ദൈവം ബൈബിളിനെ നിശ്വസ്തമാക്കിയതെങ്ങനെ?
ചരിത്രത്തിലെ മറ്റേതൊരു സമയത്തെക്കാളുമധികം ഇന്ന് ആശയവിനിയമം കൗതുകമുണർത്തുന്നതാണ്. ടെലഫോണുകൾ, ഫാക്സ് മെഷീനുകൾ, കമ്പ്യൂട്ടറുകൾ—ലോകത്തിനു ചുറ്റും മിക്കവാറും എല്ലായിടത്തും സന്ദേശങ്ങൾ തത്ക്ഷണം പ്രേഷണം ചെയ്യുന്ന ഒരു കാലത്തെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ് ആർക്കാണു സങ്കൽപ്പിക്കാൻ കഴിയുമായിരുന്നത്?
എന്നാൽ ഏറ്റവുമധികം കൗതുകമുണർത്തുന്ന തരത്തിലുള്ള ആശയവിനിയമം മനുഷ്യനു പ്രാവീണ്യം നേടാൻ കഴിയാത്ത ഒന്നാണ്—ദിവ്യനിശ്വസ്തത. തന്റെ ലിഖിത വചനമായ വിശുദ്ധ ബൈബിൾ നിർമിക്കാൻ യഹോവ ഏതാണ്ട് 40 മാനുഷ എഴുത്തുകാരെ നിശ്വസ്തരാക്കി. മനുഷ്യർക്ക് ഒന്നിലധികം ആശയവിനിമയ മാർഗങ്ങൾ ഉള്ളതുപോലെതന്നെ, തിരുവെഴുത്തുകളെ നിശ്വസ്തമാക്കുന്നതിന് യഹോവ പല ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ചു.
പറഞ്ഞെഴുതിക്കൽ. ദൈവം സുനിശ്ചിത സന്ദേശങ്ങൾ പകർന്നുകൊടുത്തു. പിൽക്കാലത്ത് അവ ബൈബിളിൽ രേഖപ്പെടുത്തി.a ഉദാഹരണത്തിന്, ന്യായപ്രമാണ ഉടമ്പടിയിലെ നിയമങ്ങളുടെ കാര്യം പരിഗണിക്കുക. “ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു” എന്ന് യഹോവ മോശയോടു പറഞ്ഞു. (പുറപ്പാടു 34:27) “ദൂതൻമാർ പകർന്നുകൊടുത്ത” ആ “വചനങ്ങൾ” മോശ പകർത്തിയെഴുതി. ഇപ്പോൾ അവ ബൈബിൾ പുസ്തകങ്ങളായ പുറപ്പാടു, ലേവ്യപുസ്തകം, സംഖ്യാപുസ്തകം, ആവർത്തനപുസ്തകം എന്നിവയിൽ കാണാവുന്നതാണ്.—പ്രവൃത്തികൾ 7:53, NW.
യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, ആമോസ്, നഹൂം, മീഖാ എന്നിവർ ഉൾപ്പെടെ മറ്റനേകം പ്രവാചകൻമാർക്കു ദൂതൻമാരിലൂടെ ദൈവത്തിൽനിന്നുള്ള സുനിശ്ചിത സന്ദേശങ്ങൾ ലഭിച്ചു. ഈ പുരുഷൻമാർ ചിലപ്പോൾ തങ്ങളുടെ പ്രഖ്യാപനങ്ങൾ തുടങ്ങിയിരുന്നത്, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന വാചകശൈലി ഉപയോഗിച്ചായിരുന്നു. (യെശയ്യാവു 37:6; യിരെമ്യാവു 2:2; യെഹെസ്കേൽ 11:5; ആമോസ് 1:3; മീഖാ 2:3; നഹൂം 1:12) എന്നിട്ട് ദൈവം പറഞ്ഞത് അവർ ലിഖിതരൂപത്തിലാക്കി.
