സ്നേഹം അനുചിതമായ അസൂയയെ കീഴടക്കുന്നു
“സ്നേഹം അസൂയപ്പെടുന്നില്ല.”—1 കോറിന്തോസ് 13:4, പി.ഒ.സി. ബൈബിൾ.
1, 2. (എ) സ്നേഹത്തെക്കുറിച്ചു യേശു തന്റെ ശിഷ്യന്മാരോട് എന്തു പറഞ്ഞു? (ബി) സ്നേഹിക്കലും അസൂയപ്പെടലും, രണ്ടും സാധ്യമാണോ, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നതെന്തുകൊണ്ട്?
സത്യക്രിസ്ത്യാനിത്വത്തെ തിരിച്ചറിയിക്കുന്ന ഒരു അടയാളമാണു സ്നേഹം. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 13:35) ക്രിസ്തീയ ബന്ധങ്ങളെ സ്നേഹം എങ്ങനെ ബാധിക്കണമെന്നു വിശദമാക്കാൻ പൗലോസ് അപ്പോസ്തലൻ നിശ്വസ്തനാക്കപ്പെടുകയുണ്ടായി. മറ്റു സംഗതികളുടെ കൂട്ടത്തിൽ അവൻ എഴുതി: “സ്നേഹം അസൂയപ്പെടുന്നില്ല.”—1 കോറിന്തോസ് 13:4, പി.ഒ.സി. ബൈ.
2 പൗലോസ് ആ വാക്കുകൾ എഴുതിയപ്പോൾ, അവൻ അനുചിതമായ അസൂയയെ പരാമർശിക്കുകയായിരുന്നു. അല്ലായിരുന്നെങ്കിൽ, “എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു” എന്ന് അവന് അതേ സഭയോടു പറയാൻ കഴിയുമായിരുന്നില്ല. (2 കോറിന്തോസ് 11:2, പി.ഒ.സി. ബൈ.) സഭയിൽ ദുഷിപ്പിന്റെ സ്വാധീനമായിരുന്ന പുരുഷന്മാരുണ്ടായിരുന്നതുകൊണ്ടാണ് അവനു “ദൈവികമായ അസൂയ” തോന്നിയത്. ഇതായിരുന്നു കൊരിന്ത്യ ക്രിസ്ത്യാനികൾക്കു സ്നേഹപുരസ്സരമായ ബുദ്ധ്യുപദേശം ഉൾക്കൊള്ളുന്ന രണ്ടാമത്തെ നിശ്വസ്ത ലേഖനം എഴുതാൻ പൗലോസിനെ പ്രേരിപ്പിച്ചത്.—2 കൊരിന്ത്യർ 11:3-5.
ക്രിസ്ത്യാനികൾക്കിടയിലെ അസൂയ
3. കൊരിന്ത്യൻ ക്രിസ്ത്യാനികളുടെ ഇടയിൽ അസൂയ ഉൾപ്പെടുന്ന ഒരു പ്രശ്നം വികാസം പ്രാപിച്ചതെങ്ങനെ?
3 കൊരിന്ത്യർക്കുള്ള പൗലോസിന്റെ ഒന്നാം ലേഖനത്തിൽ, പരസ്പരം സ്വരുമയിൽ വർത്തിക്കുന്നതു പുതിയ ക്രിസ്ത്യാനികൾക്കു വിഷമകരമാക്കിത്തീർക്കുന്ന ഒരു പ്രശ്നം പൗലോസിനു കൈകാര്യം ചെയ്യാനുണ്ടായിരുന്നു. “ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതികൂലമായും ചീർത്തു” അവർ ചില പുരുഷന്മാരെ ഉയർത്തിക്കാട്ടിയിരുന്നു. ഇതു മുഖാന്തരം സഭയിൽ ഭിന്നതകൾ ഉണ്ടായി. “ഞാൻ പൌലോസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ” എന്നിങ്ങനെ പലരും പറയുകയായിരുന്നു. (1 കൊരിന്ത്യർ 1:12; 4:6) പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിൻകീഴിൽ പ്രശ്നത്തിന്റെ മൂലകാരണത്തിലേക്കു കടക്കാൻ പൗലോസ് അപ്പോസ്തലനു കഴിഞ്ഞു. “ആത്മീയ മനുഷ്യരെ”പ്പോലെയല്ല, ജഡിക മാനസരായ ആളുകളെപ്പോലെ പ്രവർത്തിക്കുകയായിരുന്നു കൊരിന്ത്യർ. അതുകൊണ്ട് പൗലോസ് എഴുതി: “നിങ്ങൾ ഇപ്പോഴും ജഡികമനുഷ്യർതന്നെ. നിങ്ങളുടെ ഇടയിൽ അസൂയയും തർക്കവും നിലനിൽക്കുമ്പോൾ നിങ്ങൾ ജഡികരും സാധാരണക്കാരുമല്ലേ?”—1 കോറിന്തോസ് 3:1-3, പി.ഒ.സി. ബൈ.
