ഇസ്രായേലിന്റെ ചരിത്രത്തിലെ ഉത്സവ നാഴികക്കല്ലുകൾ
“നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും . . . സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു.”—ആവർത്തനപുസ്തകം 16:16.
1. ബൈബിൾ കാലങ്ങളിലെ ഉത്സവാവസരങ്ങളെക്കുറിച്ച് എന്തു പറയാവുന്നതാണ്?
ഉത്സവത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നതെന്താണ്? അമിതഭോഗവും അധാർമികതയും പുരാതനനാളിലെ ചില ഉത്സവങ്ങളുടെ പ്രത്യേകതയായിരുന്നു. ചില ആധുനികകാല ഉത്സവങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാൽ ഇസ്രായേലിനുള്ള ദൈവത്തിന്റെ ന്യായപ്രമാണത്തിൽ വിവരിച്ചിരുന്ന ഉത്സവങ്ങൾ വ്യത്യസ്തമായിരുന്നു. അവ ആഹ്ലാദകരമായ സന്ദർഭങ്ങളായിരിക്കെ, അവയെ “വിശുദ്ധ സഭായോഗ”ങ്ങളെന്നും പറയാൻ കഴിഞ്ഞിരുന്നു.—ലേവ്യപുസ്തകം 23:2.
2. (എ) വർഷത്തിൽ മൂന്നു പ്രാവശ്യം ഇസ്രായേല്യ പുരുഷന്മാർ എന്തു ചെയ്യേണ്ടിയിരുന്നു? (ബി) ആവർത്തനപുസ്തകം 16:16-ൽ ഉപയോഗിച്ചിരിക്കുന്നപ്രകാരം “ഉത്സവം” എന്ന പദത്തിന്റെ അർഥമെന്ത്?
2 ‘യഹോവ തിരഞ്ഞെടുത്ത സ്ഥല’മായ യെരൂശലേമിലേക്കു മിക്കപ്പോഴും കുടുംബമൊത്ത് യാത്രചെയ്യുന്നതിൽ വിശ്വസ്തരായ ഇസ്രായേല്യ പുരുഷന്മാർക്ക് നവോന്മേഷപ്രദമായ ആനന്ദം തോന്നിയിരുന്നു. മൂന്നു വലിയ ഉത്സവങ്ങൾക്കും അവർ ഉദാരമായി സംഭാവന ചെയ്തിരുന്നു. (ആവർത്തനപുസ്തകം 16:16) ആവർത്തനപുസ്തകം 16:16-ൽ “ഉത്സവം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തെ പഴയനിയമ പദപഠനങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം നിർവചിക്കുന്നത് “യാഗവും വിരുന്നും സഹിതം ദൈവപ്രീതിയുടെ ചില പ്രത്യേക സംഭവങ്ങൾ ആഘോഷിക്കപ്പെട്ടിരുന്ന . . . വലിയ സന്തോഷത്തിന്റെ അവസരം”a എന്നാണ്.
വലിയ ഉത്സവങ്ങളുടെ മൂല്യം
3. മൂന്നു വാർഷികോത്സവങ്ങൾ ഏതെല്ലാം അനുഗ്രഹങ്ങളെ അനുസ്മരിപ്പിച്ചു?
3 ഇസ്രായേല്യർ ഒരു കർഷക സമൂഹമായിരുന്നതിനാൽ, മഴയുടെ രൂപത്തിലുള്ള ദൈവാനുഗ്രഹത്തെ ഇസ്രായേല്യർ ആശ്രയിച്ചിരുന്നു. വസന്തകാലാരംഭത്തിലെ യവക്കൊയ്ത്ത്, വസന്തകാലാവസാനത്തിലെ ഗോതമ്പുകൊയ്ത്ത്, വേനൽക്കാലാവസാനത്തിലെ ശേഷിക്കുന്ന വിളവെടുപ്പ് എന്നിവയുടെ സമയത്തുതന്നെയാണു മോശൈക ന്യായപ്രമാണത്തിലെ മൂന്നു വലിയ ഉത്സവങ്ങളും നടന്നിരുന്നത്. ഇവ വലിയ ആഹ്ലാദത്തിനുള്ള സന്ദർഭങ്ങളായിരുന്നു. കൂടാതെ മഴപരിവൃത്തിയുടെ പരിപാലകനും ഫലഭൂയിഷ്ഠനിലത്തിന്റെ നിർമാതാവുമായവനോടു നന്ദിപ്രകടിപ്പിക്കുന്നതിനുള്ള സന്ദർഭങ്ങളുമായിരുന്നു. എന്നാൽ ഉത്സവങ്ങളിൽ അതിലേറെ ഉൾപ്പെട്ടിരുന്നു.—ആവർത്തനപുസ്തകം 11:11-14.
4. ആദ്യത്തെ ഉത്സവം ഏതു ചരിത്രസംഭവത്തിന്റെ ആഘോഷമായിരുന്നു?
