“നിങ്ങളുടെ ന്യായയുക്തമായ ചിന്താശക്തിയോടുകൂടിയ ഒരു വിശുദ്ധ സേവനം”
“നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ഒരു യാഗമായി, നിങ്ങളുടെ ന്യായയുക്തമായ ചിന്താശക്തിയോടുകൂടിയ ഒരു വിശുദ്ധ സേവനമായി അർപ്പിക്കുവിൻ.”—റോമർ 12:1, NW.
1, 2. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ പഠിക്കുന്നത് ഒരു പുതിയ ഭാഷ വശമാക്കുന്നതുപോലെ ആയിരിക്കുന്നതെങ്ങനെ?
നിങ്ങൾ എപ്പോഴെങ്കിലും ഒരു പുതിയ ഭാഷ പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ, അതൊരു ബുദ്ധിമുട്ടുപിടിച്ച പണിയാണെന്നു നിങ്ങൾ തീർച്ചയായും സമ്മതിക്കും. എന്തൊക്കെയായാലും, കേവലം കുറെ പുതിയ വാക്കുകൾ പഠിച്ചതുകൊണ്ടായില്ല. ഭാഷ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിന് അതിന്റെ വ്യാകരണം നന്നായി വശമാക്കേണ്ട ആവശ്യമുണ്ട്. വാക്കുകൾ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നു എന്നും അവ എങ്ങനെ ഒരുമിച്ചുചേർന്ന് പൂർണമായ ചിന്തകൾക്കു രൂപം കൊടുക്കുന്നു എന്നും നിങ്ങൾ ഗ്രഹിക്കണം.
2 അതുപോലെതന്നെയാണു ദൈവവചനത്തെക്കുറിച്ചുള്ള നമ്മുടെ പരിജ്ഞാനം നേടലും. അവിടന്നും ഇവിടന്നുമായി ഏതാനും തിരുവെഴുത്തു ഭാഗങ്ങൾ അറിയുന്നതുകൊണ്ടായില്ല. ഒരുതരത്തിൽ പറഞ്ഞാൽ, നാം ബൈബിളിന്റെ വ്യാകരണവും പഠിക്കണം. തിരുവെഴുത്തുകൾ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നു എന്നും അവ അനുദിന ജീവിതത്തിൽ ബാധകമാക്കാവുന്ന തത്ത്വങ്ങൾ എന്നനിലയിൽ എങ്ങനെ ഉതകുന്നു എന്നും നാം ഗ്രഹിക്കേണ്ടയാവശ്യമുണ്ട്. അങ്ങനെ “സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവ”രായിത്തീരാൻ നമുക്കു സാധിക്കും.—2 തിമൊഥെയൊസ് 3:17.
3. ദൈവസേവനം സംബന്ധിച്ച്, പൊ.യു. 33-ൽ എന്തു മാറ്റം സംഭവിച്ചു?
3 മോശൈക ന്യായപ്രമാണ സംഹിതയുടെ ക്രമീകരണത്തിൻ കീഴിൽ, വിശ്വസ്തത പ്രകടിപ്പിക്കണമെന്നുണ്ടെങ്കിൽ, നന്നായി നിർവചിക്കപ്പെട്ട നിയമങ്ങൾ കാര്യമായ അളവിൽ കർശനമായി പാലിച്ചാൽ മതിയായിരുന്നു. എന്നിരുന്നാലും, പൊ.യു. 33-ൽ, യഹോവ ന്യായപ്രമാണം എടുത്തുകളഞ്ഞു. ഫലത്തിൽ, തന്റെ പുത്രനെ വധിച്ച “ദണ്ഡനസ്തംഭത്തിൽ അതിനെ തറയ്ക്കു”കയായിരുന്നു. (കൊലോസ്യർ 2:13, 14, NW) അതിനുശേഷം, അർപ്പിക്കാനുള്ള ബലികളുടെയും പിൻപറ്റാനുള്ള നിയമങ്ങളുടെയും വിപുലമായ ഒരു പട്ടിക ദൈവജനത്തിനു കൊടുത്തില്ല. മറിച്ച്, അവരോട് ഇങ്ങനെ പറയപ്പെട്ടു: “നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ഒരു യാഗമായി, നിങ്ങളുടെ ന്യായയുക്തമായ ചിന്താശക്തിയോടുകൂടിയ ഒരു വിശുദ്ധ സേവനമായി അർപ്പിക്കുവിൻ.” (റോമർ 12:1, NW) അതേ, ക്രിസ്ത്യാനികൾ മുഴുഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടുംകൂടെ ദൈവസേവനത്തിൽ തീവ്രശ്രമം ചെയ്യണമായിരുന്നു. (മർക്കൊസ് 12:30; താരതമ്യം ചെയ്യുക: സങ്കീർത്തനം 110:3) എന്നാൽ “നിങ്ങളുടെ ന്യായയുക്തമായ ചിന്താശക്തിയോടുകൂടിയ വിശുദ്ധ സേവനം” അർപ്പിക്കുന്നതിന്റെ അർഥം എന്താണ്?
4, 5. നമ്മുടെ ന്യായയുക്തമായ ചിന്താശക്തിയോടെ യഹോവയെ സേവിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു?
