വീഴ്ചഭവിച്ച ജഡത്തിൻമേലുള്ള പാപത്തിന്റെ പിടിയോടുള്ള പൊരുതൽ
“ജഡത്തിന്റെ ചിന്തയോ മരണത്തെ അർഥമാക്കുന്നു. എന്നാൽ ആത്മാവിന്റെചിന്തയോ ജീവനെയും സമാധാനത്തെയും അർഥമാക്കുന്നു.”—റോമർ 8:6, NW.
1. എന്ത് ഉദ്ദേശ്യത്തിലാണു മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്?
“ദൈവം സ്വന്തം പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവം തന്റെ പ്രതിച്ഛായയിൽ അയാളെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പത്തി 1:27, ഓശാന ബൈബിൾ) പ്രതിച്ഛായ എന്നത് ഏതെങ്കിലുമൊരു വസ്തുവിന്റെയോ സ്രോതസ്സിന്റെയോ പ്രതിരൂപമാണ്. അങ്ങനെ, ദൈവതേജസ്സിന്റെ പ്രതിരൂപമായിരിക്കാനാണ് മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്. ദൈവിക ഗുണങ്ങൾ—സ്നേഹം, നൻമ, നീതി, ആത്മീയത എന്നിവ—അവരുടെ എല്ലാ ഉദ്യമങ്ങളിലും പ്രകടിപ്പിച്ചുകൊണ്ട് അവർ സ്രഷ്ടാവിനു സ്തുതിയും ബഹുമാനവും കരേററുന്നു. അതോടൊപ്പം ഇത് അവർക്കു സന്തുഷ്ടിയും സംതൃപ്തിയും കൈവരുത്തുന്നു.—1 കൊരിന്ത്യർ 11:7; 1 പത്രൊസ് 2:12.
2. ആദ്യ മനുഷ്യ ജോഡിക്ക് ഉദ്ദേശ്യപ്രാപ്തി നഷ്ടമായത് എങ്ങനെ?
2 പൂർണരായി സൃഷ്ടിക്കപ്പെട്ട ആദ്യ മനുഷ്യ ജോഡി ഈ റോൾ കൈകാര്യം ചെയ്യാൻതക്കവിധം സുസജ്ജരായിരുന്നു. അങ്ങേയററം വെട്ടിത്തിളങ്ങുംവിധം മിനുക്കുപണിചെയ്ത ദർപ്പണംപോലെ ദീപ്തിയോടും വിശ്വാസ്യതയോടുംകൂടെ ദൈവതേജസ്സു പ്രതിഫലിപ്പിക്കുവാൻ അവർ പ്രാപ്തരായിരുന്നു. തങ്ങളുടെ സ്രഷ്ടാവായ ദൈവത്തിനെതിരെ മനഃപൂർവം അനുസരണക്കേടുകാണിക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ വെട്ടിത്തിളങ്ങുന്ന ആ മിനുക്കുപണിയുടെ കാന്തിമങ്ങാൻ അവർ അനുവദിച്ചു. (ഉല്പത്തി 3:6) അതിൽപ്പിന്നെ, അവർക്കു ദൈവതേജസ്സു പൂർണമായി പ്രതിഫലിപ്പിക്കുവാൻ കഴിഞ്ഞില്ല. അവർ ദൈവതേജസ്സിൽ കുറവുള്ളവരായിത്തീർന്നു. അങ്ങനെ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യപ്രാപ്തി ഉണ്ടായില്ല. മററു വാക്കുകളിൽപ്പറഞ്ഞാൽ അവർ പാപം ചെയ്തു.a
3. പാപത്തിന്റെ തനി സ്വഭാവമെന്ത്?
3 ദൈവത്തിന്റെ സാദൃശ്യത്തിന്റെയും തേജസ്സിന്റെയും മനുഷ്യനിലൂടെയുള്ള പ്രതിഫലനത്തെ കെടുത്തിക്കളയുന്ന പാപത്തിന്റെ തനി സ്വഭാവമറിയുന്നതിന് ഇതു നമ്മെ സഹായിക്കുന്നു. പാപം മനുഷ്യനെ അപവിത്രനാക്കിത്തീർക്കുന്നു അതായത്, ആത്മീയവും ധാർമികവുമായ അർഥത്തിൽ അത് അവനെ അശുദ്ധനും കറപുരണ്ടവനുമാക്കിത്തീർക്കുന്നു. ആദാമിന്റെയും ഹവ്വായുടെയും പിൻഗാമികളെന്ന നിലയിൽ മനുഷ്യരെല്ലാം കറപുരണ്ട, അശുദ്ധമായ ആ അവസ്ഥയിൽ ജനിക്കുന്നു. തൻമൂലം, തന്റെ മക്കളെന്ന നിലയിൽ അവരെപ്പററി ദൈവത്തിനുണ്ടായിരുന്ന പ്രതീക്ഷയ്ക്കൊത്തവണ്ണം അവർ ഉയരുന്നില്ല. പരിണതഫലമോ? “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്നു ബൈബിൾ വിവരിക്കുന്നു.—റോമർ 5:12; താരതമ്യം ചെയ്യുക: യെശയ്യാവു 64:6.
വീഴ്ചഭവിച്ച ജഡത്തിൻമേലുള്ള പാപത്തിന്റെ പിടി
4-6. (എ) മിക്ക ആളുകളും ഇന്ന് എപ്രകാരമാണു പാപത്തെ വീക്ഷിക്കുന്നത്? (ബി) പാപത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണഗതിയുടെ ഫലമെന്ത്?