4. അന്യോന്യമുള്ള ശരിയായ കാഴ്ചപ്പാടിലെത്താൻ സഹോദരങ്ങളെ സഹായിക്കുന്നതിനു പൗലോസ് ഏതു ദൃഷ്ടാന്തം ഉപയോഗിച്ചു, ഇതിൽനിന്നു നമുക്കെന്തു പാഠം പഠിക്കാനാവും?
4 സഭയിലെ പലതരത്തിലുള്ളവരുടെ സിദ്ധികളെയും പ്രാപ്തികളെയും സംബന്ധിച്ചുള്ള ശരിയായ കാഴ്ചപ്പാടിനെ വിലമതിക്കാൻ പൗലോസ് കൊരിന്ത്യരെ സഹായിച്ചു. “നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു?” എന്ന് അവൻ ചോദിച്ചു. (1 കൊരിന്ത്യർ 4:7) 1 കൊരിന്ത്യർ 12-ാം അധ്യായത്തിൽ, കൈ, കണ്ണ്, ചെവി എന്നിങ്ങനെയുള്ള മനുഷ്യ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളെപ്പോലെയാണു സഭാംഗങ്ങളെന്നു പൗലോസ് വിശദമാക്കി. പരസ്പരം പരിപാലിക്കുന്ന വിധത്തിലാണു ദൈവം ശരീരാവയവങ്ങളെ നിർമിച്ചിരിക്കുന്നതെന്ന് അവൻ ചൂണ്ടിക്കാട്ടി. “ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയുംകൂടെ സന്തോഷിക്കുന്നു” എന്നും പൗലോസ് എഴുതി. (1 കൊരിന്ത്യർ 12:26) ഇന്നത്തെ ദൈവദാസന്മാർ എല്ലാവരും അന്യോന്യമുള്ള തങ്ങളുടെ ബന്ധത്തിൽ ഈ തത്ത്വം ബാധകമാക്കേണ്ടതാണ്. ദൈവസേവനത്തിൽ ഒരുവനു ലഭിച്ച നിയമനമോ നേട്ടമോ ഹേതുവായി ആ വ്യക്തിയോട് അസൂയ തോന്നുന്നതിനുപകരം, ആ വ്യക്തിയോടൊപ്പം നാം ആഹ്ലാദിക്കുകയാണു വേണ്ടത്.
5. യാക്കോബ് 4:5-ൽ എന്തു വെളിപ്പെടുത്തിയിരിക്കുന്നു, ഈ വാക്കുകളുടെ സത്യത തിരുവെഴുത്തുകൾ എടുത്തു കാട്ടുന്നതെങ്ങനെ?
5 ഇതു പറയുന്നത്ര എളുപ്പമല്ല പ്രവർത്തിക്കാൻ എന്നു സമ്മതിക്കുന്നു. “ഈർഷ്യ തോന്നാനുള്ള ഒരു പ്രവണത” പാപിയായ ഓരോ മനുഷ്യനിലുമുണ്ടെന്നു ബൈബിളെഴുത്തുകാരനായ യാക്കോബ് നമ്മെ അനുസ്മരിപ്പിക്കുന്നു. (യാക്കോബ് 4:5, NW) ആദ്യത്തെ മാനുഷ മരണം സംഭവിച്ചതുതന്നെ കയീൻ അനുചിതമായ അസൂയയ്ക്കു വഴങ്ങിയതുകൊണ്ടായിരുന്നു. ഇസഹാക്കിന്റെ വർധിച്ചുവരുന്ന സമൃദ്ധിനിമിത്തം ഫെലിസ്ത്യർ അവനെ പീഡിപ്പിച്ചു. കുട്ടികൾക്കു ജന്മംനൽകാനുള്ള തന്റെ സഹോദരിയുടെ പ്രാപ്തിയിൽ റാഹേലിന് അസൂയ തോന്നി. തങ്ങളുടെ ഇളയ സഹോദരനായ യോസേഫിനു ലഭിച്ച പ്രീതിയിൽ യാക്കോബിന്റെ പുത്രന്മാർക്ക് അസൂയ തോന്നി. ഇസ്രായേല്യയല്ലാതിരുന്ന തന്റെ നാത്തൂനോടു മിരിയാമിനു വ്യക്തമായും അസൂയയുണ്ടായിരുന്നു. മോശയ്ക്കും അഹരോനും എതിരായി കോരഹും ദാഥാനും അബീരാമും ഗൂഢാലോചന നടത്തിയതിനു പിന്നിലും ഈർഷ്യതന്നെ. ദാവീദിന്റെ സൈനിക വിജയങ്ങളിൽ ശൗൽ രാജാവ് അസൂയാലുവായി. തങ്ങളിൽ ഏറ്റവും വലിയവൻ ആർ എന്നതുസംബന്ധിച്ച് ആവർത്തിച്ചുള്ള തർക്കങ്ങളിൽ യേശുവിന്റെ ശിഷ്യന്മാർ ഏർപ്പെടാൻ ഇടയാക്കിയതിൽ അസൂയയും ഒരു ഘടകമായിരുന്നുവെന്നതിൽ സംശയമില്ല. യാതൊരു അപൂർണ മനുഷ്യനും “ഈർഷ്യ തോന്നാനുള്ള പ്രവണത”യിൽനിന്നും പൂർണമായി മുക്തനല്ല എന്നത് ഒരു വസ്തുതയാണ്.—ഉല്പത്തി 4:4-8; 26:14; 30:1; 37:11; സംഖ്യാപുസ്തകം 12:1, 2; 16:1-3; സങ്കീർത്തനം 106:16; 1 ശമൂവേൽ 18:7-9; മത്തായി 20:21, 24; മർക്കൊസ് 9:33, 34; ലൂക്കൊസ് 22:24.