4 ആദ്യ ഉത്സവം പുരാതന ബൈബിൾകലണ്ടറിലെ ആദ്യമാസമായ നീസാൻ 15 മുതൽ 21 വരെയായിരുന്നു. അത് നമ്മുടെ നാളിൽ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ആയിരിക്കും. അതിനെ “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം” എന്നാണ് വിളിച്ചിരുന്നത്. അതു നീസാൻ 14-ലെ പെസഹയ്ക്കു തൊട്ടുപിന്നാലെ കൊണ്ടാടിയിരുന്നതിനാൽ അതിനെ “പെസഹാ ഉത്സവം” എന്നും വിളിച്ചിരുന്നു. (ലൂക്കൊസ് 2:41; ലേവ്യപുസ്തകം 23:5, 6, NW) പുളിപ്പില്ലാത്ത അപ്പത്തെ “കഷ്ടതയുടെ ആഹാര”മെന്നു വിളിച്ചിരിക്കുന്നതിനാൽ ഈ ഉത്സവം ഈജിപ്തിലുണ്ടായ കഷ്ടത്തിൽനിന്ന് ഇസ്രായേല്യർക്കു ലഭിച്ച മോചനത്തെക്കുറിച്ച് അവരെ അനുസ്മരിപ്പിച്ചു. (ആവർത്തനപുസ്തകം 16:3) കുഴച്ച മാവിൽ പുളിപ്പു ചേർത്ത് അതു പൊങ്ങുന്നതുവരെ കാത്തുനിൽക്കാൻ സമയംകിട്ടാതവണ്ണം അത്ര തിരക്കിലായിരുന്നു ഈജിപ്തിൽനിന്നുള്ള തങ്ങളുടെ പലായനം എന്ന് അത് അവരെ അനുസ്മരിപ്പിച്ചു. (പുറപ്പാടു 12:34) ഈ ഉത്സവത്തിന്റെ സമയത്ത് ഇസ്രായേല്യ ഭവനങ്ങളിലൊന്നും പുളിപ്പുള്ള അപ്പം കാണരുതായിരുന്നു. പരദേശികൾ ഉൾപ്പെടെ ആഘോഷകരിൽ ആരെങ്കിലും, പുളിപ്പുള്ള അപ്പം തിന്നാൽ മരണശിക്ഷയായിരുന്നു ഫലം.—പുറപ്പാടു 12:19.
5. രണ്ടാമത്തെ ഉത്സവത്തിൽ ഏതു പദവിയെക്കുറിച്ചുള്ള അനുസ്മരണമായിരിക്കാം നടന്നത്, പ്രസ്തുത ആഹ്ലാദത്തിൽ ആരെ ഉൾപ്പെടുത്തണമായിരുന്നു?
5 നീസാൻ 16-ന് ഏഴ് ആഴ്ചകൾക്കു (49 ദിവസങ്ങൾക്കു) ശേഷം, അതായത് മൂന്നാം മാസമായ സിവാൻ 6-നായിരുന്നു രണ്ടാമത്തെ ഉത്സവം. അതു നമ്മുടെ മേയ് അവസാനഘട്ടത്തോട് ഒത്തുവരും. (ലേവ്യപുസ്തകം 23:15, 16) അതിനെ വാരോത്സവമെന്നു (യേശുവിന്റെ നാളിൽ ഗ്രീക്കിൽ “അമ്പതാമത്തേത്” എന്നർഥമുള്ള പെന്തക്കോസ്ത് എന്നും) വിളിച്ചിരുന്നു. സീനായി പർവതത്തിങ്കൽ ഇസ്രായേൽ ന്യായപ്രമാണ ഉടമ്പടിയിൽ പ്രവേശിച്ച, വർഷത്തിലെ ഏതാണ്ട് അതേ സമയത്തോടടുത്താണ് ഇതു നടന്നിരുന്നത്. (പുറപ്പാടു 19:1, 2) ഈ ഉത്സവവേളയിൽ വിശ്വസ്ത ഇസ്രായേല്യർ തങ്ങൾ ദൈവത്തിന്റെ വിശുദ്ധ ജനതയെന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പദവിയെ അനുസ്മരിച്ചിരിക്കാം. ദൈവത്തിന്റെ പ്രത്യേക ജനമായിരുന്നതുകൊണ്ട്, പീഡിതരെ സ്നേഹത്തോടെ പരിപാലിക്കണം എന്നതുപോലുള്ള ദൈവത്തിന്റെ ന്യായപ്രമാണ കൽപ്പനയോട് അവർ അനുസരണം പ്രകടമാക്കണമായിരുന്നു. അങ്ങനെ അവർക്കും ഉത്സവം ആസ്വദിക്കാൻ കഴിയുമായിരുന്നു.—ലേവ്യപുസ്തകം 23:22; ആവർത്തനപുസ്തകം 16:10-12.
6. മൂന്നാമത്തെ ഉത്സവം ദൈവജനത്തെ ഏത് അനുഭവത്തെക്കുറിച്ച് അനുസ്മരിപ്പിച്ചു?
6 മൂന്നു വലിയ വാർഷികോത്സവങ്ങളിൽ അവസാനത്തേത് ഫലശേഖര ഉത്സവം, അഥവാ കൂടാരോത്സവം എന്നു വിളിക്കപ്പെട്ടിരുന്നു. അത് ഏഴാം മാസമായ തിസ്രി, അഥവാ ഏഥാനീം 15-21 തീയതികളിലാണ് നടന്നിരുന്നത്. ഇതു നമ്മുടെ ഒക്ടോബർ ആദ്യഘട്ടത്തോട് ഒത്തുവരും. (ലേവ്യപുസ്തകം 23:34) ഈ കാലത്ത്, ദൈവജനത തങ്ങളുടെ വീടിനു പുറത്ത്, അല്ലെങ്കിൽ വീടിനു മുകളിൽ മരച്ചില്ലകളും ഇലകളുംകൊണ്ടു നിർമിച്ച താത്കാലിക അഭയങ്ങളിൽ (കൂടാരങ്ങളിൽ) പാർത്തിരുന്നു. ഇത് അവരെ ഈജിപ്തിൽനിന്നു വാഗ്ദത്തദേശത്തേക്കുള്ള, അവരുടെ 40-വർഷ യാത്രയെക്കുറിച്ച് അനുസ്മരിപ്പിച്ചു, അന്നായിരുന്നു ആ ജനത അനുദിനാവശ്യങ്ങൾക്കായി ദൈവത്തിൽ ആശ്രയിക്കാൻ പഠിക്കേണ്ടിയിരുന്നത്.—ലേവ്യപുസ്തകം 23:42, 43; ആവർത്തനപുസ്തകം 8:15, 16.
7. പുരാതന ഇസ്രായേലിലെ ഉത്സവാഘോഷങ്ങളുടെ ഒരു പുനരവലോകനത്തിൽനിന്നു നാം പ്രയോജനം നേടുന്നതെങ്ങനെ?