4 ഇന്നു മിക്കയാളുകളും തങ്ങൾ അശുദ്ധരും കളങ്കിതരും പാപികളുമാണെന്നു ചിന്തിക്കുന്നേയില്ല. വാസ്തവത്തിൽ, പാപം എന്ന പദംതന്നെ മിക്ക ആളുകളുടെയും ശബ്ദാവലിയിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അവർ മിക്കപ്പോഴും തെററുകളെയും വിവേകശൂന്യതകളെയും തെററായ കണക്കുകൂട്ടലുകളെയും കുറിച്ചെല്ലാം സംസാരിച്ചെന്നുവരാം. എന്നാൽ പാപത്തെക്കുറിച്ചോ? ഇല്ല തന്നെ! ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നവർക്കുപോലും “അവന്റെ പ്രബോധനങ്ങൾ ധാർമിക സംഹിതക്കു പകരം ധാർമിക വിശ്വാസങ്ങൾ മാത്രമാണ്. അവർ അവയെ 10 കല്പനകൾക്കു പകരം ‘10 നിർദേശങ്ങളായി’ കരുതുന്നു” എന്ന് മാനവസമുദായശാസ്ത്ര പ്രൊഫസറായ അലൻ വൂൾഫ് അഭിപ്രായപ്പെടുന്നു.
5 ഇത്തരം ചിന്താഗതിയുടെ ഫലമെന്താണ്? പാപത്തെക്കുറിച്ചുള്ള യാഥാർഥ്യത്തെ നിരസ്സിക്കൽ അല്ലെങ്കിൽ ചുരുങ്ങിയപക്ഷം, അതിനെ അവഗണിക്കൽ. ഇത് ശരിയും തെററും സംബന്ധിച്ചു വളരെ മോശമായ, വളച്ചൊടിച്ച ധാരണ വച്ചുപുലർത്തുന്ന ഒരു തലമുറയെ ഉളവാക്കിയിരിക്കുന്നു. പെരുമാററം സംബന്ധിച്ച് തങ്ങളുടേതായ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിൽ അവർക്കു യാതൊരു സങ്കോചവുമില്ല. തങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്ന കാര്യത്തിൽ ആരോടെങ്കിലും കണക്കുബോധിപ്പിക്കേണ്ടതില്ലെന്നും അവർക്കു തോന്നുന്നു. അത്തരം ആളുകളെ സംബന്ധിച്ചു പറഞ്ഞാൽ ഒരു പ്രവർത്തന ഗതി ശരിയാണോ തെററാണോ എന്നു തീരുമാനിക്കുന്നതിനുള്ള ഏക മാനദണ്ഡം കുററബോധം തോന്നാതിരിക്കുക എന്നതു മാത്രമാണ്.—സദൃശവാക്യങ്ങൾ 30:12, 13; താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 32:5, 20.
6 ഉദാഹരണത്തിന്, ടെലിവിഷൻ പ്രദർശിപ്പിച്ച ഒരു ചർച്ചാവേദിയിൽ ഏഴു മാരക പാപങ്ങൾb എന്നുപറയപ്പെടുന്നതിനെക്കുറിച്ചു തങ്ങളുടെ വീക്ഷണങ്ങൾ അറിയിക്കുന്നതിനു യുവജനങ്ങളെ ക്ഷണിക്കുകയുണ്ടായി. “അഹങ്കാരം ഒരു പാപമല്ല” അതിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു. “നിങ്ങൾക്കു നിങ്ങളെപ്പററി ഒരു നല്ല അഭിപ്രായമുണ്ടായിരിക്കേണ്ടതുണ്ട്.” അലസതയെക്കുറിച്ച് മറെറാരാൾ പറഞ്ഞു: “ചിലപ്പോഴൊക്കെ അങ്ങനെയായിരിക്കുന്നതുകൊണ്ടു പ്രയോജനമുണ്ട്. . . . ഒന്നുംചെയ്യാതെ വെറുതെയങ്ങനെ ഇരിക്കുന്നതും നിങ്ങൾക്കു വ്യക്തിപരമായ സമയം നൽകുന്നതും ചിലപ്പോഴെല്ലാം നല്ലതാണ്.” അതിന്റെ വർണനക്കാരൻപോലും ഇങ്ങനെയൊരു സംക്ഷിപ്ത അഭിപ്രായം രേഖപ്പെടുത്തി: ‘ഏഴു മാരക പാപങ്ങൾ ദുഷ്പ്രവർത്തികളല്ല മറിച്ച്, സാർവലൗകിക മാനവ പ്രചോദനങ്ങളാണ്. അത് ഉപദ്രവകരമായിരുന്നേക്കാമെങ്കിലും അത്യധികം ആസ്വാദ്യമാണ്.’ അതേ, പാപത്തെക്കുറിച്ചുള്ള ധാരണയ്ക്കൊപ്പംതന്നെ കുററബോധവും പൊയ്പോയിരിക്കുന്നു. എന്തിന്, ശരിചെയ്യുന്നുവെന്ന തോന്നലിന്റെ നേരെ വിപരീതമാണല്ലോ കുററബോധം.—എഫെസ്യർ 4:17-19.
7. മനുഷ്യരെ പാപം എപ്രകാരം ബാധിക്കുന്നുവെന്നാണു ബൈബിൾ പറയുന്നത്?
