രാജാവിന്റെ ആജ്ഞകൾ ശ്രദ്ധാപൂർവ്വം അനുസരിക്കുക
“ഞാൻ നിന്റെ ആജ്ഞകളിൽ താത്പര്യമെടുക്കും, ഞാൻ നിന്റെ പാതകളിലേക്കു നോക്കും. ഞാൻ നിന്റെ ചട്ടങ്ങളോട് ഒരു പ്രിയം പ്രകടമാക്കും. ഞാൻ നിന്റെ വചനം മറക്കുകയില്ല.”—സങ്കീർത്തനം 119:15, 16.
1. സകലരും സകലതും യഹോവയുടെ ആജ്ഞകളിൻ കീഴിലായിരിക്കുന്നതെന്തുകൊണ്ട്?
സകലരും സകലതും നിത്യതയുടെ രാജാവായ സർവ്വശക്തനാം ദൈവമായ യഹോവയുടെ ആജ്ഞകളിൻ കീഴിലാണ്. അവനാണ് അഖിലാണ്ഡത്തെ സൃഷ്ടിച്ചവൻ. അവനാണ് സകല ജീവന്റെയും ഉറവ്. അവൻ ഭൂമിയെ നിർമ്മിക്കുകയും അതിനെ ജനനിവാസത്തിനായി ഒരുക്കുകയും ചെയ്തു. അവൻ ക്രമത്തിന്റെ ദൈവമാകുന്നു, അവന്റെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനാൽ അവന്റെ സൃഷ്ടിയിലെങ്ങും ക്രമം പാലിക്കപ്പെടും.—സങ്കീർത്തനം 36:9; യെശയ്യാവ് 45:18; വെളിപ്പാട് 15:3.
2. നക്ഷത്ര നിബിഡമായ ആകാശങ്ങളെ നിയന്ത്രിക്കുന്നതാർ, എങ്ങനെ?
2 ഭൂമിയുടെമേൽ ഒരു കൂടാരംപോലെ വിരിയാൻ നക്ഷത്രനിബിഡമായ ആകാശങ്ങളോടു ആജ്ഞാപിച്ചത് യഹോവയാം ദൈവമായിരുന്നു. അനന്തരം അവൻ തന്റെ ജനത്തെ ക്ഷണിച്ചുകൊണ്ടു പറഞ്ഞു: “നിങ്ങളുടെ കണ്ണുകൾ മേല്പ്പോട്ടുയർത്തി കാണുക. ഇവയെ സൃഷ്ടിച്ചിരിക്കുന്നതാർ? അത് അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുന്നവനാണ്, അവയെയെല്ലാം അവൻ പേർ ചൊല്ലി വിളിക്കുന്നു.” “ആകാശത്തിലെ ചട്ടങ്ങൾ നീ അറിയാനിടയായിട്ടുണ്ടോ, അല്ലെങ്കിൽ നിനക്ക് അതിന്റെ അധികാരത്തെ ഭൂമിയിൽ സ്ഥാപിക്കാൻ കഴിയുമോ?” എന്ന് ഇയ്യോബിനോടു ചോദിച്ചത് യഹോവയായിരുന്നു. അവന്റെ ഗുരുത്വാകർഷണത്തിന്റെയും ചലനത്തിന്റെയും നിയമങ്ങളാണ് ശതകോടിക്കണക്കിനു നക്ഷത്രങ്ങളോടുകൂടിയ ദശലക്ഷക്കണക്കിന് താരാപംക്തികളെ യോജിപ്പിച്ചു നിർത്തുന്നതും ഭൂമി ശൂന്യാകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ അതിന്റെ ചലനങ്ങളെ ഭരിക്കുന്നതും.—യെശയ്യാവ് 40:26; ഇയ്യോബ് 38:33.
3. ആരുടെ ആജ്ഞകളാൽ മൃഗങ്ങൾ നിലനിൽക്കുന്നു, അവ അനുസരിക്കാതിരുന്നാൽ എന്തു സംഭവിക്കും?
3 ഭൂമിക്കു പരവതാനി വിരിക്കുന്ന പച്ച സസ്യങ്ങളെ ഉല്പാദിപ്പിക്കുന്നത് അവനാണ്. അവന്റെ ആജ്ഞകളാലാണ് വിത്തുകൾ മുളയ്ക്കുന്നതും വളരുന്നതും പുനരുല്പാദിപ്പിക്കുന്നതും. ഭൂമിയിൽ ധൃവപ്രദേശങ്ങൾ മുതൽ ഉഷ്ണമേഖലാവനങ്ങൾ വരെയും അന്തരീക്ഷത്തിന്റെ ഉന്നതം മുതൽ മണ്ണിന്റെ ആഴം വരെയും സമുദ്രത്തിന്റെ ഉപരിതലം മുതൽ ഇരുണ്ട ആഴങ്ങൾ വരെയും മൃഗജീവന്റെ വൈവിധ്യമാർന്ന അസംഖ്യം ഇനങ്ങൾ സമൃദ്ധമായുണ്ട്. സ്ഥിതിചെയ്യുന്നതിന്, എണ്ണമററ തരങ്ങളിലോരോന്നും യഹോവയാൽ ആജ്ഞാപിക്കപ്പെടുന്നതുപോലെ ജീവിക്കേണ്ടതാണ്. സഹജജ്ഞാനം മുഖേന അവൻ നിലനിൽപ്പിനുള്ള അവന്റെ ആജ്ഞകൾ അവയിൽ നിവേശിപ്പിക്കുന്നു. “അവ സഹജമായി ജ്ഞാനമുള്ളവയാണ്.” (സദൃശവാക്യങ്ങൾ 30:24) എന്നാൽ അലാസ്ക്കായിലെ ചെറിയ ബ്ലാക്ക് പോൾ വാർബ്ലർ ‘ഞാൻ തെക്കേ അമേരിക്കയിലേക്ക് ആയിരക്കണക്കിനു മൈൽ പറക്കാൻ പോകുന്നില്ല. ഞാൻ എന്തിനു പറക്കണം?’ എന്ന് അതിനോടുതന്നെ പറഞ്ഞാലോ? ആ ചെറിയ വാർബ്ലർ ശൈത്യകാല പിശറിൽ മരണമടയും. എന്നാൽ അത് അങ്ങനെ പറയുകയില്ല. അത് നിലനിൽപ്പിനുവേണ്ടി ദേശാടനപറക്കൽ നടത്താൻ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുകയാണ്. എല്ലാ മൃഗങ്ങളേ സംബന്ധിച്ചും അങ്ങനെതന്നെയാണ്. അവ അവയുടെ സ്രഷ്ടാവായ യഹോവ അവയിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന ആജ്ഞകൾ സഹജമായി അനുസരിക്കുന്നു. അവയ്ക്ക് മററു പോംവഴിയില്ല.