7 പുരാതന നാളിലെ ദൈവജനതയുടെ ചരിത്രത്തിൽ നാഴികക്കല്ലുകളാണെന്നു തെളിഞ്ഞ ചില ഉത്സവങ്ങൾ നമുക്കു പുനരവലോകനം ചെയ്യാം. ഇത് നമുക്കിന്നു പ്രോത്സാഹജനകമായിരിക്കണം, കാരണം ക്രമമായി വാരംതോറും, പിന്നെ വർഷത്തിൽ മൂന്നുപ്രാവശ്യവും വലിയ സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും കൂടിവരാൻ നാമും ക്ഷണിക്കപ്പെടുന്നുണ്ട്.—എബ്രായർ 10:24, 25.
ദാവീദിക രാജാക്കന്മാരുടെ കാലത്ത്
8. (എ) ശലോമോൻ രാജാവിന്റെ നാളിൽ ചരിത്രപരമായ ഏത് ആഘോഷം നടന്നു? (ബി) പ്രതിമാതൃകയിലുള്ള കൂടാരോത്സവത്തിന്റെ മഹത്തായ ഏതു പാരമ്യത്തിനായി നമുക്കു പ്രതീക്ഷാപൂർവം കാത്തിരിക്കാവുന്നതാണ്?
8 ദാവീദിന്റെ പുത്രനായ ശലോമോൻ രാജാവിന്റെ സമ്പത്സമൃദ്ധമായ വാഴ്ചക്കാലത്ത്, കൂടാരോത്സവത്തിന്റെ സമയത്ത് ഒരു ചരിത്രപ്രധാനമായ ആഘോഷം നടന്നു. കൂടാരോത്സവത്തിനും ആലയസമർപ്പണത്തിനുംവേണ്ടി വാഗ്ദത്തദേശത്തിന്റെ അറുതികളിൽനിന്ന് “ഏററവും വലിയ സഭ” വന്നുകൂടി. (2 ദിനവൃത്താന്തം 7:8) അതിന്റെ സമാപനത്തിങ്കൽ, ശലോമോൻ രാജാവ് ആഘോഷകരെ പറഞ്ഞയച്ചു, അവരാകട്ടെ ‘രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോകു’കയും ചെയ്തു. (1 രാജാക്കന്മാർ 8:66) തീർച്ചയായും അതൊരു ഉത്സവ നാഴികക്കല്ലായിരുന്നു. ഇന്ന്, ദൈവദാസന്മാർ വലിപ്പമേറിയ ശലോമോനായ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയുടെ ഒടുവിൽ പ്രതിമാതൃകയിലുള്ള കൂടാരോത്സവത്തിന്റെ മഹത്തായ പാരമ്യത്തിനായി പ്രതീക്ഷാപൂർവം കാത്തിരിക്കുകയാണ്. (വെളിപ്പാടു 20:3, 7-10, 14, 15) ആ സമയത്ത്, പുനരുത്ഥാനം പ്രാപിച്ചവരും അർമഗെദോൻ അതിജീവകരും ഉൾപ്പെടെ ഭൂമിയുടെ എല്ലാ കോണുകളിലും ജീവിക്കുന്ന ആളുകൾ യഹോവയാം ദൈവത്തിന്റെ ആഹ്ലാദകരമായ ആരാധനയിൽ ഏകീകൃതരായിരിക്കും.—സെഖര്യാവു 14:16.
9-11. (എ) ഹിസ്കീയാവ് രാജാവിന്റെ നാളുകളിൽ ഒരു ഉത്സവ നാഴികക്കല്ലിലേക്കു നയിച്ചതെന്തായിരുന്നു? (ബി) പത്തുഗോത്ര വടക്കേ രാജ്യത്തിലെ അനേകരും എന്തു മാതൃക വെച്ചു, അത് ഇന്നു നമ്മെ എന്ത് അനുസ്മരിപ്പിക്കുന്നു?
9 അടുത്തതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട ഉത്സവം ദുഷ്ടനായ ആഹാസ് രാജാവിന്റെ ഭരണത്തിനുശേഷം നടന്നതായിരുന്നു. ആലയം അടച്ചുപൂട്ടി യഹൂദാരാജ്യത്തെ വിശ്വാസത്യാഗത്തിലേക്കു നയിച്ചത് ഈ രാജാവായിരുന്നു. ആഹാസിന്റെ പിൻഗാമി, ഹിസ്കീയാവ്, ഒരു നല്ല രാജാവായിരുന്നു. അവന്റെ ഭരണത്തിന്റെ ഒന്നാം വർഷത്തിൽ, അതായത് അവന് 25 വയസ്സുള്ളപ്പോൾ, ഹിസ്കീയാവ് പുനഃസ്ഥാപനത്തിന്റെയും നവീകരണത്തിന്റെയും ഒരു വലിയ പരിപാടി ആരംഭിച്ചു. അവൻ ഉടൻതന്നെ ആലയം തുറന്ന് അതിന്റെ അറ്റകുറ്റപ്പണിക്ക് ഏർപ്പാടുകൾ ചെയ്തു. എന്നിട്ട് രാജാവ് ഇസ്രായേലിന്റെ പത്തുഗോത്ര വടക്കേ രാജ്യമെന്ന ശത്രുദേശത്ത് പാർക്കുന്ന ഇസ്രായേല്യർക്കു കത്തുകൾ അയച്ചു. വന്ന് പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ആഘോഷിക്കാൻ അവൻ അവരെ ക്ഷണിച്ചു. മറ്റുള്ളവരുടെ പരിഹാസം സഹിച്ചിട്ടാണെങ്കിലും അനേകരും വന്നു.—2 ദിനവൃത്താന്തം 30:1, 10, 11, 18.