4 “യുക്തിപൂർവകമായ” അഥവാ “ബുദ്ധിയുള്ള” എന്ന് അർഥമുള്ള ലോഗിക്കോസ് എന്ന ഗ്രീക്കു പദത്തെയാണു “ന്യായയുക്തമായ ചിന്താശക്തി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഒരു ബൈബിൾ പരിശീലിത മനസ്സാക്ഷി ഉപയോഗിക്കാൻ ദൈവദാസന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നു. തങ്ങളുടെ തീരുമാനങ്ങൾ നേരത്തെ ഉണ്ടാക്കിവെച്ചിരിക്കുന്ന എണ്ണമറ്റ നിയമങ്ങളിൽ അടിസ്ഥാനപ്പെടുത്തുന്നതിനുപകരം, ക്രിസ്ത്യാനികൾ ബൈബിൾ തത്ത്വങ്ങളെ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതാണ്. അവർ ബൈബിളിന്റെ “വ്യാകരണം” അഥവാ എങ്ങനെ അതിന്റെ വിവിധ തത്ത്വങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ, ന്യായയുക്തമായ ചിന്താശക്തി ഉപയോഗിച്ച് അവർക്കു സമനിലയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനാവും.
5 ഇതിന്റെ അർഥം ക്രിസ്ത്യാനികൾക്കു യാതൊരു നിയമങ്ങളും ഇല്ലെന്നാണോ? നിശ്ചയമായും അല്ല. വിഗ്രഹാരാധന, ലൈംഗിക അധാർമികത, കൊലപാതകം, നുണ പറച്ചിൽ, ആത്മവിദ്യ, രക്തത്തിന്റെ ദുരുപയോഗം എന്നിവയെയും മറ്റനേക പാപങ്ങളെയും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ വ്യക്തമായി വിലക്കുന്നു. (പ്രവൃത്തികൾ 15:28, 29; 1 കൊരിന്ത്യർ 6:9, 10; വെളിപ്പാടു 21:8) ഇസ്രായേല്യരോട് ആവശ്യപ്പെട്ടിരുന്നതിനെക്കാളും വളരെ കൂടുതൽ നാം ബൈബിൾ തത്ത്വങ്ങൾ പഠിക്കാനും ബാധകമാക്കാനും നമ്മുടെ ന്യായയുക്തമായ ചിന്താശക്തി ഉപയോഗിക്കണം. കൂടുതലും ഒരു പുതിയ ഭാഷ പഠിച്ചെടുക്കുമ്പോഴെന്നപോലെ ഇതിനു സമയവും ശ്രമവും ആവശ്യമാണ്. എങ്ങനെയാണു നമ്മുടെ ന്യായയുക്തമായ ചിന്താശക്തി വളർത്തിയെടുക്കാനാവുക?
നിങ്ങളുടെ ന്യായയുക്തമായ ചിന്താശക്തി വളർത്തിയെടുക്കൽ
6. ബൈബിൾ പഠിക്കുന്നതിൽ എന്തുൾപ്പെടുന്നു?
6 ഒന്നാമതായി, നാം ബൈബിളിന്റെ ഉത്സാഹമുള്ള പഠിതാക്കളായിരിക്കണം. ദൈവത്തിന്റെ നിശ്വസ്ത വചനം “പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.” 2 തിമോത്തേയോസ് 3:16, പി.ഒ.സി. ബൈ.) ഒരു പ്രശ്നത്തിനുള്ള ഉത്തരം ഒരൊറ്റ ബൈബിൾ വാക്യത്തിൽ വിവരിച്ചിട്ടുണ്ടാവുമെന്നു നാം എല്ലായ്പ്പോഴും പ്രതീക്ഷിക്കരുത്. ഒരു പ്രത്യേക സ്ഥിതിവിശേഷത്തിന്മേലോ പ്രശ്നത്തിന്മേലോ വെളിച്ചം വീശുന്ന പല തിരുവെഴുത്തുകളെക്കുറിച്ചു നാം ന്യായയുക്തമായി ചിന്തിക്കേണ്ടിവന്നേക്കാം. പ്രസ്തുത സംഗതി സംബന്ധിച്ചു ദൈവത്തിന്റെ ചിന്ത എന്തെന്ന് അറിയുന്നതിനു നാം ശുഷ്കാന്തിയോടെ ഒരു അന്വേഷണം നടത്തേണ്ടിവരും. (സദൃശവാക്യങ്ങൾ 2:3-5) നമുക്കു ഗ്രാഹ്യവും ആവശ്യമാണ്, കാരണം “ഗ്രാഹ്യമുള്ള ഒരു മനുഷ്യൻ വിദഗ്ധ നിർദേശം തേടുന്നവനാണ്.” (സദൃശവാക്യങ്ങൾ 1:5, NW) ഗ്രാഹ്യമുള്ള ഒരു വ്യക്തിക്ക് ഒരു സംഗതിയുടെ ഒറ്റയായ ഘടകങ്ങളെ വേർതിരിക്കാനും തുടർന്ന് അവയുടെ പരസ്പര ബന്ധം ഗ്രഹിക്കാനും സാധിക്കും. കഷണങ്ങളാക്കിയ ഒരു ചിത്രപ്രശ്നത്തിന്റെ (jigsaw puzzle) കാര്യത്തിലെന്നപോലെ, അയാൾ കഷണങ്ങളെ ഒരുമിച്ചുചേർത്തുവെക്കുന്നു, അങ്ങനെ മുഴുചിത്രവും അദ്ദേഹത്തിനു കാണാൻ സാധിക്കുന്നു.
