എയ്ഡ്സിനേക്കാൾ മോശമായ ഒന്ന്
“ടെസ്ററുകൾ ഞങ്ങളുടെ നിഗമനം ശരിയാണെന്ന് തെളിയിച്ചിരിക്കുന്നു. നിങ്ങൾക്ക് എയ്ഡ്സുണ്ട്.” കഴിഞ്ഞവർഷം ഒരു ദിവസം ഞാൻ ഫോൺ താഴെ വച്ചപ്പോൾ എന്റെ ഡോക്ടറുടെ ആ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഞാൻ ദൈവത്തിന്റെ ബുദ്ധിയുപദേശം സ്വീകരിക്കുകയും അതു ബാധകമാക്കുകയും ചെയ്തിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു!
ഞാൻ വാഷിങ്ടൺ സ്റേറററിൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി വളർത്തപ്പെട്ടു. ദൈവത്തിന്റെ നിബന്ധനകളെന്താണെന്ന് എനിക്ക് അറിയാം എന്ന് എന്റെ മാതാപിതാക്കൾ ഉറപ്പുവരുത്തി. അതുകൊണ്ട് എന്റെ ബാല്യകാല പരിശീലനത്തിന് വിപരീതമായി ഞാൻ ജീവിക്കാൻ തുടങ്ങിയപ്പോൾ അതു വളരെയധികം ആളുകളെ ആശ്ചര്യപ്പെടുത്തി.
സ്കൂളിൽ മററു കുട്ടികളാൽ സ്നേഹിക്കപ്പെടണം എന്നത് എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു. മററുള്ളവരാൽ അംഗീകരിക്കപ്പെടാൻ വേണ്ടി ഞാൻ സകല വിധത്തിലും ശ്രമിച്ചു നോക്കി. കൊള്ളാം, അവയൊന്നും ഫലിച്ചില്ല. എനിക്ക് 15 വയസ്സായപ്പോഴേക്കും പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ല എന്ന് എനിക്ക് തോന്നി. ഞാൻ ആത്മഹത്യ ചെയ്യാൻ ഒരു വിഫല ശ്രമം നടത്തുകപോലും ചെയ്തു.
പുകയിലയും മാരിഹ്വാനയും ഉപയോഗിച്ചാൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് വിചാരിച്ച് ഞാൻ അവ ഉപയോഗിച്ചുതുടങ്ങി. കൊള്ളാം അതുകൊണ്ടും പ്രയോജനമുണ്ടായില്ല. കുറച്ചു നാൾ കഴിഞ്ഞ് മറെറവിടെയെങ്കിലും പോയി സന്തോഷം തേടുന്നതിന് യഹോവയുടെ സ്ഥാപനം വിട്ടുപോകാൻ ഞാൻ തീരുമാനിച്ചു. ഞാൻ മേലാൽ യഹോവയുടെ സാക്ഷികളിലൊരാളായിരിക്കുന്നില്ല എന്ന് ഞാൻ സ്കൂളിലെ എന്റെ കൂട്ടുകാരെ അറിയിച്ചു; അവർക്ക് അതു വളരെ ഇഷ്ടപ്പെട്ടതായി തോന്നി.
അധാർമ്മികവും അസ്ഥിരവുമായ ഒരു ജീവിതം
കാലക്രമത്തിൽ ഞാൻ ഒരു ജോലി കണ്ടെത്തി. മദ്യപാനികളും വ്യഭിചാരികളുമായവർ പാർത്തിരുന്ന നിരയിൽ ഒരു വസതിയും കണ്ടെത്തി. പണം സമ്പാദിക്കുന്നത് എത്ര എളുപ്പമാണെന്ന് അവർ എന്നോട് പറഞ്ഞു തുടങ്ങി. അവരുടെ സഹായത്തോടെ ഞാനും ഏറെ താമസിയാതെ ആ വഴികളൊക്കെ പഠിച്ചു. എല്ലാവരാലും സ്നേഹിക്കപ്പെടുന്ന, സന്തുഷ്ടനായ ഒരു വ്യക്തിയായിരിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ എല്ലാവരാലും ഉപയോഗിക്കപ്പെടുന്ന വളരെ അസന്തുഷ്ടനായ ഒരു വ്യക്തിയായി ഞാൻ മാറിയിരുന്നു.
