‘സർവാശ്വാസത്തിന്റെയും ദൈവമായ’ യഹോവയിൽ ആശ്രയിക്കുക
“മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്റെയും ദൈവവുമായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടുമാറാകട്ടെ.”—2 കൊരി. 1:3.
1. പ്രായഭേദമെന്യേ എല്ലാവരും എന്തിനായി വാഞ്ഛിക്കുന്നു?
പിറന്നുവീഴുന്ന നാൾമുതൽ നാമെല്ലാം ആശ്വാസത്തിനായി വാഞ്ഛിക്കുന്നവരാണ്. വിശക്കുമ്പോഴും ലാളനയ്ക്കായി കൊതിക്കുമ്പോഴും കുഞ്ഞുങ്ങൾ കരഞ്ഞ് മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കും. മുതിർന്നശേഷവും കൂടെക്കൂടെ നമുക്ക് ആശ്വാസം ആവശ്യമായിവരാറുണ്ട്; വിശേഷിച്ച്, പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ.
2. തന്നിൽ ആശ്രയിക്കുന്നവരെ ആശ്വസിപ്പിക്കുമെന്ന് യഹോവ ഉറപ്പുനൽകിയിരിക്കുന്നത് എങ്ങനെ?
2 നമുക്ക് ഒരളവോളം ആശ്വാസമേകാൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആകും; പക്ഷേ, ചില സാഹചര്യങ്ങളിൽ നമ്മെ സഹായിക്കാൻ അവർക്ക് കാര്യമായൊന്നും ചെയ്യാനായെന്നുവരില്ല. എന്നാൽ ഏത് പ്രശ്നങ്ങളിലും നമ്മെ ആശ്വസിപ്പിക്കാൻ കഴിയുന്ന ഒരു വ്യക്തിയുണ്ട്. അത് ദൈവമാണ്. അവന്റെ വചനം നമുക്ക് ഈ ഉറപ്പ് നൽകുന്നു: ‘യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. അവൻ അവരുടെ നിലവിളി കേൾക്കും.’ (സങ്കീ. 145:18, 19) അതെ, “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.” (സങ്കീ. 34:15) എന്നാൽ, യഹോവ നൽകുന്ന പിന്തുണയും ആശ്വാസവും ലഭിക്കണമെങ്കിൽ നാം അവനിൽ ആശ്രയിക്കണം. ദാവീദിന്റെ വാക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നു: “യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ. നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.”—സങ്കീ. 9:9, 10.
3. യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നെന്ന് യേശു വ്യക്തമാക്കിയത് എങ്ങനെ?
3 യഹോവയ്ക്ക് തന്റെ ആരാധകരെല്ലാം വിലപ്പെട്ടവരാണ്. അക്കാര്യം വ്യക്തമാക്കിക്കൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “രണ്ടുനാണയത്തിന് അഞ്ചുകുരുവികളെ വിൽക്കുന്നില്ലയോ? എന്നാൽ അവയിൽ ഒന്നുപോലും ദൈവസന്നിധിയിൽ വിസ്മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴപോലും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഭയപ്പെടേണ്ട! അനവധി കുരുവികളെക്കാൾ വിലപ്പെട്ടവരല്ലോ നിങ്ങൾ.” (ലൂക്കോ. 12:6, 7) യിരെമ്യാപ്രവാചകൻ മുഖാന്തരം അക്കാലത്തെ തന്റെ ജനത്തോട് യഹോവ ഇങ്ങനെ പറയുകയുണ്ടായി: “നിത്യസ്നേഹം കൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.”—യിരെ. 31:3.
4. നമുക്ക് യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്?
