നീതിമാൻമാരുടെ പുനരുത്ഥാനം ഉണ്ടായിരിക്കും
“നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.”—പ്രവൃത്തികൾ 24:15.
1. ആദാമിന്റെയും ഹവ്വായുടെയും വീഴ്ചമുതൽ സകല മനുഷ്യരും അഭിമുഖീകരിച്ചിട്ടുള്ള സ്ഥിതിവിശേഷമെന്ത്?
“ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:10) നന്നായി തിരഞ്ഞെടുത്ത ഈ ചുരുങ്ങിയ വാക്കുകളിൽ ജ്ഞാനിയായ ശലോമോൻ രാജാവ് നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിന്റെയും ഹവ്വായുടെയും വീഴ്ചമുതൽ മനുഷ്യവർഗത്തിന്റെ ഓരോ തലമുറയും അഭിമുഖീകരിച്ചിട്ടുള്ള ഒരു സ്ഥിതിവിശേഷത്തെ വർണിക്കുകയാണ്. മരണം ഒട്ടൊഴിയാതെ എല്ലാവരെയും—ധനവാനെയും ദരിദ്രനെയും, രാജാവിനെയും സാധാരണക്കാരനെയും, വിശ്വസ്തനെയും അവിശ്വസ്തനെയും—ഒടുവിൽ ഗ്രസിച്ചിരിക്കുന്നു. വാസ്തവമായും, മരണം ‘രാജാവായി വാണിരിക്കുന്നു.’—റോമർ 5:17, NW.
2. ഈ അന്ത്യകാലത്ത് വിശ്വസ്തരായ ചിലർ എന്തുകൊണ്ടാണു നിരാശരായിത്തീരുന്നത്?
2 വൈദ്യശാസ്ത്രത്തിൽ അത്യാധുനിക മുന്നേററങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും മരണം ഇന്നും രാജാവായി വാഴുകയാണ്. ഇത് അതിശയമല്ലെങ്കിലും, ഒടുവിൽ ഈ ദീർഘകാല ശത്രുവിനെ അഭിമുഖീകരിച്ചപ്പോൾ ചിലർ ഏതാണ്ടു നിരാശിതരായിരുന്നിരിക്കാം. എന്തുകൊണ്ട്? കൊള്ളാം, 1920-കളിൽ വാച്ച് ടവർ സൊസൈററി “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കുകയില്ല” എന്ന സന്ദേശം പ്രഘോഷിച്ചു. ഈ ദശലക്ഷങ്ങൾ ആരായിരിക്കും? ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ചുള്ള യേശുവിന്റെ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്ന ‘ചെമ്മരിയാടുകൾ.’ (മത്തായി 25:31-46) ചെമ്മരിയാടു തുല്യരായ ഇവർ അന്ത്യകാലത്തു പ്രത്യക്ഷപ്പെടുമെന്നു പ്രവചിക്കപ്പെട്ടു. പറുദീസാ ഭൂമിയിലുള്ള നിത്യജീവനായിരിക്കും അവരുടെ പ്രത്യാശ. സമയം കടന്നുപോയതോടെ ദൈവജനം, യഹോവയുടെ ഉദ്ദേശ്യത്തിൽ ഈ ‘ചെമ്മരിയാടുകൾ’ക്കുള്ള സ്ഥാനത്തെക്കുറിച്ചു മെച്ചപ്പെട്ട ഗ്രാഹ്യം നേടിയെടുത്തു. ഈ അനുസരണമുള്ളവർ ശാഠ്യമുള്ള ‘കോലാടുകളിൽ’നിന്നു വേർതിരിക്കപ്പെടുമെന്നും രണ്ടാമത്തെ കൂട്ടരുടെ നാശത്തിനുശേഷം തങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യത്തിന്റെ ഭൗമികമണ്ഡലത്തെ ചെമ്മരിയാടുകൾ അവകാശമാക്കുമെന്നും തിരിച്ചറിഞ്ഞു.
ചെമ്മരിയാടു തുല്യരായവരുടെ കൂട്ടിച്ചേർക്കൽ
3. ദൈവജനം 1935 മുതൽ എന്തു വേലയിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്?
