ക്രിസ്തീയകുടുംബം വൃദ്ധരെ സഹായിക്കുന്നു
“വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.”—സങ്കീർത്തനം 71:9.
1. പല സംസ്കാരങ്ങളിലും പ്രായമുള്ളവരോട് എങ്ങനെയാണു പെരുമാറുന്നത്?
“ദുഷ്പെരുമാററത്തിനു വിധേയമാകുന്ന വൃദ്ധരിൽ ഏതാണ്ട് ഏഴിൽ ആറു പേരോടും മോശമായി പെരുമാറുന്നത് അവരുടെ സ്വന്തം കുടുംബങ്ങൾ തന്നെയാണെന്നു സർവേകൾ സൂചിപ്പിക്കുന്നു” എന്നു ദ വാൾ സ്ട്രീററ് ജേർണൽ പറഞ്ഞു. മോഡേൺ മച്ച്യൂരിററി എന്ന മാസിക ഇങ്ങനെ പ്രസ്താവിച്ചു: “സ്വകാര്യ മുറിയിൽനിന്നു മറനീക്കി രാജ്യത്തെ പത്രപേജുകളിലേക്കു വരുന്ന ഏററവും ഒടുവിലത്തെ [കുടുംബദ്രോഹം] മാത്രമാണു വൃദ്ധരോടുള്ള ദുഷ്പെരുമാററം.” അതേ, പല സംസ്കാരങ്ങളിലേയും വൃദ്ധർ കടുത്ത ദുഷ്പെരുമാററത്തിനും അവഗണനയ്ക്കും വിധേയരായിത്തീർന്നിരിക്കുന്നു. വാസ്തവത്തിൽ അനേകരും “സ്വസ്നേഹികളും . . . നന്ദിയില്ലാത്തവരും അവിശ്വസ്തരും സ്വാഭാവിക പ്രിയമില്ലാത്തവരും” ആയിരിക്കുന്ന ഒരു കാലമാണു നമ്മുടേത്.—2 തിമൊഥെയൊസ് 3:1-3, NW.
2. എബ്രായ തിരുവെഴുത്തുകൾ പറയുന്നപ്രകാരം യഹോവ എപ്രകാരമാണ് വൃദ്ധരെ വീക്ഷിക്കുന്നത്?
2 എന്നുവരികിലും, പുരാതന ഇസ്രയേലിൽ വൃദ്ധരോട് ഇടപെടേണ്ടിയിരുന്നത് ആ വിധമല്ലായിരുന്നു. ന്യായപ്രമാണം ഇങ്ങനെ പ്രസ്താവിച്ചു: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.” വിജ്ഞാനം തുളുമ്പുന്ന നിശ്വസ്ത സദൃശവാക്യങ്ങളുടെ പുസ്തകം നമ്മെ ബുദ്ധ്യുപദേശിക്കുന്നു: “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.” അത് ഇങ്ങനെ കൽപ്പിക്കുന്നു: “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്.” മോശൈക ന്യായപ്രമാണം രണ്ടു ലിംഗത്തിലുംപെട്ട വൃദ്ധരോട് ആദരവും പരിഗണനയും കാണിക്കാൻ പഠിപ്പിച്ചു. വ്യക്തമായും, വൃദ്ധർ ബഹുമാനിക്കപ്പെടണമെന്നു യഹോവ ആഗ്രഹിക്കുന്നു.—ലേവ്യപുസ്തകം 19:32; സദൃശവാക്യങ്ങൾ 1:8; 23:22.
ബൈബിൾ കാലങ്ങളിൽ വൃദ്ധരെ പരിരക്ഷിക്കൽ
3. തന്റെ വൃദ്ധനായ പിതാവിനോടു ജോസഫ് അനുകമ്പ പ്രകടിപ്പിച്ചതെങ്ങനെ?
3 ആദരവു പ്രകടമാക്കേണ്ടിയിരുന്നതു വാക്കുകളിൽ മാത്രമായിരുന്നില്ല, പരിഗണനയോടുകൂടിയ പ്രവൃത്തികളിലും അതു വേണമായിരുന്നു. ജോസഫ് തന്റെ പ്രായംചെന്ന പിതാവിനോടു വലിയ അനുകമ്പ പ്രകടമാക്കി. യാക്കോബ് കനാനിൽനിന്ന് ഈജിപ്ററിലേക്ക് 300 കിലോമീറററിലധികം ദൂരം യാത്ര ചെയ്തു വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനാൽ ജോസഫ് യാക്കോബിന് “പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയററി അയച്ചു.” യാക്കോബ് ഗോശെൻ ദേശത്ത് എത്തിച്ചേർന്നപ്പോൾ ജോസഫ് അടുത്തേക്കു ചെന്നു അദ്ദേഹത്തെ “കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.” ജോസഫ് തന്റെ പിതാവിനെ തീവ്രമായ സ്നേഹംകൊണ്ടു പൊതിഞ്ഞു. വൃദ്ധരെ ശ്രദ്ധിക്കുന്നതിന്റെ എന്തൊരു ആവേശജനകമായ ദൃഷ്ടാന്തം!—ഉല്പത്തി 45:23; 46:5, 29.
