അധ്യായം 6
വിനോദം എങ്ങനെ തിരഞ്ഞെടുക്കാം?
“എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക.”—1 കൊരിന്ത്യർ 10:31.
1, 2. വിനോദം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
നിങ്ങൾ ഒരു ആപ്പിൾ കഴിക്കാൻ പോകുകയാണെന്നു വിചാരിക്കുക. അപ്പോഴാണ് അതിനു കേടുണ്ടെന്നു കാണുന്നത്. നിങ്ങൾ എന്തു ചെയ്യും? എന്താണെങ്കിലും അതു കഴിച്ചേക്കാം എന്നു വിചാരിക്കുമോ? അല്ലെങ്കിൽ അതു കളയുമോ? അതോ കേടുള്ള ഭാഗം മുറിച്ച് മാറ്റിയിട്ട് നല്ല ഭാഗം കഴിക്കുമോ?
2 ഒരർഥത്തിൽ പറഞ്ഞാൽ ഈ ആപ്പിൾപോലെയാണു വിനോദങ്ങൾ. വിനോദങ്ങളിൽ ചിലത് ആസ്വദിക്കാൻ പറ്റുന്നതായിരിക്കും. പക്ഷേ മിക്കതും മോശമാണ്. കാരണം അധാർമികതയും അക്രമവും ഭൂതവിദ്യയും നിറഞ്ഞതാണ് അത്. അതുകൊണ്ട് വിനോദം തിരഞ്ഞെടുക്കുമ്പോൾ “എനിക്ക് ഇഷ്ടമുള്ളതു ഞാൻ തിരഞ്ഞെടുക്കും” എന്നു നിങ്ങൾ പറയുമോ? അതോ “വിനോദങ്ങളെല്ലാം മോശമാണ് ” എന്നു നിങ്ങൾ പറയുമോ? അല്ലെങ്കിൽ മോശമായത് ഒഴിവാക്കി ആസ്വദിക്കാൻ പറ്റിയ നല്ല വിനോദങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കുമോ?
3. വിനോദം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തു ചിന്തിക്കണം?
3 നമുക്ക് എല്ലാവർക്കും കുറച്ചൊക്കെ വിനോദവും ഉല്ലാസവും ആവശ്യമാണ്. നല്ലതു തിരഞ്ഞെടുക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നതും. നമ്മൾ വിനോദങ്ങൾ തിരഞ്ഞെടുക്കുന്ന വിധം നമ്മുടെ ആരാധനയെ എങ്ങനെ ബാധിക്കും എന്നു നമ്മൾ സ്വയം ചോദിക്കണം.
“എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക”
4. വിനോദം തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുന്ന ഒരു ബൈബിൾതത്ത്വം ഏതാണ്?
4 നമ്മൾ യഹോവയ്ക്കു സമർപ്പിക്കുമ്പോൾ ജീവിതം യഹോവയെ സേവിക്കുന്നതിനുവേണ്ടി ഉപയോഗിക്കുമെന്നു വാക്കു കൊടുക്കുന്നു. (സഭാപ്രസംഗകൻ 5:4 വായിക്കുക.) ‘എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുമെന്ന് ’ നമ്മൾ ഉറപ്പുകൊടുത്തു. (1 കൊരിന്ത്യർ 10:31) അതായത് നമ്മൾ സഭായോഗത്തിന്റെ സമയത്തോ വയൽസേവനത്തിലായിരിക്കുമ്പോഴോ മാത്രമല്ല വിശ്രമിക്കുമ്പോഴും വിനോദം ആസ്വദിക്കുമ്പോഴും യഹോവയ്ക്കു സമർപ്പിച്ചവരാണ്.
5. നമ്മുടെ ആരാധന എങ്ങനെയുള്ളതായിരിക്കണം?