3 ‘വിശ്വസ്തനായ അടിമ’ 1935-ൽ തുടങ്ങി “ചെമ്മരിയാടുകളെ” കണ്ടുപിടിക്കുന്നതിലും യഹോവയുടെ സ്ഥാപനത്തിലേക്ക് അവരെ കൊണ്ടുവരുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. (മത്തായി 24:45, NW; യോഹന്നാൻ 10:16) യേശു ഇപ്പോൾ യഹോവയുടെ സ്വർഗീയ രാജ്യത്തിൽ ഭരിക്കുകയാണെന്നും ഈ ദുഷ്ടവ്യവസ്ഥിതിയുടെ സമാപനത്തിനും നീതിവസിക്കേണ്ട ഒരു പുതിയ ലോകത്തെ ആനയിക്കുന്നതിനും ഉള്ള സമയം സത്വരം സമീപിക്കുകയാണെന്നും ഉപദേശപാത്രതയുള്ള ഈ ക്രിസ്ത്യാനികൾ തിരിച്ചറിയാനിടയായിരിക്കുന്നു. (2 പത്രൊസ് 3:13; വെളിപ്പാടു 12:10) ആ പുതിയ ലോകത്തിൽ, “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും” എന്ന യെശയ്യാവിന്റെ സന്തോഷപ്രദമായ വാക്കുകൾ നിവർത്തിക്കും.—യെശയ്യാവു 25:8.
4. അർമഗെദോനിൽ യഹോവയുടെ പരമാധികാരം സംസ്ഥാപിക്കപ്പെടാൻ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നുവെങ്കിലും വേറെ ആടുകളിൽപ്പെട്ട അനേകർക്കും എന്തു സംഭവിച്ചിരിക്കുന്നു?
4 സാത്താന്റെ പഴയ ലോകത്തിന്റെ അവസാനം വളരെ അടുത്തിരിക്കുന്നതിനാൽ, മഹാബാബിലോന്റെയും സാത്താന്റെ ശേഷിച്ച ലോകത്തിന്റെയുംമേൽ ഭവിക്കാൻപോകുന്ന മഹോപദ്രവത്തിന്റെ സമയത്തു യഹോവയുടെ പരമാധികാരം സംസ്ഥാപിക്കുന്നതുവരെ ജീവിച്ചിരിക്കാൻ ചെമ്മരിയാടുതുല്യരായ ക്രിസ്ത്യാനികൾ അതിയായി ഇഷ്ടപ്പെടും. (വെളിപ്പാടു 19:1-3, 19-21) ഒട്ടനവധി ആളുകൾക്ക് അതിനു കഴിഞ്ഞിട്ടില്ല. ഒരിക്കലും മരിക്കുകയില്ലാത്ത “ദശലക്ഷങ്ങളിൽ” ഉൾപ്പെടാൻ ആശിച്ച അനേകർ മരിച്ചുപോയി എന്നതാണു വാസ്തവം. ചിലർ സത്യത്തിനുവേണ്ടി തടവറകളിലും തടങ്കൽപ്പാളയങ്ങളിലും അതല്ലെങ്കിൽ മതഭ്രാന്തൻമാരുടെ കൈകളാലും രക്തസാക്ഷിത്വം അനുഭവിച്ചു. മററു ചിലർ അപകടങ്ങളിൽ മരിച്ചിരിക്കുന്നു അല്ലെങ്കിൽ സ്വാഭാവിക കാരണങ്ങളെന്നു പറയപ്പെടുന്ന രോഗം, വാർധക്യം എന്നിവ നിമിത്തം മരണമടഞ്ഞിരിക്കുന്നു. (സങ്കീർത്തനം 90:9, 10; സഭാപ്രസംഗി 9:11) അവസാനം വരുന്നതിനു മുമ്പ് ഇനിയും അനേകർ മരിക്കുമെന്നു വ്യക്തമാണ്. അങ്ങനെയുള്ളവർ നീതിവസിക്കുന്ന ഒരു പുതിയ ലോകത്തിന്റെ വാഗ്ദത്തനിവൃത്തി എങ്ങനെ കാണും?
പുനരുത്ഥാന പ്രത്യാശ
5, 6. അർമഗെദോനു മുമ്പു മരിക്കുന്ന ഭൗമിക പ്രത്യാശയുള്ളവർക്ക് എന്തു ഭാവി പ്രത്യാശയാണുള്ളത്?
