ക്രിസ്തീയ സമർപ്പണത്തിനു ചേർച്ചയിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കൽ
“യഹോവയുടെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യം ഉണ്ട്.”—2 കൊരിന്ത്യർ 3:17, NW.
1. യഹോവയുടെ സാക്ഷികൾ ആർക്കു സമർപ്പിതരാണ്, അവർ നിയമപരമായ ഏജൻസികളെ ഉപയോഗിക്കുന്നതെന്തുകൊണ്ട്?
തങ്ങളുടെ മതം എന്നേക്കും നിലനിൽക്കുമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അതുകൊണ്ട് ദൈവത്തെ എന്നേക്കും “ആത്മാവിലും സത്യത്തിലും” ആരാധിക്കാമെന്ന് അവർ പ്രതീക്ഷിക്കുന്നു. (യോഹന്നാൻ 4:23, 24) സ്വതന്ത്ര ധാർമിക കാര്യസ്ഥരെന്ന നിലയിൽ, ഈ ക്രിസ്ത്യാനികൾ യഹോവയ്ക്കു സമ്പൂർണസമർപ്പണം നടത്തുകയും അതിനു ചേർച്ചയിൽ ജീവിക്കാൻ ദൃഢനിശ്ചയം ചെയ്യുകയും ചെയ്തിരിക്കുന്നു. ആ ലക്ഷ്യത്തിൽ, അവർ ദൈവവചനത്തിലും അവന്റെ ആത്മാവിലും ആശ്രയിക്കുന്നു. ദൈവദത്ത സ്വാതന്ത്ര്യത്തോടെ, അവർ തങ്ങളുടെ ക്രിസ്തീയ സമർപ്പണത്തിന്റേതായ ഗതി മുഴുഹൃദയത്തോടെ പിന്തുടരവേ, ഭരണപരമായ “ശ്രേഷ്ഠാധികാരങ്ങ”ളുടെ ധർമത്തോട് സാക്ഷികൾ അർഹമായ ആദരവ് പ്രകടമാക്കുകയും നിയമപരമായ ഉപാധികളും വ്യവസ്ഥകളും ഉചിതമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. (റോമർ 13:1; യാക്കോബ് 1:25) ഉദാഹരണത്തിന്, സാക്ഷികൾ പല രാജ്യങ്ങളിലും സഹമനുഷ്യരെ സഹായിക്കുന്ന വേല നിർവഹിക്കാൻ തങ്ങളെ സഹായിക്കുന്ന, വിശേഷിച്ചും ആത്മീയ വിധങ്ങളിൽ, നിയമപരമായ കോർപ്പറേഷനുകൾ ഉപയോഗിക്കുന്നുണ്ട്. അതിലൊന്നാണ് വാച്ച് ടവർ സൊസൈറ്റി. എന്നാൽ സാക്ഷികൾ സമർപ്പണം നടത്തിയിരിക്കുന്നത് ദൈവത്തിനാണ്, ഏതെങ്കിലും നിയമപരമായ കോർപ്പറേഷന് അല്ല. യഹോവയ്ക്കുള്ള അവരുടെ സമർപ്പണം എന്നേക്കും നിലനിൽക്കും.
2. വാച്ച് ടവർ സൊസൈറ്റിയെയും നിയമപരമായ സമാന ഏജൻസികളെയും യഹോവയുടെ സാക്ഷികൾ അതിയായി വിലമതിക്കുന്നതെന്തുകൊണ്ട്?
2 ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന ദാസരെന്ന നിലയിൽ, യഹോവയുടെ സാക്ഷികൾ യേശുവിന്റെ ഈ കൽപ്പന അനുസരിക്കാൻ ബാധ്യസ്ഥരാണ്: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) ഈ വ്യവസ്ഥിതിയുടെ സമാപനംവരെ ഈ വേല തുടരുന്നതാണ്, എന്തെന്നാൽ യേശു ഇങ്ങനെയും പറഞ്ഞിരിക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:3, 14) വർഷംതോറും, വാച്ച് ടവർ സൊസൈറ്റിയുടെ അച്ചടിശാലകളും അതുപോലുള്ള വ്യവസ്ഥാപിത ഏജൻസികളും യഹോവയുടെ സാക്ഷികൾക്ക് ലോകവ്യാപക പ്രസംഗവേലയിൽ ഉപയോഗിക്കാനായി കോടിക്കണക്കിനു ബൈബിളുകളും പുസ്തകങ്ങളും ലഘുപത്രികകളും മാസികകളും പ്രദാനം ചെയ്യുന്നു. അതുകൊണ്ട് ഈ നിയമപരമായ കോർപ്പറേഷനുകൾ ദൈവത്തിന്റെ സമർപ്പിത ദാസന്മാരെ അവനോടുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ സഹായിക്കുന്നതിൽ വിലയേറിയ പങ്കുവഹിക്കുന്നു.
3. യഹോവയുടെ സാക്ഷികൾ മുമ്പ് “സൊസൈറ്റി” എന്ന പദം ഉപയോഗിച്ചിരുന്നത് ഏതർഥത്തിലാണ്?
