ആത്മീയപറുദീസ ഉന്നമിപ്പിക്കുക
“ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും.”—യെശ. 60:13.
1, 2. എബ്രായതിരുവെഴുത്തുകളിൽ ‘പാദപീഠം’ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
“സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു” എന്ന് യഹോവയാം ദൈവം പറയുന്നു. (യെശ. 66:1) “ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും” എന്നു പറഞ്ഞപ്പോഴും ദൈവം തന്റെ “പാദപീഠ”ത്തെക്കുറിച്ച് പറയുകയായിരുന്നു. (യെശ. 60:13) യഹോവ എങ്ങനെയാണ് തന്റെ പാദപീഠത്തെ മഹത്ത്വീകരിക്കുന്നത് അഥവാ മനോഹരമാക്കുന്നത്? അവന്റെ പാദപീഠമായ ഭൂമിയിൽ ജീവിക്കുന്നവർക്ക് അത് എന്ത് അർഥമാക്കുന്നു?
2 എബ്രായതിരുവെഴുത്തുകളിൽ പുരാതന ഇസ്രായേലിലെ ആലയത്തെ കുറിക്കാനും ‘പാദപീഠം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. (1 ദിന. 28:2; സങ്കീ. 132:7) യഹോവയുടെ കണ്ണിൽ ആ ആലയം വളരെ മനോഹരമായിരുന്നു. കാരണം, അതായിരുന്നു സത്യാരാധനയുടെ കേന്ദ്രം. ഭൂമിയിൽ യഹോവയെ മഹത്ത്വപ്പെടുത്താൻ ആ ആലയമായിരുന്നു ഉപയോഗിച്ചിരുന്നത്.
3. ഇന്ന് സത്യാരാധനയുടെ കേന്ദ്രം ഏതാണ്, അത് നിലവിൽ വന്നത് എന്നാണ്?
3 അങ്ങനെയെങ്കിൽ ഇന്ന് സത്യാരാധനയുടെ കേന്ദ്രം ഏതാണ്? അത് അന്നത്തെ ആലയംപോലെ ഒരു കെട്ടിടമല്ല. മറിച്ച് ഒരു ആത്മീയാലയമാണ്. മറ്റ് ഏതൊരു കെട്ടിടത്തിന് നൽകാനാകുന്നതിലും അധികം മഹത്ത്വം യഹോവയ്ക്കു നൽകാൻ ഇതിനാകും. എന്താണ് ഈ ആത്മീയാലയം? മനുഷ്യർ തന്റെ സുഹൃത്തുക്കളായിത്തീർന്ന് തന്നെ ആരാധിക്കാൻവേണ്ടി ദൈവം ചെയ്തിരിക്കുന്ന ക്രമീകരണമാണ് ഇത്. യേശുവിന്റെ മറുവിലയിലൂടെ മാത്രമാണ് ഈ ക്രമീകരണം സാധ്യമായിരിക്കുന്നത്. എ.ഡി. 29-ൽ യേശു സ്നാനമേറ്റ് യഹോവയുടെ ആത്മീയാലയത്തിൽ മഹാപുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടപ്പോഴാണ് ഈ ക്രമീകരണം നിലവിൽ വന്നത്.—എബ്രാ. 9:11, 12.
4, 5. (എ) 99-ാം സങ്കീർത്തനത്തിൽ പറയുന്നതുപോലെ യഹോവയുടെ സത്യാരാധകർ എന്ത് ചെയ്യണം? (ബി) നമ്മൾ സ്വയം എന്ത് ചോദിക്കണം?