ദർശനങ്ങൾ, സ്വപ്നങ്ങൾ, അന്തർലയനങ്ങൾ. ഒരു മനോചിത്രമോ ദൃശ്യമോ അല്ലെങ്കിൽ ഒരുവൻ ഉണർന്നിരിക്കുമ്പോൾ മിക്കപ്പോഴും ഏതെങ്കിലും അസാധാരണ മാർഗത്തിലൂടെ ആ വ്യക്തിയുടെ മനസ്സിൽ പതിയുന്ന സന്ദേശമോ ആണ് ദർശനം. ദൃഷ്ടാന്തത്തിന്, രൂപാന്തരീകരണം പ്രാപിച്ച യേശുവിനെ പത്രൊസും യാക്കോബും യോഹന്നാനും “ഉണർന്നശേഷം” ദർശനത്തിൽ കണ്ടു. (ലൂക്കൊസ് 9:28-36; 2 പത്രൊസ് 1:16-21) ചില സന്ദർഭങ്ങളിൽ സന്ദേശം ഒരു സ്വപ്നത്തിൽ അല്ലെങ്കിൽ രാത്രി ദർശനത്തിൽ, സ്വീകർത്താവു നിദ്രയിലായിരിക്കെ അയാളുടെ ഉപബോധ മനസ്സിൽ പതിഞ്ഞു. അപ്രകാരം ദാനീയേൽ “കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശന”ത്തെക്കുറിച്ച്—അല്ലെങ്കിൽ വിവർത്തകനായ റൊണാൾഡ് എ. നോസ് പരിഭാഷപ്പെടുത്തുന്നപ്രകാരം, “സ്വപ്നത്തിൽ ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കെ” സംഭവിച്ചതിനെക്കുറിച്ച് എഴുതുന്നു.—ദാനീയേൽ 4:10.
യഹോവ അന്തർലയനത്തിലാക്കിയ വ്യക്തി ഭാഗികമായിട്ടെങ്കിലും ഉണർന്നിരിക്കുകയായിരുന്നുവെങ്കിലും, തെളിവനുസരിച്ച് ഏകാഗ്രതാവസ്ഥയിൽ ലയിച്ചിരുന്നു. (പ്രവൃത്തികൾ 10:9-16, NW താരതമ്യം ചെയ്യുക.) ബൈബിളിൽ “അന്തർലയനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ (ഇക്സ്റ്റാസിസ്) അർഥം ‘മാറ്റിവെക്കുക അല്ലെങ്കിൽ സ്ഥാനഭ്രംശം വരുത്തുക’ എന്നാണ്. സ്വാഭാവിക മാനസികാവസ്ഥയെ മാറ്റുക എന്ന് അതു സൂചിപ്പിക്കുന്നു. അങ്ങനെ, അന്തർലയനത്തിലായിരിക്കുന്ന ഒരു വ്യക്തി ദർശനത്തോട് തികച്ചും സ്വീകാര്യക്ഷമതയുള്ളവനായിരിക്കെ, തന്റെ ചുറ്റുപാടുകൾ സംബന്ധിച്ച് ബോധരഹിതനായിരിക്കും. അപ്പോസ്തലനായ പൗലൊസ് ‘പരദീസയോളം എടുക്കപ്പെടുകയും . . . മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകൾ കേൾക്കുകയും’ ചെയ്തപ്പോൾ സാധ്യതയനുസരിച്ച് അത്തരമൊരു അന്തർലയനത്തിലായിരുന്നു.—2 കൊരിന്ത്യർ 12:2-4.
ദൈവത്തിൽനിന്നു വാമൊഴിയായി ലഭിച്ച സന്ദേശങ്ങൾ ലിഖിതരൂപത്തിലാക്കിയവരിൽനിന്നു വ്യത്യസ്തമായി, ദർശനങ്ങളോ സ്വപ്നങ്ങളോ ലഭിക്കുകയോ അന്തർലയനം അനുഭവിക്കുകയോ ചെയ്തവർക്ക് അവർ കണ്ടതു സ്വന്തം വാക്കുകളിൽ വിവരിക്കാൻ കുറച്ചൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഹബക്കൂക്കിനോട് ഇങ്ങനെ പറയപ്പെട്ടു: “നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക.”—ഹബക്കൂക് 2:2.
