കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനു നിങ്ങളെസംബന്ധിച്ച് അർത്ഥമുള്ളതിന്റെ കാരണം
യേശുക്രിസ്തു തന്റെ മനുഷ്യജീവിതത്തിന്റെ അവസാനത്തെ രാത്രിയിലാണ് കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയത്. അതു മാർച്ച് 31-ാം തീയതി വ്യാഴാഴ്ച സന്ധ്യയ്ക്കായിരുന്നു. യേശു മരിച്ചത് ഏപ്രിൽ 1 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു. യഹൂദപഞ്ചാംഗപ്രകാരം ദിവസങ്ങൾ ഒരു ദിവസത്തിന്റെ സന്ധ്യമുതൽ അടുത്ത ദിവസത്തിന്റെ സന്ധ്യവരെ ആയിരുന്നതുകൊണ്ട് കർത്താവിന്റെ സന്ധ്യാഭക്ഷണവും യേശുവിന്റെ മരണവും നടന്നത് പൊ.യു. (പൊതുയുഗം) 33-ലെ നീസാൻ 14-ന് ആയിരുന്നു.
യേശു ഈ ഭക്ഷണം ഏർപ്പെടുത്തിയത് എന്തിനായിരുന്നു? അദ്ദേഹം ഉപയോഗിച്ച അപ്പത്തിന്റെയും വീഞ്ഞിന്റെയും അർത്ഥം എന്തായിരുന്നു? പങ്കെടുക്കേണ്ടതാരാണ്? ഈ ഭക്ഷണത്തിന്റെ ആചരണം എത്ര കൂടെക്കൂടെയായിരിക്കണം? അതിനു നിങ്ങളെസംബന്ധിച്ച് അർത്ഥമുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ?
ഏർപ്പെടുത്തിയതെന്തിന്?
കർത്താവിന്റെ സന്ധ്യാഭക്ഷണത്തെസംബന്ധിച്ച് യേശു തന്റെ അപ്പൊസ്തലൻമാരോട്: “ഇതു എന്റെ ഓർമ്മെക്കായി ചെയ്വിൻ” എന്നു പറഞ്ഞു. മറെറാരു വിവർത്തനമനുസരിച്ച്, അദ്ദേഹം “ഇത് എന്റെ ഒരു സ്മാരകമായി ചെയ്യുക” എന്നു പറഞ്ഞു. (1 കൊരിന്ത്യർ 11:24; ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) യഥാർത്ഥത്തിൽ, കർത്താവിന്റെ സന്ധ്യാഭക്ഷണത്തെ മിക്കപ്പോഴും ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകമെന്നു പരാമർശിക്കുന്നു.
യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്ന നിർമ്മലതാപാലകനായ ഒരുവനായിട്ടു യേശു മരിക്കുകയും അങ്ങനെ നേരുള്ള മനുഷ്യർ സ്വാർത്ഥപരമായ ആന്തരങ്ങളോടെ മാത്രമാണു ദൈവത്തെ സേവിക്കുന്നതെന്ന് ആരോപിച്ച സാത്താനെ വ്യാജം പറയുന്ന ഒരു പരിഹാസിയെന്നു തെളിയിക്കുകയും ചെയ്തു. (ഇയ്യോബ് 2:1-5) അദ്ദേഹത്തിന്റെ മരണം ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ചു.—സദൃശവാക്യങ്ങൾ 27:11.
കൂടാതെ, ഒരു പൂർണ്ണമനുഷ്യനെന്ന നിലയിലുള്ള തന്റെ മരണം മുഖാന്തരം യേശു ‘തന്റെ ദേഹിയെ അനേകർക്കു പകരം ഒരു മറുവിലയായി കൊടുത്തു.’ (മത്തായി 20:28, NW) ദൈവത്തിനെതിരെ പാപംചെയ്തതിനാൽ ആദ്യമനുഷ്യൻ പൂർണ്ണമനുഷ്യജീവനും അതിന്റെ പ്രതീക്ഷകളും നഷ്ടപ്പെടുത്തി. എന്നാൽ “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാന്തക്കവണ്ണം [മനുഷ്യവർഗ്ഗ] ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) അതെ, “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നേ.”—റോമർ 6:23.
