മുൻനിർണയം ദൈവസ്നേഹവുമായി പൊരുത്തപ്പെടുമോ?
“ഓരോ മനുഷ്യനെക്കുറിച്ചും താൻ എന്തു ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നു തീരുമാനിച്ചിരിക്കുന്ന ദൈവത്തിന്റെ ശാശ്വതപദ്ധതിയായി മുൻനിശ്ചയത്തെ ഞങ്ങൾ നിർവചിക്കുന്നു. എന്തെന്നാൽ അവൻ അവരെയെല്ലാവരെയും സൃഷ്ടിച്ചിരിക്കുന്നത് ഒരേ അവസ്ഥയിലല്ല. ചിലരെ നിത്യജീവനിലേക്കും മററുള്ളവരെ നിത്യശിക്ഷാവിധിയിലേക്കുമായി അവൻ മുൻകൂട്ടിനിശ്ചയിച്ചിരിക്കുന്നു.”
ഇൻസ്ററിററ്യൂട്ട്സ് ഓഫ് ക്രിസ്ററ്യൻ റിലിജിയൻ എന്ന പുസ്തകത്തിൽ പ്രൊട്ടസ്ററൻറ് പരിഷ്കർത്താവായ ജോൺ കാൽവിൻ മുൻനിശ്ചയത്തെക്കുറിച്ചുള്ള തന്റെ ആശയത്തെ നിർവചിച്ചിരിക്കുന്നത് അങ്ങനെയാണ്. ദൈവം സർവജ്ഞാനിയാണെന്നും സൃഷ്ടികളുടെ പ്രവൃത്തികൾക്കു തന്റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യാനോ മാററങ്ങൾ വരുത്താൻ തന്നെ നിർബന്ധിതനാക്കാനോ കഴിയില്ലെന്നുമുള്ള ആശയത്തിൽ അധിഷ്ഠിതമാണ് ഈ സങ്കൽപ്പം.
എന്നാൽ ദൈവത്തെ സംബന്ധിച്ചു ബൈബിൾ വാസ്തവത്തിൽ ഇതാണോ അർഥമാക്കുന്നത്? അതിലും പ്രധാനമായി, അത്തരം വിശദീകരണം ദൈവത്തിന്റെ ഗുണങ്ങളുമായി, വിശേഷിച്ച് അവന്റെ ഏററവും പ്രമുഖ ഗുണമായ സ്നേഹവുമായി പൊരുത്തപ്പെടുമോ?
ഭാവി മുൻകൂട്ടിപ്പറയാൻ പ്രാപ്തിയുള്ള ദൈവം
ഭാവി മുൻകൂട്ടിപ്പറയാൻ ദൈവത്തിനു പ്രാപ്തിയുണ്ട്. തന്നേക്കുറിച്ചുതന്നെ അവൻ പറയുന്നു: “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും.” (യെശയ്യാവു 46:10) സംഭവങ്ങൾ നടക്കുന്നതിനുമുമ്പുതന്നെ അവ മുൻകൂട്ടി അറിയാനും മുൻകൂട്ടി പറയാനും തനിക്കാവുമെന്നു പ്രകടിപ്പിക്കാൻ മനുഷ്യ ചരിത്രത്തിലുടനീളം ദൈവം പ്രവചനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെ, ബാബിലോൻ രാജാവായ ബേൽശസ്സറിന്റെ നാളുകളിൽ ദാനിയേൽ പ്രവാചകനു ഒരു സ്വപ്നമുണ്ടായി. ഒന്നിനെ മറെറാന്ന് ആക്രമിച്ചു കീഴ്പെടുത്തുന്ന രണ്ടു വന്യമൃഗങ്ങൾ. യഹോവ അതിനുള്ള വ്യാഖ്യാനം കൊടുത്തത് ഇങ്ങനെയായിരുന്നു: “രണ്ടു കൊമ്പുകളുള്ളതായി നീ കണ്ട മുട്ടാട് മേദിയായിലെയും പേർഷ്യായിലെയും രാജാക്കൻമാരാണ്. കോലാട്ടുകൊററൻ യവനരാജാവാണ്.” (ദാനിയേൽ 8:20, 21, പി.ഒ.സി. ബൈബിൾ) വ്യക്തമായും, ലോകശക്തികളുടെ അനുക്രമം വെളിപ്പെടുത്താൻ ദൈവം തന്റെ മുന്നറിവ് ഉപയോഗിച്ചു. അന്നു ഭരണം നടത്തിയിരുന്ന ബാബിലോൻ സാമ്രാജ്യത്തിനുശേഷം വരാനുണ്ടായിരുന്നത് മേദോ-പേർഷ്യയും അതിനുശേഷം ഗ്രീസുമായിരുന്നു.