10 ഉത്സവം ഒരു വിജയമായിരുന്നോ? ബൈബിൾ റിപ്പോർട്ടുചെയ്യുന്നു: “അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവെക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.” (2 ദിനവൃത്താന്തം 30:21) ആ ഇസ്രായേല്യർ ഇന്നത്തെ ദൈവജനത്തിനായി എത്ര നല്ല മാതൃകയാണ് വെച്ചിരിക്കുന്നത്. ഇന്നു പലരും കൺവെൻഷനുകൾക്കു വരുന്നത് എതിർപ്പു സഹിച്ചും ദീർഘയാത്രചെയ്തുമാണ്!
11 ഉദാഹരണത്തിന്, 1989-ൽ പോളണ്ടിൽ നടന്ന മൂന്ന് “ദൈവിക ഭക്തി” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളുടെ കാര്യം പരിചിന്തിക്കുക. സന്നിഹിതരായ 1,66,518 പേരിൽ വലിയൊരു കൂട്ടം ആളുകൾ ആ സമയത്ത് യഹോവയുടെ സാക്ഷികളുടെ വേല നിരോധിച്ചിരുന്ന മുൻ സോവിയറ്റ് യൂണിയനിലും മറ്റു പൂർവയൂറോപ്യൻ രാജ്യങ്ങളിലുംനിന്നുള്ളവരായിരുന്നു. യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർb (ഇംഗ്ലീഷ്) എന്ന പുസ്തകം റിപ്പോർട്ടു ചെയ്യുന്നു: “ഈ കൺവെൻഷനുകളിൽ സംബന്ധിച്ച ചിലർ ആദ്യമായിട്ടായിരുന്നു യഹോവയുടെ ജനത്തിലെ 15-ഓ 20-ഓ പേരിലധികം പങ്കെടുക്കുന്ന ഒരു വലിയ കൂടിവരവിൽ സംബന്ധിക്കുന്നത്. സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ നോക്കിക്കാണുകയും പ്രാർഥനയിൽ പങ്കെടുക്കുകയും യഹോവയ്ക്കുള്ള സ്തുതിഗീതങ്ങളിൽ തങ്ങളുടെ സ്വരവും ചേർക്കുകയും ചെയ്തപ്പോൾ അവരുടെ ഹൃദയങ്ങൾ വിലമതിപ്പിനാൽ നിറഞ്ഞു.—പേജ് 279.
12. യോശീയാവ് രാജാവിന്റെ ഭരണകാലത്ത് ഒരു ഉത്സവ നാഴികക്കല്ലിലേക്കു നയിച്ചതെന്തായിരുന്നു?
12 ഹിസ്കീയാവിന്റെ മരണത്തിനുശേഷം, മനശ്ശെ, ആമോൻ എന്നീ രാജാക്കന്മാരുടെ കീഴിൽ യെഹൂദ്യർ പിന്നെയും വ്യാജാരാധനയിൽ ഏർപ്പെട്ടു. പിന്നെ നല്ലവനായ ഒരു യുവരാജാവിന്റെ, യോശീയാവിന്റെ, വാഴ്ച വന്നു. സത്യാരാധന പുനഃസ്ഥാപിക്കുന്നതിൽ ധീരമായി പ്രവർത്തിച്ച അവൻ 25-ാമത്തെ വയസ്സിൽ, ആലയത്തിന്റെ കേടുപാടുകൾ തീർക്കാൻ ഉത്തരവിട്ടു. (2 ദിനവൃത്താന്തം 34:8) അറ്റകുറ്റപ്പണിക്കിടയിൽ, മോശ എഴുതിയ ന്യായപ്രമാണം ആലയത്തിൽനിന്നു കണ്ടെടുക്കപ്പെട്ടു. ദൈവത്തിന്റെ ന്യായപ്രമാണത്തിൽ വായിച്ച സംഗതികളാൽ ആഴത്തിൽ പ്രചോദിതനായി യോശീയാവ് അത് എല്ലാവരെയും വായിച്ചുകേൾപ്പിക്കാനുള്ള ക്രമീകരണം ചെയ്തു. (2 ദിനവൃത്താന്തം 34:14, 30) എന്നിട്ട് അതിൽ എഴുതിയിരിക്കുന്നപ്രകാരം അവൻ ഒരു പെസഹാ ആഘോഷം സംഘടിപ്പിച്ചു. ആ സന്ദർഭത്തിലേക്ക് ഔദാര്യപൂർവം സംഭാവനചെയ്തുകൊണ്ട് രാജാവും നല്ല മാതൃക വെച്ചു. തത്ഫലമായി, ബൈബിൾ റിപ്പോർട്ടുചെയ്യുന്നു: “ശമൂവേൽപ്രവാചകന്റെ കാലംമുതൽ യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.”—2 ദിനവൃത്താന്തം 35:7, 17, 18.
13. ഹിസ്കീയാവിന്റെയും യോശീയാവിന്റെയും ഉത്സവാഘോഷങ്ങൾ നമ്മെ ഇന്ന് എന്ത് അനുസ്മരിപ്പിക്കുന്നു?