“കർത്താവിങ്കൽനിന്നു പ്രാപിക്കയും”
ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൻമേൽ വെളിച്ചം വീശുന്നതാണ് അപ്പൊസ്തലനായ പൗലോസിന്റെ വാക്കുകൾ: “ഞാൻ കർത്താവിങ്കൽനിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി: ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയ നിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്വിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ [കൂടെക്കൂടെ, NW] ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.”—1 കൊരിന്ത്യർ 11:23-26.
പൊ.യു. 33 നീസാൻ 14-ന് പൗലോസ് യേശുവിനോടും 11 അപ്പൊസ്തലൻമാരോടുംകൂടെ ഇല്ലാഞ്ഞതുകൊണ്ട് ലഭ്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ ഈ വിവരങ്ങൾ നിശ്വസ്ത വെളിപ്പാടിനാൽ അവൻ “കർത്താവിൽനിന്നു പ്രാപി”ച്ചതായിരുന്നു. യേശു സ്മാരകം ഏർപ്പെടുത്തിയതു യൂദാ യഹൂദ മതശത്രുക്കൾക്ക് “കർത്താവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ” ആയിരുന്നു, അവർ ക്രിസ്തുവിനെ കൊലമരത്തിലേററാൻ റോമാക്കാരെ പ്രേരിപ്പിച്ചു. ചിഹ്നങ്ങളായ അപ്പവീഞ്ഞുകളിൽ പങ്കുപററാൻ യോഗ്യതയുള്ളവർ അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്മാരകമായിട്ടായിരിക്കും.
എത്ര കൂടെക്കൂടെ അതാചരിക്കണം?
“നിങ്ങൾ [കൂടെക്കൂടെ, NW] ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” എന്ന പൗലോസിന്റെ വാക്കുകളുടെ അർത്ഥമെന്താണ്? വിശ്വസ്തരായ അഭിഷിക്തക്രിസ്ത്യാനികൾ തങ്ങൾ പിന്നീടു സ്വർഗ്ഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നതിനുവേണ്ടി മരിക്കുന്നതുവരെ “കൂടെക്കൂടെ” സ്മാരകചിഹ്നങ്ങളിൽ പങ്കുപററും. അവർ അങ്ങനെ ദൈവത്തിന്റെയും ലോകത്തിന്റെയും മുമ്പാകെ യേശുവിന്റെ ബലി സംബന്ധിച്ച യഹോവയുടെ കരുതലിലുള്ള തങ്ങളുടെ വിശ്വാസത്തെ കൂടെക്കൂടെ പ്രഖ്യാപിക്കും. എത്ര നാൾ? “കർത്താവു വരുവോളം” എന്നു പൗലോസ് പറഞ്ഞു, പ്രത്യക്ഷത്തിൽ ഈ ആചരണങ്ങൾ യേശു തന്റെ “സാന്നിദ്ധ്യ” കാലത്ത് ഒരു പുനരുത്ഥാനത്താൽ തന്റെ അഭിഷിക്താനുഗാമികളെ സ്വർഗ്ഗത്തിലേക്കു സ്വീകരിക്കാൻ വരുന്നതുവരെ തുടരുമെന്ന് അർത്ഥമാക്കിക്കൊണ്ടുതന്നെ. (1 തെസ്സലൊനീക്യർ 4:14-17) ഇതു വിശ്വസ്തരായ അപ്പൊസ്തലൻമാരോടുള്ള ക്രിസ്തുവിന്റെ വാക്കുകൾക്കു ചേർച്ചയായിട്ടാണ്: “ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.”—യോഹന്നാൻ 14:3.
ക്രിസ്തുവിന്റെ ഓർമ്മ ആഘോഷിക്കേണ്ടതു ദിവസംതോറുമാണോ അതോ ഒരുപക്ഷേ വാരംതോറുമാണോ? കൊള്ളാം, യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുകയും വധത്തിനിരയാകുകയും ചെയ്തത് ഈജിപ്ററിലെ അടിമത്തത്തിൽനിന്നുള്ള വിടുതലിന്റെ സ്മാരകമായിരുന്ന പെസഹാദിവസമായിരുന്നു. യഥാർത്ഥത്തിൽ, ക്രിസ്ത്യാനികൾക്കുവേണ്ടി ബലിയായിത്തീർന്ന കുഞ്ഞാട് അദ്ദേഹമായതുകൊണ്ട് അദ്ദേഹത്തെ “നമ്മുടെ പെസഹക്കുഞ്ഞാട്” എന്നു വിളിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 5:7) പെസഹാ ആചരിച്ചത് വർഷത്തിലൊരിക്കൽമാത്രം, നീസാൻ 14-ന്, ആയിരുന്നു. (പുറപ്പാടു 12:6, 14; ലേവ്യപുസ്തകം 23:5) ഇത് പെസഹ വാർഷികമായി കൂടെക്കൂടെ ആഘോഷിക്കുന്നതുപോലെ, വാർഷികമായിട്ടാണ് യേശുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കേണ്ടത് എന്നു സൂചിപ്പിക്കുന്നു—ദിവസംതോറുമോ വാരംതോറുമോ അല്ല.