5 അപ്പോസ്തലനായ പൗലോസ് റോമൻ ഗവർണറായ ഫെലിക്സിന്റെ മുമ്പാകെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അതിന് ഉത്തരം നൽകി. പ്രവൃത്തികൾ 24:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം പൗലോസ് സധൈര്യം ഇങ്ങനെ പ്രഖ്യാപിച്ചു: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.” ഏററവും വഷളായ വിപത്തുകൾ അഭിമുഖീകരിക്കുമ്പോഴും പുനരുത്ഥാന പ്രത്യാശ നമുക്കു ധൈര്യം പകരുന്നു. ആ പ്രത്യാശനിമിത്തം, രോഗികളായിത്തീരുകയും തങ്ങൾ മരിക്കാൻപോകുകയാണെന്നു ബോധ്യംവരുകയും ചെയ്യുന്ന നമ്മുടെ പ്രിയസുഹൃത്തുക്കൾ നിരുത്സാഹിതരാകുന്നില്ല. എന്തുതന്നെ സംഭവിച്ചാലും വിശ്വസ്തതയുടെ പ്രതിഫലം തങ്ങൾ കൊയ്യുമെന്ന് അവർക്കറിയാം. പീഡകരുടെ കൈയാൽ മരണത്തെ അഭിമുഖീകരിക്കുന്ന നമ്മുടെ ധീര സഹോദരീസഹോദരൻമാർ തങ്ങളുടെ പീഡകർക്കു വിജയം നേടാൻ യാതൊരു പഴുതുമില്ലെന്നു പുനരുത്ഥാന പ്രത്യാശ നിമിത്തം അറിയുന്നു. (മത്തായി 10:28) സഭയിലെ ആരെങ്കിലും മരിക്കുമ്പോൾ ആ വ്യക്തിയെ നഷ്ടപ്പെടുന്നതിൽ നാം സങ്കടമുള്ളവരാണ്. എന്നാൽ അതേസമയംതന്നെ, അദ്ദേഹം അല്ലെങ്കിൽ അവൾ വേറെ ആടുകളിൽപ്പെട്ട ഒരാളാണെങ്കിൽ, നമ്മുടെ സഹവിശ്വാസി അന്ത്യത്തോളം വിശ്വസ്തത പാലിച്ചു എന്നതിലും ദൈവത്തിന്റെ പുതിയ ലോകത്തിലെ ഒരു ഭാവിയിലുള്ള ഉറപ്പോടെ ഇപ്പോൾ വിശ്രമിക്കുകയാണ് എന്നതിലും നാം സന്തോഷിക്കും.—1 തെസ്സലൊനീക്യർ 4:13.
6 അതേ, പുനരുത്ഥാന പ്രത്യാശ നമ്മുടെ വിശ്വാസത്തിന്റെ ഒരു കാതലായ വശമാണ്. എന്നുവരികിലും, പുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസം ഇത്ര ശക്തമായിരിക്കുന്നത് എന്തുകൊണ്ടാണ്, ആ പ്രത്യാശയിൽ ആർ പങ്കുപററുന്നു?
7. പുനരുത്ഥാനം എന്നാൽ എന്ത്, അതിന്റെ നിശ്ചിതത്വം പ്രകടമാക്കുന്ന ചില തിരുവെഴുത്തുകൾ ഏവ?
7 “പുനരുത്ഥാന”ത്തിനുള്ള ഗ്രീക്കു പദം അനാസ്ററസിസ് ആണ്, അതിന്റെ അക്ഷരാർഥം “എഴുന്നേററുനിൽപ്പ്” എന്നാണ്. അത് അടിസ്ഥാനപരമായി മരിച്ചവരിൽനിന്നുള്ള എഴുന്നേൽപ്പിനെ പരാമർശിക്കുന്നു. രസകരമെന്നുപറയട്ടെ, “പുനരുത്ഥാനം” എന്ന പദം എബ്രായ തിരുവെഴുത്തുകളിൽ ഇല്ല. എന്നാൽ, പുനരുത്ഥാന പ്രത്യാശയെക്കുറിച്ച് അവിടെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, കഷ്ടപ്പാടിൻമധ്യേ ഇയ്യോബ് ഉച്ചരിച്ച വാക്കുകളിൽ നാം അതു കാണുന്നു: “നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും . . . എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.” (ഇയ്യോബ് 14:13) അതുപോലെതന്നെ, ഹോശേയ 13:14-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ നിന്റെ ബാധകൾ എവിടെ? പാതാളമേ നിന്റെ സംഹാരം എവിടെ?” 1 കൊരിന്ത്യർ 15:55-ൽ അപ്പോസ്തലനായ പൗലോസ് ഈ വാക്കുകൾ ഉദ്ധരിക്കുകയും മരണത്തിൻമേൽ പ്രവചിക്കപ്പെട്ടിരിക്കുന്ന വിജയം പുനരുത്ഥാനത്തിലൂടെയാണു സാധിക്കുന്നത് എന്നു കാണിക്കുകയും ചെയ്തു. (ആ തിരുവെഴുത്തിൽ തീർച്ചയായും പൗലോസ് സ്വർഗീയ പുനരുത്ഥാനത്തെക്കുറിച്ചാണു സംസാരിച്ചത്.)
വിശ്വാസികൾ “നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടു”
8, 9. (എ) നീതിമാൻമാരുടെ പുനരുത്ഥാനത്തിൽ അപൂർണ മനുഷ്യർക്കു പങ്കുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ? (ബി) മരണം ഒടുക്കിക്കളയുകയില്ലാത്ത ജീവനിലുള്ള നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനമെന്ത്?