4. ആളുകൾ എന്തു തെരഞ്ഞെടുക്കണം, പരിണതഫലങ്ങൾ എന്ത്?
4 മനുഷ്യരെ സംബന്ധിച്ച് സംഗതി വ്യത്യസ്തമാണ്. നാം ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. സഹജജ്ഞാനത്താൽ മാത്രം നാം ബുദ്ധിപൂർവ്വം പ്രവർത്തിക്കാൻ യഹോവ ക്രമീകരണം ചെയ്തിട്ടില്ലെങ്കിലും അവൻ നമ്മെ അജ്ഞതയിൽ വിട്ടിട്ടില്ല. ജീവൻ സമ്പാദിക്കുന്നതിനുള്ള അവന്റെ ആജ്ഞകൾ അവൻ തന്റെ വചനമായ ബൈബിളിലൂടെ നമുക്കു നൽകുന്നു. നാം രാജാവിന്റെ ഈ ആജ്ഞകൾ ശ്രദ്ധാപൂർവ്വം അനുസരിക്കുന്നുവെങ്കിൽ നാം ജീവിക്കും. അവയെ അവഗണിക്കുന്നതിന് നാം നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കുകയും നാം സ്വതന്ത്രമായി തെരഞ്ഞെടുക്കുന്ന ഒരു വഴിയേ പോകുകയുമാണെങ്കിൽ നാം മരിക്കും. നാം അതിജീവനത്തിനുവേണ്ടി നമ്മേത്തന്നെ ക്രമീകരിക്കണം. അത് അത്ര ലളിതമാണ്. “നിന്റെ വചനം എന്റെ പാദത്തിന് ഒരു വിളക്കും എന്റെ പാതയ്ക്ക് ഒരു വെളിച്ചവുമാകുന്നു” എന്ന് സങ്കീർത്തനക്കാരൻ പറഞ്ഞു. മറിച്ച്, ഒരു വ്യത്യസ്ത “വഴി ഒരു മനുഷ്യന് നേരേയുള്ളതായി തോന്നിയേക്കാം, എന്നാൽ അത് മരണവഴിയായി കലാശിച്ചേക്കാം.” (സങ്കീർത്തനം 119:105; സദൃശവാക്യങ്ങൾ 14:12, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) ഈ അന്ത്യകാലത്ത് നാം സങ്കീർത്തനം 119:15, 16-ൽ യഹോവയെ സംബോധന ചെയ്തു പറയപ്പെട്ടിരിക്കുന്ന വാക്കുകൾ സ്വന്തമായി എടുക്കേണ്ടത് അത്യാവശ്യമാണ്: “ഞാൻ നിന്റെ ആജ്ഞകളിൽ താത്പര്യമെടുക്കും, ഞാൻ നിന്റെ പാതകളിലേക്കു നോക്കും. ഞാൻ നിന്റെ ചട്ടങ്ങളോട് ഒരു പ്രിയം പ്രകടമാക്കും. ഞാൻ നിന്റെ വചനം മറക്കുകയില്ല.”
യഹോവ തന്റെ ജനത്തിന്റെ സംഘാടകൻ
5. ഏതു വിധങ്ങളിൽ യഹോവ യിസ്രായേലിന്റെ ന്യായാധിപതിയും നിയമദാതാവും രാജാവുമായിരുന്നു?
5 യഹോവ സീനായ് മലയിൽ വച്ച് മോശെയോടു സംസാരിക്കുകയും യിസ്രായേലിന്റെ മാർഗ്ഗനിർദ്ദേശത്തിനായി ആജ്ഞകൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇവയിൽ മുന്തിനിന്നത് ദൈവത്തിന്റെ വിരൽകൊണ്ട് കല്പലകകളിൻമേൽ എഴുതപ്പെട്ട പത്തു കല്പനകളായിരുന്നു. (പുറപ്പാട് 20:1-17; 31:18) യഹോവ യിസ്രായേലിന്റെ നിയമദാതാവായിരുന്നതിനു പുറമേ, മോശെയിലൂടെയും മററു പ്രായമേറിയ പുരുഷൻമാരിലൂടെയും പ്രവർത്തിച്ച അവരുടെ ന്യായാധിപനുമായിരുന്നു. മോശെ അങ്ങനെയുള്ള പ്രായമേറിയ പുരുഷൻമാരെ ഇത് ഓർത്തിരിക്കാൻ ബുദ്ധിയുപദേശിച്ചു: “നിങ്ങൾ ന്യായവിധിയിൽ പക്ഷപാതിത്തം കാട്ടരുത്. നിങ്ങൾ വലിയവനെപ്പോലെ ചെറിയവനെയും കേൾക്കണം. നീ ഒരു മനുഷ്യൻ നിമിത്തം ഭയപ്പെടരുത്, എന്തെന്നാൽ ന്യായവിധി ദൈവത്തിനുള്ളതാണ്.” (ആവർത്തനം 1:17) യഹോവ അവരുടെ കാര്യങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ആ ദശലക്ഷങ്ങളെ സംഘടിപ്പിച്ച അവരുടെ രാജാവുമായിരുന്നു. ഇതിന്റെയെല്ലാം വീക്ഷണത്തിൽ അവന്റെ പ്രവാചകൻമാരിൽ ഒരുവന് പിന്നീട് ഇങ്ങനെ പ്രഖ്യാപിക്കാൻ കഴിഞ്ഞു: “യഹോവ നമ്മുടെ ന്യായാധിപനാകുന്നു, യഹോവ നമ്മുടെ നിയമദാതാവാകുന്നു, യഹോവ നമ്മുടെ രാജാവാകുന്നു.”—യെശയ്യാവ് 33:22.