പല നൂററാണ്ടുകളിൽ, ക്രിസ്ത്യാനികളെന്നവകാശപ്പെട്ട അനേകർ യേശുവിന്റെ മരണത്തിന്റെ സ്മാരകമാഘോഷിച്ചത് വർഷത്തിലൊരിക്കലായിരുന്നു. അവർ നീസാൻ 14-ന് അങ്ങനെ ചെയ്തതുകൊണ്ട് അവരെ “പതിനാലുകാർ” എന്നർത്ഥമുള്ള ക്വാർട്ടോഡെസിമെൻസ് എന്നു വിളിച്ചിരുന്നു. അവരെസംബന്ധിച്ചു ചരിത്രകാരനായ ഫോൺ മോഷൈം ഇങ്ങനെ എഴുതി: “ഏഷ്യാമൈനറിലെ ക്രിസ്ത്യാനികൾ കർത്താവിന്റെ അത്താഴത്തിന്റെ ഏർപ്പെടുത്തലിന്റെയും യേശുക്രിസ്തുവിന്റെ മരണത്തിന്റെയും സ്മാരകമായ ഈ പവിത്രവിരുന്ന് ആഘോഷിച്ചുപോന്നതു യഹൂദൻമാർ തങ്ങളുടെ പെസഹക്കുഞ്ഞാടിനെ ഭക്ഷിച്ച അതേ സമയത്ത്, അതായത്, ഒന്നാം മാസത്തിന്റെ [നീസാൻ] പതിനാലാം ദിവസം സന്ധ്യക്ക് ആയിരുന്നു. . . . ക്രിസ്തുവിന്റെ മാതൃകക്ക് ഒരു നിയമത്തിന്റെ ശക്തി ഉണ്ടെന്ന് അവർ കരുതി.”
ചിഹ്നങ്ങളുടെ അർത്ഥം
യേശു “അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി” എന്നു പൗലോസ് പറഞ്ഞു. പുളിപ്പ് (അല്ലെങ്കിൽ യീസ്ററ്) ചേർക്കാതെ വെള്ളത്തിൽ മാവു കുഴച്ചുണ്ടാക്കിയ ബിസ്കററുപോലെയുള്ള അപ്പം ഭക്ഷിക്കുന്നതിനു നുറുക്കണമായിരുന്നു. ബൈബിളിലെ സൂചിതാർത്ഥഭാഷയിൽ പുളിപ്പു പാപത്തെ അല്ലെങ്കിൽ ദുഷിപ്പിനെ സൂചിപ്പിക്കുന്നു. ഒരു ദുർമ്മാർഗ്ഗിയായ മനുഷ്യനെ സഭയിൽനിന്നു പുറന്തള്ളാൻ കൊരിന്ത്യക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടു പൗലോസ് പറഞ്ഞു: “അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ? നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തുതന്നെ. ആകയാൽ നാം പഴയ പുളിമാവു കൊണ്ടല്ല, തിൻമയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.” (1 കൊരിന്ത്യർ 5:6-8) അല്പം പുളിമാവ് അപ്പത്തിന്റെ മുഴുപിണ്ഡത്തെയും അഥവാ കൂട്ടത്തെയും പുളിപ്പിക്കുന്നതുപോലെ, പാപപൂർണ്ണനായ മമനുഷ്യന്റെ ദുഷിപ്പിക്കുന്ന സ്വാധീനത്തെ നീക്കിയില്ലെങ്കിൽ സഭ ദൈവദൃഷ്ടിയിൽ അശുദ്ധമായിത്തീരുമായിരുന്നു. അവർ “പുളിപ്പിനെ” തങ്ങളുടെ മദ്ധ്യത്തിൽനിന്നു നീക്കംചെയ്യേണ്ടതുണ്ടായിരുന്നു, പെസഹായെ തുടർന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിന്റെ കാലത്ത് ഇസ്രയേല്യർക്കു തങ്ങളുടെ വീടുകളിൽ പുളിപ്പ് ഉണ്ടായിരിക്കാൻ പാടില്ലാഞ്ഞതുപോലെതന്നെ.