മാററം വരുത്താനും വീട്ടിലേക്കു മടങ്ങിപ്പോകാനും ഒരു പുതിയ ജീവിതം ആരംഭിക്കാനും ഞാൻ ആഗ്രഹിച്ചു. മാതാപിതാക്കളെ കാണാത്തതിലും നഷ്ടമാക്കിയ നല്ല ജീവിതം സംബന്ധിച്ചും എനിക്ക് ദുഃഖമുണ്ടായിരുന്നു. അതുകൊണ്ട് സഹായത്തിനുവേണ്ടി ഞാൻ യഹോവയോട് പ്രാർത്ഥിച്ചു. പ്രയാസകരമായ സംഗതി എന്റെ മാതാപിതാക്കളെ സമീപിച്ച് അവരോട് ക്ഷമ യാചിക്കുക എന്നതായിരുന്നു. സന്തോഷകരമെന്ന് പറയട്ടെ അവർക്ക് എന്നോട് ക്ഷമിക്കാൻ കഴിഞ്ഞു.
ക്രിസ്തീയ സഭയിലെ മൂപ്പൻമാർ എന്നോടൊപ്പം കൂടി വന്നു. സഭയിൽ പുനഃസ്ഥിതീകരിക്കപ്പെടാനുള്ള എന്റെ ആഗ്രഹം ഞാൻ അവരെ അറിയിച്ചു. അവർക്കും എനിക്കും അതു എളുപ്പമായിരുന്നില്ല. മയക്കുമരുന്നു ദുരുപയോഗത്തിന്റെ പാർശ്വഫലങ്ങളിൽ നിന്ന് എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നതു കൂടാതെ ഗൗരവതരമായ ഒരു ഗുഹ്യരോഗവും എന്നെ ബാധിച്ചിരുന്നു. ഒരു മാസംകൂടെ വൈകിയിരുന്നെങ്കിൽ ഞാൻ മരിച്ചുപോകുമായിരുന്നെന്ന് എന്റെ ഡോക്ടർ എന്നോട് പറഞ്ഞു. എന്തോരു കുഴപ്പത്തിലാണ് ഞാൻ ചെന്നു ചാടിയത്!
പിന്നീട് ഞാൻ പുനഃസ്ഥിതീകരിക്കപ്പെട്ടു. അയൽ സഭയിൽ നിന്നുള്ള ഒരു യുവതിയെ ഞാൻ വിവാഹം കഴിക്കുക പോലും ചെയ്തു. കാര്യങ്ങൾ മെച്ചപ്പെട്ടു വന്നു. എന്നിരുന്നാലും ഞാൻ അപ്പോഴും യഹോവയുടെ സ്നേഹം വിലമതിച്ചിരുന്നില്ല. യഹോവയുടെ ബലത്തിൽ ആശ്രയിക്കുന്നതിനു പകരം സ്വന്ത നിലയിൽ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ശ്രമിച്ചത്.
രണ്ടു വർഷം തികയുന്നതിനു മുമ്പ് എന്റെ വിവാഹബന്ധം വേർപ്പെടുത്തപ്പെടുകയും അധാർമ്മിക പ്രവൃത്തിയുടെ പേരിൽ ഞാൻ സഭയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഞാൻ ലോകക്കാരായ ചില ആളുകളുമായി അടുപ്പത്തിലായിരുന്നു. ആദ്യമൊക്കെ അതു തികച്ചും നിരുപദ്രവകരമായിരുന്നു, എന്നാൽ “ചീത്ത സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്ന തിരുവെഴുത്തു മുന്നറിയിപ്പ് എല്ലായ്പ്പോഴും കൃത്യമെന്ന് തെളിയുന്നു.—1 കൊരിന്ത്യർ 15:33.