7. ശിക്ഷണത്തിന്റെ കാര്യത്തിൽ, മാതാപിതാക്കൾക്കു ബൈബിൾ തത്ത്വങ്ങളെ സംബന്ധിച്ചു ന്യായയുക്തമായി ചിന്തിക്കാൻ സാധിക്കുന്നതെങ്ങനെ?
7 ഉദാഹരണത്തിന്, മാതാപിതാക്കളായിരിക്കുന്ന അവസ്ഥയെക്കുറിച്ചു ചിന്തിക്കുക. മകനെ സ്നേഹിക്കുന്ന പിതാവ് “അവനെ ശിക്ഷിക്കുന്നു” എന്നു സദൃശവാക്യങ്ങൾ 13:24 പറയുന്നു. ഈ തിരുവെഴുത്തു മാത്രമായി എടുക്കുന്നെങ്കിൽ, മയമില്ലാത്ത, നിർദയമായ ശിക്ഷയെ ന്യായീകരിക്കാൻ ഇതു തെറ്റായി ബാധകമാക്കാവുന്നതാണ്. എന്നാൽ കൊലോസ്യർ 3:21 [NW] സന്തുലിതമായ പ്രബോധനം നൽകുന്നു: “നിങ്ങളുടെ മക്കൾ നിരുത്സാഹിതരായിത്തീരാതിരിക്കേണ്ടതിന് അവരെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കരുത്.” തങ്ങളുടെ ന്യായയുക്തമായ ചിന്താശക്തി ഉപയോഗിക്കുകയും ഈ തത്ത്വങ്ങൾ സമന്വയിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ “മോശ”മെന്നു പറയാവുന്ന ശിക്ഷകൾ നടപ്പാക്കുകയില്ല. ഊഷ്മളതയോടും പരിഗണനയോടും അന്തസ്സോടുംകൂടെയായിരിക്കും അവർ മക്കളോട് ഇടപെടുക. (എഫെസ്യർ 6:4) അങ്ങനെ, മാതാപിതാക്കൾ ആയിരിക്കുന്ന അവസ്ഥയുടെയോ ബൈബിൾ തത്ത്വങ്ങൾ ഉൾപ്പെടുന്ന വേറെ ഏതെങ്കിലും സംഗതിയുടെയോ കാര്യത്തിൽ, ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും അപഗ്രഥിച്ചുകൊണ്ട് നമുക്കു നമ്മുടെ ന്യായയുക്തമായ ചിന്താശക്തിയെ വികസിപ്പിച്ചെടുക്കാനാവും. ഈ വിധത്തിൽ, ബൈബിൾ തത്ത്വങ്ങളുടെ “വ്യാകരണം,” അതായതു ദൈവത്തിന്റെ ഉദ്ദേശ്യമെന്തെന്നും അതെങ്ങനെ നിവർത്തിക്കാമെന്നും നമുക്കു ഗ്രഹിക്കാനാവും.
8. വിനോദത്തിന്റെ കാര്യത്തിൽ, അയവില്ലാത്ത, അധികാരപൂർവകമായ വീക്ഷണങ്ങൾ നമുക്കെങ്ങനെ ഒഴിവാക്കാനാവും?
8 നമ്മുടെ ന്യായയുക്തമായ ചിന്താശക്തി വളർത്തിയെടുക്കാവുന്ന രണ്ടാമത്തെ വിധം അയവില്ലാത്ത, അധികാരപൂർവകമായ വീക്ഷണഗതികൾ അവലംബിക്കുന്നത് ഒഴിവാക്കുന്നതിനാലാണ്. വഴക്കമില്ലാത്ത ഒരു കാഴ്ചപ്പാടു നമ്മുടെ ന്യായയുക്തമായ ചിന്താശക്തിയുടെ വളർച്ച മുരടിപ്പിക്കും. വിനോദത്തിന്റെ കാര്യം പരിചിന്തിക്കുക. ബൈബിൾ പറയുന്നു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ഇതിന്റെ അർഥം ലോകത്തിൽ നിർമിക്കപ്പെടുന്ന സകല പുസ്തകങ്ങളും ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും ദുഷിച്ചതും സാത്താന്യവുമാണെന്നാണോ? അത്തരമൊരു കാഴ്ചപ്പാടു ന്യായയുക്തമായിരിക്കുകയില്ല. തീർച്ചയായും, ടെലിവിഷൻ, ചലച്ചിത്രങ്ങൾ, ലൗകിക സാഹിത്യങ്ങൾ എന്നിവയിൽനിന്നെല്ലാം പൂർണമായും ഒഴിഞ്ഞുനിൽക്കാൻ ചിലർ തീരുമാനിച്ചേക്കാം. അത് അവരുടെ അവകാശം. അതിന് അവരെ വിമർശിക്കരുത്. എന്നാൽ സമാനമായ കർക്കശ നിലപാട് എടുക്കാൻ അവർ മറ്റുള്ളവരെ നിർബന്ധിക്കയുമരുത്. നമ്മുടെ നേരമ്പോക്കുകളോ വിനോദങ്ങളോ ജ്ഞാനപൂർവം തിരഞ്ഞെടുക്കാൻ നമ്മെ പ്രാപ്തമാക്കാൻ പര്യാപ്തമായ ബൈബിൾ തത്ത്വങ്ങൾ അവതരിപ്പിക്കുന്ന ലേഖനങ്ങൾ സൊസൈറ്റി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾക്കപ്പുറം പോകുന്നതും അധാർമിക ചിന്തയുടെയോ കൊടും അക്രമത്തിന്റെയോ ആത്മവിദ്യയുടെയോ മാസ്മരലോകത്തിലേക്ക് സ്വയം ഇറങ്ങിച്ചെല്ലുന്നതും അങ്ങേയറ്റം മൗഢ്യമാണ്. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാനും അങ്ങനെ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ ഒരു ശുദ്ധമായ മനസ്സാക്ഷിയുണ്ടാവാനും നാം നമ്മുടെ ന്യായയുക്തമായ ചിന്താശക്തിയെ ഉപയോഗിക്കണമെന്നുള്ളതു വിനോദത്തിന്റെ ജ്ഞാനപൂർവകമായ തിരഞ്ഞെടുപ്പിന് ആവശ്യമാണ്.—1 കൊരിന്ത്യർ 10:31-33.