പുളിപ്പില്ലാത്ത സ്മാരക അപ്പത്തെക്കുറിച്ചു യേശു പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം.” (1 കൊരിന്ത്യർ 11:24) അപ്പം യേശുവിന്റെ പൂർണ്ണതയുള്ള ജഡികശരീരത്തെ പ്രതിനിധാനംചെയ്യുന്നു, അതിനെക്കുറിച്ചു പൗലോസ് ഇങ്ങനെ എഴുതി: “ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ [യേശു] ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. സർവ്വാംഗഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്യാൻ ഞാൻ വരുന്നു” . . . ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.” (എബ്രായർ 10:5-10) യേശുവിന്റെ പൂർണ്ണതയുള്ള മനുഷ്യശരീരം പാപരഹിതമായിരുന്നു, മനുഷ്യവർഗ്ഗത്തിന് ഒരു മറുവിലയാഗമായി ഉതകുകയും ചെയ്തു.—എബ്രായർ 7:26.
മായംചേർക്കാത്ത വീഞ്ഞിൻ പാനപാത്രത്തിൻമേൽ പ്രാർത്ഥിച്ച ശേഷം യേശു പറഞ്ഞു: “ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയ നിയമം ആകുന്നു.” (1 കൊരിന്ത്യർ 11:25) മറെറാരു വിവർത്തനം ഇങ്ങനെയാണ്: “ഈ പാനപാത്രം എന്റെ രക്തത്താൽ ഉറപ്പാക്കപ്പെട്ട പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു.” (മോഫററ്) ബലിചെയ്യപ്പെടുന്ന കാളകളുടെയും കോലാടുകളുടെയും രക്തം ദൈവവും ഇസ്രയേൽജനതയുമായുള്ള ന്യായപ്രമാണ ഉടമ്പടിയെ സാധുവാക്കിയതുപോലെ, മരണത്തിൽ ചൊരിയപ്പെട്ട യേശുവിന്റെ രക്തം പുതിയ ഉടമ്പടിയെ സാധുവാക്കി. ആ ഉടമ്പടിയെക്കുറിച്ചുള്ള പരാമർശം സ്മാരകചിഹ്നങ്ങളിൽ പങ്കുപററാൻ യോഗ്യതയുള്ളവരെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു.
ആർ പങ്കുപററണം?
പുതിയ ഉടമ്പടിയിലുള്ള യേശുവിന്റെ അഭിഷിക്താനുഗാമികൾ ഉചിതമായി സ്മാരകചിഹ്നങ്ങളിൽ പങ്കുപററുന്നു. ഈ ഉടമ്പടി ചെയ്തിരിക്കുന്നത് ദൈവവും ആത്മീയ ഇസ്രയേലും തമ്മിലാണ്. (യിരെമ്യാവു 31:31-34; ഗലാത്യർ 6:16) എന്നാൽ പുതിയ ഉടമ്പടി ഒടുവിൽ അനുസരണമുള്ള സകല മനുഷ്യവർഗ്ഗത്തിനും അനുഗ്രഹങ്ങൾ കൈവരുത്തും, നിങ്ങൾക്ക് ആ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നവരിൽ ഉൾപ്പെടാൻ കഴിയും.
സ്മാരകചിഹ്നങ്ങളിൽ പങ്കുപററുന്നവർ യേശു ചെയ്ത രാജ്യത്തിനുവേണ്ടിയുള്ള വ്യക്തിപരമായ ഉടമ്പടിയിലായിരിക്കണം. ഈ ഭക്ഷണം ഏർപ്പെടുത്തിയപ്പോൾ, യേശു വിശ്വസ്തരായ തന്റെ അപ്പൊസ്തലൻമാരോട് ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ, ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു.” (ലൂക്കൊസ് 22:29) ദൈവം ദാവീദുരാജാവുമായി ചെയ്ത രാജ്യഉടമ്പടി സ്വർഗ്ഗീയ രാജ്യത്തിൽ എന്നേക്കും ഭരിക്കാനുള്ള യേശുവിന്റെ വരവിലേക്കു മുമ്പോട്ടു വിരൽചൂണ്ടി. അവനുമായി ഭരണാധിപത്യം പങ്കിടാൻ പോകുന്ന 1,44,000 ആത്മീയ ഇസ്രയേല്യർ കുഞ്ഞാടായ യേശുക്രിസ്തുവിനോടുകൂടെ സ്വർഗ്ഗീയ സീയോൻമലയിൽ നിൽക്കുന്നതായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. അവർ ഉയിർപ്പിക്കപ്പെടുമ്പോൾ സഹരാജാക്കൻമാരും പുരോഹിതൻമാരുമെന്നനിലയിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കും. (2 ശമൂവേൽ 7:11-16; വെളിപ്പാടു 7:4; 14:1-4; 20:6) പുതിയ ഉടമ്പടിയിലും യേശുവുമായുള്ള വ്യക്തിപരമായ ഉടമ്പടിയിലുമുള്ളവർ ഉചിതമായി കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ചിഹ്നങ്ങളിൽ പങ്കുപററുന്നു.