3 സാക്ഷികൾ വാച്ച് ടവർ സൊസൈറ്റിയെക്കുറിച്ച്—അല്ലെങ്കിൽ പലപ്പോഴും “സൊസൈറ്റി”യെക്കുറിച്ച്—സംസാരിക്കുന്ന വിധമെടുത്താൽ അവർ അതിനെ കേവലം നിയമപരമായൊരു കോർപ്പറേഷൻ എന്നതിനെക്കാളുപരിയായി വീക്ഷിക്കുന്നതായി തോന്നുമെന്ന് ആരെങ്കിലും വാദിച്ചേക്കാം. ആരാധനയുമായി ബന്ധപ്പെട്ട സംഗതികളിൽ അവസാന വാക്ക് അതിനാണെന്നല്ലേ അവർ വിചാരിക്കുന്നത്? യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകം ഈ സംഗതി വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെ വിശദീകരിക്കുന്നു: “വീക്ഷാഗോപുരം [1938 ജൂൺ 1] (ഇംഗ്ലീഷ്) ‘സൊസൈറ്റി’ എന്നു പരാമർശിച്ചപ്പോൾ, അത് കേവലം നിയമപരമായ കോർപ്പറേഷനെയല്ല, മറിച്ച് ആ നിയമപരമായ കോർപ്പറേഷൻ രൂപീകരിക്കുകയും ഉപയോഗിക്കുകയും ചെയ്ത അഭിഷിക്ത ക്രിസ്ത്യാനികളുടെ സംഘത്തെയാണ് അർഥമാക്കിയത്.”a അതുകൊണ്ട് പ്രസ്തുത പ്രയോഗത്താൽ “വിശ്വസ്തനും വിവേകിയുമായ അടിമ”യെയാണ് അർഥമാക്കിയത്. (മത്തായി 24:45, NW) ഈ അർഥത്തിലാണ് സാക്ഷികൾ പൊതുവേ “സൊസൈറ്റി” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. തീർച്ചയായും, നിയമാടിസ്ഥാനമുള്ള കോർപ്പറേഷൻ എന്നതും “വിശ്വസ്തനും വിവേകിയുമായ അടിമ” എന്നതും പരസ്പരം മാറ്റി ഉപയോഗിക്കാവുന്ന പദപ്രയോഗങ്ങളല്ല. വാച്ച് ടവർ സൊസൈറ്റിയുടെ ഡയറക്ടർമാർ തിരഞ്ഞെടുക്കപ്പെടുകയാണ്. എന്നാൽ ‘വിശ്വസ്ത അടിമ’യിൽപ്പെട്ട സാക്ഷികൾ യഹോവയുടെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയാണ്.
4. (എ) തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ അനേകം സാക്ഷികൾ എങ്ങനെയുള്ള പ്രയോഗങ്ങൾ ഉപയോഗിക്കുന്നു? (ബി) സാങ്കേതിക പദപ്രയോഗങ്ങളുടെ കാര്യത്തിൽ നാം സമനില പാലിക്കേണ്ടതെന്തുകൊണ്ട്?
4 തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ, യഹോവയുടെ സാക്ഷികൾ സംസാരിക്കുമ്പോൾ ഏറെ ശ്രദ്ധയുള്ളവരായിരിക്കാൻ ശ്രമിക്കുന്നു. “സൊസൈറ്റി പഠിപ്പിക്കുന്നത്” എന്നു പറയുന്നതിനുപകരം അനേകം സാക്ഷികളും “ബൈബിൾ പറയുന്നു”വെന്നോ “ബൈബിൾ പഠിപ്പിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു”വെന്നോ പോലുള്ള പ്രയോഗങ്ങൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. ഈ വിധത്തിൽ, ഓരോ സാക്ഷിയും ബൈബിൾ പഠിപ്പിക്കലുകൾ അംഗീകരിച്ചതിൽ എടുത്തിരിക്കുന്ന വ്യക്തിപരമായ തീരുമാനത്തെ ദൃഢീകരിക്കുകയും ഏതോ മതവിഭാഗത്തിന്റെ കൽപ്പനകൾ അനുസരിക്കാൻ സാക്ഷികൾ ബാധ്യസ്ഥരാണെന്ന വ്യാജധാരണ ഉളവാക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. തീർച്ചയായും, പദങ്ങളുടെ ഉപയോഗം സംബന്ധിച്ച നിർദേശങ്ങൾ ഒരിക്കലും ഒരു വിവാദവിഷയമാകരുത്. എന്തൊക്കെയായാലും, തെറ്റിദ്ധാരണകൾ ഒഴിവാക്കുക എന്ന അളവോളമേ സാങ്കേതികപദങ്ങൾക്ക് പ്രാധാന്യമുള്ളൂ. ക്രിസ്തീയ സമനില ആവശ്യമാണ്. “വാക്കുകളെക്കുറിച്ചു വഴക്കടിക്കരുത്” എന്നു ബൈബിൾ നമ്മെ അനുശാസിക്കുന്നു. (2 തിമൊഥെയൊസ് 2:14, 15, NW) തിരുവെഴുത്തുകൾ ഈ തത്ത്വവും പ്രസ്താവിക്കുന്നു: “നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും?.”—1 കൊരിന്ത്യർ 14:9.