13 ഹിസ്കീയാവിന്റെയും യോശീയാവിന്റെയും പരിഷ്കാരങ്ങൾക്കു സമാനമാണ് 1914-ലെ യേശുക്രിസ്തുവിന്റെ സിംഹാസനാരോഹണത്തിനുശേഷം സത്യക്രിസ്ത്യാനികൾക്കിടയിൽ നടന്നിരിക്കുന്ന സത്യാരാധനയുടെ അത്ഭുതകരമായ പുനഃസ്ഥാപനം. യോശീയാവിന്റെ പരിഷ്കാരങ്ങളുടെ കാര്യത്തിൽ വിശേഷാൽ സത്യമായിരുന്നതുപോലെ, ഈ ആധുനികനാളിലെ പുനഃസ്ഥാപനം നടന്നിരിക്കുന്നതും ദൈവവചനത്തിൽ എഴുതിയിരിക്കുന്നതിൽ അധിഷ്ഠിതമായാണ്. ഹിസ്കീയാവിന്റെയും യോശീയാവിന്റെയും നാളിനോടുള്ള സാദൃശ്യത്തിൽ, ബൈബിൾപ്രവചനങ്ങളുടെ പുളകപ്രദമായ വിശദീകരണങ്ങളും ബൈബിൾതത്ത്വങ്ങളുടെ സമയോചിതമായ ബാധകമാക്കലുകളും വിശേഷവത്ക്കരിക്കുന്ന സമ്മേളനങ്ങളും കൺവെൻഷനുകളും ആധുനികനാളിലെ പുനഃസ്ഥാപനത്തിന്റെ സവിശേഷതകളാണ്. സ്നാപനമേൽക്കുന്ന വലിയ സംഖ്യ ഈ പ്രബോധനാത്മക സന്ദർഭങ്ങളുടെ സന്തോഷത്തിനു മാറ്റു കൂട്ടുന്നു. ഹിസ്കീയാവിന്റെയും യോശീയാവിന്റെയും നാളുകളിൽ അനുതാപം പ്രകടമാക്കിയ ഇസ്രായേല്യരെപ്പോലെ, പുതുതായി സ്നാപനമേറ്റവർ ക്രൈസ്തവലോകത്തിന്റെയും സാത്താന്റെ ലോകത്തിന്റെ ഇതരഭാഗങ്ങളുടെയും ദുഷ്ടനടപടികൾ ഉപേക്ഷിച്ചിരിക്കുന്നു. 1997-ൽ, 3,75,000-ത്തിലധികം പേർ പരിശുദ്ധ ദൈവമായ യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേറ്റു—അതായത് ദിവസവും 1,000-ത്തിലധികം പേർ.
പ്രവാസത്തിനുശേഷം
14. പൊ.യു.മു. 537-ൽ ഒരു ഉത്സവ നാഴികക്കല്ലിലേക്കു നയിച്ചതെന്തായിരുന്നു?
14 യോശീയാവിന്റെ മരണത്തിനുശേഷം, ആ ജനത പിന്നെയും അധഃപതിപ്പിക്കുന്ന വ്യാജാരാധനയിലേക്കു തിരിഞ്ഞു. അവസാനം, പൊ.യു.മു. 607-ൽ യഹോവ ബാബിലോന്യ സൈന്യത്തെ യെരൂശലേമിനെതിരെ കൊണ്ടുവന്ന് തന്റെ ജനത്തെ ശിക്ഷിച്ചു. നഗരവും ആലയവും നശിപ്പിക്കപ്പെട്ടു, ദേശം ശൂന്യമാക്കപ്പെട്ടു. തുടർന്ന് യഹൂദന്മാർ 70 വർഷം ബാബിലോനിൽ പ്രവാസത്തിലായി. പിന്നീട് ദൈവം അനുതാപമുള്ള ഒരു യഹൂദശേഷിപ്പിനെ പുനരുജ്ജീവിപ്പിച്ചു. അവർ സത്യാരാധന പുനഃസ്ഥാപിക്കാനായി വാഗ്ദത്തദേശത്തേക്കു മടങ്ങി. ശൂന്യമായി കിടന്നിരുന്ന യെരൂശലേം നഗരത്തിൽ അവർ പൊ.യു.മു. 537-ാം ആണ്ട് ഏഴാം മാസത്തിൽ എത്തിച്ചേർന്നു. അവർ ആദ്യമായി ചെയ്തത് ന്യായപ്രമാണ ഉടമ്പടിയിൽ വിവരിച്ചിരിക്കുന്നതുപോലെ ദിവസവും ക്രമമായി യാഗങ്ങൾ അർപ്പിക്കുന്നതിന് ഒരു യാഗപീഠം നിർമിക്കുകയായിരുന്നു. അത് മറ്റൊരു ചരിത്രപ്രധാന ആഘോഷത്തിനുള്ള സമയത്തായിരുന്നു. “എഴുതിയിരിക്കുന്നതുപോലെ അവർ കൂടാരോത്സവം ആചരിച്ചു.”—എസ്രാ 3:1-4, NW.
15. പൊ.യു.മു. 537-ൽ പുനഃസ്ഥാപിത ശേഷിപ്പിന് ഏതു വേല ചെയ്യാനുണ്ടായിരുന്നു, 1919-ൽ ഒരു സമാന്തര സ്ഥിതിവിശേഷം ഉണ്ടായിരുന്നതെങ്ങനെ?
15 പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയവർക്ക് ഒരു വലിയ വേല നിർവഹിക്കാനുണ്ടായിരുന്നു—ദൈവത്തിന്റെ ആലയത്തിന്റെയും മതിലുകൾ സഹിതം യെരൂശലേമിന്റെയും പുനർനിർമാണം. അസൂയാലുക്കളായ അയൽക്കാരിൽനിന്നു വളരെയധികം എതിർപ്പുണ്ടായിരുന്നു. ആലയത്തിന്റെ പണി നടന്നുകൊണ്ടിരുന്നപ്പോൾ അത് “അല്പകാര്യങ്ങളുടെ ദിവസ”മായിരുന്നു. (സെഖര്യാവു 4:10) അതിനോടു സമാനമായിരുന്നു 1919-ലെ വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികളുടെ അവസ്ഥ. ആ സ്മരണീയ വർഷം, അവർ വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോന്റെ ആത്മീയ അടിമത്തത്തിൽനിന്നു മോചിപ്പിക്കപ്പെട്ടു. അവർ എണ്ണത്തിൽ ഏതാനും ആയിരങ്ങളേ ഉണ്ടായിരുന്നുള്ളൂ, അവർക്കു ചുറ്റുമുണ്ടായിരുന്നതു ശത്രുതയുള്ള ഒരു ലോകമായിരുന്നു. ദൈവത്തിന്റെ ശത്രുക്കൾക്കു സത്യാരാധനയുടെ പുരോഗതിയെ തടയാനാകുമായിരുന്നോ? ആ ചോദ്യത്തിനുള്ള ഉത്തരം എബ്രായ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ രണ്ട് ഉത്സവാഘോഷങ്ങളെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു.