അഭിഷിക്തർ ദൈവത്തിന്റെ മക്കളും ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണെന്ന് ദൈവത്തിന്റെ ആത്മാവ് അവരുടെ ആത്മാവോടുകൂടെ സാക്ഷ്യംവഹിക്കുന്നു. പൗലോസ് ഇങ്ങനെ എഴുതി: “നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമർ 8:16, 17) ദൈവത്തിന്റെ പരിശുദ്ധാത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തി അഭിഷിക്തരിൽ അവർ സ്വർഗ്ഗീയ ജീവനു നിശ്ചയിക്കപ്പെട്ടിരിക്കുന്നവരാണെന്ന ഉറപ്പ് ഉളവാക്കുന്നു. സ്വർഗ്ഗീയ ജീവനെക്കുറിച്ചു തിരുവെഴുത്തുകൾ പറയുന്നതെല്ലാം തങ്ങളേസംബന്ധിച്ചാണെന്ന് അവർ വീക്ഷിക്കുകയും മാനുഷജീവിതം ഉൾപ്പെടെ സകല ഭൗമികകാര്യങ്ങളും ത്യജിക്കാൻ മനസ്സുള്ളവരായിരിക്കുകയും ചെയ്യുന്നു. ഭൗമികപറുദീസയിലെ ജീവിതം വിശിഷ്ടമായിരിക്കുമെങ്കിലും അവർക്ക് ആ പ്രത്യാശ ഇല്ല. (ലൂക്കൊസ് 23:43) വ്യാജ മതവീക്ഷണങ്ങളിലധിഷ്ഠിതമല്ലാത്ത സുനിശ്ചിതവും മാററമില്ലാത്തതുമായ ഒരു സ്വർഗ്ഗീയ പ്രത്യാശ സ്മാരകചിഹ്നങ്ങളിൽ പങ്കുപററാൻ അവരെ യോഗ്യരാക്കുന്നു.
ഒരുവനു സ്വർഗ്ഗീയരാജാവും പുരോഹിതനുമായിരിക്കാനുള്ള വിളിയില്ലാത്തപ്പോൾ അങ്ങനെയായിരിക്കാൻ വിളിക്കപ്പെട്ടവനായി സ്വയം ചിത്രീകരിക്കുന്നുവെങ്കിൽ യഹോവ അപ്രീതിപ്പെടും. (റോമർ 9:16; വെളിപ്പാടു 22:5) ധിക്കാരപൂർവം പൗരോഹിത്യം നേടാൻ ശ്രമിച്ചതുകൊണ്ടു ദൈവം കോരഹിനെ വധിച്ചു. (പുറപ്പാടു 28:1; സംഖ്യാപുസ്തകം 16:4-11, 31-35) അതുകൊണ്ട്, ശക്തമായ വികാരങ്ങളോ മതപരമായ മുൻ ആശയങ്ങളോ ഒരാൾ സ്മാരകചിഹ്നങ്ങളിൽ തെററായി പങ്കുപററാൻ ഇടയാക്കിയാലെന്ത്? അപ്പോൾ അയാൾ പങ്കെടുക്കൽ നിർത്തുകയും ദൈവത്തിന്റെ ക്ഷമക്കായി താഴ്മയോടെ പ്രാർത്ഥിക്കുകയും ചെയ്യണം.—സങ്കീർത്തനം 19:13.
