്യാശിക്കുന്നു.”
[26-ാം പേജിലെ ചിത്രം]
ചിലപ്പോൾ, കൂടാരങ്ങൾ നിർമ്മിച്ചുകൊണ്ടു പൗലോസ് ഉപജീവനം കഴിച്ചു