4. രൂത്ത് പിൻപററാനുള്ള ഒരു ഉത്തമ മാതൃകയായിരിക്കുന്നത് എന്തുകൊണ്ടാണ്?
4 വൃദ്ധരോടു ദയ കാണിക്കുന്നതിൽ അനുകരിക്കാനുള്ള മറെറാരു മനോജ്ഞമായ മാതൃകയാണു രൂത്ത്. ഒരു അന്യജാതിക്കാരി ആയിരുന്നെങ്കിലും, അവർ തന്റെ യഹൂദ അമ്മായിയമ്മയും വിധവയും വൃദ്ധയും ആയ നവോമിയോടുകൂടെ പററിനിന്നു. അവർ തന്റെ സ്വന്തം ജനത്തെ ഉപേക്ഷിക്കുകയും മറെറാരു ഭർത്താവിനെ കണ്ടെത്താൻ കഴിയാത്തതിന്റെ അപകടസാധ്യത പേറുകയും ചെയ്തു. തന്റെ സ്വന്തം ജനങ്ങളുടെ അടുത്തേക്കു തിരിച്ചുപോകാൻ നവോമി അവരെ പ്രോത്സാഹിപ്പിച്ചപ്പോൾ രൂത്ത് ബൈബിളിലെ ഏററവും മനോഹരമായ വാക്കുകളിൽ ചിലതായ ഈ വാക്കുകളാൽ മറുപടി പറഞ്ഞു: “നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.” (രൂത്ത് 1:16, 17) ദേവരവിവാഹ ക്രമീകരണപ്രകാരം പ്രായംചെന്ന ബോവസിനെ വിവാഹം ചെയ്യാൻ അവർ മനസ്സു കാണിച്ചപ്പോഴും രൂത്ത് സദ്ഗുണങ്ങൾ പ്രകടിപ്പിച്ചു.—രൂത്ത്, അധ്യായങ്ങൾ 2-4.
5. ആളുകളുമായി ഇടപെട്ടപ്പോൾ യേശു ഏതു ഗുണങ്ങൾ പ്രകടമാക്കി?
5 യേശു ജനങ്ങളുമായുള്ള തന്റെ ഇടപെടലിൽ സമാനമായ ഒരു മാതൃക വെച്ചു. അവിടുന്നു ക്ഷമാശീലനും അനുകമ്പയുള്ളവനും ദയാലുവും നവോൻമേഷം പ്രദാനം ചെയ്യുന്നവനും ആയിരുന്നു. മുപ്പത്തെട്ടു വർഷമായി നടക്കാൻ കഴിയാതിരുന്ന രോഗിയായിരുന്ന ഒരു സാധുമനുഷ്യനിൽ അവിടുന്നു വ്യക്തിപരമായ താത്പര്യമെടുത്ത് അയാളെ സുഖപ്പെടുത്തി. അവിടുന്നു വിധവമാരോടു പരിഗണന പ്രകടമാക്കി. (ലൂക്കൊസ് 7:11-15; യോഹന്നാൻ 5:1-9) ദണ്ഡനസ്തംഭത്തിൻമേലുള്ള തന്റെ വേദനാജനകമായ മരണത്തിന്റെ കഠിനയാതനാ സമയത്തുപോലും, മിക്കവാറും 50-കളുടെ ആരംഭത്തിലായിരിക്കാനിടയുള്ള തന്റെ അമ്മ പരിരക്ഷിക്കപ്പെടുമെന്ന് അവിടുന്ന് ഉറപ്പാക്കി. കപടഭക്തരായ തന്റെ ശത്രുക്കൾക്ക് ഒഴികെ യേശു എല്ലാവർക്കും നവോൻമേഷപ്രദമായ ഒരു സഹവാസമായിരുന്നു. അതുകൊണ്ട്, യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.”—മത്തായി 9:36; 11:28, 29; യോഹന്നാൻ 19:25-27.
പരിഗണനയർഹിക്കുന്നത് ആർ?
6. (എ) ആരാണു വിശേഷ ശ്രദ്ധയർഹിക്കുന്നത്? (ബി) നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിച്ചേക്കാം?