ഒരു വ്യക്തിയെക്കുറിച്ചും പ്രവചനങ്ങൾ നടത്താം. ഉദാഹരണത്തിന്, മിശിഹായുടെ ജനനം ബേത്ലഹേമിലായിരിക്കുമെന്നു മീഖാ പ്രവാചകൻ പ്രഖ്യാപിച്ചു. (മീഖാ 5:2) ഇവിടെയും, ദൈവം തന്റെ മുന്നറിവ് ഉപയോഗിച്ചു. എന്നിരുന്നാലും, ഈ സംഭവം പ്രഖ്യാപിച്ചതിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു—മിശിഹായെ തിരിച്ചറിയൽ. എന്നാൽ ഇതിന്റെ ചുവടുപിടിച്ച് സകല വ്യക്തികളെയും ഉൾപ്പെടുത്തുന്ന മുൻനിശ്ചയത്തെ ഒരു പൊതുവായ തത്ത്വമായി എടുക്കുന്നതിന് ഇക്കാര്യം ന്യായീകരണമാകുന്നില്ല.
നേരേമറിച്ച്, ഒരു സംഗതി എങ്ങനെ പര്യവസാനിക്കുമെന്ന് മുൻകൂട്ടി അറിയേണ്ട എന്നു ദൈവം തീരുമാനിക്കുന്ന സ്ഥിതിവിശേഷങ്ങളുണ്ടെന്നു തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. സോദോമിന്റെയും ഗൊമോറയുടെയും നാശത്തിനു തൊട്ടുമുമ്പ് അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും.” (ഉല്പത്തി 18:21) സംഗതികൾ താൻ അന്വേഷിച്ച് അറിയുന്നതിനുമുമ്പ്, ആ നഗരങ്ങളിലെ വഷളത്തം എന്തുമാത്രമുണ്ടെന്നു ദൈവം മുൻകൂട്ടി അറിഞ്ഞില്ലെന്ന് ഈ വാക്യം നമുക്കു വ്യക്തമായി കാണിച്ചുതരുന്നു.
സംഭവങ്ങൾ മുൻകൂട്ടികാണാൻ ദൈവത്തിനു സാധിക്കുമെന്നതു സത്യംതന്നെ. എന്നാൽ അനേകം സന്ദർഭങ്ങളിൽ അവൻ തന്റെ മുന്നറിവ് ഉപയോഗിക്കാതിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാരണം ദൈവം സർവശക്തനാണ്, അപൂർണ മനുഷ്യർ ആഗ്രഹിക്കുന്നതുപോലെയല്ല, താൻ ആഗ്രഹിക്കുന്നതുപോലെ തന്റെ പ്രാപ്തികൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ട്.