5 നമ്മൾ ജീവിതത്തിൽ ചെയ്യുന്ന ഏതൊരു കാര്യവും നമ്മുടെ ആരാധനയെ ബാധിക്കും. പൗലോസിന്റെ ഈ വാക്കുകൾ ഇതാണ് സൂചിപ്പിച്ചത്: ‘നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവും ആയ ജീവനുള്ള ബലിയായി അർപ്പിക്കുക.’ (റോമർ 12:1) യേശു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.” (മർക്കോസ് 12:30) നമ്മുടെ ഏറ്റവും മികച്ചത് യഹോവയ്ക്കു കൊടുക്കാനാണ് നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നത്. പുരാതന ഇസ്രായേലിൽ ഒരു മൃഗത്തെ യഹോവയ്ക്കു ബലിയർപ്പിക്കുമ്പോൾ ആരോഗ്യമുള്ളതിനെ ബലിയർപ്പിക്കാൻ പ്രതീക്ഷിച്ചിരുന്നു. അവയ്ക്ക് എന്തെങ്കിലും കുറവുണ്ടായിരുന്നെങ്കിൽ ദൈവം അതു സ്വീകരിക്കില്ലായിരുന്നു. (ലേവ്യ 22:18-20) ഇതുപോലെ നമ്മുടെ ആരാധനയും സ്വീകാര്യമല്ലാതായേക്കാം. എങ്ങനെ?
6, 7. നമ്മൾ തിരഞ്ഞെടുക്കുന്ന വിനോദങ്ങൾ നമ്മുടെ ആരാധനയെ എങ്ങനെ ബാധിച്ചേക്കാം?
6 “ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം” എന്ന് യഹോവ നമ്മളോടു പറയുന്നു. (1 പത്രോസ് 1:14-16; 2 പത്രോസ് 3:11) നമ്മുടെ ആരാധന വിശുദ്ധമാണെങ്കിൽ മാത്രമേ യഹോവ അതു സ്വീകരിക്കൂ. (ആവർത്തനം 15:21) ഭൂതവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അധാർമികത, അക്രമം ഇതുപോലുള്ള കാര്യങ്ങൾ യഹോവ വെറുക്കുന്നു. ഇതിൽ ഏതെങ്കിലും ഒക്കെ നമ്മൾ ചെയ്യുകയാണെങ്കിൽ നമ്മുടെ ആരാധന ശുദ്ധമായിരിക്കില്ല. (റോമർ 6:12-14; 8:13) ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ ആസ്വദിക്കുകയാണെങ്കിലും യഹോവയ്ക്ക് അത് ഇഷ്ടമാകില്ല. ഇത് നമ്മുടെ ആരാധനയെ അശുദ്ധവും അസ്വീകാര്യവും ആക്കിയേക്കാം. യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ സാരമായി ബാധിക്കുകയും ചെയ്തേക്കാം.
7 അതുകൊണ്ട് നമുക്ക് എങ്ങനെ വിനോദം ജ്ഞാനപൂർവം തിരഞ്ഞെടുക്കാം? ഏതൊക്കെ വിനോദങ്ങളാണു സ്വീകാര്യമെന്നും അല്ലാത്തതെന്നും മനസ്സിലാക്കാൻ ഏതു തത്ത്വങ്ങൾ സഹായിക്കും?
മോശമായതെല്ലാം വെറുക്കുക
8, 9. എങ്ങനെയുള്ള വിനോദങ്ങൾ നമ്മൾ ഒഴിവാക്കുന്നു, എന്തുകൊണ്ട്?
8 ഇന്നു പല തരത്തിലുള്ള വിനോദങ്ങളുണ്ട്. അതിൽ ചിലത് ക്രിസ്ത്യാനികൾക്ക് ആസ്വദിക്കാവുന്നവയാണ്. എന്നാൽ മിക്കതും അങ്ങനെയല്ല. ഏതുതരത്തിലുള്ള വിനോദമാണു നമ്മൾ ഒഴിവാക്കേണ്ടതെന്ന് ആദ്യം നോക്കാം.