ചീത്തത്വത്തിലേക്ക് കൂടുതൽ ആഴത്തിൽ മുങ്ങുന്നു
സ്ഥലം വിട്ടുപോവുകയാണെങ്കിൽ ഞാൻ എന്റെ കുടുംബത്തെ അധികം ദ്രോഹിക്കുകയില്ലല്ലോ എന്ന് ഞാൻ വിചാരിച്ചു. കാലിഫോർണിയായിലെ സാൻഫ്രാൻസിസ്ക്കോയിൽ ഒരു ജോലിയും താമസ സൗകര്യവും കണ്ടെത്തുന്നതിന് എനിക്ക് പ്രയാസമുണ്ടായിരുന്നില്ല. ഒരു മയക്കുമരുന്നു കച്ചവടക്കാരൻ അവ വിതരണം ചെയ്യുന്നതിനുള്ള ജോലി എനിക്കു തന്നു. പുതുതായി നിർമ്മിക്കപ്പെടുന്ന മയക്കുമരുന്നുകൾ സൗജന്യമായി പരീക്ഷിച്ചു നോക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്നു ഞാൻ. എനിക്കിപ്പോൾ പുതിയ ഒരുതരം ജനപ്രീതിയുണ്ടായിരുന്നു. എന്നെ അറിയാവുന്നവർക്കെല്ലാം (എന്നെ അറിയുന്ന ധാരാളം പേരുണ്ടായിരുന്നു) എന്റെ പക്കൽ മയക്കുമരുന്നുണ്ട് എന്നറിയാമായിരുന്നു. തെരുവിലും ബാറിലും ജോലിസ്ഥലത്തും എന്റെ പക്കൽ നിന്ന് എന്തെങ്കിലും വാങ്ങാൻ വേണ്ടി അവർ എന്നെ സമീപിക്കുമായിരുന്നു.
കൂടാതെ, ദുർന്നടത്തയിൽ ഉൾപ്പെടുന്ന കാര്യത്തിലും താമസമുണ്ടായില്ല; സ്നേഹിക്കപ്പെടുന്നു എന്ന് എനിക്കു തോന്നാനുള്ള ഒരു മാർഗ്ഗമായിരുന്നു അത്. പലരും എന്നെ ഇഷ്ടപ്പെട്ടു. ലൈംഗികതയുപയോഗിച്ച് ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ മററുള്ളവരെക്കൊണ്ട് ചെയ്യിക്കാൻ ഞാൻ പഠിച്ചു. വർഷങ്ങളോളം ഞാൻ ഈ വിധത്തിൽ ജീവിച്ചു.
ഒരവസരത്തിൽ ശക്തമായ പനിയും കലശലായ ക്ഷീണവും അനുഭവപ്പെട്ടത് ഞാൻ വ്യക്തമായി ഓർമ്മിക്കുന്നു. എന്താണ് കുഴപ്പമെന്ന് എന്റെ ഡോക്ടർക്ക് മനസ്സിലായില്ല. ക്രമേണ അതു മാറി. എന്നെ ബാധിച്ചത് എന്താണെന്ന് മൂന്നു വർഷം കഴിയുന്നതുവരെ ഞാൻ അറിഞ്ഞില്ല.
ഈ കാലഘട്ടത്തിൽ എനിക്ക് ഭൂതങ്ങളിൽനിന്നുള്ള ശല്യവും അനുഭവപ്പെട്ടു തുടങ്ങി, ഒരിക്കൽ ഞാൻ വാസ്തവത്തിൽ ആക്രമണത്തിനിരയായി. ഒരു ഭൂതം എന്റെ ശരീരത്തിനുള്ളിൽ പ്രവേശിക്കാൻ ശ്രമിക്കുകയാണെന്ന് എനിക്കു തോന്നി. വായിൽനിന്ന് വാക്കുകൾ പുറത്തേക്ക് വരില്ലായിരുന്നു. ഞാൻ പലവട്ടം ശ്രമിച്ചു. അവസാനം “യഹോവേ എന്നെ സഹായിക്കണമേ!” എന്ന് ഞാൻ വിളിച്ചു പറഞ്ഞു. ഭൂതം ഉടൻ എന്നെ വിട്ടുപോയി.