സഭയിൽ
6. ഈർഷ്യ തോന്നാനുള്ള പ്രവണതയെ മൂപ്പന്മാർക്ക് എങ്ങനെ നിയന്ത്രിക്കാനാവും?
6 ഈർഷ്യയ്ക്കും അനുചിതമായ അസൂയയ്ക്കുമെതിരെ എല്ലാ ക്രിസ്ത്യാനികളും ജാഗരിക്കേണ്ടതുണ്ട്. ദൈവജനത്തിന്റെ സഭകളെ പരിപാലിക്കാൻ നിയമിതരായിരിക്കുന്ന മൂപ്പന്മാരുടെ സംഘങ്ങൾക്കും ഇതു ബാധകമാണ്. ഒരു മൂപ്പനു താഴ്മയുണ്ടെങ്കിൽ, അത്യാഗ്രഹത്തോടെ മറ്റുള്ളവരെ കടത്തിവെട്ടാൻ ശ്രമിക്കുകയില്ല. അതേസമയം, സംഘാടകനോ പരസ്യപ്രസംഗകനോ എന്നനിലയിൽ ഒരു മൂപ്പനു മുന്തിയ പ്രാപ്തികളുണ്ടെങ്കിൽ, അതു സഭയ്ക്ക് ഒരു മുതൽക്കൂട്ടായി വീക്ഷിച്ചുകൊണ്ട് അതിൽ മറ്റുള്ളവർ ആഹ്ലാദിക്കും. (റോമർ 12:15, 16) ജീവിതത്തിൽ ദൈവാത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതിന്റെ തെളിവു നൽകിക്കൊണ്ട് ഒരു സഹോദരൻ നല്ല പുരോഗതി വരുത്തുന്നുണ്ടായിരിക്കാം. മൂപ്പന്മാർ ആ വ്യക്തിയുടെ യോഗ്യതകൾ പരിഗണിക്കുമ്പോൾ, അദ്ദേഹത്തെ ശുശ്രൂഷാദാസനോ മൂപ്പനോ ആയി ശുപാർശചെയ്യാതിരിക്കുന്നതിനെ ന്യായീകരിക്കാൻ നിസ്സാര കുറവുകൾ പെരുപ്പിച്ചുകാട്ടാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ പെരുപ്പിച്ചുകാണിക്കുന്നത് സ്നേഹത്തിന്റെയും ന്യായയുക്തതയുടെയും അഭാവത്തെയാണു കാണിക്കുന്നത്.
7. ഒരു ക്രിസ്ത്യാനിക്ക് ഏതെങ്കിലും ദിവ്യാധിപത്യ നിയമനങ്ങൾ ലഭിക്കുമ്പോൾ എന്തു പ്രശ്നം ഉടലെടുത്തേക്കാം?
7 ഒരാൾക്ക് ഒരു ദിവ്യാധിപത്യ നിയമനമോ ആത്മീയ അനുഗ്രഹമോ ലഭിക്കുന്നുവെങ്കിൽ, സഭയിലെ മറ്റുള്ളവർ ഈർഷ്യയ്ക്കെതിരെ ജാഗരിക്കേണ്ടയാവശ്യമുണ്ട്. ഉദാഹരണത്തിന്, ക്രിസ്തീയ യോഗങ്ങളിൽ പ്രാപ്തിയുള്ള ഒരു സഹോദരിയെ പ്രകടനങ്ങൾ നടത്തുന്നതിനു മറ്റൊരാളെ അപേക്ഷിച്ചു കൂടെക്കൂടെ ഉപയോഗിക്കുന്നുണ്ടായിരിക്കാം. ഇതു ചിലപ്പോഴൊക്കെ ചില സഹോദരിമാരിൽ അസൂയ ഉളവാക്കിയേക്കാം. ഫിലിപ്പി സഭയിലെ യുവൊദ്യയ്ക്കും സുന്തുകയ്ക്കും ഇടയിൽ ഉണ്ടായിരുന്നത് ഒരുപക്ഷേ അതുപോലൊരു പ്രശ്നമായിരുന്നിരിക്കാം. ആധുനികനാളിലെ അത്തരം സ്ത്രീകൾക്കു താഴ്മയുള്ളവരും “കർത്താവിൽ ഏകചിന്ത”യുള്ളവരും ആയിരിക്കാൻ മൂപ്പന്മാരിൽനിന്നുള്ള ദയാപുരസ്സരമായ പ്രോത്സാഹനം ആവശ്യമായിവന്നേക്കാം.—ഫിലിപ്പിയർ 2:2, 3; 4:2, 3.
8. അസൂയ ഏതു പാപപ്രവൃത്തികളിൽ കലാശിച്ചേക്കാം?