9 പല സിനിമകളിലും വെബ്സൈറ്റുകളിലും ടിവി പരിപാടികളിലും വീഡിയോ ഗെയിമുകളിലും പാട്ടുകളിലും അധാർമികതയും അക്രമവും ഭൂതവിദ്യയും നിറഞ്ഞിരിക്കുന്നു. മോശമായ കാര്യങ്ങൾ തികച്ചും നിഷ്കളങ്കമെന്നും തമാശയെന്നും തോന്നുന്ന വിധത്തിലാണു മിക്കപ്പോഴും അവതരിപ്പിക്കുന്നത്. എന്നാൽ യഹോവയുടെ ശുദ്ധമായ നിലവാരങ്ങൾക്കു നിരക്കാത്ത വിനോദങ്ങൾ ഒഴിവാക്കാൻ ക്രിസ്ത്യാനികൾ ശ്രദ്ധിക്കുന്നു. (പ്രവൃത്തികൾ 15:28, 29; 1 കൊരിന്ത്യർ 6:9, 10) നമ്മൾ അത്തരം വിനോദങ്ങൾ ഒഴിവാക്കുമ്പോൾ മോശമായ കാര്യങ്ങൾ വെറുക്കുന്നെന്ന് യഹോവയ്ക്കു തെളിവു നൽകുകയാണ്.—സങ്കീർത്തനം 34:14; റോമർ 12:9.
10. മോശമായ വിനോദങ്ങൾ തിരഞ്ഞെടുത്താൽ എന്തു സംഭവിക്കും?
10 എന്നാൽ അക്രമവും അധാർമികതയും ഭൂതവിദ്യയും നിറഞ്ഞ വിനോദങ്ങളിൽ കുഴപ്പമൊന്നുമില്ലെന്നു ചിലർ വിചാരിക്കുന്നു. അവർ ചിന്തിക്കുന്നത് ഇങ്ങനെയാണ്: ‘ഇതിൽ എന്താ കുഴപ്പം, എന്തായാലും ഞാൻ ഇതൊന്നും ഒരിക്കലും ചെയ്യാൻപോകുന്നില്ല.’ നമ്മൾ ഇങ്ങനെയാണു ചിന്തിക്കുന്നതെങ്കിൽ നമ്മൾ നമ്മളെത്തന്നെ വിഡ്ഢികളാക്കുകയാണ്. ബൈബിൾ പറയുന്നു: “ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും സാഹസത്തിനു തുനിയുന്നതും ആണ്.” (യിരെമ്യ 17:9) യഹോവയ്ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളാണു നമ്മൾ ആസ്വദിക്കുന്നതെങ്കിൽ നമ്മൾ അതിനെ വെറുക്കുന്നെന്ന് എങ്ങനെ പറയാൻ പറ്റും? നമ്മൾ അവയ്ക്കായി എത്രത്തോളം സമയം ചെലവഴിക്കുന്നുവോ, അത് അത്രത്തോളം കുഴപ്പമില്ലാത്തതാണെന്നു നമുക്കു തോന്നും. പതിയെപ്പതിയെ നമ്മുടെ മനസ്സാക്ഷി ദുർബലമാകുകയും തെറ്റായ തീരുമാനം എടുക്കുമ്പോൾ മുന്നറിയിപ്പു തരാതിരിക്കുകയും ചെയ്യും.—സങ്കീർത്തനം 119:70; 1 തിമൊഥെയൊസ് 4:1, 2.
11. വിനോദം തിരഞ്ഞെടുക്കുമ്പോൾ ഗലാത്യർ 6:7 നമ്മളെ എങ്ങനെ സഹായിക്കും?
11 “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും” എന്നു ദൈവവചനം പറയുന്നു. (ഗലാത്യർ 6:7) നമ്മൾ മോശമായ കാര്യങ്ങൾ ആസ്വദിക്കുകയാണെങ്കിൽ പിന്നീടു നമ്മൾ അതു ചെയ്തേക്കാം എന്നതാണു സത്യം. ഉദാഹരണത്തിന്, അധാർമികത നിറഞ്ഞ വിനോദങ്ങൾ ആസ്വദിച്ച ചിലരെ അതു വളരെയധികം സ്വാധീനിക്കുകയും അവർ പിന്നീട് അധാർമികതയിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ വിനോദങ്ങൾ ജ്ഞാനപൂർവം തിരഞ്ഞെടുക്കാനുള്ള സഹായം യഹോവ തന്നിട്ടുണ്ട്.
ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ തീരുമാനങ്ങൾ എടുക്കുക
12. വിനോദത്തിന്റെ കാര്യത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ നമ്മളെ എന്തു സഹായിക്കും?
12 ചില വിനോദങ്ങൾ യഹോവയ്ക്കു സ്വീകാര്യമല്ലെന്നതു വ്യക്തമാണ്, അത് ഒഴിവാക്കണമെന്നും നമുക്ക് അറിയാം. പക്ഷേ, ചിലതിന്റെ കാര്യത്തിൽ അത് അത്ര വ്യക്തമല്ലെങ്കിലോ? കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും എന്തായിരിക്കണം എന്തായിരിക്കരുത് എന്ന ഒരു പട്ടിക യഹോവ തരുന്നില്ല. പകരം നമ്മൾ ബൈബിൾ പരിശീലിതമനസ്സാക്ഷി ഉപയോഗിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (ഗലാത്യർ 6:5 വായിക്കുക.) താൻ കാര്യങ്ങളെ എങ്ങനെ കാണുന്നു എന്നു പഠിപ്പിക്കുന്ന തത്ത്വങ്ങൾ യഹോവ നൽകിയിരിക്കുന്നു. ഈ തത്ത്വങ്ങൾ മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ നമ്മളെ സഹായിക്കുന്നു. “യഹോവയുടെ ഇഷ്ടം എന്താണെന്നു” മനസ്സിലാക്കി ദൈവത്തിന് ഇഷ്ടമുള്ള തീരുമാനങ്ങൾ എടുക്കാനും അവ നമ്മളെ സഹായിക്കുന്നു.—എഫെസ്യർ 5:17.
ബൈബിൾതത്ത്വങ്ങൾ വിനോദം തിരഞ്ഞെടുക്കാൻ സഹായിക്കും
13. വിനോദത്തിന്റെ കാര്യത്തിൽ ഓരോ ക്രിസ്ത്യാനിയുടെയും തിരഞ്ഞെടുപ്പു വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്? പക്ഷേ എല്ലാ ക്രിസ്ത്യാനികളും ഏതു കാര്യം കണക്കിലെടുക്കണം?
13 മിക്കപ്പോഴും ഒരു ക്രിസ്ത്യാനി തിരഞ്ഞെടുക്കുന്ന വിനോദങ്ങൾ ആയിരിക്കില്ല മറ്റൊരു ക്രിസ്ത്യാനി തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ട്? നമ്മുടെയെല്ലാം ഇഷ്ടാനിഷ്ടങ്ങൾ വ്യത്യസ്തമാണ്. ഒരാൾക്ക് സ്വീകാര്യമായി തോന്നുന്നത് മറ്റൊരാൾക്കു സ്വീകാര്യമായി തോന്നണമെന്നുമില്ല. എങ്കിലും നല്ല തീരുമാനങ്ങൾ എടുക്കുന്നതിന് എല്ലാ ക്രിസ്ത്യാനികളും ബൈബിൾതത്ത്വങ്ങളെ ആശ്രയിക്കണം. (ഫിലിപ്പിയർ 1:9) ഈ തത്ത്വങ്ങൾ ദൈവം അംഗീകരിക്കുന്ന വിനോദങ്ങൾ തിരഞ്ഞെടുക്കാൻ നമ്മളെ സഹായിക്കും.—സങ്കീർത്തനം 119:11, 129; 1 പത്രോസ് 2:16.
14. (എ) സമയം ഉപയോഗിക്കുന്ന കാര്യത്തിൽ പ്രധാനമായും കണക്കിലെടുക്കേണ്ടത് എന്താണ്? (ബി) പൗലോസ് ക്രിസ്ത്യാനികൾക്ക് എന്ത് ഉപദേശം കൊടുത്തു?