കാര്യങ്ങൾ നേരെയാക്കാൻ കഴിയുന്ന ദൈവം
കാൽവിനെപ്പോലെ ചിന്തിക്കുന്ന ചിലരുണ്ട്. മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ ദൈവം മമനുഷ്യന്റെ വീഴ്ച മുൻനിർണയിച്ചിരുന്നുവെന്നും ‘തിരഞ്ഞെടുക്കപ്പെട്ടവരെ’ ആ വീഴ്ചയ്ക്കു മുമ്പുതന്നെ അവൻ മുൻനിശ്ചയിച്ചിരുന്നുവെന്നും അവർ ചിന്തിക്കുന്നു. എന്നാൽ ഇതു സത്യമായിരുന്നെങ്കിൽ, ആദാമിന്റെയും ഹവ്വായുടെയും മുമ്പിൽ നിത്യജീവന്റെ പ്രതീക്ഷ വെച്ചത്, അവർക്ക് അത് ആസ്വദിക്കാൻ സാധിക്കില്ലെന്ന പൂർണബോധ്യമുള്ള ദൈവത്തെ സംബന്ധിച്ചു കാപട്യമാകുമായിരുന്നില്ലേ? മാത്രവുമല്ല, ദിവ്യനിർദേശങ്ങൾ പിൻപററി എന്നേക്കും ജീവിക്കുക, അല്ലെങ്കിൽ അവ തിരസ്കരിച്ചു മരിക്കുക എന്ന തിരഞ്ഞെടുപ്പ് ആദിമ മനുഷ്യദമ്പതികളുടെമുമ്പിൽ വെച്ചിരുന്നു എന്ന സംഗതി തിരുവെഴുത്തുകൾ ഒരിടത്തും നിഷേധിക്കുന്നില്ല.—ഉല്പത്തി, അധ്യായം 2.
എന്നാൽ ആദാമിന്റെയും ഹവ്വായുടെയും പാപം വാസ്തവത്തിൽ ദൈവത്തിന്റെ ഉദ്ദേശ്യത്തെ തകിടംമറിച്ചുവോ? ഇല്ല. കാരണം അവർ പാപം ചെയ്തയുടൻതന്നെ ദൈവം സാത്താനെയും അവന്റെ ഏജൻറുമാരെയും നശിപ്പിക്കാനുള്ള ഒരു “സന്തതി”യെ ഉളവാക്കുമെന്നും അവൻ ഭൂമിയിലെ സംഗതികൾ നേരെയാക്കുമെന്നും പ്രഖ്യാപിച്ചു. നല്ല ഫലം ഉത്പാദിപ്പിക്കുന്നതിൽനിന്നു തോട്ടക്കാരനെ തടയാൻ കുറച്ചു കീടങ്ങൾ വിചാരിച്ചാൽ സാധിക്കില്ല. അതുപോലെ, ആദാമിന്റെയും ഹവ്വായുടെയും അനുസരണക്കേടു ഭൂമിയെ പറുദീസയാക്കി മാററുന്നതിൽനിന്നു ദൈവത്തെ തടഞ്ഞില്ല.—ഉല്പത്തി, അധ്യായം 3.
ദാവീദ് രാജാവിന്റെ ഒരു പിൻഗാമിക്ക് ഒരു രാജ്യഗവൺമെൻറ് ഏൽപ്പിക്കപ്പെടുമെന്നും മററുള്ളവർ ഈ രാജ്യത്തിൽ സഹഭരണാധിപൻമാരായിരിക്കുമെന്നും ദൈവം പിന്നീടു വെളിപ്പെടുത്തി. ഇവരെയാണ് “അത്യുന്നതനായവന്റെ വിശുദ്ധൻമാർ” എന്നു വിളിച്ചിരിക്കുന്നത്.—ദാനീയേൽ 7:18; 2 ശമൂവേൽ 7:12; 1 ദിനവൃത്താന്തം 17:11.a
മുൻകൂട്ടിപ്പറയുകയെന്നാൽ മുൻനിശ്ചയിക്കുകയെന്നല്ല
മനുഷ്യർ ഏതു ഗതി സ്വീകരിക്കുമെന്നു ദൈവം അറിയാൻ ശ്രമിച്ചില്ലെന്ന വസ്തുത മമനുഷ്യന്റെ നല്ലതോ മോശമോ ആയ നടപടികളുടെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്നു പ്രവചിക്കുന്നതിൽനിന്ന് അവനെ തടഞ്ഞില്ല. വണ്ടിയുടെ മോശമായ സ്ഥിതിയെക്കുറിച്ച് ഒരു ഡ്രൈവർക്കു മുന്നറിയിപ്പുകൊടുക്കുന്ന ഒരു മെക്കാനിക്കിനെ അപകടം സംഭവിക്കുമ്പോൾ അതിന് ഉത്തരവാദിയാക്കാനോ അതു മുൻനിശ്ചയിച്ചുവെന്നു കുററപ്പെടുത്താനോ കഴിയില്ല. അതുപോലെ, വ്യക്തികളുടെ പ്രവൃത്തികൾക്കുള്ള ദുഃഖകരമായ അനന്തരഫലങ്ങൾ ദൈവം മുൻനിശ്ചയിച്ചതാണെന്നു കുററപ്പെടുത്താനാവില്ല.