6 പരിപാലനയുടെ കാര്യത്തിൽ യഹോവയാം ദൈവവും അവിടുത്തെ പുത്രനായ യേശുക്രിസ്തുവും അത്തരം ഉത്തമ ദൃഷ്ടാന്തങ്ങൾ വെച്ചിരിക്കുന്നതിനാൽ അവരുടെ മാതൃക അനുകരിക്കുക എന്നതു സമർപ്പിത ക്രിസ്ത്യാനികൾക്ക് ഉചിതം മാത്രമാണ്. വളരെ വർഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടുള്ളവരും ഭാരം ചുമന്നിട്ടുള്ളവരും ആയ ചിലർ നമ്മുടെ മധ്യേയുണ്ട്—തങ്ങളുടെ ജീവിതത്തിന്റെ ശരത്കാലത്തിലേക്കു പ്രവേശിച്ചിട്ടുള്ള പ്രായമായ സഹോദരീസഹോദരൻമാർ തന്നെ. ചിലർ നമ്മുടെ മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശൻമാരോ ആയിരിക്കാം. നിങ്ങൾ അവരെ നിസ്സാരമായി കണക്കാക്കുന്നുവോ? നാം അവരെ സംരക്ഷിക്കുകയും അവരോടു ദാക്ഷിണ്യം കാണിക്കുകയും ചെയ്യുന്നുണ്ടോ? അല്ലെങ്കിൽ അവരുടെ വിപുലമായ അനുഭവപരിചയത്തെയും ജ്ഞാനത്തെയും നാം വാസ്തവത്തിൽ വിലമതിക്കുന്നുവോ? വാർധക്യകാലത്ത് അസാധാരണമല്ലാത്ത വിചിത്ര സ്വഭാവങ്ങളും ബുദ്ധിമോശങ്ങളും കൊണ്ടു ചിലർ നമ്മുടെ ക്ഷമയെ പരിശോധിച്ചേക്കാമെന്നതു സത്യം തന്നെ. എന്നാൽ ‘അത്തരം സാഹചര്യങ്ങളിൽ ഞാൻ എത്രമാത്രം വ്യത്യസ്തനായിരിക്കും?’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക.
7. പ്രായമായ ആളുകളോടു സമാനുഭാവം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെ എന്തു ദൃഷ്ടാന്തീകരിക്കുന്നു?
7 മധ്യപൂർവ ദേശത്ത് ഒരു പെൺകുട്ടിക്കു വൃദ്ധരോട് ഉണ്ടായിരുന്ന അനുകമ്പയെ സംബന്ധിച്ച ഹൃദയസ്പർശിയായ ഒരു കഥയുണ്ട്. ഒരു വലിയമ്മ അടുക്കളയിൽ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഒരു ചീനത്തളിക അറിയാതെ കയ്യിൽനിന്നു താഴെ വീണുപൊട്ടി. തന്റെ ഒതുക്കമില്ലായ്മയിൽ അവർക്കുതന്നെ വിഷമമായി; അവരുടെ പുത്രിയാണെങ്കിലോ കൂടുതൽ ക്ഷുഭിതയായി. എന്നിട്ട് തന്റെ ഇളയ പെൺകുട്ടിയെ വിളിച്ച് വലിയമ്മയ്ക്കുവേണ്ടി ഒരു ഉടയാത്ത മരപ്പാത്രം വാങ്ങാനായി കടയിലേക്കയച്ചു. രണ്ടു മരപ്പാത്രവുമായി കുട്ടി മടങ്ങിവന്നു. അവളുടെ അമ്മ ചോദിച്ചു: “നീ എന്തിനാ രണ്ടു പാത്രം വാങ്ങിയത്?” കൊച്ചുമകൾ മടിച്ചിട്ടാണെങ്കിലും ഇങ്ങനെ മറുപടി പറഞ്ഞു: “ഒന്നു വലിയമ്മയ്ക്കും മറെറാന്ന് അമ്മയ്ക്കും, അമ്മ വൃദ്ധയാകുമ്പോൾ.” അതേ, ഈ ലോകത്തിൽ നാമെല്ലാം വാർധക്യം പ്രാപിക്കുന്നതിന്റെ പ്രതീക്ഷയെ അഭിമുഖീകരിക്കുന്നു. മററുള്ളവർ നമ്മോടു ക്ഷമയോടും ദയയോടും കൂടെ പെരുമാറുന്നതു നാം വിലമതിക്കില്ലേ?—സങ്കീർത്തനം 71:9.
8, 9. (എ) നമ്മുടെ മധ്യേയുള്ള വൃദ്ധരോടു നാം എങ്ങനെ പെരുമാറണം? (ബി) ഈയിടെ ക്രിസ്ത്യാനികളായിത്തീർന്നവരിൽ ചിലർ എന്ത് ഓർമിക്കേണ്ടയാവശ്യമുണ്ട്?
8 നമ്മുടെ അനേകം വൃദ്ധരായ സഹോദരീസഹോദരൻമാർക്കു പോയദിനങ്ങളിൽ വിശ്വസ്ത ക്രിസ്തീയപ്രവർത്തനത്തിന്റെ ഒരു നീണ്ട രേഖയുണ്ടെന്നുള്ളതു നാം ഒരിക്കലും വിസ്മരിക്കരുത്. തീർച്ചയായും അവർ നമ്മുടെ ബഹുമാനവും പരിഗണനയും ദയാപുരസ്സരമായ സഹായവും പ്രോത്സാഹനവും അർഹിക്കുന്നു. ജ്ഞാനിയായ മനുഷ്യൻ ശരിയായിത്തന്നെ ഇങ്ങനെ പറഞ്ഞു: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.” പുരുഷനായാലും സ്ത്രീയായാലും, ആ നരച്ച തലയ്ക്ക് ആദരവ് കൊടുക്കേണ്ടതാണ്. പ്രായമായ ഈ പുരുഷൻമാരിലും സ്ത്രീകളിലുംപെട്ട ചിലർ ഇപ്പോഴും വിശ്വസ്തരായ പയനിയർമാരെന്ന നിലയിൽ സേവിക്കുകയാകുന്നു, അനേകം പുരുഷൻമാരും സഭകളിൽ മൂപ്പൻമാരെന്ന നിലയിൽ വിശ്വസ്തതയോടെ സേവിക്കുന്നതിൽ തുടരുന്നു; ചിലർ സഞ്ചാരമേൽവിചാരകൻമാർ എന്ന നിലയിൽ മാതൃകാപരമായ വേല നിർവഹിക്കുന്നു.—സദൃശവാക്യങ്ങൾ 16:31.