14 വിനോദത്തിനുവേണ്ടി എത്രത്തോളം സമയം ചെലവഴിക്കുന്നുവെന്നതാണു നമ്മൾ കണക്കിലെടുക്കേണ്ട മറ്റൊരു കാര്യം. വിനോദത്തിനു നമ്മൾ എത്രത്തോളം പ്രാധാന്യം കൊടുക്കുന്നെന്ന് അതിൽനിന്ന് മനസ്സിലാക്കാം. ക്രിസ്ത്യാനികളെന്ന നിലയിൽ ദൈവസേവനമാണു നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യം. (മത്തായി 6:33 വായിക്കുക.) പക്ഷേ ഇതു തിരിച്ചറിയാതെ, നമ്മുടെ സമയത്തിന്റെ ഭൂരിഭാഗവും നമ്മൾ വിനോദത്തിനുവേണ്ടി ചെലവഴിച്ചേക്കാം. പൗലോസ് ക്രിസ്ത്യാനികൾക്ക് ഈ ഉപദേശം കൊടുത്തു: “നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന് സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.” (എഫെസ്യർ 5:15, 16) അതുകൊണ്ട് വിനോദത്തിനുവേണ്ടി നമ്മൾ ചെലവഴിക്കുന്ന സമയത്തിനു നമ്മൾ പരിധിവെക്കണം. അതോടൊപ്പം ദൈവസേവനമാണു നമ്മുടെ ജീവിതത്തിൽ ഒന്നാമതെന്ന് ഉറപ്പാക്കുകയും വേണം.—ഫിലിപ്പിയർ 1:10.
15. വിനോദങ്ങൾ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കാതിരിക്കാൻ നമ്മൾ എന്തു ചെയ്യുന്നു?
15 യഹോവയ്ക്ക് ഇഷ്ടമില്ലെന്നു നമുക്ക് അറിയാവുന്ന വിനോദങ്ങൾ നമ്മൾ ഉറപ്പായും ഒഴിവാക്കണം. പക്ഷേ, നമുക്കു സംശയമുണ്ടെങ്കിലോ? അപ്പോൾ എന്തു ചെയ്യാം? ഇങ്ങനെയൊന്നു ചിന്തിച്ചുനോക്കൂ. നിങ്ങൾ ഒരു മലഞ്ചെരുവിലൂടെ പോകുകയാണെങ്കിൽ ആ വഴിയുടെ ഏറ്റവും അരികിലൂടെ നടക്കുമോ? ഇല്ല. നിങ്ങൾ ജീവനു വില കല്പിക്കുന്നെങ്കിൽ അപകടത്തിൽനിന്ന് അകന്നു നടക്കും. വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഇതേ ശ്രദ്ധ കാണിക്കണം. “നിന്റെ കാലുകൾ തിന്മയിൽനിന്ന് അകറ്റുക” എന്നു ദൈവവചനം പറയുന്നു. (സുഭാഷിതങ്ങൾ 4:25-27) അതുകൊണ്ട് തെറ്റാണെന്ന് അറിയാവുന്ന വിനോദങ്ങൾ മാത്രമല്ല, നമുക്കു ദോഷം ചെയ്യുമെന്നോ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുമെന്നോ തോന്നുന്ന വിനോദങ്ങളും നമ്മൾ ഒഴിവാക്കും.
യഹോവയുടെ വീക്ഷണം മനസ്സിലാക്കുക
16. (എ) യഹോവ വെറുക്കുന്ന ചില കാര്യങ്ങൾ ഏതൊക്കെയാണ്? (ബി) യഹോവ വെറുക്കുന്ന കാര്യങ്ങൾ നമ്മളും വെറുക്കുന്നെന്നു കാണിക്കുന്നത് എങ്ങനെ?