9. “തികഞ്ഞ വിവേചന”കൊണ്ട് അർഥമാക്കുന്നതെന്ത്?
9 ഇന്നത്തെ വിനോദങ്ങളിൽ ഏറിയപങ്കും വ്യക്തമായും ക്രിസ്ത്യാനികൾക്കു യോജിച്ചവയല്ല.a അതുകൊണ്ട്, ഒന്നാം നൂറ്റാണ്ടിൽ “സകല ധാർമിക ബോധവും വിട്ടുകളഞ്ഞ” ചിലരെപ്പോലെ ആയിത്തീരാതിരിക്കാൻവേണ്ടി ‘ദോഷത്തെ വെറുക്കാൻ’ നാം നമ്മുടെ ഹൃദയങ്ങളെ പരിശീലിപ്പിക്കണം. (എഫേസ്യർ 4:17-19, NW; സങ്കീർത്തനം 97:10) അത്തരം സംഗതികളെക്കുറിച്ചു യുക്തമായി ചിന്തിക്കാൻ നമുക്കു “കൃത്യമായ പരിജ്ഞാനവും തികഞ്ഞ വിവേചനയും” ആവശ്യമാണ്. (ഫിലിപ്യർ 1:9, NW) “വിവേചന”യെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം “ഉണർവുള്ള ധാർമിക ധാരണ” എന്നാണ്. കാഴ്ചപോലുള്ള മനുഷ്യന്റെ അക്ഷരീയ ഇന്ദ്രിയങ്ങളെയാണ് ആ പദം സൂചിപ്പിക്കുന്നത്. വിനോദങ്ങളുടെയോ വ്യക്തിപരമായ തീരുമാനം ആവശ്യമുള്ള മറ്റേതെങ്കിലും സംഗതികളുടെയോ കാര്യം വരുമ്പോൾ, നമ്മുടെ ധാർമിക ബോധത്തിലേക്കു ശ്രദ്ധതിരിക്കണം. അങ്ങനെയാവുമ്പോൾ തികച്ചും ഭിന്നമായ, തെറ്റും ശരിയുംപോലുള്ള സംഗതികൾ മാത്രമല്ല, തെറ്റിനും ശരിക്കും ഇടയ്ക്കെന്നു തോന്നുന്ന സംഗതികളും നമുക്കു ഗ്രഹിക്കാനാവും. അതേസമയം, ന്യായയുക്തമല്ലാത്ത, ചില അങ്ങേയറ്റത്തെ നിലപാടുകൾക്കുവേണ്ടി ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതും അത് എല്ലാ സഹോദരങ്ങളും ചെയ്യണമെന്നു ശഠിക്കുന്നതും നാം ഒഴിവാക്കണം.—ഫിലിപ്പിയർ 4:5.
10. സങ്കീർത്തനം 15-ൽ പ്രതിഫലിച്ചിരിക്കുന്നതുപോലെയുള്ള യഹോവയുടെ വ്യക്തിത്വം നമുക്കെങ്ങനെ മനസ്സിലാക്കാനാവും?
10 യഹോവയുടെ ചിന്തയെക്കുറിച്ചു ബോധമുണ്ടായിരിക്കുകയും അതു നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ നടുകയും ചെയ്യുകയാണു നമ്മുടെ ന്യായയുക്തമായ ചിന്താശക്തി വളർത്തിയെടുക്കാനുള്ള മൂന്നാമത്തെ മാർഗം. തന്റെ വചനത്തിൽ യഹോവ തന്റെ വ്യക്തിത്വത്തെയും നിലവാരങ്ങളെയും കുറിച്ചു വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, തന്റെ കൂടാരത്തിൽ ഒരു അതിഥിയായിരിക്കാൻ യഹോവ ഏതുതരം വ്യക്തിയെ ക്ഷണിക്കുന്നു എന്നതു സംബന്ധിച്ചു നാം സങ്കീർത്തനം 15-ൽ വായിക്കുന്നു. അത്തരമൊരു വ്യക്തി നീതി പ്രവർത്തിക്കുകയും ഹൃദയത്തിൽ സത്യം സംസാരിക്കുകയും തന്റെ വാഗ്ദത്തങ്ങളോടു വിശ്വസ്തനായിരിക്കുകയും മറ്റുള്ളവരെ ചൂഷണം ചെയ്യാതിരിക്കുകയും ചെയ്യുന്നവനായിരിക്കും. ഈ സങ്കീർത്തനം വായിക്കുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക, ‘ഈ യോഗ്യതകൾ ഉള്ളവനാണോ ഞാൻ? തന്റെ കൂടാരത്തിൽ ഒരു അതിഥിയായിരിക്കാൻ യഹോവ എന്നെ ക്ഷണിക്കുമോ?’ യഹോവയുടെ വഴികളോടും ചിന്തകളോടും നാം യോജിപ്പിലായിത്തീരുമ്പോൾ അതു നമ്മുടെ ഗ്രഹണശക്തികൾക്കു കരുത്തേകും.—സദൃശവാക്യങ്ങൾ 3:5, 6; എബ്രായർ 5:14.