6. യഹോവ മരുഭൂമിയിൽ വച്ച് യിസ്രായേലിന്റെ സംഘാടകനും വഴികാട്ടിയുമെന്നു തെളിഞ്ഞതെങ്ങനെ?
6 യിസ്രായേൽജനത ഗോത്രങ്ങളും കുടുംബങ്ങളും ഭവനങ്ങളുമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. അവർ മരുഭൂമിയിലൂടെ യാത്ര ചെയ്തപ്പോൾ യഹോവ അഭിഗമനത്തിൽ ഓരോ ഗോത്രത്തിനും അതിന്റെ സ്ഥാനം നിയമിച്ചുകൊടുത്തു. അവർ സമാഗമന കൂടാരത്തിനു ചുററും പാളയമടിച്ചപ്പോൾ ഓരോ ഗോത്രത്തിനും അതിന്റെ നിയമിത സ്ഥാനമുണ്ടായിരുന്നു. (സംഖ്യാപുസ്തകം 2:1-34; യോശുവ 7:14) ഒരു മേഘം മുഖേന യഹോവ അവരുടെ നീക്കങ്ങൾ ആജ്ഞാപിച്ചു: “കൂടാരത്തിൻമീതെ നിന്ന് മേഘം എപ്പോൾ ഉയരുന്നുവോ അപ്പോൾ യിസ്രായേൽ പുത്രൻമാർ ഉടനെ നീങ്ങും, മേഘം വസിക്കുന്ന സ്ഥലത്ത് യിസ്രായേൽ പുത്രൻമാർ പാളയമടിക്കും. യഹോവയുടെ ആജ്ഞയിങ്കൽ യിസ്രായേൽ പുത്രൻമാർ നീങ്ങും, യഹോവയുടെ ആജ്ഞയിങ്കൽ അവർ പാളയമടിക്കും.”—സംഖ്യാപുസ്തകം 9:17, 18.
7. യിസ്രായേലിന്റെ സംഘടനയിൽ ആർക്ക് മാററങ്ങൾ വരുത്താൻ കഴിയുമായിരുന്നു, ആർ വരുത്തി?
7 ഒരു സംഘടനാപരമായ മാററം ആവശ്യമായിത്തീർന്നപ്പോൾ യഹോവ അതു വരുത്തി. “എനിക്കുതന്നെ ഈ ജനത്തെയെല്ലാം വഹിക്കാൻ കഴിവില്ല, എന്തുകൊണ്ടെന്നാൽ അവർ എനിക്ക് വളരെ ഭാരമാണ്.” എന്ന് മോശെ പരാതിപ്പെട്ടു. യഹോവ പ്രതികരിച്ചു: “യിസ്രായേലിലെ പ്രായമേറിയ പുരുഷൻമാരിൽനിന്ന് എനിക്കുവേണ്ടി എഴുപതു പുരുഷൻമാരെ കൂട്ടിവരുത്തുക, അവർ ജനത്തിലെ പ്രായമേറിയ പുരുഷൻമാരും അവരുടെ ഉദ്യോഗസ്ഥൻമാരുമാണെന്ന് നിനക്ക് തീർച്ചയായും അറിയാവുന്നവരായിരിക്കണം. . . . നീ ഒററയ്ക്ക് ജനത്തിന്റെ ഭാരം വഹിക്കാതിരിക്കേണ്ടതിന് അവർ അതു വഹിക്കുന്നതിൽ നിന്നെ സഹായിക്കേണ്ടിവരും.” (സംഖ്യാപുസ്തകം 11:14, 16, 17) ജനം പിന്നീട് ഒരു മാനുഷരാജാവിനെ ആവശ്യപ്പെട്ടപ്പോൾപോലും നിത്യതയുടെ രാജാവ് യിസ്രായേലിനെ ഉപേക്ഷിച്ചില്ല. മനുഷ്യ രാജാവിന് യഹോവയുടെ നിയമത്തിന്റെ ഒരു പ്രതി ഉണ്ടായിരുന്നു. പ്രവാചകൻമാർ യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിച്ചു. വിശ്വസ്തരായ രാജാക്കൻമാർ ‘യഹോവയുടെ സിംഹാസനത്തിൽ’ ഇരുന്നപ്പോൾ പിന്നെയും ദൈവത്തിനുവേണ്ടിയുള്ള ഭരണാധികാരികളായി സേവിച്ചു.—1 ദിനവൃത്താന്തം 29:23; ആവർത്തനം 17:18; 2 രാജാക്കൻമാർ 17:13; യിരെമ്യാവ് 7:25.
രാജാവിന്റെ ആജ്ഞകൾ അനുസരിക്കുന്നതിന്റെ തികഞ്ഞ ദൃഷ്ടാന്തം
8. യേശു എങ്ങനെ, എവിടെ, എന്തു ഫലങ്ങളോടെ വരുവാനുള്ള രാജ്യത്തെ ഘോഷിച്ചു?