9 പൗലോസ് തിമൊഥെയൊസിനെ ഇപ്രകാരം ബുദ്ധ്യുപദേശിച്ചു: “മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരൻമാരെപ്പോലെയും മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.” (1 തിമൊഥെയൊസ് 5:1, 2) അനാദരവു പ്രകടമാക്കുന്ന ഒരു ലോകത്തിൽനിന്നു ക്രിസ്തീയ സഭയിലേക്ക് ഈയിടെ വന്നിട്ടുള്ളവർ സ്നേഹത്തിലധിഷ്ഠിതമായ പൗലോസിന്റെ വാക്കുകൾ വിശേഷിച്ചും ഗൗരവമായി എടുക്കണം. യുവപ്രായക്കാരേ, സ്കൂളിൽ നിങ്ങൾ കണ്ടിരിക്കാനിടയുള്ള മോശമായ മനോഭാവങ്ങൾ അനുകരിക്കാതിരിക്കുക. പ്രായമായ സാക്ഷികളുടെ ദയാപുരസ്സരമായ ബുദ്ധ്യുപദേശത്തിനു നേരെ കയർക്കാതിരിക്കുക. (1 കൊരിന്ത്യർ 13:4-8; എബ്രായർ 12:5, 6, 11) എന്നിരുന്നാലും, മോശമായ ആരോഗ്യസ്ഥിതിയാലോ സാമ്പത്തിക പ്രശ്നങ്ങളാലോ വൃദ്ധർക്കു സഹായം ആവശ്യമായിവരുമ്പോൾ അവരെ സഹായിക്കാൻ പ്രാഥമിക ഉത്തരവാദിത്വമുള്ളത് ആർക്കാണ്?
വൃദ്ധർക്കുവേണ്ടി കരുതുന്നതിൽ കുടുംബത്തിന്റെ പങ്ക്
10, 11. (എ) ബൈബിൾ പറയുന്നതനുസരിച്ച്, പ്രായമായവരെ പരിരക്ഷിക്കുന്നതിൽ നേതൃത്വമെടുക്കേണ്ടത് ആർ? (ബി) വൃദ്ധരെ പരിരക്ഷിക്കുന്നത് എല്ലായ്പോഴും എളുപ്പമല്ലാത്തതെന്തുകൊണ്ട്?
10 ആദിമ ക്രിസ്തീയ സഭയിൽ വിധവമാരെ പരിരക്ഷിക്കുന്ന കാര്യത്തിൽ പ്രശ്നങ്ങൾ പൊന്തിവന്നു. അത്തരം ആവശ്യങ്ങൾ എങ്ങനെ നിറവേററപ്പെടണം എന്നാണ് അപ്പോസ്തലനായ പൗലോസ് സൂചിപ്പിച്ചത്? “സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. വല്ല വിധവെക്കും പുത്രപൌത്രൻമാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പൻമാർക്കു പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”—1 തിമൊഥെയൊസ് 5:3, 4, 8.
11 ആവശ്യസമയത്ത് വൃദ്ധരെ സഹായിക്കേണ്ട ആദ്യ വ്യക്തികൾ അടുത്ത കുടുംബാംഗങ്ങൾ ആയിരിക്കണം.a ഈ വിധത്തിൽ, മുതിർന്ന കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ വർഷങ്ങളോളം പ്രദാനം ചെയ്ത സ്നേഹത്തിനും വേലയ്ക്കും പരിരക്ഷയ്ക്കും വിലമതിപ്പു പ്രകടിപ്പിക്കാനാകും. ഇത് എളുപ്പമായിരിക്കണമെന്നില്ല. ആളുകൾക്കു പ്രായമാകുമ്പോൾ അവർ സ്വാഭാവികമായും തളരുന്നു, ചിലർ അശക്തർപോലും ആയിത്തീരുന്നു. മററു ചിലർ സ്വാർഥതൽപ്പരരും അവകാശപൂർവം ആവശ്യപ്പെടുന്നവരും ആയിത്തീർന്നേക്കാം, ഒരുപക്ഷേ അതിനെക്കുറിച്ചു തിരിച്ചറിയാതെ തന്നെ. എന്നാൽ നാം കുട്ടികളായിരുന്നപ്പോൾ, നാമും സ്വാർഥതൽപ്പരരും ശാഠ്യപൂർവം ആവശ്യപ്പെടുന്നവരും ആയിരുന്നില്ലേ? നമ്മുടെ മാതാപിതാക്കൾ നമ്മെ സഹായിക്കാൻ ഓടിവരുമായിരുന്നില്ലേ? ഇപ്പോൾ അവരുടെ വാർധക്യകാലത്തു സംഗതികൾക്കു മാററം വന്നിരിക്കുന്നു. അതുകൊണ്ട്, ആവശ്യമായിരിക്കുന്നത് എന്താണ്? അനുകമ്പയും ക്ഷമയും തന്നെ.—1 തെസ്സലൊനീക്യർ 2:7, 8 താരതമ്യപ്പെടുത്തുക.