8 സഭയിൽ ഇപ്പോൾ പദവികൾ ആസ്വദിക്കുന്ന ഒരാൾക്കു പണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നതായി ഒരു ക്രിസ്ത്യാനി അറിഞ്ഞേക്കാം. (യാക്കോബ് 3:2) അസൂയനിമിത്തം, ഇതേക്കുറിച്ചു മറ്റുള്ളവരോടു പറയാനും സഭയിൽ അദ്ദേഹത്തിനുള്ള നിയമനത്തെ ചോദ്യം ചെയ്യാനും പ്രലോഭനമുണ്ടായേക്കാം. “പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്ന” സ്നേഹത്തിനു വിപരീതമായ പ്രവൃത്തിയാവും അത്. (1 പത്രൊസ് 4:8) അസൂയകലർന്ന സംസാരത്തിനു സഭയിലെ സമാധാനത്തെ താറുമാറാക്കാൻ സാധിക്കും. ശിഷ്യനായ യാക്കോബ് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “നിങ്ങൾക്കു കടുത്ത അസൂയയും ഹൃദയത്തിൽ സ്വാർത്ഥമോഹവും ഉണ്ടാകുമ്പോൾ, ആത്മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജം പറയുകയോ അരുത്. ഈ ജ്ഞാനം ഉന്നതത്തിൽനിന്നുള്ളതല്ല; ഭൗമികവും സ്വാർത്ഥപരവും പൈശാചികവുമാണ്.”—യാക്കോബ് 3:14, 15, പി.ഒ.സി. ബൈ.
നിങ്ങളുടെ കുടുംബത്തിൽ
9. വിവാഹിത ഇണകൾക്ക് അസൂയാവികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും?
9 അനുചിതമായ അസൂയനിമിത്തം അനേകം വിവാഹങ്ങൾ തകരുന്നുണ്ട്. വിവാഹപങ്കാളിയിൽ വിശ്വാസരാഹിത്യം കാണിക്കുന്നതു സ്നേഹപുരസ്സരമായ പ്രവൃത്തിയല്ല. (1 കൊരിന്ത്യർ 13:7) അതേസമയം, മറ്റേയാളുടെ ഭാഗത്തെ അസൂയ കലർന്ന വികാരങ്ങളോട് ഒരു ഇണ പ്രതികരിച്ചെന്നുവരില്ല. ഉദാഹരണത്തിന്, ഭർത്താവ് എതിർലിംഗവർഗത്തിൽപ്പെട്ട ആരോടെങ്കിലും കാട്ടുന്ന ശ്രദ്ധനിമിത്തം ഒരു ഭാര്യക്ക് അസൂയ തോന്നിയേക്കാം. അല്ലെങ്കിൽ സഹായം ആവശ്യമുള്ള ഒരു ബന്ധുവിനെ പരിചരിക്കുന്നതിൽ ഭാര്യ ചെലവഴിക്കുന്ന സമയത്തെപ്രതി ഭർത്താവിന് അസൂയ തോന്നിയേക്കാം. അത്തരം വികാരങ്ങളാൽ അസ്വസ്ഥരായി, വിവാഹ ഇണകൾ ഒന്നും സംസാരിക്കാതിരിക്കുകയും പ്രശ്നത്തെ വഷളാക്കുന്ന മറ്റുവിധങ്ങളിൽ തങ്ങളുടെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തേക്കാം. അതിനുപകരം, അസൂയ തോന്നുന്ന ഒരു വിവാഹ ഇണ ആശയവിനിയമം നടത്തുകയും തന്റെ തോന്നലുകൾ സംബന്ധിച്ചു സത്യസന്ധനായിരിക്കുകയും വേണം. തിരിച്ച്, മറ്റേ ഇണ വിവേകം പ്രകടിപ്പിക്കുകയും താൻ അദ്ദേഹത്തെ അല്ലെങ്കിൽ അവളെ സ്നേഹിക്കുന്നുവെന്ന് ഉറപ്പുകൊടുക്കുകയും വേണം. (എഫെസ്യർ 5:28, 29) അസൂയയ്ക്കിടയാക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് ഇരുവരും അസൂയാവികാരങ്ങളെ ദൂരീകരിക്കണം. ദൈവത്തിന്റെ ആടുകളുടെ ഒരു ഇടയൻ എന്നനിലയിലുള്ള തന്റെ ഉത്തരവാദിത്വം നിറവേറ്റാൻ വിപരീത ലിംഗവർഗത്തിൽപ്പെട്ട സഭാംഗങ്ങൾക്കു പരിമിതവും ഉചിതവുമായ ശ്രദ്ധകൊടുക്കുകയാണെന്നു മനസ്സിലാക്കാൻ ഒരുപക്ഷേ ക്രിസ്തീയ മേൽവിചാരകൻ തന്റെ ഭാര്യയെ സഹായിക്കേണ്ടിവന്നേക്കാം. (യെശയ്യാവു 32:2) തീർച്ചയായും, അസൂയ തോന്നാനുള്ള സാധുവായ യാതൊരു കാരണവുമുണ്ടാക്കാതിരിക്കാൻ ഒരു മൂപ്പൻ എല്ലായ്പോഴും ശ്രദ്ധയുള്ളവനായിരിക്കണം. ഇതിനു സമനില ആവശ്യമാണ്, അതായത് തന്റെതന്നെ വിവാഹബന്ധം ബലിഷ്ഠമാക്കുന്നതിൽ താൻ സമയം ചെലവഴിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തണം.—1 തിമൊഥെയൊസ് 3:5; 5:1, 2.