16 സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!” (സങ്കീർത്തനം 97:10) യഹോവയുടെ ചിന്തകളെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും ബൈബിളിൽനിന്ന് പഠിക്കാൻ കഴിയും. പഠിച്ച വിവരങ്ങൾ യഹോവ വീക്ഷിക്കുന്നതുപോലെ കാര്യങ്ങളെ വീക്ഷിക്കാൻ സഹായിക്കുന്നത് എങ്ങനെയാണെന്നു സ്വയം ചോദിക്കുക. ഉദാഹരണത്തിന്, “നുണ പറയുന്ന നാവ്, നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകൾ, ദുഷ്ടമായ പദ്ധതികൾ ഉണ്ടാക്കുന്ന ഹൃദയം, ദ്രോഹം ചെയ്യാൻ ധൃതിയിൽ ഓടുന്ന കാൽ” ഇതൊക്കെ യഹോവ വെറുക്കുന്നെന്നു നമുക്ക് അറിയാം. (സുഭാഷിതങ്ങൾ 6:16-19) “ലൈംഗിക അധാർമികത, . . . വിഗ്രഹാരാധന, ഭൂതവിദ്യ, . . . അസൂയ, ക്രോധം, . . . മത്സരം, മുഴുക്കുടി, വന്യമായ ആഘോഷങ്ങൾ എന്നിവയും ഇതുപോലുള്ള മറ്റു കാര്യങ്ങളും” നമ്മൾ ഒഴിവാക്കണമെന്നും നമുക്ക് അറിയാം. (ഗലാത്യർ 5:19-21) ഈ ബൈബിൾതത്ത്വങ്ങൾ വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളെ എങ്ങനെ സഹായിക്കുന്നെന്നു മനസ്സിലായോ? ജീവിതത്തിലെ എല്ലാ വശങ്ങളിലും, മറ്റുള്ളവരോടൊപ്പമാണെങ്കിലും ഒറ്റയ്ക്കാണെങ്കിലും നമ്മൾ യഹോവയുടെ നിലവാരങ്ങൾ പിൻപറ്റാനാണ് ആഗ്രഹിക്കുന്നത്. (2 കൊരിന്ത്യർ 3:18) സത്യത്തിൽ, നമ്മൾ ഒറ്റയ്ക്കായിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ മിക്കപ്പോഴും നമ്മൾ എങ്ങനെയുള്ള വ്യക്തിയാണെന്നു കാണിക്കുന്നു.—സങ്കീർത്തനം 11:4; 16:8.
17. വിനോദം തിരഞ്ഞെടുക്കുന്നതിനു മുമ്പു സ്വയം ഏതു ചോദ്യങ്ങൾ ചോദിക്കണം?
17 അതുകൊണ്ട്, വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇങ്ങനെ ചോദിക്കുക: ‘എന്റെ തിരഞ്ഞെടുപ്പ് യഹോവയുമായുള്ള എന്റെ ബന്ധത്തെ എങ്ങനെ ബാധിക്കും? അത് എന്റെ മനസ്സാക്ഷിയെ എങ്ങനെ ബാധിക്കും?’ വിനോദങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നമ്മളെ സഹായിക്കുന്ന മറ്റു ചില തത്ത്വങ്ങൾ നോക്കാം.
18, 19. (എ) ക്രിസ്ത്യാനികൾക്കു പൗലോസ് എന്ത് ഉപദേശം കൊടുത്തു? (ബി) വിനോദങ്ങൾ തിരഞ്ഞെടുക്കാൻ ഏതു തത്ത്വങ്ങൾ സഹായിക്കും?