4 യഹോവയിലും അവന്റെ വാഗ്ദാനങ്ങളിലും വിശ്വസിക്കുന്നെങ്കിൽ ദുഃഖങ്ങളാൽ ഭാരപ്പെടുമ്പോഴും നമുക്ക് ആശ്വാസം കണ്ടെത്താനാകും. യോശുവയ്ക്ക് ആ വിശ്വാസമുണ്ടായിരുന്നു. അവൻ പറഞ്ഞു: ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിനും വീഴ്ചവന്നിട്ടില്ല. സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിനും വീഴ്ചവന്നിട്ടില്ല.’ നമുക്കും അതേ വിശ്വാസം ഉണ്ടായിരിക്കണം. (യോശു. 23:14) പ്രയാസകരമായ സാഹചര്യങ്ങൾനിമിത്തം കുറച്ചുസമയത്തേക്ക് നമുക്ക് വിഷമിക്കേണ്ടിവന്നാലും “ദൈവം വിശ്വസ്തൻ” ആണെന്നും തന്റെ വിശ്വസ്ത ദാസന്മാരെ അവൻ ഒരിക്കലും കൈവിടുകയില്ലെന്നും നമുക്ക് പൂർണമായി വിശ്വസിക്കാം.—1 കൊരിന്ത്യർ 10:13 വായിക്കുക.
5. മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ നമുക്ക് കഴിയുന്നത് എന്തുകൊണ്ട്?
5 യഹോവ “സർവാശ്വാസത്തിന്റെയും ദൈവ”മാണെന്ന് പൗലോസ് അപ്പൊസ്തലൻ പറഞ്ഞു. ദുഃഖിച്ചിരിക്കുന്ന ഒരു വ്യക്തിയെ സാന്ത്വനപ്പെടുത്തി അയാളുടെ ദുഃഖത്തിന് ശമനംവരുത്തുക എന്നാണ് “ആശ്വസിപ്പിക്കുക” എന്നതിന്റെ അർഥം. യഹോവ തീർച്ചയായും അത് ചെയ്യുന്നവനാണ്. (2 കൊരിന്ത്യർ 1:3, 4 വായിക്കുക.) നമ്മുടെ സ്വർഗീയ പിതാവിന് പരിമിതികൾ ഏതുമില്ല. അതുകൊണ്ട്, തന്നെ സ്നേഹിക്കുന്നവർക്ക് ആശ്വാസം പകരാൻ വേണ്ടതെല്ലാം ചെയ്യാൻ അവനു കഴിയും; അതിൽനിന്ന് അവനെ തടയാൻ ആർക്കും, ഒന്നിനും ആവില്ല. അങ്ങനെ ‘ദൈവത്തിൽനിന്ന് നമുക്കു ലഭിക്കുന്ന ആശ്വാസം’ “ഏതു കഷ്ടതയിലുമുള്ള” സഹവിശ്വാസികളെ ആശ്വസിപ്പിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. ഇത്ര മഹത്തായ വിധത്തിൽ ആശ്വാസം പകരാനാകുന്ന മറ്റാരുണ്ട് ഈ പ്രപഞ്ചത്തിൽ!
വ്യസനകാരണങ്ങളും പ്രതിവിധികളും
6. ദുഃഖഹേതുവായിത്തീർന്നേക്കാവുന്ന ചില സാഹചര്യങ്ങൾ ഏവ?
6 നമുക്ക് ആശ്വാസം ആവശ്യമായിവരുന്ന പല സാഹചര്യങ്ങളുണ്ട്: പ്രിയപ്പെട്ടവരുടെ മരണം ഒരുവനെ അതിദുഃഖത്തിലാഴ്ത്തിയേക്കാം, പ്രത്യേകിച്ച് ഇണയുടെയോ കുട്ടിയുടെയോ വിയോഗം. മറ്റുള്ളവരുടെ അവഗണനയ്ക്ക് ഇരയാകുന്ന വ്യക്തിയും ആശ്വാസത്തിനായി വാഞ്ഛിക്കും. ഇനി, ആരോഗ്യപ്രശ്നങ്ങൾ, പ്രായാധിക്യം, ദാരിദ്ര്യം, ദാമ്പത്യപ്രശ്നങ്ങൾ, വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ എന്നിവ നിമിത്തവും ആളുകൾ സാന്ത്വനം ആഗ്രഹിച്ചേക്കാം.