10. അസൂയാവികാരങ്ങളെ തരണംചെയ്യാൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാനാവും?
10 അനുചിതമായ അസൂയയെക്കുറിച്ചുള്ള ആശയം ഗ്രഹിക്കാൻ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സഹായിക്കണം. കുട്ടികൾ പലപ്പോഴും ശണ്ഠകളിലേർപ്പെടുന്നു. അതു പിന്നീടു പോരാട്ടങ്ങളായിത്തീരുന്നു. മിക്കപ്പോഴും മൂലകാരണം അസൂയയാണ്. കാരണം ഓരോ കുട്ടിയുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. എല്ലാ കുട്ടികളെയും ഒരുപോലെ കൈകാര്യം ചെയ്യാൻ പറ്റില്ല. മാത്രമല്ല, തങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായ പ്രാപ്തികളും കുറവുകളും ഉണ്ടെന്നു കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു കുട്ടിയെ എപ്പോഴും മറ്റൊരു കുട്ടിയെ കണ്ടുപഠിക്കാനാണു പ്രോത്സാഹിപ്പിക്കുന്നതെങ്കിൽ, ഇത് ഒരാളിൽ അസൂയയും മറ്റേയാളിൽ അഹങ്കാരവും വളർത്തും. അതുകൊണ്ട്, മാതാപിതാക്കൾ ദൈവവചനത്തിലെ ദൃഷ്ടാന്തങ്ങൾ പരിചിന്തിച്ചുകൊണ്ട് കുട്ടികളുടെ പുരോഗതിക്കനുസൃതമായി അവരെ പരിശീലിപ്പിക്കണം. അല്ലാതെ അന്യോന്യം മത്സരിച്ചുകൊണ്ടല്ല. ബൈബിൾ പറയുന്നു: “പരസ്പരം മത്സരം ഇളക്കിവിട്ടും ഈർഷ്യയുള്ളവരായും നാം തൻകാര്യതത്പരർ ആകാതിരിക്കട്ടെ.” പകരം, “ഓരോരുത്തരും സ്വന്തം പ്രവൃത്തി എന്തെന്നു തെളിയിക്കട്ടെ, അപ്പോൾ അവനു തന്നെക്കുറിച്ചു മാത്രം ആഹ്ലാദിക്കുന്നതിനു കാരണമുണ്ടായിരിക്കും, അല്ലാതെ മറ്റേയാളിനോടുള്ള താരതമ്യത്തിലല്ല.” (ഗലാത്യർ 5:26; 6:4, NW) ഏറെ പ്രധാനമായി, ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന നല്ലതും മോശവുമായ മാതൃകകളെ എടുത്തുകാട്ടിക്കൊണ്ട് ക്രിസ്തീയ മാതാപിതാക്കൾ ക്രമമുള്ള ഒരു ബൈബിളധ്യയനത്തിലൂടെ തങ്ങളുടെ കുട്ടികളെ സഹായിക്കണം.—2 തിമൊഥെയൊസ് 3:15.
അസൂയയെ കീഴടക്കിയതിന്റെ മാതൃകകൾ
11. അസൂയയെ കൈകാര്യം ചെയ്യുന്നതിൽ മോശ ഒരു നല്ല മാതൃകയായിരുന്നതെങ്ങനെ?
11 ഈ ലോകത്തിലെ അധികാരദാഹികളായ നേതാക്കന്മാരിൽനിന്നു വ്യത്യസ്തമായി, ‘മോശ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.’ (സംഖ്യാപുസ്തകം 12:3) ഇസ്രായേല്യരുടെമേലുള്ള നേതൃത്വം മോശയ്ക്ക് ഒറ്റയ്ക്കു വഹിക്കുക ബുദ്ധിമുട്ടായപ്പോൾ, മോശയെ സഹായിക്കാൻ 70 പേരെ ശക്തരാക്കിക്കൊണ്ട് യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പ്രവർത്തിക്കാനിടയാക്കി. ഈ പുരുഷന്മാരിൽ രണ്ടുപേർ പ്രവാചകന്മാരെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, ഇതു മോശയുടെ നേതൃത്വത്തിൽനിന്ന് അനുചിതമാംവിധം വ്യതിചലിച്ചുപോയതായി യോശുവയ്ക്കു തോന്നി. യോശുവാ ആ പുരുഷന്മാരെ തടയാൻ ആഗ്രഹിച്ചു. എന്നാൽ മോശ താഴ്മയോടെ ഇങ്ങനെ ന്യായവാദം ചെയ്തു: “എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു.” (സംഖ്യാപുസ്തകം 11:29) അതേ, മറ്റുള്ളവർക്കു സേവനപദവികൾ ലഭിച്ചപ്പോൾ മോശയ്ക്കു സന്തോഷമായിരുന്നു. അസൂയയോടെ അവൻ സ്വയം മഹത്ത്വമെടുക്കാൻ ആഗ്രഹിച്ചില്ല.