8 വാഗ്ദത്ത മശിഹായെന്നനിലയിൽ യേശു വന്നെത്തിയപ്പോൾ അവൻ തന്റെ സ്വർഗ്ഗീയ പിതാവിന്റെ ആജ്ഞകൾ ഉഗ്രമായ തീക്ഷ്ണതയോടെ അനുസരിച്ചു. വലിയ ഗലീലാ ശുശ്രൂഷയുടെ തുടക്കത്തോടെ, അവൻ “പ്രസംഗിക്കാനും, ‘ജനങ്ങളേ അനുതപിക്കുവിൻ, എന്തെന്നാൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പറയാനും തുടങ്ങി. പിന്നീട് അവൻ മുഴു ഗലീലയിലുമുടനീളം അവരുടെ സിന്നഗോഗുകളിൽ പഠിപ്പിച്ചുകൊണ്ടും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ടും ജനത്തിന്റെ ഇടയിലെ സകലതരം രോഗവും സകലതരം വ്യാധിയും സൗഖ്യമാക്കിക്കൊണ്ടും ചുററി സഞ്ചരിച്ചു. തൽഫലമായി, ഗലീലയിൽനിന്നും ദക്കപ്പോലീസിൽ നിന്നും യെരുശലേമിൽനിന്നും യഹൂദ്യയിൽനിന്നും യോർദ്ദാന്റെ മറുകരയിൽനിന്നും വലിയ ജനക്കൂട്ടങ്ങൾ അവനെ അനുഗമിച്ചു.” (മത്തായി 4:17, 23, 25; യോഹന്നാൻ 2:17) അവൻ തന്റെ പ്രസംഗം സിന്നഗോഗുകളിൽ മാത്രമായി പരിമിതപ്പെടുത്തിയില്ല. കേൾക്കാൻ ആളുകൾ ഉണ്ടായിരുന്നടത്തെല്ലാം അവൻ രാജ്യസുവാർത്ത പ്രഘോഷിച്ചു: ആലയത്തിലും കടൽത്തീരത്തും, പർവ്വതപാർശ്വത്തിലും, തുറന്ന പ്രദേശത്തും നഗരങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങളുടെ വീടുകളിലും. ജനക്കൂട്ടങ്ങൾ “സന്തോഷത്തോടെ അവനെ ശ്രദ്ധിച്ചുകൊണ്ട്” അവന്റെ അടുക്കൽ തടിച്ചുകൂടി. അവർ “അവനെ കേൾക്കുന്നതിന് അവന്റെ പിന്നാലെ കൂടി.”—മർക്കോസ് 12:37; ലൂക്കോസ് 19:48.
9. പ്രസംഗവേല വികസിപ്പിക്കാൻ യേശു എന്തു ചെയ്തു, അവൻ എന്തു നിർദ്ദേശങ്ങൾ നൽകി?
9 തന്റെ അപ്പോസ്തലൻമാർക്ക് അവൻ കൂടുതൽ വേലക്കാരുടെ ആവശ്യം കാണിച്ചുകൊടുത്തു. തന്നിമിത്തം “ഈ പന്ത്രണ്ടുപേരെ യേശു അയയ്ക്കുകയും അവർക്ക് ഈ ആജ്ഞകൾ കൊടുക്കുകയും ചെയ്തു: ‘ജനതകളുടെ വഴിയിലേക്ക് പോകരുത്, ഒരു ശമര്യനഗരത്തിൽ പ്രവേശിക്കയുമരുത്; പകരം, യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കു തുടർച്ചയായി പോകുക. നിങ്ങൾ പോകുമ്പോൾ “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് പ്രസംഗിക്കുക. നിങ്ങൾ ഏതു നഗരത്തിൽ അല്ലെങ്കിൽ ഗ്രാമത്തിൽ പ്രവേശിച്ചാലും, അതിൽ അർഹതയുള്ളവർ ആരെന്നു അന്വേഷിക്കുകയും നിങ്ങൾ വിട്ടുപോകുന്നതുവരെ അവിടെത്തന്നെ താമസിക്കുകയും ചെയ്യുക. നിങ്ങൾ വീട്ടിൽ പ്രവേശിക്കുമ്പോൾ, വീടിനെ അഭിവാദനം ചെയ്യുക, വീടിന് അർഹതയുണ്ടെങ്കിൽ, നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിൻമേൽ വരട്ടെ, എന്നാൽ അതിന് അർഹതയില്ലെങ്കിൽ നിങ്ങളിൽനിന്നുള്ള സമാധാനം നിങ്ങളിലേക്കു മടങ്ങട്ടെ.’” (മത്തായി 10:5-7, 11-13) അവൻ പിന്നീട് സമാനമായ നിർദ്ദേശങ്ങളോടെ 70 പേരേക്കൂടെ അയച്ചു. ഈ ആജ്ഞകൾ ശ്രദ്ധാപൂർവ്വം അനുസരിച്ചതിനാൽ അവർക്ക് വിജയവും വലിയ സന്തോഷവും ലഭിച്ചു.—ലൂക്കോസ് 10:1, 17.
10. (എ) തന്റെ പുനരുത്ഥാനശേഷം യേശു കൂടുതലായി എന്തു നിയോഗം കൊടുത്തു, ഫലമെന്തായിരുന്നു? (ബി) ചില മനുഷ്യരുടെ നിയമനം ആവശ്യമായിരുന്നതെന്തുകൊണ്ട്, ഏത് വ്യവസ്ഥകൾ പാലിക്കണമായിരുന്നു?
10 ക്രിസ്തുയേശു തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം തന്റെ അനുഗാമികളുടെ പ്രദേശത്തെ വിപുലപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ പോയി ഞാൻ നിങ്ങളോടു കൽപ്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല ജനതകളിലെയും ജനങ്ങളെ പഠിപ്പിച്ചുകൊണ്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തി ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:18-20) അവൻ സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ അവൻ സമാനമായ ഒരു ആജ്ഞ നൽകി. “നിങ്ങൾ യെരൂശലേമിലും മുഴുയഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അതിവിദൂര ഭാഗത്തോളവും എന്റെ സാക്ഷികളായിരിക്കും.” (പ്രവൃത്തികൾ 1:8) അവന്റെ അനുഗാമികൾ രാജ്യ സന്ദേശം പ്രചരിപ്പിച്ചപ്പോൾ ആയിരങ്ങൾ അവരുടെ അണികളിൽ ചേർന്നു. (പ്രവൃത്തികൾ 2:41; 4:4; 5:14; 6:7) സഭകൾ എല്ലായിടത്തും ഉളവായി. പ്രത്യേകമായ തിരുവെഴുത്തുയോഗ്യതകളിലെത്തിയ മേൽവിചാരകൻമാരും ശുശ്രൂഷാദാസൻമാരും സ്ത്രീപുരുഷൻമാരുമടങ്ങിയ ഈ ആട്ടിൻകൂട്ടങ്ങളെ മേയിക്കാൻ നിയമിക്കപ്പെട്ടു. സഭകൾ തഴച്ചു വളരുകയും എണ്ണത്തിൽ പെരുകുകയും ചെയ്തു.—1 തിമൊഥെയോസ് 3:2-10, 12, 13; തീത്തോസ് 1:5-9.