7. (എ) ക്ലേശങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് എന്ത് ആവശ്യമാണ്, എന്തുകൊണ്ട്? (ബി) ‘തകർന്ന് നുറുങ്ങിയ’ ഹൃദയത്തെ സുഖപ്പെടുത്താൻ യഹോവയ്ക്ക് എന്തു ചെയ്യാനാകും?
7 ക്ലേശങ്ങളിലൂടെ കടന്നുപോകുമ്പോൾ നാം അനുഭവിക്കുന്ന വ്യസനം നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ചിന്തകളെയും അതുപോലെതന്നെ നമ്മുടെ ശാരീരിക, ആത്മീയ സുസ്ഥിതിയെയും ബാധിക്കും. അതുകൊണ്ടാണ് നമുക്ക് ആശ്വാസം ആവശ്യമായിരിക്കുന്നത്. ഹൃദയത്തിന്റെ കാര്യംതന്നെ എടുക്കുക. ഹൃദയം ‘തകർന്ന് നുറുങ്ങിയ’ അവസ്ഥയിലായിത്തീരാം എന്ന് ബൈബിൾത്തന്നെ പറയുന്നു. (സങ്കീ. 51:17) അങ്ങനെയൊരു സാഹചര്യത്തിൽപ്പോലും യഹോവയ്ക്ക് നമ്മെ സഹായിക്കാനാകും. “അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു” എന്ന് തിരുവചനത്തിൽ നാം വായിക്കുന്നു. (സങ്കീ. 147:3, പി.ഒ.സി. ബൈബിൾ) നാം എത്ര വലിയ പ്രശ്നങ്ങളാണ് നേരിടുന്നതെങ്കിലും തികഞ്ഞ ബോധ്യത്തോടെ യഹോവയോടു യാചിക്കുകയും അവന്റെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യുന്നെങ്കിൽ നുറുങ്ങിയിരിക്കുന്ന നമ്മുടെ ഹൃദയത്തിന് സാന്ത്വനമേകാൻ അവനാകും.—1 യോഹന്നാൻ 3:19-22; 5:14, 15 വായിക്കുക.
8. മാനസിക വ്യഥകളാൽ വലയുമ്പോൾ യഹോവയ്ക്ക് നമ്മെ എങ്ങനെ സഹായിക്കാനാകും?
8 നമ്മുടെ മനസ്സിനും സാന്ത്വനം ആവശ്യമാണ്. കാരണം പലവിധ പ്രശ്നങ്ങളാൽ നട്ടംതിരിയുമ്പോൾ മനസ്സ് പ്രക്ഷുബ്ധമായിത്തീരും. നമ്മുടെ സ്വന്തം ശക്തിയാൽ വിശ്വാസത്തിന്റെ ഈ പരിശോധനകൾ നേരിടാനായെന്നുവരില്ല. എന്നാൽ, “എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ പാടി. (സങ്കീ. 94:19) പൗലോസും ഇപ്രകാരം പറഞ്ഞു: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശു മുഖാന്തരം കാത്തുകൊള്ളും.” (ഫിലി. 4:6, 7) തിരുവെഴുത്തുകൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് മാനസിക ക്ലേശങ്ങൾ തരണംചെയ്യാൻ നമ്മെ ഏറെ സഹായിക്കും എന്ന കാര്യം മറക്കരുത്.—2 തിമൊ. 3:15-17.
9. നിഷേധാത്മക ചിന്തകളെ നമുക്ക് എങ്ങനെ തരണംചെയ്യാം?