ആദ്യ മനുഷ്യദമ്പതികളുടെ പിൻഗാമികളുടെ കാര്യത്തിൽ ഇതു സത്യമായിരുന്നു. കയീൻ തന്റെ സഹോദരനെ കൊല്ലുന്നതിനുമുമ്പ്, യഹോവ കയീന്റെ മുമ്പിൽ ഒരു തിരഞ്ഞെടുപ്പു വെച്ചു. അവൻ പാപത്തെ കീഴടക്കുമോ, അതോ പാപം അവനെ കീഴടക്കുമോ? കയീൻ മോശമായ തീരുമാനം കൈക്കൊണ്ട് തന്റെ സഹോദരനെ കൊല്ലുമെന്നു യഹോവ മുൻനിശ്ചയിച്ചുവെന്നു സൂചിപ്പിക്കുന്ന യാതൊന്നും വിവരണത്തിലില്ല.—ഉല്പത്തി 4:3-7.
യഹോവയെ വിട്ടകലുന്നെങ്കിൽ, ഉദാഹരണത്തിന്, പുറജാതികളുടെ ഇടയിൽനിന്നു ഭാര്യമാരെ എടുക്കുന്നെങ്കിൽ, എന്തു സംഭവിക്കുമെന്നു പിൽക്കാലത്തു മോശൈക ന്യായപ്രമാണം ഇസ്രായേല്യർക്കു മുന്നറിയിപ്പുകൊടുത്തിരുന്നു. മുൻകൂട്ടിപ്പറഞ്ഞതു സംഭവിച്ചു. ഇതു ശലോമോൻ രാജാവിന്റെ ദൃഷ്ടാന്തത്തിൽനിന്നു കാണാവുന്നതാണ്. വാർധക്യകാലത്ത് അവൻ വിഗ്രഹാരാധനയിൽ ഏർപ്പെട്ടു. പുറജാതി ഭാര്യമാരുടെ സ്വാധീനമായിരുന്നു കാരണം. (1 രാജാക്കൻമാർ 11:7, 8) അതേ, ദൈവം തന്റെ ജനത്തിനു മുന്നറിയിപ്പുകൊടുത്തു, എന്നാൽ വ്യക്തികളുടെ പ്രവൃത്തികൾ എന്തായിരിക്കുമെന്ന് അവൻ മുൻനിശ്ചയിച്ചില്ല.
സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം വാഴ്ചനടത്താനുള്ള വാഗ്ദത്തപ്രതിഫലം ലഭിച്ചിട്ടുള്ളവരാണു ചിലർ. ഈ പ്രതിഫലം നഷ്ടമായിപ്പോകരുതെന്ന് ആഗ്രഹിക്കുന്നെങ്കിൽ അതിനായി തിരഞ്ഞെടുക്കപ്പെട്ടവർ സ്ഥിരോത്സാഹം പ്രകടമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. (2 പത്രൊസ് 1:10; വെളിപ്പാടു 2:5, 10, 16; 3:11) കഴിഞ്ഞകാലത്തെ ചില ദൈവശാസ്ത്രജ്ഞൻമാർ ചോദിച്ചതുപോലെ, തിരഞ്ഞെടുക്കപ്പെട്ടവരുടെ വിളി അന്തിമമായിരുന്നെങ്കിൽ അത്തരം ഓർമപ്പെടുത്തലുകൾ എന്തിനുവേണ്ടിയായിരുന്നു?