8 ഫെലിക്സിനോടുള്ള, 5-ാം ഖണ്ഡികയിൽ ഉദ്ധരിച്ചിരിക്കുന്ന, പ്രസ്താവനയിൽ നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനമുണ്ടായിരിക്കുമെന്നു പൗലോസ് പറഞ്ഞു. ഉയിർപ്പിക്കപ്പെടുന്ന നീതിമാൻമാർ ആരായിരിക്കും? ഒരു മനുഷ്യനും പ്രകൃത്യാ നീതിമാനല്ലല്ലോ. നാമെല്ലാം ജനനം മുതൽ പാപികളാണ്, ആജീവനാന്തം നാം പാപങ്ങൾ ചെയ്യുന്നു—ഈ രണ്ടു കാരണങ്ങൾ നമ്മെ മരണത്തിന് അർഹരാക്കുന്നു. (റോമർ 5:12; 6:23) എന്നിരുന്നാലും, ബൈബിളിൽ “നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടു” എന്ന പദപ്രയോഗം നാം കാണുന്നു. (റോമർ 3:28, NW) ഇത്, അപൂർണരെങ്കിലും യഹോവയാൽ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്ന മനുഷ്യരെ പരാമർശിക്കുന്നു.
9 ഈ പദപ്രയോഗം സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്ത ക്രിസ്ത്യാനികളോടുള്ള ബന്ധത്തിലാണു പ്രമുഖമായും ഉപയോഗിച്ചിരിക്കുന്നത്. “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു [“നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടിട്ടു,” NW] നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) എന്നു റോമർ 5:1-ൽ അപ്പോസ്തലനായ പൗലോസ് പറയുന്നു. എല്ലാ അഭിഷിക്ത ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം നിമിത്തം നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നു. എന്തിലുള്ള വിശ്വാസം? റോമറുടെ പുസ്തകത്തിൽ പൗലോസ് ഗണ്യമായ അളവിൽ വിശദീകരിക്കുന്നതുപോലെ, അത് യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്. (റോമർ 10:4, 9, 10) യേശു ഒരു പൂർണതയുള്ള മനുഷ്യനായി മരിച്ചു, തദനന്തരം മരിച്ചവരിൽനിന്നു പുനരുത്ഥാനം പ്രാപിച്ച് നമുക്കുവേണ്ടി തന്റെ മനുഷ്യജീവന്റെ മൂല്യം അർപ്പിക്കുന്നതിനു സ്വർഗാരോഹണം ചെയ്യുകയും ചെയ്തു. (എബ്രായർ 7:26, 27; 9:11, 12) യഹോവ ആ ബലി സ്വീകരിച്ചപ്പോൾ യേശു ഫലത്തിൽ മനുഷ്യവർഗത്തെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു വിലയ്ക്കുവാങ്ങി. ഈ ക്രമീകരണത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നവർ അതിൽനിന്നു വളരെയധികം പ്രയോജനം നേടുന്നു. (1 കൊരിന്ത്യർ 15:45) ഇതിന്റെ അടിസ്ഥാനത്തിൽ വിശ്വസ്ത സ്ത്രീപുരുഷൻമാർക്ക് ഉഗ്രശത്രുവായ മരണം ഒടുക്കിക്കളയാത്ത ഒരു ജീവൻ അവകാശപ്പെടുത്തുന്നതിനുള്ള പ്രത്യാശയുണ്ട്.—യോഹന്നാൻ 3:16.
10, 11. (എ) വിശ്വസ്ത അഭിഷിക്ത ക്രിസ്ത്യാനികൾ കാത്തിരിക്കുന്ന പുനരുത്ഥാനം ഏത്? (ബി) ക്രിസ്തീയ കാലത്തിനു മുമ്പുള്ള ആരാധകർ ഏതുതരം പുനരുത്ഥാനത്തിനാണു പ്രത്യാശിച്ചിരുന്നത്?
10 യേശുവിന്റെ മറുവിലയാഗം ഹേതുവായി, നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ട വിശ്വസ്ത അഭിഷിക്തർക്ക് യേശുവിനെപ്പോലെ ആത്മജീവികളായി ഉയിർപ്പിക്കപ്പെടുന്നതിന്റെ ഉറപ്പുള്ള പ്രത്യാശയുണ്ട്. (വെളിപ്പാടു 2:10) അവരുടെ പുനരുത്ഥാനത്തെക്കുറിച്ചു വെളിപ്പാടു 20:6-ൽ സൂചിപ്പിച്ചിരിക്കുന്നു. അതിങ്ങനെ പറയുന്നു: “ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനുമാകുന്നു; അവരുടെമേൽ രണ്ടാം മരണത്തിന്നു അധികാരമില്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതൻമാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.” ഇതു സ്വർഗീയ പുനരുത്ഥാനമാണ്. എങ്കിലും, ബൈബിൾ അതിനെ ‘ഒന്നാമത്തെ പുനരുത്ഥാനം’ എന്നു വിളിക്കുന്നതായി ശ്രദ്ധിക്കുക. അതിന്റെ അർഥം പിന്നെയും ഉണ്ടെന്നുള്ളതാണ്.