11. യഹോവയുടെ സാക്ഷികൾക്ക് ഇന്ന് ഏതുതരം സംഘടനയുണ്ട്, ഇപ്പോൾ കാര്യക്ഷമതയുള്ള ഒരു സംഘടന വളരെ ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
11 ഇന്ന് യഹോവയുടെ സാക്ഷികളുടെ സഭകൾ പ്രസംഗിക്കുന്നതിലുള്ള യേശുവിന്റെ ദൃഷ്ടാന്തം പിന്തുടരുന്നത് വിശേഷാൽ പ്രധാനമാണ്. കാര്യക്ഷമമായി അങ്ങനെ ചെയ്യുന്നതിന് അവർ അപ്പോസ്തലൻമാരുടെ നാളുകളിൽ സ്ഥാപിതമായ സംഘടനാരൂപം സ്വീകരിക്കുന്നു. നാം അന്ത്യകാലത്താണ്, ഈ കാലത്ത് ലോകവ്യാപകമായ പ്രസംഗവേല നടക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനംവരും.” (മത്തായി 24:14) ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഏതാനും ചില ആയിരങ്ങൾ ഈ രാജ്യസുവാർത്ത പ്രഖ്യാപിച്ചുതുടങ്ങി; ഇപ്പോൾ അവരുടെ എണ്ണം മുപ്പതു ലക്ഷം കവിയത്തക്കവണ്ണം കുതിച്ചുയർന്നിരിക്കുന്നു! ഇപ്പോൾ നിത്യതയുടെ വലിയ രാജാവായ യഹോവയാം ദൈവത്തിന്റെയും രാജാധിരാജാവായ ക്രിസ്തുയേശുവിന്റെയും ആജ്ഞകൾ ശ്രദ്ധാപൂർവ്വം അനുസരിക്കേണ്ട അടിയന്തിരമായ കാലമാണ്.
മൂപ്പൻമാർക്ക് നിങ്ങളുടെ ആദരവും പിന്തുണയും ആവശ്യം
12. ഇന്നത്തെ മൂപ്പൻമാരിൽനിന്ന് എന്ത് ആവശ്യപ്പെട്ടിരിക്കുന്നു, അവരുടെ സേവനത്തെ എങ്ങനെ സന്തോഷപ്രദമാക്കാൻ കഴിയും?
12 രാജാവിന്റെ ആജ്ഞകൾ അനുസരിക്കുന്നതിൽ സഭാമൂപ്പൻമാർക്ക് ഒരു മുഖ്യ പങ്കുണ്ട്. അവർ മാതൃകായോഗ്യരായിരിക്കണം: “നിർബ്ബന്ധത്താലല്ല, മനസ്സോടെ നിങ്ങളുടെ മേൽനോട്ടത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുക; പരമാർത്ഥരഹിതമായ ആദായപ്രിയം കൊണ്ടുമല്ല, പിന്നെയോ ആകാംക്ഷയോടെ; ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെ മേൽ കർത്തൃത്വം നടത്തുന്നവരായിട്ടുമല്ല, പിന്നെയോ ആട്ടിൻകൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ടുതന്നെ.” (1 പത്രോസ് 5:1-3) അത് ദൈവത്തിന്റെ ആട്ടിൻകൂട്ടമാണ്. അവൻ മൂപ്പൻമാരോടു കണക്കു ചോദിക്കുന്നു. എന്നാൽ അനുസരണത്തോടെയുള്ള എല്ലാവരുടെയും സഹകരണത്തിന് അവരുടെ വേലയെ സന്തോഷപ്രദമാക്കാൻ കഴിയും: “നിങ്ങളുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരെ അനുസരിക്കുകയും കീഴ്പ്പെട്ടിരിക്കുകയും ചെയ്യുക, എന്തെന്നാൽ കണക്കുബോധിപ്പിക്കുന്നവരെന്നനിലയിൽ അവർ നിങ്ങളുടെ ദേഹികളെ കാവൽ ചെയ്യുകയാകുന്നു; അവർ ഇതു സന്തോഷത്തോടെ ചെയ്യേണ്ടതിനു തന്നെ, നെടുവീർപ്പോടെയല്ല, എന്തെന്നാൽ ഇത് നിങ്ങൾക്ക് ഹാനികരമായിരിക്കും.”—എബ്രായർ 13:17.
13. മൂപ്പൻമാർക്ക് ഇരട്ടി ബഹുമാനം കൊടുക്കേണ്ടതെന്തുകൊണ്ട്?