11. പരീശന്മാർ ‘ദൈവത്തിന്റെ നീതിയും സ്നേഹവും അവഗണിച്ചുകള’ഞ്ഞതെങ്ങനെ?
11 ഈ പ്രത്യേക വശത്താണു പരീശന്മാർ ദയനീയമായി പരാജയപ്പെട്ടത്. പരീശന്മാർക്കു ന്യായപ്രമാണത്തിന്റെ സാങ്കേതിക ചട്ടക്കൂടിനെക്കുറിച്ചെല്ലാം അറിയാമായിരുന്നു, എന്നാൽ അതിന്റെ “വ്യാകരണം” ഗ്രഹിക്കാനായില്ല. ന്യായപ്രമാണത്തിന്റെ കണക്കറ്റ വിശദാംശങ്ങൾ മനഃപാഠം ഉരുവിടാൻ അവർക്കു കഴിയുമായിരുന്നു, എന്നാൽ അതു നൽകിയ വ്യക്തിയെ മനസ്സിലാക്കാൻ അവർ പരാജയപ്പെട്ടു. യേശു അവരോടു പറഞ്ഞു: “നിങ്ങൾ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാൽ, ദൈവത്തിന്റെ നീതിയും സ്നേഹവും നിങ്ങൾ അവഗണിച്ചുകളയുന്നു.” (ലൂക്കാ 11:42, പി.ഒ.സി. ബൈ.) അയവില്ലാത്ത മനസ്സും കടുകട്ടിയായ ഹൃദയവുമുള്ള പരീശന്മാർ തങ്ങളുടെ ന്യായയുക്തമായ ചിന്താശക്തി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടു. ശബത്തിൽ കതിർമണി പറിച്ചുതിന്നതിന് യേശുവിന്റെ ശിഷ്യന്മാരെ വിമർശിച്ചപ്പോൾ അവരുടെ പൊള്ള ന്യായവാദം വെളിവായി; എന്നാൽ അതേദിവസം മറ്റൊരു സമയത്ത് അവർ യേശുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയപ്പോൾ അവർക്കു യാതൊരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെട്ടില്ല!—മത്തായി 12:1, 2, 14.
12. ഒരു വ്യക്തി എന്നനിലയിൽ, നമുക്കെങ്ങനെ യഹോവയുമായി കൂടുതൽ യോജിപ്പുള്ളവരായിത്തീരാൻ സാധിക്കും?
12 പരീശന്മാരെപ്പോലെ ആയിരിക്കാൻ നാം ആഗ്രഹിക്കുന്നില്ല. ഒരു വ്യക്തി എന്നനിലയിൽ യഹോവയുമായി കൂടുതൽ യോജിപ്പിലായിത്തീരാൻ ദൈവവചനത്തെക്കുറിച്ചുള്ള നമ്മുടെ പരിജ്ഞാനം നമ്മെ സഹായിക്കണം. നമുക്ക് ഇത് എങ്ങനെ ചെയ്യാനാവും? ബൈബിളിന്റെയോ ബൈബിളധിഷ്ഠിത സാഹിത്യത്തിന്റെയോ ഒരു ഭാഗം വായിച്ചതിനുശേഷം, ആഴത്തിൽ ചിന്തിപ്പിക്കുന്ന ഇതുപോലുള്ള ചോദ്യങ്ങൾ ചിലർക്ക് ഉപകാരപ്പെട്ടിട്ടുണ്ട്, ‘ഈ വിവരങ്ങൾ യഹോവയെയും അവന്റെ ഗുണങ്ങളെയും കുറിച്ച് എന്നെ എന്തു പഠിപ്പിക്കുന്നു? മറ്റുള്ളവരുമായുള്ള എന്റെ ഇടപെടലുകളിൽ എനിക്കെങ്ങനെ യഹോവയുടെ ഗുണങ്ങൾ പ്രകടിപ്പിക്കാനാവും?’ അത്തരം ചോദ്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതു നമ്മുടെ ന്യായയുക്തമായ ചിന്താശക്തിയെ വികസിപ്പിക്കുകയും “ദൈവത്തിന്റെ അനുകാരികൾ” ആയിത്തീരാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.—എഫേസ്യർ 5:1, NW.
ദൈവത്തിന്റെയും ക്രിസ്തുവിന്റെയും അടിമകൾ, മനുഷ്യരുടെയല്ല
13. പരീശന്മാർ ധാർമിക ഏകാധിപതികളെപ്പോലെ പ്രവർത്തിച്ചതെങ്ങനെ?