ദൈവാത്മാവ് നിയമങ്ങളുടെ ആവശ്യം കുറയ്ക്കുന്നു
5. നാം 1 കൊരിന്ത്യർ 10:23 മനസ്സിലാക്കേണ്ടതെങ്ങനെ?
5 “എല്ലാം നിയമാനുസൃതമാണ്; എന്നാൽ എല്ലാം പ്രയോജനപ്രദമല്ല” എന്നു പൗലൊസ് അപ്പോസ്തലൻ എഴുതി. എന്നിട്ട് അവനിങ്ങനെ കൂട്ടിച്ചേർത്തു: “എല്ലാം നിയമാനുസൃതമാണ്; എന്നാൽ എല്ലാം കെട്ടുപണിചെയ്യുന്നില്ല.” (1 കൊരിന്ത്യർ 10:23, NW) ദൈവവചനം വ്യക്തമായി കുറ്റംവിധിക്കുന്ന സംഗതികൾ ചെയ്യുന്നത് നിയമാനുസൃതമാണെന്ന് പൗലൊസ് നിശ്ചയമായും അർഥമാക്കിയില്ല. പുരാതന ഇസ്രായേലിനു നൽകപ്പെട്ട ഏതാണ്ട് 600 നിയമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ക്രിസ്തീയ ജീവിതത്തെ നിയന്ത്രിക്കുന്ന വ്യക്തമായ കൽപ്പനകൾ താരതമ്യേന കുറവാണ്. അതുകൊണ്ട്, അനേകം സംഗതികൾ വ്യക്തിയുടെ മനസ്സാക്ഷിക്കു വിട്ടിരിക്കുകയാണ്. യഹോവയ്ക്കു സമർപ്പണം നടത്തിയിരിക്കുന്ന ഒരു വ്യക്തിക്കു ദൈവാത്മാവിന്റെ മാർഗനിർദേശം ലഭിക്കുന്നതിന്റെ ഫലമായുള്ള സ്വാതന്ത്ര്യം ഉണ്ട്. സത്യം സ്വന്തമാക്കിയതിനുശേഷം, ഒരു ക്രിസ്ത്യാനി തന്റെ ബൈബിൾ-പരിശീലിത മനസ്സാക്ഷി പിന്തുടരുകയും പരിശുദ്ധാത്മാവിനാലുള്ള ദൈവത്തിന്റെ നിർദേശത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു. “കെട്ടുപണി ചെയ്യുന്ന”തെന്തെന്നും തനിക്കും മറ്റുള്ളവർക്കും “പ്രയോജനപ്രദ”മായതെന്തെന്നും നിർണയിക്കാൻ സമർപ്പിത ക്രിസ്ത്യാനിയെ ഇതു സഹായിക്കുന്നു. താൻ എടുക്കുന്ന തീരുമാനങ്ങൾ താൻ സമർപ്പണം നടത്തിയിരിക്കുന്ന ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തെ ബാധിക്കുമെന്ന് അയാൾ തിരിച്ചറിയുന്നു.
6. നാം സത്യം സ്വന്തമാക്കിയിട്ടുണ്ടെന്ന് ക്രിസ്തീയ യോഗങ്ങളിൽ നമുക്കെങ്ങനെ പ്രകടമാക്കാൻ കഴിയും?
6 താൻ സത്യം സ്വന്തമാക്കിയിരിക്കുന്നുവെന്ന് ക്രിസ്തീയ യോഗങ്ങളിൽ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് ഒരു സാക്ഷി പ്രകടമാക്കുന്നു. ആദ്യമൊക്കെ അയാൾ താൻ പഠിക്കുന്ന പ്രസിദ്ധീകരണത്തിൽ എഴുതിയിരിക്കുന്നത് അതേപടി പറഞ്ഞേക്കാം. എന്നാൽ കാലക്രമേണ, അയാൾ പുരോഗതി നേടി ബൈബിൾ പഠിപ്പിക്കലുകൾ സ്വന്തം വാക്കുകളിൽ പറയും. അങ്ങനെ മറ്റുള്ളവർ പറഞ്ഞത് കേവലം ആവർത്തിക്കാതെ അയാൾ തന്റെ ചിന്താപ്രാപ്തി വികസിപ്പിക്കുകയാണെന്നതിനു തെളിവു നൽകുന്നു. ചിന്തകൾ സ്വന്തം വാക്കുകളിൽ നെയ്തെടുക്കുന്നതും ഹൃദയംഗമമായ വിധത്തിൽ സത്യം ശരിയായ വാക്കുകളിൽ അവതരിപ്പിക്കുന്നതും അയാൾക്ക് ആഹ്ലാദം കൈവരുത്തുകയും ഉള്ളിന്റെയുള്ളിൽ തനിക്കു ബോധ്യമുള്ളതായി പ്രകടമാക്കുകയും ചെയ്യും.—സഭാപ്രസംഗി 12:10; റോമർ 14:5ബി താരതമ്യം ചെയ്യുക.