7 ഇതിനെല്ലാം നേർ വിപരീതമായി ബൈബിൾ സ്പഷ്ടമായി ഇപ്രകാരം പറയുന്നു: “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമർ 3:23) “എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നൻമ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നൻമ ചെയ്വാനുള്ള താല്പര്യം എനിക്കുണ്ട്; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നൻമ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിൻമയത്രേ പ്രവർത്തിക്കുന്നതു” എന്ന് അപ്പോസ്തലനായ പൗലോസ്പോലും സമ്മതിച്ചുപറഞ്ഞു. (റോമർ 7:18, 19) പൗലോസ് ആത്മനിന്ദ പ്രകടിപ്പിക്കുകയായിരുന്നില്ല. മറിച്ച്, ദൈവതേജസ്സിൽനിന്നു മനുഷ്യവർഗം എത്രത്തോളം അധഃപതിച്ചിരിക്കുന്നുവെന്നു മുഴുവനായി തിരിച്ചറിഞ്ഞ കാരണത്താൽ വീഴ്ചഭവിച്ച ജഡത്തിൻമേലുള്ള പാപത്തിന്റെ പിടി അദ്ദേഹത്തിനു വളരെ വേദനാജനകമായിതോന്നി. “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” എന്ന് അദ്ദേഹം പ്രസ്താവിച്ചു.—റോമർ 7:24.
8. നാം നമ്മോടുതന്നെ എന്തെല്ലാം ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്? എന്തുകൊണ്ട്?
8 ഇക്കാര്യത്തിൽ നിങ്ങളുടെ വീക്ഷണമെന്താണ്? ആദാമിന്റെ പിൻഗാമിയെന്ന നിലയ്ക്കു മറെറല്ലാവരെയുംപോലെ നിങ്ങളും അപൂർണരാണെന്നു നിങ്ങൾ സമ്മതിച്ചേക്കും. എന്നാൽ ആ അറിവ് നിങ്ങളുടെ ചിന്താഗതിയെയും ജീവിതരീതിയെയും എപ്രകാരം സ്വാധീനിക്കുന്നു? നിങ്ങൾ അതിനെ ഒരു ജീവിത യാഥാർഥ്യമായി സ്വീകരിക്കുകയും വരുമ്പോലെ വരട്ടെ എന്നു കരുതി തോന്നുമ്പോലെയൊക്കെ പ്രവർത്തിക്കുകയും ചെയ്യാറുണ്ടോ? അതോ, വീഴ്ചഭവിച്ച ജഡത്തിൻമേലുള്ള പാപത്തിന്റെ പിടിക്കെതിരെ പൊരുതുന്നതിനുവേണ്ടി നിതാന്തശ്രമം ചെലുത്തുകയാണോ ചെയ്യുന്നത്? നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കഴിയുന്നത്ര ശോഭയിൽ ദൈവതേജസ്സ് പ്രകാശിപ്പിക്കുന്നതിനായി ശ്രമിക്കാറുണ്ടോ? “ജഡികമായി ജീവിക്കുന്നവർ ജഡികകാര്യങ്ങളിൽ തങ്ങളുടെ മനസ്സു പതിപ്പിക്കുന്നു, ആത്മീയമായി ജീവിക്കുന്നവരോ ആത്മീയകാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നു. ജഡത്തിന്റെ ചിന്തയോ മരണത്തെ അർഥമാക്കുന്നു. എന്നാൽ ആത്മാവിന്റെ ചിന്തയോ ജീവനെയും സമാധാനത്തെയും അർഥമാക്കുന്നു” എന്നു പൗലോസ് പറഞ്ഞതിന്റെ വീക്ഷണത്തിൽ നാമോരോരുത്തരും ഇതു സഗൗരവം പരിചിന്തിക്കേണ്ടതുണ്ട്.—റോമർ 8:5, 6, NW.
ജഡത്തിന്റെ ചിന്ത
9. ‘ജഡത്തിന്റെ ചിന്ത മരണ’മായിരിക്കുന്നത് എന്തുകൊണ്ടാണ്?
9 “ജഡത്തിന്റെ ചിന്തയോ മരണത്തെ അർഥമാക്കുന്നു” എന്നു പൗലോസ് പറഞ്ഞപ്പോൾ അദ്ദേഹം എന്താണ് അർഥമാക്കിയത്? ‘ജഡം’ എന്ന പദപ്രയോഗം മിക്കപ്പോഴും ബൈബിളിൽ ഉപയോഗിക്കുന്നത് മത്സരിയായ ആദാമിന്റെ പിൻഗാമിയെന്നനിലയിൽ ‘പാപത്തിൽ ഗർഭം ധരിക്കപ്പെട്ട’ മനുഷ്യനെ അയാളുടെ അപൂർണ അവസ്ഥയിൽ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ്. (സങ്കീർത്തനം 51:5; ഇയ്യോബ് 14:4) തൻമൂലം, പാപപങ്കിലമായ പ്രവണതകളിലും പ്രചോദനങ്ങളിലും, അപൂർണമായ, വീഴ്ചഭവിച്ച ജഡത്തിന്റെ താത്പര്യങ്ങളിലും തങ്ങളുടെ മനസ്സുകളെ പതിപ്പിക്കാതിരിക്കുന്നതിനുവേണ്ടി പൗലോസ് ക്രിസ്ത്യാനികളെ ഗുണദോഷിക്കുകയായിരുന്നു. എന്തുകൊണ്ടു പാടില്ല? വേറൊരിടത്തു പൗലോസ് ജഡത്തിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്നു നമ്മോടു പറഞ്ഞശേഷം ഈ മുന്നറിയിപ്പു കൂട്ടിച്ചേർത്തു: “ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”—ഗലാത്യർ 5:19-21.