4 സത്യാരാധനയ്ക്കായി ദൈവം ഒരു ക്രമീകരണം ചെയ്തിരിക്കുന്നതിൽ നമ്മൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്. യഹോവയുടെ നാമത്തെക്കുറിച്ചും അമൂല്യദാനമായ മറുവിലയെക്കുറിച്ചും മറ്റുള്ളവരോട് പറഞ്ഞുകൊണ്ടാണ് നമ്മൾ ആ നന്ദി കാണിക്കുന്നത്. ഓരോ ദിവസവും 80 ലക്ഷത്തിലധികം സത്യക്രിസ്ത്യാനികൾ യഹോവയെ സ്തുതിക്കുന്നു എന്നത് നമുക്ക് ആവേശം പകരുന്നു! മരണശേഷം സ്വർഗത്തിൽ ചെല്ലുമ്പോൾ ദൈവത്തെ സ്തുതിക്കാം എന്ന തെറ്റിദ്ധാരണയാണ് മതഭക്തരായ പലർക്കുമുള്ളത്. എന്നാൽ, ഇപ്പോൾ ഇവിടെ ഭൂമിയിൽവെച്ചുതന്നെ യഹോവയെ സ്തുതിക്കേണ്ടത് എത്ര പ്രധാനമാണെന്ന് യഹോവയുടെ ജനം മനസ്സിലാക്കുന്നു.
5 സങ്കീർത്തനം 99:1-3, 5 വായിക്കുക. ഈ വാക്യങ്ങളിൽ ചില വിശ്വസ്തദൈവദാസരുടെ മാതൃക കാണാം. യഹോവയെ സ്തുതിക്കുമ്പോൾ നമ്മൾ അവരുടെ മാതൃക അനുകരിക്കുകയാണ്. പുരാതനകാലത്ത് മോശ, അഹരോൻ, ശമുവേൽ തുടങ്ങിയ വിശ്വസ്തപുരുഷന്മാർ സത്യാരാധനയ്ക്കുവേണ്ടിയുള്ള യഹോവയുടെ ക്രമീകരണത്തെ പൂർണമായി പിന്തുണച്ചു. (സങ്കീ. 99:6, 7) യേശുവിനോടൊപ്പം സ്വർഗത്തിൽ പുരോഹിതന്മാരായി സേവിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ഭൂമിയിലുള്ള അഭിഷിക്തർ ഇന്ന് ആത്മീയാലയത്തിന്റെ ഭൗമികഭാഗത്ത് വിശ്വസ്തതയോടെ സേവിക്കുന്നു. ‘വേറെ ആടുകൾ’ എന്ന് അറിയപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസ്തതയോടെ അവരെ പിന്തുണയ്ക്കുന്നു. (യോഹ. 10:16) ഇരുകൂട്ടരും ഒരുമിച്ച് യഹോവയെ ആരാധിക്കുന്നു. എങ്കിലും നമ്മൾ വ്യക്തിപരമായി ഇങ്ങനെ ചോദിക്കണം: സത്യാരാധനയ്ക്കുവേണ്ടിയുള്ള യഹോവയുടെ ക്രമീകരണത്തെ ഞാൻ പൂർണമായി പിന്തുണയ്ക്കുന്നുണ്ടോ?’
ദൈവത്തിന്റെ ആത്മീയാലയത്തിൽ സേവിക്കുന്നവരെ തിരിച്ചറിയുന്നു
6, 7. ആദ്യകാല ക്രിസ്തീയസഭയിൽ എന്ത് പ്രശ്നമുണ്ടായി, 1919-ഓടെ എന്ത് സംഭവിച്ചു?
6 ക്രിസ്തീയസഭ സ്ഥാപിതമായി 100 വർഷത്തിനുള്ളിൽ, മുൻകൂട്ടിപ്പറഞ്ഞിരുന്ന വിശ്വാസത്യാഗം തലപൊക്കി. (പ്രവൃ. 20:28-30; 2 തെസ്സ. 2:3, 4) അതോടെ ദൈവത്തിന്റെ സത്യാരാധകർ ആരാണെന്ന് മനസ്സിലാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിത്തീർന്നു. തന്റെ ആത്മീയാലയത്തിൽ സേവിക്കുന്നവരെ യഹോവ യേശുവിലൂടെ തിരിച്ചറിയിച്ചത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്.
7 അങ്ങനെ 1919 ആയപ്പോഴേക്കും ദൈവത്തിന്റെ ആത്മീയാലയത്തിൽ സേവിക്കുന്ന, ദൈവാംഗീകാരമുള്ളവരെ വ്യക്തമായി ദൈവം തിരിച്ചറിയിച്ചു. തങ്ങളുടെ ആരാധന യഹോവയ്ക്ക് കൂടുതൽ സ്വീകാര്യമായിത്തീരുന്നതിനുവേണ്ടി അവർ മാറ്റങ്ങൾ വരുത്തി. (യെശ. 4:2, 3; മലാ. 3:1-4) നൂറുകണക്കിന് വർഷങ്ങൾക്കു മുമ്പ് പൗലോസ് അപ്പൊസ്തലൻ കണ്ട ഒരു ദർശനം അപ്പോൾ നിവൃത്തിയേറിത്തുടങ്ങി.