11 എബ്രായർ 11-ാം അധ്യായത്തിൽ, യഹോവയാം ദൈവത്തിൽ ശക്തമായ വിശ്വാസം പ്രകടമാക്കിയ, ക്രിസ്തീയ കാലങ്ങൾക്കു മുമ്പുണ്ടായിരുന്ന ദൈവദാസൻമാരുടെ ഒരു നീണ്ട നിരയെപ്പററി പൗലോസ് പരാമർശിക്കുന്നു. ഇവർക്കും പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടായിരുന്നു. ആ അധ്യായത്തിന്റെ 35-ാം വാക്യത്തിൽ [NW], ഇസ്രായേലിന്റെ ചരിത്രത്തിൽ സംഭവിച്ച അത്ഭുതകരമായ പുനരുത്ഥാനങ്ങളെക്കുറിച്ചു പ്രസ്താവിച്ചുകൊണ്ടു പൗലോസ് ഇങ്ങനെ പറയുന്നു: “സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ പുനരുത്ഥാനത്താൽ കിട്ടി; എന്നാൽ മററു ചില മനുഷ്യർ ദണ്ഡിപ്പിക്കപ്പെട്ടു, എന്തുകൊണ്ടെന്നാൽ ഏറെ നല്ല ഒരു പുനരുത്ഥാനം പ്രാപിക്കേണ്ടതിന് അവർ ഏതെങ്കിലും മോചനദ്രവ്യത്താൽ വിടുതൽ സ്വീകരിക്കുമായിരുന്നില്ല.” പുരാതനകാലത്തെ വിശ്വസ്ത സാക്ഷികൾക്ക് ഏലിയാവും എലീശായും നിർവഹിച്ചതിനെക്കാൾ ഏറെ നല്ല ഒരു പുനരുത്ഥാനത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കാൻ കഴിയുമായിരുന്നു. (1 രാജാക്കൻമാർ 17:17-22; 2 രാജാക്കൻമാർ 4:32-37; 13:20, 21) അവരുടെ പ്രത്യാശ ദൈവദാസൻമാർ തങ്ങളുടെ വിശ്വാസം നിമിത്തം ദണ്ഡിപ്പിക്കപ്പെടുകയില്ലാത്ത, സ്ത്രീകൾക്കു തങ്ങളുടെ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെടുകയില്ലാത്ത, ഒരു ലോകത്തിലേക്കുള്ള പുനരുത്ഥാനമായിരുന്നു. അതേ, അവർ നാം പ്രത്യാശിക്കുന്ന അതേ പുതിയ ലോകത്തിലേക്കു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതിനാണു നോക്കിപ്പാർത്തിരുന്നത്. (യെശയ്യാവു 65:17-25) ഈ പുതിയ ലോകത്തെക്കുറിച്ചു യഹോവ നമുക്കു വെളിപ്പെടുത്തി തന്നിടത്തോളം അവൻ അവർക്കു വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ അതു വരുന്നുവെന്ന് അവർക്കറിയാമായിരുന്നു, അതിൽ ആയിരിക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്തു.
ഭൗമിക പുനരുത്ഥാനം
12. ക്രിസ്തീയ കാലങ്ങൾക്കു മുമ്പുള്ള വിശ്വസ്തർ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടോ? വിശദീകരിക്കുക.