എന്റെ വിചാരങ്ങൾ ഒന്ന് വിഭാവനം ചെയ്യുക! എന്നെപ്പററി മാത്രം ചിന്തിച്ചുകൊണ്ട് ഞാൻ തികച്ചും അധാർമ്മികമായ ഒരു ജീവിതം നയിക്കുകയായിരുന്നു, എന്നിട്ടും സഹായത്തിന് യഹോവയെ വിളിക്കാനുള്ള ധൈര്യം എനിക്കു തോന്നിയല്ലോ! എനിക്ക് ലജ്ജ തോന്നി. യഹോവ എന്നെ സഹായിക്കുമെന്ന് വിചാരിക്കാൻ എനിക്ക് എങ്ങനെ കഴിഞ്ഞു? എനിക്ക് വല്ലാത്ത നിരാശ തോന്നി. ആരെങ്കിലും എന്നെ വധിക്കട്ടെ എന്ന് വച്ചു ഞാൻ മനഃപൂർവ്വം എന്റെ ജീവൻ അപകടപ്പെടുത്തി.
മാററം വരുത്താനുള്ള ഒരാഗ്രഹം
ഒരു ദിവസം ചില സുഹൃത്തുക്കളോടൊപ്പം ഒരു പാർട്ടിയിൽ സംബന്ധിക്കുമ്പോൾ ഞങ്ങൾ ലോകാവസ്ഥകളെ സംബന്ധിച്ചുള്ള ഒരു ചർച്ചയിൽ ഏർപ്പെട്ടു. ഭാവിയെ സംബന്ധിച്ച് ഞാൻ എന്തു വിചാരിക്കുന്നു എന്ന് അവർ എന്നോട് ചോദിച്ചപ്പോൾ ഭൂമിയെ സംബന്ധിച്ചും അതിലെ ആളുകളെ സംബന്ധിച്ചുമുള്ള ദൈവോദ്ദേശ്യത്തെക്കുറിച്ച് ഞാൻ അവരോട് സംസാരിച്ചു. അവർക്ക് വലിയ അത്ഭുതമായി. എന്നാൽ അവരിൽ ഒരാൾ എന്നോട് നീരസപ്പെടുകയും എന്നെ ഒരു കപടഭക്തനെന്ന് വിളിക്കുകയും ചെയ്തു! അയാൾ പറഞ്ഞത് വളരെ ശരിയായിരുന്നു. ഞാൻ ഒരു ഇരട്ട ജീവിതമാണ് നയിച്ചിരുന്നത്. എന്നിരുന്നാലും നമ്മുടെ ഏകരക്ഷ യഹോവയാണെന്നും ഞാൻ ആയിരിക്കേണ്ടത് യഹോവയുടെ സ്ഥാപനത്തിൽ തന്നെയാണെന്നും എന്റെ ഹൃദയത്തിന്റെ അഗാധത്തിൽ എനിക്ക് അറിയാമായിരുന്നു.
ഏതാണ്ട് ഈ കാലഘട്ടത്തിൽ എന്റെ ജീവിതത്തിനും എന്റെ ചുററുമുള്ളവരുടെ ജീവിതത്തിനും ചില മാററങ്ങൾ സംഭവിച്ചുതുടങ്ങി. എന്റെ സുഹൃത്തുക്കളിൽ പലരും എയ്ഡ്സ് ബാധിതരായി. ഒരു കാലത്ത് നല്ല ആരോഗ്യമുണ്ടായിരുന്നവർ സാവകാശം ആരോഗ്യം ക്ഷയിച്ചു മരണമടയുന്നതു കാണുന്നത് വളരെ പ്രയാസമായിരുന്നു. അവരെ ആശ്വസിപ്പിക്കുന്ന കാര്യത്തിൽ എനിക്ക് നിസ്സഹായത തോന്നി. അതിലും മെച്ചപ്പെട്ട ഒരു ജീവിതത്തെപ്പററി എനിക്ക് അറിവുണ്ടായിരുന്നതിനാൽ അതു വിശേഷാൽ നിരാശാജനകമായിരുന്നു. യഹോവയുടെ സ്നേഹത്തിലേക്ക് മടങ്ങിവരാൻ എനിക്ക് ആഗ്രഹമുള്ളതായി ഞാൻ തിരിച്ചറിഞ്ഞു. എന്നാൽ എങ്ങനെ?