13 സഭയിലുള്ള എല്ലാവരെയും ബഹുമാനിക്കേണ്ടതാണ്, എന്നാൽ കഠിനവേല ചെയ്യുന്ന മൂപ്പൻമാരെ വിശേഷിച്ചും: “നല്ല രീതിയിൽ ഭരിക്കുന്ന പ്രായമേറിയ പുരുഷൻമാർ, വിശേഷാൽ പ്രസംഗത്തിലും പഠിപ്പിക്കലിലും കഠിനവേല ചെയ്യുന്നവർ ഇരട്ടിമാനത്തിന് യോഗ്യരായി എണ്ണപ്പെടട്ടെ.” (1 തിമൊഥെയോസ് 5:17; റോമർ 12:10) മൂപ്പൻമാർക്ക് ഇരട്ടിമാനം എന്തുകൊണ്ട്? അവരുടെ നല്ല വേല നിമിത്തം. “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാൻ, പരിശുദ്ധാത്മാവു നിങ്ങളെ മേൽവിചാരകൻമാരായി നിയമിച്ചിരിക്കുന്നു”വെന്ന് അവരെക്കുറിച്ച് എഴുതിയിരിക്കുന്നു. (പ്രവൃത്തികൾ 20:28) നിങ്ങളെയും മററുള്ളവരെയും സേവിക്കുന്നതിന് അവർ കഠിനവേല ചെയ്യുന്നു. രാജാവിന്റെ ആജ്ഞകൾ അവഗണിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുമ്പോൾ അവർക്കു ചില വ്യക്തികൾക്കു ശിക്ഷണം കൊടുക്കേണ്ടി വന്നേക്കാം—അത് ഉല്ലാസപ്രദമായ ഒരു കടമയല്ല, പിന്നെയോ ചിലർക്ക് പിണക്കം വരുത്തിയേക്കാവുന്ന ഒന്നാണ്. വസ്ത്രധാരണമോ നടത്തയോ സംബന്ധിച്ച് ബുദ്ധിയുപദേശം കൊടുക്കേണ്ടിവന്നേക്കാം, അതിൽ നീരസം ജനിച്ചേക്കാം. എന്നിരുന്നാലും ഇതെല്ലാം സഭയുടെ ആത്മീയക്ഷേമത്തിനു വേണ്ടിയാണ് ചെയ്യുന്നത്. മൂപ്പൻമാരെ ആദരിക്കയും ബഹുമാനിക്കുകയും ചെയ്യേണ്ടതാണ്.
14. (എ) യാക്കോബ് 4:12-ന്റെ വീക്ഷണത്തിൽ, മൂപ്പൻമാർ നടത്തുന്ന വിധികൾ എങ്ങനെ മാത്രമേ ഉചിതമായിരിക്കയുള്ളു? (ബി) ന്യായവിധിയിൽ ഒരു വഴങ്ങൽ എപ്പോൾ ഉണ്ടായിരിക്കാൻ കഴിയും, കരുണക്ക് എപ്പോൾ ന്യായവിധിയെക്കാൾ ശ്രേഷ്ഠമായിരിക്കാൻ കഴിയും?
14 ചില സമയങ്ങളിൽ മൂപ്പൻമാർ നീതിന്യായ കമ്മിററികളിൽ സേവിക്കുകയും വിധികൾ പുറപ്പെടുവിക്കുകയും ചെയ്യേണ്ടതുണ്ട്—ചിലപ്പോൾ ജനസമ്മിതിയില്ലാത്ത വിധികളും. ഈ വിധിക്കൽ യാക്കോബ് 4:12-നോട് എങ്ങനെ പൊരുത്തപ്പെടുന്നു? അതിങ്ങനെ പറയുന്നു: “നിയമദാതാവും ന്യായാധിപനുമായിരിക്കുന്ന ഒരുവനുണ്ട്, രക്ഷിക്കാനും നശിപ്പിക്കാനും പ്രാപ്തനായവൻതന്നെ. എന്നാൽ നീ, നിന്റെ അയൽക്കാരനെ വിധിക്കാൻ നീ ആരാണ്?” അതെ, വ്യക്തികൾ അന്യോന്യം വിധിക്കാവുന്നതല്ല. തന്നെയുമല്ല, മൂപ്പൻമാർ നടത്തുന്ന വിധികൾ അവരുടെ സ്വന്തം അഭിപ്രായപ്രകാരമല്ല, പിന്നെയോ യഹോവയുടെ വചനപ്രകാരം ആയിരിക്കണം. താൻ നിയമിച്ച ന്യായാധിപൻമാരെ യഹോശാഫാത്ത് രാജാവു എങ്ങനെ ബുദ്ധിയുപദേശിച്ചുവെന്നു ശ്രദ്ധിക്കുക: “നിങ്ങൾ മനുഷ്യനുവേണ്ടിയല്ല, പിന്നെയോ യഹോവക്കുവേണ്ടിയാണ് ന്യായംവിധിക്കുന്നത്; . . . യഹോവാഭയം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ. ശ്രദ്ധയോടെ പ്രവർത്തിക്കുക, എന്തെന്നാൽ നമ്മുടെ ദൈവമായ യഹോവയിങ്കൽ അനീതിയോ പക്ഷപാതിത്വമോ കൈക്കൂലി വാങ്ങലോ ഇല്ല.” (2 ദിനവൃത്താന്തം 19:6, 7) സ്ഥാപനത്തെ ശുദ്ധമായി സൂക്ഷിക്കേണ്ടതുണ്ട്. എന്നിരുന്നാലും മൂപ്പൻമാർ പരുഷരായ ‘തല്ലുകാർ’ ആയിരിക്കരുത്. പശ്ചാത്താപം അഗാധവും അനുതാപം യഥാർത്ഥവുമായിരിക്കുമ്പോൾ കരുണയും ക്ഷമയും പ്രകടമാക്കാവുന്നതാണ്. അപ്പോൾ, ‘കരുണ ന്യായവിധിയെക്കാൾ ശ്രേഷ്ഠമെന്നനിലയിൽ ന്യായവിധിയുടെമേൽ ജയോത്സവപൂർവ്വം ആഹ്ലാദിക്കും.’—1 തിമൊഥെയോസ് 3:3; യാക്കോബ് 2:13; റെഫറസ് ബൈബിൾ അടിക്കുറിപ്പ് കാണുക.
15. മൂപ്പൻമാരുടെ ഏതു സേവനങ്ങൾ അവർക്ക് ആദരവിനും ബഹുമാനത്തിനും അർഹത നേടുന്നു?