10. “ചിന്ത” എന്നതിന്റെ അർഥമെന്താണ്?
10 ഏതെങ്കിലും കാര്യത്തെക്കുറിച്ചു വെറുതെ ചിന്തിക്കുകയും അത് ആചരിക്കുകയും ചെയ്യുന്നതു തമ്മിൽ വലിയ അന്തരമില്ലേ? ശരിയാണ്, എന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കുന്നത് എല്ലായ്പോഴും അതു ചെയ്യുന്നതിലേക്കു നയിക്കുന്നില്ല. എന്നിരുന്നാലും ചിന്ത എന്നത് കടന്നുപോകുന്ന ഒരു ആലോചനയെക്കാൾ കവിഞ്ഞതാണ്. അവിടെ പൗലോസ് ഉപയോഗിച്ചിരിക്കുന്ന പദം ഗ്രീക്കിൽ ഫ്രോണിമ (phroʹne·ma) എന്നാണ്. “ചിന്താരീതി, മനോ(നില), . . . ലക്ഷ്യം, അഭിനിവേശം, കൊണ്ടുപിടിച്ച ശ്രമം” എന്നിവയെ സൂചിപ്പിക്കുന്നു. അതുകൊണ്ട്, “ജഡത്തിന്റെ ചിന്ത” എന്നാൽ വീഴ്ചഭവിച്ച ജഡത്തിന്റെ ആഗ്രഹങ്ങളാൽ നിയന്ത്രിക്കപ്പെടുകയും വശത്താക്കപ്പെടുകയും ഭരിക്കപ്പെടുകയും വഴിനടത്തപ്പെടുകയും ചെയ്യുകയെന്നതാണ്.—1 യോഹന്നാൻ 2:16.
11. കയീൻ എപ്രകാരമാണു ജഡത്തിന്റെ ചിന്തയിൽ തുടർന്നത്, ഫലമെന്തായിരുന്നു?
11 കയീൻ പിന്തുടർന്ന ഗതിയിലൂടെ ഈ ആശയം വ്യക്തമായി വിശദീകരിക്കുന്നു. അസൂയയും കോപവും കയീന്റെ ഹൃദയത്തിൽ നുരഞ്ഞുപൊങ്ങിയപ്പോൾ യഹോവയാം ദൈവം അവനു പിൻവരുന്നവിധം മുന്നറിയിപ്പു നൽകി: “നീ കോപിക്കുന്നത് എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നൻമ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നൻമ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം.” (ഉല്പത്തി 4:6, 7) കയീന്റെ മുമ്പാകെ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നു. അയാൾ ‘നൻമചെയ്യുന്നതിലേക്ക്’ അതായത്, അയാളുടെ മനസ്സും ലക്ഷ്യവും അഭിനിവേശവും നല്ല എന്തിലേക്കെങ്കിലും തിരിക്കുമായിരുന്നോ? അതോ അയാൾ ജഡത്തിന്റെ ചിന്തയിൽ തുടരുകയും ഹൃദയത്തിൽ പതുങ്ങികിടക്കുന്ന തെററായ പ്രവണതകളിൽ മനസ്സു കേന്ദ്രീകരിക്കുകയും ചെയ്യുമായിരുന്നോ? യഹോവ വിശദീകരിച്ചപ്രകാരം, കയീൻ അതിനെ അനുവദിക്കുന്ന പക്ഷം അവന്റെനേരെ ചാടിവീണ് വിഴുങ്ങുന്നതിനുവേണ്ടി തക്കംപാർത്തു പാപം “വാതില്ക്കൽ കിടക്കു”കയായിരുന്നു. അതിനെതിരെ പോരാടുകയും ‘അതിനെ കീഴടക്കുകയും’ ചെയ്യുന്നതിനുപകരം തന്റെമേൽ ഭരണം നടത്തുന്നതിന്, ഒരു ദാരുണമായ അന്ത്യത്തിനു കയീൻ അതിനെ അനുവദിച്ചു.
12. “കയീന്റെ വഴിയിൽ” പോകാതിരിക്കുന്നതിനു നാം എന്തുചെയ്യേണ്ടതുണ്ട്?
12 ഇന്നു നമ്മെ സംബന്ധിച്ച് എന്ത്? ആദിമ നൂററാണ്ടിലെ ക്രിസ്ത്യാനികളിൽ ചിലരെക്കുറിച്ചു യൂദാ വിലപിച്ചതുപോലെ നാം തീർച്ചയായും “കയീന്റെ വഴിയിൽ” പോകാൻ ആഗ്രഹിക്കുകയില്ല. (യൂദാ 11) ഇംഗിതത്തിനു കുറച്ചൊക്കെ വഴങ്ങുന്നതുകൊണ്ട് അല്ലെങ്കിൽ വല്ലപ്പോഴുമൊക്കെ അല്പസ്വല്പം സ്വാതന്ത്ര്യമെടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നു നാമൊരിക്കലും യുക്തിവാദം ചെയ്യരുത്. നേരെമറിച്ച്, നമ്മുടെ ഹൃദയത്തിലും മനസ്സിലും ഉരുത്തിരിഞ്ഞേക്കാവുന്ന ഏതെങ്കിലും വിധത്തിലുള്ള ഭക്തിവിരുദ്ധവും ദുഷിപ്പിക്കുന്നതുമായ സ്വാധീനത്തെ തിരിച്ചറിയുന്നതിനും വേരുറയ്ക്കുന്നതിനുമുമ്പ് അതു പെട്ടെന്നു പിഴുതെറിയുന്നതിനും നാം ജാഗ്രതയുള്ളവരായിരിക്കണം. വീഴ്ചഭവിച്ച ജഡത്തിന്റെ പിടിയോടുള്ള പൊരുതൽ ഉള്ളിൽനിന്നാണു തുടങ്ങുന്നത്.—മർക്കൊസ് 7:21.