ബൈബിളിന്റെ ഈ ഭാഗങ്ങൾ കേട്ടെഴുതിയ ഭാഗങ്ങളുടെ അത്രയും നിശ്വസ്തമല്ലെന്ന് ഇത് അർഥമാക്കുന്നുണ്ടോ? തീർച്ചയായുമില്ല. യഹോവ തന്റെ ആത്മാവു മുഖാന്തരം ഓരോ എഴുത്തുകാരന്റെയും മനസ്സിൽ തന്റെ സന്ദേശങ്ങൾ ദൃഢമായി പതിപ്പിച്ചു. അതുകൊണ്ട് ദൈവത്തിന്റെ ചിന്തകളാണു കൈമാറ്റം ചെയ്യപ്പെട്ടത്, മനുഷ്യന്റേതല്ല. ഉചിതമായ പദങ്ങൾ തിരഞ്ഞെടുക്കാൻ യഹോവ എഴുത്തുകാരനെ അനുവദിച്ചപ്പോൾ, അനിവാര്യ വിവരങ്ങളൊന്നുംതന്നെ ഒഴിവാക്കപ്പെടാതിരിക്കാനും ഒടുവിൽ വചനങ്ങൾ യഥോചിതം ദൈവത്തിന്റേതായി വീക്ഷിക്കപ്പെടാനും കഴിയേണ്ടതിന് അവൻ എഴുത്തുകാരുടെ മനസ്സിനെയും ഹൃദയത്തെയും നയിച്ചു.—1 തെസ്സലൊനീക്യർ 2:13.
ദിവ്യ വെളിപ്പാട്. ബൈബിളിൽ പ്രവചനം—സംഭവം നടക്കുന്നതിനു മുമ്പേ വെളിപ്പെടുത്തുകയും എഴുതുകയും ചെയ്ത ചരിത്രം—ഉൾപ്പെടുന്നു. അതു കേവല മാനുഷ പ്രാപ്തിക്ക് തികച്ചും അതീതമാണ്. “യവനരാജാ”വായിരുന്ന മഹാനായ അലക്സാണ്ടറിന്റെ ഉയർച്ചയും പതനവുമാണ് ഒരു ഉദാഹരണം. അത് ഏകദേശം 200 വർഷങ്ങൾക്കു മുമ്പ് മുൻകൂട്ടിപ്പറഞ്ഞു! (ദാനീയേൽ 8:1-8, 20-22) മാനുഷ നേത്രങ്ങൾ ഒരിക്കലും ദർശിച്ചിട്ടില്ലാത്ത സംഭവങ്ങളും ബൈബിൾ വെളിപ്പെടുത്തുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയാണ് ഒരു ഉദാഹരണം. (ഉല്പത്തി 1:1-27; 2:7, 8) ഇയ്യോബിന്റെ പുസ്തകത്തിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നതുപോലുള്ള, സ്വർഗത്തിൽ നടന്ന സംഭാഷണങ്ങളുമുണ്ട്.—ഇയ്യോബ് 1:6-12; 2:1-6.
അത്തരം സംഭവങ്ങൾ ദൈവം എഴുത്തുകാരനു നേരിട്ടു വെളിപ്പെടുത്തിയതല്ലെങ്കിൽ, ലിഖിതമോ അലിഖിതമോ ആയ ചരിത്രത്തിന്റെ ഭാഗമാകേണ്ടതിന് ദൈവം അവ മറ്റാർക്കെങ്കിലും വെളിപ്പെടുത്തിയതായിരുന്നു. പിന്നീടവ ബൈബിൾ രേഖയുടെ ഭാഗമാകുന്നതുവരെ ഒരു തലമുറയിൽനിന്നു മറ്റൊരു തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. (7-ാം പേജിലെ ചതുരം കാണുക.) സംഗതി എന്തുതന്നെയായിരുന്നാലും, അത്തരം വിവരങ്ങളുടെയെല്ലാം ഉറവ് യഹോവയായിരുന്നുവെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാം. അവരുടെ വിവരണങ്ങൾ കൃത്യതയില്ലായ്മ, അതിവർണന, കെട്ടുകഥ എന്നിവയാൽ കളങ്കപ്പെടാതിരിക്കേണ്ടതിന് അവൻ എഴുത്തുകാരെ വഴിനയിച്ചു. പ്രവചനത്തെക്കുറിച്ചു പത്രൊസ് എഴുതി: “ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു [‘പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടിട്ട്,’ NW] സംസാരിച്ചതത്രേ.”b—2 പത്രൊസ് 1:21.