12. വൃദ്ധരെയും ക്രിസ്തീയസഭയിലെ മററുള്ളവരെയും പരിരക്ഷിക്കുന്നതിന് ഏതു ഗുണങ്ങൾ ആവശ്യമാണ്?
12 അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതിയപ്പോൾ പ്രായോഗിക ബുദ്ധ്യുപദേശം നൽകി: “അതുകൊണ്ടു ദൈവത്തിന്റെ വൃതൻമാരും വിശുദ്ധൻമാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ. എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.” നാം സഭയിൽ ഇത്തരത്തിലുള്ള അനുകമ്പയും സ്നേഹവും പ്രകടിപ്പിക്കേണ്ടതുണ്ടെങ്കിൽ, നാം കുടുംബത്തിൽ അതു കൂടുതൽ പ്രകടമാക്കേണ്ടതല്ലേ?!—കൊലൊസ്സ്യർ 3:12-14.
13. പ്രായമായ മാതാപിതാക്കളെയോ വലിയമ്മ വലിയപ്പൻമാരെയോ കൂടാതെ മററാർക്കും സഹായം ആവശ്യമാണ്?
13 കേവലം മാതാപിതാക്കൾക്കോ മുത്തശ്ശീമുത്തശ്ശൻമാർക്കോ മാത്രമായിരിക്കില്ല, ചിലപ്പോൾ പ്രായമായ മററു ബന്ധുക്കൾക്കും ഇത്തരത്തിലുള്ള സഹായം ആവശ്യമായിവന്നേക്കാം. കുട്ടികളില്ലാത്ത ചില വൃദ്ധർ മിഷനറി സേവനത്തിലും സഞ്ചാരമേൽവിചാരക ശുശ്രൂഷയിലും മററു മുഴുസമയ ശുശ്രൂഷയിലും അനേകവർഷം സേവിച്ചിട്ടുണ്ട്. അവരുടെ ജീവിതത്തിലുടനീളം അവർ ആത്മാർഥമായി രാജ്യം ഒന്നാം സ്ഥാനത്തു വെച്ചു. (മത്തായി 6:33) അപ്പോൾ കരുതലിന്റേതായ ഒരു ആത്മാവ് അവരോടു പ്രകടിപ്പിക്കുന്നത് ഉചിതമായിരിക്കില്ലേ? തീർച്ചയായും വാച്ച് ടവർ സൊസൈററി അതിന്റെ പ്രായമായ ബെഥേലംഗങ്ങൾക്കുവേണ്ടി കരുതുന്ന വിധത്തിൽ നമുക്ക് ഒരു ഉത്തമ മാതൃകയുണ്ട്. ബ്രുക്ക്ളിനിലെ ബെഥേൽ ഹെഡ്ക്വാർട്ടേഴ്സിലും സൊസൈററിയുടെ അനേകം ബ്രാഞ്ചുകളിലും, ശുശ്രൂഷിക്കാൻ നിയമിതരായ പരിശീലനം ലഭിച്ച ബെഥേൽകുടുംബാംഗങ്ങളിൽനിന്നു പ്രായമായ അനേകം സഹോദരീസഹോദരൻമാർക്കു ദൈനംദിന ശ്രദ്ധ ലഭിക്കുന്നു. തങ്ങളുടെ സ്വന്തം മാതാപിതാക്കൾ അല്ലെങ്കിൽ വലിയമ്മ വലിയപ്പൻമാർ എന്നപോലെ പ്രായമായ ഇവർക്കു ശ്രദ്ധ നൽകുന്നതിൽ അവർ സന്തുഷ്ടരാണ്. അതേസമയം ഈ പ്രായമായവരുടെ അനുഭവത്തിൽനിന്ന് അവർ വളരെയധികം പഠിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 22:17.
കരുതുന്നതിൽ സഭയുടെ പങ്ക്
14. ആദിമ ക്രിസ്തീയ സഭയിൽ വൃദ്ധർക്കുവേണ്ടി എന്തു കരുതൽ ചെയ്തു?