18 നമ്മൾ വിനോദം തിരഞ്ഞെടുക്കുമ്പോൾ, മനസ്സിൽ എന്തു നിറയ്ക്കണമെന്നുകൂടി നമ്മൾ തിരഞ്ഞെടുക്കുകയാണ്. പൗലോസ് ഇങ്ങനെ എഴുതി: “സത്യമായതും ഗൗരവം അർഹിക്കുന്നതും നീതിനിഷ്ഠമായതും നിർമലമായതും സ്നേഹം ജനിപ്പിക്കുന്നതും സത്കീർത്തിയുള്ളതും അത്യുത്തമമായതും പ്രശംസനീയമായതും ആയ കാര്യങ്ങൾ എന്തൊക്കെയാണോ അതെല്ലാം തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കുക.” (ഫിലിപ്പിയർ 4:8) ഇത്തരം നല്ല കാര്യങ്ങൾകൊണ്ട് മനസ്സു നിറയ്ക്കുമ്പോൾ നമുക്ക് ഇങ്ങനെ പറയാൻ കഴിയും: “യഹോവേ, എന്റെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും അങ്ങയെ പ്രസാദിപ്പിക്കട്ടെ.”—സങ്കീർത്തനം 19:14.
19 സ്വയം ഇങ്ങനെ ചോദിക്കുക: ‘എങ്ങനെയുള്ള കാര്യങ്ങൾകൊണ്ടാണു ഞാൻ മനസ്സു നിറയ്ക്കുന്നത്? ഒരു സിനിമയോ പരിപാടിയോ കണ്ടതിനു ശേഷം മനസ്സിൽ നല്ല ചിന്തകളാണോ വരുന്നത്? നല്ല മനസ്സാക്ഷിയും മനസ്സമാധാനവും ഉണ്ടോ? (എഫെസ്യർ 5:5; 1 തിമൊഥെയൊസ് 1:5, 19) യഹോവയോടു മനസ്സു തുറന്നു പ്രാർഥിക്കാൻ എനിക്കു കഴിയുന്നുണ്ടോ? അതോ എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? വിനോദത്തിനു ശേഷം അക്രമത്തെക്കുറിച്ചും അധാർമികകാര്യങ്ങളെക്കുറിച്ചും ആണോ എന്റെ ചിന്ത? (മത്തായി 12:33; മർക്കോസ് 7:20-23) എന്നെ “വ്യവസ്ഥിതി . . . അതിന്റെ അച്ചിൽ വാർത്തെടുക്കാൻ” അനുവദിക്കുന്ന തരത്തിലുള്ള വിനോദമാണോ ഞാൻ തിരഞ്ഞെടുക്കുന്നത്?’ (റോമർ 12:2) യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കി നിറുത്തുന്നതിന് എന്തു ചെയ്യണമെന്നു മനസ്സിലാക്കാൻ ഈ ചോദ്യങ്ങൾക്കുള്ള സത്യസന്ധമായ മറുപടി സഹായിക്കും. “ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻ എന്റെ നോട്ടം തിരിച്ചുവിടേണമേ” എന്നു പ്രാർഥിച്ച സങ്കീർത്തനക്കാരനെപ്പോലെ പ്രാർഥിക്കാൻ നമ്മളും ആഗ്രഹിക്കുന്നു.a—സങ്കീർത്തനം 119:37.
നമ്മുടെ തീരുമാനങ്ങൾ മറ്റുള്ളവരെ ബാധിക്കും
20, 21. വിനോദം തിരഞ്ഞെടുക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സാക്ഷി കണക്കിലെടുക്കേണ്ടത് എന്തുകൊണ്ട്?
20 നമ്മൾ മനസ്സിൽപ്പിടിക്കേണ്ട മറ്റൊരു പ്രധാനതത്ത്വം ഇതാണ്: “എല്ലാം അനുവദനീയമാണ്; പക്ഷേ എല്ലാം ബലപ്പെടുത്തുന്നില്ല. തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് ഓരോരുത്തരും നോക്കേണ്ടത്.” (1 കൊരിന്ത്യർ 10:23, 24) ഒരു കാര്യം ചെയ്യാൻ നമുക്കു സ്വാതന്ത്ര്യമുണ്ടെന്നു കരുതി നമ്മൾ അതു ചെയ്യണമെന്നു നിർബന്ധമില്ല. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ സഹോദരീസഹോദരന്മാരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് ശ്രദ്ധാപൂർവം ചിന്തിക്കേണ്ടതാണ്.