13. ഒരു വ്യക്തി “സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടു”ന്നത് എപ്രകാരമാണ്?
13 ദൃഷ്ടാന്തത്തിന്, ഞെട്ടിപ്പിക്കുന്നതോ ബീഭത്സമോ ആയ ഒരു രംഗം അല്ലെങ്കിൽ അശ്ലീലപ്രതീതി ഉളവാക്കുന്നതോ ഇക്കിളിപ്പെടുത്തുന്നതോ ആയ ഒരു ദൃശ്യം നിങ്ങളുടെ ദൃഷ്ടിയിൽ പെട്ടേക്കാം. ഒരുപക്ഷേ അത് ഒരു പുസ്തകത്തിലോ മാസികയിലോ ഉള്ള ഒരു ചിത്രമായിരിക്കാം, അല്ലെങ്കിൽ ചലച്ചിത്രത്തിലെയോ ടെലിവിഷൻ സ്ക്രീനിലെയോ ഒരു രംഗമായിരിക്കാം. അതുമല്ലെങ്കിൽ, പരസ്യബോർഡിൽ പതിപ്പിച്ചിരിക്കുന്ന ഒരു പരസ്യമാകാം, അല്ലെങ്കിൽ ഒരുപക്ഷേ, യഥാർഥ ജീവിതത്തിൽ നടക്കുന്ന ഒരു സംഗതിയുമാകാം. അത് അതിൽത്തന്നെ അപകടകരമായിരിക്കണമെന്നില്ല കാരണം അതു സംഭവിക്കാവുന്നതാണ്—സംഭവിക്കുന്നുമുണ്ട്. എന്നിരുന്നാലും, ഈ ദൃശ്യത്തിന് അല്ലെങ്കിൽ രംഗത്തിന് ഏതാനും നിമിഷങ്ങളുടെ ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽപോലും അതു മനസ്സിൽ തങ്ങിനിൽക്കുകയും സമയാസമയങ്ങളിൽ നുരഞ്ഞുപൊങ്ങുകയും ചെയ്തേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ എന്താണു ചെയ്യുക? അത്തരം ചിന്തയോടു പൊരുതുന്നതിനും മനസ്സിൽനിന്ന് അതു പിഴുതുകളയുന്നതിനുംവേണ്ടി ഉടനടി നടപടി സ്വീകരിക്കാറുണ്ടോ? അതോ ആ അനുഭവത്തെക്കുറിച്ചുള്ള ചിന്ത ഉയർന്നുവരുന്ന ഓരോതവണയും അതേപ്പററി അയവിറക്കുവാൻ തക്കവണ്ണം അതു മനസ്സിൽ കുടികൊള്ളുന്നതിനു നിങ്ങൾ ഇടംകൊടുക്കുകയാണോ ചെയ്യുന്നത്? ഒടുവിൽ പറഞ്ഞപ്രകാരം ചെയ്യുന്നതു യാക്കോബ് പിൻവരുന്നവിധം വിവരിച്ചിരിക്കുന്ന സംഭവപരമ്പരകൾക്കു തിരികൊളുത്താൻ തുനിയുന്നതിനു സമമാണ്: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.” അതുകൊണ്ടാണ് “ജഡത്തിന്റെ ചിന്തയോ മരണത്തെ അർഥമാക്കുന്നു” എന്നു പൗലോസ് പറഞ്ഞത്.—യാക്കോബ് 1:14, 15; റോമർ 8:6, NW.
14. ദിനംതോറും നാം എന്തിനെ അഭിമുഖീകരിക്കുന്നു, നാം എപ്രകാരം പ്രതികരിക്കേണ്ടതുണ്ട്?
14 ലൈംഗിക അധാർമികതയേയും അക്രമത്തേയും ഭൗതികത്വത്തേയും പുകഴ്ത്തുകയും അവ—പുസ്തകങ്ങളിലും മാസികകളിലും ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും ജനപ്രീതിനേടിയ സംഗീതങ്ങളിലും—വ്യക്തമായും യഥേഷ്ടമായും ചിത്രീകരിക്കുകയും ചെയ്യുന്ന ലോകത്തിൽ നാം ജീവിക്കുന്നതിനാൽ തെററായ ചിന്തകളാലും ആശയങ്ങളാലും ദിനംതോറും നാം അക്ഷരീയമായി ആക്രമിക്കപ്പെടുകയാണ്. നിങ്ങളുടെ പ്രതികരണം എന്താണ്? ഇതെല്ലാം നിങ്ങൾക്കു രസകരവും നേരമ്പോക്കുമായി തോന്നാറുണ്ടോ? അതോ, “അധർമ്മികളുടെ . . . അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ” നീതിമാനായ ലോത്തിനെപ്പോലെയാണോ നിങ്ങൾക്ക് അനുഭവപ്പെടുന്നത്? (2 പത്രൊസ് 2:7, 8) വീഴ്ചഭവിച്ച ജഡത്തോടുള്ള പൊരുതലിൽ വിജയിക്കുന്നതിനു സങ്കീർത്തനക്കാരൻ ചെയ്തതുപോലെ നാമും ദൃഢനിശ്ചയം ചെയ്യണം: “ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിനു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പററുകയില്ല.”—സങ്കീർത്തനം 101:3.