14 പല രാജ്യങ്ങളിലും ഇന്നു വൃദ്ധർക്കുവേണ്ടി വാർധക്യകാല പെൻഷൻ സമ്പ്രദായവും ഗവൺമെൻറുവക വൈദ്യസഹായവും ഉണ്ട്. അർഹതയുള്ള ക്രിസ്ത്യാനികൾക്ക് ഇതു ലഭ്യമായിരിക്കുന്നിടങ്ങളിൽ ഈ വ്യവസ്ഥയുടെ മുഴുപ്രയോജനവും നേടാവുന്നതാണ്. എന്നിരുന്നാലും, ഒന്നാം നൂററാണ്ടിൽ അത്തരം കരുതലുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട്, അനാഥരായ വിധവമാരെ സഹായിക്കാൻ ക്രിസ്തീയ സഭ ക്രിയാത്മക നടപടികളെടുത്തു. പൗലോസ് നിർദേശിച്ചു: “സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ മക്കളെ വളർത്തുകയോ അതിഥികളെ സല്ക്കരിക്കയോ വിശുദ്ധൻമാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കിൽ [സഭാപരമായ സഹായത്തിന്] അവളെ തിരഞ്ഞെടുക്കാം.” അങ്ങനെ പ്രായമായവരെ സഹായിക്കുന്നതിൽ സഭയ്ക്കും ഒരു പങ്കുണ്ടെന്നു പൗലോസ് പ്രകടമാക്കി. വിശ്വാസികളായ കുട്ടികൾ ഇല്ലാഞ്ഞ ആത്മീയമനസ്സുള്ള സ്ത്രീകൾ അത്തരം സഹായത്തിന് അർഹരായി.—1 തിമൊഥെയൊസ് 5:9, 10.
15. ഗവൺമെൻറ് സഹായം നേടിയെടുക്കാൻ സഹായം ആവശ്യമായിവന്നേക്കാവുന്നത് എന്തുകൊണ്ട്?
15 വൃദ്ധർക്കുവേണ്ടി ഗവൺമെൻറിന്റെ കരുതലുകളുള്ള സ്ഥലങ്ങളിൽ സാധാരണമായി മടുപ്പിക്കുന്ന കടലാസു ജോലികൾ കാണും. അത്തരം സന്ദർഭങ്ങളിൽ വൃദ്ധർ അതിനുവേണ്ടി അപേക്ഷിക്കുന്നതിനോ അതു ശേഖരിക്കുന്നതിനോ അത്തരം സഹായം കാലാനുസൃതം പുതുക്കുന്നതിനോപോലും സഭാമേൽവിചാരകൻമാർ ആവശ്യമായ സഹായം ക്രമീകരിക്കുന്നത് ഉചിതമാണ്. ചിലപ്പോൾ സാഹചര്യമാററങ്ങൾ ഒരു വർധിച്ച പെൻഷനിൽ കലാശിച്ചേക്കാം. എന്നാൽ വൃദ്ധർ പരിരക്ഷിക്കപ്പെടുവാൻവേണ്ടി മേൽവിചാരകൻമാർക്കു ചെയ്തുകൊടുക്കാൻ കഴിയുന്ന മററനേകം പ്രായോഗിക സഹായങ്ങളുമുണ്ട്. അവയിൽ ചിലത് എന്തൊക്കെയാണ്?
16, 17. ഏതെല്ലാം വ്യത്യസ്ത വിധങ്ങളിൽ സഭയിലുള്ള വൃദ്ധരോടു നമുക്ക് അതിഥിസത്കാരം പ്രകടിപ്പിക്കാൻ കഴിയും?
16 അതിഥിസത്കാരപ്രിയം ബൈബിൾ കാലങ്ങളോളം പിന്നോട്ടുപോകുന്ന ഒരു ആചാരമാണ്. മധ്യപൂർവദേശത്തുള്ള അനേകം രാജ്യങ്ങളിലും ഇന്നുവരെ, ചുരുങ്ങിയപക്ഷം ഒരു കപ്പ് ചായയോ കാപ്പിയോ കൊടുക്കുന്ന അളവിലെങ്കിലും അപരിചിതരോട് അതിഥിസത്കാരം പ്രകടിപ്പിക്കുന്നു. അപ്പോൾ പൗലോസ് ഇപ്രകാരം എഴുതിയത് ആശ്ചര്യമല്ല: “വിശുദ്ധൻമാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്വിൻ.” (റോമർ 12:13) അതിഥിസത്കാരത്തിനുള്ള ഗ്രീക്ക് പദമായ ഫിലോക്സേനിയ, അക്ഷരീയമായി “അപരിചിതരോടുള്ള സ്നേഹം (വാത്സല്യം, അല്ലെങ്കിൽ ദയ)” എന്നർഥമാക്കുന്നു. ക്രിസ്ത്യാനി അപരിചിതരോട് ആതിഥ്യം കാണിക്കണമെങ്കിൽ അയാളുമായി വിശ്വാസത്തിൽ ബന്ധപ്പെട്ടിരിക്കുന്നവരോട് അയാൾ അതിലും കൂടുതൽ ആതിഥ്യം കാണിക്കേണ്ടതല്ലേ? ഒരു ഭക്ഷണത്തിനായുള്ള ക്ഷണം പലപ്പോഴും പ്രായമായ ഒരു വ്യക്തിയുടെ ദിനചര്യയിൽ സ്വാഗതാർഹമായ ഒരു ഇടവേളയെ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ സാമൂഹിക കൂടിവരവുകളിൽ ജ്ഞാനത്തിന്റെയും അനുഭവ പരിജ്ഞാനത്തിന്റെയും ശബ്ദം കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ വൃദ്ധരെ ഉൾപ്പെടുത്തുക.—ലൂക്കൊസ് 14:12-14 താരതമ്യപ്പെടുത്തുക.