12 ആ പുതിയ ലോകത്തിൽ ക്രിസ്തീയ കാലത്തിനു മുമ്പുള്ള ഈ വിശ്വസ്ത സ്ത്രീപുരുഷൻമാരുടെ ഉയിർത്തെഴുന്നേൽപ്പ് നീതിമാൻമാരുടെ പുനരുത്ഥാനത്തിന്റെ ഭാഗമായിരിക്കുമെന്നു നാം കരുതണമോ? സ്പഷ്ടമായും വേണം. എന്തുകൊണ്ടെന്നാൽ ബൈബിൾ അവരെ നീതിമാൻമാരായി പരാമർശിക്കുന്നു. ദൃഷ്ടാന്തത്തിന്, നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ട പുരാതനകാലത്തെ ഒരു പുരുഷനെയും സ്ത്രീയെയും കുറിച്ചു ശിഷ്യനായ യാക്കോബ് പ്രത്യേകം സൂചിപ്പിക്കുന്നു. പുരുഷൻ എബ്രായ വംശത്തിന്റെ ജനയിതാവായ അബ്രഹാമായിരുന്നു. അവനെ സംബന്ധിച്ചു നാം ഇങ്ങനെ വായിക്കുന്നു: “അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയുംചെയ്തു.” അവൻ “ദൈവത്തിന്റെ [“യഹോവയുടെ,” NW] സ്നേഹിതൻ” എന്നു വിളിക്കപ്പെടാൻ ഇടയാവുകയും ചെയ്തു. സ്ത്രീ രാഹാബായിരുന്നു. അവൾ യഹോവയിൽ വലിയ വിശ്വാസം പ്രകടമാക്കുകയും എബ്രായ ജനതയുടെ ഭാഗമായിത്തീരുകയുംചെയ്ത ഒരു ഇസ്രായേല്യേതര സ്ത്രീയായിരുന്നു. (യാക്കോബ് 2:23-25) അങ്ങനെ, യഹോവയിലും അവന്റെ വാഗ്ദത്തങ്ങളിലും ശക്തമായ വിശ്വാസം പ്രകടമാക്കുകയും മരണത്തോളം വിശ്വസ്തരായി നിലകൊള്ളുകയും ചെയ്ത പുരാതനകാലത്തെ സ്ത്രീപുരുഷൻമാർ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവയാൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടു. അവർ നിസ്സംശയമായും “നീതിമാൻമാരുടെ . . . പുനരുത്ഥാന”ത്തിൽ പങ്കുപററും.
13, 14. (എ) ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികളെ നീതിമാൻമാരായി പ്രഖ്യാപിക്കാനാവുമെന്നു നാം എങ്ങനെ അറിയുന്നു? (ബി) അവരെ സംബന്ധിച്ചിടത്തോളം ഇത് എന്ത് അർഥമാക്കും?
13 എന്നാൽ, യഹോവക്കു തങ്ങളേത്തന്നെ സമർപ്പിക്കുകയും ഈ അന്ത്യകാലത്തു മരിക്കുകയും ചെയ്യുന്നവരായി ഭൗമിക പ്രത്യാശയുള്ള ഇന്നത്തെ ചെമ്മരിയാടുതുല്യരായ വ്യക്തികളെ സംബന്ധിച്ചെന്ത്? അവർക്കു നീതിമാൻമാരുടെ പുനരുത്ഥാനത്തിൽ പങ്കുണ്ടായിരിക്കുമോ? വ്യക്തമായും ഉവ്വ്. വിശ്വസ്തരായ അത്തരക്കാരുടെ ഒരു മഹാപുരുഷാരത്തെ അപ്പോസ്തലനായ യോഹന്നാൻ ദർശനത്തിൽ കാണുകയുണ്ടായി. ഈ ചെമ്മരിയാടുകളെ അവൻ എങ്ങനെ വർണിക്കുന്നുവെന്നു ശ്രദ്ധിക്കുക: “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.”—വെളിപ്പാടു 7:9, 10.
14 സൗമ്യതയുള്ള ഇവർ തങ്ങളുടെ രക്ഷയിൽ ഉറച്ച ബോധ്യമുള്ളവരാണെന്നും അതിന്റെ മഹത്ത്വം അവർ യഹോവക്കും ‘കുഞ്ഞാടായ’ യേശുവിനും നൽകുന്നുവെന്നും ശ്രദ്ധിക്കുക. കൂടാതെ, അവരെല്ലാം വെള്ളവസ്ത്രം ധരിച്ച് യഹോവയുടെയും കുഞ്ഞാടിന്റെയും മുമ്പാകെ നിൽക്കുകയാണ്. എന്തുകൊണ്ടാണു വെള്ളവസ്ത്രം ധരിച്ചിരിക്കുന്നത്? ഒരു സ്വർഗീയ ജീവി യോഹന്നാനോട് ഇങ്ങനെ പറയുന്നു: “ഇവർ . . . കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” (വെളിപ്പാടു 7:14) ബൈബിളിൽ വെളുപ്പ് നിർമലതയുടെയും നീതിയുടെയും ഒരു പ്രതീകമാണ്. (സങ്കീർത്തനം 51:7; ദാനീയേൽ 12:10; വെളിപ്പാടു 19:8) മഹാപുരുഷാരം വെള്ളയങ്കികൾ ധരിച്ചിരിക്കുന്നതായി കാണുന്നുവെന്ന വസ്തുത യഹോവ അവരെ നീതിമാൻമാരായി വീക്ഷിക്കുന്നു എന്ന് അർഥമാക്കുന്നു. അത് എങ്ങനെ സാധ്യമാണ്? എന്തുകൊണ്ടെന്നാൽ അവർ ഒരു പ്രതീകാത്മക അർഥത്തിൽ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ കഴുകിയിരിക്കുന്നു. അവർ യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം പ്രകടമാക്കുന്നതുകൊണ്ടു മഹോപദ്രവത്തെ അതിജീവിക്കാനിടയാകുമാറു ദൈവത്തിന്റെ സ്നേഹിതരെന്ന നിലയിൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, മഹോപദ്രവത്തിനുമുമ്പ് മരണമടയുന്ന, “മഹാപുരുഷാര”ത്തിൽപ്പെട്ട വിശ്വസ്തനായ ഏതു സമർപ്പിത ക്രിസ്ത്യാനിക്കും നീതിമാൻമാരുടെ ഭൗമിക പുനരുത്ഥാനത്തിൽ ഒരു പങ്കു ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
15. നീതിമാൻമാരും നീതികെട്ടവരും ഉയിർപ്പിക്കപ്പെടുമെന്നിരിക്കെ നീതിമാൻമാരുടെ പുനരുത്ഥാനത്തിന്റെ മെച്ചമെന്ത്?