ഞാൻ സഹായത്തിനുവേണ്ടി യഹോവയോട് പ്രാർത്ഥിക്കാൻ തുടങ്ങി. അതു വളരെ പ്രയാസകരമായിരുന്നു. എന്റെ വഷളത്തത്തേപ്പററി എനിക്ക് അത്രയധികം ലജ്ജതോന്നി. ഒരു ദിവസം എനിക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു. അതു ഞാൻ ഒൻപതു വർഷമായി കണ്ടിട്ടില്ലാതിരുന്ന എന്റെ ഒരു അമ്മാവിയിൽ നിന്നായിരുന്നു. അവർ എന്നെ വന്നു കാണാൻ ആഗ്രഹിച്ചു. അവർ എന്റെ മാതാപിതാക്കളുടെ വിശ്വാസത്തിൽപ്പെട്ട ആളല്ലായിരുന്നെങ്കിലും എന്റെ ജീവിതത്തിൽ മാററം വരുത്താനും യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുന്നതിലേക്ക് മടങ്ങിവരാനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അവരോട് പറഞ്ഞു. അവർക്ക് എന്റെ ആത്മാർത്ഥത കാണാൻ കഴിഞ്ഞു. എന്നെ സഹായിക്കാൻ അവർ ആഗ്രഹിച്ചു.
ദീർഘമായ മടങ്ങിവരവ്
സ്വന്തം കാലിൽ നിൽക്കാറാകുന്നതുവരെ അവരോടൊപ്പം താമസിക്കാൻ എന്റെ അമ്മാവി എന്നെ ക്ഷണിച്ചു. അതു സഹായകമായിരിക്കുമോ എന്ന് അവർ എന്നോട് ചോദിച്ചപ്പോൾ ഞാൻ വെറുതെ നിന്ന് കരയുകയാണ് ചെയ്തത്. രക്ഷപെടാൻ എനിക്ക് ആവശ്യമായ മാർഗ്ഗം ഇതാണ് എന്ന് എനിക്കറിയാമായിരുന്നു, അതുകൊണ്ട് എന്റെ മുൻ സഹവാസങ്ങൾ ഞാൻ ഉപേക്ഷിച്ചു. തുടർന്നു വന്ന ഏതാനും മാസങ്ങൾ എളുപ്പമായിരുന്നില്ല. എന്നാൽ അവയെ തരണം ചെയ്യാൻ യഹോവ എന്നെ സഹായിക്കുമെന്നുള്ള കാര്യത്തിൽ എനിക്ക് ആത്മധൈര്യമുണ്ടായിരുന്നു. മലാഖി 3:7 ഇവിടെ ബാധകമാണെന്ന് ഞാൻ വിചാരിക്കുന്നു: “‘എങ്കലേക്ക് മടങ്ങിവരുവിൻ, ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങിവരും,’ എന്നാണ് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.”
താമസം മാററി ഉടനെ തന്നെ ഞാൻ പോയി മൂപ്പൻമാരെ കണ്ടു. ഞാൻ എന്നെപ്പററി സകലതും അവരോട് പറഞ്ഞു, ഞാൻ യഥാർത്ഥത്തിൽ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്നും. എന്റെ പുനഃസ്ഥിതീകരണം പെട്ടെന്ന് സാദ്ധ്യമല്ല എന്ന് അവർക്കും എനിക്കും അറിയാമായിരുന്നു. എനിക്ക് മോശമായ ഒരു രേഖയായിരുന്നു ഉണ്ടായിരുന്നത്. എന്നിരുന്നാലും ഈ പ്രാവശ്യം എന്റെ തീരുമാനം ഉറച്ചതായിരുന്നു. എല്ലാ ദിവസവും രാവും പകലും നിരന്തരം യഹോവയുടെ സഹായത്തിനായി ഞാൻ അവനോട് പ്രാർത്ഥിച്ചു. ഞാൻ വളരെ ബലഹീനനാണെന്ന് ഞാൻ വിചാരിക്കാറുണ്ടായിരുന്നു. എന്റെ സ്വന്തനിലയിൽ ഞാൻ അങ്ങനെയാണെന്ന് ഞാൻ ഊഹിക്കുന്നു. എന്നാൽ നിങ്ങൾക്ക് യഹോവയുടെ സഹായമുള്ളപ്പോൾ നിങ്ങൾ എത്രശക്തരായിത്തീരുന്നു എന്നത് ആശ്ചര്യകരമാണ്.