15 അങ്ങനെ മൂപ്പൻമാരുടെ കർത്തവ്യങ്ങൾ മിക്കപ്പോഴും പ്രയാസകരവും അടിയന്തിരവുമാണ്, എന്നാൽ വിശ്വസ്തമായും സ്നേഹപൂർവ്വമായും ഈ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധിക്കുന്ന മൂപ്പൻമാർക്ക് ആത്മീയ നവോൻമേഷത്തിന്റെയും സംരക്ഷണത്തിന്റെയും ഉറവിടമായിരിക്കാൻ കഴിയും. “ഓരോരുത്തനും കാററിൽനിന്നുള്ള ഒരു ഒളിപ്പിടവും പിശറിൽനിന്നുള്ള ഒരു മറവിടവും പോലെയെന്നും നിർജ്ജലമായ ഒരു രാജ്യത്തെ നീരൊഴുക്കുകൾ പോലെയെന്നും ക്ഷീണമുള്ള ഒരു ദേശത്തെ വമ്പാറയുടെ തണൽപോലെയെന്നും തെളിയിക്കണം.” (യെശയ്യാവ് 32:2) ദയാലുവും സ്നേഹവാനുമായ സംരക്ഷകനാണ് ധൃതഗതിയിൽ കുററപ്പെടുത്തുന്നവനും പരുഷനായ ശിക്ഷകനുമല്ല എല്ലാവർക്കും സന്തോഷം കൈവരുത്തുന്നതും ആദരവും ബഹുമാനവും നേടുന്നതും യഹോവയുടെ അംഗീകാരം നേടുന്നതും.
അന്യോന്യം ക്ഷമപ്രകടമാക്കുക
16. (എ) ചിലർ മററുള്ളവരുടെ തെററുകളോട് എങ്ങനെ പ്രതിവർത്തിക്കുന്നു, അവരെ എന്ത് കുറഞ്ഞ വിമർശനവും കൂടുതൽ വിവേകവുമുള്ളവരാക്കിത്തീർത്തേക്കാം? (ബി) തെററുകൾ ചെയ്യുന്ന വിശ്വസ്തദാസൻമാരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
16 ആളുകൾ ഒരുമിച്ചു പ്രവർത്തിക്കുമ്പോഴെല്ലാം പ്രശ്നങ്ങൾ സംജാതമാകാനിടയുണ്ട്. തെററുകൾ വരുത്തുന്നു. ഇതു സംഭവിക്കുമ്പോൾ ചിലർ അതിയായി അസ്വസ്ഥരാകുന്നു. ചിലർ എല്ലാററിലും വച്ച് ഏററവും വലിയ തെററു ചെയ്യുന്നതിന് ഒഴികഴിവായി മററുള്ളവരുടെ തെററുകളെ ഉപയോഗിക്കുകപോലും ചെയ്യുന്നു—അവർ യഹോവയെ സേവിക്കുന്നതു നിർത്തുന്നു! എന്നിരുന്നാലും, അവർ മററുള്ളവരുടെ തെററുകളെ പരിശോധിക്കുന്നതുപോലെ അത്ര സൂക്ഷ്മമായി സ്വന്തം തെററുകൾ പരിശോധിക്കുകയാണെങ്കിൽ അവർ അത്രതന്നെ വിമർശിക്കുന്നവരായിരിക്കാതെ കൂടുതൽ വിവേകമുള്ളവരായിരിക്കും. മോശെ തെററുകൾ ചെയ്തു. ദാവീദും ചെയ്തു. പത്രോസും ചെയ്തു. നമ്മളെല്ലാം ചെയ്യുന്നു. എന്നാൽ യഹോവ പഴയകാലത്തെ ഈ വിശ്വസ്തരെ ഉപയോഗിക്കുന്നതിൽ തുടർന്നു, അവൻ നമ്മെ ഉപയോഗിക്കുന്നതിൽ തുടരുന്നു. അതുകൊണ്ട്, “മറെറാരുവന്റെ വീട്ടുദാസനെ വിധിക്കാൻ നീ ആർ? അവൻ തന്റെ സ്വന്തം യജമാനന് നിൽക്കുകയോ വീഴുകയോ ചെയ്യുന്നു. തീർച്ചയായും, അവൻ നിൽക്കാൻ ഇടയാക്കപ്പെടും, എന്തെന്നാൽ യഹോവയ്ക്കു അവൻ നിൽക്കാനിടയാക്കാൻ കഴിയും.”—റോമർ 14:4.
17. തെററുകൾ ചെയ്യുകയും മററുള്ളവരെ വിധിക്കുകയും ചെയ്യുന്ന ഈ സംഗതി സംബന്ധിച്ച് നാം ഏത് കൂടുതലായ പോയിൻറുകൾ ഓർത്തിരിക്കണം?
17 നമുക്ക് ഇതും ഓർക്കാം: ഇവിടെ ഭൂമിയിൽ അവൻ അപൂർണ്ണരായ ആളുകളെയാണ് ഉപയോഗിക്കുന്നത്—ഇപ്പോൾ അവർ മാത്രമേ അവനുള്ളു. യഥാർത്ഥത്തിൽ, ഇത് യഹോവയ്ക്ക് സ്തുതി പ്രതിഫലിപ്പിക്കുന്നു. അവൻ വളരെ കുറഞ്ഞതുകൊണ്ട് വളരെയധികം നിർവ്വഹിക്കുന്നു! നമ്മുടെ ദൗർബ്ബല്യം അവന്റെ ശക്തിയെ വലുതാക്കിക്കാണിക്കുന്നു: “എന്റെ അനർഹദയ നിനക്ക് മതിയാകും; എന്തെന്നാൽ എന്റെ ശക്തി ദൗർബല്യത്തിൽ പൂർണ്ണമാക്കപ്പെടുകയാണ്.” (2 കൊരിന്ത്യർ 12:9) യഹോവതന്നെ നൽകുന്ന കാരണത്താൽ ലോകവ്യാപകസാക്ഷീകരണവേല അഭിവൃദ്ധിപ്പെടുന്നു:” സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രെ.” (സെഖര്യാവ് 4:6) തന്നിമിത്തം നമ്മുടെ സ്വന്തം തെററുകളും അപൂർണ്ണതകളും ക്ഷമിക്കാൻ കഴിയത്തക്കവണ്ണം നമുക്ക് മററുള്ളവരുടേതും ക്ഷമിക്കുന്നവരായിരിക്കാം. ഇത് ഓർക്കുക: “നിങ്ങൾ മനുഷ്യരോട് അവരുടെ ലംഘനങ്ങൾ ക്ഷമിക്കുന്നുവെങ്കിൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവ് നിങ്ങളോടും ക്ഷമിക്കും.”—മത്തായി 6:14, 15.