7. യഹോവയുടെ ദാസന്മാർ സ്വതന്ത്രമായി ഏതു തീരുമാനങ്ങൾ നടത്തിയിരിക്കുന്നു?
7 യഹോവയുടെ സാക്ഷികൾ ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെടുന്നു. (മത്തായി 22:36-40) ലോകവ്യാപക സഹോദരവർഗമെന്ന നിലയിൽ ക്രിസ്തുസമാന സ്നേഹബന്ധത്താൽ അവർ ഒറ്റക്കെട്ടായി വർത്തിക്കുന്നുവെന്നതു സത്യംതന്നെ. (കൊലൊസ്സ്യർ 3:14; 1 പത്രൊസ് 5:9) എന്നാൽ, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഘോഷിക്കുക, രാഷ്ട്രീയമായ നിഷ്പക്ഷത പാലിക്കുക, രക്തം വർജിക്കുക, ചില വിനോദങ്ങൾ ഒഴിവാക്കുക, ബൈബിൾപ്രമാണങ്ങൾ അനുസരിച്ചു ജീവിക്കുക എന്നിവയെല്ലാം ചെയ്യാൻ, ഒരു സ്വതന്ത്ര ധാർമിക കാര്യസ്ഥൻ എന്നനിലയിൽ, ഓരോരുത്തരും വ്യക്തിപരമായി തീരുമാനിച്ചിരിക്കുന്നു. ഈ തീരുമാനങ്ങൾ അവരെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിക്കുന്നതല്ല. ക്രിസ്തീയ സമർപ്പണമെന്ന പടി സ്വീകരിക്കുന്നതിനുമുമ്പ്, സാക്ഷികളാകാൻ സാധ്യതയുള്ളവർ സ്വതന്ത്രമായി തിരഞ്ഞെടുത്ത ഒരു ജീവിതരീതിയുടെ ചട്ടക്കൂട്ടിൽ വരുന്നവയാണ് ഈ തീരുമാനങ്ങൾ.
ഒരു ഭരണസംഘത്തോടു കണക്കുബോധിപ്പിക്കേണ്ടവരോ?
8. ഏതു ചോദ്യത്തിനു വിശദീകരണം ലഭിക്കേണ്ടതുണ്ട്?
8 സത്യക്രിസ്ത്യാനികൾ ദൈവത്തെ സേവിക്കുന്നതു നിർബന്ധത്തിനു വഴങ്ങിയല്ലെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. അതു പറയുന്നു: “യഹോവ ആത്മാവാകുന്നു; യഹോവയുടെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യം ഉണ്ട്.” (2 കൊരിന്ത്യർ 3:17, NW) എന്നാൽ ഈ വസ്തുതയെയും ഭരണസംഘമുള്ള ഒരു “വിശ്വസ്തനും വിവേകിയുമായ അടിമ” എന്ന ആശയത്തെയും തമ്മിൽ പൊരുത്തപ്പെടുത്തുന്നതെങ്ങനെ?—മത്തായി 24:45-47, NW.
9, 10. (എ) ക്രിസ്തീയ സഭയിൽ ശിരഃസ്ഥാന തത്ത്വം ബാധകമാകുന്നതെങ്ങനെ? (ബി) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിൽ ശിരഃസ്ഥാന തത്ത്വം പിൻപറ്റുന്നത് എന്ത് ആവശ്യമാക്കിത്തീർത്തു?
9 ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന്, തിരുവെഴുത്തുപരമായ ശിരഃസ്ഥാന തത്ത്വം നാം മനസ്സിൽപ്പിടിക്കേണ്ടതുണ്ട്. (1 കൊരിന്ത്യർ 11:3) എഫെസ്യർ 5:21-24-ൽ, സഭ ‘കീഴടങ്ങി’യിരിക്കേണ്ട ‘സഭയുടെ തല’യായി ക്രിസ്തുവിനെ തിരിച്ചറിയിച്ചിരിക്കുന്നു. വിശ്വസ്തനും വിവേകിയുമായ അടിമ യേശുവിന്റെ ആത്മീയ സഹോദരന്മാരാണെന്ന് യഹോവയുടെ സാക്ഷികൾ മനസ്സിലാക്കുന്നു. (എബ്രായർ 2:10-13) ദൈവജനത്തിനു “തൽസമയത്തു ഭക്ഷണം” പ്രദാനംചെയ്യാനാണ് ഈ വിശ്വസ്ത അടിമവർഗം നിയമിക്കപ്പെട്ടിരിക്കുന്നത്. ഈ അന്ത്യകാലത്ത്, ക്രിസ്തു ഈ അടിമയെ “തനിക്കുള്ള സകലത്തിൻമേലും യജമാനൻ ആക്കി”വെച്ചിരിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ആരുടെയും ആദരവ് അർഹിക്കുന്ന സ്ഥാനമാണ് അതിനുള്ളത്.