കഠിനപ്രയത്നം ആവശ്യമായിരുന്നു
ബൈബിൾ എഴുത്തുകാർ “പരിശുദ്ധാത്മാവിനാൽ നയിക്കപ്പെ”ട്ടെങ്കിലും അവരുടെ ഭാഗത്ത് ശ്രദ്ധാപൂർവകമായ വിചിന്തനം ആവശ്യമായിരുന്നു. ദൃഷ്ടാന്തത്തിന്, ശലോമോൻ “ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു. ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.”—സഭാപ്രസംഗി 12:9, 10.
തങ്ങളുടെ വിഷയത്തിനു തെളിവു ഹാജരാക്കാൻ ചില ബൈബിൾ എഴുത്തുകാർ ഗണ്യമായ ഗവേഷണം നടത്തേണ്ടതുണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ലൂക്കൊസ് തന്റെ സുവിശേഷ വിവരണത്തെക്കുറിച്ച് എഴുതി: “അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.” ആശ്രയയോഗ്യമായ ചരിത്ര രേഖകൾ കണ്ടെത്താനും അപ്പോഴും ജീവിച്ചിരുന്ന ശിഷ്യൻമാരെയും ഒരു പക്ഷേ യേശുവിന്റെ അമ്മയെയും പോലുള്ള വിശ്വാസയോഗ്യരായ ദൃക്സാക്ഷികളുമായി അഭിമുഖം നടത്താനും ലൂക്കൊസിനെ നിസ്സംശയമായും പ്രേരിപ്പിച്ചുകൊണ്ട് ദൈവാത്മാവ് അവന്റെ ശ്രമങ്ങളെ തീർച്ചയായും അനുഗ്രഹിച്ചു. എന്നിട്ട് ദൈവാത്മാവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിൽ ലൂക്കൊസിനെ നയിച്ചു.—ലൂക്കൊസ് 1:1-4.
ലൂക്കൊസിന്റെ സുവിശേഷത്തിൽനിന്നു വ്യത്യസ്തമായി, യോഹന്നാന്റെ സുവിശേഷം ഒരു ദൃക്സാക്ഷി വിവരണമായിരുന്നു. യേശുവിന്റെ മരണത്തിന് 65 വർഷം കഴിഞ്ഞാണ് അവൻ അത് എഴുതിയത്. കാലം കടന്നുപോയതോടെ യോഹന്നാന്റെ ഓർമശക്തി ക്ഷയിച്ചുപോകാതിരിക്കത്തക്കവണ്ണം യഹോവ അതു കൂർമതയുള്ളതായി നിലനിർത്തിയെന്നതിനു യാതൊരു സംശയവുമില്ല. അത് യേശു തന്റെ അനുഗാമികളോടു വാഗ്ദാനം ചെയ്തതിനു ചേർച്ചയിലായിരിക്കുമായിരുന്നു: “പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.”— യോഹന്നാൻ 14:26.