പ്രസംഗിക്കാനുള്ള രാജാവിന്റെ ആജ്ഞ അനുസരിക്കാൻ സംഘടിതർ
18. സഭകളുടെ പ്രസംഗത്തിന് ഏകീകൃത മാർഗ്ഗനിർദ്ദേശം കൊടുക്കുന്നതിന്, അപ്പോസ്തലൻമാരുടെ നാളുകളിൽ ഏതു ക്രമീകരണം സ്ഥിതിചെയ്തിരുന്നു, നമ്മുടെ നാളിൽ എന്തു ക്രമീകരണം സ്ഥിതിചെയ്യുന്നു?
18 യെരൂശലേമിലെ അപ്പോസ്തലൻമാരും പ്രായമേറിയ പുരുഷൻമാരും ഒരു ഭരണ സംഘമായി വർത്തിച്ചു, അവർ തീരുമാനങ്ങൾ ചെയ്യുകയും ആദിമ ക്രിസ്തീയ സഭകൾക്ക് ഏകീകൃതമായ നിർദ്ദേശം കൊടുക്കുകയും ചെയ്തു. (പ്രവൃത്തികൾ 15:1-31; 16:1-5) ഇന്ന് യഹോവയുടെ അഭിഷിക്ത സാക്ഷികൾക്ക്, “വിശ്വസ്തനും വിവേകിയുമായ അടിമ”ക്ക് ന്യൂയോർക്ക് ബ്രൂക്ക്ളിനിലെ തങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഒരു ഭരണസംഘമുണ്ട്. (മത്തായി 24:45-47) യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കാനുള്ള ആജ്ഞയുടെ നിവൃത്തിയായി ഭൂമിയിലെങ്ങും ഇപ്പോൾ ചെയ്യപ്പെടുന്ന ബൃഹത്തായ ലോകവ്യാപക രാജ്യസാക്ഷ്യവേലയെ അതു നയിച്ചുകൊണ്ടിരിക്കുന്നു. (മത്തായി 24:14) ഈ വേല ഒരു സംഘടന ഇല്ലാതെ ഒരിക്കലും ചെയ്യാൻ കഴികയില്ല. ഒരു വ്യക്തിക്ക് തനിച്ച് ഇത് ഒരിക്കലും ചെയ്യാൻ കഴികയില്ല.
19. രാജാവിന്റെ ആജ്ഞകൾ ശ്രദ്ധാപൂർവ്വം അനുസരിക്കുന്നതിനാൽ വ്യക്തികൾക്കു തനിച്ച് ഒരിക്കലും ചെയ്യാൻ കഴിയാത്ത ഏതു വേല യഹോവയുടെ സാക്ഷികൾ വിജയപ്രദമായി ചെയ്യുന്നു?
19 യാതൊരു വ്യക്തിക്കും വ്യക്തികളുടെ ചിതറിക്കിടക്കുന്ന അസംഘടിത സംഘങ്ങൾക്കും 190-ൽപരം ഭാഷകളിൽ 205 രാജ്യങ്ങളിൽ പ്രസംഗിക്കാനും ഇരുപത്തിരണ്ടു ലക്ഷത്തി അമ്പതിനായിരത്തിൽപരം ഭവനബൈബിളദ്ധ്യയനങ്ങൾ ക്രമമായി നടത്താനും രാജ്യസുവാർത്തയുടെ 190000-ത്തോളം പുതിയ ശുശ്രൂഷകരെ വർഷംതോറും സ്നാനപ്പെടുത്താനും കഴികയില്ല. 1985 എന്ന ഒരു വർഷത്തിൽ ഇത്രയും വേല ചെയ്യുന്നതിന് മുപ്പതു ലക്ഷത്തിലധികം സാക്ഷികളും അറുപതു കോടി പ്രസംഗമണിക്കൂറുകളും വേണ്ടിവന്നു. അവർ 50,000-ത്തോളം സഭകളായി കാര്യക്ഷമമായി സംഘടിപ്പിക്കപ്പെട്ടതുകൊണ്ടാണ് അവർക്ക് ഇത് ചെയ്യാൻ കഴിഞ്ഞത്, എല്ലാം അവരുടെ ഏകഭരണസംഘത്തിന്റെ ദൃശ്യമാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ. എങ്കിൽപോലും, ഭരണസംഘവും 94 ബ്രാഞ്ചുകളും 50,000 സഭകളും 3,000,000 വ്യക്തിഗത സാക്ഷികളും രാജാവിന്റെ ആജ്ഞകൾ ശ്രദ്ധാപൂർവ്വം അനുസരിക്കുന്നതിൽ എല്ലാവരും സംഘടിതരായിരുന്നതുകൊണ്ടു മാത്രമാണ് ഇതു ചെയ്യാൻ കഴിഞ്ഞത്. (w86 6/1)
നിങ്ങൾ ഓർക്കുന്നുവോ?
◻ യഹോവ യിസ്രായേൽ ജനതയെ എങ്ങനെ സംഘടിപ്പിച്ചു?
◻ യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്ന വേല നിർവ്വഹിക്കുന്നതിൽ യേശു എന്തു പൂർണ്ണ ദൃഷ്ടാന്തം വെച്ചു?
◻ മൂപ്പൻമാർ നിർവ്വഹിക്കുന്ന ഏത് അനേക സേവനങ്ങൾ നാം അവരെ ബഹുമാനിക്കാൻ അർഹമാണ്?
◻ സ്വതന്ത്രകൂട്ടങ്ങൾക്കോ വ്യക്തികൾക്കോ സാക്ഷ്യവേല ചെയ്യാൻ കഴിയാത്തതെന്തുകൊണ്ട്?
[13-ാം പേജിലെ ചിത്രം]
സ്രഷ്ടാവ് സകല മൃഗങ്ങൾക്കും അതിജീവനത്തിനായി ക്രമീകരണം ചെയ്യുന്നു
ആളുകൾ യഹോവയുടെ ആജ്ഞകൾ പഠിക്കുന്നതിനാൽ അതിജീവനത്തിനുവേണ്ടി സ്വയം ക്രമീകരണം ചെയ്യണം