മുൻനിശ്ചയവും ദൈവസ്നേഹവും
“ദൈവത്തിന്റെ ഛായ”യിൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം നൽകപ്പെട്ടു. (ഉൽപ്പത്തി 1:27, NW) മനുഷ്യർ സ്നേഹത്താൽ പ്രേരിതരായി ദൈവത്തെ ആദരിക്കുകയും സേവിക്കുകയും ചെയ്യണമെങ്കിൽ, ഇച്ഛാസ്വാതന്ത്ര്യം ഒഴിച്ചുകൂടാൻ പററാത്തതായിരുന്നു. അല്ലാതെ ഓരോ ചലനവും മുൻകൂട്ടി നിശ്ചയിച്ചുവെച്ചിരിക്കുന്ന യന്ത്രമനുഷ്യനെപ്പോലെ ആയിരിക്കരുതായിരുന്നു. ബുദ്ധിയുള്ള, സ്വതന്ത്രരായ സൃഷ്ടികൾ പ്രകടമാക്കുന്ന സ്നേഹം നിമിത്തം ദൈവത്തിനു ന്യായരഹിതമായ കുററാരോപണങ്ങൾ ഖണ്ഡിക്കാനാവും. അവൻ പറയുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”—സദൃശവാക്യങ്ങൾ 27:11.
ദൈവദാസൻമാർ മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നെങ്കിൽ—അഥവാ പ്രതീകാത്മക ഭാഷയിൽ പറയുമ്പോൾ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നെങ്കിൽ—സ്രഷ്ടാവിനോടുള്ള അവരുടെ സ്നേഹം എത്രകണ്ട് യഥാർഥമാണെന്നു ചോദ്യംചെയ്യപ്പെടാമായിരുന്നില്ലേ? തന്നെയുമല്ല, ഓരോരുത്തരുടെയും വ്യക്തിപരമായ നല്ലവശങ്ങൾ കണക്കിലെടുക്കാതെ വ്യക്തികളെ മഹത്ത്വത്തിനും സന്തോഷത്തിനുമായി മുൻനിശ്ചയിച്ചു തിരഞ്ഞെടുക്കുന്നതു ദൈവത്തിന്റെ നിഷ്പക്ഷതയ്ക്കു നേർവിപരീതമാവില്ലേ? കൂടാതെ, ചിലർക്കു പക്ഷപാതത്തോടെയുള്ള ആനുകൂല്യം ലഭിക്കുമ്പോൾ മററുള്ളവരെ നിത്യശിക്ഷാവിധിക്കായി മുൻനിശ്ചയിച്ചിരിക്കുന്നെങ്കിൽ ഇതു “തിരഞ്ഞെടുക്കപ്പെട്ട”വരിൽ ആത്മാർഥമായ യാതൊരു കൃതജ്ഞതാവികാരങ്ങളും ഉണർത്താൻ പോകുന്നില്ല.—ഉല്പത്തി 1:27; ഇയ്യോബ് 1:8; പ്രവൃത്തികൾ 10:34, 35.
അവസാനമായി, സകല മനുഷ്യരോടും സുവാർത്ത പ്രസംഗിക്കാൻ ക്രിസ്തു തന്റെ ശിഷ്യൻമാരോടു പറഞ്ഞു. രക്ഷിക്കപ്പെടാനുള്ളവരെ ദൈവം നേരത്തെതന്നെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, സുവിശേഷിക്കുന്നതിൽ ക്രിസ്ത്യാനികൾ പ്രകടമാക്കുന്ന തീക്ഷ്ണതയെ ഇതു കുറച്ചുകളയില്ലേ? അടിസ്ഥാനപരമായി പ്രസംഗവേലയെത്തന്നെ ഇതു നിരർഥകമാക്കില്ലേ?