ചില കേസുകളിൽ ബൈബിൾ എഴുത്തുകാർ ആദിമ ചരിത്ര രചയിതാക്കളുടെ ദൃക്സാക്ഷി രേഖകളിൽനിന്നു സമാഹരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി. ആ രചയിതാക്കളെല്ലാവരും നിശ്വസ്തരായിരുന്നില്ല. യിരെമ്യാവ് ഒന്നും രണ്ടും രാജാക്കന്മാർ രചിച്ചതു മുഖ്യമായും ഈ വിധത്തിലാണ്. (2 രാജാക്കന്മാർ 1:18) ഒന്നും രണ്ടും ദിനവൃത്താന്തത്തിനുവേണ്ടുന്ന വിവരങ്ങൾ ശേഖരിക്കാനായി എസ്രാ “ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തക”വും “യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തക”വും ഉൾപ്പെടെ ഏറ്റവും കുറഞ്ഞതു 14 അനിശ്വസ്ത ഉറവിടങ്ങളെങ്കിലും പരിശോധിച്ചു. (1 ദിനവൃത്താന്തം 27:24; 2 ദിനവൃത്താന്തം 16:11) “യഹോവയുടെ യുദ്ധപുസ്തകത്തിൽ”നിന്ന്—സാധ്യതയനുസരിച്ച്, ദൈവജനത്തിന്റെ യുദ്ധങ്ങളുടെ ആശ്രയയോഗ്യമായ ഒരു വിവരണം—മോശ ഉദ്ധരിച്ചു.—സംഖ്യാപുസ്തകം 21:14, 15.
നിശ്വസ്ത ബൈബിൾ രേഖയുടെ ഭാഗമായിത്തീർന്ന, ആശ്രയയോഗ്യമായ വിവരങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ബൈബിൾ എഴുത്തുകാരെ പ്രേരിപ്പിച്ചുകൊണ്ട് അത്തരം കേസുകളിൽ പരിശുദ്ധാത്മാവ് സജീവമായി ഉൾപ്പെട്ടു.
പ്രായോഗിക ബുദ്ധ്യുപദേശം—ആരിൽനിന്ന്?
വ്യക്തിപരമായ സൂക്ഷ്മ നിരീക്ഷണങ്ങളിൽ അധിഷ്ഠിതമായ പ്രായോഗിക ബുദ്ധ്യുപദേശങ്ങളാൽ സമൃദ്ധമാണ് ബൈബിൾ. ദൃഷ്ടാന്തത്തിന് ശലോമോൻ എഴുതി: “തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറെറാരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളതു എന്നു ഞാൻ കണ്ടു.” (സഭാപ്രസംഗി 2:24) വിവാഹത്തെക്കുറിച്ചുള്ള തന്റെ ഉപദേശം “[സ്വന്തം] അഭിപ്രായം” ആണെന്ന് പൗലൊസ് പ്രസ്താവിച്ചു. എങ്കിലും അവൻ കൂട്ടിച്ചേത്തു: “ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.” (1 കൊരിന്ത്യർ 7:25, 39, 40) പൗലൊസിന് തീർച്ചയായും ദൈവാത്മാവുണ്ടായിരുന്നു. കാരണം, അപ്പോസ്തലനായ പത്രൊസ് പ്രസ്താവിച്ചതുപോലെ, പൗലൊസ് എഴുതിയത് “തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം” ആണ്. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (2 പത്രൊസ് 3:15, 16) അങ്ങനെ ദൈവാത്മാവിനാൽ നയിക്കപ്പെട്ടിട്ട്, അവൻ തന്റെ അഭിപ്രായം പറയുകയായിരുന്നു.
ബൈബിൾ എഴുത്തുകാർ അത്തരം വ്യക്തിഗത ബോധ്യങ്ങൾ പ്രകടിപ്പിച്ചപ്പോൾ, തങ്ങൾക്കു ലഭ്യമായിരുന്ന തിരുവെഴുത്തുകളുടെ പഠനത്തിന്റെയും ബാധകമാക്കലിന്റെയും പശ്ചാത്തലത്തിലാണ് അവർ അപ്രകാരം ചെയ്തത്. അവരുടെ എഴുത്തുകൾ ദൈവത്തിന്റെ ചിന്തയുമായി യോജിപ്പിലായിരുന്നുവെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവർ രേഖപ്പെടുത്തിയത് ദൈവവചനത്തിന്റെ ഭാഗമായിത്തീർന്നു.