ആത്മാവിന്റെ ചിന്ത
15. പാപത്തിന്റെ പിടിയോടു പൊരുതുന്നതിനു നമുക്ക് എന്തു സഹായമാണുള്ളത്?
15 പൗലോസ് തുടർന്നു പറയുന്നു: “ആത്മാവിന്റെ ചിന്തയോ ജീവനെയും സമാധാനത്തെയും അർഥമാക്കുന്നു.” വീഴ്ചഭവിച്ച ജഡത്തിന്റെ പിടിയോടു പൊരുതുന്നതിനു നമ്മെ സഹായിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. (റോമർ 8:6, NW) ജഡത്താൽ ഭരിക്കപ്പെടുന്നതിനു പകരം നമ്മുടെ മനസ്സ് ആത്മാവിന്റെ സ്വാധീനത്തിൻ കീഴിൽ വരുന്നതിനു നാം അനുവദിക്കുകയും ആത്മാവിന്റെ കാര്യങ്ങളിൽ അഭിവൃദ്ധിപ്പെടുകയും ചെയ്യണം. അവ ഏതെല്ലാമാണ്? ഫിലിപ്യർ 4:8-ൽ [NW] പൗലോസ് അവയുടെ ഒരു പട്ടിക ഉണ്ടാക്കുന്നു: “ഒടുവിൽ സഹോദരൻമാരേ, സത്യമായ ഏതു കാര്യങ്ങളും ഗൗരവാവഹമായ ഏതു കാര്യങ്ങളും നീതിനിഷ്ഠമായ ഏതു കാര്യങ്ങളും നിർമലമായ ഏതു കാര്യങ്ങളും പ്രിയങ്കരമായ ഏതു കാര്യങ്ങളും പ്രശംസിക്കപ്പെടുന്ന ഏതു കാര്യങ്ങളും ഏതു സദ്ഗുണവും ഏതു സ്തുത്യർഹമായ കാര്യവും, ഇവ പരിചിന്തിക്കുന്നതിൽ തുടരുക.” നമുക്ക് അവയെ അടുത്തു വീക്ഷിക്കുകയും നാം തുടർന്നു പരിചിന്തിക്കേണ്ടിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു മെച്ചമായ ഗ്രാഹ്യം നേടിയെടുക്കുകയും ചെയ്യാം.
16. എന്തു ഗുണങ്ങൾ “പരിചിന്തിക്കുന്നതിൽ തുടരു”വാനാണ് പൗലോസ് പ്രോത്സാഹിപ്പിച്ചത്, അവയിലോരോന്നിലും എന്ത് ഉൾപ്പെടുന്നു?
16 ആദ്യമായി, പൗലോസ് എട്ടു ധാർമിക ഗുണങ്ങൾ പട്ടികപ്പെടുത്തുന്നു. എല്ലായ്പോഴും തിരുവെഴുത്തുപരമോ സിദ്ധാന്തപരമോ ആയ കാര്യങ്ങൾ മാത്രമേ ചിന്തിക്കാൻ പാടുള്ളൂ എന്ന നിയന്ത്രണം ക്രിസ്ത്യാനികളുടെമേൽ ഏർപ്പെടുത്തിയിട്ടില്ലെന്നു നാം തീർച്ചയായും തിരിച്ചറിയുന്നു. നമ്മുടെ മനസ്സു കേന്ദ്രീകരിക്കാവുന്ന അനേകം ചർച്ചാവിഷയങ്ങളോ പ്രതിപാദ്യവിഷയങ്ങളോ ഉണ്ട്. എന്നാൽ അവ പൗലോസ് എടുത്തു പറഞ്ഞിരിക്കുന്ന ധാർമിക ഗുണങ്ങളോടു ചേർച്ചയിലായിരിക്കണം എന്നതാണു പ്രധാനമായിരിക്കുന്നത്. പൗലോസ് പരാമർശിച്ചിരിക്കുന്ന ‘കാര്യങ്ങളുടെ’ വിഷയാനുക്രമങ്ങളിൽ ഓരോന്നും നമ്മുടെ ശ്രദ്ധ അർഹിക്കുന്നു. നമുക്ക് അവ ഓരോന്നായി പരിചിന്തിക്കാം.
◻ “സത്യമായ”തിൽ കേവലം ശരിയോ തെറേറാ ആയിരിക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. സത്യസന്ധരായിരിക്കുക, നീതിനിഷ്ഠരായിരിക്കുക, ആശ്രയയോഗ്യരായിരിക്കുക, അപ്രകാരമാണെന്നു തോന്നിക്കുകമാത്രമല്ല, യഥാർഥിൽ അങ്ങനെയായിരിക്കുന്ന എന്തോ എന്നാണ് അത് അർഥമാക്കുന്നത്.—1 തിമൊഥെയൊസ് 6:20.
◻ “ഗൗരവാവഹമായ” എന്നത് ശ്രേഷ്ഠവും ആദരണീയവുമായ കാര്യങ്ങളെ പരാമർശിക്കുന്നു. ദുഷിച്ചതും ധാർമികമായി അപഹാസ്യവുമായിരിക്കുന്നതിനു പകരം, അത്, ഉന്നതമായ, അന്തസ്സുള്ള, ആദരണീയമായ, ഒരു ബഹുമാനബോധം ഉണർത്തുന്നു.