അനുദിന ജീവിതപ്രശ്നങ്ങളെ നേരിടാൻ വേണ്ടി അനേക വർഷങ്ങളായി ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഞാൻ അവ കൂടാതെ ജീവിക്കേണ്ടിയിരുന്നു. എനിക്ക് ഭയംതോന്നി. ജനക്കൂട്ടങ്ങൾ എന്നെ പേടിപ്പെടുത്തി. വളരെ സമയം ആളുകൾക്കിടയിൽ കഴിയേണ്ടി വന്നാൽ എനിക്ക് മനം പിരട്ടൽ അനുഭവപ്പെടുമായിരുന്നു. അതേസമയം ഒരു ദിവസം ഏതാണ്ട് നാലു പായ്ക്കററ് എന്ന നിരക്കിൽ സിഗറററ് വലിച്ചിരുന്ന ഞാൻ പുകവലി വിട്ടുകളയാനും ശ്രമിക്കുകയായിരുന്നു. ഇവയെ എല്ലാം തരണം ചെയ്യാൻ എന്നെ സഹായിച്ചത് പ്രാർത്ഥനയും സ്വയം തിരുത്താനുള്ള എന്റെ ശ്രമങ്ങൾ യഹോവയ്ക്ക് പ്രസാദകരമാണ് എന്ന് എന്നെത്തന്നെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നതുമായിരുന്നു. ക്രമമായി മീററിംഗിൽ സംബന്ധിക്കുന്നതിലൂടെയും ഞാൻ ആശ്വാസവും സമാധാനവും കണ്ടെത്തി. പുറത്താക്കപ്പെട്ടിരുന്നതിനാൽ എനിക്ക് ആരോടും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും എന്റെ ഭാവി സഹോദരീസഹോദരൻമാരുടെ സ്നേഹവും ഊഷ്മളതയും എനിക്ക് അപ്പോഴും അവിടെ അനുഭവിക്കാൻ കഴിഞ്ഞിരുന്നു.
കാലക്രമത്തിൽ, ഞാൻ മടങ്ങിവന്ന് ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ തന്റെ സ്ഥാപനത്തിലേക്ക് എന്നെ തിരികെ സ്വീകരിക്കാൻ തന്റെ ദാസൻമാരെ പ്രചോദിപ്പിക്കുന്നത് ഉചിതമെന്ന് യഹോവ കണ്ടു. എന്നെ തിരികെ സ്വാഗതം ചെയ്യാനുള്ള കൃത്യ സമയം അവന് അറിയാമായിരുന്നു. സഹിക്കാവുന്നതിലധികം അവൻ നിങ്ങളെ പരീക്ഷിക്കുകയില്ല. ഏറെ താമസിയാതെയാണ് എനിക്ക് എയ്ഡ്സ് ഉണ്ട് എന്നു പറഞ്ഞുകൊണ്ടുള്ള എന്റെ ഡോക്ടറുടെ സന്ദേശം എനിക്കു ലഭിച്ചത്. യഥാർത്ഥമായും ഗലാത്യർ 6:7 പറയുന്നത് വാസ്തവമാണ്: “വഞ്ചിക്കപ്പെടരുത്: ദൈവം പരിഹസിക്കപ്പെടാവുന്നവനല്ല. ഒരു മനുഷ്യൻ വിതയ്ക്കുന്നത് എന്തുതന്നെയായിരുന്നാലും അയാൾ അതുതന്നെ കൊയ്യും.”
ആദ്യം ഞാൻ കരഞ്ഞു. എല്ലാത്തരം ചിന്തകളും എന്റെ മനസ്സിലൂടെ കടന്നുപോയി. എന്റെ കഴിഞ്ഞകാല ജീവിതത്തിന്റെ ദൃശ്യങ്ങൾ എന്റെ കൺമുമ്പിലൂടെ കടന്നുപോയി. ഈ രോഗം വ്യക്തിയോട് ചെയ്യുന്നതെന്തെന്നും അതിന് ഇരയായിത്തീരുന്നവരോട് മററുള്ളവർ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും ഞാൻ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു. ഈ ലോകത്തിന് ചിലതെല്ലാം വച്ചുനീട്ടാനുണ്ടെന്ന് വിചാരിച്ച ഞാൻ എത്ര മഠയനായിപ്പോയി! വിലപ്പെട്ട സമയത്തിന്റെ എന്തോരു പാഴാക്കൽ!