12. അസൂയാവികാരങ്ങളെ ഒഴിവാക്കാൻ യോനാഥാനെ എന്തു സഹായിച്ചു?
12 അനുചിതമായ അസൂയാവികാരങ്ങളെ സ്നേഹം എങ്ങനെ കീഴടക്കുന്നുവെന്നതിന്റെ ഒരു നല്ല മാതൃകയാണ് ഇസ്രായേല്യ രാജാവായ ശൗലിന്റെ പുത്രനായ യോനാഥാൻ വെച്ചിരിക്കുന്നത്. തന്റെ പിതാവിനുശേഷം സിംഹാസനസ്ഥനാകേണ്ടിയിരുന്നത് യോനാഥാനായിരുന്നു. എന്നാൽ അടുത്ത രാജാവായി യഹോവ തിരഞ്ഞെടുത്തത് യിശ്ശായിയുടെ പുത്രനായ ദാവീദിനെയായിരുന്നു. യോനാഥാന്റെ സ്ഥാനത്തായിരുന്നെങ്കിൽ അനേകർക്കും ദാവീദിനോട് അസൂയ തോന്നുമായിരുന്നു. അവനെ ഒരു പ്രതിയോഗിയായിട്ടേ കാണുമായിരുന്നുള്ളൂ. എന്നാൽ, ദാവീദിനോടുള്ള യോനാഥാന്റെ സ്നേഹം അത്തരമൊരു വികാരം അവനെ സ്വാധീനിക്കാതെ തടഞ്ഞു. യോനാഥാൻ മരിച്ചുവെന്നു കേട്ടപ്പോൾ, ദാവീദിന് ഇങ്ങനെ പറയാൻ സാധിച്ചു: “സോദരാ, ജോനാഥാൻ, നിന്നെയോർത്തു ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലനായിരുന്നു; എന്നോടുള്ള നിന്റെ സ്നേഹം സ്ത്രീകളുടെ പ്രേമത്തെക്കാൾ അഗാധമായിരുന്നു.”—2 സാമുവൽ 1:26, പി.ഒ.സി. ബൈ.
ഏറ്റവും മികച്ച മാതൃകകൾ
13. അസൂയയുടെ കാര്യത്തിൽ ഏറ്റവും മികച്ച ദൃഷ്ടാന്തം ആരാണ്, എന്തുകൊണ്ട്?
13 ഉചിതമായ അസൂയയെപ്പോലും യഥാസ്ഥാനത്തുനിർത്തുന്നതിന്റെ ഏറ്റവും മികച്ച മാതൃക യഹോവയാം ദൈവമാണ്. അവൻ അത്തരം വികാരങ്ങളെ പൂർണമായ നിയന്ത്രണത്തിൽ നിർത്തുന്നു. ദൈവിക അസൂയയുടെ ശക്തമായ ഏതൊരു പ്രകടനവും എല്ലായ്പോഴും ദൈവത്തിന്റെ സ്നേഹം, നീതി, ജ്ഞാനം എന്നിവയോടുള്ള യോജിപ്പിലായിരിക്കും.—യെശയ്യാവു 42:13, 14.
14. സാത്താനിൽനിന്നു വിപരീതമായി യേശു എന്തു മാതൃക വെച്ചു?
14 അസൂയയുടെമേൽ നിയന്ത്രണം പ്രകടമാക്കിയിരിക്കുന്നതിൽ രണ്ടാമത്തെ മികച്ച മാതൃക ദൈവത്തിന്റെ പ്രിയ പുത്രനായ യേശുക്രിസ്തുവിന്റേതാണ്. “ദൈവരൂപത്തിൽ സ്ഥിതിചെയ്തിരുന്നിട്ടും,” യേശു “ദൈവത്തോടു സമനായിരിക്കേണ്ടതിന് ഒരു പിടിച്ചെടുക്കലിനു പരിഗണന കൊടുത്തില്ല.” (ഫിലിപ്യർ 2:6, NW) പിശാചായ സാത്താൻ ആയിത്തീർന്ന സ്ഥാനമോഹിയായ ദൂതൻ എടുത്ത ഗതിയിൽനിന്ന് ഇത് എത്ര വിപരീതം! യഹോവയ്ക്കെതിരെ സ്വയം ഒരു എതിർദൈവമായിക്കൊണ്ട് സാത്താൻ, “ബാബേൽരാജാവിനെ”പ്പോലെ, “അത്യുന്നതനോടു സമ”നാകാൻ അസൂയയോടെ ആഗ്രഹിച്ചു. (യെശയ്യാവു 14:4, 14; 2 കൊരിന്ത്യർ 4:4) തന്റെ മുമ്പിൽ “വീണ് ഒരു ആരാധനക്രിയ ചെയ്യാൻ” യേശുവിനെ പ്രലോഭിപ്പിക്കുന്നതിനുപോലും സാത്താൻ ശ്രമിച്ചു. (മത്തായി 4:9, NW) എന്നാൽ യഹോവയുടെ പരമാധികാരത്തിനു കീഴ്പെടുന്ന താഴ്മയുടേതായ ഗതിയിൽനിന്നു യേശുവിനെ വ്യതിചലിപ്പിക്കാൻ യാതൊന്നിനും സാധിച്ചില്ല. സാത്താനിൽനിന്നു വ്യത്യസ്തമായി, യേശു “ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” അഹങ്കാരവും അസൂയയും നിറഞ്ഞ പിശാചിന്റെ ജീവിതഗതിയെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട്, യേശു തന്റെ പിതാവിന്റെ ഭരണത്തിന്റെ ഔചിത്യം ഉയർത്തിപ്പിടിച്ചു. യേശുവിന്റെ വിശ്വസ്തതനിമിത്തം, ‘ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയുകയും ചെയ്യേണ്ടിവരും.’—ഫിലിപ്പിയർ 2:7-11.