16. പൊ.യു.മു. 515-ലെ ഒരു ഉത്സവത്തിന്റെ പ്രാധാന്യമെന്തായിരുന്നു?
16 അവസാനം പൊ.യു.മു. 515-ാം ആണ്ട് ആദാർ മാസം ആലയം പുനർനിർമിക്കപ്പെട്ടു. അതാകട്ടെ നീസാൻ വസന്തോത്സവത്തിന്റെ സമയവുമായിരുന്നു. ബൈബിൾ റിപ്പോർട്ടുചെയ്യുന്നു: “യഹോവ അവരെ സന്തോഷിപ്പിക്കുകയും യിസ്രായേലിന്റെ ദൈവമായ, സത്യദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരുടെ കരങ്ങളെ ബലിഷ്ഠമാക്കേണ്ടതിന് അസ്സീറിയൻ രാജാവിന്റെ ഹൃദയത്തെ അവക്ക് അനുകൂലമാക്കുകയും ചെയ്തതുകൊണ്ട് അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം ആഹ്ലാദപൂർവം ആചരിച്ചു.”—എസ്രാ 6:22, NW.
17, 18. (എ) പൊ.യു.മു. 455-ൽ ഏത് ഉത്സവ നാഴികക്കല്ലിൽ എത്തി? (ബി) നാമിന്നു സമാനമായൊരു സ്ഥിതിവിശേഷത്തിലായിരിക്കുന്നതെങ്ങനെ?
17 അറുപതു വർഷം കഴിഞ്ഞ്, അതായത് പൊ.യു.മു. 455-ൽ സംഭവിച്ചത് മറ്റൊരു നാഴികക്കല്ലായിരുന്നു. ആ വർഷത്തെ കൂടാരോത്സവം യെരൂശലേമിന്റെ മതിലുകളുടെ പുനർനിർമാണത്തിന്റെ പൂർത്തീകരണത്തെ കുറിച്ചു. ബൈബിൾ റിപ്പോർട്ടുചെയ്യുന്നു: “പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി കൂടാരങ്ങളിൽ പാർത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏററവും വലിയ സന്തോഷം ഉണ്ടായി.”—നെഹെമ്യാവു 8:17.
18 കടുത്ത എതിർപ്പിൻമധ്യേയും ദൈവത്തിന്റെ സത്യാരാധനയുടെ എത്ര സ്മരണീയമായ പുനഃസ്ഥാപനം! സമാനമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. പീഡനത്തിന്റെയും എതിർപ്പിന്റെയും തരംഗങ്ങളുണ്ടെങ്കിലും, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്ന മഹത്തായ വേല ഭൂമിയുടെ അറ്റങ്ങളോളം എത്തിയിരിക്കുന്നു. ദൈവത്തിന്റെ ന്യായവിധി സന്ദേശങ്ങൾ എല്ലായിടത്തും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. (മത്തായി 24:14) 1,44,000 അഭിഷിക്തരിൽ ശേഷിക്കുന്നവരുടെ അവസാന മുദ്രയിടൽ സമീപിച്ചിരിക്കുന്നു. അഞ്ച് ദശലക്ഷത്തിലധികം വരുന്ന “വേറെ ആടുകൾ” ആകുന്ന അവരുടെ സഹകാരികൾ എല്ലാ ജാതികളിൽനിന്നും അഭിഷിക്തശേഷിപ്പിനോടൊപ്പം “ഒരാട്ടിൻകൂട്ട”മായി കൂട്ടിവരുത്തപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 10:16; വെളിപ്പാടു 7:3, 9, 10) കൂടാരോത്സവത്തിന്റെ പ്രാവചനിക ചിത്രത്തിന്റെ എത്ര മഹത്തായ നിവൃത്തി! പ്രതിമാതൃകയിലുള്ള കൂടാരോത്സവ ആഘോഷത്തിൽ പങ്കെടുക്കാൻ പുനരുത്ഥാനം പ്രാപിച്ച ശതകോടിക്കണക്കിനാളുകൾ ക്ഷണിക്കപ്പെടുമ്പോൾ കൂട്ടിച്ചേർപ്പിന്റെ ഈ മഹത്തായ വേല പുതിയ ലോകത്തിലേക്കു തുടരും.—സെഖര്യാവു 14:16-19.
പൊ.യു. ഒന്നാം നൂറ്റാണ്ടിൽ
19. പൊ.യു. 32-ലെ കൂടാരോത്സവത്തിനെ മുന്തിയതാക്കിയതെന്ത്?
19 ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും പ്രമുഖ ഉത്സവാഘോഷങ്ങളിൽപ്പെടുന്നവയാണ് നിസ്സംശയമായും ദൈവപുത്രനായ യേശുക്രിസ്തു സംബന്ധിച്ചവ. ഉദാഹരണത്തിന്, പൊ.യു. 32-ലെ കൂടാരോത്സവത്തിൽ (അഥവാ, സമാഗമനകൂടാരം) യേശു സംബന്ധിച്ചു എന്നത് പരിചിന്തിക്കുക. പ്രധാനപ്പെട്ട സത്യങ്ങൾ പഠിപ്പിക്കാൻ അവൻ ആ സന്ദർഭം ഉപയോഗിക്കുകയും എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് തന്റെ പഠിപ്പിക്കലിനെ പിന്താങ്ങുകയും ചെയ്തു. (യോഹന്നാൻ 7:2, 14, 37-39) ആലയത്തിന്റെ അകത്തെ ഒരു പ്രാകാരത്തിൽ വലിയ നാലു നിലവിളക്കുകൾ കത്തിക്കുന്ന പതിവ് ഈ ഉത്സവത്തിന്റെ ഒരു സ്ഥിരസവിശേഷതയായിരുന്നു. ഇത് രാത്രിവരെ നീളുമായിരുന്ന ഉത്സവപ്രവർത്തനങ്ങളുടെ ആസ്വാദനത്തിനു മാറ്റുകൂട്ടിയിരുന്നു. വ്യക്തമായും, യേശു പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ ഈ വലിയ വെളിച്ചങ്ങളെയാണ് പരാമർശിച്ചത്: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.”—യോഹന്നാൻ 8:12.