എയ്ഡ്സ് ഉണ്ടായിരുന്നിട്ടും സംതൃപ്തി
എന്നെപ്പോലെ ലോകക്കാരായ കൂട്ടുകാരാൽ അംഗീകരിക്കപ്പെടാൻ ആഗ്രഹിക്കുന്ന യുവജനങ്ങളുണ്ടെന്ന് എനിക്കറിയാം. ദൈവത്തിന്റെ ബുദ്ധിയുപദേശം അവഗണിച്ചാൽ ലോകത്തിൽ എനിക്കു സംഭവിച്ചതു പോലെയൊന്നും നിങ്ങൾക്ക് സംഭവിക്കുകയില്ല എന്ന് വിചാരിക്കാൻ തക്കവണ്ണം ദയവായി വഞ്ചിക്കപ്പെടരുത്. സാത്താന്റെ വശീകരണ തന്ത്രങ്ങൾ വ്യത്യസ്തമായിരുന്നേക്കാം, എന്നാൽ ഫലം എല്ലായ്പ്പോഴും ഒന്നുതന്നെ ആയിരിക്കും.
എന്നിരുന്നാലും നിങ്ങൾ എത്രതന്നെ മോശമായിരുന്നാലും എന്തെല്ലാം തെററുകൾ ചെയ്തിട്ടുണ്ടെങ്കിലും നിങ്ങൾ യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ആത്മാർത്ഥതയോടെ പ്രാർത്ഥനയിൽ അവനെ സമീപിക്കുകയും ചെയ്യുന്നുവെങ്കിൽ അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളോട് ക്ഷമിക്കുകയും ചെയ്യുമെന്ന് ഞാൻ പഠിച്ചിരിക്കുന്നു.
എനിക്ക് എന്തു സംഭവിക്കും എന്നത് ഇപ്പോൾ എന്നെ വിഷമിപ്പിക്കുന്നില്ല. ചിലപ്പോഴെല്ലാം എനിക്ക് അല്പം മ്ലാനത അനുഭവപ്പെടുന്നുണ്ടെന്നുള്ളത് വാസ്തവമാണ്. എന്നാൽ ഞാൻ പെട്ടെന്നുതന്നെ അതിനെ കീഴടക്കുന്നു. എനിക്കിപ്പോൾ യഹോവയെ പ്രസാദിപ്പിക്കണം എന്ന ഒററ ചിന്തയേയുള്ളു. അവനാണ് എന്റെ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും യഥാർത്ഥ ഉറവ്. അവനെ പ്രസാദിപ്പിക്കാൻ എന്നാൽ സാദ്ധ്യമായത് എല്ലാം ഞാൻ ചെയ്യുകയാണെങ്കിൽ അവൻ എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി കരുതുകയും ചെയ്യും എന്ന് എനിക്കറിയാം.
ഞാൻ യഹോവയുടെ ജനത്തിന്റെ ഇടയിലേക്ക് മടങ്ങി വരാനിടയായതിൻ എനിക്ക് വളരെ നന്ദിയുണ്ട്. എന്തുകൊണ്ടന്നാൽ അർമ്മഗെദ്ദോനിൽ അവൻ തന്നെത്തന്നെ സംസ്ഥാപിക്കുന്നതിനു മുമ്പ് ഞാൻ മരിക്കുകയാണെങ്കിൽ എനിക്ക് പുനരുത്ഥാന പ്രത്യാശയുണ്ട്. എന്നെ വിശ്വസിക്കൂ, യഹോവയുടെ സ്നേഹവും പ്രീതിയുമില്ലാതെ ജീവിക്കുന്നത് എയ്ഡ്സ് ബാധിക്കുന്നതിനേക്കാൾ മോശമാണ്.—സംഭാവനചെയ്യപ്പെട്ടത്. (g89 4/22)
[27-ാം പേജിലെ ചാർട്ട്]
മററു കുട്ടികൾ എന്നെ ഇഷ്ടപ്പെടണമെന്നത് എന്റെ ഏററം വലിയ ആഗ്രഹമായിരുന്നു