15 ആ പുനരുത്ഥാനത്തെക്കുറിച്ചു വെളിപ്പാടു 20-ാം അധ്യായം 13-ാം വാക്യത്തിൽ പിൻവരുന്ന വാക്കുകളിൽ വർണിക്കപ്പെടുന്നു; “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.” അങ്ങനെ, യഹോവയുടെ വലിയ ആയിരവർഷ ന്യായവിധി ദിവസത്തിൽ ദൈവത്തിന്റെ സ്മരണയിലുള്ള എല്ലാവരും ഉയിർപ്പിക്കപ്പെടും—നീതിമാൻമാരും നീതികെട്ടവരും. (പ്രവൃത്തികൾ 17:31) എന്നാൽ നീതിമാൻമാർക്ക് അത് എത്ര മെച്ചമായിരിക്കും! അവർ ഇപ്പോൾത്തന്നെ വിശ്വാസജീവിതമാണു നയിച്ചിരിക്കുന്നത്. അവർക്ക് ഇപ്പോൾത്തന്നെ യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ട്, അവന്റെ ഉദ്ദേശ്യങ്ങളുടെ സാക്ഷാത്കരണത്തിൽ അവർക്കു ദൃഢവിശ്വാസവുമുണ്ട്. ക്രിസ്തീയ യുഗത്തിനു മുമ്പു മുതലുള്ള നീതിമാൻമാരായ സാക്ഷികൾ വാഗ്ദത്ത സന്തതിയെ സംബന്ധിച്ച യഹോവയുടെ വാഗ്ദത്തങ്ങൾ എങ്ങനെ നിറവേറിയെന്നു മനസ്സിലാക്കാനുള്ള ആകാംക്ഷയോടെ മരണത്തിൽനിന്ന് ഉണരും. (1 പത്രൊസ് 1:10-12) നമ്മുടെ നാളിൽ നീതിമാൻമാരായി യഹോവ വീക്ഷിക്കുന്ന വേറെ ആടുകളിൽപ്പെട്ടവർ ഈ വ്യവസ്ഥിതിയിൽ തങ്ങൾ സുവാർത്ത പ്രഖ്യാപിച്ചപ്പോൾ പ്രസ്താവിച്ച പറുദീസാ ഭൂമി കാണുന്നതിനുള്ള ആകാംക്ഷയോടെ പുറത്തുവരും. അത് എന്തൊരു സന്തോഷകരമായ സമയമായിരിക്കും!
16. നമ്മുടെ നാളിൽ മരണമടയുന്നവരുടെ ന്യായവിധിനാളിലേക്കുള്ള പുനരുത്ഥാനത്തെക്കുറിച്ച് നമുക്കെന്തു പറയാൻ കഴിയും?
16 സാത്താന്റെ വ്യവസ്ഥിതിയുടെ ഈ അന്തിമ വർഷങ്ങളിൽ വിശ്വസ്തരായി മരിച്ചവർ ആ ആയിരവർഷ ന്യായവിധി ദിവസത്തിൽ എപ്പോഴാണു പുനരുത്ഥാനം പ്രാപിക്കുക? ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും, നീതിമാൻമാർ എന്ന് എണ്ണപ്പെട്ട, നമ്മുടെ നാളിൽ മരിക്കുന്നവർക്ക് നേരത്തെയുള്ള ഒരു പുനരുത്ഥാനം ഉണ്ടായിരിക്കുമെന്നും തൻമൂലം മഹോപദ്രവത്തെ അതിജീവിക്കുന്ന മഹാപുരുഷാരത്തോടൊപ്പം മുൻ തലമുറകൾക്കു മരണത്തിൽനിന്നു സ്വാഗതമരുളുന്നതിൽ പങ്കെടുക്കാൻ കഴിയുമെന്നും ചിന്തിക്കുന്നതു ന്യായയുക്തമല്ലേ? തീർച്ചയായും അതേ!