17 വൃദ്ധരെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന അനേകം വിധങ്ങളുണ്ട്. രാജ്യഹാളിലേക്കോ ഒരു സമ്മേളനസ്ഥലത്തേക്കോ കാറിൽ പോകുന്ന ഒരു കൂട്ടം നാം രൂപീകരിക്കുകയാണെങ്കിൽ ആ യാത്രയ്ക്കു ക്ഷണിക്കാൻ കഴിയുന്ന ഏതെങ്കിലും വൃദ്ധർ ഉണ്ടോ? അവർ ചോദിക്കാൻവേണ്ടി കാത്തിരിക്കരുത്. അവരെ കൊണ്ടുപോകാമെന്നു വാഗ്ദാനം ചെയ്യുക. കടകളിൽനിന്ന് അവർക്കുവേണ്ടി സാധനങ്ങൾ വാങ്ങിക്കൊടുക്കുകയാണു മറെറാരു പ്രായോഗിക സഹായം. അല്ലെങ്കിൽ, അവർക്കു കൂടെ വരാൻ കഴിയുന്നെങ്കിൽ നമ്മുടെ ഷോപ്പിംഗ് യാത്രയിൽ അവരെ പങ്കെടുപ്പിക്കാൻ കഴിയുമോ? എന്നാൽ അവർക്ക് ആവശ്യമായിവരുന്നെങ്കിൽ വിശ്രമിക്കാനും ക്ഷീണം തീർക്കാനും കഴിയുന്ന സ്ഥലങ്ങളുണ്ടെന്ന് ഉറപ്പാക്കുക. ഇതിനു ക്ഷമയും ദയയും ആവശ്യമായിവരുമെന്നതിൽ ഒരു സംശയവുമില്ല, എന്നാൽ ഒരു വൃദ്ധന്റെ ആത്മാർഥതയുള്ള നന്ദി വളരെ പ്രതിഫലദായകമായിരിക്കാൻ കഴിയും.—2 കൊരിന്ത്യർ 1:11.
സഭയ്ക്ക് ഒരു മനോഹരമായ മുതൽക്കൂട്ട്
18. പ്രായമായവർ സഭയ്ക്ക് ഒരു അനുഗ്രഹമായിരിക്കുന്നത് എന്തുകൊണ്ടാണ്?
18 ഒരു സഭയിൽ നരച്ചതും വെളുത്തതും (പ്രായംകൊണ്ടു കഷണ്ടിയുള്ളതും) ആയ ശിരസ്സുകൾ കാണാൻ കഴിയുന്നത് എന്തൊരനുഗ്രഹമാണ്! യുവപ്രായക്കാരുടെ ഓജസ്സിനും ചുറുചുറുക്കിനും ഇടയിൽ ജ്ഞാനത്തിന്റെയും അനുഭവ പരിജ്ഞാനത്തിന്റെയും ധൂളികൾ നമുക്കുണ്ടെന്ന് അത് അർഥമാക്കുന്നു—അത് ഏതു സഭയ്ക്കും ഒരു യഥാർഥ മുതൽക്കൂട്ടുതന്നെ. ഒരു കിണറിൽനിന്നും കോരിയെടുക്കേണ്ടതായ ഉൻമേഷദായകമായ വെള്ളത്തോടു സമാനമാണ് അവരുടെ പരിജ്ഞാനം. അത് സദൃശവാക്യങ്ങൾ 18:4 പറയുന്ന പ്രകാരമാണ്: “മമനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.” തങ്ങൾ വേണ്ടപ്പെട്ടവരാണെന്നും വിലമതിക്കപ്പെടുന്നുവെന്നും തോന്നുന്നത് പ്രായമായവർക്ക് എത്ര പ്രോത്സാഹജനകമാണ്!—സങ്കീർത്തനം 92:14 താരതമ്യപ്പെടുത്തുക.
19. തങ്ങളുടെ പ്രായമായ മാതാപിതാക്കൾക്കുവേണ്ടി ചിലർ ത്യാഗങ്ങൾ ചെയ്തിരിക്കുന്നതെങ്ങനെ?