9 ചിലപ്പോഴൊക്കെ, തീർത്തും നിരുത്സാഹിതരായിത്തീർന്ന് നിഷേധാത്മക ചിന്തകൾക്ക് നാം വഴിപ്പെട്ടുപോയേക്കാം. തിരുവെഴുത്തുപരമായ ചില ഉത്തരവാദിത്വങ്ങളോ സേവനപദവികളോ നിർവഹിക്കാൻ എനിക്കാവില്ല എന്നുപോലും തോന്നാനിടയുണ്ട്. ഈ സാഹചര്യത്തിലും യഹോവയ്ക്ക് നമ്മെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിയും. അങ്ങനെ സഹായം ലഭിച്ച ഒരു വ്യക്തിയാണ് യോശുവ. ശക്തരായ ശത്രുക്കൾക്കെതിരെയുള്ള യുദ്ധങ്ങളിൽ ഇസ്രായേല്യരെ നയിക്കാൻ അവനെ നിയോഗിച്ചശേഷം മോശ ഇങ്ങനെ പറഞ്ഞു: “ബലവും ധൈര്യവുമുള്ളവനായിരിക്ക; . . . യഹോവ തന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.” (ആവ. 31:7, 8) ദൈവജനത്തെ വാഗ്ദത്ത ദേശത്തേക്കു നയിക്കാനും ശത്രുക്കളെയെല്ലാം കീഴ്പെടുത്താനും യഹോവയുടെ സഹായത്താൽ യോശുവയ്ക്കു കഴിഞ്ഞു. മുമ്പ് ചെങ്കടലിങ്കൽവെച്ച് മോശയെയും ദൈവം ഇതുപോലെ സഹായിച്ചിരുന്നു.—പുറ. 14:13, 14, 29-31.
10. മനഃക്ലേശംനിമിത്തം നമ്മുടെ ആരോഗ്യം മോശമാകുന്നെങ്കിൽ നാം എന്തു ചെയ്യണം?
10 ജീവിതത്തിൽ ഉണ്ടാകുന്ന വേദനാകരമായ സംഭവങ്ങൾ നമ്മുടെ ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം. വേണ്ടത്ര വിശ്രമവും വ്യായാമവും നല്ല ആഹാരശീലങ്ങളും ശുചിത്വവും ഒക്കെ ഇത്തരം സാഹചര്യങ്ങളിൽ പ്രയോജനംചെയ്യും. ബൈബിളധിഷ്ഠിതമായ ആത്മീയ കാഴ്ചപ്പാട് ഉണ്ടായിരിക്കുന്നതും നമ്മുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുകൊണ്ട്, മനഃക്ലേശം അനുഭവിക്കുമ്പോൾ പൗലോസിന്റെ ജീവിതാനുഭവവും അവന്റെ പ്രോത്സാഹനം പകരുന്ന ഈ വാക്കുകളും മനസ്സിൽപ്പിടിക്കുക: “ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നെങ്കിലും തകർന്നുപോകുന്നില്ല; ആശങ്കാകുലരെങ്കിലും ആശയറ്റവരാകുന്നില്ല; പീഡിതരെങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവരെങ്കിലും നശിച്ചുപോകുന്നില്ല.”—2 കൊരി. 4:8, 9.
11. ആത്മീയ ആരോഗ്യം വീണ്ടെടുക്കാൻ നാം എന്തു ചെയ്യണം?
11 ചില പ്രശ്നങ്ങൾ നമ്മുടെ ആത്മീയ ആരോഗ്യത്തെയും ബാധിച്ചേക്കാം. അപ്പോഴും യഹോവയ്ക്കു നമ്മെ സഹായിക്കാനാകും. അവന്റെ വചനം ഈ ഉറപ്പുനൽകുന്നു: “വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.” (സങ്കീ. 145:14) ആത്മീയ ആരോഗ്യം വീണ്ടെടുക്കാൻ നാം ക്രിസ്തീയ മൂപ്പന്മാരുടെ സഹായം തേടേണ്ടതുണ്ട്. (യാക്കോ. 5:14, 15) തിരുവെഴുത്തുകൾ നൽകുന്ന നിത്യജീവന്റെ പ്രത്യാശ സദാ മനസ്സിൽ സൂക്ഷിക്കുന്നതും വിശ്വാസത്തിന്റെ പരിശോധനകൾ നേരിടുമ്പോൾ പിടിച്ചുനിൽക്കാൻ നമ്മെ സഹായിക്കും.—യോഹ. 17:3.