തെറ്റായി ചിന്തിച്ച ചിലരുടെ പ്രസ്താവനകൾ ബൈബിളിൽ തീർച്ചയായുമുണ്ട്. (ഇയ്യോബ് 15:15-നെ 42:7-മായി താരതമ്യം ചെയ്യുക.) ദൈവദാസൻമാരുടെ ഉത്കണ്ഠാകുലമായ വികാരങ്ങൾ പ്രതിഫലിപ്പിച്ച ചുരുക്കംചില പ്രസ്താവനകളും അതിലുണ്ട്. എന്നാൽ സംഗതികൾ സംബന്ധിച്ച പൂർണമായ ചിത്രം അവ നൽകിയില്ല.c അത്തരം വ്യക്തിഗത പ്രസ്താവനകൾ നടത്തിയപ്പോൾ, തെറ്റായ ന്യായവാദത്തെ തിരിച്ചറിയാനും വെളിച്ചത്തുകൊണ്ടുവരാനും സഹായിച്ചുകൊണ്ട് കൃത്യതയുള്ള ഒരു രേഖയുണ്ടാക്കാൻ ദൈവാത്മാവ് അപ്പോഴും എഴുത്തുകാരനെ നയിച്ചു. കൂടാതെ, ഓരോ കേസിലും, എഴുത്തുകാരന്റെ ചിന്ത ന്യായയുക്തമാണോയെന്നത് സന്ദർഭത്തിൽനിന്നു ന്യായബോധമുള്ള വായനക്കാരനു വ്യക്തമാകുന്നു.
ചുരുക്കത്തിൽ, മുഴു ബൈബിളും ദൈവത്തിന്റെ സന്ദേശമാണെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാവുന്നതാണ്. തീർച്ചയായും, അതിലുള്ള സകലതും തന്റെ ഉദ്ദേശ്യത്തിനു യോജിച്ചതാണെന്നും തന്നെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനിവാര്യമായ ബുദ്ധ്യുപദേശം നൽകുന്നതാണെന്നും യഹോവ ഉറപ്പുവരുത്തി.—റോമർ 15:4.
മാനുഷ എഴുത്തുകാർ—എന്തുകൊണ്ട്?
ബൈബിൾ എഴുതാൻ യഹോവ മനുഷ്യരെ ഉപയോഗിച്ചത് അവന്റെ മഹത്തായ ജ്ഞാനം പ്രകടമാക്കുന്നു. ഇതു പരിഗണിക്കുക: ദൈവം കാര്യാദികൾ ദൂതൻമാർക്ക് ഏൽപ്പിച്ചുകൊടുത്തിരുന്നെങ്കിൽ ബൈബിളിന് അതേ ആകർഷണീയത ഉണ്ടായിരിക്കുമായിരുന്നോ? ഒരു ദൂതന്റെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് ദൈവത്തിന്റെ ഗുണങ്ങളും ഇടപെടലുകളും സംബന്ധിച്ചു വായിക്കുന്നത് നമ്മെ പുളകപ്രദരാക്കുമായിരുന്നുവെന്നതു സത്യം തന്നെ. എന്നാൽ മാനുഷികാംശം നിശ്ശേഷം ഇല്ലായിരുന്നെങ്കിൽ ബൈബിളിന്റെ സന്ദേശം മനസ്സിലാക്കാൻ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു.
ദൃഷ്ടാന്തീകരിക്കുന്നതിന്: ദാവീദ് രാജാവ് വ്യഭിചാരവും കൊലപാതകവും നടത്തിയെന്നും പിന്നീട് അനുതപിച്ചെന്നും മാത്രം ബൈബിൾ റിപ്പോർട്ടു ചെയ്താൽ മതിയായിരുന്നു. എന്നാൽ ദാവീദ് തന്റെ നടപടികൾ സംബന്ധിച്ചു ഹൃദയഭേദകമായ വ്യാകുലത പ്രകടിപ്പിക്കുകയും യഹോവയുടെ ക്ഷമയ്ക്കായി യാചിക്കുകയും ചെയ്തപ്പോഴുള്ള അവന്റെ സ്വന്തം വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത് എത്രയധികം മെച്ചമാണ്! “എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല” എന്ന് അവൻ എഴുതി. (സങ്കീർത്തനം 51:3, 17) ആയതിനാൽ മാനുഷിക ഘടകങ്ങൾ പ്രദാനം ചെയ്യുന്ന ഊഷ്മളതയും വ്യതിരിക്തതയും ആകർഷണീയതയും ബൈബിളിനുണ്ട്.