21 കാരണം എല്ലാവരുടെയും മനസ്സാക്ഷി ഒരുപോലെയല്ല. ഉദാഹരണത്തിന്, ഒരു ടിവി പരിപാടി കാണാൻ നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ അനുവദിച്ചേക്കാം. പക്ഷേ, ആ പരിപാടി നിങ്ങളുടെ ഒരു സഹോദരന്റെയോ സഹോദരിയുടെയോ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്നെന്നു നിങ്ങൾ മനസ്സിലാക്കുന്നു. നിങ്ങൾ എന്തു ചെയ്യും? അതു കാണാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും നിങ്ങൾ ആ പരിപാടി കാണണ്ടെന്നുവെച്ചേക്കാം. എന്തുകൊണ്ട്? കാരണം, ‘സഹോദരങ്ങൾക്കെതിരെ പാപം ചെയ്യാൻ’ അങ്ങനെ ‘ക്രിസ്തുവിന് എതിരെപോലും പാപം ചെയ്യാൻ’ നിങ്ങൾ ആഗ്രഹിക്കുന്നില്ല. (1 കൊരിന്ത്യർ 8:12) സഹക്രിസ്ത്യാനിയുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന ഒന്നും ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.—റോമർ 14:1; 15:1; 1 കൊരിന്ത്യർ 10:32.
22. മറ്റു ക്രിസ്ത്യാനികൾ വ്യത്യസ്തമായ തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ നമ്മൾ ന്യായബോധം ഉള്ളവരാണെന്ന് എങ്ങനെ തെളിയിക്കും?
22 നേരെമറിച്ച് മറ്റുള്ളവർ കാണുന്നതും വായിക്കുന്നതും ചെയ്യുന്നതും ആയ ചില കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ അനുവദിക്കുന്നില്ലെങ്കിലോ? സഹോദരനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ അതേ തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ അദ്ദേഹത്തെ നിർബന്ധിക്കില്ല. മറ്റുള്ളവർ തന്നെക്കാൾ വേഗത്തിൽ വണ്ടി ഓടിച്ചാലും പതുക്കെ വണ്ടി ഓടിച്ചാലും അവരും നല്ല ഡ്രൈവർമാരാണെന്ന കാര്യം ഒരു ഡ്രൈവറിന് അറിയാം. ഇതുപോലെ, നിങ്ങളും മറ്റൊരു സഹോദരനും ഒരേ ബൈബിൾതത്ത്വങ്ങളാണു പിൻപറ്റുന്നതെങ്കിലും, ഏതൊക്കെ വിനോദങ്ങൾ ആസ്വദിക്കാം എന്ന കാര്യത്തിൽ നിങ്ങൾക്കു വ്യത്യസ്ത അഭിപ്രായങ്ങൾ കണ്ടേക്കാം.—സഭാപ്രസംഗകൻ 7:16; ഫിലിപ്പിയർ 4:5.
23. വിനോദത്തിന്റെ കാര്യത്തിൽ നല്ല തിരഞ്ഞെടുപ്പു നടത്താൻ എന്തു സഹായിക്കും?
23 അങ്ങനെയാണെങ്കിൽ വിനോദത്തിന്റെ കാര്യത്തിൽ നല്ല തിരഞ്ഞെടുപ്പു നടത്താൻ നിങ്ങളെ എന്തു സഹായിക്കും? ബൈബിൾതത്ത്വങ്ങളാൽ പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷി ഉപയോഗിക്കുകയും നമ്മുടെ സഹോദരീസഹോദരന്മാരെ കണക്കിലെടുക്കുകയും ചെയ്താൽ നല്ല തിരഞ്ഞെടുപ്പു നടത്താം. ‘എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുന്നു’ എന്നതിന്റെ സന്തോഷവും നമുക്കുണ്ടാകും.
a വിനോദങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന കൂടുതൽ തത്ത്വങ്ങൾ, സുഭാഷിതങ്ങൾ 3:31; 13:20; എഫെസ്യർ 5:3, 4; കൊലോസ്യർ 3:5, 8, 20 എന്നീ വാക്യങ്ങളിൽ കാണാം.