10 ശിരഃസ്ഥാനത്തിന്റെ ഉദ്ദേശ്യം ഐക്യം കാത്തുസൂക്ഷിക്കുകയും “സകലവും ഉചിതമായും ക്രമമായും നട”ക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. (1 കൊരിന്ത്യർ 14:39) ഒന്നാം നൂറ്റാണ്ടിൽ ഇതു സാധിക്കുന്നതിന്, മുഴുവൻ സമൂഹത്തെയും പ്രതിനിധീകരിക്കാൻ വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിൽനിന്ന് ഒരു ചെറുകൂട്ടം അഭിഷിക്ത ക്രിസ്ത്യാനികൾ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിന്റെ മേൽനോട്ടത്തിനു യഹോവയുടെ അംഗീകാരവും അനുഗ്രഹവുമുണ്ടായിരുന്നുവെന്നു തെളിയിക്കുന്നതായിരുന്നു തുടർന്നുള്ള സംഭവങ്ങൾ. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ആ ക്രമീകരണത്തെ സന്തോഷപൂർവം അംഗീകരിച്ചു. അതേ, അവർ അതിനെ വാസ്തവത്തിൽ സ്വാഗതംചെയ്തു, അതുളവാക്കിയ നല്ല ഫലങ്ങൾക്ക് അവർ കൃതജ്ഞതയുള്ളവരുമായിരുന്നു.—പ്രവൃത്തികൾ 15:1-32.
11. ഈ നാളിലെ ഭരണസംഘത്തെ എങ്ങനെ വീക്ഷിക്കണം?
11 അത്തരമൊരു ക്രമീകരണത്തിന്റെ മൂല്യം ഇപ്പോഴും നിലനിൽക്കുന്നു. ഇപ്പോൾ, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള 10 അഭിഷിക്ത ക്രിസ്ത്യാനികളുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം ചെയ്തിരുന്നതുപോലെ, യഹോവയുടെ സാക്ഷികൾക്ക് അവർ ആത്മീയ നിർദേശങ്ങൾ നൽകുന്നു. (പ്രവൃത്തികൾ 16:4) ആദിമ ക്രിസ്ത്യാനികളെപ്പോലെ, ബൈബിളധിഷ്ഠിത നിർദേശങ്ങൾക്കും ആരാധനാസംബന്ധമായ കാര്യങ്ങളിലുള്ള മാർഗനിർദേശത്തിനും സാക്ഷികൾ ഭരണസംഘത്തിലെ പക്വതയുള്ള സഹോദരന്മാരിലേക്കു സന്തോഷപൂർവം നോക്കുന്നു. തങ്ങളുടെ സഹക്രിസ്ത്യാനികളെപ്പോലെ ഭരണസംഘത്തിലെ അംഗങ്ങൾ യഹോവയുടെയും ക്രിസ്തുവിന്റെയും അടിമകളാണെങ്കിലും ബൈബിൾ നമ്മെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.”—എബ്രായർ 13:17.
12. ഓരോ ക്രിസ്ത്യാനിയും ആരോടു കണക്കുബോധിപ്പിക്കണം?
12 തിരുവെഴുത്തുകൾ ഭരണസംഘത്തിനു മേൽവിചാരക സ്ഥാനം നൽകുന്നുവെന്നത് ഓരോ യഹോവയുടെ സാക്ഷിയും തന്റെ പ്രവൃത്തികൾക്ക് അതിനോടു കണക്കു ബോധിപ്പിക്കണമെന്ന് അർഥമാക്കുന്നുണ്ടോ? ഇല്ല. റോമിലെ ക്രിസ്ത്യാനികളോടുള്ള പൗലൊസിന്റെ വാക്കുകൾ അതാണു സൂചിപ്പിക്കുന്നത്: “നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കേണ്ടിവരും. . . . ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.”—റോമർ 14:10-12.
13. യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസംഗ പ്രവർത്തനം റിപ്പോർട്ടു ചെയ്യുന്നതെന്തുകൊണ്ട്?