അതേ, തന്റെ വചനം നമുക്കു നൽകുന്നതിനുള്ള ഏറ്റവും ഉത്തമമായ മാർഗം യഹോവ തിരഞ്ഞെടുത്തു. ദൗർബല്യങ്ങളും ചാപല്യങ്ങളും ഉള്ള മനുഷ്യരെ ഉപയോഗിച്ചെങ്കിലും അവരുടെ എഴുത്തുകളിൽ യാതൊരു തെറ്റും സംഭവിക്കാതിരിക്കേണ്ടതിന് പരിശുദ്ധാത്മാവ് അവരെ നയിച്ചു. അതുകൊണ്ട് ബൈബിളിന് അത്യുത്തമ മൂല്യമുണ്ട്. അതിന്റെ ബുദ്ധ്യുപദേശങ്ങൾ യുക്തിസഹവും ഭൂമിയിലെ ഭാവി പറുദീസയെക്കുറിച്ചുള്ള അതിലെ പ്രവചനങ്ങൾ ആശ്രയയോഗ്യവുമാണ്.—സങ്കീർത്തനം 119:105; 2 പത്രൊസ് 3:13.
ഓരോ ദിവസവും ദൈവവചനത്തിന്റെ ഒരു ഭാഗം വായിക്കുന്നത് ഒരു പതിവാക്കിക്കൂടേ? “രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ” എന്ന് പത്രൊസ് എഴുതി. (1 പത്രൊസ് 2:2, 3) എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാകയാൽ “ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്ന് നിങ്ങൾ കണ്ടെത്തും.—2 തിമൊഥെയൊസ് 3:16, 17.
[അടിക്കുറിപ്പുകൾ]
a കുറഞ്ഞപക്ഷം ഒരു സംഗതിയിലെങ്കിലും, അതായത് പത്തുകൽപ്പനകളുടെ കാര്യത്തിൽ, “ദൈവത്തിന്റെ വിരൽകൊണ്ടു” വിവരങ്ങൾ നേരിട്ടെഴുതി. പിന്നീട് മോശ ആ വാക്കുകൾ ചുരുളുകളിലേക്കോ മറ്റു വസ്തുക്കളിലേക്കോ പകർത്തിയെഴുതുകമാത്രമായിരുന്നു.—പുറപ്പാടു 31:18; ആവർത്തനപുസ്തകം 10:1-5.
b ‘നയിക്കപ്പെട്ടിട്ട്’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദമായ ഫിറോ, കാറ്റിനാൽ നയിക്കപ്പെടുന്ന ഒരു കപ്പലിനെ വിവരിക്കാൻ മറ്റൊരു രൂപത്തിൽ പ്രവൃത്തികൾ 27:15, 17-ൽ ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവ് ബൈബിൾ എഴുത്തുകാരുടെ ‘പ്രവർത്തനഗതിയെ നിയന്ത്രിച്ചു.’ വ്യാജമായ ഏതൊരു വിവരവും തിരസ്കരിക്കാനും വസ്തുനിഷ്ഠമായതു മാത്രം ഉൾപ്പെടുത്താനും അത് അവരെ പ്രേരിപ്പിച്ചു.
c ദൃഷ്ടാന്തത്തിന്, 1 രാജാക്കൻമാർ 19:4-നെ 14, 18 എന്നീ വാക്യങ്ങളുമായി താരതമ്യം ചെയ്യുക. ഇയ്യോബ് 10:1-3; സങ്കീർത്തനം 73:12, 13, 21; യോനാ 4:1-3, 9; ഹബക്കൂക് 1:1-4, 13.