ദൈവത്തിൽനിന്ന് ആശ്വാസം കൈക്കൊണ്ട ചിലർ
12. അബ്രാഹാമിനെ യഹോവ ആശ്വസിപ്പിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുക.
12 നിശ്വസ്തതയിൽ ഒരു സങ്കീർത്തനക്കാരൻ പാടി: “നീ (യഹോവ) എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓർക്കേണമേ നിന്റെവചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു.” (സങ്കീ. 119:49, 50) യഹോവ തന്റെ ദാസന്മാരെ ആശ്വസിപ്പിച്ച അനേകം സന്ദർഭങ്ങൾ വിവരിക്കുന്ന അവന്റെ ലിഖിതവചനം ഇന്ന് നമുക്ക് ലഭ്യമാണ്. അബ്രാഹാമിന്റെ കാര്യംതന്നെ എടുക്കുക. യഹോവ സൊദോം, ഗൊമോറ പട്ടണങ്ങൾ നശിപ്പിക്കാൻ പോകുകയാണെന്ന് അറിഞ്ഞപ്പോൾ അവന് വിഷമം തോന്നിയിരിക്കാം. “ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?” എന്ന് ആ വിശ്വസ്ത പുരുഷൻ ദൈവത്തോടു ചോദിച്ചു. യഹോവ അവനെ ആശ്വസിപ്പിച്ചു: 50 നീതിമാന്മാർ ഉണ്ടെങ്കിൽ താൻ സൊദോം നശിപ്പിക്കില്ലെന്ന് ഉറപ്പുകൊടുത്തു. പട്ടണങ്ങൾ നശിപ്പിക്കുമോ എന്ന ചോദ്യം വീണ്ടും അഞ്ചുതവണ അബ്രാഹാം ആവർത്തിക്കുകയുണ്ടായി. ഓരോ തവണയും 45, 40, 30, 20, 10 ഇങ്ങനെ എണ്ണം കുറച്ചുകൊണ്ടിരുന്നു. സൊദോം താൻ നശിപ്പിക്കില്ലെന്ന് ഓരോ പ്രാവശ്യവും ക്ഷമയോടെ, ദയാപൂർവം യഹോവ അബ്രാഹാമിന് ഉറപ്പുനൽകി. ആ പ്രദേശത്ത് പത്ത് നീതിമാന്മാർപോലും ഉണ്ടായിരുന്നില്ല, എന്നിട്ടും ലോത്തിനെയും അവന്റെ പെൺമക്കളെയും യഹോവ സംരക്ഷിച്ചു.—ഉല്പ. 18:22-32; 19:15, 16, 26.
13. താൻ യഹോവയിൽ ആശ്രയിക്കുന്നെന്ന് ഹന്നാ പ്രകടമാക്കിയത് എങ്ങനെ?
13 എൽക്കാനായുടെ ഭാര്യ ഹന്നാ ഒരു കുഞ്ഞിനുവേണ്ടി അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ അവൾ വന്ധ്യയായിരുന്നു, അത് അവളെ വളരെയധികം വേദനിപ്പിച്ചു. ഇക്കാര്യം അവൾ യഹോവയോടു പ്രാർഥിക്കുകയുണ്ടായി. അതിനുശേഷം മഹാപുരോഹിതനായ ഏലി അവളോടു പറഞ്ഞു: “യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ.” ഹന്നായ്ക്ക് അത് ഏറെ ആശ്വാസം നൽകി, “അവളുടെ മുഖം പിന്നെ വാടിയതുമില്ല.” (1 ശമൂ. 1:8, 17, 18) അവൾ യഹോവയിൽ ആശ്രയിച്ചു, വിശ്വാസത്തോടെ തന്റെ പ്രശ്നം അവന്റെ കരങ്ങളിൽ അർപ്പിച്ചു. കാര്യങ്ങൾ എങ്ങനെ ഉരുത്തിരിയുമെന്ന് അവൾക്ക് അറിയില്ലായിരുന്നു, എന്നിട്ടും അവൾക്ക് പ്രശാന്തത അനുഭവപ്പെട്ടു. കാലാന്തരത്തിൽ, യഹോവ ഹന്നായുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകി; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു, അവന് ശമുവേൽ എന്നു പേർ നൽകി.—1 ശമൂ. 1:20.