13 എന്നിരുന്നാലും, ഓരോ സാക്ഷിയും തന്റെ പ്രസംഗ പ്രവർത്തനം റിപ്പോർട്ടു ചെയ്യാൻ പ്രതീക്ഷിക്കപ്പെടുന്നുവെന്നുള്ളതു സത്യമല്ലേ? അതേ, എന്നാൽ ഇതിന്റെ ഉദ്ദേശ്യം സാക്ഷികളുടെ ഒരു ചെറിയ പുസ്തകത്തിൽ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ പറയുന്നു: “യേശുക്രിസ്തുവിന്റെ ആദിമാനുഗാമികൾ പ്രസംഗവേലയിലെ പുരോഗതിയുടെ റിപ്പോർട്ടുകളിൽ താത്പര്യം കാണിച്ചിരുന്നു. (മർക്കൊ. 6:30) വേല അഭിവൃദ്ധിപ്പെട്ടപ്പോൾ, സുവാർത്താപ്രസംഗത്തിൽ പങ്കുവഹിച്ചവരുടെ മുന്തിയ അനുഭവങ്ങളുടെ വിവരണങ്ങൾ സഹിതം സ്ഥിതിവിവര റിപ്പോർട്ടുകൾ സമാഹരിക്കപ്പെട്ടു. . . . (പ്രവൃ. 2:5-11, 41, 47; 6:7; 1:15; 4:4) . . . നിർവഹിക്കപ്പെട്ടുകൊണ്ടിരുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കേൾക്കുന്നത് ആ വിശ്വസ്ത ക്രിസ്തീയ വേലക്കാർക്ക് എത്ര പ്രോത്സാഹജനകമായിരുന്നു! . . . അതേ രീതിയിൽ, യഹോവയുടെ ആധുനിക നാളിലെ സ്ഥാപനം മത്തായി 24:14-ന്റെ നിവൃത്തിയായി ചെയ്യപ്പെടുന്ന വേലയുടെ കൃത്യമായ രേഖകൾ സൂക്ഷിക്കാൻ ശ്രമിക്കുന്നു.”
14, 15. (എ) 2 കൊരിന്ത്യർ 1:24 ഭരണസംഘത്തിനു ബാധകമാകുന്നതെങ്ങനെ? (ബി) എന്തടിസ്ഥാനത്തിലാണ് ഓരോ ക്രിസ്ത്യാനിയും വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കേണ്ടത്, ഏതു വസ്തുത അംഗീകരിച്ചുകൊണ്ട്?
14 ഭരണസംഘം സ്നേഹപുരസ്സരമായ ഒരു കരുതലാണ്, അനുകരണാർഹമായ വിശ്വാസത്തിന്റെ മാതൃകയുമാണ്. (ഫിലിപ്പിയർ 3:17; എബ്രായർ 13:7) ഒരു മാതൃകയെന്ന നിലയിൽ ക്രിസ്തുവിനോടു പറ്റിനിൽക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുന്നതിനാൽ, പൗലൊസിനെപ്പോലെ അവർക്കും പറയാനാകും: “നിങ്ങളുടെ വിശ്വാസത്തിൻമേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്ക്കുന്നുവല്ലോ.” (2 കൊരിന്ത്യർ 1:24) പ്രവണതകൾ നിരീക്ഷിച്ചുകൊണ്ട് ഭരണസംഘം ബൈബിൾ ബുദ്ധ്യുപദേശം കൈക്കൊള്ളുന്നതിന്റെ പ്രയോജനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും ബൈബിൾ നിയമങ്ങളും തത്ത്വങ്ങളും ബാധകമാക്കുന്നതു സംബന്ധിച്ചു നിർദേശങ്ങൾ നൽകുകയും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. അതോടൊപ്പം “കൂട്ടുവേലക്കാ”ർക്ക് ആവശ്യമായ പ്രോത്സാഹനവും പ്രദാനംചെയ്യുന്നു. അങ്ങനെ അത് ക്രിസ്തീയ ഗൃഹവിചാരകന്റെ ഉത്തരവാദിത്വം നിറവേറ്റുകയും അവരുടെ സന്തോഷം നിലനിർത്താൻ അവരെ സഹായിക്കുകയും അചഞ്ചലരായി നിലകൊള്ളേണ്ടതിന് അവരെ വിശ്വാസത്തിൽ കെട്ടുപണിചെയ്യുകയും ചെയ്യുന്നു.—1 കൊരിന്ത്യർ 4:1, 2; തീത്തൊസ് 1:7-9.
15 ഭരണസംഘം നൽകുന്ന ബൈബിൾ ബുദ്ധ്യുപദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു സാക്ഷി തീരുമാനങ്ങൾ എടുക്കുന്നെങ്കിൽ അത് അയാളുടെ സ്വന്തം ഇഷ്ടത്താലാണ്, കാരണം സ്വന്തം ബൈബിൾപഠനത്തിലൂടെ കിട്ടിയ ബോധ്യത്തിൽനിന്ന് അയാൾക്കറിയാം ശരിയായ ഗതി ഇതാണെന്ന്. ഭരണസംഘം നൽകുന്ന ഉചിതമായ തിരുവെഴുത്തു ബുദ്ധ്യുപദേശം ബാധകമാക്കാൻ ഓരോ സാക്ഷിയും ദൈവത്തിന്റെ സ്വന്തം വചനത്താൽ സ്വാധീനിക്കപ്പെടുന്നു. താൻ ആർക്കു സമർപ്പിച്ചിരിക്കുന്നുവോ ആ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തെ താൻ എടുക്കുന്ന തീരുമാനങ്ങൾ ബാധിക്കുമെന്ന പൂർണമായ തിരിച്ചറിവ് ഒരോ സാക്ഷിക്കുമുണ്ട്.—1 തെസ്സലൊനീക്യർ 2:13.