20. പൊ.യു. 33-ലെ പെസഹ പ്രമുഖമായിരുന്നതെന്തുകൊണ്ട്?
20 പിന്നെ പൊ.യു. 33-ലെ പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും വന്നെത്തി. ആ പെസഹാനാളിൽ, യേശു ശത്രുക്കളാൽ വധിക്കപ്പെട്ട് “ലോകത്തിന്റെ പാപം” നീക്കാൻ മരിച്ച, പ്രതിമാതൃകയിലെ പെസഹാക്കുഞ്ഞാട് ആയിത്തീർന്നു. (യോഹന്നാൻ 1:29; 1 കൊരിന്ത്യർ 5:7) മൂന്നു ദിവസം കഴിഞ്ഞ്, അതായത് നീസാൻ 16-ന് ദൈവം യേശുവിനെ അമർത്യ ആത്മശരീരത്തോടെ ഉയിർപ്പിച്ചു. ഇത് ന്യായപ്രമാണാനുസൃതമുള്ള യവക്കൊയ്ത്തിൽനിന്നുള്ള ആദ്യഫലം അർപ്പിക്കുന്നതിനോട് ഒത്തുവന്നു. അങ്ങനെ, പുനരുത്ഥാനം പ്രാപിച്ച കർത്താവായ യേശുക്രിസ്തു “നിദ്രകൊണ്ടവരിൽ ആദ്യഫലമായി”ത്തീർന്നു.—1 കൊരിന്ത്യർ 15:20.
21. പൊ.യു. 33-ലെ പെന്തക്കോസ്തിൽ എന്തു സംഭവിച്ചു?
21 യഥാർഥത്തിൽ മുഖ്യമായ ഒരു ഉത്സവം പൊ.യു. 33-ലെ പെന്തക്കോസ്തായിരുന്നു. ആ ദിവസം യേശുവിന്റെ 120 ശിഷ്യന്മാർ ഉൾപ്പെടെ, അനേകം യഹൂദന്മാരും യഹൂദമതപരിവർത്തിതരും യെരൂശലേമിൽ ഒരുമിച്ചുകൂടി. ഉത്സവം നടന്നുകൊണ്ടിരിക്കെ, പുനരുത്ഥാനംപ്രാപിച്ച കർത്താവായ യേശുക്രിസ്തു 120 പേരുടെമേൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പകർന്നു. (പ്രവൃത്തികൾ 1:15; 2:1-4, 33) അവർ അങ്ങനെ അഭിഷിക്തരാകുകയും യേശുക്രിസ്തു മധ്യസ്ഥനായുള്ള പുതിയ ഉടമ്പടിയിലൂടെ ദൈവത്തിന്റെ പുതിയ തിരഞ്ഞെടുത്ത ജനതയായിത്തീരുകയും ചെയ്തു. ആ ഉത്സവസമയത്ത് ഗോതമ്പ് കൊയ്ത്തിൽനിന്നുള്ള ആദ്യഫലംകൊണ്ടുണ്ടാക്കിയ പുളിപ്പുള്ള രണ്ട് അപ്പം യഹൂദ മഹാപുരോഹിതൻ ദൈവത്തിന് അർപ്പിച്ചു. (ലേവ്യപുസ്തകം 23:15-17) ഈ പുളിപ്പുള്ള അപ്പം “രാജ്യവും പുരോഹിതന്മാരു”മായി സേവിക്കാൻ, “ഭൂമിയുടെമേൽ രാജാക്കന്മാരായി ഭരിക്കാൻ” യേശുക്രിസ്തു ‘ദൈവത്തിനായി വിലക്കുവാങ്ങിയ’ 1,44,000 അപൂർണ മനുഷ്യരെ ചിത്രീകരിക്കുന്നു. (വെളിപ്പാടു 5:9, 10; 14:1, 3, NW) ഇവർ പാപികളായ മനുഷ്യവർഗത്തിന്റെ, യഹൂദന്മാരും വിജാതീയരുമെന്ന രണ്ടു ശിഖരങ്ങളിൽനിന്നുള്ളവരാണെന്ന വസ്തുതയെ പുളിപ്പുള്ള രണ്ട് അപ്പം ചിത്രീകരിക്കുന്നുണ്ടാകാം.
22. (എ) ക്രിസ്ത്യാനികൾ ന്യായപ്രമാണ ഉടമ്പടിയുടെ ഉത്സവങ്ങൾ ആഘോഷിക്കാത്തതെന്തുകൊണ്ട്? (ബി) അടുത്ത ലേഖനത്തിൽ നാമെന്തു പരിചിന്തിക്കുന്നതായിരിക്കും?