13 മൂപ്പന്മാർ തങ്ങളുടെ പരിപാലനയിൻകീഴിലുള്ളവരെ അവരുടെ ന്യായയുക്തമായ ചിന്താശക്തി ഉപയോഗിക്കാൻ അനുവദിക്കേണ്ടതുണ്ട്. സഭാംഗങ്ങൾ മനുഷ്യരുടെ അടിമകൾ അല്ല. “ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല,” പൗലോസ് എഴുതി. (ഗലാത്യർ 1:10; കൊലൊസ്സ്യർ 3:23, 24) ഇതിൽനിന്നു വ്യത്യസ്തമായി, ദൈവത്തിന്റെ അംഗീകാരത്തെക്കാൾ മനുഷ്യരുടെ അംഗീകാരം നേടുന്നതാണു കൂടുതൽ പ്രധാനമെന്ന് ആളുകൾ വിശ്വസിക്കണമെന്നു പരീശന്മാർ ആഗ്രഹിച്ചു. (മത്തായി 23:2-7; യോഹന്നാൻ 12:42, 43) പരീശന്മാർ തങ്ങളെത്തന്നെ ധാർമിക ഏകാധിപതികളാക്കിമാറ്റി. അവർ സ്വന്തം നിയമങ്ങളുണ്ടാക്കി മറ്റുള്ളവരുടെ യോഗ്യതകളിൽ വിധി കൽപ്പിച്ചു. പരീശന്മാരെ അനുഗമിച്ചവർ തങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിയുടെ ഉപയോഗത്തിൽ ദുർബലരായിത്തീർന്നു. ഫലത്തിൽ അവർ മനുഷ്യർക്ക് അടിമകളായിത്തീരുകയായിരുന്നു.
14, 15. (എ) ആട്ടിൻകൂട്ടത്തോടൊപ്പം സഹവേലക്കാരാണെന്നു സ്വയം പ്രകടിപ്പിക്കാൻ മൂപ്പന്മാർക്കെങ്ങനെ സാധിക്കും? (ബി) മനസ്സാക്ഷിപരമായ സംഗതികൾ മൂപ്പന്മാർ എങ്ങനെ കൈകാര്യം ചെയ്യണം?
14 ആട്ടിൻകൂട്ടം മുഖ്യമായും തങ്ങളോടല്ല കണക്കുബോധിപ്പിക്കേണ്ടത് എന്ന സംഗതി ഇന്നു ക്രിസ്തീയ മൂപ്പന്മാർക്ക് അറിയാം. ഓരോ ക്രിസ്ത്യാനിയും അവന്റെ അല്ലെങ്കിൽ അവളുടെ സ്വന്തം ചുമടു ചുമക്കണം. (റോമർ 14:4; 2 കൊരിന്ത്യർ 1:24; ഗലാത്യർ 6:5) അതാണ് ശരിയായ രീതി. തീർച്ചയായും, ആട്ടിൻകൂട്ടത്തിലെ അംഗങ്ങൾ, ശ്രദ്ധിക്കപ്പെടുന്നതുകൊണ്ടുമാത്രം അനുസരിക്കുന്ന, മനുഷ്യരുടെ അടിമകൾ ആയിരിക്കണമായിരുന്നെങ്കിൽ ആ മനുഷ്യർ അടുത്തില്ലാതിരിക്കുമ്പോൾ അവർ എന്തു ചെയ്യും? ഫിലിപ്പിയരെക്കുറിച്ചു സന്തോഷിക്കാൻ പൗലോസിനു കാരണമുണ്ടായിരുന്നു: “നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.” അവർ വാസ്തവത്തിൽ ക്രിസ്തുവിന്റെ അടിമകളായിരുന്നു, പൗലോസിന്റെയല്ല.—ഫിലിപ്പിയർ 2:12.
15 അതുകൊണ്ട്, മനസ്സാക്ഷിപരമായ സംഗതികളിൽ മൂപ്പന്മാർ തങ്ങളുടെ പരിപാലനയിൻകീഴിലുള്ളവർക്കുവേണ്ടി തീരുമാനങ്ങൾ എടുക്കരുത്. സംഗതിയിൽ ഉൾപ്പെട്ടിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ വിശദീകരിച്ചിട്ട് തീരുമാനമെടുക്കാൻ തങ്ങളുടെ സ്വന്തം ന്യായയുക്തമായ ചിന്താശക്തി ഉപയോഗിക്കാൻ പ്രസ്തുത സംഗതിയുമായി ബന്ധപ്പെട്ട വ്യക്തികളെ അവർ അനുവദിക്കുന്നു. ഇത് ഒരു ഗുരുതരമായ ഉത്തരവാദിത്വമാണ്, എങ്കിലും വ്യക്തിതന്നെ വഹിക്കേണ്ട ഒന്നാണത്.
16. പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇസ്രായേലിൽ ഏതു സമ്പ്രദായം നിലനിന്നിരുന്നു?