പഠിതാക്കളും പടയാളികളും
16. നടത്ത സംബന്ധിച്ച തീരുമാനങ്ങൾ വ്യക്തിപരമായ സംഗതിയാണെങ്കിലും, ചിലർ പുറത്താക്കപ്പെടുന്നതെന്തുകൊണ്ട്?
16 എന്നാൽ നടത്ത സംബന്ധിച്ച തീരുമാനങ്ങൾ വ്യക്തിപരമായ സംഗതിയാണെങ്കിൽ, യഹോവയുടെ സാക്ഷികളിൽ ചിലർ പുറത്താക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഒരു പ്രത്യേക പാപം ചെയ്യുന്നതിൽ തുടരുന്നതിനാൽ പുറത്താക്കൽനടപടി ആവശ്യമാണെന്ന് ആരും തോന്നിയതുപോലെ തീരുമാനിക്കുന്നില്ല. മറിച്ച്, ഒരു സഭാംഗം ഒന്നു കൊരിന്ത്യർ 5-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്നതുപോലുള്ള കൊടിയ പാപങ്ങളിൽ അനുതാപമില്ലാതെ ഏർപ്പെടുമ്പോൾ മാത്രമേ ഈ നടപടി ആവശ്യമായിവരുന്നുള്ളൂ, അത് തിരുവെഴുത്തുപരമായ ഒരാവശ്യമാണ്. അതുകൊണ്ട് പരസംഗം ചെയ്യുന്നതിൽ തുടരുന്നയാൾ പുറത്താക്കപ്പെട്ടേക്കാമെങ്കിലും, അതു സംഭവിക്കുന്നത് സ്നേഹസമ്പന്നരായ ഇടയന്മാരുടെ തിരുവെഴുത്തുപരമായ സഹായം സ്വീകരിക്കാൻ അയാൾ വിസമ്മതിക്കുമ്പോൾ മാത്രമാണ്. യഹോവയുടെ സാക്ഷികൾ മാത്രമല്ല ഈ ക്രിസ്തീയ നടപടി പിൻപറ്റുന്നത്. ദി എൻസൈക്ലോപീഡിയാ ഓഫ് റിലിജൻ പ്രസ്താവിക്കുന്നു: “പൊതുക്ഷേമത്തിന് ഭീഷണിയായേക്കാവുന്ന, ധിക്കാരികളായ അംഗങ്ങളിൽനിന്ന് സ്വയം സംരക്ഷിക്കാനുള്ള അവകാശം ഏതൊരു സമൂഹവും അവകാശപ്പെടുന്നു. ഒരു മതപശ്ചാത്തലത്തിൽ, [പുറത്താക്കൽ] ശിക്ഷാനടപടി ദൈവവുമായുള്ള ഒരുവന്റെ ബന്ധത്തെ ബാധിക്കുമെന്ന വിശ്വാസത്താൽ ഈ അവകാശം പലപ്പോഴും ബലവത്താക്കപ്പെടുന്നു.”
17, 18. പുറത്താക്കൽ നടപടിയുടെ ഔചിത്യം എങ്ങനെ ദൃഷ്ടാന്തീകരിക്കാം?
17 യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ പഠിതാക്കളാണ്. (യോശുവ 1:8; സങ്കീർത്തനം 1:2; പ്രവൃത്തികൾ 17:11) ഭരണസംഘം പ്രദാനംചെയ്യുന്ന ബൈബിൾ വിദ്യാഭ്യാസ പരിപാടിയെ ഒരു വിദ്യാഭ്യാസ ബോർഡ് ഏർപ്പെടുത്തുന്ന സ്കൂൾ പാഠ്യപദ്ധതിയോടു താരതമ്യംചെയ്യാവുന്നതാണ്. പഠിപ്പിക്കുന്ന വിവരങ്ങളുടെ ഉറവിടം ബോർഡ് അല്ലെങ്കിലും, അതു പാഠ്യപദ്ധതി തയ്യാറാക്കുകയും ബോധനരീതി നിർണയിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. സ്ഥാപനത്തിന്റെ നിബന്ധനകൾ ആരെങ്കിലും ശാഠ്യപൂർവം ധിക്കരിച്ച് സഹപാഠികൾക്കു ബുദ്ധിമുട്ടുണ്ടാക്കുകയോ സ്കൂളിന്റെ സത്പേര് കളങ്കപ്പെടുത്തുകയോ ചെയ്യുമ്പോൾ അയാളെ പുറത്താക്കാവുന്നതാണ്. മൊത്തം വിദ്യാർഥികളുടെ പ്രയോജനത്തിനുവേണ്ടി പ്രവർത്തിക്കാൻ സ്കൂൾ അധികാരികൾക്ക് അവകാശമുണ്ട്.