22 പൊ.യു. 33-ലെ പെന്തക്കോസ്തിൽ പുതിയ ഉടമ്പടി പ്രവർത്തനത്തിൽ വന്നപ്പോൾ, ദൈവദൃഷ്ടിയിൽ പഴയ ന്യായപ്രമാണ ഉടമ്പടിക്കു വിലയില്ലാതായെന്ന് അത് അർഥമാക്കി. (2 കൊരിന്ത്യർ 3:14; എബ്രായർ 9:15; 10:16) അതിനർഥം അഭിഷിക്ത ക്രിസ്ത്യാനികൾക്കു നിയമമില്ലെന്നല്ല. അവർ യേശുക്രിസ്തു പഠിപ്പിച്ചതും തങ്ങളുടെ ഹൃദയങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതുമായ ദിവ്യനിയമത്തിൻ കീഴിൽ വരുന്നു. (ഗലാത്യർ 6:2) അതുകൊണ്ട്, മൂന്നു വാർഷികോത്സവങ്ങളും പഴയ ന്യായപ്രമാണ ഉടമ്പടിയുടെ ഭാഗമായതിനാൽ ക്രിസ്ത്യാനികൾ ആഘോഷിക്കുന്നില്ല. (കൊലൊസ്സ്യർ 2:16, 17) എന്നിരുന്നാലും, ഉത്സവങ്ങളോടും മറ്റ് ആരാധനായോഗങ്ങളോടും ദൈവത്തിന്റെ ക്രിസ്തീയപൂർവ ദാസന്മാർ പ്രകടമാക്കിയ മനോഭാവത്തിൽനിന്നു നമുക്ക് ഏറെ പഠിക്കാൻ കഴിയും. അടുത്ത ലേഖനത്തിൽ, ക്രിസ്തീയ യോഗങ്ങളിൽ മുടങ്ങാതെ സംബന്ധിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ നമ്മെ നിസ്സംശയമായും പ്രചോദിപ്പിക്കുന്ന മാതൃകകൾ നാം പരിചിന്തിക്കുന്നതാണ്.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 1, പേജ് 820, കോളം 1-ലെ “ഉത്സവം” എന്നതിനു കീഴിൽ 1, 3 ഖണ്ഡികകൾ കാണുക.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
പുനരവലോകന ചോദ്യങ്ങൾ
□ ഇസ്രായേലിന്റെ മൂന്നു വലിയ ഉത്സവങ്ങൾ ഏത് ഉദ്ദേശ്യം നിവർത്തിച്ചു?
□ ഹിസ്കീയാവിന്റെയും യോശീയാവിന്റെയും നാളിലെ ഉത്സവങ്ങളുടെ പ്രത്യേകതകൾ എന്തായിരുന്നു?
□ പൊ.യു.മു. 455-ൽ ഏതു നാഴികക്കല്ല് ആഘോഷിക്കപ്പെട്ടു, അതു നമുക്കു പ്രോത്സാഹജനകമായിരിക്കുന്നതെന്തുകൊണ്ട്?
□ പൊ.യു. 33-ലെ പെസഹയുടെയും പെന്തക്കോസ്തിന്റെയും പ്രാധാന്യമെന്തായിരുന്നു?
[12-ാം പേജിലെ ചതുരം]
ഉത്സവത്തിൽനിന്ന് ഇന്നു നമുക്കുള്ള പാഠം
യേശുവിന്റെ പാപപരിഹാര ബലിയിൽനിന്നു നിലനിൽക്കുന്ന പ്രയോജനം നേടുന്ന എല്ലാവരും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിനാൽ ചിത്രീകരിക്കപ്പെട്ടതിനോടുള്ള യോജിപ്പിൽ ജീവിക്കണം. ഈ ദുഷ്ടലോകത്തിൽനിന്നുള്ള വിമോചനത്തെയും യേശുവിന്റെ മറുവിലയിലൂടെ പാപത്തിന്റെ ശിക്ഷാവിധിയിൽനിന്നു ലഭിക്കുന്ന മോചനത്തെയുംപ്രതി അഭിഷിക്ത ക്രിസ്ത്യാനികൾ നടത്തുന്ന ആഹ്ലാദകരമായ ആഘോഷമാണ് പ്രതിമാതൃകയിലെ ഈ ഉത്സവം. (ഗലാത്യർ 1:4; കൊലൊസ്സ്യർ 1:13, 14) അക്ഷരീയ ഉത്സവം ഏഴു ദിവസം ദൈർഘ്യമുള്ളതായിരുന്നു. ആത്മീയ പൂർണതയെ പ്രതീകപ്പെടുത്താൻ ബൈബിൾ ഉപയോഗിക്കുന്ന സംഖ്യയാണ് ഏഴ്. പ്രതിമാതൃകയിലുള്ള ഉത്സവം ഭൂമിയിൽ അഭിഷിക്ത ക്രിസ്തീയ സഭ നിലനിൽക്കുന്ന സമയത്തോളമുണ്ടായിരിക്കും, അത് “ആത്മാർഥതയോടും സത്യത്തോടും”കൂടെ ആഘോഷിക്കപ്പെടണം. അതിനർഥം ആലങ്കാരിക പുളിപ്പിനെതിരെ നിതാന്ത ജാഗ്രത വേണമെന്നാണ്. ദുഷിച്ച പഠിപ്പിക്കലുകളെയും കാപട്യത്തെയും തിന്മയെയും ചിത്രീകരിക്കാനാണ് ബൈബിൾ പുളിപ്പ് ഉപയോഗിക്കുന്നത്. തങ്ങളുടെ ജീവിതത്തെ ദുഷിപ്പിക്കാനോ ക്രിസ്തീയ സഭയുടെ പരിശുദ്ധിയെ നശിപ്പിക്കാനോ അത്തരം പുളിപ്പിനെ അനുവദിക്കാതെ യഹോവയുടെ സത്യാരാധകർ അതിനോടു വെറുപ്പ് പ്രകടമാക്കണം.—1 കൊരിന്ത്യർ 5:6-8; മത്തായി 16:6, 12.
[9-ാം പേജിലെ ചിത്രം]
വർഷംതോറും നീസാൻ 16-ന്—യേശു പുനരുത്ഥാനം പ്രാപിച്ച ദിവസം—യവക്കൊയ്ത്തിലെ ആദ്യത്തെ കററ അർപ്പിച്ചിരുന്നു
[10-ാം പേജിലെ ചിത്രം]
യേശു തന്നെത്തന്നെ “ലോകത്തിന്റെ വെളിച്ചം” എന്നു വിളിച്ചപ്പോൾ അവൻ ഉത്സവവെളിച്ചങ്ങളെയായിരിക്കാം പരാമർശിച്ചത്