19 വൃദ്ധരും രോഗികളുമായ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ വേണ്ടി തങ്ങളുടെ പദവികൾ ഉപേക്ഷിച്ചു വീട്ടിലേക്കു തിരികെ പോകേണ്ടതിന്റെ ആവശ്യം മുഴുസമയ സേവനത്തിലുള്ള ചിലർക്കു തോന്നിയിട്ടുണ്ട്. മുമ്പ് അവർക്കുവേണ്ടി ത്യാഗങ്ങളനുഷ്ഠിച്ചവർക്ക് അവർ ഒരു ത്യാഗം ചെയ്തിരിക്കുന്നു. മുമ്പ് മിഷനറിമാരായിരുന്നവരും എന്നാൽ ഇപ്പോഴും മുഴുസമയസേവനത്തിലുള്ളവരും ആയ ഒരു ദമ്പതികൾ തങ്ങളുടെ വൃദ്ധരായ മാതാപിതാക്കളെ പരിരക്ഷിക്കേണ്ടതിനായി വീട്ടിലേക്കു മടങ്ങി. ഇത് അവർ 20 വർഷത്തിലധികമായി ചെയ്തിരിക്കുന്നു. നാലു വർഷംമുമ്പ് അദ്ദേഹത്തിന്റെ അമ്മയെ ആശുപത്രിയിലാക്കേണ്ടിവന്നു. ഇപ്പോൾ 60-കളിൽ എത്തിയിരിക്കുന്ന ഭർത്താവ് തന്റെ 93 വയസ്സായ അമ്മയെ ദിവസവും സന്ദർശിക്കുന്നു. അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: “എനിക്കെങ്ങനെ അവരെ ഉപേക്ഷിക്കാനാകും? അവർ എന്റെ അമ്മയാണ്!” മററു ചിലരുടെ കാര്യത്തിൽ, അവരുടെ കുട്ടികൾക്കു തങ്ങളുടെ നിയമനങ്ങളിൽ നിലകൊള്ളാൻ കഴിയേണ്ടതിനു സഭകളും വ്യക്തികളും മുന്നോട്ടുവന്നു പ്രായമായവരെ പരിരക്ഷിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. അത്തരം നിസ്വാർഥ സ്നേഹവും വളരെ പ്രശംസാർഹമാണ്. ഓരോ സ്ഥിതിവിശേഷവും മനസ്സാക്ഷിപൂർവം കൈകാര്യം ചെയ്യേണ്ടതാണ്, എന്തുകൊണ്ടെന്നാൽ വൃദ്ധർ അവഗണിക്കപ്പെടാൻ പാടില്ല. നിങ്ങൾ നിങ്ങളുടെ വൃദ്ധരായ മാതാപിതാക്കളെ സ്നേഹിക്കുന്നുവെന്നു പ്രകടമാക്കുക.—പുറപ്പാടു 20:12; എഫെസ്യർ 6:2, 3.
20. വൃദ്ധരെ പരിരക്ഷിക്കുന്നതിൽ യഹോവ നമുക്കു നൽകിയിരിക്കുന്ന മാതൃകയെന്ത്?
20 തീർച്ചയായും പ്രായമായ നമ്മുടെ സഹോദരീസഹോദരൻമാർ ഒരു കുടുംബത്തിനോ സഭയ്ക്കോ മഹത്ത്വത്തിന്റെ ഒരു കിരീടമാകുന്നു. യഹോവ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻതന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.” ക്രിസ്തീയ കുടുംബത്തിലെ പ്രായമായ നമ്മുടെ സഹോദരീസഹോദരൻമാരോടു അതേ ക്ഷമയും പരിപാലനയും നമുക്കു പ്രകടിപ്പിക്കാം.—യെശയ്യാവു 46:4; സദൃശവാക്യങ്ങൾ 16:31.
[അടിക്കുറിപ്പ്]
a വൃദ്ധരെ സഹായിക്കാൻ കുടുംബാംഗങ്ങൾക്കു ചെയ്യാൻ കഴിയുന്നതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾക്ക് 1987 ഡിസംബർ 1-ലെ വീക്ഷാഗോപുരം പേജ് 13-18 കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ വൃദ്ധരെ പരിരക്ഷിക്കുന്നതിൽ നമുക്കുള്ള ബൈബിൾ ദൃഷ്ടാന്തങ്ങൾ ഏവ?
◻ നാം വൃദ്ധരോട് എങ്ങനെ പെരുമാറണം?
◻ കുടുംബാംഗങ്ങൾക്കു പ്രായമായ തങ്ങളുടെ പ്രിയപ്പെട്ടവരെ എപ്രകാരം പരിരക്ഷിക്കാൻ കഴിയും?
◻ വൃദ്ധരെ സഹായിക്കാൻ സഭയ്ക്ക് എന്തു ചെയ്യാൻ കഴിയും?
◻ വൃദ്ധർ നമുക്കെല്ലാവർക്കും ഒരു അനുഗ്രഹമായിരിക്കുന്നത് എന്തുകൊണ്ട്?
[23-ാം പേജിലെ ചിത്രം]
വൃദ്ധയായ നവോമിയോടു രൂത്ത് ദയയും ആദരവും പ്രകടിപ്പിച്ചു
[24-ാം പേജിലെ ചിത്രം]
വൃദ്ധർ സഭയുടെ വിലമതിക്കപ്പെടുന്ന അംഗങ്ങളാണ്