ദൈവത്തിൽനിന്നുള്ള പക്ഷപാതമില്ലാത്ത സ്നേഹമാണ് അവനെ തിരിച്ചു സ്നേഹിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഏററവും പ്രബലമായ കാരണം. അപൂർണരും പാപപൂരിതരുമായ മനുഷ്യവർഗത്തിനുവേണ്ടി തന്റെ പുത്രനെ ബലികഴിച്ചതായിരുന്നു ദൈവസ്നേഹത്തിന്റെ ഏററവും വലിയ പ്രകടനം. തന്റെ പുത്രനെക്കുറിച്ചുള്ള ദൈവത്തിന്റെ മുന്നറിവ് ഒരു ഒററപ്പെട്ട സംഗതിയാണ്, യേശുവിനെ കേന്ദ്രീകരിച്ചുള്ള പറുദീസ പുനഃസ്ഥാപന വാഗ്ദത്തങ്ങളെല്ലാം തീർച്ചയായും നിറവേറുമെന്ന ഉറപ്പ് അതു നമുക്കു തരുന്നു. അതുകൊണ്ട്, ആ പുത്രനിൽ വിശ്വാസമർപ്പിച്ച് നമുക്കു ദൈവത്തോട് അടുക്കാം. സ്രഷ്ടാവുമായി ഒരു ഉത്തമ ബന്ധത്തിലേക്കു വരുവാനുള്ള ദൈവത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് നമുക്കു വിലമതിപ്പു പ്രകടിപ്പിക്കാം. ഇന്ന്, തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ച് അവനോടു സ്നേഹം പ്രകടമാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ദൈവം ഈ ക്ഷണം നീട്ടിക്കൊടുക്കുകയാണ്.
[അടിക്കുറിപ്പുകൾ]
a “ലോകസ്ഥാപനംമുതൽ” ഒരുക്കിയിരിക്കുന്ന രാജ്യത്തെക്കുറിച്ചു യേശു സംസാരിച്ചപ്പോൾ (മത്തായി 25:34), അവൻ പരാമർശിച്ചത് ആദ്യപാപത്തിനുശേഷമുള്ള ഏതോ ഒരു സമയത്തെയായിരിക്കണം. ലൂക്കൊസ് 11:50, 51 “ലോകസ്ഥാപന”ത്തെ അഥവാ മറുവിലയിലൂടെ രക്ഷിക്കാവുന്ന മനുഷ്യവർഗത്തിന്റെ സ്ഥാപനത്തെ ഹാബേലിന്റെ നാളുകളുമായി ബന്ധിപ്പിക്കുന്നു.
[7-ാം പേജിലുള്ള ചതുരം]
ഒരു വർഗം എന്നനിലയിൽ മുൻനിശ്ചയിക്കപ്പെട്ടവർ
“അവിടുന്നു മുൻകൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇതു തന്റെ പുത്രൻ അനേകം സഹോദരരിൽ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്. താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.” (റോമാ 8:29, 30, പി.ഒ.സി. ബൈ.) ഈ വാക്യങ്ങളിൽ പൗലോസ് ഉപയോഗിച്ചിരിക്കുന്ന “മുൻകൂട്ടി നിശ്ചയി”ച്ചു എന്ന പദത്തെ നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്?