നിങ്ങളുടെ അസൂയയെ കീഴടക്കൽ
15. അസൂയാവികാരങ്ങളെ നിയന്ത്രിക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കേണ്ടത് എന്തുകൊണ്ട്?
15 ദൈവത്തിൽനിന്നും ക്രിസ്തുവിൽനിന്നും വ്യത്യസ്തരായി, ക്രിസ്ത്യാനികൾ അപൂർണരാണ്. പാപികളായതുകൊണ്ട്, ചിലപ്പോഴൊക്കെ അവർ പാപപൂർണമായ അസൂയയോടെ പ്രവർത്തിച്ചേക്കാം. അതുകൊണ്ട്, ഏതെങ്കിലും ഒരു നിസ്സാര പിഴവിനെ അല്ലെങ്കിൽ തെറ്റെന്നു നാം വിചാരിക്കുന്ന ഒരു സംഗതിയെചൊല്ലി ഒരു സഹവിശ്വാസിയെ വിമർശിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കാൻ അസൂയയെ അനുവദിക്കുന്നതിനുപകരം, ഈ നിശ്വസ്ത വചനത്തെക്കുറിച്ചു നാം ധ്യാനിക്കുന്നതു പ്രധാനമാണ്: “അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?”—സഭാപ്രസംഗി 7:16.
16. ഈ മാസികയുടെ ഒരു മുൻകാല ലക്കം അസൂയയെക്കുറിച്ച് ഏതു നല്ല ഉപദേശം നൽകി?
16 അസൂയ എന്ന വിഷയത്തെക്കുറിച്ച്, 1911 മാർച്ച് 15 വീക്ഷാഗോപുരം ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “കർത്താവിന്റെ ഉദ്ദേശ്യം സംബന്ധിച്ചു നാം വളരെ തീക്ഷ്ണതയുള്ളവരും വളരെ അസൂയയുള്ളവരും ആയിരിക്കണം. എന്നാൽ അതേസമയംതന്നെ, അതൊരു സ്വകാര്യ കാര്യമല്ല എന്നതിൽ നമുക്കു വളരെ ഉറപ്പുണ്ടായിരിക്കണം; നാം ‘മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നവ’രാണോ അല്ലയോ എന്നു ചിന്തിക്കണം. പിന്നെ, അതു മൂപ്പന്മാർ കൈകാര്യം ചെയ്യുന്നതായിരിക്കുമോ ഉചിതം എന്നും നമ്മുടെ കടമ മൂപ്പന്മാരുടെ അടുത്തേക്കു പോകുന്നതായിരിക്കുമോ അല്ലയോ എന്നും നാം ചിന്തിക്കണം. നമുക്കെല്ലാവർക്കും കർത്താവിന്റെ ഉദ്ദേശ്യത്തെയും കർത്താവിന്റെ വേലയെയുംപ്രതി വളരെയധികം അസൂയ ഉണ്ടായിരിക്കണം. എന്നാൽ അതു മോശമായ തരത്തിലുള്ളതല്ലാതിരിക്കാൻ നാം വളരെ ശ്രദ്ധാലുക്കളായിരിക്കണം . . . മറ്റുവാക്കുകളിൽ പറഞ്ഞാൽ, മറ്റൊരാളെക്കുറിച്ചുള്ള അസൂയയല്ല, എന്നാൽ മറ്റൊരാളെപ്രതിയുള്ള, അയാളുടെ താത്പര്യങ്ങളെപ്രതിയുള്ള, അയാളുടെ ഏറ്റവും നല്ല ക്ഷേമത്തെപ്രതിയുള്ള അസൂയയാണ് അത് എന്നതിൽ നമ്മൾ വളരെ ഉറപ്പുള്ളവരായിരിക്കണം.”—1 പത്രൊസ് 4:15.
17. നമുക്കെങ്ങനെ അസൂയയുടെ പാപപ്രവൃത്തികൾ ഒഴിവാക്കാനാവും?