16 ഇസ്രായേലിനെ ന്യായംവിധിക്കാൻ യഹോവ ന്യായാധിപന്മാരെ ഉപയോഗിച്ച കാലഘട്ടമെടുക്കുക. ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.” (ന്യായാധിപന്മാർ 21:25) എങ്കിലും തന്റെ ജനം മാർഗനിർദേശം കൈപ്പറ്റുന്നതിനു യഹോവ വഴിതുറന്നു. ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും പക്വതയുള്ള സഹായം പ്രദാനം ചെയ്യാൻ ഓരോ നഗരത്തിലും പ്രായമേറിയ പുരുഷന്മാർ ഉണ്ടായിരുന്നു. അതിലുപരി, ലേവ്യ പുരോഹിതന്മാർ ആളുകൾക്കു ദൈവനിയമങ്ങളിൽ വിദ്യാഭ്യാസം നൽകിക്കൊണ്ട് നന്മ ചെയ്യുന്നതിനുള്ള ഒരു ശക്തിയായി പ്രവർത്തിച്ചു. വിശേഷാൽ പ്രയാസകരമായ സംഭവങ്ങൾ ഉടലെടുത്തപ്പോൾ, മഹാപുരോഹിതൻ ഊറീമും തുമ്മീമും ഉപയോഗിച്ച് ദൈവത്തോടു കൂടിയാലോചന കഴിക്കുമായിരുന്നു. “ഈ സംവിധാനം സ്വയം ഉപയോഗപ്പെടുത്തി, ദൈവത്തിന്റെ നിയമത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടി, അതു ബാധകമാക്കിയ വ്യക്തിയുടെ മനസ്സാക്ഷിക്ക് ഒരു ഉത്തമ വഴികാട്ടിയുണ്ടായിരുന്നു. അയാൾ അത്തരം സന്ദർഭങ്ങളിൽ ‘തന്റെ സ്വന്തം ദൃഷ്ടികളിൽ ശരിയായത് ചെയ്യുമ്പോൾ’ അതു മോശമായ ഫലമുളവാക്കുമായിരുന്നില്ല. മനസ്സൊരുക്കത്തിന്റെയോ മനസ്സൊരുക്കമില്ലായ്മയുടെയോ മനോഭാവവും ഗതിയും പ്രകടമാക്കാൻ യഹോവ ജനങ്ങളെ അനുവദിച്ചു,” തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) അഭിപ്രായപ്പെടുന്നു.—വാല്യം 2, 162-3 പേജുകൾ.b
17. സ്വന്തം നിലവാരങ്ങൾക്കനുസരിച്ചല്ല, ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ചാണു തങ്ങൾ ബുദ്ധ്യുപദേശിക്കുന്നതെന്നു മൂപ്പന്മാർക്ക് എങ്ങനെ പ്രകടമാക്കാം?
17 ഇസ്രായേല്യ ന്യായാധിപന്മാരെയും പുരോഹിതന്മാരെയുംപോലെ, സഭാമൂപ്പന്മാർ പ്രശ്നങ്ങൾക്കു പക്വതയുള്ള സഹായം പ്രദാനം ചെയ്യുകയും വിലയേറിയ ബുദ്ധ്യുപദേശം നൽകുകയും ചെയ്യുന്നു. ചിലപ്പോൾ അവർ “സകല ദീർഘക്ഷമയോടും പഠിപ്പിക്കൽ കലയോടുംകൂടെ ശാസിക്കുകയും ഔപചാരിക ശാസന കൊടുക്കുകയും ഉദ്ബോധിപ്പിക്കുകയും” പോലും ചെയ്യുന്നു. (2 തിമോത്തി 4:2, NW) അവർ അങ്ങനെ ചെയ്യുന്നതു സ്വന്തം നിലവാരങ്ങൾക്കു ചേർച്ചയിലല്ല, ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിലാണ്. മൂപ്പന്മാർ മാതൃക വെക്കുകയും ഹൃദയത്തിലെത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഇത് എത്ര ഫലപ്രദമായിരിക്കും!
18. ഹൃദയത്തിലെത്തുന്നതു മൂപ്പന്മാരെ സംബന്ധിച്ചു വിശേഷാൽ ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
18 ഹൃദയം നമ്മുടെ ക്രിസ്തീയ പ്രവർത്തനത്തിന്റെ “എൻജിൻ” ആണ്. അതുകൊണ്ട് ബൈബിൾ പറയുന്നു: “ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.” (സദൃശവാക്യങ്ങൾ 4:23) മൂപ്പന്മാർ ഹൃദയങ്ങളെ പ്രചോദിപ്പിക്കുമ്പോൾ സഭയിലുള്ളവർ ദൈവസേവനത്തിൽ തങ്ങൾക്കാവുന്നതെല്ലാം ചെയ്യാൻ പ്രചോദിപ്പിക്കപ്പെടുന്നതായി അവർ കണ്ടെത്തും. എല്ലായ്പോഴും മറ്റുള്ളവരുടെ പ്രേരണ ആവശ്യമില്ലാതെ സ്വയം പ്രവർത്തിക്കുന്നവരായിരിക്കും അവർ. നിർബന്ധിച്ച് അനുസരിപ്പിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. സ്നേഹം തുളുമ്പുന്ന ഒരു ഹൃദയത്തിൽനിന്നു വരുന്ന അനുസരണമാണ് അവൻ പ്രതീക്ഷിക്കുന്നത്. ആട്ടിൻകൂട്ടത്തിലുള്ളവരുടെ ന്യായയുക്തമായ ചിന്താശക്തിയെ വികസിപ്പിച്ചെടുക്കാൻ സഹായിച്ചുകൊണ്ട് അത്തരം ഹൃദയപ്രേരിതമായ സേവനത്തെ മൂപ്പന്മാർക്ക് പ്രോത്സാഹിപ്പിക്കാനാവും.