നിങ്ങളെ ബാധിക്കുന്ന വിധം
യേശുവിന്റെ മറുവിലയാഗത്തിൽനിന്നു പ്രയോജനംകിട്ടുന്നതിനും ഭൂമിയിൽ നിത്യജീവൻ പ്രാപിക്കുന്നതിനും ഒരാൾ സ്മാരകചിഹ്നങ്ങളിൽ പങ്കുപറേറണ്ടയാവശ്യമില്ല. ഉദാഹരണത്തിന്, അബ്രഹാം, സാറാ, ഇസ്ഹാക്ക്, റിബേക്കാ, ബോവസ്, രൂത്ത്, ദാവീദ് എന്നിങ്ങനെ ദൈവഭയമുണ്ടായിരുന്ന ആളുകൾ ഈ ചിഹ്നങ്ങളിൽ എന്നെങ്കിലും പങ്കുപററുമെന്നു ബൈബിൾ സൂചിപ്പിക്കുന്നില്ല. എന്നാൽ അവരും ഈ ഭൂഗോളത്തിലെ അനന്തജീവൻ ആഗ്രഹിക്കുന്ന മറെറല്ലാവരും ദൈവത്തിലും ക്രിസ്തുവിലും യേശുവിന്റെ മറുവിലയാഗം സംബന്ധിച്ച യഹോവയുടെ കരുതലിലും വിശ്വാസം പ്രകടമാക്കേണ്ടതാണ്. (യോഹന്നാൻ 3:36; 14:1) ക്രിസ്തുവിന്റെ മരണത്തിന്റെ വാർഷികാചരണം ആ വലിയ ബലിയുടെ ഒരു ഓർമ്മിപ്പിക്കലായി ഉതകുന്നു.
“നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വ ലോകത്തിന്റെ പാപത്തിന്നും തന്നേ” എന്നു അപ്പൊസ്തലനായ യോഹന്നാൻ എഴുതിയപ്പോൾ യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രാധാന്യം പ്രകടമാക്കപ്പെട്ടു. (1 യോഹന്നാൻ 2:1, 2) യേശു “[തങ്ങളുടെ] പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു” എന്ന് അഭിഷിക്തക്രിസ്ത്യാനികൾക്കു പറയാൻ കഴിയും. എന്നിരുന്നാലും, അദ്ദേഹം മുഴുലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടിയുള്ള ഒരു യാഗവുംകൂടെയാകുന്നു, ഇപ്പോൾ വളരെയടുത്തിരിക്കുന്ന പറുദീസാഭൂമിയിൽ അനുസരണമുള്ള മനുഷ്യവർഗ്ഗത്തിനു നിത്യജീവൻ സാദ്ധ്യമാക്കിക്കൊണ്ടുതന്നെ.
ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനു ഹാജരാകുന്നതിനാൽ നിങ്ങൾക്കു ചിന്തോദ്ദീപകമായ ഒരു ബൈബിൾപ്രസംഗത്തിൽനിന്നു പ്രയോജനം കിട്ടും. യഹോവയാം ദൈവവും യേശുക്രിസ്തുവും നമുക്കുവേണ്ടി എത്രയധികം ചെയ്തിരിക്കുന്നുവെന്നു നിങ്ങളെ ഓർമ്മപ്പെടുത്തും. ദൈവത്തോടും ക്രിസ്തുവിനോടും യേശുവിന്റെ മറുവിലയാഗത്തോടും ആഴമായ ആദരവുള്ളവരുമായി സമ്മേളിക്കുന്നത് ആത്മീയമായി പ്രതിഫലദായകമായിരിക്കും. ആ അവസരം നിത്യജീവനിലേക്കു നയിക്കുന്ന, ദൈവത്തിന്റെ അനർഹദയ സ്വീകരിക്കുന്ന ഒരാളായിത്തീരാനുള്ള നിങ്ങളുടെ ആഗ്രഹത്തെ വേണ്ടപോലെ ശക്തീകരിച്ചേക്കാം. യേശുക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകമാഘോഷിക്കുന്നതിന് 1993 ഏപ്രിൽ 6-ന് സൂര്യാസ്തമയ ശേഷം യഹോവയുടെ സാക്ഷികളോടുകൂടെ കൂടിവരാൻ ഞങ്ങൾ ഹൃദയംഗമമായി നിങ്ങളെ ക്ഷണിക്കുകയാണ്, എന്തുകൊണ്ടെന്നാൽ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനു നിങ്ങളെസംബന്ധിച്ചു വലിയ അർത്ഥമുണ്ടായിരിക്കാൻ കഴിയും. (w93 3⁄15)