14. ദാവീദിന് ആശ്വാസം ആവശ്യമായിവന്നത് എന്തുകൊണ്ട്, അവൻ അതിനായി ആരിലേക്കാണ് തിരിഞ്ഞത്?
14 യഹോവയിൽനിന്ന് ആശ്വാസം കൈക്കൊണ്ട മറ്റൊരു വ്യക്തിയാണ് ദാവീദുരാജാവ്. ദാവീദിനെ ഇസ്രായേലിന്റെ ഭാവിരാജാവായി തിരഞ്ഞെടുത്തപ്പോൾത്തന്നെ അവൻ ആത്മാർഥതയുള്ളവനും സത്യാരാധനയിൽ അർപ്പിതനുമായ വ്യക്തിയാണെന്ന് ‘ഹൃദയത്തെ നോക്കുന്നവനായ’ യഹോവയ്ക്ക് അറിയാമായിരുന്നു. (1 ശമൂ. 16:7; 2 ശമൂ. 5:10) എന്നാൽ, പിന്നീട് അവൻ ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്യുകയും ആ പാപം മറച്ചുവെക്കാനായി അവളുടെ ഭർത്താവിനെ കൊല്ലാൻ ഏർപ്പാടാക്കുകയും ചെയ്തു. തന്റെ പാപത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞപ്പോൾ ദാവീദ് യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു: “നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.” (സങ്കീ. 51:1-3) ദാവീദ് ആത്മാർഥമായി അനുതപിച്ചു. അതുകൊണ്ട് യഹോവ അവനോടു ക്ഷമിച്ചു. എന്നിരുന്നാലും, തെറ്റിന്റെ പരിണതികൾ ദാവീദിന് അനുഭവിക്കേണ്ടിവന്നു. (2 ശമൂ. 12:9-12) പക്ഷേ അപ്പോഴും യഹോവയുടെ കരുണ ആ എളിയ ദൈവദാസന് ആശ്വാസം നൽകി.
15. യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ് യഹോവ അവനെ സഹായിച്ചത് എങ്ങനെ?
15 പൂർണ മനുഷ്യനായ യേശുവിന് ഭൂമിയിലായിരിക്കെ പല പരിശോധനകളും നേരിടേണ്ടിവന്നു. എപ്പോഴും യഹോവയിൽ ആശ്രയിക്കുകയും അവന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുകയും ചെയ്തതുകൊണ്ട് ദൈവം അനുവദിച്ച ആ പരിശോധനകളിലെല്ലാം വിശ്വസ്തത പാലിക്കാൻ യേശുവിനായി. ഒറ്റിക്കൊടുക്കപ്പെടുന്നതിനും വധിക്കപ്പെടുന്നതിനും മുമ്പ് അവൻ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നിറവേറട്ടെ.” അപ്പോൾ ഒരു ദൂതൻ യേശുവിന്റെ അടുക്കൽവന്ന് അവനെ ബലപ്പെടുത്തി. (ലൂക്കോ. 22:42, 43) അതെ, വേണ്ട ആശ്വാസവും ധൈര്യവും പിന്തുണയും ദൈവം ആ സമയത്ത് യേശുവിനു നൽകി.
16. വിശ്വാസംനിമിത്തം ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളിൽ യഹോവയ്ക്ക് നമ്മെ എപ്രകാരം ആശ്വസിപ്പിക്കാനാകും?