8, 9. പൗലോസ് ദർശനത്തിൽ കണ്ട “പറുദീസ” എന്താണ്?
8 പൗലോസ് കണ്ട ദർശനം 2 കൊരിന്ത്യർ 12:1-4-ൽ (വായിക്കുക.) വിവരിക്കുന്നുണ്ട്. ആ ദർശനത്തിൽ ഭാവിയിൽ നടക്കാൻപോകുന്ന ചില കാര്യങ്ങൾ യഹോവ പൗലോസിന് കാണിച്ചു കൊടുത്തു. പൗലോസ് ദർശനത്തിൽ കണ്ട “പറുദീസ” എന്താണ്? ഒന്നാമതായി, ഇതിന് ഭൂമിയിൽ ഉടൻതന്നെ വരാൻപോകുന്ന അക്ഷരീയപറുദീസയെ കുറിക്കാനാകും. (ലൂക്കോ. 23:43) രണ്ടാമതായി, പുതിയ ലോകത്തിലെ പൂർണതയുള്ള ആത്മീയപറുദീസയെ ഇതിന് അർഥമാക്കാനാകും. മൂന്നാമതായി, ഇതിന് സ്വർഗത്തിലുള്ള “ദൈവത്തിന്റെ പറുദീസയിലെ” വിസ്മയകരമായ അവസ്ഥകളെയും സൂചിപ്പിക്കാനാകും.—വെളി. 2:7.
9 എന്തുകൊണ്ടാണ് ‘മനുഷ്യർ ഉച്ചരിച്ചുകൂടാത്ത, അവാച്യമായ വാക്കുകൾ കേട്ടു’ എന്ന് പൗലോസ് പറഞ്ഞത്? കാരണം, ദർശനത്തിൽ കണ്ട മഹത്തായ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാനുള്ള സമയം അപ്പോൾ വന്നെത്തിയിട്ടില്ലായിരുന്നു. എന്നാൽ ഇന്ന്, തന്റെ ജനം ഇപ്പോൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ യഹോവ നമ്മളെ അനുവദിച്ചിരിക്കുന്നു.
10. ആത്മീയപറുദീസയും ആത്മീയാലയവും ഒന്നല്ലാത്തത് എന്തുകൊണ്ട്?
10 നമ്മൾ കൂടെക്കൂടെ ആത്മീയപറുദീസയെക്കുറിച്ച് പറയാറുണ്ട്. എന്നാൽ എന്താണ് അത്? തന്റെ ജനത്തിന് ദൈവം നൽകുന്ന സമാധാനം നിറഞ്ഞ ഒരു പ്രത്യേക അന്തരീക്ഷമാണ് അത്. അതുകൊണ്ട് ആത്മീയപറുദീസയും ആത്മീയാലയവും ഒന്നല്ല. ആത്മീയാലയം എന്നത് സത്യാരാധനയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ ക്രമീകരണമാണ്. ആത്മീയപറുദീസ, ആത്മീയാലയത്തിൽ ദൈവത്തെ ആരാധിക്കുന്ന ദൈവാംഗീകാരമുള്ളവരെ വ്യക്തമായി തിരിച്ചറിയാൻ സഹായിക്കുന്നു.—മലാ. 3:18.
11. നമുക്ക് ഇന്ന് എന്ത് പദവിയുണ്ട്?
11 ആത്മീയപറുദീസ പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും 1919 മുതൽ യഹോവ അപൂർണമനുഷ്യരെ അനുവദിച്ചിരിക്കുന്നു എന്ന് അറിയുന്നത് നമുക്ക് ആവേശം പകരുന്നു! ഈ മഹത്തായ വേലയിൽ നിങ്ങൾ പങ്കെടുക്കുന്നുണ്ടോ? ഭൂമിയിൽ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിന് യഹോവയോടൊപ്പം പ്രവർത്തിക്കാനുള്ള പദവിയെ നിങ്ങൾ വിലമതിക്കുന്നുണ്ടോ?