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മോശയ്ക്കു വിവരങ്ങൾ ലഭിച്ചത് എവിടെനിന്നായിരുന്നു?
ബൈബിൾ പുസ്തകമായ ഉല്പത്തി എഴുതിയതു മോശയാണ്. എന്നാൽ അവൻ രേഖപ്പെടുത്തിയവയെല്ലാം സംഭവിച്ചത് അവന്റെ ജനനത്തിനു ദീർഘനാൾ മുമ്പാണ്. അപ്പോൾപ്പിന്നെ അവന് ആ വിവരങ്ങൾ ലഭിച്ചത് എവിടെനിന്നായിരുന്നു? അത് ദൈവം അവനു നേരിട്ടു വെളിപ്പെടുത്തിക്കൊടുത്തതാകാം. അല്ലെങ്കിൽ ചില സംഭവങ്ങൾ സംബന്ധിച്ച അറിവ് ഒരു തലമുറയിൽനിന്ന് അടുത്തതിലേക്കു വാചികമായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കാം. ആദിമ കാലങ്ങളിൽ മനുഷ്യരുടെ ആയുഷ്കാലം കൂടുതലായിരുന്നതിനാൽ, ഉല്പത്തിയിൽ മോശ രേഖപ്പെടുത്തിയ ഒട്ടുമിക്കതും ആദാമിൽനിന്നു വെറും അഞ്ചു മാനുഷിക കണ്ണികളിലൂടെ—മെഥൂശലഹ്, ശേം, യിസ്ഹാക്ക്, ലേവി, അമ്രാം—മോശയ്ക്കു കൈമാറിക്കിട്ടിയിരുന്നിരിക്കാം.
അതിനുപുറമേ, ലിഖിത രേഖകൾ മോശ പരിശോധിച്ചിട്ടുണ്ടാകാം. ചർച്ചചെയ്യേണ്ട വ്യക്തിയെക്കുറിച്ചുള്ള വിവരണം നൽകുന്നതിനു മുമ്പ് “ചരിത്രം ഇതാകുന്നു” എന്ന പദപ്രയോഗം മോശ കൂടെക്കൂടെ ഉപയോഗിക്കുന്നത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. (ഉല്പത്തി 6:9; 10:1; 11:10, 27; 25:12, 19; 36:1, 9; 37:2, NW) “ചരിത്രം” എന്ന് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന എബ്രായ പദമായ തോഹ്ലെദോത്ത്, തന്റെ എഴുത്തിനുള്ള ഒരു ഉറവിടമായി മോശ ഉപയോഗിച്ച, അപ്പോൾത്തന്നെ നിലവിലുണ്ടായിരുന്ന ലിഖിത ചരിത്ര രേഖയെ പരാമർശിക്കുന്നുവെന്ന് ചില പണ്ഡിതൻമാർ പറയുന്നു. എന്നാൽ അതങ്ങനെ നിസ്തർക്കമായി പ്രസ്താവിക്കാനാവില്ലെന്നതു ശരിതന്നെ.
മേൽപ്രസ്താവിച്ച മൂന്നു വിധങ്ങളിലൂടെയുമായിരിക്കാം ഉല്പത്തി പുസ്തകത്തിലെ വിവരങ്ങൾ ലഭിച്ചത്, അതായത്, ചിലതു നേരിട്ടുള്ള വെളിപ്പെടുത്തലിലൂടെയും ചിലതു വാചിക കൈമാറ്റത്തിലൂടെയും ചിലതു ലിഖിത രേഖകളിൽനിന്നും. ദൈവം മോശയെ നിശ്വസ്തനാക്കി എന്നതാണു പ്രധാനപ്പെട്ട സംഗതി. അതുകൊണ്ട് അവൻ എഴുതിയത് ഉചിതമായും ദൈവവചനമായി വീക്ഷിക്കപ്പെടുന്നു.
[4-ാം പേജിലെ ചിത്രം]
ബൈബിൾ എഴുതാൻ ദൈവം മനുഷ്യരെ വ്യത്യസ്ത വിധങ്ങളിൽ നിശ്വസ്തരാക്കി