◻ “നീതിനിഷ്ഠമായ” എന്നതു മമനുഷ്യന്റെ മാനദണ്ഡമല്ല, മറിച്ച് ദൈവത്തിന്റെ മാനദണ്ഡവുമായി പൊരുത്തപ്പെടേണ്ടതിനെയാണ് അർഥമാക്കുന്നത്. ലോകക്കാരായ ആളുകൾ തങ്ങളുടെ മനസ്സ് അനീതിപരമായ ആസൂത്രണങ്ങളാൽ നിറയ്ക്കുന്നു. എന്നാൽ നാം ദൈവത്തിന്റെ ദൃഷ്ടിയിൽ നീതിയെന്നു തെളിയുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച് അത്തരം കാര്യങ്ങളിലാണ് ആനന്ദം കണ്ടെത്തേണ്ടത്.—താരതമ്യം ചെയ്യുക: സങ്കീർത്തനം 26:4; ആമോസ് 8:4-6.
◻ “നിർമല”മെന്നതിന്റെ അർഥം നടത്തയിൽ മാത്രമല്ല (ലൈംഗികമോ മറേറതെങ്കിലും വിധത്തിലോ) ചിന്തയിലും ഉദ്ദേശ്യത്തിലും കറകളഞ്ഞതും ശുദ്ധവുമായിരിക്കുക എന്നാണ്. “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മല”മാണ് എന്നു യാക്കോബ് പറയുന്നു. “നിർമ്മലനാ”യ യേശുവാണ് നമുക്കു പരിചിന്തിക്കാൻ കഴിയുന്ന ഏററവും തികവുള്ള മാതൃക.—യാക്കോബ് 3:17; 1 യോഹന്നാൻ 3:3.
◻ “പ്രിയങ്കരമായ”ത് മററുള്ളവരിൽ സ്നേഹം ഉദ്ദീപിപ്പിക്കുകയും ഉണർത്തുകയും ചെയ്യുന്ന ഒന്നാണ്. വെറുപ്പിനും വിദ്വേഷത്തിനും കലഹത്തിനും ഇടയാക്കുന്ന കാര്യങ്ങളിൽ നമ്മുടെ മനസ്സു പതിപ്പിക്കുന്നതിനു പകരം നാം “സ്നേഹത്തിനും സൽപ്രവർത്തികൾക്കും പ്രോത്സാഹിപ്പിക്കാൻ . . . അന്യോന്യം പരിഗണി”ക്കേണ്ടതായിട്ടുണ്ട്.—എബ്രായർ 10:24, NW.
◻ “പ്രശംസിക്കപ്പെടുന്ന” എന്നതിന്റെ അർഥം “ശ്ലാഘനീയമായിരിക്കുക” അല്ലെങ്കിൽ “നല്ല അഭിപ്രായത്തിനു പാത്രമാവുക” എന്നു മാത്രമല്ല മറിച്ച് സജീവമായ അർഥത്തിൽ പരിരക്ഷണമേകുന്നവരും പ്രശംസാർഹരുമായിരിക്കുക എന്നതാണ്. അന്തസ്സിനുചേരാത്തതും കുററകരവുമായ പ്രവൃത്തികളിൽ നമ്മുടെ മനസ്സുകൾ കേന്ദ്രീകരിക്കുന്നതിനു പകരം നാം ആരോഗ്യാവഹവും പരിപുഷ്ടി പകരുന്നതുമായ കാര്യങ്ങളിൽ കേന്ദ്രീകരിക്കുന്നു.—എഫെസ്യർ 4:29.
◻ ‘സദ്ഗുണം’ എന്നുപറഞ്ഞാൽ അടിസ്ഥാനപരമായി അർഥമാക്കുന്നത് “നൻമ” അല്ലെങ്കിൽ “ധാർമിക വൈശിഷ്ട്യം” എന്നാണ്. അതുകൊണ്ട് ഏതുതരത്തിലുമുള്ള വൈശിഷ്ട്യത്തെയും ഇതിനാൽ അർഥമാക്കുന്നു. തത്ഫലമായി, മററുള്ളവരിലുള്ള അമൂല്യ ഗുണങ്ങളും യോഗ്യതകളും ദൈവത്തിന്റെ പ്രമാണങ്ങളുടെ ചേർച്ചയിൽ ആണെങ്കിൽ നേട്ടങ്ങളെയും നമുക്കു വിലമതിക്കാനാകും.
◻ “സ്തുത്യർഹമായ” കാര്യങ്ങൾ യഥാർഥത്തിൽ അപ്രകാരമായിരിക്കുന്നത് പുകഴ്ച ദൈവത്തിൽനിന്നോ അവനാൽ യഥായോഗ്യം അംഗീകരിക്കപ്പെട്ട മറേറതെങ്കിലും അധികാരസ്ഥാനത്തുനിന്നോ വരുമ്പോഴാണ്.—1 കൊരിന്ത്യർ 4:5; 1 പത്രൊസ് 2:14.
ജീവന്റെയും സമാധാനത്തിന്റെയും വാഗ്ദത്തം
17. “ആത്മാവിന്റെ ചിന്ത”യുടെ ഫലമായി എന്തെല്ലാം അനുഗ്രഹങ്ങളാണു ലഭിക്കുന്നത്?