16 ദൈവത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചതുനിമിത്തം നാം ചിലപ്പോൾ വധിക്കപ്പെട്ടേക്കാം. അത്തരമൊരു സാഹചര്യത്തിൽപ്പോലും വിശ്വസ്തത പാലിക്കാൻ യഹോവയ്ക്കു നമ്മെ ശക്തീകരിക്കാനാകും; അവനത് ചെയ്യുമെന്ന് ഉറപ്പാണ്. മാത്രമല്ല, പുനരുത്ഥാന പ്രത്യാശയും നമുക്ക് ആശ്വാസം നൽകും. “അവസാന ശത്രുവായിട്ട് മരണവും നീക്കം ചെയ്യപ്പെടു”ന്ന ആ നാളേയ്ക്കായി നാമെല്ലാം എത്ര ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്! (1 കൊരി. 15:26) ദൈവത്തിന്റെ സകല വിശ്വസ്ത ദാസന്മാരും ഉൾപ്പെടെ മരണമടഞ്ഞ പലരും യഹോവയുടെ പിഴവറ്റ ഓർമയിലുണ്ട്; അവരെ ദൈവം ഉയിർപ്പിക്കും. (യോഹ. 5:28, 29; പ്രവൃ. 24:15) പീഡനം നേരിടേണ്ടിവരുമ്പോൾ, പുനരുത്ഥാനത്തെക്കുറിച്ച് യഹോവ നൽകിയിരിക്കുന്ന വാഗ്ദാനത്തിലുള്ള അടിയുറച്ച വിശ്വാസം നമുക്ക് ആശ്വാസം നൽകും, നമ്മുടെ പ്രത്യാശയെ ശക്തമാക്കും.
17. പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ യഹോവ നമ്മെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
17 ഇപ്പോൾ മരണത്തിൽ നിദ്രകൊള്ളുന്ന നമ്മുടെ പ്രിയപ്പെട്ടവർ ഇക്കാലത്തെ വേദനകൾ ഏതുമില്ലാത്ത അതിമഹത്തായ ഒരു പുതിയലോകത്തിൽ വീണ്ടും ജീവിക്കും. ആ പ്രത്യാശ എത്ര ആശ്വാസദായകമാണ്! ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്ന യഹോവയുടെ ദാസന്മാരായ “മഹാപുരുഷാര”ത്തിന് ഭൂമിയിലേക്ക് പുനരുത്ഥാനം പ്രാപിച്ചുവരുന്ന അവരെയെല്ലാം സ്വാഗതം ചെയ്യാനും പഠിപ്പിക്കാനും ഉള്ള മഹത്തായ പദവിയുണ്ട്!—വെളി. 7:9, 10.
താങ്ങാൻ ശാശ്വത ഹസ്തങ്ങൾ
18, 19. പീഡനങ്ങൾ സഹിക്കേണ്ടിവന്നപ്പോൾ യഹോവയുടെ ദാസന്മാർക്ക് ആശ്വാസം ലഭിച്ചത് എങ്ങനെ?
18 ഹൃദയസ്പർശിയും അർഥസമ്പുഷ്ടവുമായ ഒരു ഗാനത്തിൽ മോശ ഇസ്രായേൽ ജനത്തിന് ഈ ഉറപ്പുനൽകി: “നിത്യനായ ദൈവം നിന്റെ അഭയം; താങ്ങാൻ ശാശ്വത ഹസ്തങ്ങൾ.” (ആവ. 33:27, പി.ഒ.സി.) ശമൂവേൽപ്രവാചകനും ഇസ്രായേല്യരോടു പറഞ്ഞു: “യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ. . . . യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല.” (1 ശമൂ. 12:20-22) അതെ, നാം യഹോവയെ വിട്ടുപിരിയാതെ സത്യാരാധനയിൽ ഉറച്ചുനിൽക്കുന്നിടത്തോളംകാലം അവൻ നമ്മെ കൈവിടുകയില്ല; നമുക്ക് വേണ്ട സഹായം നൽകാൻ അവൻ എപ്പോഴും സന്നദ്ധനാണ്.