“ക്രിസ്തുവിന്റെ മനസ്സു” വളർത്തിയെടുക്കൽ
19, 20. ക്രിസ്തുവിന്റെ മനസ്സു വളർത്തിയെടുക്കുന്നതു നമ്മെ സംബന്ധിച്ചു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
19 മുമ്പു കണ്ടതുപോലെ, കേവലം ദൈവനിയമങ്ങൾ അറിഞ്ഞതുകൊണ്ടായില്ല. “ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ,” സങ്കീർത്തനക്കാരൻ കേണപേക്ഷിച്ചു. (സങ്കീർത്തനം 119:34) യഹോവ തന്റെ വചനത്തിൽ “ക്രിസ്തുവിന്റെ മനസ്സു” വെളിപ്പെടുത്തിയിരിക്കുന്നു. (1 കൊരിന്ത്യർ 2:16) തന്റെ ന്യായയുക്തമായ ചിന്താശക്തിയോടെ യഹോവയെ സേവിച്ചവൻ എന്നനിലയിൽ, യേശു നമുക്കു പൂർണതയുള്ള ഒരു മാതൃക വെച്ചുതന്നിരിക്കുന്നു. ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും മനസ്സിലാക്കിയ അവൻ കുറ്റമറ്റ രീതിയിൽ അവ ബാധകമാക്കി. അവന്റെ മാതൃക പഠിക്കുന്നതിനാൽ, നമുക്കു “വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു . . . ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാ”കാൻ സാധിക്കും. (എഫെസ്യർ 3:17-19) അതേ, യേശുവിനെക്കുറിച്ചു നാം ബൈബിളിൽനിന്നു പഠിക്കുന്നതു കേവലം വസ്തുതകൾ അറിയുന്നതിനപ്പുറം പോകുന്നു; യഹോവ ഏതുതരം വ്യക്തിയാണെന്നുള്ളതിന്റെ ഒരു വ്യക്തമായ ചിത്രം അതു നമുക്കു നൽകുന്നു.—യോഹന്നാൻ 14:9, 10.
20 അങ്ങനെ, നാം ദൈവത്തിന്റെ വചനം പഠിക്കുമ്പോൾ, സംഗതി സംബന്ധിച്ചു ദൈവത്തിന്റെ ചിന്ത എന്താണെന്നു വിവേചിക്കാനും സമനിലയിലുള്ള തീരുമാനങ്ങളിലെത്താനും നമുക്കു സാധിക്കും. ഇതിനു ശ്രമം ആവശ്യമായിരിക്കും. യഹോവയുടെ വ്യക്തിത്വത്തോടും നിലവാരങ്ങളോടും നമ്മെ ഉണർവുള്ളവരാക്കിത്തീർത്തുകൊണ്ട് നാം ദൈവവചനത്തിന്റെ ഉത്സാഹമുള്ള പഠിതാക്കളായിരിക്കണം. വാസ്തവത്തിൽ നാം ഒരു പുതിയ വ്യാകരണം പഠിക്കുന്നപോലെയാണ്. എങ്കിലും, അങ്ങനെ ചെയ്യുന്നവർ “[തങ്ങളുടെ] ശരീരങ്ങളെ ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ഒരു യാഗമായി [തങ്ങളുടെ] ന്യായയുക്തമായ ചിന്താശക്തിയോടുകൂടിയ ഒരു വിശുദ്ധ സേവനമായി അർപ്പിക്കുവിൻ” എന്ന പൗലോസിന്റെ അനുശാസനം പിൻപറ്റുകയായിരിക്കും.—റോമർ 12:1, NW.
[അടിക്കുറിപ്പുകൾ]
a ഭൂതാത്മകമോ അശ്ലീലമോ ക്രൂരതയിൽ രസിക്കുന്നതോ ആയ സംഗതികൾ ഉൾക്കൊള്ളുന്ന വിനോദങ്ങളും ക്രിസ്ത്യാനികൾക്ക് അംഗീകരിക്കാനാവാത്ത കുത്തഴിഞ്ഞതോ അനുവാദാത്മകമോ ആയ ആശയങ്ങൾ പ്രചരിപ്പിക്കുന്ന കുടുംബവിനോദമെന്നു പറയുന്നവയും സ്വീകാര്യമല്ല.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
നിങ്ങൾ എന്തു പഠിച്ചു?
◻ ദൈവസേവനം സംബന്ധിച്ച് പൊ.യു. 33-ൽ എന്തു മാറ്റം സംഭവിച്ചു?
◻ നമുക്കെങ്ങനെ നമ്മുടെ ന്യായയുക്തമായ ചിന്താശക്തി വളർത്തിയെടുക്കാനാവും?
◻ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും അടിമകളാകാൻ ആട്ടിൻകൂട്ടത്തിലുള്ളവരെ സഹായിക്കാൻ മൂപ്പന്മാർക്കെങ്ങനെ സാധിക്കും?
◻ നാം “ക്രിസ്തുവിന്റെ മനസ്സു” വളർത്തിയെടുക്കേണ്ടതെന്തുകൊണ്ട്?
[23-ാം പേജിലെ ചിത്രം]
മൂപ്പന്മാർ മറ്റുള്ളവരെ അവരുടെ ന്യായയുക്തമായ ചിന്താശക്തി ഉപയോഗിക്കാൻ സഹായിക്കുന്നു