‘നിങ്ങളുടെ പ്രയത്നം വ്യർഥമല്ല’
1 എത്ര പ്രോത്സാഹജനകമായ വാക്കുകൾ! അതേ, യഹോവയുടെ സേവനത്തിലുള്ള നിങ്ങളുടെ ശ്രമം വ്യർഥമല്ല. (1 കൊരി. 15:58) സാമൂഹിക നിലയും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്താനുള്ള ചിലരുടെ ബദ്ധപ്പാടുമായി അതിനെ ഒന്നു വിപരീത താരതമ്യം ചെയ്യുക. അവർ ഉന്നത വിദ്യാഭ്യാസത്തിനായി അനേകം വർഷങ്ങൾ ചെലവഴിക്കുകയോ സാമ്പത്തിക ഉന്നമനത്തിനായി അടിമകളെപ്പോലെ പണിയെടുക്കുകയോ ചെയ്തേക്കാം. എങ്കിലും ‘കാലവും മുൻകൂട്ടിക്കാണാത്ത സംഭവവും’ നിമിത്തം അവർ തേടിക്കൊണ്ടിരുന്ന പ്രശസ്തി ഒരിക്കലും ലഭിക്കാതിരുന്നേക്കാം, അല്ലെങ്കിൽ അവർ ഭൗതികമായി ആഗ്രഹിച്ചതിനെക്കാൾ വളരെക്കുറച്ചു കാര്യങ്ങൾ കൊണ്ടു തൃപ്തിപ്പെടാൻ നിർബന്ധിതരായേക്കാം. അവരുടെ പ്രയത്നം ‘കാറ്റിനോടു മല്ലുപിടിക്കുന്നതു’പോലെ വ്യർഥമാണ്. (സഭാ. 1:14, NW; 9:11) അപ്പോൾ, വ്യർഥമല്ലാത്ത, നിത്യമായ മൂല്യമുള്ള, ഒരേയൊരു വേലയിൽ നമുക്കു ധാരാളം ചെയ്യാനുണ്ടായിരിക്കുന്നത് എത്രയോ മർമപ്രധാനമാണ്!
2 യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്ന വേല: ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുക എന്നതാണു ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട വേല. ആളുകൾ കേട്ടാലും ഇല്ലെങ്കിലും നാം നിർവഹിക്കേണ്ട ഒരു വേലയാണ് അത്. പൗലൊസ് പറഞ്ഞതുപോലെ പറയാൻ കഴിയണമെന്നു നാം ആഗ്രഹിക്കുന്നു: “നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്നു ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു. ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ.”—പ്രവൃ. 20:26, 27.
3 ആളുകൾ രാജ്യസന്ദേശം ശ്രദ്ധിക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്യുന്നത് എത്ര സന്തോഷകരമായ അനുഭവമാണ്! ഒരു ചെറുപ്പക്കാരിയുടെ കാര്യം പരിചിന്തിക്കുക. അവളുടെ ആന്റി മരിച്ചുപോയിരുന്നു. ആന്റി സ്വർഗത്തിലേക്കാണോ അതോ നരകത്തിലേക്കാണോ പോയതെന്ന് അവൾ മിക്കപ്പോഴും ചിന്തിച്ചിരുന്നു. ഉത്തരത്തിനായി അവൾ ദൈവത്തോട് അപേക്ഷിച്ചു. തന്റെ സഹോദരി പഠിപ്പിച്ചതനുസരിച്ച്, യഹോവ എന്ന നാമം ഉപയോഗിച്ചുകൊണ്ടുതന്നെ ആയിരുന്നു അവൾ പ്രാർഥിച്ചത്. പെട്ടെന്നുതന്നെ അവൾ ബൈബിൾ പഠിക്കാനും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. ജീവിതത്തെ സംബന്ധിച്ച് തികച്ചും പുതുതായ ഒരു വീക്ഷണം ലഭിച്ച അവൾ തെരുവു സംഘങ്ങളുമായി തനിക്കുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. പുകവലിയും മയക്കുമരുന്നു ദുരുപയോഗവും മോഷണവും ഉപേക്ഷിച്ചു. അവൾ ഇങ്ങനെ സമ്മതിക്കുന്നു: “അത്തരമൊരു ദുഷിച്ച ജീവിതഗതി ഉപേക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചത് യഹോവയോടുള്ള സ്നേഹം മാത്രമാണ്. അങ്ങേയറ്റം കരുണയുള്ള യഹോവയ്ക്കു മാത്രമേ നിത്യജീവന്റെ പ്രതീക്ഷ എനിക്കു നൽകാൻ കഴിയൂ.” അവൾ ഇപ്പോൾ തന്റെ ജീവിതത്തെ വ്യർഥ കാര്യങ്ങൾക്കായിട്ടല്ല ഉപയോഗിക്കുന്നത്.
4 ആളുകൾ ശ്രദ്ധിക്കാൻ കൂട്ടാക്കാത്തപ്പോൾപോലും നാം മൂല്യവത്തായ ചിലതു നിർവഹിക്കുന്നുണ്ട്. യഹോവയുടെ സാക്ഷികൾ തങ്ങളെ സന്ദർശിച്ചെന്ന് അവർ അറിയാൻ ഇടയാകുന്നു. നിങ്ങളുടെ നിർമലതയും വിശ്വസ്തതയും സ്നേഹവും ഉറപ്പാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ, കർത്താവിന്റെ വേലയിലെ നിങ്ങളുടെ ശ്രമം വ്യർഥമാണോ? ഒരിക്കലുമല്ല!