17 ക്രിസ്ത്യാനികൾ എന്നനിലയിൽ, അഹങ്കാരവും അസൂയയും ഈർഷ്യയും നമുക്കെങ്ങനെ ഒഴിവാക്കാനാവും? ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ നമ്മുടെ ജീവിതത്തിൽ സ്വതന്ത്രമായി ഒഴുകാൻ അനുവദിക്കുന്നതിലാണ് പരിഹാരമുള്ളത്. ഉദാഹരണത്തിന്, ദൈവാത്മാവിനുവേണ്ടിയും അതിന്റെ നല്ല ഫലം പ്രകടിപ്പിക്കുന്നതിനുള്ള സഹായത്തിനുവേണ്ടിയും നാം പ്രാർഥിക്കണം. (ലൂക്കൊസ് 11:13) പ്രാർഥനയോടെ ആരംഭിക്കുന്ന, ദൈവത്തിന്റെ ആത്മാവും അനുഗ്രഹവുമുള്ള, ക്രിസ്തീയ യോഗങ്ങളിൽ നാം സംബന്ധിക്കണം. കൂടാതെ, നാം ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ടിരിക്കുന്ന ബൈബിൾ പഠിക്കണം. (2 തിമൊഥെയൊസ് 3:16) യഹോവയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നടത്തപ്പെടുന്ന രാജ്യപ്രസംഗ വേലയിൽ നാം പങ്കെടുക്കണം. (പ്രവൃത്തികൾ 1:8) ഏതെങ്കിലും തരത്തിൽ കഷ്ടമനുഭവിച്ചിട്ടുള്ള സഹക്രിസ്ത്യാനികളെ സഹായിക്കുന്നതു ദൈവാത്മാവിന്റെ നല്ല സ്വാധീനത്തിനു വഴിപ്പെടുന്നതിന്റെ മറ്റൊരു വിധമാണ്. (യെശയ്യാവു 57:15; 1 യോഹന്നാൻ 3:15-17) ഈ ക്രിസ്തീയ കടമകളെല്ലാം സതീക്ഷ്ണം നിറവേറ്റുന്നത് അസൂയയുടെ പാപകരമായ പ്രവൃത്തികളിൽനിന്നു നമ്മെ സംരക്ഷിക്കാൻ ഉപകരിക്കും. എന്തുകൊണ്ടെന്നാൽ ദൈവവചനം ഇങ്ങനെ പ്രസ്താവിക്കുന്നു: “ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല.”—ഗലാത്യർ 5:16.
18. അസൂയയുടെ അനുചിത വികാരങ്ങൾക്കെതിരെ നമ്മൾ എല്ലായ്പോഴും പോരാടേണ്ടിവരില്ലാത്തത് എന്തുകൊണ്ട്?
18 ദൈവാത്മാവിന്റെ ഫലങ്ങളിൽ ആദ്യം സ്നേഹത്തെ പട്ടികപ്പെടുത്തിയിരിക്കുന്നു. (ഗലാത്യർ 5:22, 23) സ്നേഹം പ്രകടമാക്കുന്നത് ഇപ്പോഴുള്ള പാപപൂർണമായ പ്രവണതകളെ നിയന്ത്രിക്കാൻ നമ്മെ സഹായിക്കും. എന്നാൽ ഭാവിയിലെ കാര്യമോ? യഹോവയുടെ ലക്ഷക്കണക്കിനു ദാസന്മാർക്കു വരാനിരിക്കുന്ന ഭൗമിക പറുദീസയിൽ ജീവിക്കുന്നതിനുള്ള പ്രത്യാശയുണ്ട്. അവിടെ മാനുഷപൂർണതയിലേക്ക് ഉയർത്തപ്പെടുന്നതിനായി അവർക്കു നോക്കിപ്പാർത്തിരിക്കാൻ സാധിക്കും. ആ പുതിയ ലോകത്തിൽ, സ്നേഹം എന്നെന്നും കുടികൊള്ളും. ആരും അസൂയയുടെ അനുചിതമായ വികാരങ്ങൾക്കു വഴങ്ങുകയില്ല. കാരണം “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും.”—റോമർ 8:20.
വിചിന്തനാശയങ്ങൾ
◻ അസൂയയെ നേരിടാൻ സഹായിക്കുന്നതിനു പൗലോസ് എന്തു ദൃഷ്ടാന്തം ഉപയോഗിച്ചു?
◻ അസൂയയ്ക്കു സഭയുടെ സമാധാനത്തെ താറുമാറാക്കാൻ കഴിഞ്ഞേക്കാവുന്നതെങ്ങനെ?
◻ അസൂയയെ തരണംചെയ്യാൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കാനാവും?
◻ നമുക്കെങ്ങനെ അസൂയയുടെ പാപപ്രവൃത്തികളെ ഒഴിവാക്കാനാവും?
[16-ാം പേജിലെ ചിത്രം]
ഒരു സഭയുടെ സമാധാനത്തെ താറുമാറാക്കാൻ അസൂയയെ അനുവദിക്കരുത്
[17-ാം പേജിലെ ചിത്രം]
അസൂയാവികാരങ്ങളെ തരണംചെയ്യാൻ മാതാപിതാക്കൾക്കു കുട്ടികളെ പരിശീലിപ്പിക്കാനാവും