19 ദുഷ്കരമായ ഈ അന്ത്യനാളുകളിൽ തന്റെ ജനത്തിനു വേണ്ട സഹായവും ആശ്വാസവും ദൈവം മുടങ്ങാതെ നൽകുന്നു. ഈ ആധുനിക കാലത്ത്, ആയിരങ്ങൾവരുന്ന സഹവിശ്വാസികളാണ് ദൈവത്തെ സേവിച്ചതിന്റെ പേരിൽമാത്രം ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നത്. പരിശോധനകളിലൂടെ കടന്നുപോകുന്ന തന്റെ ദാസന്മാരെ യഹോവ ആശ്വസിപ്പിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നവയാണ് അവരുടെ അനുഭവങ്ങൾ. ഉദാഹരണത്തിന്, വിശ്വാസത്തിന്റെപേരിൽ 23 വർഷത്തേക്കാണ് നമ്മുടെ ഒരു സഹോദരനെ മുൻ സോവിയറ്റ് യൂണിയനിൽ തടവുശിക്ഷയ്ക്കു വിധിച്ചത്. ആ സാഹചര്യത്തിലും അദ്ദേഹത്തെ ആശ്വസിപ്പിക്കാനും ശക്തീകരിക്കാനും വേണ്ട ആത്മീയ ഭക്ഷണം അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. അദ്ദേഹം പറയുന്നു: “അക്കാലമത്രയും യഹോവയിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു, എനിക്ക് അവനിൽനിന്ന് ശക്തി ലഭിക്കുകയും ചെയ്തു.”—1 പത്രോസ് 5:6, 7 വായിക്കുക.
20. യഹോവ നമ്മെ ഉപേക്ഷിക്കുകയില്ല എന്ന് നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
20 നാം എന്തൊക്കെ അഭിമുഖീകരിക്കേണ്ടിവരും എന്ന് നമുക്ക് അറിയില്ല. അവ എന്തുതന്നെയായാലും “യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല” എന്ന സങ്കീർത്തനക്കാരന്റെ ആശ്വാസദായകമായ വാക്കുകൾ നമുക്ക് മനസ്സിൽപ്പിടിക്കാം. (സങ്കീ. 94:14) നാം ആശ്വാസം ആവശ്യമുള്ളവരാണെങ്കിൽപ്പോലും മറ്റുള്ളവരെ ആശ്വസിപ്പിക്കാനുള്ള വിലയേറിയ പദവി നമുക്കുണ്ട്. പ്രക്ഷുബ്ധമായ ഈ ലോകത്ത് ആശ്വാസത്തിനായി കേഴുന്നവർക്ക് സാന്ത്വനമേകാൻ നമുക്ക് എന്തുചെയ്യാനാകും? ഇക്കാര്യം അടുത്ത ലേഖനം ചർച്ചചെയ്യും.
നിങ്ങളുടെ ഉത്തരം എന്താണ്?
• ദുഃഖഹേതുവായിത്തീർന്നേക്കാവുന്ന ചില സാഹചര്യങ്ങൾ ഏവ?
• യഹോവ തന്റെ ദാസന്മാരെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
• മരണത്തെ അഭിമുഖീകരിക്കേണ്ടിവരുന്നെങ്കിൽ എന്ത് നമുക്ക് ആശ്വാസം നൽകും?
[25-ാം പേജിലെ ചതുരം/ചിത്രം]
ആശ്വാസവചനങ്ങൾ
▪ ഹൃദയത്തിന് സങ്കീ. 147:3, പി.ഒ.സി.; 1 യോഹ. 3:19-22; 5:14, 15.
▪ മനസ്സിന് സങ്കീ. 94:19; ഫിലി. 4:6, 7.
▪ ചിന്തകൾക്ക് പുറ. 14:13, 14; ആവ. 31:7, 8.
▪ ശാരീരിക ആരോഗ്യത്തിന് 2 കൊരി. 4:8, 9.
▪ ആത്മീയ ആരോഗ്യത്തിന് സങ്കീ. 145:14; യാക്കോ. 5:14, 15.