18 യഹോവയുടെ സാക്ഷികൾ പഠിതാക്കൾ മാത്രമല്ല, യേശുക്രിസ്തുവിന്റെ പടയാളികളുമാണ്. “വിശ്വാസത്തിന്റെ നല്ല പോർ പൊരുതാ”ൻ അവർക്കു നിർദേശം ലഭിച്ചിരിക്കുന്നു. (1 തിമൊഥെയൊസ് 6:12; 2 തിമൊഥെയൊസ് 2:3) സ്വാഭാവികമായും, ഒരു ക്രിസ്തീയ പടയാളിക്കു നിരക്കാത്ത വിധം തുടർച്ചയായി പ്രവർത്തിക്കുന്നവനു ദിവ്യാംഗീകാരമുണ്ടായിരിക്കുകയില്ല. തിരഞ്ഞെടുപ്പു സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിയെന്ന നിലയിൽ, ഒരു ക്രിസ്തീയ പടയാളിക്ക് ഇഷ്ടമുള്ളതു ചെയ്യാൻ തീരുമാനിക്കാം, എന്നാൽ അയാൾ തന്റെ തീരുമാനത്തിന്റെ ഭവിഷ്യത്തുകൾ പേറേണ്ടിവരും. പൗലൊസ് ഇങ്ങനെ ന്യായവാദംചെയ്യുന്നു: “പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു. ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കിൽ കിരീടം പ്രാപിക്കയില്ല.” (2 തിമൊഥെയൊസ് 2:4, 5) ഭരണസംഘത്തിലുള്ളവർ ഉൾപ്പെടെയുള്ള പക്വതയുള്ള ക്രിസ്ത്യാനികൾ നിത്യജീവന്റെ സമ്മാനം നേടാൻ കഴിയേണ്ടതിന് തങ്ങളുടെ നായകനായ യേശുക്രിസ്തുവിനു പൂർണമായും കീഴ്പെട്ടിരുന്നുകൊണ്ട് ‘ചട്ടങ്ങൾ’ അനുസരിക്കുന്നു.—യോഹന്നാൻ 17:3; വെളിപ്പാടു 2:10.
19. ക്രിസ്തീയ സമർപ്പണത്തെക്കുറിച്ചുള്ള വസ്തുതകൾ പരിശോധിച്ചതിനുശേഷം, നമുക്ക് എന്തിനെക്കുറിച്ച് ഉറപ്പുള്ളവരായിരിക്കാൻ കഴിയും?
19 യഹോവയുടെ സാക്ഷികൾ മനുഷ്യരുടെ അടിമകളല്ല, ദൈവത്തിന്റെ ദാസന്മാരാണെന്നു വസ്തുതകൾ വ്യക്തമാക്കുന്നില്ലേ? ക്രിസ്തു തങ്ങളെ ഏതു സ്വാതന്ത്ര്യത്തിനുവേണ്ടി സ്വതന്ത്രരാക്കിയോ അത് ആസ്വദിക്കുന്ന സമർപ്പിത ക്രിസ്ത്യാനികൾ എന്നനിലയിൽ, ദൈവത്തിന്റെ സഭയിൽ തങ്ങളുടെ സഹോദരങ്ങളോടൊത്ത് ഐക്യത്തിൽ സേവിക്കവേ അവർ ദൈവാത്മാവിനെയും അവന്റെ വചനത്തെയും തങ്ങളുടെ ജീവിതത്തെ നയിക്കാൻ അനുവദിക്കുന്നു. (സങ്കീർത്തനം 133:1) ഇതിന്റെ തെളിവുകളുള്ളപ്പോൾ, അവയുടെ ശക്തിയുടെ ഉറവിടത്തെക്കുറിച്ചു സംശയിക്കേണ്ടിവരുന്നില്ല. സങ്കീർത്തനക്കാരനോടൊപ്പം അവർക്കും ഇങ്ങനെ പാടാവുന്നതാണ്: “യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.”—സങ്കീർത്തനം 28:7.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി 1993-ൽ പ്രസിദ്ധീകരിച്ചത്.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ വാച്ച് ടവർ സൊസൈറ്റിയും അതുപോലുള്ള നിയമപരമായ ഏജൻസികളും യഹോവയുടെ സാക്ഷികളെ സഹായിക്കുന്നതെങ്ങനെ?
□ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ പ്രവർത്തനത്തിൽനിന്നു ക്രിസ്ത്യാനികൾ പ്രയോജനമനുഭവിക്കുന്നതെങ്ങനെ?
□ യഹോവയുടെ ജനം തങ്ങളുടെ പ്രസംഗപ്രവർത്തനം റിപ്പോർട്ട് ചെയ്യുന്നതെന്തുകൊണ്ട്?
□ ഏതു സാഹചര്യങ്ങളിൽ ഒരു സമർപ്പിത ക്രിസ്ത്യാനിയെ പുറത്താക്കുന്നത് ഉചിതമാണ്?
[19-ാം പേജിലെ ചിത്രം]
ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം ഉപദേശത്തിൽ ഐക്യം കാത്തുസൂക്ഷിച്ചു
[23-ാം പേജിലെ ചിത്രം]
ലോകമെമ്പാടും യഹോവയുടെ സാക്ഷികൾ, ക്രിസ്തു തങ്ങളെ എന്തിലേക്കു സ്വതന്ത്രരാക്കിയോ ആ സ്വാതന്ത്ര്യം ആസ്വദിക്കുന്നു