ആശ്വാസദായകമായ പ്രത്യാശ
17, 18. (എ) പുനരുത്ഥാന പ്രത്യാശ എന്തു സാന്ത്വനമേകുന്നു? (ബി) യഹോവയെക്കുറിച്ച് എന്തു പ്രഖ്യാപിക്കാൻ നാം പ്രേരിതരാണ്?
17 പുനരുത്ഥാന പ്രത്യാശ ക്രിസ്ത്യാനികളായ എല്ലാവർക്കും ഇന്നു ശക്തിയും ആശ്വാസവും പകരുന്നു. നാം വിശ്വസ്തരായി നിലകൊള്ളുന്നുവെങ്കിൽ, മുൻകൂട്ടിക്കാണാത്ത ഏതൊരു സംഭവത്തിനും ഏതൊരു ശത്രുവിനും നമ്മുടെ പ്രതിഫലം കവർന്നുകളയാനാവില്ല! ദൃഷ്ടാന്തത്തിന്, യഹോവയുടെ സാക്ഷികളുടെ 1992-ലെ വാർഷികപ്പുസ്തകത്തിന്റെ 177-ാം പേജിൽ എത്യോപ്യയിലെ ധീരരായ ക്രിസ്ത്യാനികളുടെ ചിത്രങ്ങൾ കാണാം. തങ്ങളുടെ വിശ്വാസത്തിൽ വിട്ടുവീഴ്ച വരുത്തുന്നതിനു പകരം മരണം വരിച്ചവരാണ് അവർ. ആ ചിത്ര വിവരണം ഇങ്ങനെ വായിക്കുന്നു: “പുനരുത്ഥാനത്തിൽ നാം കാണാൻ പ്രതീക്ഷിക്കുന്ന മുഖങ്ങൾ.” ഇവരെയും മരണത്തെ അഭിമുഖീകരിച്ചപ്പോൾ സമാനമായ വിശ്വസ്തത കാണിച്ച മററ് അസംഖ്യം ആളുകളെയും പരിചയപ്പെടാൻ കഴിയുന്നത് എന്തൊരു പദവിയായിരിക്കും!
18 പ്രായാധിക്യമോ ദൗർബല്യമോ നിമിത്തം മഹോപദ്രവത്തെ അതിജീവിക്കാത്തവരെങ്കിലും അവസാനത്തോളം ശക്തമായ വിശ്വാസം പുലർത്തുന്ന നമ്മുടെ സ്വന്തം പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും സംബന്ധിച്ചെന്ത്? അവർ വിശ്വസ്തരായി നിലകൊള്ളുന്നുവെങ്കിൽ പുനരുത്ഥാന പ്രത്യാശ നിമിത്തം അവർക്കു വിശിഷ്ടമായ ഒരു ഭാവിയുണ്ട്. നാം യേശുവിന്റെ മറുവിലയാഗത്തിൽ സധൈര്യം വിശ്വാസം പ്രകടമാക്കുന്നുവെങ്കിൽ നമുക്കും വിശിഷ്ടമായ ഒരു ഭാവിയുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പൗലോസിനെപ്പോലെ, നാം “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാന”ത്തിൽ പ്രത്യാശവെക്കുന്നു. നമ്മുടെ മുഴുഹൃദയത്തോടെ നാം ഈ പ്രത്യാശക്കുവേണ്ടി യഹോവക്കു നന്ദി പ്രകടിപ്പിക്കുന്നു. “ജാതികളുടെ ഇടയിൽ [ദൈവത്തിന്റെ] മഹത്വവും സകല വംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ. യഹോവ വലിയവനും ഏററവും സ്തുത്യനും ആകുന്നു” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കാൻ അതു തീർച്ചയായും നമ്മെ പ്രേരിപ്പിക്കുന്നു.—സങ്കീർത്തനം 96:3, 4.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ഭൗമിക പുനരുത്ഥാനത്തിലുള്ള നമ്മുടെ പ്രത്യാശയ്ക്ക് ഉറപ്പു നൽകാൻ ഏതു തിരുവെഴുത്തുകൾ സഹായിക്കുന്നു?
◻ എന്തടിസ്ഥാനത്തിലാണു ക്രിസ്ത്യാനികൾ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നത്?
◻ പുനരുത്ഥാന പ്രത്യാശ നമുക്കു ധൈര്യവും നിശ്ചയദാർഢ്യവും പ്രദാനം ചെയ്യുന്നതെങ്ങനെ?
[9-ാം പേജിലെ ചിത്രം]
പൗലോസിനെപ്പോലെ അഭിഷിക്ത ക്രിസ്ത്യാനികൾ സ്വർഗീയ പുനരുത്ഥാനത്തിൽ പ്രത്യാശിക്കുന്നു