യഹോവ തന്റെ സംഘടനയെ കൂടുതൽ മനോഹരമാക്കുന്നു!
12. യെശയ്യാവു 60:17 നിവൃത്തിയേറിയെന്ന് നമുക്ക് എങ്ങനെ അറിയാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
12 ദൈവത്തിന്റെ സംഘടനയുടെ ഭൗമികഭാഗത്ത് അതിശയകരമായ പല മാറ്റങ്ങളും പൊരുത്തപ്പെടുത്തലുകളും ഉണ്ടാകുമെന്ന് യെശയ്യാപ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 60:17 വായിക്കുക.) യുവാക്കളും അടുത്തിടെ വിശ്വാസത്തിൽ വന്നവരും ആ മാറ്റങ്ങളെക്കുറിച്ച് വായിക്കുകയോ കേൾക്കുകയോ മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാൽ മഹത്തായ ആ മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയാൻ അവസരം ലഭിച്ച അനേകം സഹോദരീസഹോദരന്മാരുണ്ട്! തന്റെ സംഘടനയെ വഴിനയിക്കാൻ ദൈവം നമ്മുടെ രാജാവായ യേശുവിനെ ഉപയോഗിക്കുന്നുണ്ടെന്ന് ആ വിശ്വസ്തദൈവദാസർക്ക് ബോധ്യപ്പെട്ടു. അതെക്കുറിച്ച് അവർക്ക് പറയാനുള്ള അനുഭവങ്ങൾ കേൾക്കുമ്പോൾ യഹോവയിലുള്ള നമ്മുടെ വിശ്വാസവും ആശ്രയവും ശക്തമാകും.
13. സങ്കീർത്തനം 48:12-14-ൽ പറയുന്നതനുസരിച്ച് നമ്മൾ എന്ത് ചെയ്യണം?
13 എല്ലാ സത്യക്രിസ്ത്യാനികളും യഹോവയുടെ സംഘടനയെക്കുറിച്ച് മറ്റുള്ളവരോട് പറയണം. നമ്മൾ ജീവിക്കുന്നത് സാത്താന്റെ ദുഷ്ടലോകത്താണെങ്കിലും സമാധാനത്തോടെയും ഐക്യത്തോടെയും പ്രവർത്തിക്കുന്ന ഒരു സഹോദരവർഗം നമുക്കുള്ളത് തികച്ചും ഒരു അത്ഭുതംതന്നെയാണ്! യഹോവയുടെ സംഘടനയെക്കുറിച്ചും ആത്മീയപറുദീസയെക്കുറിച്ചും “വരുവാനുള്ള തലമുറയോട്” സന്തോഷത്തോടെ നമ്മൾ പറയണം!—സങ്കീർത്തനം 48:12-14 വായിക്കുക.
14, 15. എന്തെല്ലാം മാറ്റങ്ങളാണ് 1970-ന് ശേഷം വരുത്തിയത്, സംഘടനയ്ക്ക് അതിൽനിന്ന് പ്രയോജനം ലഭിച്ചത് എങ്ങനെ?
14 യഹോവയുടെ സംഘടനയുടെ ഭൗമികഭാഗത്തിന്റെ മനോഹാരിത വർധിപ്പിച്ച മാറ്റങ്ങൾ നമ്മുടെ സഭയിലെ പ്രായമായ പലരും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതിൽ പലതും അവർ ഓർക്കുന്നുണ്ടാകും. ഉദാഹരണത്തിന്, സഭകളിൽ മൂപ്പന്മാരുടെ സംഘത്തിനു പകരം ഒരു സഭാദാസനും, രാജ്യങ്ങളിൽ ബ്രാഞ്ച് കമ്മിറ്റിക്കു പകരം ഒരു ബ്രാഞ്ച് സേവകനും, നിർദേശങ്ങൾ നൽകാൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിനു പകരം വാച്ച്ടവർ സൊസൈറ്റിയുടെ പ്രസിഡന്റും ആണ് ഉണ്ടായിരുന്നത്. ആ സഹോദരന്മാർക്കെല്ലാം വിശ്വസ്തരായ സഹായികളുണ്ടായിരുന്നെങ്കിലും സഭയിലും ബ്രാഞ്ചോഫീസിലും ലോകാസ്ഥാനത്തും തീരുമാനമെടുക്കുന്നത് ഉത്തരവാദിത്വസ്ഥാനത്തുള്ള ആ ഒരു വ്യക്തി മാത്രമായിരുന്നു. പിന്നീട് 1970-നു ശേഷം വരുത്തിയ മാറ്റത്തിലൂടെ, തീരുമാനങ്ങൾ എടുക്കാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിക്കും പകരം മൂപ്പന്മാരുടെ കൂട്ടങ്ങൾക്ക് നൽകി.
