-
“ദൈവത്തിലുള്ള എന്റെ പ്രത്യാശ”വീക്ഷാഗോപുരം (പഠനപ്പതിപ്പ്)—2017 | ഡിസംബർ
-
-
15. യേശുവിനെ എന്തുകൊണ്ടാണ് ‘ആദ്യഫലമെന്നു’ വിളിച്ചിരിക്കുന്നത്?
15 ആത്മവ്യക്തിയായി ആദ്യം പുനരുത്ഥാനപ്പെട്ടത് യേശുവാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട പുനരുത്ഥാനവും. (പ്രവൃ. 26:23) എന്നാൽ സ്വർഗത്തിലേക്ക് ആത്മവ്യക്തിയായി ഉയിർപ്പിക്കപ്പെടുമെന്നു യേശുവിനെക്കുറിച്ച് മാത്രമല്ല മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്. തന്റെ വിശ്വസ്തരായ അപ്പോസ്തലന്മാർ സ്വർഗത്തിൽ തന്നോടൊപ്പം ഭരിക്കുമെന്നു യേശു അവർക്ക് ഉറപ്പുകൊടുത്തു. (ലൂക്കോ. 22:28-30) ആ പ്രതിഫലം കിട്ടണമെങ്കിൽ അവർ മരിക്കുകയും ക്രിസ്തുവിനെപ്പോലെ ആത്മശരീരത്തോടെ ഉയിർക്കുകയും വേണമായിരുന്നു. “ക്രിസ്തു മരിച്ചവരിൽനിന്നുള്ള ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു” എന്നു പൗലോസ് എഴുതി. മറ്റു ചിലരും സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമെന്നു സൂചിപ്പിച്ചുകൊണ്ട് പൗലോസ് തുടർന്നു: “എല്ലാവരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും: ആദ്യഫലം ക്രിസ്തു; പിന്നീട്, ക്രിസ്തുവിനുള്ളവർ ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത്.”—1 കൊരി. 15:20, 23.
16. സ്വർഗീയപുനരുത്ഥാനം നടക്കുന്ന സമയത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു സൂചനയാണു തരുന്നത്?
16 സ്വർഗീയപുനരുത്ഥാനം എപ്പോഴായിരിക്കും നടക്കുന്നത് എന്നതിന് ഈ വാക്യം ഒരു സൂചന തരുന്നില്ലേ? അതു ‘ക്രിസ്തുവിന്റെ സാന്നിധ്യകാലത്തായിരിക്കും.’ യേശു മുൻകൂട്ടിപ്പറഞ്ഞ ‘സാന്നിധ്യകാലം’ 1914-ൽ ആരംഭിച്ചെന്നും അത് ഇപ്പോഴും തുടരുന്നെന്നും ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം അടുത്തെത്തിയിരിക്കുന്നെന്നും യഹോവയുടെ സാക്ഷികൾ വളരെക്കാലം മുമ്പുമുതൽ തിരുവെഴുത്തുകളിൽനിന്ന് തെളിയിച്ചുവരുന്നു.
17, 18. ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത് ചില അഭിഷിക്തർക്ക് എന്തു സംഭവിക്കും?
17 സ്വർഗീയപുനരുത്ഥാനത്തിന്റെ കൂടുതലായ വിശദാംശങ്ങൾ ബൈബിൾ തരുന്നു: “മരിച്ച് ഉറക്കത്തിലായവരെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരായിരിക്കരുത് എന്നാണു ഞങ്ങളുടെ ആഗ്രഹം. . . . യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തെന്നു നമ്മൾ വിശ്വസിക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ, യേശുവിന്റെ അനുഗാമികളായി മരണത്തിൽ നിദ്രകൊണ്ടവരെയും ദൈവം ഉയിർപ്പിച്ച് യേശുവിനോടൊപ്പം കൊണ്ടുവരും. . . . നമ്മുടെ കൂട്ടത്തിൽ കർത്താവിന്റെ സാന്നിധ്യസമയത്ത് ജീവനോടെ ബാക്കിയുള്ളവർ, അതിനോടകം മരിച്ചവരെക്കാൾ മുമ്പന്മാരാകില്ല.” പൗലോസ് തുടരുന്നു: ‘കാരണം അധികാരസ്വരത്തിലുള്ള ആഹ്വാനത്തോടെ കർത്താവ് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുമ്പോൾ ക്രിസ്തുവിനോടുള്ള യോജിപ്പിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കും. അതിനു ശേഷം, അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻവേണ്ടി, നമ്മുടെ കൂട്ടത്തിൽ ജീവനോടെ ബാക്കിയുള്ളവരെ മേഘങ്ങളിൽ എടുക്കും. അങ്ങനെ, നമ്മൾ എപ്പോഴും കർത്താവിന്റെകൂടെയായിരിക്കും.’—1 തെസ്സ. 4:13-17.