17 നാം പൗലോസിന്റെ അനുശാസനം പിൻപററുകയും ഇവ “പരിചിന്തിക്കുന്നതിൽ തുടരു”കയും ചെയ്യുമ്പോൾ “ആത്മാവിന്റെ ചിന്ത”യിൽ നാം വിജയംനേടും. അതിന്റെ ഫലം ജീവന്റെ അനുഗ്രഹം അതായത്, വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ ലോകത്തിലെ നിത്യജീവൻ മാത്രമല്ല സമാധാനംകൂടെയാണ്. (റോമർ 8:6, NW) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നമ്മുടെ മനസ്സുകൾ ജഡസംബന്ധമായ ദുഷിച്ച സ്വാധീനത്തിൽനിന്നു സംരക്ഷിക്കപ്പെടുകയാണ്. കൂടാതെ, പൗലോസ് വിശദീകരിച്ചിരിക്കുന്ന ജഡവും ആത്മാവും തമ്മിലുള്ള വേദനാജനകമായ മൽപ്പിടുത്തം നമ്മെ മേലാൽ അത്ര ശക്തമായി ബാധിക്കുന്നില്ല. ജഡത്തിന്റെ സ്വാധീനത്തോടു ചെറുത്തുനിന്നുകൊണ്ടു നാം ദൈവസമാധാനവും നേടിയെടുക്കുന്നു. കാരണം, “ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു.”—റോമർ 7:21-24; 8:7.
18. സാത്താൻ ഏതു പോരാട്ടത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്, നമുക്ക് എങ്ങനെ വിജയശ്രീലാളിതരാകാൻ കഴിയും?
18 നമ്മിലുള്ള ദൈവതേജസ്സിന്റെ പ്രതിഫലനത്തിനു മങ്ങലേൽപ്പിക്കുന്നതിന് സാത്താനും അവന്റെ ഏജൻറുമാരും തങ്ങളാലാവുന്നതെല്ലാം ചെയ്യുകയാണ്. ജഡികചിന്തകളാൽ ആക്രമണം നടത്തിക്കൊണ്ട് അവർ നമ്മുടെ മനസ്സുകളെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. ഇത് ഒടുവിൽ ദൈവവുമായി ശത്രുതയിലേക്കും മരണത്തിലേക്കും നയിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇപ്രകാരം ചെയ്യുന്നത്. എന്നാൽ ഈ പോരാട്ടത്തിൽ നമുക്കു വിജയശ്രീലാളിതരാകാൻ കഴിയും. വീഴ്ചഭവിച്ച ജഡത്തിൻമേലുള്ള പാപത്തിന്റെ പിടിയോടു പൊരുതുന്നതിന് ആവശ്യമായ ഉപാധികൾ നമുക്കു നൽകുന്നതിനു പൗലോസിനെപ്പോലെ നമുക്കും ഇപ്രകാരം പ്രഖ്യാപിക്കാൻ കഴിയും: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം . . . ദൈവത്തിനു സ്തോത്രം.”—റോമർ 7:25.
[അടിക്കുറിപ്പുകൾ]
a “പാപം” എന്ന പദത്തെ കുറിക്കുന്നതിന് ബൈബിൾ പൊതുവേ ചട്ടാ എന്ന എബ്രായ ക്രിയാപദവും ഹമർത്താനൊ എന്ന ഗ്രീക്കു ക്രിയാപദവും ഉപയോഗിക്കുന്നു. ഈ രണ്ടുപദങ്ങളും “കൈവിട്ടുപോവുക” എന്ന അർഥത്തിൽ “നഷ്ടമാവുക” എന്നോ ലാക്കിലോ ലക്ഷ്യത്തിലോ എത്താതിരിക്കുക അല്ലെങ്കിൽ ഉന്നം പിഴക്കുക എന്നോ അർഥമാക്കുന്നു.
b പരമ്പരാഗതമായിപ്പറയുന്ന ഏഴു മാരക പാപങ്ങൾ അഹങ്കാരം, ദുർമോഹം, കാമം, അസൂയ, തീററിഭ്രാന്ത്, കോപം, അലസത എന്നിവയാണ്.
നിങ്ങൾക്കു വിശദീകരിക്കാനാവുമോ?
◻ പാപം എന്നാൽ എന്ത്, വീഴ്ചഭവിച്ച ജഡത്തിൻമേൽ ഒരു പിടി വികസിപ്പിച്ചെടുക്കാൻ അതിന് എങ്ങനെ കഴിയും?
◻ “ജഡത്തിന്റെ ചിന്ത”യോടു നമുക്ക് എങ്ങനെ പൊരുതാനാകും?
◻ “ആത്മാവിന്റെ ചിന്ത” വളർത്തിക്കൊണ്ടുവരുന്നതിനു നമുക്ക് എന്തു ചെയ്യാൻ കഴിയും?
◻ “ആത്മാവിന്റെ ചിന്ത” ജീവനും സമാധാനവും കൈവരുത്തുന്നത് എങ്ങനെ?
[15-ാം പേജിലെ ചിത്രം]
തന്റെതന്നെ നാശത്തിനായി ജഡിക പ്രവണതകൾ തന്നെ ഭരിക്കാൻ കയീൻ അനുവദിച്ചു
[16-ാം പേജിലെ ചിത്രം]
ആത്മാവിന്റെ ചിന്ത ജീവനെയും സമാധാനത്തെയും അർഥമാക്കുന്നു