15 എന്തുകൊണ്ടാണ് സംഘടനയ്ക്ക് ഈ മാറ്റങ്ങളിൽനിന്ന് പ്രയോജനം ലഭിച്ചത്? കാരണം, തിരുവെഴുത്തുകളെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യം ലഭിച്ചതിനു ശേഷം വരുത്തിയ മാറ്റങ്ങളായിരുന്നു അതെല്ലാം. എല്ലാ തീരുമാനങ്ങളും ഒരു വ്യക്തി എടുക്കുന്ന ക്രമീകരണം മാറ്റിയതുകൊണ്ട് യഹോവ നൽകിയിരിക്കുന്ന “മനുഷ്യരാകുന്ന ദാനങ്ങ”ളായ എല്ലാ മൂപ്പന്മാരുടെയും നല്ല ഗുണങ്ങളിൽനിന്ന് സംഘടനയ്ക്ക് പ്രയോജനം ലഭിക്കുന്നു.—എഫെ. 4:8; സദൃ. 24:6.
ലോകമെമ്പാടുമുള്ള ആളുകൾക്ക് ജീവിതത്തിൽ ആവശ്യമായിരിക്കുന്ന മാർഗനിർദേശം യഹോവ നൽകുന്നു (16, 17 ഖണ്ഡികകൾ കാണുക)
16, 17. അടുത്തിടെ വന്ന ഏതെല്ലാം മാറ്റങ്ങളാണ് നിങ്ങൾക്ക് ആകർഷകമായി തോന്നിയത്, എന്തുകൊണ്ട്?
16 നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഇയ്യിടെ വന്ന ചില മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുക. ശുശ്രൂഷയിൽ, വായനക്കാർക്ക് സഹായകവും ആകർഷകവും ആയ പ്രസിദ്ധീകരണങ്ങൾ നൽകാൻ നമുക്ക് സന്തോഷമേ ഉള്ളൂ. സുവാർത്ത അറിയിക്കാൻ നമ്മൾ നൂതനസാങ്കേതികവിദ്യ ഉപയോഗിക്കുന്നത് എങ്ങനെയെന്നും ചിന്തിച്ചുനോക്കൂ. ഉദാഹരണത്തിന്, jw.org വെബ്സൈറ്റിലൂടെ മുമ്പത്തേതിലും അധികം ആളുകൾക്ക് ആത്മീയസഹായം ലഭിക്കുന്നു. ഈ മാറ്റങ്ങളിലെല്ലാം യഹോവയ്ക്ക് ആളുകളോടുള്ള അതിയായ താത്പര്യവും സ്നേഹവും നമുക്ക് കാണാനാകും.
17 കുടുംബാരാധനയ്ക്കും വ്യക്തിപരമായ പഠനത്തിനും നമുക്ക് സമയം ലഭിക്കുന്ന വിധത്തിൽ സഭായോഗങ്ങളിൽ വരുത്തിയ മാറ്റങ്ങളും നമ്മൾ വിലമതിക്കുന്നു. സമ്മേളനങ്ങളിലെയും കൺവെൻഷനുകളിലെയും പരിപാടികളിൽ വന്ന മാറ്റങ്ങൾ, അവ കൂടുതൽ ആസ്വാദ്യകരമാക്കിത്തീർക്കുന്നു. ഓരോ വർഷം കഴിയുന്തോറും അവ ഒന്നിനൊന്ന് മെച്ചമായിക്കൊണ്ടിരിക്കുന്നു! നമ്മുടെ പല ബൈബിൾസ്കൂളുകളിൽനിന്ന് ലഭിക്കുന്ന പരിശീലനങ്ങൾക്കും നമ്മൾ നന്ദിയുള്ളവരാണ്. ഈ മാറ്റങ്ങളിൽനിന്നെല്ലാം ഒന്ന് വ്യക്തമാണ്: യഹോവ തന്റെ സംഘടനയെ വഴിനയിച്ചുകൊണ്ട് ആത്മീയപറുദീസ കൂടുതൽ മനോഹരമാക്കിക്കൊണ്ടേയിരിക്കുന്നു!