18 അതുകൊണ്ട് ക്രിസ്തുവിന്റെ ‘സാന്നിധ്യസമയം’ ആരംഭിച്ച് അധികം വൈകാതെ സ്വർഗീയപുനരുത്ഥാനം നടക്കാൻ തുടങ്ങി. മഹാകഷ്ടതയുടെ സമയത്ത് ജീവിച്ചിരിക്കുന്ന അഭിഷിക്തരെ “മേഘങ്ങളിൽ എടുക്കും” എന്നാണു തിരുവെഴുത്തു പറയുന്നത്. മരിച്ച അവസ്ഥയിൽ അവർ കഴിയേണ്ടിവരില്ല എന്ന അർഥത്തിൽ, അവർ “മരണത്തിൽ നിദ്രകൊള്ളുകയില്ല” എന്നും പറഞ്ഞിരിക്കുന്നു. അവരെല്ലാം “രൂപാന്തരപ്പെടും. അന്ത്യകാഹളം മുഴങ്ങുമ്പോൾ, കണ്ണു ചിമ്മുന്ന വേഗത്തിൽ നിമിഷനേരംകൊണ്ട് അതു സംഭവിക്കും” എന്നാണു ബൈബിൾ പറയുന്നത്.—1 കൊരി. 15:51, 52; മത്താ. 24:31.
-
-
“ദൈവത്തിലുള്ള എന്റെ പ്രത്യാശ”വീക്ഷാഗോപുരം (പഠനപ്പതിപ്പ്)—2017 | ഡിസംബർ
-
-
20. ഭൂമിയിലേക്കുള്ള പുനരുത്ഥാനത്തിന് ഒരു ക്രമമുണ്ടായിരിക്കുമെന്നു നമുക്കു വിശ്വസിക്കാവുന്നത് എന്തുകൊണ്ട്?
20 സ്വർഗീയപുനരുത്ഥാനത്തിലേക്കു വരുന്നവരെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “എല്ലാവരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും.” (1 കൊരി. 15:23) അതുകൊണ്ട് ഭൂമിയിലേക്കുള്ള പുനരുത്ഥാനത്തിനും ഒരു ക്രമമുണ്ടായിരിക്കുമെന്നു നമുക്കു ന്യായമായും വിശ്വസിക്കാനാകും. അത് നമ്മുടെ മനസ്സിൽ ചില ചോദ്യങ്ങൾ ഉണർത്തിയേക്കാം: അടുത്ത കാലത്ത് മരിച്ചവരായിരിക്കുമോ ക്രിസ്തുവിന്റെ ആയിരം വർഷവാഴ്ചയുടെ തുടക്കത്തിൽ പുനരുത്ഥാനത്തിലേക്കു വരുക? അങ്ങനെയാകുമ്പോൾ അവരെ സ്വീകരിക്കാൻ പരിചയമുള്ളവർ ഇവിടെ കാണുമല്ലോ. അതോ, പുരാതനകാലത്തെ വിശ്വസ്തരായ പുരുഷന്മാരിൽ ചിലരുടെ നേതൃപാടവം കണക്കിലെടുത്ത് പുതിയ ലോകത്തിൽ കാര്യങ്ങളൊക്കെ ക്രമീകരിക്കാൻ അവരായിരിക്കുമോ ആദ്യം പുനരുത്ഥാനപ്പെട്ടുവരുക? ഇനി, യഹോവയെക്കുറിച്ച് അറിയാതെ മരിച്ചുപോയവരുടെ കാര്യമോ? എപ്പോൾ, എവിടേക്കായിരിക്കും അവർ പുനരുത്ഥാനപ്പെട്ടുവരുന്നത്? ഇങ്ങനെ പല ചോദ്യങ്ങളും മനസ്സിലേക്കു വന്നേക്കാം. പക്ഷേ, യഥാർഥത്തിൽ ഈ വിഷയങ്ങളെക്കുറിച്ചൊക്കെ ചിന്തിച്ച് തലപുകയ്ക്കേണ്ടതുണ്ടോ? ഇതൊക്കെ കാത്തിരുന്ന് കാണുന്നതല്ലേ നല്ലത്? എന്തായാലും, യഹോവ ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു നേരിട്ട് കാണുമ്പോൾ നമ്മൾ ആവേശഭരിതരാകും.
-