ഓരോ വ്യക്തിയെയും മുൻനിശ്ചയിച്ചിരിക്കുകയാണെന്ന വാദത്തിന് അനുകൂലമായ ഖണ്ഡിതമായ ഒരു ന്യായവാദം നടത്തുകയല്ല പൗലോസ് ഇവിടെ. നമ്മുടെ നൂററാണ്ടിന്റെ ആരംഭത്തിൽ ഡീക്സ്യോനർ ഡ തിയോളജി കത്തോലിക് പൗലോസിന്റെ വാദങ്ങൾ (റോമർ, 9-11 അധ്യായങ്ങൾ) ഈ വിധം വിശദീകരിക്കുകയുണ്ടായി: “നിത്യജീവനുവേണ്ടിയുള്ള മുൻനിശ്ചയം എന്ന യഥാർഥ ആശയം പ്രതിപാദിച്ചിട്ടില്ലെന്നാണ് ഇപ്പോൾ കത്തോലിക്കാ പണ്ഡിതൻമാരുടെ ഇടയിലെ വർധിച്ചുവരുന്ന അഭിപ്രായം.” എം. ലഗ്രാഞ്ചിനെ ഉദ്ധരിച്ചുകൊണ്ട് അതേ റഫറൻസ് പുസ്തകം പറയുന്നു: “പൗലോസ് മുഖ്യമായി വികസിപ്പിക്കുന്ന പ്രശ്നം മുൻനിശ്ചയത്തെയും മുൻകൂട്ടിയുള്ള ശിക്ഷാവിധി നിശ്ചയത്തെയും സംബന്ധിച്ചല്ല. പകരം, വിജാതീയരെ ക്രിസ്ത്യാനിത്വത്തിന്റെ കൃപയിലേക്കു ക്ഷണിക്കുന്നതു സംബന്ധിച്ചു മാത്രമാണ്. എന്നാൽ യഹൂദരുടെ കാര്യമോ, വിശ്വാസരാഹിത്യം ഹേതുവായി ഇതിനു നേർവിപരീതാവസ്ഥയിലുമായി. . . . ഇതു കൂട്ടങ്ങളെയും വിജാതീയരെയും യഹൂദൻമാരെയുമാണ് ബാധിക്കുന്നത്, അല്ലാതെ നേരിട്ടു പ്രത്യേകം വ്യക്തികളെ ബാധിക്കുന്നില്ല.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
കുറേക്കൂടി അടുത്തയിടെ, ഈ അധ്യായങ്ങളെക്കുറിച്ച് (9-11) ദ ജറുസലേം ബൈബിൾ അതേ നിഗമനംതന്നെ നൽകുകയുണ്ടായി. അതു പ്രസ്താവിച്ചു: “അതുകൊണ്ട്, ഈ അധ്യായങ്ങളുടെ വിഷയം മഹത്ത്വത്തിലേക്കോ വിശ്വാസത്തിലേക്കുപോലുമോ ഉള്ള വ്യക്തികളുടെ മുൻനിശ്ചയ പ്രശ്നമല്ല. എന്നാൽ പു[തിയ] നി[യമത്തി]ലെ പ്രസ്താവനകൾ മുന്നോട്ടുവെക്കുന്ന ഒരേ ഒരു പ്രശ്നമാണ് അതിന്റെ വിഷയം, രക്ഷാകര ചരിത്രത്തിന്റെ പൂർത്തീകരണത്തിൽ ഇസ്രായേലിനുള്ള പങ്ക്.”
അതേ സന്ദർഭവുമായി ബന്ധപ്പെട്ടതാണു റോമർ 8-ാം അധ്യായത്തിന്റെ അവസാന വാക്യങ്ങൾ. അങ്ങനെ, ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ ക്ഷണിക്കപ്പെടുന്ന, മനുഷ്യവർഗത്തിൽനിന്നുള്ള ഒരു വർഗത്തിന്റെ, അഥവാ കൂട്ടത്തിന്റെ അസ്തിത്വവും അവർ എത്തിച്ചേരേണ്ട യോഗ്യതകളും ദൈവം മുൻകൂട്ടികണ്ടിരുന്നുവെന്ന്—എന്നാൽ തിരഞ്ഞെടുക്കപ്പെടാനിരിക്കുന്ന ഓരോ വ്യക്തിയെയും സമയത്തിനുമുമ്പു നിശ്ചയിക്കുന്നില്ല, കാരണം അത് അവന്റെ സ്നേഹത്തിനും നീതിക്കും എതിരായിരിക്കും—ഈ വാക്യങ്ങൾ നമ്മെ ന്യായമായും അനുസ്മരിപ്പിക്കുന്നു.