ആത്മീയപറുദീസ മനോഹരമാക്കുന്നതിൽ നമുക്കുള്ള പങ്ക്
18, 19. ആത്മീയപറുദീസ മനോഹരമാക്കുന്നതിന് നമുക്ക് എന്തെല്ലാം ചെയ്യാം?
18 ആത്മീയപറുദീസ കൂടുതൽ മനോഹരമാക്കാനുള്ള പദവി യഹോവ നമുക്കും തന്നിരിക്കുന്നു. നമ്മൾ അത് എങ്ങനെയാണ് ചെയ്യുന്നത്? തീക്ഷ്ണതയോടെ സുവാർത്ത അറിയിച്ചുകൊണ്ടും കൂടുതൽ പേരെ ശിഷ്യരാക്കിക്കൊണ്ടും. ഒരാളെ ദൈവത്തിന്റെ ഒരു ദാസനായിത്തീരാൻ സഹായിക്കുന്ന ഓരോ സമയത്തും നമ്മൾ ആത്മീയപറുദീസ വ്യാപിപ്പിക്കുകയാണ്.—യെശ. 26:15; 54:2.
19 നമ്മുടെ ക്രിസ്തീയവ്യക്തിത്വം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമ്പോഴും നമ്മൾ ആത്മീയപറുദീസയുടെ മനോഹാരിത വർധിപ്പിക്കുകയാണ്. ഇത് ആത്മീയപറുദീസയിലേക്ക് മറ്റുള്ളവരെ കൂടുതൽ ആകർഷിക്കും. മിക്കപ്പോഴും ആളുകളെ സംഘടനയിലേക്കും തുടർന്ന് യഹോവയിലേക്കും യേശുവിലേക്കും ആകർഷിക്കുന്നത് കേവലം നമ്മുടെ ബൈബിൾപരിജ്ഞാനമല്ല; മറിച്ച് നമ്മുടെ ശുദ്ധവും സമാധാനപരവും ആയ ജീവിതരീതിയാണ്.
ആത്മീയപറുദീസ വ്യാപിപ്പിക്കുന്നതിൽ നിങ്ങൾക്കും ഒരു പങ്കുണ്ട് (18, 19 ഖണ്ഡികകൾ കാണുക)
20. സദൃശവാക്യങ്ങൾ 14:35-ന് ചേർച്ചയിൽ നമ്മുടെ ആഗ്രഹം എന്തായിരിക്കണം?
20 നമ്മുടെ ഇന്നത്തെ ആത്മീയപറുദീസ കാണുന്ന യഹോവയ്ക്കും യേശുവിനും അത് എത്രയധികം ആനന്ദം പകരും! ആത്മീയപറുദീസ കൂടുതൽ മനോഹരമാക്കുമ്പോൾ നമുക്ക് ലഭിക്കുന്ന സന്തോഷം, ഭാവിയിൽ ഭൂമിയെ ഒരു അക്ഷരീയപറുദീസയാക്കുന്ന വേലയിൽ ഏർപ്പെടുമ്പോൾ നമുക്ക് ലഭിക്കാൻപോകുന്ന സന്തോഷത്തിന്റെ ചെറിയ ഒരു സൂചന മാത്രമാണ്. സദൃശവാക്യങ്ങൾ 14:35-ലെ വാക്കുകൾ നമ്മൾ എപ്പോഴും ഓർക്കണം: “ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു.” ആത്മീയപറുദീസയുടെ മനോഹാരിത വർധിപ്പിക്കാൻ കഠിനമായി ശ്രമിച്ചുകൊണ്ട് നമുക്ക് ജ്ഞാനത്തോടെ പ്രവർത്തിക്കാം!